കവിതയിലെ നേർവഴികൾ

ബക്കർ മേത്തലയുടേത്‌ കവിതയിലെ നേർവഴിയാണ്‌. ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചും തനിക്കുപറയാനുളളതത്രയും പറഞ്ഞുവയ്‌ക്കാനുളള ഒരു മാധ്യമമാണ്‌ ബക്കറിന്‌ കവിത. വാക്കിൽ അടയിരിക്കുന്ന ധ്യാനാത്മകതയല്ല, വാക്കിന്റെ നാട്ടുനടപ്പിൽ പങ്കുചേരുന്ന നിത്യജീവിത സാധാരണതയാണ്‌ അവയെ നിർണ്ണയിച്ചുപോരുന്നത്‌. ലോകജീവിതം തന്നിലുളവാക്കിയ ക്ഷോഭങ്ങൾ, പാരവശ്യങ്ങൾ, പ്രണയങ്ങൾ, വിഷാദങ്ങൾ- ഇവയെയൊക്കെ ബക്കർ കവിതയായെഴുതുന്നു. കവിത ലക്ഷ്യം വയ്‌ക്കാറുളള രൂപകലീലയുടെ ധാരാളിത്തം ഇവിടെയില്ല. രൂപകങ്ങൾകൊണ്ട്‌ മറയ്‌ക്കപ്പെടുന്ന യാഥാർത്ഥ്യത്തിന്റെ ലോകങ്ങൾ ഈ കവിതകളുടെ ഗുരുത്വകേന്ദ്രമല്ലെന്ന്‌ ഇവയിലൂടെ കടന്നുപോകുമ്പോൾ ആർക്കും ബോധ്യപ്പെടും. അതുകൊണ്ട്‌ തന്നെ ചിന്തയുടെ ഘനം കൊണ്ട്‌ എന്നതിലുപരി, അനുഭവ പ്രത്യക്ഷങ്ങളുടെ സ്വാഭാവികതകൊണ്ടാണ്‌ ഈ കവിതകൾ ലോകവുമായി സംവദിക്കാൻ ശ്രമിക്കുന്നത്‌. തന്റെ കവിതയെ സാധ്യമാക്കുന്ന വികാരഭാവങ്ങളുടെ ഊർജവേഗങ്ങൾ ലോകവുമായി പങ്കുവയ്‌ക്കുകയാണ്‌ ബക്കറിന്റെ ലക്ഷ്യം.

