വൈശാഖപൌർണമി -15

തിരിഞ്ഞും മറിഞ്ഞും, ഉറങ്ങിയും ഉറങ്ങാതെയും സദാനന്ദ് നേരം വെളുപ്പിച്ചു. ബ്രേയ്ക്ക്ഫാസ്റ്റു കഴിച്ചുകഴിഞ്ഞയുടനെ അവരിറങ്ങി. ബാഗുകൾ എടുത്തില്ല. കാമാഠിപുരയിൽ നിന്നു ഹ്യാട്ടിൽ മടങ്ങിവന്ന്, ബാഗുകളെടുത്തശേഷം എയർപോർട്ടിലേയ്ക്കു പോകുന്നതായിരിയ്ക്കും നല്ലത് എന്നു തീരുമാനിച്ചു.

ചെറിയമ്മയുടെ മുഖത്തും ഉറക്കച്ചടവുണ്ടായിരുന്നു. മുഖത്തെ ചുളിവുകളുടെ എണ്ണം വർദ്ധിച്ചപോലെ സദാനന്ദിനു തോന്നി. കണ്ണുകളുടെ തടം നേരിയതോതിൽ വീർത്തിരിയ്ക്കുന്നു. മുഖം മ്ലാനം. സദാനന്ദിനു പാവം തോന്നി. ചെറിയമ്മ പ്രത്യേകിച്ച് അല്ലലുകളൊന്നുമില്ല്ലാതെ കേരളത്തിൽ കഴിഞ്ഞുകൂടിക്കൊണ്ടിരിയ്ക്കുകയായിരുന്നു. താനാണെങ്കിലോ, വർഷങ്ങളായി ചെറിയമ്മയുടെ സുഖവിവരങ്ങൾ അന്വേഷിച്ചിട്ടുപോലുമില്ല. വിശാഖത്തെ ബ്രീച്ച് കാന്റിയിൽ അഡ്മിറ്റു ചെയ്ത്, അവളുടെ മുറിയിലേയ്ക്കു കടക്കാനാകാതെ അസ്വസ്ഥതയോടെ കാത്തിരുന്ന ദിവസങ്ങളിലാണ് പെട്ടെന്ന് ചെറിയമ്മയുടെ ഓർമ്മ വന്നതും, ഒന്നു വിളിച്ചതും. അമേരിക്കയെന്ന സ്വർഗ്ഗലോകത്തുനിന്ന് മുംബൈയിൽ വന്ന് ഒരു ദേവദാസിപ്പെണ്ണിനെ ചുവന്നതെരുവിൽ നിന്നെടുത്തുകൊണ്ടുവന്നിരിയ്ക്കുന്നു എന്നറിയച്ചപ്പോൾ അതോടെ ചെറിയമ്മ തന്നെ എഴുതിത്തള്ളിക്കളഞ്ഞുകാണും എന്നാണു കരുതിയിരുന്നത്. ദാ, ഇപ്പോ, തന്റെ ധാരണകളെയൊക്കെ തിരുത്തിക്കൊണ്ട് ചെറിയമ്മ തനിയ്ക്കും, ഇന്നലെ മാത്രം കാണാൻ തുടങ്ങിയ വിശാഖത്തിനും വേണ്ടി തീ തിന്നാൻ തുടങ്ങിയിരിയ്ക്കുന്നു. അതേ ദേവദാസിപ്പെണ്ണിന്റെ വിളികേട്ടാണ് ചെറിയമ്മ ഓടിയെത്തിയത്.

തന്നെ അവളിൽ നിന്നു രക്ഷിയ്ക്കാൻ വേണ്ടി തന്റേയും അവളുടേയും ഇടയിൽ ഒരു ബെർലിൻ മതിൽ സൃഷ്ടിയ്ക്കുക, അതായിരുന്നു ചെറിയമ്മയെ അവളേല്പിച്ച അസൈൻ‌മെന്റ്. വാസ്തവത്തിൽ അവളൊന്നു വിളിച്ചപ്പോഴേയ്ക്കും ചെറിയമ്മ ഓടിയെത്തിയത് വലിയ ഒരതിശയമായിത്തോന്നുന്നു. വെറുമൊരു ദേവദാസിപ്പെണ്ണല്ല അവൾ എന്ന് അതിനുമുൻപ് അവളുമായി ഫോണിൽക്കൂടി നടന്ന സംഭാഷണങ്ങളിൽ നിന്നു ചെറിയമ്മയ്ക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടാകും. അല്ലെങ്കിൽ അവളൊന്നു വിളിച്ചപ്പോഴേയ്ക്കും ചെറിയമ്മ, അതും എൺപതു കടന്നിരിയ്ക്കുന്ന ചെറിയമ്മ, ഓടിവരില്ലല്ലോ. അവളുടെ ‘നീരാളിപ്പിടിത്ത’ത്തിൽ ചെറിയമ്മയും പെട്ടുപോയിരിയ്ക്കുന്നു. എന്തിന്, സദാശിവനു പോലും ചേച്ചിയെ ഇഷ്ടപ്പെട്ടിരിയ്ക്കുന്നു.

വിശാഖത്തിന്റെ നീരാളിക്കൈകൾക്ക് തന്നെ സ്പർശിയ്ക്കാനാകാത്ത വിധം തനിയ്ക്കുചുറ്റും ബെർലിൻ മതിൽ പണിയുന്ന കാര്യത്തിൽ ചെറിയമ്മ എത്രത്തോളം വിജയിച്ചുവെന്നു തീരുമാനിയ്ക്കേണ്ടത് താൻ തന്നെയാണ്. മതിൽ പണിയാൻ അവളെടുത്തു ചെറിയമ്മയുടെ കൈയ്യിൽ കൊടുത്ത കല്ലുകളൊക്കെ താൻ ആദ്യമേ തന്നെ തട്ടിത്തരിപ്പണമാക്കിയിട്ടുള്ളതാണ്. രണ്ടായിരം പേരെ അവൾ സേവിച്ചിരിയ്ക്കുന്നെന്നും സംഭോഗത്തെ വെറുക്കുന്നെന്നും കുഞ്ഞുങ്ങളുണ്ടാവില്ലെന്നും മറ്റും മറ്റും…ഈ കല്ലുകൾ കൊണ്ടുണ്ടാക്കുന്ന മതിലുകളൊന്നും തനിയ്ക്കു പ്രതിബന്ധമല്ല. ഭാവിയിൽ എയ്ഡ്സ് വന്നേയ്ക്കാമെന്ന ഭീഷണിയാണ് അവൾ പുതുതായി തന്നിരിയ്ക്കുന്നത്. എന്നാൽ അതേപ്പറ്റി ഡോക്ടർ നേരത്തേ തന്നെ തനിയ്ക്കു മുന്നറിയിപ്പു തന്നു കഴിഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ അവൾക്ക് എയിഡ്സോ എച്ച് ഐ വി ബാധയോ ഉള്ളതായി കാണുന്നില്ലെങ്കിലും, കുറേ കൊല്ലങ്ങൾക്കു ശേഷം അവ ഉണ്ടായിക്കൂടായ്കയില്ല എന്നു ഡോക്ടർ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേപ്പറ്റിയും താൻ തയ്യാറെടുത്തിരിയ്ക്കുന്നു. വർഷങ്ങൾക്കു ശേഷം അവൾക്ക് എയ്ഡ്സ് വന്നെന്നു തന്നെ കരുതുക. സോ വാട്ട്. അവളെ ചികിത്സിയ്ക്കും. അൻപതു കോടിയാണ് കൈയിലുള്ളത്. എയിഡ്സ് വരട്ടെ. വരുന്നതിനെ വരുന്നിടത്തു വച്ചു തന്നെ കാണും. അതുകൊണ്ട് എയ്ഡ്സൊന്നും തനിയ്ക്കൊരു ഭീഷണിയല്ല. ആ മതിലു പണിതുയരും മുൻപുതന്നെ താനതിനെ തകർത്തിരിയ്ക്കുന്നു അല്ലെങ്കിൽ അതിനുമുകളിലൂടെ കയറിക്കഴിഞ്ഞിരിയ്ക്കുന്നു.

