(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി.കെ.എൻ. തെരഞ്ഞെടുത്ത കഥകൾ എന്ന ഗ്രന്ഥത്തിലെ പഠനത്തിൽനിന്ന്.)
വി.കെ.എൻ. ഒരു വിപരീതപദമായിരുന്നു. ആധുനികമായ ലോകാവബോധത്തിന്റെ വിരാട് രൂപങ്ങളെ മുഴുവൻ തലതിരിച്ചിട്ടുകൊണ്ടാണ് വി.കെ.എൻ. എഴുതിയത്. രാഷ്‌ട്രസ്വരൂപവും ദാർശനികദുഃഖങ്ങളും മുതൽ പ്രണയചാരുതകളും പാരമ്പര്യമഹിമകളും വരെ, ആധുനികത കൊണ്ടാടിയ സർവ്വതും, വി.കെ.എന്നിന്റെ എഴുത്തിൽ രാഷ്‌ട്രീയാർത്ഥങ്ങളുളള ചിരിയായി മുഴങ്ങി. പോയ നൂറ്റാണ്ടിലെ മലയാള ഭാവനയുടെ ചരിത്രം ഇത്രമേൽ വിധ്വംസകമായ ചിരിയിലൂടെ മറ്റൊരിക്കലും കടന്നുപോയിട്ടില്ല. ഒരുപക്ഷേ, ബഷീർ മാത്രമാണ് ചിരിയുടെ രാഷ്‌ട്രീയധ്വനികളെ&ജീവിതധ്വനികളെ ഇത്ര അഗാധമായും വ്യാപകമായും ഉപയോഗപ്പെടുത്താൻ തുനിഞ്ഞ മറ്റൊരെഴുത്തുകാരനായി മലയാളത്തിലുളളത്. അപ്പോഴൊക്കെയും ബഷീറിൽ പ്രബലമായിരുന്ന പ്രസാദാത്മകത്വം (അടിയിളകിത്തുടങ്ങിയ ദേശീയ ആധുനികതയുടെയും ബൂർഷാ മാനവവാദത്തിന്റെയും അസ്‌തമയശോഭയായിരുന്നു അത്). വി.കെ.എന്നിന്റെ എഴുത്തിലേക്ക് തുടരുന്നില്ല. വേദനകളത്രയും ചിരിയിൽ പൊതിഞ്ഞ് ജീവിതത്തെ ഒരു മധുരപ്രതീക്ഷയായി ബാക്കിനിർത്താനുളള ശ്രമങ്ങളൊന്നും വി.കെ.എന്നിന്റെ എഴുത്തിലില്ല. നമ്പ്യാരെ ഓർമ്മിക്കുംവിധം അതെപ്പോഴും ‘സംസ്‌കാരദൂഷണ’ത്തിന്റേതായിരുന്നു. ആദരണീയമായതിനെയെല്ലാം അപഹാസ്യമാക്കുന്ന, ഉദാത്തതയെ ക്ഷുദ്രതയാക്കുന്ന അധൃഷ്യവും മാരകവുമായ ചിരിയുടെ ലോകം. ‘പടക്കളത്തിലെ ചിരി’യെന്നപോലെ, വ്യവസ്ഥാപിത ശീലങ്ങളെ അലോസരപ്പെടുത്താൻ പോന്ന ഒരു അസംസ്‌കൃതത്വം അതെപ്പോഴും നിലനിർത്തിയിരുന്നു.
