കാഴ്‌ച
തൊടിയിലേക്കൂർന്നിറങ്ങിയ
ഭൂതകാലത്തിനെ ഓമനിച്ചു
നിൽക്കവേയാണറിയുന്നത്
പടിയിറങ്ങിപ്പോയത് നിന്റെ
ഗന്ധമുള്ള ഇന്നലകളാണെന്ന്
പലപ്പോഴും നമ്മൾ
പകുത്തെടുക്കപ്പെട്ടതറിയാതെ
ഉപേക്ഷിക്കപ്പെടേണ്ടിവരുന്നു
പുഴ പാടിയിരുന്നിടത്ത്
നിന്റെ കാൽപ്പാടുകൾ തേടി
നോക്കിയപ്പോഴാണ് അറിയുന്നത്
പുഴ ടിപ്പറിൽകയറി
പോക്കറ്റിൽ ഉറങ്ങിയെന്ന്
തൊട്ടടുത്ത് നിന്നെ തിരഞ്ഞെങ്കിലും
ഉയർത്തികെട്ടിയ കോൺക്രീറ്റുഭിത്തിയിൽ
തട്ടി കൈവേദനിച്ചു.
നീ അപ്പുറവും
ഞാൻ ഇപ്പുറവും
കാക്കത്തണ്ടുകൾ കഥപറയുന്ന
നമ്മുടെ വിദ്യാലയമന്വേഷിച്ചപ്പോഴാണറിയുന്നത്
ബീവറേജിനുമുന്നിൽ
ക്യൂ നിന്നാലേ………
കളിക്കൂട്ടുകാരിയെ
തിരഞ്ഞെത്തിയപ്പോളറിയാതെ എങ്കിലും
ഒരു നിമിഷം
അവൾ നഗരസാഗരവീചിയിൽ
ഫോൺനമ്പർ…. … …
ചെള്ള്
പാതി ഉരുകിയ
മെഴുകുതിരിയുടെ
വിറങ്ങലിച്ച
പുഞ്ചിരിയിൽ
പാതി
ചിതലരിച്ചതെങ്കിലും
ആ പുസ്‌തകമെന്നെ
പിടിച്ചിരുത്തി;
ഈ നശിച്ച ചെള്ളുകൾ
ഒരസ്വസഥതയാണല്ലോ
പാതി വായനയിൽ
പുസ്‌തകം മടക്കി
ഒരു ചെള്ള്
എന്റെ വിരലുകൾക്കിടയിൽ
ഞെരിഞ്ഞമർന്നു
പരിഷ്‌കൃത നഗരങ്ങളിലെ
ഓടകളുടെ
ഗന്ധമാണീനാശത്തിന്.
കിടക്കയിൽ
അവൾ ഉറങ്ങുന്നു
അവളുടെ
കഴുത്തിനും മാറിനു
മിടയിൽ
രണ്ടു ചെള്ളുകൾ
കണ്ണിൽ കണ്ണിൽ
നോക്കി അനങ്ങാതെ,
എനിക്കവയോട്
അസൂയതോന്നി
അവളുടെ ഓരത്ത്
ഞാനും……..
എന്റെ ചുണ്ടുകളിൽ
ഒരു ചെള്ള്‌ചുംബിച്ചു
മറ്റൊന്ന് എന്റെ മുടിയിഴകളിൽ
തലോടി
ഒരുവൾ എനിക്കുവേ
ണ്ടിമാത്രം
മോഹനകല്യാണി ആലപിച്ചു
ആദ്യമായെനിക്ക്
ചെളളുകളോട് പ്രണയം
തോന്നി
ഇവൾ
എന്തൊരുറക്കമാണ്?
മെഴുകുതിരിയൊന്നാളി
പിന്നെ നേർത്ത്…. നേർത്ത്…..
Generated from archived content: poem1_feb28_11.html Author: suresh_gangadhar