ചെറിയമ്മയുടെ മുഖത്തെ ഉറക്കച്ചടവാണ് ഇപ്പോഴത്തെ സങ്കടം. താൻ കാരണം ചെറിയമ്മയുടെ മുഖത്തെ ചുളിവുകൾ കൂടിയിരിയ്ക്കുന്നു. ചെറിയമ്മയ്ക്കു വേണ്ടി ഇതുവരെ കാര്യമായൊന്നും തന്നെ ചെയ്തിട്ടുമില്ല. അമ്മയേക്കാൾ കൂടുതൽ സ്നേഹം തനിയ്ക്കു ബാല്യത്തിൽ കിട്ടിയിരിയ്ക്കുന്നത് ചെറിയമ്മയിൽ നിന്നാണ്. ആ സ്നേഹം പലിശസഹിതം മടക്കിനൽകേണ്ടതായിരുന്നു. അതു നൽകിയിട്ടില്ല. എന്നിട്ടും ചെറിയമ്മയ്ക്ക് ഒരു പരിഭവവുമില്ല. ഇനി ചെറിയമ്മയെ മറക്കില്ല. താൻ ചെറിയമ്മയെ മറക്കാൻ തുടങ്ങുമ്പോഴേയ്ക്കും, അവൾ, വിശാഖം, ഓർമ്മിപ്പിച്ചോളും. ഇപ്പോൾത്തന്നെ ചെറിയമ്മയെ ഓർക്കാനിടയാക്കിയത് അവളാണ്, ആ ദേവദാസിപ്പെണ്ണ്. മറന്നുകിടന്നിരുന്ന ബന്ധുക്കളെ താൻ സ്നേഹപൂർവ്വം ഓർക്കാൻ അവളിടയാക്കി. സാവി നേരേ തിരിച്ചായിരുന്നെന്ന് ഇപ്പോളോർക്കുന്നു. തന്റെ ബന്ധുക്കളെപ്പറ്റി അവൾ ആവേശം പ്രകടിപ്പിച്ചതായി ഓർക്കുന്നില്ല. തന്റെ ബന്ധുക്കളെ താൻ മറന്നുപോയത് – ഒരു പക്ഷേ അവഗണിച്ചുപോയത് – സാവിയുടെ ആവേശക്കുറവുമൂലവുമായിരുന്നിരിയ്ക്കാം. അവളെ കുറ്റം പറയാനാകില്ല: ബന്ധുക്കളെ താനൊട്ട് ഓർത്തില്ല. സാവിയൊട്ട് ഓർമ്മിപ്പിച്ചുമില്ല. വിശാഖമാകട്ടെ, ചുരുങ്ങിയ സമയം കൊണ്ടുതന്നെ തന്റെ ബന്ധുക്കളുമായി തന്നെ ബന്ധിപ്പിയ്ക്കാൻ ശ്രമിച്ചിരിയ്ക്കുന്നു എന്നു മാത്രമല്ല, ആ ശ്രമത്തിൽ വിജയിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. വരൂ, നിങ്ങളുടെ മകനെ എന്നിൽ നിന്നു ദയവായി രക്ഷിയ്ക്കൂ…ചെറിയമ്മയോടുള്ള അവളുടെ അഭ്യർത്ഥന അതായിരുന്നു.

“ചെറിയമ്മ ഞങ്ങളെയോർത്തു വിഷമിയ്ക്കല്ലേ.” സദാനന്ദ് ചെറിയമ്മയെ ആശ്ലേഷിച്ചു.

“ഇല്ല മോനേ, എനിയ്ക്കങ്ങനെ വെഷമോന്നൂല്യ. എന്നാലും നിങ്ങളു രണ്ടുപേരും തീ തിന്നണ കാണുമ്പഴാ സങ്കടം. നല്ല രണ്ടു കുട്ട്യോള്. ഈശ്വരൻ എന്തെങ്കിലുമൊരു വഴി നിങ്ങൾക്കു കാണിച്ചുതരും. തരാതിരിയ്ക്കില്യ.” ചെറിയമ്മ സദാനന്ദിന്റെ പുറം തലോടി.

സ്കോർപ്പിയോ സദാനന്ദ് ഓടിച്ചു. ഇത്ര രാവിലേ സാധാരണ ഇറങ്ങാറില്ലാത്തതാണ്. റോഡിൽ ഗതാഗതത്തിരക്ക് തുടങ്ങിയിരുന്നില്ല. എയർ കണ്ടീഷണർ ഓണാക്കാതെ, ജനലുകൾ തുറന്നിട്ടു വണ്ടിയോടിച്ചു. പ്രഭാതത്തിലെ കുളിർകാറ്റ് വണ്ടിയ്ക്കുള്ളിലേയ്ക്ക് അടിച്ചുകയറി. സുഖമുള്ള തണുത്ത അന്തരീക്ഷം. പ്രഭാതത്തിലെ മുംബൈയ്ക്ക് മറ്റു സമയങ്ങളിൽ ഇല്ലാത്തൊരു വശ്യതയുണ്ടായിരുന്നു. സദാശിവൻ അതാസ്വദിച്ചുകൊണ്ടിരുന്നു. ചെറിയമ്മയും ശാന്തമായിരുന്നു. സദാനന്ദിന്റെ ഉള്ളിൽ മാത്രം ശാന്തിയുണ്ടായിരുന്നില്ല.

സന്ദർശനസമയത്തേക്കാൾ വളരെ മുൻപേ ബ്രീച്ച് കാന്റിയിൽ എത്തിപ്പോയതുകൊണ്ട് ചെറിയമ്മയ്ക്കും സദാശിവനും വേണ്ടി പാസ്സെടുക്കേണ്ടി വന്നു. പാസ്സുകൾക്കായി കാത്തുനിൽക്കുമ്പോൾ സദാനന്ദ് ആലോചിച്ചു, കാര്യങ്ങളെത്ര വിചിത്രം. ആഴ്ചകൾ മുൻപ് പഴന്തുണിയിലായിരുന്നു വിശാഖം ഇവിടെയെത്തിയത്. ഇന്നിപ്പോൾ അവളുടെ രോഗം പൂർണമായും മാറിയിരിയ്ക്കുന്നു. ആ ഒരൊറ്റ ചിന്ത മതി, ആഹ്ലാദം കൊണ്ടു തുള്ളിച്ചാടാൻ. ജീവിതത്തിലെ അസുലഭമുഹൂർത്തങ്ങളിലൊന്നാണിത്. ജീവിതസാഫല്യം നേടിയ മുഹൂർത്തം. എന്നിട്ടും സന്തോഷിയ്ക്കാനാകുന്നില്ല. തന്നെ അവൾ മാറോടു ചേർക്കുമെന്ന പ്രതീക്ഷ കേവലം പ്രതീക്ഷയായിത്തന്നെ തുടരുന്നു. രോഗം മാറിയപ്പോൾ തന്നെ അവൾ അകറ്റി നിർത്താൻ ശ്രമിയ്ക്കുന്നു. താൻ ഹ്യാട്ട് റീജൻസിയിലും അവൾ കാമാക്ഷിപുരയിലും! നടപ്പില്ല, നടപ്പില്ല, നടപ്പില്ല. അവളെവിടെയാണെങ്കിലും, താനും അവിടെയുണ്ടാകും. അതുറപ്പ്.

നാനൂറ്റിനാല്പത്തിനാലിന്റെ വാതിൽ തുറന്നത് വിശാഖം തന്നെയാണ്. കണ്ടപാടെ സദാനന്ദ് അവളെത്തന്നെ നോക്കി നിന്നുപോയി. അവളാകെ മാറിപ്പോയിരുന്നു. ആശുപത്രിയിലെ രോഗികളുടെ യൂണിഫോം അഴിച്ചുകളഞ്ഞിരിയ്ക്കുന്നു. ആകാശനീലിമയുടെ നിറമുള്ള പുതിയ ചുരിദാറാണ് അവൾ ധരിച്ചിരുന്നത്. താൻ വാങ്ങിക്കൊടുത്ത ചുരിദാർ. ഹാവൂ, അതവൾ ആർക്കും കൊടുത്തുകളഞ്ഞില്ല. കണ്ണുകളിലെ തിളക്കം – രണ്ടു വർഷം മുൻപുണ്ടായിരുന്ന തിളക്കം – പൂർണമായും തിരിച്ചുവന്നിരിയ്ക്കുന്നു. ആ തിളക്കത്തിന്റെ മാസ്മരികത കണ്ട് സദാനന്ദ് തരിച്ചു നിന്നു. അവളെക്കുറിച്ചുണ്ടായിരുന്ന എല്ലാ ആഗ്രഹങ്ങളും അഭിലാഷങ്ങളും ആസക്തിയുമെല്ലാം തലേന്നു രാത്രി ചെറിയമ്മയുടെ വാക്കുകൾ കേട്ടു മരവിച്ചുപോയിരുന്നു; അവയെല്ലാം, ഒന്നൊഴിയാതെ, ഞൊടിയിടയിൽ തിരിച്ചു വന്നു. പൂർവാധികം ശക്തമായി.

സദാനന്ദ് വിശാഖത്തെ കണ്ണിമയ്ക്കാതെ നോക്കിനിൽക്കുന്നതുകണ്ട് സദാശിവൻ കമന്റു പാസ്സാക്കി: “ചേട്ടൻ ചേച്ചിയെക്കണ്ട് സ്റ്റാച്യു ആയി!” വിശാഖത്തിനോടായി, “ചേച്ചീ, അടിപൊളി!” വിശാഖം ചിരിച്ചുകൊണ്ട് സദാശിവന്റെ തോളത്ത് മെല്ലെ ഒരടി കൊടുത്തു. അവൾ തിരിഞ്ഞു നടന്നപ്പോൾ അവളുടെ ചുന്നിയുടെ അറ്റങ്ങൾ വായുവിൽ പാറിപ്പറന്നത് സദാനന്ദ് നോക്കി നിന്നു. അവൾ പുതിയ ചെരിപ്പുകളണിഞ്ഞിരിയ്ക്കുന്നു. അവ അവളുടെ പാദങ്ങൾക്കിണങ്ങിയിരുന്നു. സദാനന്ദ് മുന്നോട്ടു ചെന്ന് അവളുടെ കാൽക്കൽ കുത്തിയിരുന്ന് ചെരിപ്പണിഞ്ഞ പാദങ്ങളുടെ ഭംഗിയാസ്വദിച്ചു. തന്റെ മനസ്സിലുണ്ടായിരുന്ന അളവുകൾ കൃത്യമായിരുന്നു.

