ജംഗമപ്രകൃതികൾ

ഒന്ന്‌

പ്രകൃതിയും സംസ്‌കൃതിയും പഴയൊരു വിപരീതമാണ്‌. എങ്കിലും ഇനിയും പിൻമടങ്ങിയിട്ടില്ലാത്ത ജ്ഞാനവിഷയമാണത്‌. ആധുനികത ജന്‌മം നൽകിയ ഈ ജ്‌ഞ്ഞാനവിഷയം പോയ രണ്ടു നൂറ്റാണ്ടുകളായി പടിഞ്ഞാറൻ ചിന്തയിൽ ബഹുരൂപിയായി നിലനിന്നുപോരുന്നു. ആധുനികഭാവുകത്വത്തിന്റെ ഏത്‌ അടരിൽ നിന്നും എപ്പോഴും കുഴിച്ചെടുക്കാവുന്ന ഒരു ജ്ഞാനമുദ്രയാണത്‌. ആധുനികീകരണത്തിന്റെ തുടക്കത്തിൽ പ്രകൃതി മെരുക്കപ്പെടേണ്ട ഒരു കാട്ടുമൃഗമായിരുന്നു. യുക്‌തിയാലും ശാസ്‌ത്രത്താലും അധികാരത്താലും സംസ്‌കരിക്കപ്പെടേണ്ട ഒരു വന്യഭൂതം. കോളനീകരണത്തിന്റെ അജണ്ടയിൽ ഇങ്ങനെ ഒരു പ്രകൃതിപാഠവും കാണാം. അന്ധകാരത്തിന്റെ ഹൃദയഭൂമികളിൽ തങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണദൗത്യങ്ങളെക്കുറിച്ചുളള പാശ്ചാത്യആധുനികതയുടെ സ്വകീയധാരണകളിൽ മുകളിലെഴുതിയ ഒരു പ്രകൃതിപാഠവും ഉണ്ട്‌. പോസറ്റിവിസം, പ്രകൃതിശാസ്‌ത്രം, കോളനീകരണം, മുതലാളിത്തം ഇവ ചേർന്ന്‌ കൂടിയാടിത്തീർത്ത പുതിയൊരു ജ്ഞാനസമുച്ചയത്തിന്റെ പ്രകൃതിപാഠം. മാനുഷികേതരമായ ഒരു പുറംവിഷയമായി വെട്ടിയകറ്റപ്പെട്ട ഈ പ്രകൃതിയാണ്‌ പ്രാകൃതത്തിനും ജന്‌മം നൽകിയത്‌. അതോടെ സംസ്‌കരിക്കപ്പെടേണ്ട എതിർവിഭവങ്ങളായി, പ്രകൃതിയും പ്രാകൃതവും. വന്യത മുറ്റിത്തഴച്ച ഈ ‘അസംസ്‌കൃത’ങ്ങളെ വെല്ലുവിളിച്ച്‌, ‘ആരൊരാളെൻ കുതിരയെക്കെട്ടുവാൻ’ എന്ന്‌ ഉറക്കെ ചോദിച്ച്‌, ആധുനികതയുടെ പടപാച്ചിലുകൾ അരങ്ങേറി. യൂറോപ്പിലാകട്ടെ അപ്പോൾ വ്യാവസായികതയുടെ പുക പടരുകയായിരുന്നു.

