ജീവിതത്തിന്റെ വഴികൾ

ജീവിതം എന്ന മൂന്നക്ഷരത്തിന്റെ വിസ്‌തൃതമായ പൊരുളിൽ ഇമവെട്ടലുകൾക്കിടയിലെ സമയത്തിനുപോലും ദൈർഘ്യമേറുന്നുവെന്നു തോന്നിയപ്പോൾ അരവിന്ദനും മുഹമ്മനും ചിറകു നഷ്‌ടപ്പെട്ട ഈയലുകളുടെ നിസ്സഹായതയിലേക്കൂർന്നുവീണു.

പുണ്യവാളപ്പദവി നഷ്‌ടപ്പെട്ട ഗീവർഗീസിന്റെ കുന്തത്തിൽനിന്നും രക്ഷപ്പെട്ട വ്യാളിയുടെ വന്യമായ വിശപ്പിന്റെ ആധിക്യംപോലെ പട്ടിണി അവർക്കുനേരെ പിളർന്ന നാവുനീട്ടി.

തങ്ങൾക്കിടയിൽ ദീർഘനിശ്വാസങ്ങളുടെയും നെടുവീർപ്പുകളുടേയും അന്തമില്ലാത്ത ചുറ്റുകൾ ഏറിയപ്പോൾ എന്തെങ്കിലും ഒരു ജോലി എന്ന പ്രതീക്ഷയിലേക്ക്‌ അവരിറങ്ങിവന്നു. രാത്രിയുടെ തിരശീലക്കു മുന്നിൽ കണ്ണുകൾ തുറിപ്പിച്ചുനിൽക്കുന്ന തങ്ങളുടെ സ്വപ്‌നത്തിലില്ലാതിരുന്ന സെക്യൂരിറ്റി എന്ന നിയോഗത്തിലാണ്‌ അവർ എത്തപ്പെട്ടത്‌. രാത്രിസ്വപ്‌നങ്ങളുടെ നഷ്‌ടങ്ങളിലമർന്ന്‌ കാക്കി വസ്‌ത്രത്തിനകത്തെ നരച്ച ചൂടിൽ പുലരി വരുന്നതും കാത്ത്‌ അവർ വന്ദ്യമായ പേറ്റുനോവോടെ കാവലിരുന്നു.

ലോകം ഉറങ്ങുമ്പോൾ ചിലന്തിവലകളിൽ കുരുങ്ങിയ സ്വപ്‌നങ്ങളെ നഷ്‌ടബോധത്തോടെ ഓർത്തും ചോരയുടെ ദാഹത്തോടെയെത്തുന്ന കൊതുകുകളെ ആട്ടിയും രാത്രിയുടെ നോക്കുകുത്തികളായി.

“ഒരുപക്ഷെ റഷ്യയിൽ കമ്യൂണിസം തകർന്നിരുന്നില്ലെങ്കിൽ.. നമ്മുടെ ജീവിതംപോലെ പകുതി കണ്ട സ്വപ്‌നം പോലെയായി റഷ്യയുടെ അവസ്ഥ” ജോലിസ്ഥലത്തേക്കു നടക്കുമ്പോൾ അരവിന്ദൻ പറഞ്ഞു.

“എങ്കിൽ പണത്തിനു മുന്നിൽ ആദർശം മറക്കുന്നവർ മുതലാളിമാരായി കീഴാളരെ അടക്കിനിർത്തി റഷ്യയെ അവരൊരു മുതലാളിത്ത രാഷ്‌ട്രമാക്കി മാറ്റിയേനെ. അങ്ങനെ വരുമ്പോൾ യഥാർത്ഥ കമ്യൂണിസ്‌റ്റുകൾക്ക്‌ നക്‌സലിസത്തെ കൂട്ടുപിടിക്കേണ്ടി വരും. മുതലാളിമാർക്ക്‌ അതൊരു രക്ഷയാവും. അങ്ങനെ ഉളളവനും ഇല്ലാത്തവനും തമ്മിലുളള യുദ്ധം തുടരും.”