“സദു എന്താണീ കാണിയ്ക്കുന്നത്?” ചെറിയമ്മയുടേയും സദാശിവന്റേയും മുൻപിൽ വച്ചു സദാനന്ദ് തന്റെ കാൽക്കൽ കുത്തിയിരിയ്ക്കുന്നതു കണ്ട് വിശാഖം സങ്കോചത്തോടെ ചോദിച്ചു. ചെരിപ്പണിഞ്ഞ പാദങ്ങളിൽ സദാനന്ദ് സ്പർശിയ്ക്കാനൊരുങ്ങുന്നതു കണ്ട് വിശാഖം പരിഭ്രമത്തോടെ പുറകോട്ടു മാറി. “എഴുന്നേൽക്കു സദൂ.” അവൾ ശാസിച്ചു.

“എന്റെ മനസ്സിലെ അളവുകൾ കൃത്യമായിരുന്നു.” സദാനന്ദ് തെല്ലൊരഭിമാനത്തോടെ പറഞ്ഞു. “ചെരിപ്പ്, ചുരിദാർ…”

സദാനന്ദിനെക്കൊണ്ടു ലിസ്റ്റു പൂർത്തീകരിയ്ക്കാൻ അനുവദിയ്ക്കാതെ വിശാഖം ടീപോയിയിൽ ഇരുന്നിരുന്ന ഒരു ഫയലെടുത്തു സദാനന്ദിന്റെ കൈയിൽ കൊടുത്തു. “ബില്ല്.” അളവുകളുടെ കൃത്യതയിൽ തൃപ്തിയടഞ്ഞുനിന്ന സദാനന്ദിനെ അവൾ കുലുക്കിവിളിച്ചുണർത്തി. “സദൂ. ഞാനും കൂടി വരാം. നമുക്ക് സ്വീറ്റ്സ് കൊടുക്കുകയും ചെയ്യാം.” അപ്പോഴാണ് ലഡ്ഡുപ്പാക്കറ്റുകൾ തന്റെ കൈയ്യിൽത്തന്നെ ഇരിയ്ക്കുകയാണെന്ന കാര്യം സദാനന്ദ് ഓർത്തത്. പാക്കറ്റുകൾ വിശാഖം വാങ്ങി.

അന്നാദ്യമായി സദാനന്ദ് വിശാഖത്തിനൊപ്പം തോളോടു തോളുരുമ്മി നടന്നു. ഇവളെ ഇവിടെത്തന്നെ പിടിച്ചുനിർത്തി ചുംബിച്ചാലോ എന്നു സദാനന്ദിനു തോന്നിയതാണ്. തന്റെ ആ ചിന്ത അവൾ മണത്തറിഞ്ഞിട്ടുണ്ടാകണം. അവൾ നിർവ്വികാരതയുടെ മുഖം‌മൂടി ഉടൻ എടുത്തണിഞ്ഞു. ഇങ്ങനൊരാൾ തൊട്ടടുത്ത്, തന്നെമുട്ടിയുരുമ്മി നടക്കാൻ ദാഹിയ്ക്കുന്ന കാര്യം അറിയാനേ പാടില്ലെന്ന മട്ടിൽ അകലേയ്ക്കു നോക്കിക്കൊണ്ട് അവൾ നടന്നു. ശരീരങ്ങളുടെ ഇടയിൽ ഇഞ്ചുകളുടെ അകലം കടന്നുവന്നതും മനഃപൂർവ്വമായിരുന്നിരിയ്ക്കണം.

കൗണ്ടറിൽ താൻ ബില്ലും പണവും കൊടുത്തപ്പോൾ കൂടെ വിശാഖം ലഡ്ഡുവിന്റെ ഒരു പാക്കറ്റും വച്ചു നീട്ടി. കൗണ്ടറിനുള്ളിലെ സ്റ്റാഫ് അനൗൺസ് ചെയ്തു, ഹായ് ലഡ്ഡു! അതുകേട്ട് മറ്റുള്ള സ്റ്റാഫ് ലഡ്ഡുവെടുക്കാൻ തിക്കിത്തിരക്കുണ്ടാക്കി. “ആപ് ജാ രഹീ ഹെ?” അവരിൽ പലരും വിശാഖത്തോടു ചോദിച്ചു. അതിന്നിടയിൽ അവരിലൊരാൾ ഒരു കുസൃതിച്ചോദ്യവും ചോദിച്ചു, “ശാദി കബ് ഹോഗി?” സദാനന്ദ് വിശാഖത്തെ പാളി നോക്കി. വിശാഖത്തിന്റെ മുഖത്തെ മന്ദഹാസം മാറ്റമില്ലാതെ തുടർന്നു. അതിൽ നിന്ന് ഒന്നും വായിച്ചെടുക്കാൻ പറ്റിയില്ല.

ഡിസ്ചാർജ്ജ് രേഖകൾ വാങ്ങിയ ശേഷം സദാനന്ദും വിശാഖവും ഡോക്ടറെക്കണ്ടു ഹൃദയപൂർവം നന്ദി പറഞ്ഞു. വിശാഖം ഡോക്ടറുടെ പാദം തൊട്ടുവണങ്ങി. ഡോക്ടർ അവളെ ആശ്ലേഷിച്ചു. “ഇഫ് യു ഹാവ് എനി ഇഷ്യൂസ്, ഡു ലെറ്റ് മി നോ”. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടൻ എന്നെ അറിയിയ്ക്കുക.

വിശാഖം നേഴ്സസ് കൗണ്ടറിലേയ്ക്കു ചെന്നു. സദാനന്ദ് നാനൂറ്റിനാല്പത്തിനാലിന്റെ മുൻപിൽ കാത്തുനിന്നു.

ഒരു രോഗിണി ഏകദേശം ഒരു മാസത്തോളം കിടക്കുന്നത് ബ്രീച്ച് കാന്റി ആശുപത്രിയിൽ വിരളമായിരിയ്ക്കുമെന്ന് സദാനന്ദോർത്തു. ഒരാഴ്ച, അല്ലെങ്കിൽ പത്തു ദിവസം. അതിനുള്ളിൽ മിയ്ക്കവരും ആശുപത്രി വിടുന്നു. വിശാഖമാണെങ്കിൽ ഒരു മാസത്തോളമായി. തുടക്കത്തിൽ ഗുരുതരാവസ്ഥയിലായിരുന്നു, അവൾ. അങ്ങോട്ടോ ഇങ്ങോട്ടോ എന്ന സന്ദിഗ്ദ്ധാവസ്ഥ. രക്ഷപ്പെടാനുള്ള സാദ്ധ്യത വിരളമായിരുന്നു. സിഫിലിസ് രൂക്ഷമായിരുന്നു. അതിനുമുൻപുള്ള വർഷങ്ങളിലെ തുടർച്ചയായുള്ള പോഷകാഹാരക്കുറവു മൂലം ആരോഗ്യവും നഷ്ടപ്പെട്ടിരുന്നിരിയ്ക്കണം. ഒരുപക്ഷേ മരണത്തിൽ നിന്നു രക്ഷപ്പെടാനുള്ള ആഗ്രഹവും ഉണ്ടായിരുന്നിരിയ്ക്കില്ല.

ഡോക്ടറുടെ ചികിത്സയും നേഴ്സുമാരുടെ സ്നേഹപൂർവമായ പരിചരണവുമാണ് വിശാഖത്തെ മരണവക്ത്രത്തിൽ നിന്നു തിരികെക്കൊണ്ടുവന്നത്. അവസാനത്തെ ആഴ്ചയൊഴികെ, മറ്റെല്ലാ ആഴ്ചകളിലും ഇരുപത്തിനാലു മണിക്കൂറും വിശാഖം നിരീക്ഷണത്തിലായിരുന്നു. എല്ലാ സമയവും ഏതെങ്കിലുമൊരു നേഴ്സ് അവളുടെ അരികിലിരുന്നു ശുശ്രൂഷിച്ചു. സ്വയം ആഹാരം കഴിയ്ക്കാനുള്ള കഴിവ് അവൾ ആർജ്ജിയ്ക്കുന്നതു വരെ നേഴ്സുമാർ ആഹാരം അവളുടെ വായിൽ വച്ചു കൊടുത്തു. അതിനു മുൻപ്, സന്ദിഗ്ദ്ധാവസ്ഥക്കാലത്ത്, ഗ്യാസ്ട്രോ നേസൽ ട്യൂബു വഴി പോഷകാഹാരം നൽകി. തനിയേ എഴുന്നേറ്റു നടക്കാറാകുന്നതുവരെ അവളുടെ വിസർജ്ജ്യങ്ങൾ അവർ നീക്കം ചെയ്തു. വ്രണബാധിതമായിരുന്ന അവളുടെ ശരീരം അവരെപ്പോഴും ശുചിയാക്കി സൂക്ഷിച്ചു. വ്രണങ്ങളെല്ലാം ദ്രുതഗതിയിൽ അപ്രത്യക്ഷമാകാൻ മരുന്നിനോടൊപ്പം ഈ ശുചിത്വവും സഹായകമായിരുന്നിരിയ്ക്കണം.

