വൈശാഖപൗര്‍ണമി: 14

‘നീയെന്നാ സദൂ, അമേരിക്കയ്ക്കു പോണത്?’ ചെറിയമ്മ ചോദിച്ചു.

‘വരുന്നതിനടുത്ത ശനിയാഴ്ച.’

‘മോളേ, നീ വിളിച്ചതുകാരണം എനിയ്ക്ക് നിന്നേം ഇവനേം കാണാന്‍ പറ്റി. അല്ലെങ്കില്‍ നിങ്ങള്‍ രണ്ടുപേരേം എങ്ങനെ കാണാന്‍.’ ചെറിയമ്മ സദുവിന്റെ നേരേ തിരിഞ്ഞു. ‘എന്റെ മോനേ, നിനക്ക് എടയ്‌ക്കെങ്കിലും ഒന്നു വിളിച്ചുകൂടേ?’

‘അമ്മയെ ഇനി ഞാന്‍ വിളിച്ചോളാം.’ വിശാഖം ഉറപ്പു നല്‍കി.

‘മോളേ, നീയെന്തു തീരുമാനിച്ചു? നീ ആശുപത്രീന്ന് എവിടെയ്ക്കാ പോവുക?’

ചെറിയമ്മയുടെ ചോദ്യം കേട്ട് ചോദ്യഭാവത്തില്‍ നോക്കിയ സദാനന്ദിനോട് വിശാഖം വിശദീകരിച്ചു കൊടുത്തു, ‘ഇന്നലെ രാത്രി ഞാന്‍ അമ്മയെ വിളിച്ചിരുന്നു.’

‘ചെറിയമ്മേ, ഇവള്‍ക്കു വേണ്ടി ഞാന്‍ ഹോട്ടലില്‍ കിംഗ്‌സ് റൂമാണു ബുക്കുചെയ്തുവച്ചിരിയ്ക്കുന്നത്. രാജാവിന്റെ മുറി!’ സദാനന്ദ് ആവേശത്തോടെ പറഞ്ഞു. ‘ഇവള്‍ തയ്യാറാണെങ്കില്‍ ഇവള്‍ക്ക് എന്റെ കൂടെ കിംഗ്‌സ് റൂമില്‍ താമസിയ്ക്കാം.’ സദാനന്ദ് നിസ്സഹായനായി. ‘ഇവള് എന്റെ കൂടെ താമസിയ്ക്കില്ലെങ്കില്‍ ഇവള്‍ക്കായി വേറെ മുറിയെടുക്കാം. ദിവസോം കാലത്തുതന്നെ കാറിന് കാമാഠിപുരയിലേയ്ക്കു പോയാല്‍ പോരേ?’ സദാനന്ദ് ചെറിയമ്മയോടു ചോദിച്ചു.

‘അമ്മേ…’ വിശാഖം ചെറിയമ്മയെ ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു, ‘അമ്മയോടു മാത്രായിട്ട് എനിയ്ക്ക് കുറേ കാര്യങ്ങള്‍ പറയാനുണ്ട്. അത് സദു ഇല്ലാത്തപ്പോ പറയാം. ചില കാര്യങ്ങള്‍ സദൂനു മനസ്സിലാവില്ല.’ ആ വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കു വിരാമമിട്ടുകൊണ്ടു വിശാഖം ചോദിച്ചു, ‘സദൂ, ഇപ്പഴെന്താ പ്ലാന്‍?’

‘ഞാന്‍ കാമാഠിപുരയിലേയ്ക്കു പോകുന്നു. വൈകീട്ടു മടങ്ങി വന്ന് ഇവരെ രണ്ടുപേരേയും ഹോട്ടലിലേയ്ക്കു മടക്കിക്കൊണ്ടു പോകാം.’