മുഹമ്മദിന്റെ വാക്കുകൾക്കുമുന്നിൽ അരവിന്ദന്റെ മുഖത്തൊരു തകർന്ന ചിരിയുടെ ചുവപ്പു പടർന്നു. റഷ്യയുടെ തകർച്ച സ്വപ്‌നം കാണാൻ കഴിവുളളവരെയൊക്കെ ഭയപ്പെടുത്തിയെന്ന്‌ അരവിന്ദനുതോന്നി. ശരീരത്തിൽ പട്ടിണി വേവുമ്പോൾ, വിശപ്പ്‌ ആസിഡിനോടൊപ്പം ആമാശയഭിത്തി തുരന്ന്‌ അൾസറിനു ജന്മം കൊടുക്കുമ്പോൾ സ്വപ്‌നങ്ങൾ ഭ്രൂണഹത്യക്കിരയായ ജന്മത്തിന്റെ നിസ്സഹായതയോടെ ലാവപോലെ പാഴ്‌ജന്മമായി ഒഴുകുന്നതയാളറിഞ്ഞു.

ഒരു പോലീസുകാരനാകാൻ മോഹിച്ച രാത്രിയുടെ ക്രീഡയിലേക്ക്‌ മുഹമ്മദിന്റെ മനസ്സെത്തി. മീശമുളക്കുന്ന പ്രായത്തിൽ ഒരു രാത്രിയിൽ നഗരത്തിൽനിന്ന്‌ നാട്ടിലേക്കുളള ബസു കാത്തുനിൽക്കുകയായിരുന്നു അവൻ. ഇരുട്ടിന്റെ നിറവും കൊമ്പൻമീശയുമുളള ഒരു പോലീസുകാരൻ വന്ന്‌ ചോദ്യം ചെയ്‌തപ്പോൾ വ്യക്തമായൊന്നും പറയുവാൻ അവനായില്ല. തന്റെ കൈയിൽ പിടിച്ചുവലിച്ച്‌ മുന്നോട്ടു നീങ്ങിയ പോലീസുകാരനെ പിന്തുടരുവാനേ അവനായുളളൂ. ആ സമയം അനുസരണയില്ലായ്‌മ ഭയം മൂലം അവൻ മറന്നുപോയി. വെളിച്ചത്തിന്റെ കണ്ണിൽനിന്ന്‌ ഒഴിഞ്ഞുമാറിയ ഇരുട്ട്‌ പതുങ്ങിനിന്ന ഒരിടത്തുവച്ച്‌ അയാളവനെ നഗ്നനാക്കി തന്റെ നഗ്നതയിലേക്ക്‌ വലിച്ചിഴച്ചു. വായനയിലൂടെ സ്വരൂപിച്ചെടുത്ത രതിയുടെ തത്വശാസ്‌ത്രങ്ങളിൽ കാണാത്ത നേരിൽ മുഹമ്മദ്‌ തരിച്ചുനിന്നു.

വിയർപ്പിന്റെ നാറ്റവും കനച്ച വെളിച്ചവും പ്രാകൃത ശബ്‌ദങ്ങളും, കാട്ടാളത്തവും കൂടിച്ചേർന്ന ജുഗുപ്‌സാവഹമായ ഒരിണചേരലിന്റെ ഓർമ്മയാൽ മുഹമ്മദിന്റെ ശരീരം വിറച്ചു.

“ആ രാത്രി സമ്മാനിച്ച വൈകൃതത്തിന്റെ രതിപാഠം ഓർമ്മിച്ചാൽ കിടപ്പറയിൽ ഞാൻ നിസ്സഹായനാകും.” മുഹമ്മദ്‌ പതിയെ പറഞ്ഞു.

“മുതിരുമ്പോൾ ഒരു പോലീസുകാരനാകണമെന്നും അയാളെ കണ്ടുപിടിച്ച്‌ അയാളുടെ ലിംഗമറുക്കണമെന്നും വർഷങ്ങളോളം എന്റെ മനസ്സിലുണ്ടായിരുന്നു.” മുഹമ്മദിന്റെ ശബ്‌ദം വിറച്ചു.

“ശരിയായ അർത്ഥത്തിലല്ലാതെ മാനസികമായ അധിനിവേശത്തിന്റെ ആദ്യപടിയാണ്‌ പീഡനം. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ശരീരത്തിൽ തന്റെ അധിനിവേശത്തിന്റെ കളയെറിയുമ്പോൾ അനേകം വ്യക്തികൾ, ചിലപ്പോൾ ഒരു സമൂഹംതന്നെ അയാളുടെ മനസ്സിലേക്ക്‌ തുടർ പീഡകളെറിയുന്നു. ഇങ്ങനെ ഒരിക്കൽ പീഡനമേൽക്കേണ്ടി വന്നയാൾ പിന്നെ ജീവിതകാലം മുഴുവൻ അടിമത്തത്തിന്റെ പേക്കിനാവു പേറുന്നു. അന്തർമുഖത്തം എന്ന ചങ്ങലയിലേക്കയാൾ പൂഴ്‌ത്തപ്പെടും.” ഒരു ബീഡിക്കു തീകൊളുത്തി മുഹമ്മദ്‌ ആഞ്ഞുവലിച്ചു. അയാളുടെ ആത്മാവിൽ നിന്നാണ്‌ പുക ഉയരുന്നതെന്ന്‌ അരവിന്ദനു തോന്നി.

