തൂപ്പുകാരന്റെ
ഒന്നിനും തികയാത്ത
ശമ്പളംപോലെ
ഒരു ജീവിതം,
എപ്പോഴും കാത്തിരിക്കുകയും
ഏതോ ഒരു കരസ്‌പർശത്തിൽ
വറ്റിപ്പോവുകയും ചെയ്യുന്ന
ഒരു മതിഭ്രമം.
ഈരാണ്ടിന്റെ വിജാഗിരിയിൽ
ഒഴിവുകാലത്തേക്ക് തുറക്കുന്ന വാതിൽ
യാത്രയ്‌ക്കുംമുമ്പേ
മടക്കയാത്രയിലേക്ക്
വിലങ്ങിട്ട ഒസ്യത്ത്.
തുറക്കലിനും അടയ്‌ക്കലിനുമിടയിൽ
അടങ്ങാക്കടലുമായ് ഇരമ്പുന്ന ഹൃദയം
തിണ്ണയിൽ തീരാദുരിതത്തിരയെണ്ണി
തിരികെട്ടുപോയൊരു വിളക്ക്,
ഉണ്ണുന്നതിനേക്കാളേറെ
എണ്ണിയെണ്ണിക്കൊഴിക്കുന്ന പാഴ്‌മുറം
എരിവെയിൽതീണ്ടിയ
വരൾസിരയിലേക്ക്
രാവുതോറും
തേടിയെത്തുന്ന തേങ്ങൽ
കാണാക്കുഞ്ഞിൻ കരച്ചിൽ
എളുപ്പം വെളുക്കാത്ത രാവുകളിൽ
സിഗരറ്റിനൊപ്പമെരിക്കും വ്യർത്ഥനിമിഷങ്ങൾ
കരുതിവയ്‌ക്കുവാനില്ലിനിയൊന്നും
മറക്കാമുഖങ്ങൾ മണ്ണുതിന്നുപോയ്
മരിയ്‌ക്കാസ്‌മരണകൾ മാവിലെരിഞ്ഞുപോയ്
നിനക്കായ്‌പിരിച്ചെഴുതുമീജന്‌മത്തിൽ
തുടിപ്പായൊരു സന്ധ്യയുമില്ലിനി
ഭിത്തിമേൽ
കണ്ണാടിച്ചതുരത്തിലെന്നെക്കിടത്തുക
മറവിതൻ
ചുണ്ണാമ്പുതേച്ചോർമ്മകൾ നീറ്റുക.
Generated from archived content: poem2_mar4.html Author: sunilkrishnan_alhassa
Click this button or press Ctrl+G to toggle between Malayalam and English