ഒടുവിൽ താനൊരു നല്ല മനുഷ്യനാവുക തന്നെ ചെയ്യുമെന്ന് ഒരു നെടുവീർപ്പോടെ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു അന്നും ഫാദർ ആബേൽ.
ആസ്തമയുടെ കുറുകൽ ഒരു പൂച്ചക്കുഞ്ഞിനെയെന്ന പോലെ നെഞ്ചത്തമർത്തിപ്പിടിച്ചുകൊണ്ട് വെറുതെ പുറത്തിറങ്ങിയതാണ് അദ്ദേഹം.
യാക്കോബ് വൈകിയേ വരികയൊള്ളല്ലോ. മണി പത്തുകഴിഞ്ഞു. കിടക്കും മുൻപ് പള്ളിമേടയുടെയും കുശിനിയുടേയും വാതിൽ അടയ്‌ക്കാൻ മറന്നിട്ടുണ്ടോ എന്നൊന്നു നോക്കുക. യാക്കോബുണ്ടെങ്കിൽ ഒന്നും വേണ്ട. അതൊക്കെ അവന്റെ ജോലിയാണ്.
കയ്യിൽ നാലു സെല്ലിന്റെ ടോർച്ചുണ്ടായിരുന്നെങ്കിലും ഫാദർ ആബേൽ അതു തെളിച്ചിരുന്നില്ല. നിലാവില്ല. എന്നാൽ അത്ര ഇരുട്ടുണ്ടെന്നും ഫാദറിനു തോന്നിയില്ല. കുശിനിയുടെ വരാന്തയിൽ നിന്ന് സത്യത്തിൽ സെമിത്തേരിയിലേക്ക് നോക്കിയത് മിന്നാമിനുങ്ങുകളെ കണ്ടിട്ടാണ്.
അവിടെ അവയുടെ ഉത്സവമായിരുന്നു. നല്ല ഇരുട്ടിൽ അതൊരു കാഴ്‌ച തന്നെയാണ്. അത് നോക്കി ഫാദർ ആബേൽ തെല്ലൊന്ന് നിന്നുപോയി. പിന്നെ എപ്പോഴോ തന്റെ ടോർച്ച് നീട്ടിത്തെളിച്ച്, സെമിത്തേരിയിലേക്ക് ഫാദർ ആബേൽ വെളിച്ചത്തിന്റെ ഒരു വാളുവീശി.
ഫാദർ ആബേലിന് തനിക്കുടനെയൊന്നും ഒരു നല്ല മനുഷ്യനാകാൻ കഴിയില്ലെന്ന് അങ്ങനെയാണ് പിന്നെയും ബോദ്ധ്യപ്പെട്ടത്. അല്ലെങ്കിൽ, ഇവിടെ എറണാകുളത്തു നിന്നും കൊല്ലത്തുള്ള ഫ്രാൻസിസ് അച്ചനെ കാണാൻ വൈകിട്ടു പുറപ്പെട്ട യാക്കോബിന്റെ മുഖത്തുവീഴണോ, ആബേലച്ചന്റെ വെളിച്ചത്തിന്റെ വാള്?
യാക്കോബിൽ നിന്നും അനായാസം തെന്നിമാറിയ കൂർത്തവാള് ഉറക്കച്ചടവുള്ള അവളുടെ കണ്ണുകളിലേയ്‌ക്ക് തുളച്ചുകയറണോ? പിന്നെ അവിടെ നിന്നും താഴോട്ടിറങ്ങി വരണ്ടുണങ്ങിയ മുലകളിൽ ഒരു ചുവന്ന വൃണംപോലെ തിണർത്തുകിടക്കണോ? വല്ലാത്തൊരു കുസൃതിയോടെ അത് പിന്നെയും….
യാക്കോബും പെണ്ണും ഒരു കുരിശിനു പിന്നിൽ മറഞ്ഞു. ടോർച്ച് കെടുത്തി ഫാദർ ആബേൽ എന്തു ചെയ്യണമെന്നറിയാതെ നിന്നു. സെമിത്തേരിയിലാകട്ടെ അപ്പോഴും മിന്നാമിനുങ്ങുകളുടെ…
മകരത്തിലെ ഒരു തണുത്ത രാത്രിയിലാണ് വികാരിമുറിയുടെ വാതിൽ വന്ന് യാക്കോബ് മുട്ടിവിളിച്ചതെന്ന് ഫാദർ ഓർത്തു. പാളിപോയ ഒരു ജനാലയിൽക്കൂടി വാൾത്തലപോലെ പാളി വീശുന്ന കാറ്റും രാത്രിവണ്ടികളുടെ കൂർത്ത വെളിച്ചങ്ങളും ഫാദർ ആബേലിന്റെ ഉറക്കം കെടുത്തിക്കളഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നെഞ്ചിൻകൂടിനുള്ളിൽ കഫത്തിന്റെ കുറുകലും നിലക്കാത്ത ഒരു തരം ചുമയും ഒത്തിരി ശക്തിപ്രാപിച്ചിരുന്നു.