“ഈ കാക്കി തന്നെ ഒരടിമത്തത്തിന്റെ ശേഷിപ്പാണ്‌.” തന്റെ ഷർട്ടിൽ പിടിച്ചുകൊണ്ട്‌ മുഹമ്മദ്‌ തുടർന്നു. നിക്കറിടുന്ന പ്രായം മുതൽ എനിക്കുണ്ടായിരുന്നത്‌ രണ്ടു ജോടി കാക്കി നിക്കറായിരുന്നു. ഒരു കുട്ടിപ്പോലീസിന്റെ ഗമയോടെ ഞാനതുമണിഞ്ഞ്‌ തലയുയർത്തി നടന്നു. ജോലി ചെയ്യുന്ന വീട്ടിലെ പോലീസുകാരന്റെ യൂണിഫോം തുണിയിൽനിന്നും മുറിച്ചുതരുന്നതായിരുന്നു അത്‌. മഴവില്ലുപോലെ നിറങ്ങൾ വിതറിയ നിക്കറുകൾ എന്റെ സ്വപ്‌നത്തിൽ മാത്രമേയുളളു.“ നഷ്‌ടപ്പെട്ട ബാല്യത്തിലെ തിക്തമായൊരു കിനാവിന്റെ ചാരം മുഹമ്മദിന്റെ മനസ്സിൽ പാറി.

”നീ ജനിച്ചപ്പത്തൊട്ട്‌ പോലീസുകാരന്റെ തുണീലാണല്ലോടാ ഇനി അങ്ങേരെങ്ങാനുമാണോ നിന്റെ തന്ത. തളളയാണെങ്കിൽ ഒരു മൊഞ്ചത്തിയും. വീട്ടുപണി കൂടാതിനി?“ അയൽക്കാരന്റെ ക്രൂരമായ ഫലിതത്തിന്റെ ആഴം മുഹമ്മദിന്റെ ഹൃദയത്തിൽ സ്‌പർശിച്ചു. കീഴടക്കാനും കീഴടക്കപ്പെടാതിരിക്കാനുമുളള ചെറുത്തുനില്‌പിൽ വാപ്പയുടെ നെഞ്ചിൽനിന്നും ചീറ്റിയ രക്തത്താൽ മുഹമ്മദിന്റെയും ഉമ്മയുടെയും ജീവിതം മൂടപ്പെട്ടു.

ജീവിതത്തിന്റെ ന്യായീകരണങ്ങൾ വിധി അവരിൽ നിന്നെടുത്തുമാറ്റി.

”അവനാ പോലീസുകാരന്റെ മകൻ തന്ന്യാ. അല്ലേലിത്ര പരസ്യമായി…“ വാപ്പയുടെ മരണശേഷം ആളുകൾ പറഞ്ഞപ്പോൾ കത്തിക്കയറിയ വിശപ്പിനുകിട്ടിയ ശമനത്തിന്റെ ആശ്വാസമായിരുന്നു മുഹമ്മദിന്‌.

”എന്റെ ജീവിതത്തിൽ കാക്കിക്ക്‌ ഏറെ അവസ്ഥാന്തരങ്ങളുണ്ട്‌ സുഹൃത്തേ. എന്റെ ഓർമ്മയിലെ ആദ്യവസ്‌ത്രം കാക്കിയാണ്‌. എന്റെ വാപ്പയുടെ ജീവനെടുത്തതും എന്നെ സ്വവർഗരതിയുടെ താളം തുളളിച്ചതും കാക്കിയാണ്‌. ഇപ്പോഴിതാ ജീവിക്കാൻവേണ്ടി വീണ്ടുമാ കാക്കി. ഇനിയും എന്തൊക്കെ ദുരന്തങ്ങളാണോ ഈ കാക്കിത്തുണി എനിക്കുവേണ്ടി സ്വരുക്കൂട്ടുന്നത്‌?“ താനെറിഞ്ഞ ബീഡിക്കുറ്റിയുടെ ഗൂഢമായ പുകയിലേക്കും എരിഞ്ഞുവീഴുന്ന ചാരത്തിലേക്കുമയാൾ തുറിച്ചുനോക്കി.