കാൽപനികതയുടെ കലാപസ്വപ്‌നങ്ങളിലും പ്രകൃതിയുടെ ഈ അസംസ്‌കൃതത്വം ഉണ്ടായിരുന്നു. പരിഷ്‌കൃതിയുടെ കരസ്‌പർശമേൽക്കാത്ത വിശുദ്ധസ്ഥലങ്ങളെ ഭാവന ചെയ്‌ത കാൽപനികവിപ്ലവം യഥാർത്ഥത്തിൽ ആധുനികത രൂപപ്പെടുത്തിയ വിപരീതദ്വന്ദ്വങ്ങളെ ഒന്ന്‌ തിരിച്ചിടാനെ ശ്രമിച്ചുളളൂ. പ്രകൃതിയുടെ ആദിമശുദ്ധിയെക്കുറിച്ച്‌ കാൽപനികത പുലർത്തിപ്പോന്ന ധാരണകൾ, ചരിത്രേതരവും കേവലവുമായ സ്വകാര്യമണ്ഡലം എന്ന നിലയിൽ, ആധുനികത തന്നെ അതിനനുവദിച്ച്‌ നൽകിയതായിരുന്നു. പ്രകൃതിയിലേക്ക്‌ മടങ്ങാനുളള ആഹ്വാനങ്ങളിലും ശിശു മനുഷ്യന്റെ പിതാവാണെന്ന പ്രഖ്യാപനത്തിലുമെല്ലാം പ്രകൃതിയുടെ അസംസ്‌കൃതത്വം ഒരാദർശചിഹ്നമായി അടയാളപ്പെട്ടു. പഴയ വിപരീതത്തിന്റെ മറുതലയിലേക്ക്‌ നീങ്ങിനിന്നതിനപ്പുറം, കാല്‌പനികത കളം മാറിക്കളിച്ചില്ല. കളി മുറുകിയ കാലത്ത്‌ ഇത്‌ തിരിച്ചറിയപ്പെട്ടുമില്ല. മാനുഷികതയുടെ വിപരീതപദങ്ങളിലൊന്നായിരുന്നു അപ്പോഴും പ്രകൃതി. ഉളളിലേക്ക്‌ മാത്രമുളള ഒരു വഴി. ആൾപ്പാർപ്പില്ലാത്ത ഈ അകംലോകങ്ങൾ തന്നെയാണ്‌ പിന്നീട്‌ മോഡേണിസ്‌റ്റ്‌ കലയിൽ നിഗൂഢവൽക്കരിക്കപ്പെട്ടതും. കാല്‌പനികതയുടെ കാഴ്‌ചവട്ടത്തിനകത്ത്‌ നിന്നുകൊണ്ടുതന്നെയാണെങ്കിലും പ്രകൃതിയെ ചരിത്രവൽക്കരിക്കാൻ റിയലിസ്‌റ്റ്‌ കല ഒരുക്കങ്ങൾ നടത്തിയിരുന്നു. മോഡേണിസത്തിന്റെ ദാർശനികവിഹ്വലതകളിൽ അത്‌, പക്ഷേ, ഒടുങ്ങിപ്പോയി. പ്രകൃതിയുടെ രഹസ്യനിഗൂഢതകളെ സ്‌നേഹിച്ചുകൊണ്ടും അതിന്‌ ദാർശനികമാനങ്ങൾ നൽകിക്കൊണ്ടുമാണ്‌ മോഡേണിസ്‌റ്റ്‌ കല പ്രകൃതിയെ ചരിത്രത്തിന്‌ പുറത്താക്കിയത്‌. ചരിത്രത്തിന്റെ ബലതന്ത്രങ്ങൾക്ക്‌ പുറത്ത്‌, അസ്‌തിത്വഭാരങ്ങളേറ്റുനിൽക്കുന്ന ദാർശനികസമസ്യയായിരുന്നു അവിടെ പ്രകൃതി. പഴയ വിപരീതത്തിന്റെ മൂന്നാം വരവ്‌.

രണ്ട്‌

മലയാളകഥ ആദ്യമായി പ്രകൃതിയോട്‌ സംവദിച്ചത്‌ നവോത്ഥാനകഥകളിലൂടെയാണ്‌. കേരളീയപ്രകൃതിയുടെ സമകാലിക വാസ്‌തവികതറിയലിസ്‌റ്റ്‌ കഥയുടെ അടിത്തറകളിലൊന്നായിരുന്നു. കേരളീയ ജീവിതത്തിന്‌ സമകാലികമായിത്തീർന്ന റിയലിസ്‌റ്റ്‌ കഥയരങ്ങിൽ പ്രകൃതി ഒരു ചരിത്രപാഠം എന്ന നിലയിൽ അടയാളപ്പെടുന്നത്‌ കാണാം. സമുദായത്തിന്റെ അന്ധനീതിക്കെതിരായ ഒരാദർശമണ്ഡലം. കാല്‌പനികതയുടെ നോട്ടക്കോണിലൂടെ ഇങ്ങനെ വീക്ഷിക്കപ്പെട്ടപ്പോഴും മാനുഷികേതരമായ ഒരു കേവലതയായി പ്രകൃതി അവിടെ നീക്കിവയ്‌ക്കപ്പെട്ടിട്ടില്ല. മാനുഷികമായി