ഹ്യാട്ടിലോ കാമാഠിപുരയിലോ അവള്‍ താമസിയ്ക്കുകയെന്ന കാതലായ വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ച തുടരാഞ്ഞതില്‍ സദാനന്ദിനു വിമ്മിഷ്ടം തോന്നി. തല്‍ക്കാലം ഏറ്റവും വലിയ ചോദ്യം അതാണ്. അതിനുള്ള ഉത്തരം ഇന്നലെ രാത്രി അവള്‍ തന്നുകഴിഞ്ഞതാണെങ്കിലും ആ ഉത്തരത്തിനൊരു മാറ്റമാണു താന്‍ പ്രതീക്ഷിയ്ക്കുന്നത്. ഹ്യാട്ടിലെ കിംഗ്‌സ് റൂമില്‍ തന്റെ കൂടെ ഒരു രാത്രിയെങ്കിലും…ശരീരങ്ങള്‍ തമ്മില്‍ മുട്ടണമെന്നില്ല. കൈകള്‍ കോര്‍ത്തുപിടിച്ചെങ്കിലും കിടന്നുകൂടേ.

‘ചേട്ടാ, ഞാനും ചേട്ടന്റെ കൂടെ വരാം.’ സദാശിവന്‍ ചാടിയെഴുന്നേറ്റു. വൈകുന്നേരം വരെ ആശുപത്രിമുറിയ്ക്കകത്ത് ചടഞ്ഞുകൂടിയിരിയ്ക്കുന്ന കാര്യം സദാശിവന് ആലോചിയ്ക്കാന്‍ പോലും പറ്റുന്നതായിരുന്നില്ല.

സദാനന്ദും സദാശിവനും കാമാഠിപുരയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് ബക്കഡേ പൂര്‍ത്തിയായ പണികളും നടന്നുകൊണ്ടിരിയ്ക്കുന്ന പണികളും കാണിച്ചുകൊടുത്തു. മുകളിലെ മുറികളിലായിരുന്നു പണികള്‍ നടന്നുകൊണ്ടിരുന്നത്. കൂടുതല്‍ പേരെ നിയോഗിച്ച് എല്ലാ ജോലികളും രണ്ടോ മൂന്നോ ദിവസം കൊണ്ടു തന്നെ തീര്‍ക്കണം എന്നു ബക്കഡേ നിര്‍ദ്ദേശിച്ചിരുന്നതുകൊണ്ട് ഇരുപത്തഞ്ചോളം പേര്‍ പല ടീമുകളായി തിരിഞ്ഞ് പണികള്‍ ചെയ്തു. പണികള്‍ അവിശ്വസനീയമായ വേഗതയോടെ പുരോഗമിച്ചു. താഴത്തെ നിലയിലെ പണികള്‍ മിയ്ക്കതും തീര്‍ന്നിരുന്നു. മുറികള്‍ തമ്മില്‍ വേര്‍തിരിയ്ക്കുന്ന മരം കൊണ്ടുള്ള പാര്‍ട്ടീഷനുകള്‍ നീക്കം ചെയ്യപ്പെട്ടതോടെ മുറികള്‍ വളരെ വലുതായിത്തീര്‍ന്നതു പോലെ തോന്നി. ചപ്പാത്തിയന്ത്രവും ഇഡ്ഡലിയന്ത്രവും മറ്റും സ്ഥാപിയ്ക്കാന്‍ ധാരാളം സ്ഥലം തയ്യാറായി. മെഷീനുകള്‍ക്കുവേണ്ടി പുതിയ ഇലക്ട്രിക് പോയിന്റുകളും ഒറ്റദിവസം കൊണ്ടു തന്നെ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. പെയിന്റിംഗ് കഴിഞ്ഞ ശേഷവും ചിലയിടങ്ങളില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ നടന്നതുകൊണ്ട് അല്പം ചില സ്ഥലങ്ങളില്‍ രണ്ടാമതും പെയിന്റു ചെയ്യേണ്ടി വന്നു.

