രണ്ടു കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ പി.ആർ ഹരികുമാർ എന്ന കോളജ് അദ്ധ്യാപകൻ അദ്ധ്യാത്മ രാമായണവും ദ്രാവിഡഭേദമെന്ന് അറിയപ്പെടുന്ന തിരിക്കുറളും മൊബൈൽ എഡിഷനായി പുറത്തിറക്കിയാണ് ലോകത്തിന്റെ ശ്രദ്ധ കവർന്നത്. പിന്നെ തന്റെ കന്നി നോവലായ നീലക്കണ്ണുകൾ സെൽ എഡിഷനായി പുറത്തുവന്നു. എ ബോയ് ഇൻ ഹിസ് ടൈം എന്ന പോക്കറ്റ് ഫിലിം തയ്യാറാക്കി ആ രംഗത്തെ തുടക്കകാരനുമായി. ഏറ്റവും ഒടുവിൽ സൂം ഇൻഡ്യാ എന്ന പേരിൽ ഇന്ത്യയിലെ ആദ്യ മൊബൈൽമാസികയുടെ പ്രോദ്‌ഘാടകനാകാനും ഈ മലയാളം മാഷ് തന്നെ വേണ്ടിവന്നു. മൊബൈൽ ഫോണിനെ ഒരു സാംസ്‌കാരിക ഉപകരണമായി തിരിച്ചറിഞ്ഞ്, വിവരസാങ്കേതികതയിൽ ക്രിയാത്മകമായ ചില അടയാളങ്ങൾ ചേർക്കുന്ന ഒരു മലയാളം അദ്ധ്യാപകനെ പറ്റി….
സാഹിത്യരംഗത്ത് ശ്രദ്ധേയനായ ഒരു മലയാളം അദ്ധ്യാപകന് മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും കമ്പമുണ്ടാകുന്നതിൽ അത്ഭുതമൊന്നുമില്ല. പക്ഷെ, മൊബൈൽ ഫോണിനെ ഒരു സാംസ്‌കാരിക ഉപകരണമായി തിരിച്ചറിഞ്ഞ്, വിവരസാങ്കേതികതയിൽ ക്രിയാത്മകമായ ചില അടയാളങ്ങൾ ചേർക്കുമ്പോൾ ലോകത്തിന് ഈ മലയാളം മാഷെ ശ്രദ്ധിയ്‌ക്കാതിരിക്കാനാവില്ല.
2006 ജൂലായ് 16ന് രാമായണമാസത്തിൽ മൊബൈൽ ഫോണിൽ അദ്ധ്യാത്മ രാമായണവുമായി പി.ആർ ഹരികുമാർ എന്ന കോളജ് അദ്ധ്യാപകൻ രംഗത്ത് വന്നപ്പോൾ മാധ്യമങ്ങൾക്കും വായനക്കാർക്കും അതൊരു കൗതുകവർത്തമാനം മാത്രമായിരുന്നു. ദ്രാവിഡവേദമെന്ന് അറിയപ്പെടുന്ന തിരുക്കുറൾ സെൽഫോൺ സ്‌ക്രീനിൽ തെളിഞ്ഞതോടെ മലയാളത്തിന് പുറത്തും ഹരികുമാർ ശ്രദ്ധേയനായി.
അലിയുന്ന ആൾരൂപങ്ങൾ, നിറം വീഴാത്ത വരകൾ, എന്നീ കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ ഹരികുമാർ തന്റെ കന്നി നോവലായ നീലക്കണ്ണുകൾ മൊബൈൽ എഡിഷനായി പുറത്തിറക്കിയപ്പോൾ മലയാള സാഹിത്യലോകത്തിനും അത് കൗതുകകരമായ ആദ്യാനുഭവമായി.