നിർണ്ണയിക്കപ്പെട്ട സ്ഥലമാത്രകളായി പ്രകൃതിയെ അറിയുന്ന കഥകളാണ്‌ തകഴിയും കൂട്ടരും എഴുതിയത്‌. എന്നാൽ ബഷീറിൽ ഓരോ സ്ഥലമാത്രയും ഒരു ചരിത്രഖണ്ഡത്തോളം സങ്കീർണമായി. സമസ്തചരാചരങ്ങളും പങ്കുപറ്റുന്ന ഒരു അരങ്ങ്‌ ബഷീർ നിരന്തരം ഭാവനചെയ്യുന്നത്‌ കാണാം. ദുർമാർഗ്ഗങ്ങൾക്കെതിരായ നേർവഴി വെളിച്ചമായി പ്രകൃതിയെ കണ്ടറിഞ്ഞ കാല്‌പനികറിയലിസ്‌റ്റ്‌ കഥയോട്‌ ബഷീറിന്‌ ആദിമുഖ്യമില്ലായിരുന്നു. എത്ര അഴിച്ചാലും അഴിയാത്ത കടുംകെട്ടായി, അന്തമില്ലാത്ത വളവുതിരിവുകളുടെ ആകത്തുകയായി, പ്രകൃതിയെ കണ്ടറിഞ്ഞതിനാലാണ്‌ ബഷീറിന്റെ രചനകൾ ഒരേസമയം ലളിതവും പ്രശ്‌നഭരിതവുമായിത്തീരുന്നത്‌. ആദർശമാനുഷികത നടന്നുനീങ്ങിയ ഒരേയൊരു നേർവഴിയായല്ല, പലതരം മനുഷ്യരും പലതരം മൃഗങ്ങളും ഓടിയും നടന്നും നീങ്ങുന്ന ഒരുപാട്‌ വഴികളായും വളവുതിരികളായും ബഷീർ പ്രകൃതിയെ അറിഞ്ഞു. ആധുനികതാവാദം സൃഷ്‌ടിച്ചെടുത്ത ആൾപ്പാർപ്പില്ലാത്ത അടഞ്ഞ ലോകമല്ലായിരുന്നു അത്‌. (അവർ അങ്ങിനെയാണ്‌ കരുതിയതെങ്കിലും). ഒരു ചതുരത്തിലേക്കും വെട്ടിയൊതുക്കാനാവാത്ത, ഒരു ചതുരത്തിലും ചെന്നവസാനിക്കാത്ത സങ്കീർണ്ണമായ ജീവിതപ്രകൃതിയാണ്‌ ബഷീറിനെ അലട്ടിയത്‌. ആധുനികതാവാദം ഈ ജീവിതപ്രകൃതിയെക്കുറിച്ചല്ല വ്യാകുലമായത്‌. കാല്‌പനികതയുടെ എതിർമുഖങ്ങളിൽ അത്‌ സ്വയം കാല്‌പനികമായി. പ്രാപഞ്ചികതയുടെ പരമാർത്ഥങ്ങളിലേക്കുളള ക്ഷണങ്ങളായും അസ്‌തിത്വരഹസ്യങ്ങളുടെ വെളിപ്പെടലായും, മറ്റ്‌ പലതുമായും, മോഡേണിസ്‌റ്റ്‌ രചനകളിൽ കാണപ്പെട്ട പ്രകൃതി വാസ്‌തവത്തിൽ പുതിയൊരു ജ്‌ഞ്ഞാനവിഷയമായിരുന്നില്ല. കാറ്റും മഴയും വെയിലും നിലാവും വഴി അവിടെ തുറന്നുകൊടുത്ത രഹസ്യമാർഗ്ഗങ്ങൾ കാല്‌പനികതയുടെ വീട്ടുവളപ്പിലേക്കുളളവ തന്നെയായിരുന്നു. ഇതൊരു ചീത്തക്കാര്യമായി പറയുകയല്ല. കാല്‌പനികത അങ്ങിനെ ഒരു ചീത്തക്കാര്യവുമല്ല. ആധുനികഭാവുകത്വത്തിന്റെ അടിസ്ഥാനരാശികളൊന്നായി അത്‌ പിന്നിട്ട രണ്ട്‌ നൂറ്റാണ്ട്‌ കാലമായി മനുഷ്യനോടൊപ്പമുണ്ട്‌. ആകെ നാമറിയേണ്ടത്‌. കാല്‌പനികതയുടെ വിപരീതപദമായി പ്രത്യക്ഷപ്പെട്ട ആധുനികാവാദത്തിലും കാല്‌പനികത ഉണ്ടായിരുന്നു എന്നത്‌ മാത്രമാണ്‌. ആധുനികതയുടെ ജ്ഞാനസമുച്ചയത്തിൽ അരങ്ങേറിയ ഒരു കണ്ണുപൊത്തിക്കളിയായിരുന്നു അത്‌. മോഡേണിസ്‌റ്റ്‌ കഥയിലെ പ്രകൃതിദർശനം ഇതിനപ്പുറം പോയിട്ടില്ല. കളിക്കാർ വളരെ വൈകിയേ ഇതറിഞ്ഞുളളൂവെങ്കിലും.