അതിന്നിടെ താഴത്തെ ഒരു മുറിയില്‍ തയ്യല്‍ ക്ലാസ്സ് തുടങ്ങിക്കഴിഞ്ഞിരുന്നു. രണ്ടു വനിതകളാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. അവര്‍ വീഡിയോ പ്രൊജക്ടര്‍ ഉപയോഗിച്ചിരുന്നതുകൊണ്ട് പഠനം വളരെ എളുപ്പമായി. വെള്ളപ്പെയിന്റടിച്ച ചുവര്‍ സ്‌ക്രീനായി ഉപയോഗിച്ചു. മെഷീനുകള്‍ വിവിധതരത്തിലുള്ള തയ്യല്‍പ്പണികള്‍ക്കായി ഉപയോഗിയ്ക്കുന്നതെങ്ങനെയെന്ന് വീഡിയോ വ്യക്തമായി കാണിച്ചുകൊടുത്തു. ചുരുങ്ങിയ സമയം കൊണ്ട് കുറേയേറെ കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ പഠിച്ചെടുത്തു. ഇനി വരാന്‍ പോകുന്നവരെ നിങ്ങള്‍ വേണം പഠിപ്പിയ്ക്കാനെന്ന് ബക്കഡേ അവര്‍ക്കു മുന്നറിയിപ്പു നല്‍കി. അതുകൊണ്ട് നന്നായി പഠിച്ചോളുക. നന്നായി പഠിച്ചാല്‍ നല്ല വരുമാനവുമുണ്ടാക്കാം, ജീവിതവും മെച്ചപ്പെടും. പഠനത്തിനിടയില്‍ യൂണിഫോമുകളും തയ്യാറായി. അവ തയ്യാറായ ഉടനെ രത്‌നാബായി ഉള്‍പ്പെടെ എല്ലാവരും യൂണിഫോം ധരിച്ചു. അതോടെ അവര്‍ക്ക് പ്രത്യക്ഷത്തില്‍ത്തന്നെ വലുതായ വ്യത്യാസം വന്നത് സദാനന്ദ് ശ്രദ്ധിച്ചു. അവരുടെ ഉദ്ധാരണം ഇതാ ഇവിടെ തുടങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു, സദാനന്ദ് ഉള്ളില്‍ പറഞ്ഞു.

പണികള്‍ ചെയ്യുന്ന ടീമുകള്‍ക്കു കൊടുക്കാനുള്ള തുകകളും അതിലധികവും തലേ ദിവസം തന്നെ സദാനന്ദ് ബക്കഡേയെ ഏല്‍പിച്ചിരുന്നു. കാമാഠിപുരയില്‍ ചെയ്യുന്ന എല്ലാ ചെലവുകള്‍ക്കും ബക്കഡേ ബില്ലുകളും രസീതുകളും വാങ്ങി സൂക്ഷിച്ചു, കണക്കുകളെഴുതിവച്ചു. എത്തിക്കഴിഞ്ഞിരിയ്ക്കുന്ന മെഷീനുകളുടെ ലിസ്റ്റു സൂക്ഷിച്ചു. അവയെല്ലാം സദാസമയവും സുരക്ഷിതമായി ഇരിപ്പുണ്ടെന്ന് ഉറപ്പുവരുത്താന്‍ മന്ദയെ ചുമതലപ്പെടുത്തി.

ഉച്ചയ്ക്ക് സദാശിവനുള്‍പ്പെടെ എല്ലാവരും രത്‌നാബായിയും കല്പിതയും വര്‍ഷയും കൂടി തയ്യാറാക്കിയിരുന്ന ഊണു കഴിച്ചു. കേരളത്തിലെ ഊണില്‍ നിന്ന് രുചിഭേദമുണ്ടായിരുന്നെങ്കിലും സദാശിവന് ഊണ് പൊതുവില്‍ ഇഷ്ടമായി.

