ആകാശവാണി

ഈ അടുത്തകാലം വരെ ബഹുഭൂരിപക്ഷം മലയാളികളുടേയും ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു ആകാശവാണി.

ദൃശ്യമാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനിടയിൽ മലയാളികൾ നല്ലൊരു ശതമാനം ആളുകൾ ആകാശവാണിയെ അറിയാതെ മറന്നുകൊണ്ടിരിക്കുന്നു. ന്യൂസ്‌ ഓൺ ഫോൺ, ടെലിവോട്ടിംഗ്‌, സുഭാഷിതം, നാട്ടുവിശേഷം, റേഡിയോ മാറ്റിനി, ഗ്രാമക്ഷേമ വാർത്തകൾ, വനിതാ പരിപാടി, പ്രഭാതഭേരി, വസന്തോത്സവം, തൽസമയ വാർത്തകൾ തുടങ്ങിയ വൈവിദ്യമാർന്ന പരിപാടികളോടെ അവശേഷിക്കുന്ന പ്രേക്ഷകരെ കൈവിട്ടുപോകാതെ നോക്കാൻ അടവ്‌ പതിനെട്ടും പയറ്റിനോക്കുന്നുണ്ട്‌ ആകാശവാണി. പണ്ട്‌, വളരെ പണ്ട്‌, ഓരോരോ ഗ്രാമങ്ങളിലും, സമ്പന്ന ഗൃഹങ്ങളിൽ ആഢ്യതയുടെ പ്രതീകമായി വിലസിയിരുന്ന ഈ കൊച്ചു സംസാരിക്കുന്ന അത്ഭുതപ്പെട്ടിയെ ഒന്നു കാണാനായി മാത്രം എത്രയോ ജനങ്ങളാണ്‌ പ്രായഭേതമന്യേ തടിച്ചുകൂടിയിരുന്നത്‌?

ഇന്നതൊക്കെ ഓർക്കുന്നത്‌ കൗതുകകരമാണ്‌! ഈ മാധ്യമത്തിന്റെ മറ്റൊരു പ്രത്യേകത സഭ്യതയുടെ അതിരുവിടുന്ന പരസ്യങ്ങൾ ഇല്ലതന്നെ. ഇന്ന്‌ പരസ്യങ്ങളാണല്ലോ ഓരോ മാധ്യമങ്ങളുടേയും വളർച്ചയും, തളർച്ചയും എന്തിന്‌ ശ്രോതാക്കളുടെ പോക്കറ്റിന്റെ കനം വരെ നിയന്ത്രിക്കുന്നത്‌. പിന്നെ മലയാളം മലയാളത്തിൽ കേൾക്കണമെങ്കിൽ ഇന്നും റേഡിയോ തന്നെ തുറക്കണം. അഥവാ കേൾക്കണം ‘ മലയാളം’ ‘ഇംഗ്ലീഷ്‌’ ചേർത്ത ഇംഗ്ലീഷ്‌ ചുവയോടെ പറയാൻ , പറയിക്കാൻ ഇനിയും ആകാശവാണി പഠിച്ചു കഴിഞ്ഞിട്ടില്ല അത്രയും ആശ്വാസം!

ഇന്നീ മാധ്യമം ചില ‘ബാർബർ ഷോപ്പുകളിലും’, ചായക്കടകളിലും അത്യപൂർവ്വം വായനശാലകളിലും ഒക്കെയായി ഒതുങ്ങിപോകുന്നു. വേരുകൾവരെ ഉണങ്ങിപോയിട്ട്‌ വളവും വെള്ളവും നൽകിയിട്ട്‌ കാര്യമില്ല തന്നെ വെള്ളം വലിച്ചെടുക്കാൻ വേരുകളിൽ നേരിയ പച്ചപ്പുള്ള, ഈ അവസ്ഥയിൽ തന്നെ ‘ആകാശവാണി’യെ പുനർജീവിപ്പിക്കണം. ഓരോ ദിവസവും നമ്മൾ ഓരോരുത്തരും അല്‌പസമയമെങ്കിലും റേഡിയോ തുറന്നുവെയ്‌ക്കാൻ ശ്രമിക്കണം. വായിച്ചുകൊണ്ടിരിക്കുമ്പോഴോ, എഴുതികൊണ്ടിരിക്കുമ്പോഴോ, എന്തിന്‌ വീടുകളിലെ അടുക്കളപ്പണിക്കിടയിലോ നമുക്കിത്‌ കേൾക്കാമല്ലോ? ആകാശവാണി നമുക്കു തന്ന സ്‌നേഹം, ലോകം, കൈപ്പിടിയിൽ ഒതുക്കി നമ്മുടെ കർണപുടങ്ങളിൽ എത്തിച്ചുതന്നതൊക്കെ മലയാളികളായ നമ്മൾ മറന്നുകൂടാ.

പക്ഷേ ഇതിന്‌ മറ്റൊരുവശം ഇല്ലാതില്ല. കേടായ റേഡിയോ നന്നാക്കാൻ സ്‌പെയർപാർട്ട്‌സുകൾ കിട്ടാനില്ലാത്ത അവസ്‌ഥ. റേഡിയോ റിപ്പയർ ഷോപ്പുകൾ വിരലിൽ എണ്ണാവുന്നവയായി കുറഞ്ഞുകൊണ്ടിരിക്കുന്നു. മാറാത്ത രോഗത്തിന്‌ കിട്ടാത്ത മരുന്ന്‌ എന്ന പോലെയാണ്‌ സ്‌പെയർപാർട്ട്‌സിന്റെ അവസ്‌ഥ. ഇങ്ങനെ പലവിധ ദുർഘടങ്ങളും തരണം ചെയ്‌ത ആകാശവാണി പ്രേക്ഷകർ റേഡിയോ കേടാകാതെ സൂക്ഷിക്കുന്ന പാട്‌ ചില്ലറയല്ല.

പതിവായി റേഡിയോ കേൾക്കാനാഗ്രഹിക്കുന്നവരെപ്പോലും ആകാശവാണിയിൽ നിന്നകറ്റുന്ന ഒരു പ്രധാനഘടകമാണ്‌ മേൽപ്പറഞ്ഞതൊക്കെ. പറയുമ്പോൾ എല്ലാം പറയണമല്ലോ. പിന്നെ നാട്‌ ഓടുമ്പോൾ ഒത്ത നടുക്കുകൂടിതന്നെ ഓടണം എന്ന കാര്യം ഓർമ്മിക്കാൻ ആകാശവാണി അല്‌പസ്വല്‌പം അമാന്തം കാട്ടിയോ എന്നൊരു സംശയം ബാക്കിയാകുന്നു.

Generated from archived content: essay2_dece19_08.html Author: sureesh_kanapilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here