ഒന്ന്‌ – ബാല്യം (ഭാഗം-1)

അവൻ കൂട്ടത്തിൽ തന്നെ കാണുമെന്നു കരുതി അവർ ഒരു ദിവസത്തെ യാത്ര പോന്നു. അവർ അവനെ ചാർച്ചക്കാരുടേയും പരിചയക്കാരുടേയും ഇടയിൽ അന്വേഷിച്ചു. അവനെ കണ്ടെത്താഞ്ഞപ്പോൾ അവർ അവനെ അന്വേഷിച്ച്‌ ജറുസലേമിലേക്കു മടങ്ങി. മൂന്നുദിവസത്തിനുശേഷം അവനെ ദേവാലയത്തിൽ കണ്ടെത്തി. അവൻ ഗുരുക്കന്മാരുടെ ഇടയിലിരുന്ന്‌ അവരുടെ വാക്കുകൾ കേൾക്കയും അവരോടു ചോദ്യങ്ങൾ ചോദിക്കയുമായിരുന്നു.

“നേർവഴി കാണുവാൻ ഗുരു ഉപദദേശിച്ചത്‌ ഏതൊരുത്തനും ലളിതമായ അഭ്യാസത്തിലൂടെ സ്വായത്തമാക്കാവുന്ന പഞ്ചശീലങ്ങൾ. അഹിംസ, കക്കാതിരിക്കൽ, അർഹമല്ലാത്തതെടുക്കുന്നതിനേയും കളവിനു തുല്യമായി ഗുരു കണക്കാക്കുന്നു, നുണ പറയാതിരിക്കൽ, ലൈംഗിക സദാചാരം, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കൽ, ഇതാണാ പഞ്ച ശീലങ്ങൾ. ഇത്രയും സ്വായത്തമാക്കിയാൽ ദുഃഖഹേതുവിന്റെ വേരറ്റുപോകും. ശരിയായ ദ്യഷ്ടി, സങ്കൽപം, വാക്ക്‌, കർമ്മം, പ്രയത്നം, സ്മ​‍്യതി, ജീവന മാർഗ്ഗം, സമാധി ഇത്രയും ശീലിക്കുന്നതുകൊണ്ട്‌ മനുഷ്യൻ മനുഷ്യനാകുന്നു. മനുഷ്യനിലെ മൃഗം ഇല്ലാതാകുന്നു. നേർവഴി, നമ്മളതിനെ മോക്ഷമെന്നു വിളിക്കുന്നു, കാണുവാനായി ഗുരു ഉപദേശിച്ചത്‌ ഇത്രമാത്രം. ഇത്‌ സ്വായത്തമാക്കുന്ന ഏതൊരുവനും ദുഃഖഹേതു ഇല്ലാതാക്കുന്നു. നല്ല നാളെ എന്നൊരു സങ്കൽപമല്ല നമുക്കു വേണ്ടത്‌. നല്ല ഇന്ന്‌ എന്ന സങ്കൽപമാണ്‌. നല്ല ഇന്നില്ലാതെ, നല്ല ഇന്നലെകളോ, നല്ല നാളേകളോ ഉണ്ടാകുകയില്ല.”

“മോക്ഷമോ … നല്ല ഇന്നോ … ” ജോഷ്വായുടെ ചുണ്ടുകളനങ്ങി.

“അതെ മോക്ഷം … അന്ധകാരത്തിൽ നിന്ന്‌ .. അജ്ഞതയിൽ നിന്ന്‌ … ഒരു പക്ഷേ ഇതിനെല്ലാം കാരണമായ ഞാനെന്ന ഭാവത്തിൽ നിന്ന്‌ … ഞാനാണെന്ന ഭാവം…”

“ജോഷ്വാ…” അവന്റെ അമ്മ പുറത്തുനിന്നു തേങ്ങി. “നീ ………..ഞങ്ങളെത്ര തിരക്കി…”

“മോക്ഷമോ .. അതെന്താണ്‌.. അതുകിട്ടിയാൽ അപ്പനെ അപ്പനെന്നുവിളിക്കാനാകുമോ…” കുഞ്ഞിന്റെ സംശയം തീരുന്നില്ല.