ഈ സമാഹാരത്തിലെ കവിതകളിലൂടെ കടന്നുപോകുമ്പോൾ അനുഭവാവിഷ്‌ക്കാരങ്ങളുടെ മൂന്ന്‌ വഴികൾ അവയിൽനിന്നും നമുക്ക്‌ കണ്ടെടുക്കാൻ കഴിയും. ബിംബകല്‌പനങ്ങളിലൂടെ അനുഭവ സൂക്ഷ്‌മതകളെ പകരാൻ ശ്രമിക്കുന്ന ഒന്നാണ്‌ അതിലാദ്യത്തേത്‌. ആധുനികതാവാദത്തിന്റെ കാലം മുതല മലയാള കവിതയിലെ പ്രബലപാരമ്പര്യങ്ങളിലൊന്നാണിത്‌. ഇതിനോടൊപ്പം തന്നെ, ആധുനികതാവാദം ഏറെയൊന്നും ഉപയോഗപ്പെടുത്താനിരുന്ന, പാട്ടുവഴിയുടെ ഒരു ധാരയും ഈ സമാഹാരത്തിലുണ്ട്‌. വാമൊഴി വീര്യങ്ങളെ പിൻപറ്റിക്കൊണ്ട്‌, നാട്ടുപാരമ്പര്യത്തിന്റെ താളമേളങ്ങളിലൂടെ വർത്തമാനത്തെ നേർക്കുനേർ നിന്നുകാണാൻ ശ്രമിക്കുന്ന ഒന്നാണത്‌. മൂന്നാമത്തേത്‌ പ്രകടമായ ക്ഷോഭാകുലതകളുടെ വാങ്ങ്‌മയങ്ങളാണ്‌. ഒട്ടുമിക്കവാറും സാമൂഹികതയുടെ പ്രത്യക്ഷലോകങ്ങളാണ്‌ ഈ ഇനത്തിലുളള കവിതകളിലെ പ്രബലധാര. നാട്ടുജീവിതത്തിന്റെ ദൈനംദിനത്വത്തെ കവിതയുടെ ജീവിതമാക്കുന്ന തരം രചനകൾ എന്നിവയെക്കുറിച്ച്‌ പറയാം. ഇതിനുമപ്പുറം രചനാ പരിശീലനത്തിന്റെ സാക്ഷ്യങ്ങൾ എന്ന നിലയിൽ മാത്രം പരിഗണിക്കപ്പെടേണ്ട ചില കവിതകളും ഈ സമാഹാരത്തിലുണ്ട്‌. ഒറ്റനോട്ടത്തിൽ ഒരു കാവ്യസമാഹാരത്തിൽ ഇടം കിട്ടാൻ അവ അർഹമല്ല. കവിയുടെ വഴികൾ, കവിതയുടെ വഴികൾ ഇങ്ങനെയൊക്കെയായിരുന്നു എന്ന്‌ വായനക്കാരോട്‌ പറയുന്നു എന്നത്‌ മാത്രമാവും അവയ്‌ക്കുളള സാധൂകരണം.

രൂപക ലീലയുടെ ധാരാളിത്തമല്ല ബക്കറിന്റെ കവിതയെന്ന്‌ പറഞ്ഞത്‌ അവയത്രയും രൂപകങ്ങളെ പുറത്തു നിർത്തുന്നു എന്ന അർത്ഥത്തിലല്ല. വാസ്‌തവത്തിൽ രൂപകമുക്തമായി നിലനിൽക്കുന്ന എന്നത്‌ കവിതയെ സംബന്ധിച്ചിടത്തോളം ഒട്ടൊക്കെ അസാധ്യം തന്നെയാണ്‌. ബക്കറിന്റെ കവിതകളെ സംബന്ധിച്ചിടത്തോളം ഈ രൂപകങ്ങൾ ഒരിക്കലും ഒരു ഗൂഢപദ്ധതിയാവുന്നില്ല എന്നതാണ്‌ പ്രധാനം. സരളവും പ്രസന്നവും അർത്ഥവ്യക്തവുമായി തുറന്നിരിക്കുന്നവയാണവ.

“ഭീരുവിന്റെ പ്രണയം

ഒരു ബോൺസായ്‌ വൃക്ഷമാണ്‌.

അത്‌ ആർത്തുവളരാതെ

മുരടിപ്പിന്റെ നിശ്ചിതതത്ത്വങ്ങളെ പുണരുന്നു

പൂക്കൾ വിടർത്തേണ്ടിവന്നാലോ എന്ന്‌

വസന്തങ്ങളെ ഭയപ്പെടുന്നു.”

എന്ന്‌ (പ്രണയം)പ്രണയത്തെ വകതിരിക്കുമ്പോഴും

“സംസ്‌കാരങ്ങളുടെയും ജനപഥങ്ങളുടെയും

കാട്ടുവഴികൾ

മഹായുദ്ധങ്ങളുടെ ഇരമ്പൽ

അവതാരങ്ങളുടെ പ്രഭാവലയങ്ങൾ”

എന്ന്‌ (വേരുശിൽപ്പം) വൃക്ഷവേരിൽ പണിതെടുത്ത ശിൽപ്പത്തെ അടയാളപ്പെടുത്തുമ്പോഴും

“ഓറഞ്ചും ആപ്പിളും മുന്തിരിയും

സൗഹൃദത്തോടൊപ്പം

ഇറക്കുമതി ചെയ്യുന്നിടം”