ആധുനികത ജന്മം നല്‌കിയ മഹനീയ മാതൃകകളിൽ ഒന്നുപോലും വി.കെ.എൻ. സാഹിത്യത്തിൽ ആദരിക്കപ്പെട്ടിട്ടില്ല. (സവിശേഷമായ ഒരു സാമൂഹ്യ&ചരിത്രസന്ദർഭവും അതുളവാക്കിയ അനുഭൂതിഘടനയും എന്ന അർത്ഥത്തിലാണ് ഇവിടെ ആധുനികത എന്നെഴുതുന്നത്. സവിശേഷമായ ഉത്‌പാദനവ്യവസ്ഥയും രാഷ്‌ട്രഘടനയും മുതൽ ജനാധിപത്യപൗരത്വവും സ്വതന്ത്രവ്യക്തിത്വവും വരെയുളള സ്ഥാപനങ്ങൾക്കും കേവല പ്രകൃതി മുതൽ ശുദ്ധസൗന്ദര്യംവരെയുളള അനുഭൂതി ഘടകങ്ങൾക്കും ജന്മം നൽകിയത് ആധുനികത ആണ്. ആധുനികതാപ്രസ്ഥാനം എന്നറിയപ്പെട്ട കലാ-സാഹിത്യ പ്രവണതയും ആധുനികതയുടെ വിശാല വ്യൂഹത്തിലുൾപ്പെട്ടതുതന്നെ.) ആധുനികമായ ഭാവനാവ്യവഹാരങ്ങളിൽ പിറവികൊണ്ട മനുഷ്യമാതൃകകൾ, അതിലെ അപരാജിതമോ ഏകാന്തമോ ധ്യാനഭരിതമോ ആയ സ്വത്വസ്ഥാപനങ്ങൾ, പുതുതായി ഉയർന്നുവരുന്ന ദേശ-രാഷ്‌ട്ര സ്വരൂപം, അതിന്റെ നിർമ്മാണസാമഗ്രികളായ ചരിത്ര&പാരമ്പര്യങ്ങൾ, ലാവണ്യാനുഭൂതിയെയും ആത്മീയാനന്ദത്തെയുംകുറിച്ചുളള ആധുനിക പ്രതീക്ഷകൾ, ആദർശഭദ്രമായ പ്രണയചാരുതകൾ, അഭിമാനനിർഭരമായ ആഢ്യപാരമ്പര്യങ്ങൾ…ഒക്കെയും വി.കെ.എന്നിന്റെ എഴുത്തിൽ അഴിച്ചെടുക്കപ്പെട്ടു. പരമ്പരാഗതമായി പറഞ്ഞു വരുന്നതുപോലെ ഇവയത്രയും അവിടെ ചിരികൊണ്ട് കീറിമുറിക്കപ്പെടുക മാത്രമായിരുന്നില്ല. വി.കെ.എന്നിന്റെ ചിരികളെ നിർണ്ണയിച്ച അടിയിളക്കങ്ങൾ തിരിച്ചറിയപ്പെടാതെ പോകുമ്പോഴാണ് ‘ഹാസ്യ പ്രജാപതി’യും ‘ചിരിയുടെ പിതാമഹനും’ മാത്രമായി വി.കെ.എൻ. നമ്മുടെ സാഹിത്യചരിത്രവിചാരങ്ങളിൽ സ്ഥാനം നേടുന്നത്. ‘തുഞ്ചൻ കുഞ്ചൻ ചെറുശ്ശേ്ശരി പ്രാചീന കവിവര്യരാം’ എന്ന സമവാക്യത്തിലേക്ക്, കോപ്പിബുക്കിൽ ഒരു വരിയിലൊതുങ്ങുന്ന സൂത്രവാക്യവടിവിലേക്ക്, വിധ്വംസകത്വത്തിന്റെ അപരലോകമായി തന്റെ എഴുത്തിനെ നിലനിർത്തിയ നമ്പ്യാരെ സാഹിത്യവിമർശനം&സാഹിത്യചരിത്രം എന്ന ആധുനികസ്ഥാപനം മെരുക്കിയെടുത്തതിന് സദൃശമായൊരു വായനാരീതിയാണത്. വി.കെ.എന്നിന്റെ എഴുത്തിന്റെ പിന്നാമ്പുറങ്ങളിൽ സമാഹരിക്കപ്പെട്ട സ്‌ഫോടകശേഷിയത്രയും നിർവീര്യമാക്കുവാൻ പോന്ന ഒരു വ്യവസ്ഥപ്പെടുത്തൽ. ആധുനികതാവിമർശനത്തിന്റെ ഏറ്റവും ഗാഢമായ കേരളീയാഖ്യാനങ്ങളിലൊന്നിനെ ആധുനികതയുടെ ജ്ഞാനവ്യവസ്ഥയിലേക്കുളള പാകപ്പെടുത്തലായി നമുക്കതിനെ മനസ്സിലാക്കാം.