“ഒന്നും സ്വന്തമെന്നു കരുതരുത്‌. എല്ലാം എല്ലാവർക്കും വേണ്ടിയുള്ളതാണ്‌. പിന്നെ ക്ഷമ, അറിവ്‌, ശക്തി… അത്‌ കായികവും മാനസികവുമായി രണ്ടുണ്ട്‌, രണ്ടും വേണം, ഏകാഗ്രത, ഇതിനെല്ലാം ഉപരിയായി അച്ചടക്കം, മനസ്സിനും സ്വഭാവത്തിനും….” ഗുരു തന്റെ പ്രഭാഷണം തുടരുകയാണ്‌.

“അക്ഷരാഭ്യാസമില്ലാത്ത, അടിച്ചമർത്തപ്പെട്ട, ഇസ്രായേലി മക്കൾക്ക്‌ ഈ മാർഗങ്ങളിലൂടെ മോക്ഷം ലഭിക്കുമെന്ന്‌, ഒരു നല്ല നാളെ അവർക്കുണ്ടാകുവാൻ അതു വഴിയൊരുക്കുമെന്ന്‌ അങ്ങു കരുതുന്നുണ്ടോ?” കുഞ്ഞ്‌ വീണ്ടും വാചാലനായി.

റബ്ബി തലകുനിച്ചില്ല. ചോദ്യം അപ്രതീക്ഷിതമായിരുന്നു. പ്രത്യേകിച്ചും ആ ഇളം ചുണ്ടിൽ നിന്ന്‌. പറയുവാൻ പാടില്ലാത്ത വാക്കുകളാണ്‌ അവൻ ഉച്ചരിച്ചത്‌. അടക്കിപ്പിടിച്ച്‌, ചെവിവട്ടത്തിൽ മാത്രം ഓതുവാൻ വലിയവർപോലും മടിക്കുന്ന വാക്കുകൾ. അവൻ മറുപടി പ്രതീക്ഷിക്കുന്നുണ്ട്‌. അതവന്റെ മുഖം വിളിച്ചു പറയുന്നു.

“ആൽഫയിൽ നിന്നും ബീറ്റയിലേക്കുള്ള ദൂരമറിയാത്ത അദ്ധ്യാപകരുടേതാണീ നാടിന്ന്‌. അടിമയായി ജീവിതം തുടങ്ങി രാജാധിപന്റെ ഉറ്റതോഴനായവന്റെ വംശാവലിയാണ്‌ നമ്മളെന്ന്‌ ആവുന്നിടത്തോളം നമ്മൾ ഊറ്റം കൊള്ളുന്നു. അതേ രാജന്റെ പിൻതലമുറക്കാരാൽ വീണ്ടും ചവുട്ടിയരക്കപ്പെടുമെന്നായപ്പോൾ പടുത്തിയർത്തിയ പറുദീസ വലിച്ചെറിഞ്ഞ്‌ നമ്മൾ വീണ്ടും ഇക്കര പൂണ്ടു. ഒരു ചെറുവിരൽ പോലും അനക്കാനാകാതെ. അധികാരികളുടെ ഒട്ടൊരു സമ്മതത്തൊടെ ഓടിപ്പോന്നു എന്നു പറയുകയാണ്‌ ശരി. ഇവിടേയും അതേ ദുരിതം നമ്മെ വേട്ടയാടുന്നു.” അവൻ നിറുത്തിയില്ല. റബ്ബി തല കുനിച്ചില്ല. റബ്ബി അവന്റെ കണ്ണുകളിലേക്കുറ്റുനോക്കി. ദേഷ്യം, സ്നേഹം, ദയ, അറപ്പ്‌, എല്ലാം മിന്നിമറയുന്നു. അവന്റെ കണ്ണുകൾ റബ്ബിയുടേതിൽ ഉടക്കി. ഒരു നിമിഷം റബ്ബിയുടെ മനസ്സൊന്നിളകി.