റീഡ് മാനിയാക് എന്ന ജാലകം
കാലടി ശ്രീശങ്കര കോളജിലെ സെലക്ഷൻ ഗ്രേഡ് ലക്‌ചററായ ഹരികുമാറിന് ഏഴുവർഷം മുമ്പാണ് കമ്പ്യൂട്ടറിൽ കമ്പം തുടങ്ങുന്നത്. സ്വന്തം രചനകൾ കമ്പോസു ചെയ്യുന്നതിൽ തുടങ്ങിയ കൗതുകം ഇന്റർനെറ്റിൽ അലഞ്ഞുതിരിയുന്നതിലേയ്‌ക്കും സോഫ്‌റ്റ് വെയറുകളിൽ അഭിരമിയ്‌ക്കുന്നതിലേയ്‌ക്കും കടന്നുകയറി.
അങ്ങനെയൊരു അന്വേഷണത്തിനിടയിലാണ് റീഡ്‌മാനിയാക് എന്ന സൗജന്യ സോഫ്‌റ്റ്‌വെയറുമായി പരിചയപ്പെടാനിട കിട്ടിയത്. ആ ജാലകവാതിലിലൂടെയാണ് ഈ എഴുത്തുകാരൻ പുതിയ ആകാശങ്ങൾ തേടി പറന്നു തുടങ്ങുന്നത്. റീഡ്‌മാനിയാകിൽ പുതിയ ഭാഷകൾ കൂട്ടിച്ചേർക്കാനാകും എന്ന സാദ്ധ്യതയിലായിരുന്നു ഹരികുമാറിന്റെ ഊന്നൽ.
മലയാളം ഫോണ്ട് റീഡ്‌മാനിയാകിൽ ചേർത്ത് തയ്യാറാക്കുന്ന ടെക്‌സ്‌റ്റ് ഫയലിനെ ജാർഫയലാക്കി മാറ്റി ഇൻഫ്രാറെഡിലൂടെയോ, ബ്ലൂത്ത് ടൂത്തിലൂടെയോ സെൽ സ്‌ക്രീനിലേയ്‌ക്ക് കൂടുമാറ്റാമെന്ന് ഇദ്ദേഹം കണ്ടെത്തി. പ്രമുഖ മൊബൈൽ കമ്പനികൾ മലയാളം എസ്.എം.എസ് അവതരിപ്പിയ്‌ക്കുന്നതിനും മുമ്പായിരുന്നു ഹരികുമാറിന്റെ ഈ കണ്ടുപിടുത്തം. മൊബൈൽസ്‌ക്രീനിൽ ഇംഗ്ലീഷും മംഗ്ലീഷും മാറിമാറി ഉപയോഗിക്കുന്നവർക്ക് മാതൃഭാഷയുടെ മാധുര്യം പ്രിയപ്പെട്ടതാകുമെന്ന് ഹരികുമാറിന് ഉറപ്പുണ്ടായിരുന്നു.
അങ്ങനെയൊരു കർക്കിടകത്തിൽ…
മൊബൈൽ സ്‌ക്രീനിൽ മലയാളസാഹിത്യം ആദ്യമായിട്ടാകുമ്പോൾ അതാരുടേതാകണം? കഥാകാരനായ ഹരികുമാർ മലയാളത്തിന്റെ പ്രിയകഥകളേതെങ്കിലും സെൽവായനക്കാർക്ക് സമർപ്പിയ്‌ക്കാം എന്ന് ആദ്യം കരുതിയെങ്കിൽ അത്ഭുതമില്ല. എന്നാൽ ഭാഷാദ്ധ്യാപകനായ ഹരികുമാറിന് വരാൻപോകുന്ന കർക്കിടകത്തിന്റെയും ഭാഷാപിതാവായ എഴുത്തച്ഛന്റേയും ഔചിത്യത്തിലേയ്‌ക്ക് ചെന്നെത്താതിരിയ്‌ക്കാൻ കഴിയില്ലായിരുന്നു. അങ്ങനെയാണ് അദ്ധ്യാത്‌മരാമായണത്തിന്റെ പ്രഥമ മൊബൈൽ എഡിഷൻ സംഭവിച്ചത്.