മൂന്ന്‌

മുകളിലെഴുതിയ പ്രമേയങ്ങളെ പിൻപറ്റിക്കൊണ്ട്‌ എൻ. പ്രഭാകരന്റെ ‘സ്ഥാവരം’ എന്ന കഥയിലെ പ്രകൃതിപാഠങ്ങൾ കണ്ടെടുക്കാനുളള ശ്രമമാണ്‌ ഇനിയുളളത്‌.

സ്ഥാവരം കുറുംതോട്ടത്തിൽ അപ്പുമാഷിന്റെ കഥയാണ്‌. നെൽകൃഷിക്കായി പതിനാറുകൊല്ലം മുമ്പ്‌ മാഷ്‌ കടമെടുത്ത ഇരുന്നൂറ്റി അമ്പത്‌ രൂപ തിരിച്ചടയ്‌ക്കാതെ കിടന്ന്‌ പെരുകി ജപ്‌തി ഉത്തരവായി. നഷ്‌ടക്കച്ചവടമായ നെൽകൃഷിയെ വെടിഞ്ഞ്‌ റബ്ബറിലേക്ക്‌ തിരിയാൻ അയൽക്കാരനായ കുഞ്ഞുവർക്കി ഉപദേശിച്ചത്‌ മാഷ്‌ വകവച്ചില്ല. ധാന്യം വിട്ട്‌ നാണ്യത്തിനുവേണ്ടി കളിക്കാൻ മാഷ്‌ ഒരുക്കമല്ലായിരുന്നു. കൃഷി മാഷിന്റെ ദുശ്ശീലമാണെന്ന്‌ കഥയിലൊരിടത്ത്‌ കുഞ്ഞുവർക്കിയുടെ ഭാര്യ സാറാമ്മ പറയുന്നുമുണ്ട്‌. കൃഷിയിൽ മുങ്ങിത്താണ മാഷിനെ വെടിഞ്ഞ്‌ ഭാര്യയായ ജാന്വേടത്തിയും കുട്ടികളും ജപ്‌തിയുടെ തലേന്ന്‌ പടിയിറങ്ങിപ്പോയി. ജപ്‌തി നടപടികൾക്കായി ബാങ്ക്‌ സെക്രട്ടറിയും പോലീസുകാരനും ചെറുപ്പക്കാരനായ ഉദ്യോഗസ്ഥനും മാഷിന്റെ വീട്ടുമുറ്റത്തെത്തുന്നതാണ്‌ കഥയിലെ ആഖ്യാനസന്ദർഭം. മാഷിന്റെ വീട്ടിലെ ജംഗമവസ്‌തുക്കളെല്ലാം ജപ്‌തി ചെയ്‌ത്‌ അവർ മടങ്ങി. പടിഞ്ഞാറ്റയിലെ പത്തായപ്പുറത്ത്‌ ഉടുമുണ്ട്‌ ഉരിഞ്ഞെറിഞ്ഞ്‌ കയറിക്കിടന്ന മാഷ്‌ അഗാധവും പ്രശാന്തവുമായ ഉറക്കത്തിലേക്ക്‌ ആണ്ടുപോയി.