വാസ്‌തവത്തിൽ ആധുനികമായ ഭാവമണ്ഡലത്തെയും ലോകാവബോധത്തെയും സാധ്യമാക്കിയ ജ്ഞാനവ്യവസ്ഥയോട് തന്നെയാണ് വി.കെ.എൻ. തന്റെ എഴുത്തിൽ എതിരിട്ടു നിന്നത്. ആധുനികതയുടെ ആധാരസാമഗ്രികളെ അപനിർമ്മിക്കുന്നതോടൊപ്പം ആധുനികത പരിഹരിക്കാൻ ശ്രമിച്ച&ഒതുക്കിവയ്‌ക്കുവാൻ ശ്രമിച്ച എല്ലാ വൈരുദ്ധ്യങ്ങളെയും അത് നിരന്തരം പുറത്തുകൊണ്ടുവരികയും ചെയ്‌തു. അങ്ങനെ പാരമ്പര്യവും പരിഷ്‌കാരവും ഭക്തിയും ഫലിതവും ധർമ്മവും കാമവും സംസ്‌കൃതവും ഇംഗ്ലീഷും നെല്ലും ഡോളറും അവിടെ നിരനിരയായി നിന്ന് തമ്മിൽ പൊരുതി. ചിന്തയുളള ചിരിയായും മറ്റും വി.കെ.എൻ. കൃതികളിൽനിന്നും നമ്മുടെ സാഹിത്യനിരൂപണം വായിച്ചെടുത്തത് ഇതാണ്. ഈ പ്രക്രിയയിലൂടെ ഭാഷയായും ഭാവനയായും അനുഭവമാതൃകകളായും സ്വത്വനിശ്ചയങ്ങളായും സ്ഥാനപ്പെട്ട ആധുനികവ്യവസ്ഥാരൂപങ്ങളെയപ്പാടെ വി.കെ.എൻ. അസ്ഥിരവും ശിഥിലവുമാക്കി. അതിരുകൾ അസാധുവായിത്തീരുന്ന, അനുഭൂതിലോകങ്ങൾ നിരന്തരം തമ്മിൽ കയറിമറിയുന്ന ഈ വിശ്ലഥസ്ഥാനം അങ്ങനെ ആധുനികതയുടെ വിചാരണയുടെ വേദികൂടിയായി. ‘ഖരമായതെല്ലാം ഉരുകിത്തീരുന്ന’ പഴയ ലോകസന്ദർഭത്തിന്റെ ഈ രണ്ടാം വരവ്, മാർക്‌സ് പറഞ്ഞതുപോലെ, പ്രഹസനമായിത്തന്നെയാണ് അരങ്ങേറിയത്. നിശ്ചയമായും അവിടെയുളളത് പഴയ ചിരിയുടെ അവശിഷ്‌ടങ്ങളല്ല.
‘കോമാളിയുഗത്തിലെ പുരുഷഗോപുരങ്ങളെ’ന്ന് വാഴ്‌ത്തപ്പെട്ടെങ്കിലും വി.കെ.എൻ. സാഹിത്യം എതിർ മാതൃകകളെ, തെറ്റുകളെ മുഴുവൻ നീക്കം ചെയ്‌ത് കടഞ്ഞെടുത്ത അന്തിമ ശരികളെ, നിർമ്മിക്കുവാൻ ശ്രമിച്ചിട്ടേയില്ല. മേൽപ്പറഞ്ഞ തരം വൈരുദ്ധ്യങ്ങളാൽ നിർണ്ണയിക്കപ്പെട്ട ഭാവനയായതുകൊണ്ട് അത് ‘മഹത്ത്വത്തിന്റെ ഗിരിശിഖരങ്ങളെ’ സ്വപ്‌നം കണ്ടതുമില്ല. കൊളോണിയൽ ആധുനികതയുടെ പാരമ്പര്യപ്രതാപങ്ങളോടും അതിന്റെതന്നെ പരിഷ്‌കാരപ്രൗഢിയോടും ഒരുപോലെ ഇടഞ്ഞുനില്‌ക്കുവാൻ കെല്‌പുളള സർ ചാത്തുപോലും വി.കെ.എൻ. സാഹിത്യത്തിലെ ഒരു എതിർ മാതൃകയല്ല. ഉത്തര കോളനീയ പഠനങ്ങൾ ലക്ഷ്യമാക്കിയ ‘തിരിച്ചെഴുതപ്പെട്ട സാമ്രാജ്യം’ എന്ന പരികല്‌പനയുടെ പൂർവ്വസന്ദർഭമായി നമ്മുടെ ഭാഷയുടെ&ഭാവനയുടെ ചരിത്രത്തിൽനിന്ന് കണ്ടെടുക്കാവുന്ന ഒരു കഥാപാത്രമാണ് സർ ചാത്തു. പക്ഷേ, അപ്പോഴും താൻ എതിരിടുന്ന അധികാരത്തോളംതന്നെ പ്രബലമായ, എതിർക്കപ്പെടേണ്ടതും എതിരിട്ട് കീഴടക്കേണ്ടതുമായ പലതും ചാത്തുവിലുണ്ട്. പയ്യനോ, നാണ്വാരോ, സുനന്ദയോ, മറ്റാരുമോ ആവട്ടെ ഈ വിപരീത പദവി അവരിലെല്ലാവരിലുമുണ്ട്. ആധുനികതയുടെ വിപരീതദൃശ്യമായിത്തീരുന്ന വി.