വയറ്റിലെ പ്രകമ്പനത്തിന് നേരിയൊരു കുറവു പോലെ തോന്നി. നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ സദാനന്ദിന്റെ ശിരസ്സില്‍ തഴുകി. അമ്മ പോയതിനുശേഷം, ഇതുപോലെ, സ്‌നേഹമസൃണമായൊരു തഴുകല്‍ അനുഭവിച്ചിട്ടില്ല, ആ തളര്‍ച്ചയുടെ മൂര്‍ദ്ധന്യത്തിന്നിടയിലും സദാനന്ദ് ഓര്‍ത്തു.
‘ഓ, മാ…’ അവള്‍ നീട്ടി വിളിച്ചു. പുറത്തു നിന്ന് ആരോ വിളി കേട്ടു. എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൈമാറി. എന്തെന്നു മനസ്സിലായില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ ചെവിയില്‍ മെല്ലെപ്പറയുന്നതു കേട്ടു: ‘ദാ, ഇതു കുടിച്ചോളൂ.’
പ്രയാസപ്പെട്ട് കണ്ണു തുറന്നു നോക്കി. ഒരു സ്റ്റീല്‍ ഗ്ലാസ്സ് ചുണ്ടോടടുത്തിരിയ്ക്കുന്നു. ഗ്ലാസ്സില്‍ നിന്ന് ആവി പറക്കുന്നു. വേണമെന്നോ വേണ്ടെന്നോ പറയാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഗ്ലാസ്സ് ചുണ്ടില്‍ മുട്ടിയപ്പോള്‍, വായ് തനിയേ തുറന്നു. വീണ്ടുമൊരു കുട്ടിയായി മാറി. ചൂടുള്ള ദ്രാവകം കുറേശ്ശെ വായ്ക്കകത്തേയ്ക്കു കടന്നു. അധികം ബുദ്ധിമുട്ടാതെ തന്നെ അതിറങ്ങിപ്പോയി. അല്‍പ്പസമയം കൊണ്ട് ഗ്ലാസ്സു കാലിയായി. വീണ്ടും കണ്ണുകളടച്ചു. മാറില്‍ തലചായ്ച്ചു.
ചൂടുള്ള വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ഒരു തുണികൊണ്ട് അവള്‍ മാറിലമര്‍ന്നിരിയ്ക്കുന്ന മുഖത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ മുഴുവന്‍ കുറേശ്ശെയായി തുടച്ചു നീക്കി. ശരീരത്തെ ഒരല്‍പ്പം അകറ്റിപ്പിടിച്ച് ഷര്‍ട്ടിന്റെ മുന്‍വശത്തു പറ്റിയിരുന്ന മാലിന്യങ്ങളും തുടച്ചു നീക്കി. ആരോ വന്നു നിലം വൃത്തിയാക്കുന്നതും കണ്ണടഞ്ഞിരിയ്ക്കുമ്പോള്‍ത്തന്നെ സദാനന്ദ് മനസ്സിലാക്കി. എല്ലാവരേയും ബുദ്ധിമുട്ടിച്ചിരിയ്ക്കുന്നു. ‘സോറി.’
മറുപടിയെന്നോണം ശിരസ്സ് അവളുടെ മാറില്‍ ഒന്നു കൂടി അമര്‍ന്നു. അവള്‍ സ്‌നേഹത്തോടെ അമര്‍ത്തിയതായിരിയ്ക്കുമോ. വിഷമിയ്ക്കണ്ട, സോറി പറയേണ്ട കാര്യമില്ല എന്നായിരിയ്ക്കുമോ അര്‍ത്ഥമാക്കിയത്. വാക്കുകള്‍ക്ക് ദാരിദ്ര്യമുള്ള കൂട്ടത്തിലാണ് ഈ കാമാഠിപുരക്കാരി മലയാളി, സദാനന്ദ് തളര്‍ച്ചയോടെ ഉള്ളില്‍പ്പറഞ്ഞു.