അച്ചടിയിൽ അഞ്ഞൂറോളം പേജുവരുന്ന ഉത്തരരാമായാണം ഒഴികെയുള്ള ആറു കാണ്ഡങ്ങൾ 335 കെ.ബി മാത്രം വലിപ്പമുള്ള ജാർഫയലാക്കി ചുരുക്കിയാണ് സെൽഫോണിൽ കിട്ടുന്നത്. www.prharikumar.com എന്ന വെബ്‌സൈറ്റിലൂടെ ആർക്കും ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ജാവാ സന്നദ്ധമായ ഏതു മൊബൈലിലും രാമായണത്തിന്റെ ഫയൽ ഇൻസ്‌റ്റാൾ ചെയ്തു വായിക്കാനാവും.
ഭൂതകാല പൈതൃകത്തേയും നവസാങ്കേതികവിദ്യയേയും സമന്വയിപ്പിക്കുന്നതിൽ വിജയിച്ച ഹരികുമാർ പിന്നീട് സ്പർശിച്ചത് തമിഴ് ഇതിഹാസകൃതിയായ തിരുക്കുറളിനെയാണ്. തമിഴിൽ അക്ഷരപരിചയം മാത്രമുള്ള ഈ മലയാളം അദ്ധ്യാപകൻ അതിനായി തിരുക്കുറളിന്റെ പാഠം തമിഴ് അറിയാവുന്ന മറ്റൊരാളെക്കൊണ്ട് ടൈപ്പ് ചെയ്ത് വാങ്ങി. പിന്നെ റീഡ്‌മാനിയാകിൽ തമിഴ്‌ഫോണ്ട് കൂട്ടിചേർത്ത് 1330 കുറളുകളുള്ള ദ്രാവിഡപ്പെരുമയെ 110 കെ.ബി വലിപ്പമുള്ള ജാർഫയലിലേയ്‌ക്ക് ആവേശിപ്പിച്ചു.
ഇന്ത്യയിലെ ആദ്യ മൊബൈൽ നോവൽ
ലോകത്തിലെ ആദ്യ മൊബൈൽ നോവൽ വരുന്നത് ജപ്പാനിലാണ്. യോഷിയുടെ ഡീപ് ലൗ എന്ന ഈ നോവലിനെ തുടർന്ന് കൊറിയായിലും സ്വിറ്റ്‌സർലന്റിലുമെല്ലാം നിരവധി സെൽഫോൺ നോവലുകൾ പ്രചരിച്ചു. ഇന്ത്യയിൽ 2004ൽ 16 എസ്.എം.എസ് സന്ദേശങ്ങളായി ഒരു സെൽഫോൺ നോവൽ ഇംഗ്ലീഷിൽ പുറത്തുവന്നെങ്കിലും അത് സമ്പൂർണ്ണമെന്ന് അവകാശപ്പെടാവുന്നതായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ആറ് അദ്ധ്യായങ്ങളുള്ള നീലക്കണ്ണുകൾ എന്ന നോവൽ ഹരികുമാർ മലയാളത്തിന് സമർപ്പിക്കുന്നത്. 340 കെ.ബി വലിപ്പമുള്ള ഇത് ആദ്യം ആവശ്യപ്പെട്ട അഞ്ഞൂറുപേർക്ക് സൗജന്യമായി അയച്ചുകൊടുക്കുക കൂടി ചെയ്തതോടെ ഭാരതത്തിലെ ആദ്യ മൊബൈൽ നോവലിസ്‌റ്റ് എന്ന നിലയിൽ ഈ അദ്ധ്യാപകൻ അംഗീകരിക്കപ്പെട്ടു. എഴുത്തുകാരന്റെ വെബ് സൈറ്റിൽ നിന്ന് നോവൽ ഡൗൺലോഡ് ചെയ്യാൻ ഏതൊരാൾക്കുമാകും.