വിപരീതങ്ങളുടെ ഒരു പരമ്പര കഥയ്‌ക്കുളളിൽ സന്നിഹിതമായിരിക്കുന്നത്‌ ആദ്യവായനയിൽതന്നെ കാണാം. ധാന്യം&നാണ്യം എന്ന മേലടരിനുകീഴെ അപ്പമാഷ്‌/കുഞ്ഞുവർക്കി, ജാന്വേടത്തി/സാറാമ്മ, നെല്ല്‌/റബ്ബർ, കൃഷി&ബിസിനസ്സ്‌, സ്ഥാവരം&ജംഗമം എന്നിങ്ങനെയാണ്‌ അതിന്റെ നില. ജാന്വേടത്തിയുടെ സദാചാരവും സാറാമ്മയുടെ വ്യഭിചാരവും എന്നൊരു വിപരീതവും കഥയുടെ അടിപ്പടവിലുണ്ട്‌. കഥയ്‌ക്കുളളിൽ ഈ വിപരീതയുഗ്‌മങ്ങൾ ഒരു സമാന്തരശ്രേണിയായി വർത്തിക്കുന്നു. സ്ഥാവരത്തിന്റെ കഥാത്വത്തിന്റെ അടിത്തറ ഇവയാണ്‌ എന്നു പറയാം.

സ്‌ഥാവരം ഇളകാത്ത മുതലാണ്‌. ജംഗമം ഇളകുന്ന മുതലും. പ്രകൃതി&സംസ്‌കൃതി എന്ന വിപരീതത്തിന്റെ സമാന്തരംപോലെയാണ്‌ സ്ഥാവരജംഗമങ്ങളുടെ നില. പക്ഷേ ധാന്യവും നാണ്യവും ഈ താവഴിയിൽപ്പെട്ട ഒന്നല്ല. നാണ്യം പരിഷ്‌കൃതിയുടെ മുതലാണ്‌. ധാന്യം, പക്ഷേ, പ്രകൃതിയുടേതല്ല. ധാന്യം എന്ന പദവിയിലും സംസ്‌കൃതിയുടെ മുദ്ര ആഴത്തിൽ പതിഞ്ഞുകിടക്കുന്നു. പ്രകൃതിയുടെ ആഴങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന സംസ്‌ക്കാരമുദ്ര. നാഗരികതയുടെ ഏതോ ഒരടരിലാണ്‌ ധാന്യം പിറവിയെടുത്തത്‌. പിന്നാലെ വന്ന മറ്റൊരടരിൽ നാണ്യവും. അതോടെ ധാന്യം&നാണ്യം എന്ന വിപരീതയുഗ്‌മം കഥയിലെ പ്രകൃതി&സംസ്‌കൃതി എന്ന യുഗ്‌മത്തെ പ്രശ്‌നവൽക്കരിക്കുന്നത്‌ കാണാം. പ്രകൃതി ഇവിടെ സംസ്‌കൃതിയുടെ പാഠരൂപങ്ങളിലൊന്നായി തീരുന്നു. സംസ്‌കൃതിയുടെ ജ്‌ഞ്ഞാനവ്യവസ്‌ഥകൾക്കകത്ത്‌, അതിന്റെ നാമരൂപാവലികൾകൊണ്ട്‌ പണിതെടുക്കപ്പെട്ട ഒരാദിമബിംബം. ഉപ്പുകാറ്റ്‌, കടൽത്തിര, പച്ചപ്പ്‌ തുടങ്ങിയവയോട്‌ പൗരാണികം, അനാദി, ചിരപുരാതനം എന്നെല്ലാമുളള വിശേഷണങ്ങൾ ചേർത്തുവയ്‌ക്കുന്ന പ്രഭാകരന്റെ ബിംബനിർമ്മിതിയുടെ സവിശേഷസമ്പ്രദായം മുമ്പേ തന്നെ നിരൂപകർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. (ഇ.പി.