സ്റ്റീല്‍ഗ്ലാസ്സില്‍ നിന്നു കുടിച്ച ദ്രാവകം വളരെ ഗുണം ചെയ്തു. വയറ്റിലെ പ്രകമ്പനത്തിനു പെട്ടെന്നു കുറവുണ്ടായി. ഛര്‍ദ്ദിയ്ക്കാനുള്ള തോന്നല്‍ വിട്ടുമാറി. പക്ഷേ തളര്‍ച്ച കൂടി. കുറച്ചൊന്നുമായിരുന്നില്ലല്ലോ ഛര്‍ദ്ദിച്ചു കൂട്ടിയത്. കുടം കമഴ്ത്തുന്നതു പോലെയായിരുന്നല്ലോ തട്ട്. അതും എത്ര തവണ!
തളര്‍ച്ച മൂലം ശിരസ്സ് അവളുടെ മാറില്‍ നിന്ന് അവളുടെ മടിയിലേയ്ക്കിറങ്ങി. മടി തലയിണയായി. കൈകള്‍ തനിയേ അവളുടെ അരക്കെട്ടില്‍ ചുറ്റി. കവിള്‍ത്തലം അവളുടെ തുടയിലമര്‍ന്നു. കണ്ണുകളടഞ്ഞു. നീണ്ടുമെലിഞ്ഞ വിരലുകള്‍ ശിരസ്സിലും പുറത്തും തഴുകിക്കൊണ്ടിരിയ്‌ക്കെ സദാനന്ദ് ഉറക്കത്തിലേയ്ക്കു വഴുതി വീണു.
കുറേയേറെ നേരം ഉറങ്ങിക്കാണണം. എങ്ങനെയോ, എപ്പോഴോ കണ്ണു തുറന്നു. ചുറ്റുമുള്ള കാഴ്ചകള്‍ പെട്ടെന്നു മനസ്സിലായില്ല. ഒരല്‍പ്പനേരം കഴിയേണ്ടി വന്നു, കാര്യങ്ങള്‍ തിരിച്ചറിയാന്‍. ശിരസ്സ് അവളുടെ മടിയില്‍ത്തന്നെ. ശിരസ്സുയര്‍ത്തി മുഖത്തേയ്ക്കു നോക്കി. അവള്‍ തന്നെത്തന്നെ ഉറ്റു നോക്കിക്കൊണ്ടിരിയ്ക്കുന്നു. താനുറങ്ങിയപ്പോഴും അവള്‍ അതേ ഇരിപ്പു തന്നെ തുടര്‍ന്നിരിയ്ക്കുന്നു. തന്നെ ഉണര്‍ത്തേണ്ട എന്നു കരുതിയാകാം. കണ്ണുകളില്‍ ഉറക്കച്ചടവുണ്ട്.
സദാനന്ദിന് അനുകമ്പ തോന്നി. ഉടന്‍ എഴുന്നേറ്റിരുന്നു. ‘ഞാനാകെ ബുദ്ധിമുട്ടിച്ചൂല്ലേ? സോറി.’
‘ഇല്ലാത്ത പതിവ് ഉണ്ടാക്കണ്ട.’ സൂചന മദ്യപാനത്തെപ്പറ്റിയായിരിയ്ക്കണം. സ്വരത്തില്‍ ശാസന വ്യക്തമായിരുന്നു. കാമാഠിപുരക്കാരി മലയാളിയ്ക്ക് ശാസിയ്ക്കാനറിയാം. ശാസനയിലും മലയാളത്തിന്റെ മാധുര്യം നുകര്‍ന്നു. ശബ്ദത്തിനോ ഭാഷയ്‌ക്കോ മാധുര്യം കൂടുതല്‍?
സ്‌നേഹനിര്‍ഭരമായ ശാസനകള്‍ കേട്ടിട്ടു പതിറ്റാണ്ടുകളായി. കുറച്ചുകഴിഞ്ഞു ചോദിച്ചു, ‘പതിവില്ലെന്നെങ്ങനെയറിഞ്ഞു?’
കാമാഠിപുരക്കാരി മറുപടി പറഞ്ഞില്ല.
പുതിയ പതിവുകള്‍ ഉണ്ടാക്കുന്നില്ല. സമ്മതം. മാത്രമല്ല, പഴയ പതിവുകള്‍ക്കുപോലും ഇന്ന് അവസാനമിടുന്നു. പോരേ. സദാനന്ദ് പോക്കറ്റില്‍ നിന്ന് ഉറക്കഗുളികകളുടെ കുപ്പി പുറത്തെടുത്തു. അതോടൊപ്പം ആത്മഹത്യക്കുറിപ്പുകളടങ്ങിയ കവറും. ‘ഇന്നെന്റെ അവസാനമാണ്,’ കാര്യമാത്രപ്രസക്തമായി പറഞ്ഞു.