“നമ്മുടെ പളളിയങ്കണത്തിൽ വച്ച്‌ പെണ്ണുങ്ങൾ വേട്ടയാടപ്പെട്ടു. അപ്പനില്ലാത്ത കുട്ടികൾ നാടിന്‌ ഭാരമാകുമെന്ന്‌ ഉൾവിളി തോന്നിയ നാട്ടധിപൻ അവരുടെ തലയറുക്കുവാൻ കൽപിച്ചു. അതിൽ നിന്നും രക്ഷപെട്ട വിക്യത ജന്മങ്ങൾ റോമക്കാരന്റെ മുഖവും ജറുസലേമിന്റെ ഉടലുമായി ജീവിച്ചു. അവന്‌ അവനെ റോമക്കാരനെന്നു വിളിച്ചുകൂട. കാരണം അവന്‌ അവന്റെ അപ്പനാരെന്നറിയില്ല. നാടുവാഴിയുടെ കണക്കുപുസ്തകത്തിൽ അവന്റെ അപ്പൻ ജറുസലേമിയാണ്‌. ജൂതനാണ്‌. പലസ്തീനിയാണ്‌. ഫരിയേസനാണ്‌. പക്ഷേ അവനറിയുന്നു അവന്റെ അപ്പൻ ഇതൊന്നുമല്ലെന്ന്‌. ഈ അറിവ്‌ തമസ്സാണ്‌. ഇരുട്ട്‌. ഒരു തുണ്ടു വെളിച്ചം ഒരിക്കലും അരിച്ചിറങ്ങാത്ത ഇരുട്ട്‌. അപ്പനെന്നു വിളിക്കപ്പെടുന്നവൻ അപ്പനല്ലെന്നുള്ള അറിവ്‌. അതിനിടെ ഞാൻ തന്നെയാണ്‌ നിന്റെ അപ്പനെന്നു വരുത്തിക്കൂട്ടുവാൻ അവർ കാണിക്കുന്ന കോപ്രായം.” ശ്വാസമെടുക്കുവാനെന്ന വണ്ണം അവനൊന്നു നിറുത്തി. അവന്റെ കണ്ണുകൾ അപ്പോഴും റബ്ബിയുടേതിൽ ഉടക്കിക്കിടക്കുകയാണ്‌. അവർക്കു ചുറ്റുമുള്ളവരിൽ ഒരു നിശ്ശബ്ദത അരിച്ചു കയറുവാൻ തുടങ്ങി.