അവളെ പരിചരിയ്ക്കുന്നതോടൊപ്പം തനിയ്ക്കു രോഗം ബാധിയ്ക്കാതിരിയ്ക്കാൻ നേഴ്സുമാർ പ്രതേകശ്രദ്ധ വച്ചിരുന്നു. ആദ്യദിവസങ്ങളിൽ അവളുടെ മുറിയിൽ പ്രവേശിയ്ക്കാൻ അനുവദിയ്ക്കുക പോലും ചെയ്തില്ല. മുറിയിൽ പ്രവേശിയ്ക്കാൻ തുടങ്ങിയപ്പോഴാകട്ടെ താനവളെ സ്പർശിയ്ക്കാതിരിയ്ക്കാൻ അവർ ശ്രദ്ധിച്ചു. അവരുടെ നിയന്ത്രണങ്ങളെ താൻ അവഗണിച്ചപ്പോഴൊക്കെ അവർ തന്റെ കൈകളെ നിർബന്ധപൂർവം സാനിറ്റൈസ് ചെയ്തു. അവരുടെ നിഷ്കർഷ മൂലമായിരിയ്ക്കണം തനിയ്ക്ക് സിഫിലിസ് ബാധിയ്ക്കാതിരുന്നത്.

വിശാഖത്തിന് ഇക്കാര്യങ്ങളെപ്പറ്റി നല്ല ബോദ്ധ്യമുണ്ടെന്നു വ്യക്തമാണ്. നേഴ്സുമാരോടുള്ള അവളുടെ പെരുമാറ്റം മാധുര്യമൂറുന്നതായിരുന്നു. അവളുടെ ഏറ്റവും മാസ്മരികമായ മന്ദഹാസം അവർക്കുള്ളതായിരുന്നു. ആ മാസ്മരികതയിൽ അവർ മയങ്ങി വീണു. അതിനുമെത്രയോ മുൻപ് ആ മാസ്മരികതയിൽ താൻ മയങ്ങി വീണിരിയ്ക്കുന്നു. നേഴ്സുമാരോടാണ് അവളുടെ തമാശപറച്ചിൽ ഉഷാറായിരുന്നത്. അവൾ എന്തെങ്കിലുമൊന്നു പറയുമ്പോഴേയ്ക്ക് നേഴ്സുമാർ കുടുകുടെ ചിരിയ്ക്കുന്നതു പലപ്പോഴും കണ്ടിരിയ്ക്കുന്നു. ഹിന്ദിയിൽ മാത്രമല്ല, മറാഠിയിലും അവൾ അനായാസേന സംസാരിയ്ക്കുന്നു. നേഴ്സ് ഏതു ഭാഷക്കാരിയായാലും വിശാഖം ചിരിപ്പിച്ചതുതന്നെ!

അവളുടെ മാസ്മരികമായ മന്ദഹാസവും കുടുകുടെ ചിരിപ്പിയ്ക്കുന്ന തമാശയും ഏറ്റവും കുറച്ചുമാത്രം കിട്ടിയിരിയ്ക്കുന്നതു തനിയ്ക്കാണെന്നു സദാനന്ദ് ഓർത്തു. തന്നോടവൾ തമാശ പറയാറില്ല. തന്നോടു സംസാരിയ്ക്കുമ്പോൾ ഗൗരവം കൂടുന്നു. അതിന്റെ കാരണവും തനിയ്ക്കു മനസ്സിലായിട്ടുണ്ട്. അവൾ തന്നെ നോക്കിച്ചിരിച്ചുപോയാൽ, താൻ മറ്റെല്ലാം വെടിഞ്ഞ് അവളുടെ കാൽച്ചുവട്ടിലിരിയ്ക്കാൻ തുടങ്ങുമെന്ന് അവൾ ഭയപ്പെടുന്നു. തന്നോടു കൂടുതൽ വർത്തമാനം പറഞ്ഞാൽ താൻ അവൾക്കുവേണ്ടി തന്റെ സമ്പത്തുമുഴുവനും വലിച്ചെറിയും എന്നവൾ ഭയപ്പെടുന്നു. അവളൊന്നു ചിരിച്ചപ്പോഴേയ്ക്കും ഇരുപത്തഞ്ചുലക്ഷം മാത്രം മുടക്കേണ്ടിടത്ത് രണ്ടരക്കോടി വലിച്ചെറിയുന്നു. ചിരി തുടർന്നാൽ അൻപതുകോടിയും വലിച്ചെറിയും. സ്വയം നശിയ്ക്കും. അതുകൊണ്ട് അവൾ തന്റെ നേരേ നോക്കി ചിരിയ്ക്കുന്നില്ല, തന്നോടധികം സംസാരിയ്ക്കുന്നില്ല.

നേഴ്സുമാരുടെ ഇടയിൽ കൂട്ടച്ചിരി മുഴങ്ങി. അവളെന്തോ തമാശ പൊട്ടിച്ചിട്ടുണ്ടാകും. അതിനിടയിൽ വിശാഖത്തിന്റെ ബാഗുകൾ സദാശിവനെടുത്തു പുറത്തു വച്ചു. ചെറിയമ്മയും പുറത്തുവന്നു. വിശാഖം നേഴ്സസ് കൗണ്ടറിൽ നിന്നു മടങ്ങി വന്നു. ഇനിയെന്തെങ്കിലും എടുക്കാൻ ബാക്കിയുണ്ടോ എന്നു നോക്കാമെന്നു പറഞ്ഞുകൊണ്ട് സദാനന്ദ് മുറിയ്ക്കകത്തു കയറി. കൂടെ വിശാഖവും. സദാനന്ദ് അന്തിമ പരിശോധന നടത്തിയപ്പോൾ വിശാഖം കട്ടിലിന്റെ അരികിൽ നിന്നുകൊണ്ട് കിടക്കയിൽ വിരലോടിച്ചു: തന്നെ രക്ഷപ്പെടുത്തിയ കിടക്ക. അവളുടെ ഓർമ്മകൾ പുറകോട്ടു പോയിക്കാണണം. ആ മുറിയിൽ അഡ്മിറ്റായത് അവളുടെ ഓർമ്മയിലുണ്ടാവില്ല. അന്നവൾ ബോധമറ്റു കിടക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞാണ് അവൾ കണ്ണുതുറന്നത്. മരണവക്ത്രത്തിലാണു താൻ എന്ന് ആ ദിവസങ്ങളിൽ ഒരിയ്ക്കലെങ്കിലും അവൾ മനസ്സിലാക്കിയിരുന്നോ എന്നും സംശയമാണ്. മരണഭയം അവളിലുണ്ടായിക്കാണാൻ വഴിയില്ല. മരണത്തെ ബോധപൂർവ്വം സ്വാഗതം ചെയ്തിട്ടുള്ളവൾക്കെന്തു മരണഭയം. മരണമോ, ഓ, വന്നോളൂ. അതായിരിയ്ക്കും അവൾ ഉള്ളാലെ മരണത്തോടു പറഞ്ഞിട്ടുണ്ടാകുക.

രോഗി കൂടി അഭിലഷിയ്ക്കുമ്പോഴാണ് രോഗവിമുക്തി കൈവരുന്നത്. വിശാഖത്തിന്റെ കാര്യത്തിൽ രോഗവിമുക്തി അവൾ ആഗ്രഹിച്ചിരുന്നോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണത്തോടുള്ള അവളുടെ നിലപാടിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടാകുമോ എന്നറിയാൻ ആകാംക്ഷയുണ്ട്. ജീവിതത്തോടുള്ള വിരക്തി മാറിയോ? ജീവിയ്ക്കണം എന്നൊരാശ അവൾക്കു വീണ്ടുമുണ്ടായിട്ടുണ്ടോ? കാമാഠിപുരയിലെ ഉദ്ധാരണപ്രവർത്തനങ്ങൾ അവൾക്കു തുടർന്നു ജീവിയ്ക്കാനുള്ള വലിയ പ്രചോദനം നൽകിയിട്ടുണ്ട്. കാമാഠിപുര വിമൻസ് വെൽഫെയർ സെന്റർ അവൾക്ക് ജീവിതലക്ഷ്യമായിത്തീർന്നിരിയ്ക്കുന്നു. തന്നോട് അവൾക്കുള്ള സ്നേഹത്തിന് അവൾക്കു ജീവിയ്ക്കാനിപ്പോൾ കിട്ടിയിരിയ്ക്കുന്ന പ്രചോദനത്തിൽ എത്രത്തോളം പങ്കുണ്ടെന്നാണ് തനിയ്ക്കറിയേണ്ടത്. വെൽഫെയർ സെന്ററോ തന്നോടുള്ള സ്നേഹമോ വലുത്. അതാണറിയേണ്ടത്.

തന്നോട് അവൾക്കുള്ള സ്നേഹത്തിനു കുറവു വന്നിട്ടുണ്ടോ? പക്ഷേ, ആ ചോദ്യത്തിന് എന്താണു പ്രസക്തി. അവളിങ്ങോട്ടു സ്നേഹിച്ചാലും ഇല്ലെങ്കിലും അതൊന്നും തനിയ്ക്കങ്ങോട്ടുള്ള സ്നേഹത്തെ ബാധിയ്ക്കുകയില്ല. അങ്ങോട്ടുള്ള സ്നേഹവും ഇങ്ങോട്ടുള്ള സ്നേഹവും ഒരു തുലാസ്സിലിട്ടു തൂക്കി നോക്കുന്ന പ്രശ്നമില്ല. അവളിങ്ങോട്ടു സ്നേഹിച്ചില്ലെങ്കിലും അങ്ങോട്ടുണ്ടാകും. ഒരു സംശയവും മനസ്സിൽ വേണ്ട.