അടർന്നുപോയ നന്മകളുടെ ലവണങ്ങളാകുന്ന ഓർമ്മകൾ ലാവയായി മുഹമ്മദിന്റെ മനസ്സിൽക്കൂടി പതഞ്ഞൊഴുകി. അതിന്റെ ചൂടിൽ അയാളുടെ നിസ്സഹായത വെന്തുകൊണ്ടിരുന്നു. താപം ഒരു കുരുക്കായി മനസ്സിൽ കൊരുത്തു.

”കഴിഞ്ഞുപോയ കാലങ്ങൾ മനസ്സിൽ വ്യക്തമായൊന്നു ചിന്തിച്ചടുക്കിയാൽ നമ്മളൊക്കെ ആത്മഹത്യ ചെയ്യും. അല്ലെങ്കിൽ ഭ്രാന്തന്മാരായിത്തീരും. ഇത്രയേറെ സംഘർഷങ്ങളും ചിന്തകളും മറ്റും താങ്ങുന്ന നമ്മുടെ ഹൃദയവും തലച്ചോറുമൊക്കെ പൊട്ടിത്തെറിക്കാതെ നിൽക്കുന്നതു തന്നെ ഭാഗ്യം.“ പരാജിതന്റെ തികട്ടലുകളുടെ ഉത്‌കണ്‌ഠയായിരുന്നു മുഹമ്മദിന്റെ വാക്കുകളിൽ.

മുഹമ്മദിന്റെ വാക്കുകളെ പിന്തുടർന്ന അരവിന്ദന്റെ മനസ്‌ സ്‌കൂളിൽനിന്നും തിരികെവരുന്ന കുഞ്ഞുങ്ങളിലണഞ്ഞു. കുറേയേറെ പൂമ്പാറ്റകളാണ്‌ അവരെന്ന്‌ അയാൾക്കുതോന്നി. വിവിധ വർണങ്ങളിലുളള പൂമ്പാറ്റകൾ. അവർക്ക്‌ ചിറകുമുളച്ച്‌ മുകുന്ദന്റെ മയ്യഴിയിലെ തുമ്പികൾക്കൊപ്പം പാറിനടക്കുന്നത്‌ അയാൾ സ്വപ്‌നം കണ്ടു. ദാസന്റെയും ചന്ദ്രികയുടെയും മൂപ്പൻ സായ്‌വിന്റെയുമൊക്കെ ആത്മാവുകൾ തുമ്പികളായി കുട്ടികളെ വട്ടമിട്ടു നടക്കുന്നതായി അയാൾക്കു തോന്നി. ആ തോന്നലിന്റെ ലാളിത്യത്തിൽ അയാളൊന്നു ചിരിച്ചു.

”ബോർഡിംഗ്‌ സ്‌കൂളിലെ കുട്ടികൾക്ക്‌ ഇരുപ്പിലും നടപ്പിലുമൊക്കെ ഒരു ബ്രോയ്‌ലർ കട്ടാ.“ അരവിന്ദൻ കുട്ടികളെ ശ്രദ്ധിക്കുന്നതുകണ്ട്‌ മുഹമ്മദ്‌ പറഞ്ഞു.

”നമ്മുടെ മക്കൾ ഇപ്പോൾ ഒരു കിലോമീറ്റർ നടന്നുകാണും ഇനിയും..“ അരവിന്ദന്‌ തുടരാനായില്ല.

”അവർ കഷ്‌ടപ്പെട്ടു ജീവിക്കട്ടെ അല്ലെങ്കിൽ നമ്മുടെ എല്ലുനുറുങ്ങി നമ്മൾ വീഴുമ്പോൾ അവർക്ക്‌ പകച്ചു നിൽക്കാനേ കഴിയൂ. കഷ്‌ടപ്പാടുകൾ അവരുടെ മനസ്സിനെയും ശരീരത്തെയും ഉറപ്പിക്കട്ടെ. ദുരന്തങ്ങളുമായി പൊരുത്തപ്പെടാനവർ പഠിക്കട്ടെ.“ മുഹമ്മദിന്റെ തൊണ്ടയടഞ്ഞ ശബ്‌ദം വാർന്നുവീണു.