“മീശ മുളയ്‌ക്കാത്ത ഈ ചെക്കനെന്തിനിങ്ങനെ വലിയ വായിൽ പറയുന്നു അല്ലേ റബ്ബീ? നിങ്ങൾക്കൊരു പക്ഷേ അതു മനസ്സിലാവില്ല. അതിനാ ദുഃഖം അറിയണം. വഴിയേ നടക്കുമ്പോൾ ഒന്നൊളിച്ചു നോക്കി ആളുകളടക്കം പറയുന്നതെന്തെന്ന്‌ ഞാനറിയാറുണ്ട്‌. മറിയയുടെ മകൻ. അതെ, ഞാൻ മറിയയുടെ മകനാണ്‌. മറിയയുടേതു മാത്രം. അല്ലേ റബ്ബീ……? എന്നെപ്പോലെ അനേകമുണ്ടീ ഇസ്രായേലിൽ. അമ്മയുടെ മാത്രം മക്കൾ. നട്ടെല്ലില്ലാത്ത ഇസ്രയേലീയാണതിനു കാരണം. എന്നും എല്ലാം അടിയറവു വയ്‌ക്കുവാൻ മാത്രം പഠിച്ചവർ. സത്യത്തിൽ നിന്നും ഒളിച്ചോടുന്നവർ. എല്ലാം വിധിയെന്നു പഴിക്കുന്നവർ. എന്നിട്ട്‌ ഒരു നല്ല നാളേക്കു വേണ്ടി കാത്തിരിക്കുന്നവർ. ആ കാത്തിരിപ്പ്‌ ശവക്കുഴി വരെ നീളുന്നു. പിന്നെ അടുത്ത തലമുറയോടു പറയുന്നു… .ഇതാ നോക്ക്‌ … ഒരു നല്ല നാളെ വരുന്നുണ്ട്‌. നീയ്യും കാത്തിരിക്ക്‌. കയ്യും കെട്ടി, കണ്ണൂം പൂട്ടി കാത്തിരിക്ക്‌… അനുസരണയുള്ള ആ തലമുറയും കാത്തിരിക്കുന്നു…. അപ്പോൾ നമുക്കു മീതെ വിദേശികൾ മണിമാളികകൾ പണിയുന്നു. നമ്മുടെ ദേവാലയങ്ങൾ വ്യഭിചാരശാലകളാക്കുന്നു. ചിട്ട തെറ്റാതെ ഷീമയും ഖാദിഷും ചൊല്ലിയിരുന്ന അൾത്താരക്കു പുറകിലിരുന്നവർ മദ്യം വിൽക്കുന്നു. കഴുത്തറുത്ത മാടിന്റെ ചുടുചോര അൾത്താരയിലേക്കൊഴുക്കുന്നു. അതുകണ്ടും നമ്മൾ ആനന്ദിക്കുവാൻ പഠിച്ചു. അവരിലൊരുവനാകുവാൻ കൊതിച്ച്‌ അവന്റെ അടിമയായി. കെട്ടിയ പെണ്ണിനെപോരാഞ്ഞ്‌ പ്രായം തികഞ്ഞ മകളേയും അവനു ചുങ്കമായി കൊടുത്തു. എന്നിട്ടും കയ്യൂക്കുള്ളവനെന്നു വീമ്പിളക്കുന്ന ഇസ്രയേലി ആനന്ദിക്കുന്നു. അല്ലേ റബ്ബീ…, എന്നിട്ട്‌ മോക്ഷ മാർഗ്ഗം തിരയുന്നു ….. താങ്കൾ പറഞ്ഞതിൽ ഏതു മാർഗ്ഗത്തിന്‌ അവരെ ഈ തമസ്സിൽ നിന്നും കരകയറ്റുവാനാകും?”

“ജോഷ്വാ ….” ആരോ പുറത്തുനിന്നും വിളിച്ചു.

ചില പടയാളികൾ അവന്റെയടുത്ത്‌ നിലയുറപ്പിച്ചു. റബ്ബി തന്റെ കൈതലം അവന്റെ കണങ്കാലുകളിലമർത്തി… അരുത്‌… മതി… എന്ന അഭ്യർത്ഥന റബ്ബിയുടെ കൈവിരലുകളിൽ കൂടി അവന്റെ കണങ്കാലുകളിലേക്കൊഴുകി.

“വളർത്തു ദൂഷ്യം ..” ആരോ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. “പെഴച്ചു പെറ്റതാണെന്ന്‌ വ്യക്തം… ” അയാൾ തുടർന്നു.

എന്തോ പറയുവാനായി ജോഷ്വാ വീണ്ടും ചുണ്ടുകളനക്കി. റബ്ബിയുടെ കണ്ണുകൾ വിലക്കി.

“നീയ്യേതാടാ..” ഒരു പടയാളി വിളിച്ചു ചോദിച്ചു.

“കുട്ടികൾ ….. അറിവില്ലാതെ…” റബ്ബി അവന്റെ കൈപിടിച്ചെഴുന്നേൽപ്പിച്ചു. അവർ അങ്കണത്തിലേക്കിറങ്ങി.

“ജോഷ്വാ….. ഞങ്ങളെവിടെയൊക്കെ തിരക്കി….” പുറത്തു നിന്നു അമ്മ തേങ്ങി.

“നിന്റെ അമ്മയാണോ?” റബ്ബി അവനോടു ചോദിച്ചു. അവൻ അതെയെന്നു തലയാട്ടി.

മുഷിഞ്ഞ വസ്ര്തങ്ങൾ ധരിച്ച ഒരുവൻ ധ്യതിയിൽ പള്ളിയിൽ നിന്നിറങ്ങി വന്നു. അയാൾ റബ്ബിയുടെ കൈ പിടിച്ചു. “ക്ഷമിക്കണം…. അറിവില്ലാതെ അവനെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ……”

തെല്ലവജ്ഞയോടെ ജോഷ്വാ പുരികമുയർത്തി അയാളെ നോക്കി.