എങ്കിലും അവളുടെ സ്നേഹം കൂടി കിട്ടാതെ ജീവിയ്ക്കുന്നതെങ്ങനെ. അതു ബുദ്ധിമുട്ടാകും. അവൾ തന്നെ സ്നേഹിയ്ക്കാതിരിയ്ക്കുന്നൊരു സ്ഥിതി ചിന്തിയ്ക്കാൻ പോലും പറ്റുകയില്ല. അവൾ തന്നെ സ്നേഹിയ്ക്കാതിരിയ്ക്കുന്നൊരു സ്ഥിതി വരാനുള്ള കാരണങ്ങളും തനിയ്ക്കു കാണാൻ പറ്റണില്ല.

കട്ടിലിന്നടുത്തു നിൽക്കുന്ന അവളുടെ അടുത്തു ചെന്ന് ആർദ്രമായി വിളിച്ചു, “വിശാഖം.”

അവൾ തലയുയർത്തി. “സദൂ, ഞാൻ സന്തോഷിയ്ക്കേണ്ട സമയമാണിതെന്ന് എനിയ്ക്കു നന്നായറിയാം. പക്ഷേ, എനിയ്ക്കു സന്തോഷിയ്ക്കാൻ പറ്റണില്ല, സദൂ. സദൂനെ ഞാനെന്തൊക്കെയോ ആപത്തിലേയ്ക്കാണു കൊണ്ടുപോകുന്നതെന്നൊരു തോന്നൽ എന്നെ വിടാതെ പിടികൂടിയിരിയ്ക്കുന്നു.”

“എന്റെ വിശാഖം, നീയെന്നെ ഒരാപത്തിലേയ്ക്കും കൊണ്ടുപോകുന്നില്ല.”

“കാമാഠിപുരയിലെ നമ്മുടെ പരിപാടികൾ എനിയ്ക്കു വലിയ സന്തോഷം തരണ്ണ്ട്. എനിയ്ക്ക് സങ്കല്പിയ്ക്കാൻ പോലും പറ്റാത്ത കാര്യങ്ങളാണ് നമ്മളിപ്പോ അവിടെ ചെയ്തുകൊണ്ടിരിയ്ക്കണത്. അതിലൊക്കെ എനിയ്ക്ക് സന്തോഷംണ്ട്. പക്ഷേ, എനിയ്ക്കു ജീവിതം തന്ന സദൂനെ ഞാൻ നാശത്തിലേയ്ക്കാണു നയിയ്ക്കുന്നതെന്ന തോന്നലു കാരണം എനിയ്ക്കു സന്തോഷിയ്ക്കാൻ പറ്റണില്ല. എന്റെ സ്നേഹം സദൂന് ആപത്തായിത്തീരണു. എന്തു ചെയ്യണംന്ന് എനിയ്ക്കറിയില്ല.”

“വിശാഖം. നിന്നെക്കൂടാതെ എനിയ്ക്കു ജീവിയ്ക്കാൻ പറ്റണില്ല, വിശാഖം.”

വിശാഖത്തിന്റെ മുഖത്ത് നിസ്സഹായത സ്ഫുരിച്ചു. “സദു പിന്നേം ആപത്തിലേയ്ക്കുള്ള വഴീൽത്തന്നെ.” അല്പം കഴിഞ്ഞ് നിസ്സഹായയായി അവൾ പറഞ്ഞു, “നമുക്കു പോകാം.” സദാനന്ദ് അവളുടെ ചുമലിൽ കൈവച്ച് മുറിയ്ക്കു പുറത്തേയ്ക്കു നയിച്ചു.

അവർ മുറിയൊഴിഞ്ഞുകൊടുത്ത് ഗ്രൌണ്ട് ഫ്ലോറിലേയ്ക്കിറങ്ങിയപ്പോൾ നേഴ്സുമാരുടെ സംഘം അവരെ അനുഗമിച്ചു. സ്കോർപ്പിയോയിൽ കയറുന്നതിനു മുൻപ് വിശാഖം ഓരോരുത്തരുമായും ഹസ്തദാനം ചെയ്തു. ചിലർ അവളെ ആശ്ലേഷിച്ചു. സദാനന്ദും “താങ്ക്സ്, എവ്‌രി വൺ” പറഞ്ഞു.

സദാനന്ദ് ചെറിയമ്മയ്ക്കു കയറാൻ വേണ്ടി വണ്ടിയുടെ മദ്ധ്യത്തിലെ സീറ്റുകളിലേയ്ക്കുള്ള വലതുവശത്തെ ഡോർ തുറന്നു പിടിച്ചു. ചെറിയമ്മ കയറിയിരുന്നു. സദാനന്ദ് ഡോർ അടച്ചു. മറുവശത്തു ചെന്ന് മുൻ‌വശത്തെ സീറ്റിലേയ്ക്കുള്ള ഡോർ തുറന്നു പിടിച്ചുകൊണ്ടു പറഞ്ഞു, “കയറൂ, വിശാഖം” എന്നു പറഞ്ഞു. “ഞാൻ അമ്മയുടെ കൂടെയിരിയ്ക്കാം” എന്നു പറഞ്ഞുകൊണ്ട് അവൾ ചെറിയമ്മയുടെ ഇടത്തു സീറ്റിലിരുന്ന് ചെറിയമ്മയെ കെട്ടിപ്പിടിച്ചു. ഗത്യന്തരമില്ലാതെ സദാനന്ദിന് മുൻസീറ്റിൽ സദാശിവനെ ഇരുത്തേണ്ടി വന്നു. സദാശിവൻ അത്യുത്സാഹത്തോടെ മുൻസീറ്റിൽ കയറിയിരുന്ന് സീറ്റ് ബെൽറ്റിട്ടു. പുറത്തു നിന്നു കൈവീശിക്കൊണ്ടിരുന്ന നേഴ്സുമാരുടെ നേരേ വിശാഖം കൃതജ്ഞതയോടെ കൈവീശി. സ്കോർപ്പിയോ മുന്നോട്ടു നീങ്ങി.

പ്രകാശിന്റെ കൂടെ പല തവണ ബ്രീച്ച് കാന്റിയിൽ നിന്നു കാമാഠിപുരയിലേയ്ക്ക് പോയിട്ടുള്ളതുകൊണ്ട് സദാനന്ദിനു വഴി ഹൃദിസ്ഥമായിരുന്നു. വാർഡൻ റോഡ്, പെദ്ദർ റോഡ്, തർദേവ് റോഡ്, പാഠേ ബാപ്പുറാവു മാർഗ്ഗ്, ഫോക്ക്‌ലന്റ് റോഡ്, ഒടുവിൽ ഫിഫ്ത് ലെയ്ൻ. നാലു കിലോമീറ്റർ. വണ്ടിയോടിയ്ക്കാൻ തുടങ്ങിയപ്പോൾത്തന്നെ സദാനന്ദ് ഇടത്തുകൈയുയർത്തി റിയർ വ്യു മിററിൽ വിശാഖത്തിനെ കാണാവുന്ന തരത്തിൽ അഡ്ജസ്റ്റു ചെയ്തു. ഇടയ്ക്കിടെ അതിലൂടെ വിശാഖത്തെ നോക്കി. ഇടയ്ക്കിടെ അവരുടെ കണ്ണുകൾ മിററിലൂടെ ഇടഞ്ഞു. അവൾ വേവലാതിയോടെ അഭ്യർത്ഥിച്ചു, “സദൂ, മുൻപോട്ടു നോക്കിയിരുന്നു വണ്ടിയോടിയ്ക്ക്.”

“വിശാഖം, നീ പുറകിലിരിയ്ക്കുമ്പോൾ എനിയ്ക്ക് മുന്നോട്ടു മാത്രം നോക്കിയിരിയ്ക്കാൻ പറ്റുന്നില്ല.” സദാനന്ദ് അല്പം തമാശയിലും കൂടുതലും കാര്യത്തിലും പറഞ്ഞു.

“സദൂ, ഞാൻ മൂലമുണ്ടാകുന്ന ആപത്തുകൾ കൂടാതിരിയ്ക്കട്ടെ.”

“ചേട്ടൻ വണ്ടിയൊന്നു നിർത്തിയാൽ ഞാൻ പുറകോട്ടു പോകാം. ചേച്ചി മുൻപോട്ടു വരട്ടെ.” സദാശിവൻ തയ്യാറായി.

“വേണ്ട സദാശിവാ. നീ അവിടെത്തന്നെയിരിയ്ക്ക്. സദൂ, ആ കണ്ണാടി ശരിയ്ക്കു വയ്ക്ക്.”

