ആരാ അവിടെ? എന്തോ ഒരു ശബ്‌ദം കേട്ടുലോ. കല്യാണം കഴിഞ്ഞു അവർ ഇത്ര വേഗം ഇങ്ങെത്തിയോ? അല്ല, കുട്ടന്റെ സ്വരമല്ലേ അത്. അതെ അതു തന്നെ! നിക്കു തെറ്റില്ല. അവർ അമേരിക്കയിൽ നിന്നും വന്നോ. എന്നിട്ട്, എന്നോടാരും പറഞ്ഞില്ലല്ലോ ഈ ഇരുട്ടത്തു നിന്നും പൂമുഖത്തേക്കു ഇത്ര ദൂരമോ…
കുട്ടാ ഇങ്ങോട്ടുവരാ?, വേഗം വരാ….. കുഞ്ഞുമോനെകൊണ്ടു വന്നിട്ടുണ്ടോ നീയ്? ഈശ്വരാ! ഈ പൂമുഖ വാതിലും പിന്നാമ്പുറവും എല്ലാം പൂട്ടിയിട്ടാണല്ലോ അവരു പോയത് കുട്ടാ…. പാർവ്വതിയും സുധാകരനും എല്ലാവരും കൂടി ഒരു കല്ല്യാണത്തിനു പോയി. നമ്മുടെ കോഴിപ്പറമ്പത്തെ വാസുവില്ലേ? അവന്റെ മോന്റെ കല്ല്യാണം. ഞാൻ വീട്ടിനുള്ളിൽ നിന്നും ഇറങ്ങി റോന്തുചുറ്റുംന്നു പറഞ്ഞ് അവൾ വാതിലെല്ലാം പൂട്ടി. എനിക്കു ഇതിനുള്ളിൽ ഇരുന്നാൽ ഇരുപ്പുറക്കില്ല. എത്ര വയ്യെങ്കിലും ഒന്നു പറമ്പിൽ ഒക്കെ ഇറങ്ങി നടക്കണം. അവിടെയും ഇവിടെയും തട്ടിപിണഞ്ഞു വീണാൽ പിന്നെയും അവൾക്കു തന്നെയല്ലേ ബുദ്ധിമുട്ട്. രാവിലെ എട്ടുമണിക്കു ജോലിക്കു പോകേണ്ട കുട്ടിയാ…. ഇവിടെന്നെയും നോക്കി ഇരുന്നാൽ ശരിയാവോ? വല്ല്യ ഭാരിച്ച ഉദ്യോഗം അല്ലേ അവളുടെ ….ഒരു ദിവസം പോയില്ലെങ്കിൽ കേൾക്കാം ആ ഫോൺ പാടലോടു പാടലാണ്.. ഇപ്പോഴൊക്കെ മണി അടിക്കുന്ന ശബ്‌ദം ഓരോ ഫോണിനും ഓരോന്നാണു കുട്ടാ!
എങ്കിലും കഷ്‌ടായീലോ…….. പാറുവിന്റെ ഫോൺ നമ്പർ അറിയോ കുട്ടന്നു? അറിയൂച്ചാൽ ഒന്നു വിളിക്ക, എന്റെ കുഞ്ഞു മോനെയും കൊണ്ട് നീ ആദ്യമായ് വന്നിട്ട് അല്ല നിനക്കെങ്ങനെ അറിയാനാലേ കുട്ടാ…… കുറച്ചു നേരം കൂടി കാക്ക. എന്റെ മോന്റെ കയ്യിൽ ഒന്നു തൊടാൻ പറ്റോന്നു നോക്കട്ടെ…. കയ്യു കടക്കുന്നില്ലല്ലോ. കള്ളന്മാരെ പേടിച്ചാണേ ഇതുപോലെ കമ്പിവല ഇട്ടത്.
പോവായോ കുട്ടാ…. സാരമില്ല ഒന്നു കണ്ടുലോ…. അടുത്തതവണ വരുമ്പോൾ വിളിച്ചു നോക്കിയിട്ടു വരണേ കുട്ടാ. ഞാൻ ഉണ്ടാവോന്നു നിശ്‌ചയല്ല്യ. അപ്പോൾ പിന്നെ വെറുതെ ഇത്രിടം വന്നു സമയം കളയണ്ട. എന്റെ കുട്ടനും വല്ല്യ തിരക്കല്ലേ? സമയത്തിനൊക്കെ എന്താ വില!…
Generated from archived content: story1_jun4_09.html Author: supriya