നാളത്തന്നെ ഒരു പത്രക്കടലാസ് ഉപയോഗിച്ച് ജനൽപ്പഴുതടയക്കണമെന്ന് ഫാദർ തീർച്ചപ്പെടുത്തി. ഇന്നു വയ്യ. ഫാദർ ആബേൽ പുതപ്പിനടിയിൽ കണ്ണുകൾ ഇറുകെപൂട്ടി കിടുകിടുത്തങ്ങനെ…
അപ്പോഴാണ് യാക്കോബ് ഒരൗചിത്യവുമില്ലാതെ… വാതിൽ തുറന്നതും മകരമഞ്ഞും യാക്കോബും ഒപ്പം മുറിയിലേക്ക് അടിച്ചു കയറി. വാതിലടച്ചു തഴുതിട്ടത് യാക്കോബാണ്.
അടിയിളക്കുന്ന ഒരു ചുമയിൽ ഫാദർ ആബേൽ നിലയുറയ്‌ക്കാതെ കട്ടിലിരുന്നു. ചുമയുടെ കടുത്ത കമ്പനങ്ങൾ ശിഥിലമാക്കിയ കാഴ്‌ചയുടെ പെരുക്കങ്ങൾ കൂട്ടിപ്പെറുക്കിയെടുത്ത് ഫാദർ യാക്കോബിനെ അളന്നു.
മകരമഞ്ഞിന് വിധേയപ്പെടാത്ത എണ്ണ പറ്റാത്ത പാറിയ മുടി. ചെമന്നു ചെറുതായ കണ്ണുകൾ. എഴുന്ന് നിൽക്കുന്ന ഒരുതരം മീശ. വക്രിച്ച് ക്രൂരമായി കറുത്ത ചുണ്ടുകൾ. കൈകൾ ഇറക്കിയിട്ട കുപ്പായം.
ഫാദർ ആബേലിന് ഭയം തോന്നിയതേയില്ല. വർദ്ധിച്ചുവന്ന അസഹിഷ്ണുതയും ദേഷ്യവുമാകട്ടെ നീണ്ടവസാനിയ്‌ക്കാത്ത ചുമയിൽ പ്രകടിപ്പിക്കാനുമായില്ല.
പക്ഷെ, അത് നന്നായി. കൃത്യസമയത്താണ് അദ്ദേഹം യൂഗോവിന്റെ ആ മെത്രാനെ പറ്റി ഓർത്തത് – ബിയാണ്ട് റവന്യു മിറിയേൽ.
അതുകൊണ്ടുതന്നെ, യാക്കോബിന്റെ മുഖത്തെ അവശത ഫാദർ അടുത്തനിമിഷം തിരിച്ചറിഞ്ഞു. അവനു നല്ല വിശപ്പുണ്ടാകുമെന്ന് ഫാദർ ഉറപ്പിച്ചു. ഒരു വെള്ളിക്കുരിശോ, മെഴുകുതിരിക്കാലോ കൊണ്ട് അവൻ അവിടംവിട്ടു പോകുമെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. എന്നിട്ടും…
എന്നാ ഒര് തണുപ്പ് എന്നും പറഞ്ഞ് വന്ന അന്നുതന്നെ യാക്കോബ് പാളിപോയ ജനാലയിൽ കടലാസൊട്ടിച്ചു.
ഫാദർ ആബേൽ മെല്ലെ എഴുന്നേറ്റ് സ്‌റ്റൗവ്വിന്റെ തിരി നീട്ടി അത് കത്തിച്ചതും കാപ്പിയിട്ടതും യാക്കോബാണ്. യാക്കോബ് പിന്നെ പോയതേയില്ല. ആബേലച്ചന്റെ കുശിനിക്കാരനായി.
ആ കുശിനിക്കാരൻ യാക്കോബിനെയാണ് ഇന്ന് വൈകിട്ട് ഫാദർ ആബേൽ, ഫ്രാൻസിസച്ചനടുത്തേയ്‌ക്ക് വിട്ടത്. ആ യാക്കോബിനെ തന്നെയാണിന്ന് പള്ളിസെമിത്തേരിയിൽ… അതും ഒരു….
മുറിയിലെത്തുമ്പോഴേയ്‌ക്കും ഫാദർ ആബേൽ ആകെ കിതച്ചുപോയിരുന്നു. നെഞ്ചിൽ കാട്ടുപൂച്ചകളുടെ കടിപിടി. ഫാദർ ആബേൽ ഇനി ഓർക്കുന്നത് ക്ലാരയെയാണ്.
ക്ലാര.
ആ ഇടയ്‌ക്ക് ഫാദർ അവിടെ വികാരിയായി വന്നതേയൊള്ളൂ അച്ചനു പ്രായം ഒരിരുപത്തിയഞ്ച്… ഇരുപത്തിയാറ്…
അന്നത്തെ കുശിനിക്കാരൻ കറിയാച്ചന്റെ മകളാണ് അവൾ – ക്ലാര.