പറഞ്ഞത് അവള്‍ക്കു മനസ്സിലായിക്കാണില്ല, കാരണം, അവളുടെ മുഖത്ത് ഭാവഭേദമൊന്നുമുണ്ടായില്ല.
സദാനന്ദ് മുദ്രപ്പത്രമെടുത്ത് തറയില്‍ നിവര്‍ത്തി. പോക്കറ്റില്‍ നിന്നു പേനയെടുത്തു തുറന്നു. ‘പേരു പറയൂ.’
ഒരു നിമിഷം അവള്‍ നോക്കിയിരുന്നു. പേരു പറയണോ വേണ്ടയോ എന്നായിരിയ്ക്കാം സംശയിയ്ക്കുന്നത്. ഒരുപാടു പേര്‍ പേരു ചോദിച്ചിട്ടുണ്ടാകും. ഊരും പേരുമൊന്നും ആരോടും പറയാറുമില്ലായിരിയ്ക്കാം. അവയ്‌ക്കൊന്നും അര്‍ത്ഥമില്ലാതായിട്ടുമുണ്ടാകും.
‘നന്മയ്ക്കാണ്. പേടിയ്ക്കാനില്ല. പേരു പറയൂ.’ സദാനന്ദ് മൃദുവായി ചോദ്യം ആവര്‍ത്തിച്ചു.
‘വിശാഖം.’ വിശാഖം. വിശാഖം. പേര് ഉള്ളിലേയ്ക്കു വലിച്ചെടുത്തു. വിശാഖം. അവസാന യാത്രയ്ക്കു മുന്‍പുള്ള അവസാനത്തെ പരിചയപ്പെടല്‍.
‘ഇനീഷ്യല്‍.’
‘എം കെ.’
‘അച്ഛന്റെ പേര്?’
വിശാഖം നിശ്ശബ്ദയായി ഇരുന്നു.
‘പേടിയ്ക്കണ്ട, പറഞ്ഞോളൂ.’ സദാനന്ദ് ധൈര്യം കൊടുത്തു.
‘കരുണാകരന്‍.’ വിശാഖം നെടുവീര്‍പ്പിട്ടു. അവളുടെ കണ്ണുകള്‍ പെട്ടെന്നു നനഞ്ഞു. ഓര്‍ത്തിട്ട് ഒരുപാടു നാളായിട്ടുണ്ടാകാം. സദാനന്ദ് സഹതാപത്തോടെ അവളുടെ തോളത്തു സ്പര്‍ശിച്ചു.
‘ഡോട്ടര്‍ ഓഫ് കരുണാകരന്‍. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടോ?’ ശബ്ദിയ്ക്കാനാകാതെ, ഇല്ലെന്ന് കൈത്തലത്തിന്റെ ചെറിയൊരു ചലനത്തിലൂടെ വിശാഖം അറിയിച്ചു. ‘ഡോട്ടര്‍ ഓഫ് ലേറ്റ് കരുണാകരന്‍,’ സദാനന്ദ് എഴുതി. ‘നാട്ടിലെ മേല്‍വിലാസം?’
വിശാഖം നിശ്ശബ്ദയായിരുന്നു.
‘ഇവിടുത്തെ അഡ്രസ്സായാലും മതി.’ അഡ്രസ്സ് എവിടുത്തേതായാലും വിലയുള്ളതു തന്നെ. നാട്ടിലേതു തന്നെ വേണം എന്നില്ല.
‘നമ്പര്‍ സെവന്‍, ഫിഫ്ത് ലെയിന്‍…’
‘ഓക്കെ. ഇനി വിശാഖത്തിന്റെ വയസ്സുകൂടി.’