ഭൂസ്ഥിരഭ്രമണപഥത്തിലെത്തിക്കഴിഞ്ഞ ഉപഗ്രഹത്തെപ്പോലെ വിശാഖം തന്റെ ദൃഷ്ടിപഥത്തിൽ എപ്പോഴുമുണ്ടായിരിയ്ക്കണം. താനുണർന്നിരിയ്ക്കുമ്പോഴൊക്കെ തനിയ്ക്ക് അവളെ കാണാൻ പറ്റണം.

“അതങ്ങനെതന്നെയിരുന്നോട്ടെ, വിശാഖം. ഞാൻ മുൻപിൽ നോക്കി ഓടിച്ചോളാം.”

വിശാഖം സദാനന്ദിന്റെ പുറത്തു സ്പർശിച്ചു. “സദൂ, പ്ലീസ്.”

“മോനേ, അവളു പറയുന്നതുപോലെ ചെയ്യ്.” ചെറിയമ്മ ഇടപെട്ടു. “അവളെ നീ വിഷമിപ്പിയ്ക്കല്ലെ.” അവളെ നീ വിഷമിപ്പിയ്ക്കല്ലെ എന്നു ചെറിയമ്മ വീണ്ടും പറഞ്ഞിരിയ്ക്കുന്നു.

പ്രകടമായ വൈമനസ്യത്തോടെ സദാനന്ദ് റിയർ വ്യു മിറർ അതിന്റെ പൂർവ്വസ്ഥിതിയിലേയ്ക്കു തന്നെ തിരിച്ചു വച്ചു. വിശാഖം ദൃഷ്ടിപഥത്തിൽ നിന്നു മറഞ്ഞു. എന്തോ ഒരു ശ്വാസം മുട്ടു പോലെ. വിശാഖത്തിന്റെ മുഖമാണ് തനിയ്ക്ക് ലോകത്തിൽ ഏറ്റവും ഇഷ്ടമുള്ള കാഴ്ച. ആ കണ്ണുകൾ. അവയുടെ ആഴം. ആ മുഖത്തെ ഭാവങ്ങൾ. ആ ഭാവങ്ങൾ പ്രത്യക്ഷത്തിൽ എന്തായിരുന്നാൽത്തന്നെയും അവയുടെ അടിയിൽ സ്വച്ഛമായൊഴുകുന്ന സ്നേഹനദി. അതൊക്കെക്കാണാതെ ഒരു നിമിഷം പോലും എങ്ങനെ ഇരിയ്ക്കാനാകും?

സദാനന്ദിന്റെ ചിന്തകൾ വായിച്ചെടുത്തോണം വിശാഖം സദാനന്ദിന്റെ പുറത്തു തലോടി. ഡ്രൈവിങ്ങിനിടയിലും സദാനന്ദ് ആ സ്പർശം ആസ്വദിച്ചു. അവളുടെ ഓരോ സ്പർശത്തിലൂടെയും ഊർജ്ജവും പ്രചോദനവും തന്റെ ശരീരത്തിലേയ്ക്കു പ്രവഹിയ്ക്കുന്നു. ഒരു പൊക്കിൾക്കൊടിയിലൂടെയെന്ന പോലെ. അവളുടെ എന്തെങ്കിലുമൊരു സ്പർശം എപ്പോഴുമുണ്ടാകണം. സ്പർശമല്ലെങ്കിൽ നോട്ടമായാലും മതി. നോട്ടത്തിലൂടെ അവൾ കൈമാറുന്നത് ശാസനയാണെങ്കിൽ‌പ്പോലും അതു സ്നേഹനിർഭരമാണ്. തന്നോടുള്ള സ്നേഹം. ഈ ലോകത്ത് അതു വിരളമാണ്. തനിയ്ക്കുള്ള സ്നേഹം മുഴുവനും ഇവളിൽ നിന്നു കിട്ടുന്നു. സ്പർശത്തിലൂടെയോ വാക്കിലൂടെയോ നോട്ടത്തിലൂടെയോ…അവളുടെ കൈ പുറത്തു തലോടിക്കൊണ്ടിരിയ്ക്കട്ടെ. എപ്പോഴുമെപ്പോഴും.

“നിങ്ങളെ വിട്ടുപോകാൻ വെഷമാവണ് ണ്ട്, മോളേ.” ചെറിയമ്മ പറഞ്ഞു.

“അമ്മ പോകണ്ടമ്മേ. അമ്മ എന്റെ കൂടെ നിൽക്ക്.” വിശാഖം ചെറിയമ്മയെ ക്ഷണിച്ചു.

“ഞാനെങ്ങനെ ഇവിടെ നിൽക്കും മോളേ. അവിടെ ഈ കുട്ട്യോള്ക്ക് ഞാനൊരു സഹായാണ്.”

“അതൊന്നും സാരല്യമ്മേ.” സദാശിവൻ ചെറിയമ്മയ്ക്കു ധൈര്യം കൊടുത്തു. “അവിടുത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളണ് ണ്ട്.”

“കാമാഠിപുരേലെ പ്രവർത്തനങ്ങളൊക്കെ ഒരു ചിട്ടയിലാകട്ടെ. അപ്പോ ഞാൻ അമ്മയെ എന്റെ കൂടെ നിർത്തും. അമ്മയ്ക്കെപ്പൊ വേണങ്കിലും കേരളത്തിലേയ്ക്കു പോയിവരാല്ലോ.”

“എനിയ്ക്കു നിന്റെ കൂടെ നിൽക്കാനിഷ്ടാ മോളേ. പക്ഷേ നിനക്കതു ഭാരമാകും. എനിയ്ക്ക് എൺപതു വയസ്സായി. എന്നെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല.”

ചെറിയമ്മയെ വീണ്ടും കെട്ടിപ്പിടിച്ചുകൊണ്ടു വിശാഖം പറഞ്ഞു, “അടുത്താഴ്ച സദു അമേരിക്കയിലേയ്ക്കു മടങ്ങിപ്പോകും. സദു പോയിക്കഴിയുമ്പോൾ അമ്മ എന്റടുത്ത്ണ്ടാകണം. സദൂന്റെ അംശം. ജീവിയ്ക്കാനുള്ള പ്രചോദനം.” അവളുടെ വിരലുകൾ പുറത്തമർന്നു.

“വിശാഖം.” സദാനന്ദ് ഉൾക്കിടിലത്തോടെ പറഞ്ഞു, “വിശാഖം, ഞാൻ ജോലി രാജി വയ്ക്കാൻ തീരുമാനിച്ചു. രാജിക്കാര്യം ശരിയാക്കാനും ഫ്ലാറ്റും കാറും മറ്റും വിൽക്കാനും വേണ്ടി അമേരിക്കയ്ക്ക് ഒരു തവണ കൂടി പോകുന്നുണ്ട്. പിന്നെ നീ എവിടെയാണോ അവിടെ ഞാനുംണ്ടാവും.”

അതു കേട്ടപാടെ വിശാഖത്തിന്റെ മുഖം മങ്ങി. അവൾ തളർന്നു. അവൾ പറഞ്ഞു, “വണ്ടി നിർത്ത്.” സദാനന്ദ് അവളുടെ തളർന്ന സ്വരം കേട്ടില്ല. വിശാഖം യാചിച്ചു, “വണ്ടി നിർത്തു സദൂ.” വേഗം സദാനന്ദ് സ്കോർപ്പിയോ റോഡരികിൽ ചേർത്തുനിർത്തി. പകച്ചിരിയ്ക്കുന്ന ചെറിയമ്മയെ ചേർത്തുപിടിച്ച്, കണ്ണിൽ വെള്ളം നിറച്ച്, ഇടറുന്ന തൊണ്ടയോടെ വിശാഖം പറഞ്ഞു, “അമ്മേ, ഞാൻ പറഞ്ഞില്ലേ, സദു ഇതാണു ചെയ്യാൻ പോണത് ന്ന്.” വിശാഖത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ചെറിയമ്മയുടെ തോളത്തു തല ചായ്ച്ചു. “എനിയ്ക്കറിയായിരുന്നു, ഞാൻ സദൂനെ നശിപ്പിയ്ക്കുംന്ന്. സദൂന്റെ അഭിമാനം കളയിച്ചു, പണം കളയിച്ചു, ഇപ്പോൾ ജോലിയും കളയിച്ചു. പൂർത്തിയായി.”

ചെറിയമ്മ പറഞ്ഞു. “മോളേ. അവനെ പിന്തിരിപ്പിയ്ക്കാൻ നീ പറഞ്ഞതൊക്കെ ഞാനവനോടു പറഞ്ഞു നോക്കിയതാ. സത്യം പറയാല്ലോ മോളേ, അവന് നിന്നോട് വല്യേ ആഗ്രഹംണ്ട്. അതു കാണുമ്പോ അതിന്നെതിരു പറയാൻ എന്നെക്കൊണ്ടാവണില്ല.” ചെറിയമ്മ അവളുടെ പുറം തലോടി. “മോളേ, അവന്റെ ജീവിതത്തിലും സുഖംണ്ടായിട്ടില്ല. ചെറുപ്പത്തില് കഷ്ടപ്പാടായിരുന്നു. ജോലി കിട്ടിയപ്പോ സുഖാവുംന്നു കരുതി. കല്യാണം കഴിച്ചപ്പോ ആ സുഖം പോയി. എനിയ്ക്കു തോന്നണതു പറയാല്ലോ. നിങ്ങള് ഒന്നാവണത് അവന്റെ നാശത്തിനായിരിയ്ക്കുംന്ന് എനിയ്ക്കു തോന്നീട്ടില്യ. നിന്റെ കൂടെ ജീവിയ്ക്കാൻ പറ്റിയാൽ അവനു സന്തോഷാകുംന്നാണ് എനിയ്ക്കു തോന്നണത്. രണ്ടുപേർക്കും ജീവിതകാലം മുഴോനും സുഖായി കഴിയാനുള്ള വക അവനുണ്ടാ‍ക്കീട്ടുംണ്ട്. ജോലി കളഞ്ഞൂന്നു വച്ച് വെഷമിയ്ക്കാനില്ല. നിങ്ങൾക്കൊരുമിച്ചു കഴിയാല്ലോ.”