രാജഗോപാലൻ) ഇവിടെയും സംസ്‌കൃതിയുടെ മുദ്രകൾ ചാർത്തിക്കൊടുത്ത്‌ പ്രകൃതിയെ അർത്‌ഥപൂർണ്ണമാക്കുന്ന ആ കഥനതന്ത്രത്തിന്റെ തുടർച്ച കാണാം. ചരിത്രത്തിനും അതിന്റെ ബലതന്ത്രങ്ങൾക്കും ഇടമില്ലാത്ത ഒരാദിമമണ്‌ഡലമായി (അത്‌ വന്യമോ വിശുദ്‌ധമോ ആകാം) പ്രകൃതിയെ കാണുന്ന ആധുനികതയുടെ നോട്ടപ്പാടിന്‌ പുറത്താണ്‌ പ്രഭാകരന്റെ നില. ജീവിതവും അതിലുൾച്ചേർന്നുനിൽക്കുന്ന ബഹുരൂപിയായ ബലങ്ങളും അണിനിരക്കുന്ന ഒരു ചരിത്രഖണ്‌ഡമായി പ്രകൃതി ഈ കഥയിൽ വെളിപ്പെടുന്നു. സ്‌ഥാവരങ്ങളുടെ ജംഗമത്വം തെളിഞ്ഞുവരുമാറാണ്‌ ആഖ്യാനപദ്ധതിയുടെ നിർവ്വഹണം. ബി.എം.പി.എന്ന കഥയിൽ ജലജ എന്ന കഥാപാത്രം മോഷ്‌ടിക്കപ്പെട്ട പഴയ ഓട്ടുരുളിയെ ‘ആയുസ്സിന്റെ ഒരു കഷ്‌ണം’എന്ന്‌ വിവരിക്കുന്നതും ഇവിടെയോർമ്മിക്കാം. കന്യകയുടെ വിളിയിൽ ‘ഒരു ചാൺ വയർ’ എന്ന പദാവലി ടെലിഫോൺ വയറിനെക്കുറിച്ചുളള വിവരണമായി (കടൽത്തിരകളുടെ അനാദിയായ ഇരമ്പം മുഴങ്ങുന്ന ഒരു ടെലിഫോൺ റിസീവറാണവിടെയുളളത്‌) കടന്നുവരുമ്പോൾ മേൽപറഞ്ഞ ആഖ്യാനപദ്ധതി വിധ്വംസകമായ ഒരു തല തിരിച്ചിടലായി തീരുന്നുമുണ്ട്‌. സംസ്‌കൃതിയെ പ്രകൃതിയാക്കുന്ന ലാവണ്യാത്‌മകപ്രത്യയശാസ്‌ത്രത്തിന്റെ എതിർവഴിയിലൂടെയാണ്‌ പ്രഭാകരൻ നടന്നുനീങ്ങുന്നത്‌ എന്നാണിതിനർത്‌ഥം. പ്രകൃതിയുടെ പ്രദേശവൽക്കരണവും ചരിത്രവൽക്കരണവുമാണത്‌.

യഥാർത്ഥമായ കഥനസമ്പ്രദായത്തിലൂടെയാണ്‌ പ്രഭാകരൻ അപ്പമാഷിന്റെ കഥ പറയുന്നത്‌. റിയലിസ്‌റ്റ്‌ കഥനപദ്‌ധതിയുടെ എല്ലാവിധ മികവുകളെയും ഉൾക്കൊളളുന്ന അനാർഭാടമായ ഒരു തുറന്നെഴുത്തിന്റെ സ്വച്‌ഛത അതിനുണ്ട്‌. എന്നാൽ രണ്ട്‌ സന്ദർഭങ്ങളിൽ കഥപറച്ചിലിലെ ഈ യഥാർത്ഥത്വം പ്രഭാകരൻ ഉപേക്ഷിക്കുന്നു. ജപ്‌തിനടപടിക്കായെത്തിയ ചെറുപ്പക്കാരനായ ഉദ്യോഗസ്‌ഥൻ പറമ്പിൽ ചുറ്റിനടക്കുമ്പോൾ അയാൾ കാണുന്ന മായികദൃശ്യമാണ്‌ ഒന്നാമത്തെ സന്ദർഭം. കഥാന്ത്യത്തിൽ പടിഞ്ഞാറ്റയിലെ പത്തായത്തിനുമേൽ ഉടുമുണ്ടുരിഞ്ഞെറിഞ്ഞ്‌ അഗാധവും പ്രശാന്തവുമായ ഉറക്കത്തിലാണ്ടുപോകുന്ന അപ്പമാഷിനെക്കുറിച്ചുളള വിവരണസന്ദർഭമാണ്‌ മറ്റൊന്ന്‌. കഥയുടെ യഥാർത്ഥപ്രതീതിയെ അട്ടിമറിക്കുന്ന ഒരു വിവരണരീതിയാണ്‌ ഇവിടെ പ്രഭാകരൻ സ്വീകരിക്കുന്നത്‌. കഥാന്ത്യത്തിലെത്തുമ്പോഴാകട്ടെ ഭാഷ ആഭിചാരപരമായ ഒരു മാന്ത്രികസ്വരം കൈക്കൊളളുന്നതും കാണാം (ആ വ്യാഖ്യാനത്തിന്റെ നേർവഴിയിലെ ഇത്തരം ഒളിത്താവളങ്ങൾ ലോകകഥാചരിത്രത്തിലുടനീളമുണ്ട്‌. കഥപറച്ചിലിന്റെ കല ഇവിടെ പ്രതിരോധപരമായ ഒരു ദൗത്യം കൂടി ഏറ്റെടുക്കുന്നു.