മഹീന്ദ്രാ സ്‌കോര്‍പ്പിയോയ്ക്കു വേണ്ടി സദാനന്ദ് എന്‍ ബി എസ് ഇന്റര്‍നാഷണലില്‍ ഒന്നു കൂടി പോകണമെന്ന് വിശാഖം വിളിച്ചുപറഞ്ഞതനുസരിച്ച് ചൌപ്പാത്തിയിലുള്ള അവരുടെ ഓഫീസില്‍ സദാനന്ദ് സദാശിവനോടൊപ്പം ചെന്ന് കടലാസുകള്‍ ഒപ്പിട്ടുകൊടുത്തു. നാളെ സദാനന്ദ് പറയുന്നിടത്ത് വണ്ടി എത്തിച്ചുതരാമെന്ന് അവര്‍ ഉറപ്പു നല്‍കി. കാമാഠിപുരയില്‍ വണ്ടിയെത്തിയ്ക്കാന്‍ സദാനന്ദ് നിര്‍ദ്ദേശിച്ചു. മറ്റെന്നാള്‍ സ്‌കോര്‍പ്പിയോ ഓടിയ്ക്കാനുള്ള െ്രെഡവറെ കൂട്ടിക്കൊണ്ടുവരാമെന്ന് ബക്കഡേ സദാനന്ദിനോടു പറഞ്ഞു. സ്‌കോര്‍പ്പിയോ വന്നെത്തിയാല്‍ പ്രകാശിന്റെ സേവനം മിയ്ക്കവാറും ആവശ്യമില്ലാതാകും. സ്‌കോര്‍പ്പിയോ വന്നാലുടന്‍ ഓടിച്ചുനോക്കണമെന്ന് സദാനന്ദ് തീരുമാനിച്ചു. തന്റെ ഇന്ത്യന്‍ െ്രെഡവിംഗ് ലൈസന്‍സിന് ഇപ്പോഴും നിയമസാധുതയുള്ളതിനാല്‍ അക്കാര്യത്തെപ്പറ്റി ഭയപ്പെടാനില്ല. കുറേക്കാലമായി ഇന്ത്യയില്‍ വാഹനങ്ങള്‍ ഓടിച്ചിട്ട്. മുന്‍പ്, ഇന്ത്യയില്‍ ബാംഗ്ലൂരു വച്ച് കാറ് ധാരാളമോടിച്ചു പരിചയമുള്ളതുകൊണ്ട് സ്‌കോര്‍പ്പിയോ ഓടിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നു സദാനന്ദ് പ്രതീക്ഷിച്ചു.

സ്‌കോര്‍പ്പിയോ ഓടിയ്ക്കുമ്പോള്‍ അരികില്‍ മുട്ടിയുരുമ്മിയിരിയ്ക്കാന്‍ വിശാഖം കൂടി ഉണ്ടായിരുന്നെങ്കില്‍! സ്‌കോര്‍പ്പിയോ ഓടിയ്ക്കുമ്പോള്‍ മാത്രമല്ല, സദാസമയവും അവള്‍ അരികിലുണ്ടായിരുന്നെങ്കില്‍ ജീവിതം എത്ര സുഖകരമായേനേ. വാസ്തവത്തില്‍ ഈ ആശ സഫലമാകാന്‍ മറ്റാരും തടസ്സപ്പെടുത്തുന്നില്ല, വിശാഖം മാത്രമാണു വിലങ്ങുതടിയായി നില്‍ക്കുന്നതെന്ന് സദാനന്ദ് സങ്കടത്തോടെ ഓര്‍ത്തു.