കെ.എൻ. കഥാപാത്രങ്ങൾ പലപ്പോഴും ഫ്യൂഡൽ വാഴ്‌ത്തുപാട്ടുകളാണെന്ന് തോന്നലുളവാക്കുന്നതും ഇതുകൊണ്ടാണ്. പക്ഷേ, നാടുവാഴിത്തത്തിന്റെ സുവർണ്ണസ്വപ്‌നങ്ങളെ സാത്വിക ബ്രാഹ്‌മണ്യത്തിന്റെയോ ക്ഷാത്രവീര്യത്തിന്റെയോ പദാവലികളിൽ വർത്തമാനത്തിലേക്ക് ആവഹിക്കുകയല്ല വി.കെ.എൻ. ചെയ്യുന്നത്. മറിച്ച്, ആധുനികമായ അഭിജ്ഞാനക്രമങ്ങളെ റദ്ദാക്കുവാൻ പോന്ന പാരമ്പര്യവഴക്കങ്ങളെ ആഖ്യാനത്തിന്റെ കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയാണ് ‘പെനാൽറ്റി ഷൂട്ടൗട്ട്, സഡൻഡെത്ത്, പിന്നെ സ്വച്ഛന്ദമൃത്യു’ എന്നിങ്ങനെ രണ്ട് അഭിജ്ഞാനവ്യവസ്ഥകൾ തമ്മിലിടയുമ്പോൾ ആധുനികമായ അഭിജാതഗൗരവമെന്നപോലെ ബ്രാഹ്‌മണ്യത്തിന്റെ കുലീനതാനാട്യങ്ങളും ശിഥിലമാവുകയും ഉലയുകയും ചെയ്യുന്നുണ്ട്. ഈ ഘടകങ്ങളുടെ ക്രമരഹിതമായ ഒരു ചേരുവയുടെ സന്ദർഭമായി വി.കെ.എന്നിന്റെ എഴുത്ത് മാറിത്തീരുന്നു. ഇങ്ങനെ തമ്മിലിടയുന്ന ലോകധാരണകളുടെ കലമ്പലായിത്തീരുന്ന എഴുത്താണ് വി.കെ.എന്നിന്റേത്. ബ്രാഹ്‌മണ്യത്തിന്റെ ആശയാവലികൾക്കപ്പുറം, മൂന്നാം ലോക നാട്ടുപാരമ്പര്യത്തിന്റെ സജീവഘടകങ്ങളും ഇവിടേക്ക് കടന്നുകയറുകയും ഈ കലക്കത്തെ കൂടുതൽ ധൂസരവും അവ്യവസ്ഥിതവുമാക്കുകയും ചെയ്യുന്നുണ്ട്. അഭിജാത ബ്രാഹ്‌മണ്യത്തിന്റെ ജ്ഞാനവ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന കീഴാളഭാവനയുടെ പ്രവൃത്തിലോകമാണ് ആഭിചാര&ദുർമന്ത്രവാദപാരമ്പര്യത്തിലുളളത്. ചാത്തനേറിന്റെ ഈ അധോമണ്ഡലം ബ്രാഹ്‌മണാധികാരത്തെയും കയ്യേറുന്ന നാട്ടുവീര്യത്തിന്റേതാണ്. (പുലർകാലവേളകളിൽ ബ്രാഹ്‌മമുഹൂർത്തമായിയെന്ന് ഒരു വി.കെ.എൻ. കഥയിലെ നായിക തിരിച്ചറിയുന്നത് തനിക്ക് മൂത്രമൊഴിക്കുവാൻ തിടുക്കം തോന്നുന്ന പതിവ് വേളയെന്ന നിലയിലാണ്.) ഇവിടെയൊക്കെ ആധുനികപൂർവ്വമായ ഒരു ജ്ഞാന&സമൂഹ വ്യവസ്ഥയുടെ അടയാളങ്ങൾ പതിഞ്ഞുകിടക്കുന്നതിനാൽ പ്രതീതിപരമായൊരു വായനയിൽ ഇത് നാടുവാഴിത്ത പ്രഘോഷണമായി അനുഭവപ്പെടാവുന്നതാണ്. യഥാർത്ഥത്തിൽ ആദർശാത്മകമായ എതിർ മാതൃകകളത്രയും അസാധ്യമായിത്തീരുന്ന ഒരു ഭാവുകമേഖലയിലെ ചെരുവകളെന്ന നിലയിലാണ് ഇവ വി.