എന്ന്‌ (മരണമുറി) ഉപചാര സൗഹൃദങ്ങളെക്കുറിച്ച്‌ കറുത്ത്‌ ചിരിക്കുമ്പോഴും

“ഉമ്മ അളന്നിരുന്ന ആകാശം

അതിരുകളില്ലാത്തതുതന്നെയാണ്‌”

എന്ന്‌ (ഉമ്മ) വാൽസല്യത്തിന്റെ അനുഭവലോകങ്ങളെ മടക്കി വിളിക്കുമ്പോഴും

“അച്ഛൻ കൊമ്പത്ത്‌

പൂവരശിൻ കൊമ്പത്ത്‌”

എന്ന്‌ (വിത്തും കൈക്കോട്ടും) നാട്ടുപാരമ്പര്യത്തെ വർത്തമാനത്തിൽ വിതയേറ്റുമ്പോഴും ബക്കറിന്റെ കവിത അസന്ദിഗ്‌ധവും അനുഭവനിഷ്‌ഠവുമാണ്‌. വാക്ക്‌ ഒരു ഒളിയിടമായിത്തീരാതെ അനുഭവലോകങ്ങളിലേക്ക്‌ തുറന്നുകിടക്കുന്ന നേർവഴിയായിരിക്കുന്നത്‌ ഇവിടെയെല്ലാം നമുക്ക്‌ കാണാനാവും. രൂപകങ്ങൾ അനുഭവത്തിന്റെ ഒരു സൂക്ഷ്‌മസന്ദർഭത്തെ വെളിച്ചത്തിലേക്ക്‌ എടുത്തുയർത്തിക്കൊണ്ട്‌ വായനയെ സുഗമവും ഋജുവുമാക്കുന്നു.

ഈ സമാഹാരത്തിലെ ‘പറച്ചിത്തോറ്റം’ ‘കവിത വരുന്ന വഴിയേത്‌?’ ‘കുന്നത്തെ ചെമ്മാരി’ തുടങ്ങിയ കവിതകൾ മലയാളത്തിന്റെ വാമൊഴി വഴക്കങ്ങളുടെയും നാടോടി ജീവിതത്തിന്റേയും സംസ്‌കാരമുൾക്കൊണ്ട രചനകളാണ്‌. കുറത്തി പോലൊരു കവിതയുടെ ഓർമ്മയുണർത്തുമ്പോൾ തന്നെ അതിന്റെ രചനാസംസ്‌കാരത്തെ ഏറ്റുവാങ്ങുകയും ചെയ്‌തിട്ടുണ്ട്‌ പറച്ചിത്തോറ്റം എന്ന കവിത. കവിത വരുന്ന വഴിയേത്‌? എന്ന കവിതയാകട്ടെ

“അമ്മതൻ താരാട്ടിനീണം വഴി

അമ്പലപ്രാവിൻ വിശുദ്ധിവഴി

അഞ്ഞ്‌ജനക്കണ്ണിൻ കറുപ്പ്‌ വഴി

ചെമ്പരത്തിപ്പൂ ചോപ്പ്‌ വഴി

വാഴ്‌വിൻ കുളിർതീർക്കും കാറ്റ്‌വഴി

ചുട്ടുപൊളളുന്ന ഞരമ്പ്‌ വഴി

ഭ്രാന്തജൻമത്തിൻ അലച്ചിൽ വഴി

സർവ്വചരാചര പ്രേമം വഴി.”