പിറ്റേദിവസം ഉച്ച വരെ ചെറിയമ്മയേയും സദാശിവനേയും മുംബൈയിലെ വിശേഷപ്പെട്ട സ്ഥലങ്ങള്‍ കാണിയ്ക്കാനായിരുന്നു പ്ലാനിട്ടിരുന്നത്. എന്നാല്‍ ചെറിയമ്മ പ്ലാനില്‍ മാറ്റം വരുത്തി. വിശാഖത്തിന്റെ പ്രവര്‍ത്തനകേന്ദ്രമാകാന്‍ പോകുന്ന സ്ഥലം കാമാഠിപുര കണ്ടാല്‍ക്കൊള്ളാമെന്നു ചെറിയമ്മ പറഞ്ഞു. സദാശിവന് മുംബൈ ആകെയൊന്നു കണ്ടാല്‍ക്കൊള്ളാമെന്നുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം ചെറിയമ്മ ആശുപത്രിയില്‍ വിശാഖത്തിന്റെ കൂടെ കഴിയുന്ന സമയത്ത് സദാനന്ദ് സദാശിവനെ പ്രകാശിന്റെ കാറില്‍ ചുറ്റാന്‍ പോകാമെമെന്നേറ്റു.

പുതുക്കിയ പ്ലാനനുസരിച്ച് ചെറിയമ്മയും സദാശിവനുമൊത്ത് സദാനന്ദ് കാമാഠിപുരയിലെത്തിയപ്പോള്‍ ഇഡ്ഡലിയന്ത്രവും ചപ്പാത്തിയന്ത്രവും അവയുടെ കമ്പനിക്കാര്‍ മത്സരബുദ്ധിയോടെ സ്ഥാപിച്ചുകൊണ്ടിരിയ്ക്കുന്ന കാഴ്ചയാണു കണ്ടത്. അവയ്ക്കാവശ്യമുള്ള ഇലക്ട്രിക്കല്‍ പോയിന്റുകള്‍ ആദ്യദിവസം തന്നെ തയ്യാറാക്കിയിരുന്നതു നന്നായി. പല പാക്കറ്റുകളിലാക്കി കൊണ്ടുവന്നിരിയ്ക്കുന്ന നിരവധി ഭാഗങ്ങള്‍ കൂട്ടിയിണക്കാന്‍ ഏതാനും മണിക്കൂറുകള്‍ വേണം. അതുകഴിഞ്ഞാല്‍ യന്ത്രങ്ങള്‍ രണ്ടും പ്രവര്‍ത്തിച്ചുകാണാമെന്ന് അവയുടെ പ്രതിനിധികള്‍ സദാനന്ദിനോടു പറഞ്ഞു. നാളെ മുതല്‍ താത്പര്യമുള്ളവര്‍ക്കെല്ലാം രണ്ടു യന്ത്രങ്ങളും ഉപയോഗിയ്ക്കാനുള്ള പരിശീലനം ഏതാനും ദിവസം തുടര്‍ച്ചയായി നല്‍കുന്നതാണെന്ന് കമ്പനിപ്രതിനിധികള്‍ രണ്ടുപേരും അറിയിച്ചു.

ഇഡ്ഡലിയും ചപ്പാത്തിയും ഉണ്ടാക്കുന്ന യന്ത്രങ്ങളുണ്ടെന്നു കേട്ട് ചെറിയമ്മ അത്ഭുതപ്പെട്ടു. ഒരു മണിക്കൂറില്‍ എട്ടും പത്തുമല്ല, ആയിരം ഇഡ്ഡലിയും അത്രയും തന്നെ ചപ്പാത്തിയും ഈ യന്ത്രങ്ങള്‍ ഉണ്ടാക്കുമത്രെ. ഉണ്ടാക്കുക മാത്രമല്ല പാക്കു ചെയ്തു തരികയും ചെയ്യും. സാമ്പാറും ചട്ട്ണിയും വെജിറ്റബിള്‍ കറിയും പാക്കു ചെയ്യുന്ന യന്ത്രങ്ങളും ഉടനേ വരുന്നുവത്രെ. മനുഷ്യരുടെ ആവശ്യമില്ലാതായിരിയ്ക്കുന്നു!