കെ.എന്നിന്റെ എഴുത്തിലിടം നേടുന്നത്. ആഖ്യാനത്തിന്റെ മേൽത്തലപ്പുകളിൽ രമിക്കുകയും അതിലെ ആന്തരസംവാദത്തെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന വായനാരീതി പക്ഷേ, ഇത് തിരിച്ചറിയണമെന്നില്ല.
വി.കെ.എന്നിന്റെ സ്‌ത്രീ വിരുദ്ധതയെക്കുറിച്ചുളള നിരീക്ഷണങ്ങൾ ഏറിയപങ്കും പ്രതീതിപരമായ ഈ ‘സത്യദർശന’ത്തിനപ്പുറം പോകുന്നവയല്ല. കേവലവും സ്വതന്ത്രവും ആദർശാത്മകവുമായ മാനുഷികത എന്ന ആധുനിക സങ്കല്പത്തിന്റെ അളവുകോലുകൾ ഉപയോഗിക്കുവാൻ തുടങ്ങുന്നതോടെ വി.കെ.എൻ. മറ്റു പലതിന്റെയുമെന്നപോലെ, സ്‌ത്രീവിരുദ്ധതയുടെയും പര്യായപദമാകും. വി.കെ.എൻ. സാഹിത്യത്തിൽ തെഴുത്തുനില്‌ക്കുന്ന രതിബിംബങ്ങളും ഭോഗ&ഭോജനോത്സവങ്ങളും അപ്പോൾ ആണധികാരത്തിന്റെ വാങ്ങ്‌മയങ്ങൾ മാത്രമായി വായിക്കപ്പെടുകയും ചെയ്യും. സ്‌ത്രീവിരുദ്ധമായ ഘടകങ്ങളൊന്നും വി.കെ.എൻ. സാഹിത്യത്തിലില്ലെന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ, ഈ ഘടകങ്ങളുടെ പ്രവർത്തനത്തെ ചെറുക്കുന്ന ഒരു സംവാദതലവും അവിടെയുണ്ട്. ഈ ഘടകങ്ങളെ ഏകമുഖമായി പരിഗണിക്കുവാൻ തുടങ്ങുന്നതോടെ വി.കെ.എൻ. രചനകളുടെ ചരിത്രപരമായ ഉളളടക്കവും അതിന്റെ വിധ്വംസകശേഷിയും കാഴ്‌ചയിൽനിന്ന് മറയും. ‘ഹാസ്യപ്രജാപതി’യെന്ന മുഖ്യധാരാവായനയുടെ മറുപുറംപോലെയുളള ‘പുരുഷപ്രജാപതി’യായ ഒരു വി.കെ.എന്നിനെ കണ്ടെടുക്കുകയാവും അത്തരമൊരു ‘സ്‌ത്രീപക്ഷവായന’ ചെയ്യുക. വായനയുടെ ഇതേ താവഴിയിൽ ‘സവർണ്ണപ്രജാപതി’യോ, ‘ധനപ്രജാപതി’യോ ഒക്കെയായ വി.കെ.എന്നിനെ കണ്ടെത്താനും പ്രയാസമുണ്ടാവില്ല. നാട്ടുചന്തകളിലോ നാൽക്കൂട്ടുപെരുവഴികളിലോ നഗരചത്വരങ്ങളിലോ കലമ്പി കൂടിനില്‌ക്കുന്ന മനുഷ്യജീവിതമല്ല മറിച്ച് ആധുനികമായ ധ്യാനാത്മകചിന്ത ജന്മംനല്‌കിയ കേവലമനുഷ്യവീര്യമാണ് ചരിത്രത്തിന്റെ ഊർജ്ജപ്രഭവം എന്നു കരുതുന്ന ഒരു വായനാരീതിയാണ് ഇതെന്ന കാര്യം പക്ഷേ, നാം കാണാതിരുന്നുകൂടാ. ആധുനിക വായനയിലെ ഒരു ഏകാത്മകയോഗം എന്ന് നമുക്കിതിനെ വിവരിക്കാം.