“നിങ്ങൾ….” റബ്ബി ചോദിച്ചു.

“ഇവന്റെ അപ്പനാണ്‌.. ജോസഫ്‌. ഇവർ പെസഹാ പെരുന്നാളിന്‌ വന്നതാണ്‌. തിരിച്ച്‌ നാട്ടിലെത്തിയപ്പോഴാണ്‌ ഇവൻ കൂടെയില്ലെന്നറിയുന്നത്‌.” മറുപടി പറഞ്ഞത്‌ മറ്റൊരാളാണ്‌. വെളുത്ത താടി ഇരുവശത്തേക്കും വകഞ്ഞിട്ട്‌, നീളൻ മുടി പുറകോട്ട്‌ മാടിയിട്ട്‌ വെള്ള വസ്ര്തം ധരിച്ച ഒരുവൻ.

“ജോഷ്വാ…… .എന്താണ്‌ നീയ്യിങ്ങനെ…. ഞങ്ങൾ നിന്നോടെന്തു തെറ്റു ചെയ്തു?” അവന്റെ അമ്മ അപ്പോഴും കരയുകയാണ്‌.

“സാരമില്ല…” അപ്പോഴും സംസാരിച്ചത്‌ രണ്ടാമതു വന്നയാൾ തന്നെ.

റബ്ബി അവരെക്കൂട്ടി കുറച്ചു കൂടി ദൂരേക്കു നീങ്ങി. “താങ്കളെ കണ്ടിട്ട്‌ ഒരു നസ്രായനാണെന്നു തോന്നുന്നു.” റബ്ബി വെള്ളയങ്കിക്കാരനോടു ചോദിച്ചു. അദ്ദെഹത്തിന്‌ മറുപടിയൊന്നും ലഭിച്ചില്ല.

പള്ളിക്കു പുറത്തേക്കു വന്ന പടയാളികൾ അവരെത്തന്നെ ശ്രദ്ധിക്കുന്നു. “നിങ്ങൾ എത്രയും വേഗം പോകുകയായിരിക്കും നല്ലത്‌ .” റബ്ബി തുടർന്നു.

“പറയേണ്ടതെങ്കിലും പറയുവാൻ പാടില്ലാത്ത കാര്യങ്ങളാണ്‌ നിന്റെ വായിൽ നിന്നും വന്നത്‌. നീ ചെറുപ്പമാണ്‌. മനസ്സിലാക്കുവാൻ സമയമെടുക്കും. എടുത്തുചാട്ടം നിന്റെ പ്രായത്തിന്റേതാണ്‌. നീ പറഞ്ഞതത്രയും സത്യമായിരിക്കാം. ഇദ്ദേഹത്തെ കണ്ടപ്പോൾ നിന്റെ മനസ്സിലീ അഗ്നി ആളിക്കുന്നതാരാണെന്ന്‌ എനിക്കു മനസ്സിലായി. … ജോഷ്വാ… നീ ഇനിയും പലതും അറിയേണ്ടതുണ്ട്‌… പഠിക്കേണ്ടതുണ്ട്‌. പലതും വിളിച്ചു പറയുക എളുപ്പമാണ്‌. അങ്ങിനെ വിളിച്ചു പറയുന്നത്‌ പലപ്പോഴും വീണ്ടുവിചാരമില്ലാത്ത പ്രവ്യത്തിയാണ്‌. നീ ഇനിയും പഠിക്കണം… ” റബ്ബി ഉപദേശിച്ചു. അവൻ തല താഴ്‌ത്തി നിന്നു.

“അവരടുത്തു വരുന്നു….. വേഗം പൊയ്‌ക്കോളൂ ” റബ്ബി ആവർത്തിച്ചു.