മൊബൈലിൽ ചലച്ചിത്രവും
ഇന്ന് 5.2 മെഗാ പിക്സൽ ക്യാമറയുള്ള മൊബൈൽഫോണുകൾ വിപണിയിൽ സുലഭമാണ്. ഒരുവർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി തന്റെ കൈവശമുണ്ടായിരുന്ന 1.3 എം.പി ക്യാമറയുള്ള 3230 നോകിയ മൊബൈൽ ഫോണിൽ ഒരു സിനിമയെടുത്തതിന്റെ ആയാസം ഹരികുമാറിന് മറക്കാനെളുപ്പമല്ല. ചിത്രീകരണവും എഡിറ്റിങ്ങും ശബ്ദസന്നിവേശവും എല്ലാം ഇതേ സെറ്റിൽ. കഥയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങും നിറവേറ്റിയതാകട്ടെ ഹരികുമാർ എന്ന ഒരേയൊരാളും.
എ ബോയ് ഇൻ ഹിസ് ടൈം എന്ന 10 മിനിറ്റ് ദൈർഘ്യമുള്ള പോക്കറ്റ് ഫിലിമിൽ ഒരാൺകുട്ടിയുടെ ഏകാന്ത ജീവിതത്തിന്റെ കഥ പറയുന്നു. ആഖ്യാനത്തിന് ഉപയോഗിച്ച ചലച്ചിത്ര ഭാഷയുടെ സാരള്യം മൂലം സംഭാഷണങ്ങളൊന്നുമില്ലെങ്കിലും ഈ സിനിമ പ്രേക്ഷകനുമായി സംവദിയ്‌ക്കുന്നു. പശ്ചാത്തലത്തിൽ ഉപയോഗിച്ച ഹിന്ദുസ്ഥാനി സംഗീതവും കാഴ്‌ചക്കാരന്റെ ഹൃദയത്തെ തൊടുന്നതുതന്നെ. ഈ സിനിമ ഇപ്പോൾ ഹരികുമാറിന്റെ വെബ്‌സൈറ്റിൽ നിന്ന് കാണാൻ കഴിയുന്നതാണ്.
പിക്സൽ ക്ലാരിറ്റി കുറവുള്ള ക്യാമറയിലെടുത്തതിനാൽ വലിയ സ്‌ക്രീനിൽ സിനിമ പ്രോജക്ടു ചെയ്യുന്നതിൽ ആദ്യം പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ മേളകളിലും മറ്റും പ്രദർശിപ്പിക്കുന്നത് വലിയ വെല്ലുവിളിയായി. ഔപചാരികമായി കമ്പ്യൂട്ടർ പഠനം നടത്താത്ത ഹരികുമാർ പിന്നെ അതിനുള്ള പരിഹാരം തേടുകയായി. ഒടുവിൽ ഫോർമാറ്റിൽ ആവശ്യമായ ഭേദഗതി വരുത്തിയതോടെ ഇന്ത്യയിലെ ആദ്യ മൈക്രോസിനിമ ഏതു സ്‌ക്രീനിലും പ്രദർശിപ്പിയ്‌ക്കാൻ പാകമാവുകയും ചെയ്തു.
സ്വാതന്ത്ര്യദിന പതിപ്പായി ആദ്യ മൊബൈൽ മാസിക
സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ ആദ്യ മൊബൈൽ മാഗസിൻ സൂം ഇന്ത്യ പുറത്തിറങ്ങി. സ്വാതന്ത്ര്യസമരസേനാനികൾക്ക് ഒരു സ്മരണാഞ്ജലിയായി പുറത്തുവന്ന മാഗസിനിൽ മഹാത്മാഗാന്ധി, മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ, നെൽസൺ മണ്ഡേല, കെൻരോ വിവ, ഓംങ്ങ് സാൻ സൂകി തുടങ്ങിയ സ്വാതന്ത്ര്യപ്പോരാളികൾക്കായി പേജുകൾ മാറ്റിവച്ചിട്ടുണ്ട്.