എല്ലാ വിവരങ്ങളും രേഖപ്പെടുത്തി. വില്‍പ്പത്രം റെഡി. തന്റെ മരണശേഷം അര്‍ദ്ധശതകോടിയുടെ അടുത്തുവരുന്ന സ്വത്തുക്കള്‍ക്കെല്ലാം കൂടി ആകെ ഒരൊറ്റ അവകാശി മാത്രം: എം കെ വിശാഖം, ഡോട്ടര്‍ ഓഫ് ലേറ്റ്…
വില്‍പ്പത്രം ആദ്യാവസാനം ഓടിച്ചു വായിച്ചു. സ്വത്തുക്കളുടെ ലിസ്റ്റില്‍ എന്തെങ്കിലും വിട്ടു പോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെയും, വില്‍പ്പത്രത്തില്‍ പറയാന്‍ വിട്ടുപോയിട്ടുള്ള എല്ലാ സ്ഥാവരജംഗമസ്വത്തുക്കളും ഈ വില്‍പ്പത്രമനുസരിച്ചുള്ള ഗുണഭോക്താവിനു തന്നെ ലഭിയ്ക്കണം എന്ന അര്‍ത്ഥം വരുന്നൊരു വാചകം ഒടുവിലായി എഴുതിച്ചേര്‍ത്തിരിയ്ക്കുന്നതുകൊണ്ട് ഇനിയുമെന്തെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ത്തന്നെയും അവയെല്ലാം വിശാഖത്തിനു തന്നെ ലഭിയ്ക്കും. അവള്‍ അവയെല്ലാം അവകാശപ്പെടണമെന്നു മാത്രം.
സദാനന്ദ് മെല്ലെ എഴുന്നേറ്റു. അതുകണ്ട് വിശാഖവും. ‘ദാ, ഇതു വിശാഖത്തിനുള്ളതാണ്. വാങ്ങിക്കോളൂ.’ സദാനന്ദ് എല്ലാത്തരത്തിലും പൂര്‍ണ്ണമായ വില്‍പ്പത്രം അതിന്റെ കവറോടെ ഇരുകൈകളും കൊണ്ട് വിശാഖത്തിന്റെ കൈയ്യിലേയ്ക്കു കൊടുത്തു. വിശാഖം അനുസരണയോടെ അവ വാങ്ങി.
‘വിശാഖം. അതിലെന്താണുള്ളതെന്നറിയണ്ടേ?’ വിശാഖത്തിന്റെ കൈയ്യിലെ വില്‍പ്പത്രത്തിലേയ്ക്കു ചൂണ്ടിക്കൊണ്ട് സദാനന്ദ് ചോദിച്ചു.
വിശാഖം മറുപടിയൊന്നും പറയാതെ നോക്കിനിന്നു.
‘ഞാനിന്ന് ഇവിടെ വച്ച് ആത്മഹത്യ ചെയ്യുന്നു. എന്റെ വില്‍പ്പത്രമാണത്. ഞാന്‍ മരിച്ചുകഴിയുമ്പോള്‍ എന്റെ എല്ലാ സ്വത്തുക്കളും വിശാഖത്തിനു കിട്ടും. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ ഈ വില്‍പ്പത്രം ഏതെങ്കിലുമൊരു വക്കീലിനെ കാണിയ്ക്കുക. വേണ്ടതൊക്കെ വക്കീല്‍ ചെയ്തുതന്നോളും. വിശാഖത്തിന് ഇനിയൊരിയ്ക്കലും കഷ്ടപ്പെടേണ്ടി വരില്ല.’
വിശാഖം ഒന്നും മനസ്സിലാകാതെ മിഴിച്ചു നോക്കി നിന്നു. എന്തൊക്കെയാണീ കേള്‍ക്കുന്നത്!
‘ഇപ്പോഴത്തെ നിലയ്ക്ക് വില്‍പ്പത്രത്തിലെഴുതിയിരിയ്ക്കുന്ന സ്വത്തുക്കള്‍ക്കെല്ലാം കൂടി ആകെയൊരു നാല്‍പ്പതു നാല്‍പ്പത്തഞ്ചുകോടി രൂപ വില കിട്ടുമായിരിയ്ക്കണം. അതുകൊണ്ട് വില്‍പ്പത്രം ഭദ്രമായി സൂക്ഷിയ്ക്കണം.’
ഒരു വലിയ ചുമതല തീര്‍ന്നിരിയ്ക്കുന്നു. ഇനി മുഖ്യകര്‍മ്മമാണു ബാക്കിയുള്ളത്. അതിന് വിശാഖത്തിന്റെ സഹായം അത്യാവശ്യമാണു താനും.
സദാനന്ദ് ഉറക്കഗുളികകളുടെ കുപ്പിയെടുത്തു. ‘വിശാഖം, എനിയ്ക്ക് രണ്ടുമൂന്നു ഗ്ലാസു വെള്ളം
വേണം. ഈ ഗുളികകള്‍ മുഴുവനും കഴിയ്ക്കാനുണ്ട്.’