പദ്ധതിനിര്‍വ്വഹണം ദ്രുതഗതിയില്‍ പുരോഗമിയ്ക്കുന്നതുകണ്ട് സദാനന്ദിനു സന്തോഷവും ആശ്വാസവുമുണ്ടായി. മുറികളും ഇലക്ട്രിക്കല്‍ ഫിറ്റിങ്ങുകളുമെല്ലാം കൃത്യസമയത്തുതന്നെ തയ്യാറായതു വലിയൊരു സഹായമായി. അതുകൊണ്ട് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കാനും പരിശീലനം നല്‍കാനും യാതൊരു താമസവും ഉണ്ടാകുന്നില്ല. പദ്ധതിയുടെ ഇതുവരെയുള്ള നിര്‍വ്വഹണത്തില്‍ ബക്കഡേ വഹിച്ച പങ്ക് വിലപ്പെട്ടതായിരുന്നു. ഒരു പിതാവിന്റെ ആവേശത്തോടെയാണ് ബക്കഡേ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വാസ്തവത്തില്‍ ബക്കഡേ ഇല്ലായിരുന്നെങ്കില്‍ താനും വിശാഖവും ഏഴുവനിതകളും കുറേയേറെ കഷ്ടപ്പെട്ടേനേയെന്ന് സദാനന്ദ് ഓര്‍ത്തു.

ചെറിയമ്മയെ ബക്കഡേ ആദരവോടെ സ്വീകരിച്ചു. രത്‌നാബായിയും പെണ്‍കിടാങ്ങളും സദ്ദുഭൈയ്യയുടെ സദാനന്ദിന്റെ ചാച്ചിയെ അമ്മയുടെ സഹോദരിയെ കാണാന്‍ ആകാംക്ഷയോടെ എത്തി. അവര്‍ ഉത്സാഹത്തോടേ ചോദിച്ച ചോദ്യങ്ങള്‍ സദാനന്ദ് ചെറിയമ്മയ്ക്ക് വിവര്‍ത്തനം ചെയ്തു കൊടുത്തു. അതിനു ചെറിയമ്മ നല്‍കിയ മറുപടികള്‍ സദാനന്ദ് ഹിന്ദിയിലേയ്ക്കും തര്‍ജ്ജമ ചെയ്തു. രത്‌നാബായി ചെറിയമ്മയെ കൂട്ടിക്കൊണ്ടുപോയി അടുക്കള കാണിച്ചുകൊടുത്തു. അടുക്കളയില്‍ ചിമ്മിനി സ്ഥാപിയ്ക്കുന്ന പണി നടന്നുകൊണ്ടിരുന്നു. പാചകത്തിന്റെ പുകയും മണവുമെല്ലാം വലിച്ചെടുത്തു പുറത്തുകളയുന്ന സ്റ്റീല്‍ ചിമ്മിനി ചെറിയമ്മ ആദ്യമായാണു കാണുന്നത്. ഇനി ഈ അടുക്കളയില്‍ പുകയേറ്റു ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് ബക്കഡേ ചെറിയമ്മയ്ക്കു വിശദീകരിച്ചുകൊടുത്തു.

നാളെ ബിസദീദി വരുമോ, എപ്പോഴാണു വരിക എന്നെല്ലാം പെണ്‍കുട്ടികള്‍ ആകാംക്ഷയോടെ സദാനന്ദിനോടു ചോദിച്ചു. നാളെ വിശാഖത്തെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ്ജു ചെയ്യുന്ന സമയം അറിവായിട്ടില്ല, ഇന്നു വൈകുന്നേരമാകുമ്പോഴേയ്ക്കും അതറിവാകും, ഉടന്‍ ചാച്ചാജിയെ അറിയിയ്ക്കാം എന്നു സദാനന്ദ് പറഞ്ഞു. അതിന്നിടയില്‍ കാമാഠിപുരയിലെ ഉപയോഗത്തിന്നായി ഒരു സെല്‍ഫോണ്‍ സദാനന്ദ് രത്‌നാബായിയ്ക്കു വാങ്ങിക്കൊടുത്തിരുന്നത് അല്പം മുന്‍പ് പ്രവര്‍ത്തനക്ഷമമായി. ആ നമ്പറിലും ഡിസ്ചാര്‍ജ്ജു വിവരം അറിയിയ്ക്കാം എന്ന് സദാനന്ദ് ഉറപ്പു നല്‍കി.