സദാനന്ദ് അവൾക്കുള്ളതല്ല എന്നവൾ ഭയക്കുന്നു. സദാനന്ദ് മറ്റേതോ സൗഭാഗ്യവതിയ്ക്കുള്ളതാണെന്ന് അവൾ വിശ്വസിയ്ക്കുന്നു. തന്നെ അവൾ അർഹിയ്ക്കുന്നില്ല എന്നവൾ വിശ്വസിയ്ക്കുന്നു. അർഹിയ്ക്കാത്തത് എന്നു തോന്നുന്നതൊന്നും അവൾ കൈകൊണ്ടു തൊടുകപോലും ചെയ്യില്ല. തത്കാലം തന്നെയവൾ സുരക്ഷിതമായി സൂക്ഷിയ്ക്കുന്നു, മറ്റാർക്കോ വേണ്ടി; തന്നെ സുരക്ഷിതമായി മറ്റാർക്കോ കൈമാറാൻ വേണ്ടി. തന്നെ അവൾ സ്പർശിയ്ക്കാൻ മടിയ്ക്കുന്നതിന്റെ പിന്നിലുള്ളത് ഈയൊരു ചിന്തയായിരിയ്ക്കണം. സദൂന്റെ അഭിമാനം, സദൂന്റെ പണം, സദൂന്റെ ജോലി, സദൂന്റെ വളർച്ച. എല്ലാം മറ്റാർക്കോ വേണ്ടിയുള്ളതാണ്. അത് അവളായി നശിപ്പിയ്ക്കാൻ പാടില്ല. അതൊക്കെ സുരക്ഷിതമായി സൂക്ഷിച്ചു വയ്ക്കണം. ഇതാണ് അവളുടെ ചിന്ത. എല്ലാം വ്യക്തമാകുന്നുണ്ട്.

വാസ്തവത്തിൽ, വിശാഖം അപമാനിതയായിരിയ്ക്കുന്നെങ്കിൽ സദുവിനും അഭിമാനം വേണ്ട. സദുവിന്റെ പണം വിശാഖത്തിന്റേതു കൂടിയാകണം. വിശാഖത്തിന്റെ ജോലി തന്നെയായിരിയ്ക്കണം, സദുവിന്റേയും ജോലി. വിശാഖത്തിന്റെ വളർച്ച തന്നെ സദുവിന്റേയും വളർച്ച. തന്നെ അവൾ അർഹിയ്ക്കുന്നില്ല, താൻ മറ്റൊരു വനിതയ്ക്കുള്ളതാണ് എന്ന അവളുടെ ചിന്ത അവസാനിയ്ക്കണം. പരസ്പരം അകന്നു നിൽക്കുന്നതു കൊണ്ടായിരിയ്ക്കണം, ഇത്തരം ചിന്ത വരുന്നത്. അകലമാണു കുഴപ്പം. അകലം ശാശ്വതമായി അവസാനിയ്ക്കണം. രണ്ടുപേരും ഒന്നാകുക തന്നെ. രണ്ടുപേരും ഒന്നായിക്കഴിഞ്ഞാൽ അകലം അവസാനിയ്ക്കും. താൻ അവൾക്കുള്ളതല്ല എന്ന അവളുടെ ഭയവും അവസാനിയ്ക്കും. അവളുടെ വേവലാതികളൊക്കെ അവസാനിയ്ക്കും. അതുകൊണ്ട് രണ്ടുപേരും ഒന്നാകണം. അതിപ്പോൾ, ഇവിടെ വച്ചു വേണം താനും. ഒരു നിമിഷം പോലും വൈകാൻ പാടില്ല. ഈ നിമിഷം മുതൽ തന്റേതെല്ലാം അവളുടേതു കൂടിയാകണം.

ഒരു ടാക്സി പുറകിൽ വന്നു നിന്നു. അതിൽ നിന്ന് ബക്കഡേ ഇറങ്ങി വന്നു. ബക്കഡേ സദാനന്ദിനോടു പറഞ്ഞു, ബ്രീച്ച് കാന്റിയിൽ നിന്ന് നിങ്ങളോടൊപ്പം പോരാമെന്നു കരുതി പോയതായിരുന്നു. ഞങ്ങളവിടെ എത്തിയപ്പോഴേയ്ക്ക് നിങ്ങൾ പോന്നു കഴിഞ്ഞിരുന്നു. കാമാഠിപുരയിലേയ്ക്കു മടങ്ങുമ്പോഴാണ് നിങ്ങളുടെ വണ്ടി കിടക്കുന്നതു കണ്ടത്. എന്തുപറ്റി? വണ്ടിയ്ക്കെന്തെങ്കിലും… അതിനിടയിൽ ബക്കഡേ ചെറിയമ്മയോട് ‘നമസ്തേ മാംജീ’ എന്നു പറഞ്ഞു തൊഴുതു. വിശാഖം കണ്ണുനീരൊഴുക്കുന്നതു കണ്ട് ഉത്കണ്ഠയോടെ “ബേട്ടീ, തും ഠീക് ഹോ ന” എന്നു ചോദിച്ചു.

വിശാഖം “ചാച്ചാജീ, സദു അമേരിക്ക വാപസ് നഹി ജാ രഹാ ഹെ. നൌകരി ഛോഡ് ദേ രഹാ ഹെ” എന്നു ഗദ്ഗദത്തോടെ പറഞ്ഞു. സദു അമേരിയ്ക്കയിലേയ്ക്കു മടങ്ങിപ്പോകുന്നില്ല, ജോലി കളഞ്ഞുകൊണ്ടിരിയ്ക്കുന്നു. അവൾ വീണ്ടും ചെറിയമ്മയുടെ ചുമലിൽ തല ചായ്ച്ചു.

‘ഓ’ എന്ന് ബക്കഡേ ആശ്ചര്യപ്പെട്ടു. സദാശിവൻ എല്ലാവരേയും മാറിമാറി നോക്കിക്കൊണ്ടിരുന്നു.

സദാനന്ദ് ഡോർ തുറന്നു പുറത്തിറങ്ങി, ഡോറടച്ച്, വണ്ടിയുടെ മുൻപിലൂടെ ചുറ്റിവളഞ്ഞ് ഇടത്തുവശത്തെത്തി. തുറന്നുകിടന്നിരുന്ന ജനലിലൂടെ ചെറിയമ്മയോടു പറഞ്ഞു, “ചെറിയമ്മേ, ഇവളെക്കൂടാതെ എനിയ്ക്ക് ജീവിയ്ക്കാനാവില്ല. ഞാനിവളെ കല്യാണം കഴിയ്ക്കുന്നത് ചെറിയമ്മയ്ക്കു സമ്മതമാണോ അല്ലയോ?”

“എനിയ്ക്കു സമ്മതമാണു മോനേ.” വിശാഖത്തിന്റെ പുറത്തു തലോടിക്കൊണ്ടു ചെറിയമ്മ ഉടൻ മറുപടി നൽകി.

സദാനന്ദ് ബക്കഡേയുടെ നേരേ തിരിഞ്ഞു. “ചാച്ചാജീ, മേ വിശാഖം കേ ബിനാ ജീനാ നഹി സക്‌താ. മേ ഉസേ ശാദി കർനാ ചാഹതാഹൂം. ആപ്കോ മംജൂർ ഹെ?” ചാച്ചാജീ, വിശാഖത്തെക്കൂടാതെ എനിയ്ക്കു ജീവിയ്ക്കാനാവില്ല. ഞാൻ അവളെ വിവാഹം കഴിയ്ക്കാനാഗ്രഹിയ്ക്കുന്നു. അങ്ങേയ്ക്ക് അതു സമ്മതമാണോ.

“ക്യോം നഹി ബേട്ടാ? തും ഉസ്കോ സരൂർ ശാദി കരോ. തും ഉസി കോ ഹി ശാദി കർനാ ചാഹിയേ. ഓർ ഇസ്മേ ദേരീ ക്യോം?” കുട്ടീ, നീ അവളെ തീർച്ചയായും വിവാഹം കഴിയ്ക്കണം. അവളെത്തന്നെ വേണം വിവാഹം കഴിയ്ക്കാൻ. പിന്നെ, ഇതിലെന്താ താമസം?

ബക്കഡേയുടെ കാറിൽ അദ്ദേഹത്തിന്റെ ഭാര്യ ധനേശ്വരിയുമുണ്ടായിരുന്നു. സംഗതിയെന്തെന്നറിയാനുള്ള ആകാംക്ഷയോടെ അവരും കാറിൽ നിന്നിറങ്ങിവന്നു.