എന്നിങ്ങനെ ഒരു പാട്ടുവഴിയുടെ ഒതുക്കവും ഇണക്കവും കവിതയിലേക്ക്‌ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒന്നാണ്‌. ‘കുന്നത്തെ ചെന്മാരി’യിൽ ഒരു നാടോടിമിത്തിന്റെ കാവ്യാവിഷ്‌കാരമാണുളളത്‌. ‘വിത്തും കൈക്കോട്ടും’ എന്ന കവിത നാട്ടുചൊല്ലിന്റെ വടിവുകളെ വർത്തമാനജീവിതദുരന്തങ്ങളുമായി ചേർത്തുവച്ച്‌ വിരുദ്ധ ചിത്രങ്ങളുടെ ലോകം ചമയ്‌ക്കുന്നു. അന്തിമമായി അതൊരു കറുത്ത ചിരിയായിരിക്കുന്നു.

‘കവിതകൾക്കുമപ്പുറത്ത്‌’, ‘ദുർഗന്ധം’, ‘വിരലുകൾ’ തുടങ്ങിയ കവിതകളിലെത്തുമ്പോൾ കവിത ഒട്ടൊക്കെ സാമൂഹ്യവിചാരങ്ങളാവുന്നത്‌ കാണാം. രചനാപരമായി പരിമിതികളേറെയുളള ഒന്നാണ്‌ ദുർഗന്ധം എന്ന കവിത. ബക്കറിന്റെ കവിതയിലെ മൂന്നാം വഴിയെന്ന്‌ മുകളിൽപ്പറഞ്ഞ ഗണത്തിൽപെടുന്ന രചനകൾ പലപ്പോഴും ഈ പ്രതിസന്ധിയിൽ ചെന്ന്‌ പെട്ടിട്ടുണ്ട്‌. അവ കവിതയെ വാച്യമായ പ്രസ്‌താവനയിൽ ഒതുക്കാൻ ശ്രമിക്കുന്നു. എന്നാൽ ‘ഭാരതീയൻ’, ‘ഗ്രാമീണം’ തുടങ്ങിയ കവിതകൾ നമ്മുടെ പഴയ ഒരു രചനാപാരമ്പര്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട്‌ വ്യത്യസ്‌തമായി നിലകൊളളുന്നുമുണ്ട്‌. ഒരു യാത്രയോ, ഒരു കൂടിക്കാഴ്‌ചയോ പോലുളള സാമാന്യാനുഭവങ്ങളെ മുൻനിർത്തി ജീവിതത്തെക്കുറിച്ച്‌ തത്ത്വവിചാരപരമായി ചിലതൊക്കെ പറയാനുളള ശ്രമം ഇടപ്പളളിക്കവിതയ്‌ക്കു ശേഷമുളെളാരു ഘട്ടത്തിൽ നമ്മുടെ കവിത നടത്തിയിട്ടുണ്ട്‌. ‘ഭാരതീയൻ’ ആ താവഴിയിലുളള ഒരു രചനയാണ്‌. നമ്മുടെ കാവ്യചരിത്രത്തിലെ ഒരു പഴയ സന്ദർശനത്തിന്റെ തുടർച്ച അതിലുണ്ട്‌.

സവിശേഷമായ ബിംബനിർമ്മിതികളിലൂടെ ലോകബന്ധങ്ങളെക്കുറിച്ചുളള സൂക്ഷ്‌മസ്വരമുയർത്തുന്ന ഒന്നാണ്‌ ‘കടൽജലം’ എന്ന കവിത. പ്രമേയ തലത്തിൽ സംഗ്രഹിക്കുന്ന ലോകാനുഭവങ്ങൾക്കൊപ്പം പോകുന്ന ലീനധ്വനികളെ ഉൾക്കൊണ്ടു നിൽക്കുന്ന ഒന്നാണത്‌.

“ജലം നിറച്ച ചില്ലുകൂടിന്റെ

പ്രതലങ്ങളിൽ മുട്ടി

വഴിമുടങ്ങുന്ന മാത്രയിലെ

വെപ്രാളങ്ങൾ.”