‘എന്തിന്?’ വിശാഖമൊന്നു വായ് തുറന്നു. വിശാഖത്തിനു കാര്യങ്ങള്‍ പിടികിട്ടിയിട്ടില്ലെന്നു തോന്നുന്നു. ആത്മഹത്യയെന്നു പറഞ്ഞത് ഒന്നുകില്‍ വിശാഖത്തിനു മനസ്സിലായിട്ടില്ല. അല്ലെങ്കിലവള്‍ക്കതു വിശ്വാസമായിട്ടില്ല. അതുമല്ലെങ്കില്‍ പറഞ്ഞതൊന്നും അവള്‍ ശരിയ്ക്കു കേട്ടിട്ടില്ല. ബുദ്ധിയ്ക്ക് ഒരല്‍പ്പം കുറവുണ്ടോ ആവോ…
‘ഇതിനുള്ളിലുള്ളത് ഉറക്കഗുളികകളാണ്. ഉറങ്ങാനുള്ളതാണെങ്കിലും, ഇതു മുഴുവനും കഴിച്ചാല്‍ ബുദ്ധിമുട്ടാതെ മരിയ്ക്കാം. വെള്ളം തരൂ.’
വിശാഖം കുപ്പിയ്ക്കായി കൈനീട്ടി. അത് അപ്രതീക്ഷിതമായിരുന്നെങ്കിലും സദാനന്ദ് കുപ്പി വിശാഖത്തിനു കൊടുത്തു. കുപ്പിയിലുള്ളത് ഉറക്കഗുളികകള്‍ തന്നെയാണോ എന്നവള്‍ വേണമെങ്കില്‍ നോക്കിക്കോട്ടെ. കുപ്പിയുടെ പുറത്തുള്ള ലേബല്‍ വായിയ്ക്കാന്‍ പറ്റുമെങ്കില്‍ അവള്‍ വായിച്ചു മനസ്സിലാക്കിക്കോട്ടെ. പറഞ്ഞതെല്ലാം അതേപടി ആരും വിശ്വസിച്ചില്ലെന്നു വരാം. സ്വയം ബോദ്ധ്യപ്പെടുകയാണ് ഏറ്റവും നല്ലത്. അവള്‍ പരിശോധിച്ചു സ്വയം ബോദ്ധ്യപ്പെടുത്തട്ടെ.
അതു തന്നെയുമല്ല, വിശ്വസിയ്ക്കാന്‍ എളുപ്പമുള്ള കാര്യങ്ങളല്ലല്ലോ പറഞ്ഞുവച്ചിരിയ്ക്കുന്നത്! അല്ലെങ്കിലും ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നു പറഞ്ഞാല്‍ ആരും വിശ്വസിയ്ക്കില്ല. കയറിന്‍ തുമ്പത്തു തൂങ്ങിനില്‍ക്കുന്നതോ റെയില്‍പ്പാളത്തില്‍ ചിതറിക്കിടക്കുന്നതോ ഒക്കെ കണ്ടെങ്കില്‍ മാത്രമേ ജനത്തിനു വിശ്വാസമാകൂ. എന്നിട്ടു മുതലക്കണ്ണീരൊഴുക്കുകയും ചെയ്യും. വിശാഖവും ആ ജനത്തില്‍പ്പെട്ടയാളായിരിയ്ക്കാം. മറ്റെന്തു പ്രതീക്ഷിയ്ക്കാന്‍.
‘വിശാഖം, വെള്ളം വേഗം തരണം. എനിയ്ക്കിതു മുഴുവനും കഴിയ്ക്കണം. വിശാഖം എന്നെ സഹായിയ്ക്കുകയും വേണം.’
വിശാഖം ദൃഷ്ടി കുപ്പിയിന്മേലുറപ്പിച്ചു. അവളുടെ ഇടത്തുകൈയ്യില്‍ നിന്ന് വില്‍പ്പത്രവും കവറും നിലത്തു വീണു. അതവള്‍ അറിഞ്ഞ മട്ടില്ല.
