വർഷങ്ങൾക്കുമുൻപ് ഇരുനിലക്കോട് സുബ്രമണ്യാസ്വാമി ക്ഷേത്രത്തിലെ പൂയത്തിനു കാവടികൾ ആടിത്തിമർക്കുന്ന ഒരു മദ്ധ്യാഹ്‌നത്തിൽ ഇളകിയാടുന്ന ജനസമുദ്രത്തിനു ഇടയിലൂടെ മുട്ടോളം കയറ്റിയുടുത്ത ഒരു ഒറ്റമുണ്ട് വളരെ നേരിയ ഒരു ജൂബയും ധരിച്ചു കുഞ്ഞുണ്ണിമാഷ് കടന്നുവന്നു. തിരക്കിനിടയിൽ ബുദ്ധിമുട്ടി വരുന്ന മാഷെ കണ്ട് ഈയുളളവൻ അടുത്തുച്ചെന്നു ചോദിച്ചു.
“കുഞ്ഞുണ്ണിമാഷല്ലേ?”
“ആ…കുട്ട്യേ ഈ കയ്യൊന്നു പിടിച്ചോളൂ.”
ആ ത്രിക്കൈ ഏറ്റുപിടിച്ച് പാണ്ടിമേളത്തെക്കാൾ മിടിക്കുന്ന ഹൃദയവുമായി തിരക്കിനിടയിലൂടെ ക്ഷേത്രനട ലക്ഷ്യമാക്കി നടന്നു. ഓരോ നടയിലും ഒരു കൊച്ചുകുഞ്ഞിനെപോലെ മാഷു കൈകൂപ്പി നിന്നു തൊഴുതു. ദർശനം കഴിഞ്ഞു പുറത്തേക്കു വന്ന മാഷ് പിന്നീട് സ്വാമിക്ഷേത്രത്തിനു പിന്നിലുളള മലമുകളിലെ സന്യാസി ഗുഹകൾ ദർശിക്കണമെന്നു ആവശ്യപ്പെട്ടു. കുത്തനെയുളള മലമുകളിൽ കേറാൻ ബുദ്ധിമുട്ടുണ്ടാവില്ലേന്നു ചോദിച്ചപ്പോൾ
“ഇപ്പോ തന്റെ ബലാ ന്റെ ബലം” എന്നായിരുന്നു മറുപടി.
മുകളിലേക്കുളള കയറ്റത്തിനിടക്കു മാഷെന്നോടു പേരും, സ്ഥലവും, പഠിക്കുന്നതിനെപ്പറ്റിയും ഒക്കെ ചോദിച്ചു. മാഷ്‌ടെ കവിതകളെ കുറിച്ചും, പാഠപുസ്‌തകത്തിൽ കവിഞ്ഞുളള കവിതയുടെയും കഥയുടെയും വായനയുടെ ലോകത്തിലേക്ക് മാഷുടെ കവിതകളാണു എനിക്കു പ്രചോദനമായതെന്നുമൊക്കെ ഞാനും മാഷോടു പറഞ്ഞു. മാഷുടെ കുറച്ചു കവിതകളും ചൊല്ലി കേൾപ്പിച്ചു.
“വായന എപ്പോഴും പരന്നതായിരിക്കണം. പാഠപുസ്‌തകങ്ങളിൽ നിന്നും മാത്രമല്ല നമുക്കു പഠിക്കാനുളളത്, പ്രകൃതിയിൽ നിന്നും, ജന്തുക്കളിൽ നിന്നും ഒക്കെ മനുഷ്യനു പഠിക്കാനുണ്ട്. വായിക്കണം. വായിക്കുന്നവനെ വളർച്ചയുളളു.‘ മാഷ് ഉപദേശിച്ചു.
മലമുകളിലെ സന്യാസിഗുഹകളുടെ നടയിൽ കൈക്കൂപ്പിനിന്ന് മാഷ് തൊഴുതു. തളികയിൽ നിന്നു കുറച്ചു ഭസ്‌മമെടുത്തു നെറുകയിൽ തേച്ചു. കയ്യിൽ ഉണ്ടായിരുന്ന നാണയങ്ങൾ തളികയിലേക്കിട്ടു തിരിച്ചു നടന്നു. പിന്നെ കുന്നിന്റെ നെറുകയിൽ നിന്നു ചുറ്റുമുളള കണ്ണെത്താ ദൂരത്തോളമുളള പ്രകൃതിയിലേക്കു കണ്ണയച്ചു മാഷ് കുറച്ചുനേരം നിന്നു.