എന്നിങ്ങനെ സാമാന്യമായ ലോകാനുഭവങ്ങളിലേക്ക്‌ ചാഞ്ഞുനിൽക്കുന്ന തുടക്കമാണ്‌ കവിതയുടേത്‌. ഈ സാമാന്യതയിൽ നിന്ന്‌ സൂക്ഷ്‌മമായ സവിശേഷധ്വനികളിലേക്ക്‌ കവിത പിന്നാലെ കടന്നുപോകുന്നു.

“പുനർജ്ജനിക്കാൻ നല്ലത്‌

ആമയായിട്ടോ

മീനിന്റെ ഭക്ഷണമായ

പായലായിട്ടോ

പ്രാർത്ഥന

കടലമ്മയോട്‌.”

എന്നിടത്തെത്തുമ്പോൾ പ്രത്യക്ഷതയുടെ ലോകത്തിനപ്പുറത്തേക്കുളള വഴിയിൽ കവിത കാലൂന്നുന്നുണ്ട്‌. ‘ജലചുംബനം നടക്കാതെ&ദാഹത്തെ പരിണയിക്കുന്ന കാക്ക’യെ ഭാവന ചെയ്യുന്ന ‘മത്സ്യങ്ങൾ’ എന്ന കവിതയിലും ‘ഇരുട്ടിന്റെ വളളികൾ സൗമ്യമായി പടർന്നുപൂക്കുന്ന’ ‘വിത്ത്‌’ എന്ന കവിതയിലും ഇങ്ങനെയൊരു വഴി തുറന്നുകിടപ്പുണ്ട്‌.

‘മിഴിപ്പൊയ്‌കയിൽ നിന്നും കരയ്‌ക്കുകയറിയ ഹംസങ്ങൾ’ എന്ന കവിതയിലേത്‌ പ്രണയവും ഫലിതവും ചേർന്നുനിൽക്കുന്ന വിരുദ്ധോക്തികളുടെ ലോകമാണ്‌ ഒരർത്ഥത്തിൽ ‘വിത്തും കൈക്കോട്ടും’ എന്ന കവിതയുമായി ഇതിനൊരു ചാർച്ചയുണ്ട്‌. നാട്ടുപഴമയുടെ വാമൊഴികൾക്കുമേൽ വർത്തമാനത്തിന്റെ ദീനതകളെ ഇണക്കിനിർത്തിയാണ്‌ അവിടെ കവിത നിലകൊളളുന്നതെങ്കിൽ ഇവിടെയത്‌ വികാരലോലുപമായ പ്രണയ ഭാവനകൾക്കു മേലെയാണ്‌. ‘പാസ്‌പോർട്ട്‌ സൈസ്‌’ എന്ന കവിതയും ഒട്ടൊക്കെ ഈയൊരു ഭാവഘടന തന്നെയാണ്‌ നിലനിർത്തുന്നത്‌. പ്രണയകൽപനകൾക്കപ്പുറം ഒരു ജീവിത സന്ദർഭമാണതിന്റെ ആധാരം എന്നേയുളളു. (എല്ലാം തുറന്നുപറയുന്ന വാചാലതയുടെ പ്രശ്‌നം ഈ കവിതയിലുമുണ്ടെങ്കിലും) ‘വിചാരണ വിധി’ എന്ന കവിത പിൻപറ്റുന്നതും വിരുദ്ധോക്തിയുടെ രചനാതന്ത്രത്തെ തന്നെയാണ്‌. ശിക്ഷ എന്ന കവിത വാസ്‌തവത്തിൽ ഇതിന്റെ സ്ഥലമായ ഒരാവർത്തനമാണ്‌.) ബക്കറിന്റെ കവിതകളിലെ ചിരി ഇങ്ങനെ, ഒട്ടുമിക്കവാറും ഇരുണ്ട ഒന്നാണ്‌. ലോകാനുഭവങ്ങൾ തന്നെയാണ്‌ അവയുടെ അടിത്തറ. കറുത്ത ഫലിതത്തെക്കുറിച്ച്‌ ആധുനികതാവാദത്തിന്റെ കാലത്ത്‌ ഉയർന്നുവന്ന ആലോചനകളുമായി ചേർത്തുവച്ച്‌ പരിശോധിക്കാൻ നമ്മെ പ്രേരിപ്പിക്കും വിധം ആ കാവ്യസംസ്‌കാരവുമായി ഇവയ്‌ക്കുളള ബന്ധം സുദൃഢവും പ്രകടവുമാണ്‌. ബക്കറിന്റെ കാവ്യജീവിതത്തെ നിർണ്ണയിച്ചുപോരുന്ന ഭാവബദ്ധതയും മറ്റൊന്നല്ല.