വാസ്‌തവത്തിൽ വി.കെ.എൻ. സാഹിത്യത്തിന്റെ കേന്ദ്രപ്രശ്‌നങ്ങളിലൊന്നു തന്നെയാണ് ഇവിടെ നമ്മുടെ മുഖത്തുവന്ന് മുട്ടുന്നത്. സാഹിത്യവും ചരിത്രവും തമ്മിലുളള ബന്ധത്തെക്കുറിച്ചുളള ചില ആലോചനകളിലേക്കും ഇത് വഴിതുറന്നുതരുന്നുണ്ട്. സുനിശ്ചചിതമായ ഒരു ഭദ്രരൂപമായല്ല, അനിശ്ചിതവും അനിയതവുമായ ഒരു പ്രക്രിയയായാണ് മനുഷ്യന്റെ കർത്തൃപദവി ചരിത്രത്തിൽ നിലനിന്നുപോരുന്നത്. എങ്കിലും ആത്മബോധമായും ഭാവനാവ്യാപാരമായും ഒരു ഏകാത്മകകർത്തൃപദവി ആധുനിക മനുഷ്യന്റെ പ്രതീക്ഷയിലുണ്ട്. പ്രക്രിയാപരം എന്നതിനപ്പുറം സത്താപരമായിരിക്കുന്ന കർത്തൃത്വത്തെക്കുറിച്ചുളള ആധുനിക പ്രതീക്ഷകളുടെ ഉത്‌പന്നങ്ങളാണ് ആധുനിക സാഹിത്യത്തിലെ മനുഷ്യമാതൃകകളിലേറിയകൂറും. ഇത് ഭാവനാപരമായ ഒരു പകരംവയ്‌ക്കലല്ല; മറിച്ച് ആധുനികമായ സ്വത്വനിർമ്മാണതന്ത്രങ്ങളിലൊന്നാണ്. ആധുനികത പണിതെടുക്കുവാൻ ശ്രമിച്ച അഖണ്ഡകർത്തൃത്വത്തിന്റെ നിർമ്മാണപ്രവർത്തനമായി ഈ സാഹിതീയപാഠങ്ങളെ നോക്കിക്കാണാമെന്നർത്ഥം. സാഹിത്യത്തിലെ&ജീവിതത്തിലെ ആദർശമാതൃകകളിലൊക്കെ ഇത്തരമൊരു അഖണ്ഡകർത്തൃത്വത്തെക്കുറിച്ചുളള പ്രതീക്ഷയുണ്ട്. കൊളോണിയൽ ആധുനികതയുടെ നായകബിംബമായി. ആധുനിക യുക്തിയുടെ പദാവലികളിൽ ജീവിക്കുന്ന ‘ഇന്ദുലേഖ’യിലെ മാധവനിലും, നവോത്ഥാന ആധുനികതയുടെ&കാലപ്‌നിക റിയലിസത്തിന്റെ മാതൃക, നായകനായി ചുമച്ച് ചുമച്ച് അനന്തതയിലേക്ക് ചുവടുവയ്‌ക്കുന്ന ‘ഓടയിൽനിന്ന്’-ലെ പപ്പുവിലും, ആധുനികതാവാദത്തിന്റെ നിത്യസ്വരാപമായി വഴിവക്കിൽ മഴനനഞ്ഞുകിടന്ന ‘ഖസാക്കി’ലെ രവിയിലുമൊക്കെ ഈയൊരു കർത്തൃപദവിയുടെ മുദ്രകൾ പ്രകടമാണ്. കൊളോണിയൽ ആധുനികതയിലും നവോത്ഥാന&ദേശീയ ആധുനികതയിലും ധനാത്മകമായി അനുഭവപ്പെട്ട&നിർവ്വചിക്കപ്പെട്ട ഈ കർത്തൃപദവി ആധുനികതാവാദത്തിന്റെ അനുഭൂതിലോകത്ത് നിഷേധാത്മകമായി അനുഭവപ്പെട്ട&നിർവ്വചിക്കപ്പെട്ട ഒന്നാണെന്നുമാത്രം. ബൂർഷ്വാ ആധുനികതയുടെയും ദേശരാഷ്‌ട്രഘടനയുടെയും പ്രതിസന്ധികളുടെ പ്രകാശനംകൂടിയായി ആധുനികതാവാദപരമായ ഈ വിഘടിതസ്വത്വസങ്കല്പത്തെ ഇന്ന് നോക്കിക്കാണാനാവും. വി.