അപ്പച്ചനെ സഹായിക്കുന്ന ക്ലാര.
വികാരിമുറിയുടെ ചുറ്റും വിഷവിത്തുവിതച്ച് അവളങ്ങനെ…
അവൾ അപ്പച്ചനെ സഹായിക്കുന്നതെ ഉണ്ടായിരുന്നൊള്ളൂ.
ഫാദർ ആബേലെന്തു ചെയ്യും?
വേദപുസ്തകം മലർക്കെ തുറന്ന്, അതിലേയ്‌ക്ക് തന്റെ കണ്ണും മനസ്സും ശ്വാസംമുട്ടും മട്ടിൽ ക്രൂരമായ് മുക്കിപ്പിടിക്കുന്നു അദ്ദേഹം.
അങ്ങനെയിരിയ്‌ക്കെയാണ് അരവിന്ദൻ വരുന്നത്.
ഡിഗ്രിക്ലാസിലെ സഹപാഠി.
പക്ഷെ അപകടമാണ്.
അടിയന്തിരാവസ്ഥകാലം – അരവിന്ദനോ കമ്മ്യൂണിസ്‌റ്റും.
അരവിന്ദിന്റെ കൗശലപൂർവ്വമുള്ള കണ്ടെത്തലായിരുന്നു ആബേലിന്റെ പള്ളിമേട. പോലീസ് വിസിലും ബൂട്ട്‌സും പതിയാത്തിടം. ആർക്കും സംശയമേ തോന്നില്ല.
ഫാദർ ആബേലെന്തു ചെയ്യും. അവനൊരു കമ്മ്യൂണിസ്‌റ്റാണെങ്കിലും…
അവനവിടെ അഭയം കിട്ടി.
അരവിന്ദൻ ജോണച്ചനായി അവിടെ പാർത്തത് രണ്ടു മുഴുവൻ മാസങ്ങളുമാണ്.
അന്നിതു പോലൊരു രാത്രി.
കുശിനിയുടെ വരാന്തയിൽ… അരവിന്ദന്റെ കറുത്തു മെലിഞ്ഞകാലുകളും… ക്ലാരയുടെ വെളുത്തു തുടുത്ത കാലുകളും… അത്രയേ ഫാദർ ആബേൽ കണ്ടൊള്ളു.
അന്നു രാത്രി എപ്പോഴോ ആബേലച്ചനോട് ഒരു വാക്കു മിണ്ടാതെ അരവിന്ദൻ പോയി.
പിറ്റേന്ന്, പഴകിയ കുമ്പസാരക്കൂടിന് അപ്പുറത്തു നിന്ന് ക്ലാര കരയുക മാത്രം ചെയ്തു. ഫാദർ ആബേലാകട്ടെ, കണ്ണുകളിറുക്കിയടച്ച് ക്ലാരയുടെ വെളുത്തുതുടുത്ത കാലുകൾക്ക് മേലുള്ള നഗ്നത സങ്കല്പിക്കാൻ യത്നിക്കുകയും.
ക്ലാരയ്‌ക്ക് ഇപ്പോൾ നന്നായി പ്രായം ചെന്നിരിക്കുമെന്ന് ആബേലച്ചൻ വെറുതെ ഓർത്തു.
തന്റെ നരച്ചു പഞ്ഞിപോലായ താടിയിൽ തടവിക്കൊണ്ട് ആബേലച്ചൻ പകുതിമാത്രം തുറന്ന വാതിൽപ്പാളിയിലൂടെ പുറത്തേക്കുനോക്കി.
ആകാശത്ത് നക്ഷത്രങ്ങൾ ഉദിച്ചു തുടങ്ങുന്നത് ഫാദർ ആബേൽ കണ്ടു. പിന്നെയവ ഒന്നൊന്നായി പെയ്തിറങ്ങുന്നത്.
നക്ഷത്രങ്ങൾ മിന്നാമിനുങ്ങുകളായി സെമിത്തേരിയിൽ പൊട്ടി വീഴുന്നു. അവയാകെ ഒരാഘോഷത്തിമിർപ്പോടെ ആബേലച്ചന്റെ മുറിയിലേക്ക് വരികയാണ്, ഇനി.
ആകപ്പാടെ ഒരു വല്ലായ്മയോടെ യാക്കോബ് വരുമ്പോൾ വികാരിമുറിയിൽ മിന്നാമിനുങ്ങുകളുടെ മഹോത്സവം കണ്ടവൻ അന്തംവിടുമെന്ന് ഫാദർ ആബേൽ ഓർത്തു. അവൻ പരിസരം മറന്ന് അലറി വിളിക്കും. ഓടിച്ചെന്ന് കൂട്ടമണി മുഴക്കും.
ഇടവകയാകെ ഇളകിമറിഞ്ഞിങ്ങുപോരും.
അവർ ഓരോരുത്തരും പരസ്പരം പറയും.
ആബേലച്ചൻ എത്ര നല്ല….
Generated from archived content: story1_apr27_07.html Author: suresh_keezhillam