കോടിക്കണക്കിനു വിലയുള്ള സ്വത്ത് അവള്‍ക്കു നല്‍കുന്ന വില്‍പ്പത്രം അവള്‍ അശ്രദ്ധയോടെ താഴെയിട്ടതു കണ്ട് സദാനന്ദ് ആശ്ചര്യപ്പെട്ടു. ഇവള്‍ക്കിതെന്താ, സുബോധം നഷ്ടപ്പെട്ടുവോ? സാമാന്യബുദ്ധിയുള്ള ആരാണെങ്കിലും വില്‍പ്പത്രം തന്റെ കൈയ്യില്‍ നിന്നു പിടിച്ചുപറിച്ച്, തന്നെക്കൊണ്ട് ആത്മഹത്യ ചെയ്യിപ്പിച്ച്, വില്‍പ്പത്രവുമായി വക്കീലിന്റെ അടുത്തേയ്ക്ക് എപ്പോഴേ ഓടിക്കഴിഞ്ഞേനേ!
അവള്‍ കുപ്പി വലത്തുകൈയ്യില്‍ നിന്ന് ഇടത്തുകൈയ്യിലേയ്ക്കു മാറ്റി. കുപ്പിയിലേയ്ക്കു തുറിച്ചു നോക്കിക്കൊണ്ടു നിന്നു.
‘വിശാഖം, ഗുളിക തരൂ. വെള്ളവും തരണം,’ സദാനന്ദ് കുപ്പിയ്ക്കായി കൈനീട്ടിക്കൊണ്ട് വിശാഖത്തിനെ വീണ്ടും ഓര്‍മ്മിപ്പിച്ചു.
സദാനന്ദിന്റെ ഓര്‍മ്മപ്പെടുത്തല്‍ വിശാഖം കേട്ടതേയില്ല. സദാനന്ദ് നോക്കിനില്‍ക്കെ അവളുടെ മുഖത്തെ ഭാവം മാറി. അവള്‍ കുപ്പി തുറന്നു. അടപ്പ് വലത്തു കൈയ്യിലായി. തുറന്ന കുപ്പി ഇടത്തുകൈയ്യിലും.
സദാനന്ദ് കരുതി: അവള്‍ ഗുളികകള്‍ പുറത്തെടുത്തു പരിശോധിയ്ക്കുന്നെങ്കില്‍ പരിശോധിച്ചോട്ടെ. ഗുളികകളൊന്നും താഴെക്കളയാതിരുന്നാല്‍ മതി.
വിശാഖം കുപ്പി ചെരിച്ച് ഏതാനും ഗുളികകള്‍ വലത്തു കൈയ്യിലെ അടപ്പിലേയ്ക്കു വീഴ്ത്തി. അവള്‍ ആ ഗുളികകളിലേയ്ക്ക് തുറിച്ചു നോക്കി.
‘വിശാഖം…’ വെള്ളത്തിന്റെ കാര്യം ഓര്‍മ്മിപ്പിയ്ക്കാനായി സദാനന്ദ് വീണ്ടും വിളിച്ചു.
വിശാഖം വലത്തുകൈയിലെ ഗുളികകള്‍ വീണ്ടും ഇടത്തുകൈയ്യിലെ കുപ്പിയിലേയ്ക്കിട്ട്, കുപ്പിയടച്ച്, കുപ്പി ഭദ്രമായി തിരികെ ഏല്‍പ്പിയ്ക്കുന്നതും കാത്ത് സദാനന്ദ് നിന്നു. സമയം പോകുന്നു. ലോകത്തോടു വിട പറയേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.
‘തരൂ.’ സദാനന്ദ് അല്‍പ്പം അക്ഷമയോടെത്തന്നെ ആവശ്യപ്പെട്ടു. സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള പകുതി വഴി ഇതിനകം പിന്നിട്ടുകഴിയേണ്ടതായിരുന്നു. ഈ വിശാഖമെന്താണിനിയും വൈകിയ്ക്കുന്നത്?
പെട്ടെന്ന്, ഒരു മിന്നല്‍പ്പിണരിന്റെ വേഗതയില്‍, വിശാഖം വലത്തുകൈയിലെ അടപ്പിലുണ്ടായിരുന്ന ഗുളികകള്‍ മുഴുവനും അവളുടെ വായിലേയ്ക്കിട്ടു !!!
(തുടരും)
Generated from archived content: vaisakhap5.html Author: sunil_ms
Click this button or press Ctrl+G to toggle between Malayalam and English