കെ.എന്നിന്റെ എഴുത്ത് അടിസ്ഥാനതലത്തിൽതന്നെ ഈയൊരു കർത്തൃപദവിയെക്കുറിച്ചുളള പ്രതീക്ഷകളുടെ നിരാസമാണ്. ഭദ്രവും സ്വയംപര്യാപ്‌തവുമായ മാനുഷികതയുടെ യാതൊരുവിധ അടയാളങ്ങളും ബാക്കിനില്‌ക്കാത്ത ലോകങ്ങളിലൂടെയാണ് പയ്യനും ചാത്തുവും മറ്റും സഞ്ചരിക്കുന്നത്. തുറന്നും ചിതറിയും കിടക്കുന്ന ലോകജീവിതത്തിന്റെ വൈരുദ്ധ്യങ്ങളിലാണവയുടെ അടിവേര്. ജീവിതത്തെക്കുറിച്ചുളള അഥവാ ആദർശാത്മകമായ എതിർമാതൃകകളെക്കുറിച്ചുളള പ്രതീക്ഷകളെ പാത്രസ്വത്വത്തിന്റെ ആഴത്തിൽനിന്നും ചേറ്റിക്കൊഴിച്ചു കളഞ്ഞ്‌ഞ്ഞതരം കഥാപാത്രങ്ങളാണ് വി.കെ.എൻ. സാഹിത്യത്തിലേത് എന്ന് വരുന്നതും ഇതുകൊണ്ടാണ്. ലോകജീവിതത്തിന്റെ വൈരുദ്ധ്യങ്ങളിൽ വേരോടിപ്പടർന്നതുകൊണ്ട് ആധുനിക ഭാവനയുടെ&ആധുനിക ഭാവുകത്വത്തിന്റെ വാസ്‌തവബോധത്തെ ഉലയ്‌ക്കുവാൻ പോന്ന ഒരു വിധ്വംസകത്വം അവിടെ സദാ സന്നിഹിതമായിരിക്കുന്നു. പല ലോകങ്ങളിലും പല കാലങ്ങളിലും ഒരുമിച്ചു പാർക്കുന്ന (ഇത് ദേശീയ&കൊളോണിയൽ ആധുനികതയുടെ ചരിത്രാനുഭവങ്ങളുലൊന്നുമാണ്) ഭാഷയിൽ ആ കഥാപാത്രങ്ങൾ ഈ വിധ്വംസകത്വത്തെ പൊലിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളെ ഭാവനയുടെ പാർപ്പിടമാക്കിക്കൊണ്ട് എഴുതുകയാണ് വി.കെ.എൻ. ചെയ്‌തത്. അതുകൊണ്ട് സാഹിത്യം എന്ന ആധുനികസ്ഥാപനത്തിന്റെ സ്വത്വനിർമ്മാണസംരംഭങ്ങളിലെ കൂട്ടുപങ്കാളിയായിത്തീരുവാൻ അതിന് കഴിഞ്ഞുമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ മലയാള ഭാവനയുടെ ചരിത്രത്തിലെ അനന്യതകളിലൊന്നായി വി.കെ.എൻ. സാഹിത്യം മാറിത്തീർന്നതും ഇങ്ങനെയാണ്.
(കടപ്പാട് ഃ കറന്റ് ബുക്‌സ് ബുളളറ്റിൻ)
Generated from archived content: essay_june9.html Author: sunil_p_ilayidam