പിരിയേണ്ടിടത്തെത്തിയപ്പോൾ കുറേനേരം അവരിരുവരും മുഖത്തോടു മുഖം നോക്കി. എന്തെങ്കിലുമൊന്നു പറഞ്ഞു പിരിയാൻ ഇരുവരും ആഗ്രഹിച്ചു. അതിനു കഴിയാതെ വന്നപ്പോഴുളള ശ്രമത്തിൽ ചിരി ഒരു ഭാവമാകാതെ മുഖത്ത്‌ അറച്ചപ്പോൾ യാത്രപോലും പറയാതെ അവർ എതിർദിശകളിലേക്ക്‌ നടന്നുപോയി.

ഏകാന്തതയിലുറഞ്ഞുപോയ നിസംഗതയിൽ മുപ്പത്തിയഞ്ചുവർഷങ്ങളുടെ പിന്നിലെ ദൈർഘ്യത്തിലേക്ക്‌ അരവിന്ദന്റെ മനസ്‌ പിടഞ്ഞു. കഴിഞ്ഞകാലജീവിതത്തിന്റെ നരച്ച ചിത്രങ്ങൾ മനസ്സിലേക്ക്‌ കുമിഞ്ഞു.

ഊട്ടിയിലെ ബോർഡിംഗ്‌ സ്‌കൂളിലെ തണുപ്പിൽ അമ്മയുടെ ചൂടിൽ അഭയം തേടാൻ അരവിന്ദൻ കൊതിച്ചു. അച്‌ഛനെക്കുറിച്ചുളള ഓർമ്മകൾക്ക്‌ ഇരുട്ടിന്റെയും അമ്മയുടേത്‌ വെളിച്ചത്തിന്റേയും നിറമായിരുന്നു. അച്‌ഛന്റെ ചവിട്ടേറ്റ്‌ കിടന്ന അമ്മ കട്ടിലിൽ കിടന്നുകൊണ്ട്‌ തന്ന ഉമ്മയുടെയും കവിളിൽ പുരണ്ട കണ്ണീരിന്റെയും ചൂട്‌ അവന്റെ മനസ്സിൽ പൊളളിക്കിടന്നു.

‘കേരളവും ഒരു കാശ്‌മീരാവുകയാണ്‌. ഇവിടെയൊരു പടയോട്ടമൊരുക്കാൻ ജനങ്ങൾക്കു മാത്രമേ കഴിയൂ. ജനമുന്നേറ്റത്തെ ചെറുക്കാൻ ഒരു ശക്തിക്കും കഴിയില്ല.” മുഹമ്മദിന്റെ മനസ്സിൽ ഒരു ജനമുന്നേറ്റത്തിന്റെ വേലിയേറ്റമുയർന്നു.

ഓരോ മുന്നേറ്റത്തിന്റെയും പിന്നിലെ സഹനങ്ങളുടെ ശൈത്യം അവരുൾക്കൊണ്ടു. ആരുമറിയാതെ, ആരാലുമറിയാതെ, മരിച്ചുവീണവരും, തൂക്കുമരങ്ങളിലേക്ക്‌ വന്ദേമാതരവും വിപ്ലവഗാനങ്ങളും പാടിപ്പോയവരും നഷ്‌ടങ്ങളുടെ പട്ടികയിൽപെടാതെ പ്രകാശത്തിലേക്കിറങ്ങി വരുന്നതായി അവർക്ക്‌ തോന്നി.

“ഒരു തലമുറയുടെ കണ്ണുതുറപ്പിക്കാൻ മറ്റൊരു തലമുറയ്‌ക്ക്‌ രക്തസാക്ഷികളാകേണ്ടിവന്നേക്കാം. ചരിത്രത്തിൽ അതിന്റെ തുടർച്ചകൾ വീണ്ടുമുണ്ടാകും.” മുഹമ്മദ്‌ പറഞ്ഞു.

“ഒരുപക്ഷെ നമ്മൾ രക്തസാക്ഷികളായേക്കാം. ആ രക്തസാക്ഷിത്വത്തിന്‌ മറ്റുപല ജീവനുകളും രക്ഷിക്കാനായാൽ അല്ലേ?” അരവിന്ദൻ ചോദിച്ചു.

“നമുക്ക്‌ ജീവിതം തുടരാം. ഒന്നിനേയും ഭയക്കാതെ ജീവിതം അതിന്റെ വഴിക്കങ്ങ്‌ പോകട്ടെ. മുഹമ്മദും അരവിന്ദനും കൈകോർത്തു.

Generated from archived content: story1_july15_08.html Author: sureesh_pariyarath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English