യാഥാർത്ഥ്യത്തിന്റെ ഭീഷണതകൾക്കുമുമ്പിൽ നിസ്സഹായനായ ഇര മാത്രമായിപ്പോകുന്ന അവസ്ഥയോടുളള എതിരിടലാണത്‌. നിഷ്‌ഠുരയാഥാർത്ഥ്യത്തിന്റെ തെളിച്ചത്തോട്‌ ഭാഷയുടെ ആഭിചാരംകൊണ്ട്‌ ഏറ്റുനിൽക്കാനുളള ഒരു ശ്രമം എന്നു പറയാം) സ്ഥാവരം എന്ന കഥയുടെ യഥാർത്ഥപ്രതീതിയിൽ വിളളൽ വീഴ്‌ത്തുന്ന ഈ ആഖ്യാനപദ്ധതിക്ക്‌ മുകളിൽ പറഞ്ഞ പ്രകൃതി&സംസ്‌കൃതി എന്ന വിപരീതത്തിന്റെ സന്ദർഭത്തിൽ വേറിട്ടൊരു പ്രസക്തിയുണ്ട്‌. യാഥാർത്ഥ്യത്തിന്റെ പ്രകൃതിസഹജഭാവത്തെ അകമേ തകർക്കാൻ ഇതിനു കഴിയുന്നു. യഥാർത്ഥമായ കഥപറച്ചിലിൽ ഉണ്ടാകുന്ന ഇടർച്ചകൾ യാഥാർത്ഥ്യം എന്ന പരികൽപനയെത്തന്നെ പ്രശ്‌നവൽക്കരിക്കുന്നു. ഇങ്ങനെ പ്രകൃതിയുടെ അനാദിയായ മാന്ത്രികഭംഗികൾ കയ്യൊഴിയപ്പെടുകയും മനുഷ്യനും അവന്റെ പരിഷ്‌കൃതിയും അതിന്റെ നിയമാവലികളും ചേർന്ന്‌ പണിതെടുക്കുന്ന ഒന്നായി പ്രകൃതി മാറിത്തീരുകയും ചെയ്യുന്നു. പ്രകൃതിയുടെ പ്രദേശവൽക്കരത്തിലൂടെ പ്രകൃതിയെ ചരിത്രവൽക്കരിക്കാൻ കൂടി കഥയ്‌ക്കു കഴിയുന്നു എന്നർത്ഥം. നിലാവിൽ ഒരു വഴി എന്ന കഥയിൽ അതിരറ്റ പച്ചപ്പായി പടർന്നുകിടക്കുന്ന തെങ്ങിൻതോപ്പ്‌ സ്വപ്‌നക്കാഴ്‌ചയിൽ കാണുന്ന ആഖ്യാതാവ്‌ അതെങ്ങിനെയെങ്കിലും സ്വന്തമാക്കണം എന്നാണാഗ്രഹിക്കുന്നത്‌. പ്രപഞ്ചത്തിന്റെ അനാദിയായ രഹസ്യസന്ദേശങ്ങൾ ‘എ മാൻ ഈസ്‌ ഡയിംങ്ങ്‌’ എന്ന്‌ മൊഴിമാറ്റം ചെയ്യുന്ന കുറുക്കനെക്കുറിച്ച്‌ പ്രഭാകരൻ എഴുതിയിട്ടുളളതും ഇവിടെ ഓർമ്മിക്കാം. പ്രകൃതി സങ്കൽപ്പം അവിടെ പല തലങ്ങളിൽ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പഴയ മധുശാലയും കാളപ്പാറയും പോലുളള കഥകൾ പഴമയുടെ തിരുവാഴ്‌ത്തുകളായി ഒറ്റനോട്ടത്തിൽ തോന്നാവുന്നവയാണ്‌. എങ്കിലും കഥാന്ത്യത്തിലെ ചില വിപരീതസൂചനകൾകൊണ്ട്‌ പ്രഭാകരൻ അവിടെയും പ്രകൃതിയെ ചരിത്രനിരപേക്ഷമായ കേവലതയിൽ നിന്ന്‌ മോചിപ്പിക്കുന്നു. പഴയ മധുശാലയുടെ ഒടുവിൽ ഞങ്ങൾ പറയുന്നത്‌ മനസ്സിലാകുന്നോ എന്ന്‌ ശങ്കിക്കുകയും