രത്‌നാബായിയും സഹായികളും വിളമ്പിക്കൊടുത്ത ഊണ് ചെറിയമ്മ സന്തോഷപൂര്‍വം കഴിച്ചു. ഊണിനുശേഷം കാമാഠിപുരയില്‍ നിന്ന് ചെറിയമ്മയുമൊത്ത് ഇറങ്ങാനിരിയ്‌ക്കെ സ്‌കോര്‍പ്പിയോ വന്നെത്തി. സദാനന്ദ് ചെറിയമ്മയോട് വണ്ടിയെ അനുഗ്രഹിയ്ക്കണമെന്നഭ്യര്‍ത്ഥിച്ചു. ഇവിടെ കിഴക്കെവിടെയാണ്, സദൂ? ചെറിയമ്മ കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് സ്‌കോര്‍പ്പിയോയുടെ ബോണറ്റിന്മേല്‍ തൊട്ടനുഗ്രഹിച്ചു. തുടര്‍ന്ന് ചെറിയമ്മയെ മദ്ധ്യനിരയിലെ സീറ്റിലിരുത്തി. സദാനന്ദ് െ്രെഡവറുടെ സീറ്റില്‍ കയറിയിരിയ്ക്കുന്നതിനു മുന്‍പുതന്നെ സദാശിവന്‍ മുന്‍പിലെ പാസ്സഞ്ചര്‍ സീറ്റില്‍ കയറിയിരുന്ന് സീറ്റ് ബെല്‍റ്റിട്ടു കഴിഞ്ഞിരുന്നു. സ്‌കോര്‍പ്പിയോ ഓടിയ്ക്കാന്‍ ബക്കഡേ ഏര്‍പ്പാടാക്കിയ െ്രെഡവര്‍, ഷക്കീല്‍ അഹമ്മദ്, പുറകിലെ സീറ്റുകളിലൊന്നില്‍ ഇരുന്നു. പ്രകാശിന്റെ കാര്‍ മുന്നിലും സ്‌കോര്‍പ്പിയോ പിന്നിലുമായി യാത്ര തുടങ്ങി. കുറച്ചുനാളായി ദിവസേന പലതവണ യാത്ര ചെയ്തതുകൊണ്ട് അന്ധേരിയിലെ ഹ്യാട്ട് റീജന്‍സിയില്‍ നിന്ന് മഹാലക്ഷ്മിയിലെ ബ്രീച്ച് കാന്റി ആശുപത്രിയിലേയ്ക്കും അവിടുന്ന് കാമാഠിപുരയിലേയ്ക്കുമുള്ള വഴി സദാനന്ദിന് ഹൃദിസ്ഥമായിക്കഴിഞ്ഞിരുന്നു. ഗിയര്‍ കൈകൊണ്ടു മാറ്റേണ്ടതുണ്ടായിരുന്നെങ്കിലും സ്‌കോര്‍പ്പിയോ ഓടിയ്ക്കുന്നത് പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നു.