ജോസഫ്‌ അറച്ചു നിന്നു. മറിയം മകന്റെ കൈപിടിച്ചു നടക്കുവാൻ തുടങ്ങി. നസ്രായേൻ റബ്ബിയുടെ ചുമലിൽ കൈവച്ചു. “പോകുന്നു…. പിന്നെക്കാണാം….”

“ഇനിയെങ്കിലും ഇവനെ നല്ലതു പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ ഞാനും കുടുംബവും തുറുങ്കിനകത്താകും.” ജോസഫ്‌ നസ്രായേനോടെന്ന വണ്ണം പറഞ്ഞു. നസ്രായേൻ മറുപടിയൊന്നും പറയാതെ നടന്നു തുടങ്ങി. കുറച്ചു ദൂരം ചെന്ന ശേഷം ജോസഫ്‌ അടുത്തെത്തുവാനായി നിന്നു. “അവൻ പറയുന്നതിലും കാമ്പുണ്ട്‌. ഞാനവന്റെ ഗുരുവാണെന്നു വേണമെങ്കിൽ എനിക്കവകാശപ്പെടാം. എന്നാൽ അവനെ ആൽഫയും ബീറ്റയും എഴുതി പഠിപ്പിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. പിന്നെ കുറച്ച്‌ ഹീബ്രൂവും കണക്കും. ശേഷിച്ചതെല്ലാം അവൻ സ്വയം നേടിയതാണ്‌. സ്വയം. അലക്സാണ്ട്രിയായിലെ ഗുരുശാലയിൽ എനിക്കു കുറച്ചു സുഹ്യത്തുക്കളുണ്ട്‌. അവരിൽ ചിലർ ചിലപ്പോഴൊക്കെ എന്നെക്കാണുവാൻ വരാറുണ്ട്‌. ഇവന്റെ മനസ്സിലീ അഗ്നി ആളിച്ചത്‌ അവരുമായുള്ള സമ്പർക്കമായിരിക്കണം. അവർ പറയുന്നതത്രയും വസ്തുതയാണ്‌. അവനിന്നു പറഞ്ഞതും അതു തന്നെ. ശരിയല്ലേ അവർ പറയുന്നത്‌? നമ്മളെന്നും അടിമകളായിരുന്നില്ലേ…. എന്തിനുണ്ട്‌ നമുക്ക്‌ സ്വാതന്ത്ര്യം? നിന്റെ മറിയയുടെ അനുഭവം ഒറ്റപ്പെട്ടതല്ലല്ലോ? അങ്ങിനെയെത്ര പേർ… നാട്ടിലറിയപ്പെടുന്ന ഒരു മരാശാരിയാണ്‌ നീ… എല്ലുമുറിയെ പണിയെടുക്കുന്നു… എന്നിട്ടും…. മൂന്നു നേരത്തെ അന്നം നിനക്കും കുടുംബത്തിനും തീർത്തുകിട്ടുന്നുണ്ടോ? എന്നാൽ ഇവിടുത്തെ ധനികരായ യഹൂദർക്കോ ഫരിയേസർക്കോ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോ? അവർ നമ്മെക്കുറിച്ചോർക്കുന്നുണ്ടോ? റോമാ സാമൃ​‍ാജ്യത്തിന്റെ മഹത്വം വാഴ്‌ത്തുകയാണവർ. പലയിടത്തു നിന്നും ഊറ്റിയെടുത്ത പൊന്നും പണവും കൊണ്ടു പണിത മഹത്വം. അടിമകളുടെ വിയർപ്പു കൊണ്ടു പണിത മഹത്വം. നമുക്ക്‌ നമ്മുടേതായ ഒരു രാജ്യമുണ്ടാകണം. അടിമകളല്ലാതെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടാകണം.” ജോസഫ്‌ കേൾക്കുന്നില്ല. അയാളുടെ മനസ്സിൽ ഭയമാണ്‌. ഇന്നും ഇന്നലേയും തുടങ്ങിയതല്ലീ ഭയം. പന്ത്രണ്ടു വർഷമായി ഭയം മാത്രമാണയാൾ അറിയുന്നത്‌.

Generated from archived content: balyam1.html Author: suresh_mg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here