ഇതിനു പുറമെ ഇന്ത്യൻ സ്വാതന്ത്ര്യസമര സന്ദർഭങ്ങൾ ചിത്രങ്ങൾ സഹിതം കാണാം. സമകാലിക വാർത്തകൾ, പുസ്തകദൃശ്യം, മൊബൈൽ ടെക്നോളജി തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളും മാഗസിനിലുണ്ട്. വർഷത്തിൽ രണ്ടുവട്ടം പ്രസിദ്ധീകരിക്കുന്ന സൂം ഇന്ത്യ ഇംഗ്ലീഷിലാണ് തയ്യാറാക്കിയിട്ടുള്ളത്. എഡിറ്ററായ ഹരികുമാറിന്റെ വെബ്‌സൈറ്റിൽ നിന്നും 450കെ.ബി വലിപ്പമുള്ള മാഗസിനും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പുസ്തകംപോലെ അത് ഒരു മൊബൈലിൽ നിന്ന് മറ്റൊന്നിലേയ്‌ക്ക് കൈമാറാനുമാകും.
മനുഷ്യന്റെ സർഗാത്മകതയെ ഏറെ പ്രചോദിപ്പിച്ച മാനവമൂല്യമായ സ്വാതന്ത്ര്യത്തിന്റെ സന്ദേശം യുവാക്കളിലേയ്‌ക്ക് എത്തിയ്‌ക്കലാണ് സൂം ഇന്ത്യയിലൂടെ താൻ ലക്ഷ്യമിട്ടതെന്ന് പി.ആർ ഹരികുമാർ പറയുന്നു. ആഗോളീകരണത്തിന്റെ സാഹചര്യത്തിലാണ് ഇംഗ്ലീഷ് തെരഞ്ഞെടുത്തത്. ഇതിനോടകം 650 സ്‌ക്രീൻ പേജുകളുള്ള മാഗസിൻ നൂറുകണക്കിനാളുകൾ വായിച്ചതായും ഹരികുമാർ പറയുന്നു.
ജനജീവിതത്തിൽ അനിവാര്യമായി മാറിയ മൊബൈൽ ഫോൺ പോലുള്ള സാങ്കേതിക ഉപകരണങ്ങളെ എങ്ങനെ സാംസ്‌കാരിക വിനിമയയോപാധികളായി മാറ്റാം എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് തന്റെ ശ്രമങ്ങളെന്ന് ഈ അദ്ധ്യാപകൻ വിശദീകരിക്കുന്നു. 1988ലെ തുഞ്ചൻ സ്മാരക പുരസ്‌കാരജേതാവായ ഹരികുമാർ ബ്ലോഗ് എഴുത്തുകാർക്കിടയിലും മുൻപന്തിയിലാണ്. മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാർ സാങ്കേതിക മാറ്റങ്ങൾക്കു നേരെ പുറം തിരിഞ്ഞ് നിൽക്കുമ്പോൾ സ്വന്തമായി വെബ് സൈറ്റും ബ്ലോഗുകളുമുള്ള ഹരികുമാർ വേറിട്ടുനിൽക്കുന്നു. ഒരുപക്ഷേ, മാതൃക തന്നെയായി മാറുന്നു.
പെരുമ്പാവൂരിലെ വീട്ടീൽ ഭാര്യയ്‌ക്കും രണ്ട് ആൺമക്കളോടുമൊപ്പം കഴിയുന്ന ഇദ്ദേഹം തുറന്നുവച്ച ലാപ്‌ടോപ്പിന് മുന്നിൽ പുതിയ കണ്ടെത്തലുകൾക്കായി കണ്ണും മനവും തുറന്നുവച്ചുള്ള തപസ്സിലാണെന്ന് പറഞ്ഞാൽ, അതിൽ തെല്ലുമില്ല അതിശയോക്തി.
Generated from archived content: essay2_sept13_07.html Author: suresh_keezhillam