മലയാളത്തിലെ പുതുകവിതയുടെ അടയാളങ്ങളായി പറഞ്ഞുപോരാറുളള പലതിനെയും ഈ കവിതകൾ ഒഴിച്ചുനിർത്തിയിരിക്കുന്നു. കവിത ഒന്നിലേക്കും തുറക്കാതിരിക്കുന്ന, വാക്ക്‌ അതായിത്തന്നെ നിലനിൽക്കുന്ന, ദർശനഭാരമില്ലായ്‌മയുടെ ലോകമായാണ്‌ പുതുകവിത വാഴ്‌ത്തപ്പെട്ടുപോരുന്നത്‌. ഈ കവിതകൾ പക്ഷേ മറിച്ചാണ്‌. അവയിൽ ജീവിത ദുഃഖങ്ങളുടെ പ്രത്യക്ഷലോകങ്ങളുണ്ട്‌. ദർശനികം എന്ന്‌ പറഞ്ഞുകൂടെങ്കിലും ജീവിതാലോചനകളുടെ ഘനമുണ്ട്‌. ലോകയാഥാർത്ഥ്യങ്ങളിലേക്ക്‌ തന്നെ തുറന്നുകിടക്കുന്ന എത്രയും വഴികളുമുണ്ട്‌. അതുകൊണ്ട്‌ തന്നെ ഭാവപരമായ ഭദ്രതയെക്കുറിച്ചുളള പ്രതീക്ഷകളാണിവ നിലനിർത്തുന്നത്‌. ഒരു വാക്കിന്റെ ധ്വനികളിൽ അടയിരുന്ന്‌ ധ്വാനാനുഭൂതിയിൽ കണ്ടെടുക്കേണ്ട പൊരുളായി തന്റെ കവിതയുടെ യാഥാർത്ഥ്യത്തെ മാറ്റിത്തീർക്കാൻ ബക്കർ ശ്രമിക്കുന്നില്ല. സുപരിക്ഷിതമായ ഒരു വഴിയിലൂടെയാണ്‌ ഇവയുടെ സഞ്ചാരം. നമ്മുടെ കാവ്യചരിത്രത്തിലെ വലിയ വിജയങ്ങളെ പിൻപറ്റിക്കൊണ്ട്‌ ആ വഴികളിലൂടെ നീങ്ങാനുളള ശ്രമങ്ങളെയാണ്‌ ഈ സമാഹാരത്തിലെ കവിതകളിൽ നമുക്ക്‌ അഭിമുഖീകരിക്കാനുളളത്‌. കവിതയിലെ ഈ നേർവഴിനടത്തം വായനയിൽ നമുക്ക്‌ തുടരാനാവുകയും ചെയ്യും.

(ഉടൻ പ്രസിദ്ധീകരിക്കുന്ന ബക്കർ മേത്തലയുടെ ‘കടൽജലം’ എന്ന കവിതാസമാഹാരത്തിന്‌ വേണ്ടി എഴുതിയ അവതാരിക)

(കടപ്പാട്‌ ഃ വിശകലനം മാസിക)

Generated from archived content: essay2_oct28.html Author: sunil_p_ilayidam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here