നിയോഗം
രക്തനക്ഷത്രമുദിക്കുന്നു പിന്നെയും
ശപ്‌തമെൻ കരിനീലമേലാപ്പിൽ
ഞാനകന്നു പോം വീഥിയിലൊക്കെയും
ഞാന്നു, തീക്കനൽ വർഷിക്കയാണവൾ.
ദുഃശ്ശകുനമേ നിൻ ധൂർത്ത രശ്‌മിയെൻ
ദർശനങ്ങളെ ചുട്ടു പൊള്ളിക്കയായ്
പിൻ തിരിയുവാൻ വേണ്ടിയോ, പ്രജ്ഞയിൽ
മുൻവിധിയുടെ മുള്ളു പാകുന്നു നീ.
തീക്ഷണതേ! നിന്റെ തീത്തിളക്കം; ദീർഘ-
വീക്ഷണങ്ങളിലുൾ വലിഞ്ഞാളവേ
കാഴ്‌ച കോടുന്നിതാ; കോട മഞ്ഞുനീർ-
വീഴ്‌ചയോടേറ്റ ദിഗ്‌ഭ്രമപ്പക്ഷിപോൽ
ആരു നീയെൻ നിയോഗമാരായുവാൻ
ശാരദാകാശ താരകേ? നിൻ കതിർ
തൂവൊളികളോടേറ്റു തോൽക്കുന്നൊരു
തൂവലാളിപ്പടർന്ന തീത്തുമ്പി ഞാൻ.
മുന്നേറ്റം
വിധി വിലങ്ങനെ നിന്നിളിയ്‌ക്കുമ്പോഴും
ഗതിയിലെന്നെ തുണയ്‌ക്കുന്ന സ്‌നേഹമേ!
ചരണമീവിധം ചങ്ങലയ്‌ക്കിട്ടു നീ-
ചലന വേഗത്തിനൂർജ്ജം പകർന്നുവോ?
ത്വരയടങ്ങാ തൂയിരിലുന്മാദമായ്
ത്വരിത ഭാവങ്ങളാളുന്നു മേൽക്കുമേൽ.
ഒരു മുടന്തന്റെ മുന്നേറ്റമെന്നപോൽ
ഒടുവിൽ ജീവിതമഭ്യസിക്കട്ടെ ഞാൻ.
Generated from archived content: poem1_may24_10.html Author: suresh_ds.kappil
Click this button or press Ctrl+G to toggle between Malayalam and English