ഞങ്ങൾ കുടിച്ച കടുംകളള്‌ വളരെ പഴയതല്ലേ എന്ന്‌ സ്വയം ചോദിക്കുകയും ചെയ്യുന്ന ആഖ്യാതാവിനെക്കാണാം. ഭിന്നമായ രണ്ട്‌ ജ്ഞാനസമുച്ചയങ്ങൾക്കുളളിലെ പ്രകൃതിബോധങ്ങൾ ഒന്നിച്ചണിനിരക്കുന്നതിൽ നിന്നുരുത്തിരിയുന്ന ഒരു സംശയമായതിനെ മനസ്സിലാക്കാം. കാളപ്പാറയിലാകട്ടെ വർത്തമാനകാലത്ത്‌ അരങ്ങേറുന്ന ഉപഭോഗനിഷ്‌ഠജീവിതത്തോടുളള ഒരിടഞ്ഞുനിൽപ്പിന്റെ അടയാളംപോലെയാണ്‌ പുരാവൃത്തപരമായ കാളപ്പാറയുടെ നില. കാൽപനികതയുടെ കേവലബിംബമായല്ല ജനകീയഭാവനയിൽ വേരോടിപ്പടർന്ന എതിർബിംബമായാണ്‌ പ്രകൃതി ഇവിടെ അടയാളപ്പെടുന്നത്‌ എന്നർത്ഥം. ഇങ്ങനെ താൻ ജീവിക്കുന്ന ദേശത്തിൽ നിന്നും കാലത്തിൽ നിന്നും കണ്ടെടുത്ത ഒരു ജ്‌ഞ്ഞാനവിഷയമായാണ്‌ പ്രകൃതി പ്രഭാകരന്റെ കഥകളിൽ ഇടം നേടിയിട്ടുളളത്‌. അതോടെ കഥയിലെ പ്രകൃതിപാഠങ്ങൾ ചരിത്രത്തിൽ പിറന്ന രാഷ്‌ട്രീയപാഠങ്ങൾ കൂടിയായിത്തീരുന്നു.

‘കുളിർമഴകൾ സ്വപ്‌നം കാണുന്ന ഗ്രാമീണകർഷകമനസ്സ്‌’ പ്രഭാകരന്റെ കഥകളിലുണ്ടെന്ന്‌ മുമ്പൊരിക്കൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ഏതു ദേശത്തും പെയ്‌തുപോകുന്ന പൊതുമഴകളോ, രവിയെ തഴുകിയ അനാദിയായ മഴവെളളം പെയ്‌തിറങ്ങിയ പുതുമഴകളോ, കാല്‌പനികതയുടെ സാന്ദ്രമാധുര്യമായി ഊർന്നിറങ്ങിയ കുളിർമഴകളോ, ഇവയ്‌ക്കും മുമ്പേ പെയ്‌തുപോയ ഘോരവർഷങ്ങളോ അല്ല പ്രഭാകരന്റെ കഥകളിൽ ഉളളത്‌. നിർമ്മലസൗന്ദര്യങ്ങളെയും ദർശനഭാരങ്ങളെയും കഴുകിക്കളയുന്ന, മറ്റൊന്നിനും പകരം നിൽക്കാത്ത നാട്ടുമഴകളാണത്‌. ചരിത്രബദ്ധമായ ഒരു ജ്‌ഞ്ഞാനവിഷയത്തെ അഴിച്ചെടുത്ത്‌ കഥയിൽ പണിതെടുത്ത കാലവർഷം. മലയാളഭാവുകത്വത്തിന്റെ പരിണാമചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി പ്രഭാകരന്റെ കഥയിലെ പ്രകൃതിപാഠങ്ങളെ സ്ഥാനപ്പെടുത്താൻ കഴിയുന്നത്‌ ഇതുകൊണ്ടാണ്‌.

Generated from archived content: jangamam.html Author: sunil_p_ilayidam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English