വഴിയിലൊരു മരം
ഇലകളില്ലാതെ
പൂക്കൾക്കു മാത്രമായി
ഹൃത്തിലൊരു നൊമ്പരം
ആരുമറിയാതെ
മുഖത്തു പടർന്ന ചിരിയായി
കവിളിലെ കണ്ണുനീർ ചാലുകൾ
കടംകഥകളെക്കാൾ
സമസ്യകളായി
എഴുതിയവ മായിച്ചു വലിച്ചെറിഞ്ഞ
കല്ലു പെൻസിലിന്റെ കഥ
കാണാമറയത്തൊരു കനലായി
കൊഴിഞ്ഞുവീഴാൻ ഇനി
കോൺക്രീറ്റു പ്രതലം
പൂവിനൊരു അവസാന മോഹം
അലിഞ്ഞു ചേരാൻ ഒരിത്തിരി മണ്ണ്
കാത്തുവച്ചൊരു കനവു മാത്രം
തിരികെവരാത്തൊരു മാമ്പഴക്കാലം
കാൽതട്ടി മുറിഞ്ഞ നിഴലിന്റെ ഹൃദയം
മടക്കയാത്രക്കൊരുങ്ങുകയാണു ഞാൻ.
Generated from archived content: poem2_july19_06.html Author: sunil_padinjakkara