സദാനന്ദ് ഫുട്പാത്തിലേയ്ക്കു കയറി നീങ്ങി നിന്നു. ഫുട്പാത്തിലൂടെ നിരവധിപ്പേർ അങ്ങോട്ടുമിങ്ങോട്ടും നടന്നുപൊയ്ക്കൊണ്ടിരിയ്ക്കുന്നുണ്ട്. സദാനന്ദ് പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് അതിമനോഹരമായൊരു ജ്യുവൽ കേസ് പുറത്തെടുത്തു. ഉറച്ച കരങ്ങളോടെ ചെപ്പു തുറന്നു. വജ്രം പതിച്ച അതിമനോഹരമായൊരു പ്ലാറ്റിനം മോതിരം ചെപ്പിലിരുന്നു തിളങ്ങി. മുൻപൊരിയ്ക്കൽ ബ്രീച്ച് കാന്റിയിൽ വച്ച് ഡോക്ടറുടേയും നേഴ്സുമാരുടേയും സാന്നിദ്ധ്യത്തിൽ വിശാഖത്തിന്റെ നേരേ നീട്ടിയിരുന്ന അതേ വജ്രമോതിരം. അന്നവൾ സ്വീകരിയ്ക്കാതിരുന്ന അതേ മോതിരം. സദാനന്ദ് ഫുട്പാത്തിൽ ഒറ്റമുട്ടൂന്നിയിരുന്നു. സ്കോർപ്പിയോയിൽ ചെറിയമ്മയുടെ ചുമലിൽ തലചായ്ച്ചിരുന്നു കരയുന്ന വിശാഖത്തിന്റെ നേരേ വജ്രമോതിരച്ചെപ്പു നീട്ടിക്കൊണ്ട് സദാനന്ദ് വിളിച്ചു, “വിശാഖം.”

റോഡിലൂടെ ഒഴുകുന്ന വാഹനങ്ങളുടെ കോലാഹലങ്ങൾക്കിടയിൽ സദാനന്ദിന്റെ ശബ്ദം മുങ്ങിപ്പോയി. ഫുട്പാത്തിൽ ഒരാൾ ഒറ്റമുട്ടൂന്നിയിരുന്നുകൊണ്ട് മനോഹരമായൊരു മോതിരച്ചെപ്പു നീട്ടുന്നതുകണ്ട് വഴിപോക്കരിൽ പലരും നടപ്പു നിർത്തി. ചിലർ അടുത്തുവന്നു. അതിനിടെ അല്പമകലെയുള്ള കവലയിൽ നിന്ന് വിസിലൂതിക്കൊണ്ട് ഒരു ട്രാഫിക് കോൺസ്റ്റബിളും നടന്നടുത്തു.

സദാനന്ദ് സർവ്വശക്തിയുമുപയോഗിച്ച്, ദിഗന്തങ്ങൾ മുഴങ്ങുമാറു പറഞ്ഞു, “വിശാഖം, നിന്നെക്കൂടാതെ എനിയ്ക്കു ജീവിയ്ക്കാൻ സാധിയ്ക്കില്ല. വിൽ യൂ മാരി മീ? വിൽ യൂ മാരി മീ, വിശാഖം?”

“ചേച്ചീ…ദേ ചേട്ടൻ…” എന്നു പറഞ്ഞുകൊണ്ട് സദാശിവൻ ധൃതിയിൽ പുറത്തിറങ്ങി. അവൻ വീണ്ടും വിളിച്ചു, “ചേച്ചീ.”

“മോളേ, നിന്നെക്കൂടാതെ അവനു ജീവിയ്ക്കാൻ പറ്റില്ല. ചെല്ലു മോളേ, നീ ചെല്ല്”, ചെറിയമ്മ വിശാ‍ഖത്തിന്റെ ചെവിയിൽ മന്ത്രിച്ചു.

വിശാഖം ചെറിയമ്മയുടെ ചുമലിൽ നിന്നു ശിരസ്സുയർത്തി സദാനന്ദിന്റെ നേരേ നോക്കി. ഏതാനും നിമിഷനേരത്തെ അനിശ്ചിതത്വത്തിനു ശേഷം അവൾ നിശ്ചയദാർഢ്യത്തോടെ ചെറിയമ്മയുടെ പാദം സ്പർശിച്ചുകൊണ്ടു പറഞ്ഞു, “അമ്മേ, എന്നെ അനുഗ്രഹിയ്ക്കണം.” ചെറിയമ്മ അവളുടെ ശിരസ്സിൽ കൈവച്ചനുഗ്രഹിച്ചു. “നിങ്ങൾ നന്നായി വരട്ടെ.”

വിശാഖം കാറിൽ നിന്നു പുറത്തിറങ്ങി. ബക്കഡേയുടെ പാദം തൊട്ടു വണങ്ങിക്കൊണ്ട് അവൾ പ്രാർത്ഥിച്ചു, “ചാച്ചാജീ, മുഝേ ആപ്കാ ആശീർവാദ് ദീജിയേ…” ബക്കഡേ അവളുടെ ശിരസ്സിൽ കൈവച്ചനുഗ്രഹിച്ചു. വിശാഖം ബക്കഡേയുടെ പത്നിയുടെ പാദവും തൊട്ടു വണങ്ങി. അവരും അവളെ അനുഗ്രഹിച്ചു.

അപ്പോഴേയ്ക്കും വഴിപോക്കരിൽ കുറേപ്പേർ ചുറ്റും കൂടിയിരുന്നു. അവരിൽ ചിലർ വനിതകളുമായിരുന്നു. പോലീസ് കോൺസ്റ്റബിളും സ്പോട്ടിലെത്തി. കോൺസ്റ്റബിൾ വിസിലടിച്ചുകൊണ്ടാണു വന്നിരുന്നതെങ്കിലും, സംഭവത്തിന്റെ ഏകദേശരൂപം മനസ്സിലായപ്പോൾ വിസിൽ തൽക്കാലം പോക്കറ്റിൽത്തന്നെ നിക്ഷേപിച്ച്, കൗതുകത്തോടെ വീക്ഷിച്ചുകൊണ്ടു നിന്നു.

വിശാഖം ഫുട്പാത്തിൽ ഒറ്റമുട്ടൂന്നിയിരിയ്ക്കുന്ന സദാനന്ദിന്റെ നേരേ തിരിഞ്ഞു. സദാനന്ദ് ആശയോടെ, പ്രതീക്ഷയോടെ അവളെ നോക്കി. വിശാഖത്തിന്റെ നോട്ടം സ്നേഹാർദ്രമായി. അവൾ ചുന്നിയുടെ തലപ്പുകൊണ്ട് കണ്ണുനീർ തുടച്ചു. സദാനന്ദിന്റെ തോളത്ത് മെല്ലെ ഒരടി കൊടുത്തുകൊണ്ട് അവൾ ചോദിച്ചു, “ഭ്രാന്തായിപ്പോയോ?” മന്ദഹസിച്ചുകൊണ്ട് അവൾ സദാനന്ദിന്റെ നേരേ കരം നീട്ടി. സദാനന്ദ് ആ മന്ദഹാസത്തിൽ മതിമറന്നുകൊണ്ട് ചെപ്പിൽ നിന്നു വജ്രമോതിരമെടുത്ത് അവളുടെ വിരലിൽ അണിയിച്ചു. കണ്ടുനിന്ന വഴിപോക്കർ കരഘോഷം മുഴക്കി. ചിലർ വിസിലടിച്ചു. അതിന്നിടയിൽ സദാനന്ദ് വിശാഖത്തിന്റെ മോതിരമണിഞ്ഞ കൈ ചുംബിച്ചുകൊണ്ട്, പ്രകാശിയ്ക്കുന്ന മുഖത്തോടെ എഴുന്നേറ്റു. വിശാഖത്തിന്റെ മുഖത്തു മന്ദഹാസം വിരിഞ്ഞുനിന്നു.

പൊലീസ് കോൺസ്റ്റബിൽ സദാനന്ദിനോടു പറഞ്ഞു, “നോ പാർക്കിങ്ങ് ഏരിയയിൽ പാർക്കു ചെയ്തതിന് എനിയ്ക്കു വേണമെങ്കിൽ നിങ്ങളെ ചാർജ്ജു ചെയ്യാം. പക്ഷേ ഞാനതു ചെയ്യുന്നില്ല. പകരം ഓൾ ദ ബെസ്റ്റ് ടു യു ബോത്ത്”. കോൺസ്റ്റബിൾ നടന്നു നീങ്ങുന്നതിന്നിടയിൽ തിരിഞ്ഞുകൊണ്ടു പറഞ്ഞു, “വേഗം സ്ഥലം വിട്.”

ചുറ്റും കൂടിയിരുന്നവർ ഉത്സാഹപൂർവ്വം സദാനന്ദിനു ഹസ്തദാനം നൽകി. അവർക്കിടയിലുണ്ടായിരുന്ന വനിതകൾ ചിരിച്ചുകൊണ്ട് വിശാഖത്തിനും ഹസ്തദാനം നൽകി. അവരിലൊരു വനിത ചോദിച്ചു, എന്നാണു കല്യാണം?

(ലക്കത്തോടെ അവസാനിയ്ക്കുന്നു.)

Generated from archived content: vaisakhap15.html Author: sunil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English