താഴെ ആടിത്തിമർക്കുന്ന പലവർണ്ണ കാവടികളിലേക്കും, കൊയ്‌ത്തു കഴിഞ്ഞ പാടശേഖരങ്ങളിലേക്കും അവയെ മുറിച്ചു കടന്നുപോകുന്ന തീവണ്ടിയിലേക്കുമൊക്കെ മാഷ് മാറിമാറി നോക്കിയിരുന്നു. പിന്നെ എന്നോട് ചോദിച്ചു.
”സ്ഥലപേരെന്താന്നാ പറഞ്ഞേ.“
”വരവൂർ“
മാഷു കുറച്ചുനേരം മൗനമായി നിന്നു. പിന്നെ എന്റെ നേരെ കൈനീട്ടി ഇറങ്ങാൻ സമയമായി എന്നർത്ഥത്തിൽ. ആ കൈ പിടിച്ചു ഞാൻ പതുക്കെ മലയിറങ്ങാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മാഷ് പതുക്കെ ചൊല്ലാൻ തുടങ്ങി.
”വരവൂരൊരുത്തനുണ്ടായിരുന്നു
ചെലവൂരൊരുത്തിയുണ്ടായിരുന്നു
വരവൂരൊരുത്തനും ചെലവൂരൊരുത്തിയും
കൂടിച്ചേർന്നപ്പോൾ വരവെല്ലാം ചിലവായി മാറി.“ ഈയുളളവനു കേൾക്കാൻ മാത്രമായി.
തിരിച്ചു താഴെയെത്തിയപ്പോൾ മാഷ്‌ടെ ഒരു ബന്ധുവും കാർ ഡ്രൈവറും മാഷെ കാത്തു നിൽപ്പുണ്ടായിരുന്നു. കാറിൽ കയറി പോവാൻ നേരത്തു മാഷ് തോൾസഞ്ചിയിൽ നിന്നു കുറച്ചു കത്തുകൾ എടുത്തു തന്നു.
”മാതൃഭൂമിയിലെ ബാലപംക്തിയിലേക്കു കുട്ടികൾ അയച്ചു തന്നവയിൽ നിന്നുളളതാണ്. ചില തിരുത്തലുകളും മറുപടികളുമാണ്. പോസ്‌റ്റു ചെയ്യാൻ സമയം കിട്ടിയില്ല. മറക്കാതെ പോസ്‌റ്റ് ചെയ്യണം.“
* * * * * * * * * * * * * * * * * * *
മാഷ് കടന്നുപോയി…….. കുട്ടികളെയും വലിയവരെയും തനിച്ചാക്കി. ഭാവിയിൽ ഇനിയൊരു കുഞ്ഞുണ്ണി മാഷുടെ അനുഗ്രഹവും, ഉപദേശവും കിട്ടാൻ നമ്മുടെ കുട്ടികൾക്കും, കേരളത്തിനും ഭാഗ്യമുണ്ടാവുമോ എന്ന് എനിക്കറിയില്ല.
”പൊക്കമില്ലായ്‌മയാണെന്റെ പൊക്കം.“ എന്നു ചൊല്ലിത്തന്ന മാഷെ, അങ്ങ് ഞങ്ങളുടെ മനസ്സിൽ ഒരുപാട് ഒരുപാട് പൊക്കത്തിലാണ്. ഇരുനിലക്കോടു മാനമുട്ടെ ആടിത്തിമർക്കുന്ന നിലകാവടികളെക്കാൾ, മലമുകളിലുളള സന്യാസിഗുഹകളെക്കാൾ ഉയരത്തിലാണ്, ലാളിത്യം കൊണ്ടു ഭസ്‌മക്കുറിയിട്ട അങ്ങയുടെ രൂപം.
നാളെന്റെ ഉണ്ണി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നേഴ്‌സറി ഗാനങ്ങൾ ആലപിക്കുന്നതിനുമുമ്പ് അങ്ങയുടെ കുഞ്ഞുക്കവിതകൾ കൊണ്ട് ഹരിശ്രീ കുറിക്കണമെന്നു ഈയുളളവൻ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് നിറുത്തുന്നു.
”മാഷെ മാഷെ കുഞ്ഞുണ്ണിമാഷെ
ജീവിച്ചിരുന്നപ്പോൾ എന്തിഷ്‌ടായ്
മറഞ്ഞുകഴിഞ്ഞപ്പോൾ കഷ്‌ടായ്
ഞങ്ങൾക്ക് തീരാ ദുഃഖമായ്…“
Generated from archived content: essay2_may18_06.html Author: sunil_padinjakkara
Click this button or press Ctrl+G to toggle between Malayalam and English