ചെറിയമ്മയെ വിശാഖത്തിന്റെ അടുത്തെത്തിച്ച ശേഷം സദാനന്ദ് സദാശിവനെ മുംബൈ കാണിയ്ക്കാന്‍ വേണ്ടി പ്രകാശിന്റെ കാറില്‍ പുറപ്പെട്ടു. നാലുമണിക്കൂര്‍ കൊണ്ടു കണ്ടു തിരിച്ചുവരാന്‍ പറ്റിയ സ്ഥലങ്ങളിലേയ്ക്കു പോകുക എന്നു പറഞ്ഞപ്പോള്‍ പ്രകാശിനു സന്തോഷമായി. അതിനേക്കാളേറെ സന്തോഷം സദാശിവനായിരുന്നു. ചൌപ്പാത്തി, മറൈന്‍ െ്രെഡവ്, നരിമാന്‍ പോയിന്റ്, ചര്‍ച്ച് ഗേറ്റ്, ഗേയ്റ്റ്‌വേ ഓഫ് ഇന്ത്യ, അവിടുന്നു മടങ്ങി ബാന്ദ്രവര്‍ളി സീലിങ്കിലൂടെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലേയ്ക്കും അവിടുന്ന് ജൂഹുവിലേയ്ക്കും. അതായിരുന്നു പ്രകാശിനു നല്‍കിയ റൂട്ട്. നാഷണല്‍ പാര്‍ക്കില്‍ അല്പം കൂടുതല്‍ സമയമെടുത്തു. കൃത്യം നാലുമണിക്കൂറിനുള്ളില്‍ പ്രകാശ് തിരികെ ബ്രീച്ച് കാന്റിയിലെത്തിച്ചു. ഇടയ്‌ക്കൊരിടത്ത് ഷക്കീലിന് ഇറങ്ങാന്‍ സൌകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. നാളെ രാവിലെ നേരേ കാമാഠിപുരയിലെത്തിയാല്‍ മതിയെന്ന് സദാനന്ദ് ഷക്കീലിനോടു പറഞ്ഞു.

ആ യാത്രയ്ക്കിടയില്‍ മിയ്ക്കപ്പോഴും സദാനന്ദിന്റെ മനസ്സ് ബ്രീച്ച് കാന്റിയിലെ നാനൂറ്റിനാല്‍പ്പത്തിനാലാം നമ്പര്‍ മുറിയിലായിരുന്നു. ചുറ്റാനിറങ്ങും മുന്‍പ് ‘വിശാഖം, എന്നോടു കരുണ കാണിയ്ക്കണേ’ എന്ന് സദാനന്ദ് വിശാഖത്തിന്റെ കൈ പിടിച്ചുകൊണ്ടു മെല്ലെ പറഞ്ഞിരുന്നു. വിശാഖത്തിന്റെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായില്ല. അവിടെ ദൃഢനിശ്ചയം പ്രകടമായിരുന്നു. എന്തിനായിരിയ്ക്കാം, അവളുടെ പുറപ്പാട്! അതു കണ്ടെത്താന്‍ സദാനന്ദിന്റെ മനസ്സു തത്രപ്പെട്ടു.

അതിനിടയില്‍ വിശാഖം വിളിച്ചു. ഡോക്ടര്‍ വന്നിരുന്നു. പരിശോധനാഫലം കിട്ടി. രോഗം തീര്‍ത്തും മാറിയിരിയ്ക്കുന്നു. ധൈര്യമായി ആശുപത്രി വിടാം. നാളെ എപ്പോള്‍ പോകണമെന്നു നിങ്ങള്‍ തന്നെ തീരുമാനിച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എപ്പൊഴാ പോകേണ്ടതെന്ന് സദു തീരുമാനിയ്ക്കുക. അവസാനത്തെ ബില്ലടയ്‌ക്കേണ്ടി വരുമെന്നും വിശാഖം സൂചിപ്പിച്ചു. ബില്ല് നാളെ രാവിലെ റെഡിയായിരിയ്ക്കുമെന്ന് ബില്ലിങ്ങ് സെക്ഷനില്‍ നിന്നു ചോദിച്ചറിഞ്ഞിട്ടുണ്ട്. ഈരണ്ടു ദിവസം കൂടുമ്പോള്‍ ബില്ല് അടച്ചുകൊണ്ടിരിയ്ക്കുന്നതുകൊണ്ട് അവസാനബില്ലിന്റെ തുകയും മുന്‍ ബില്ലുകളെപ്പോലെ ചെറുതായിരിയ്ക്കും. ചെറിയ തുകയായതുകൊണ്ട് ആര്‍ ടി ജി എസ് എസ് വഴി അയയ്ക്കാന്‍ പറ്റില്ല. നെഫ്റ്റു വഴിയാണെങ്കില്‍ ക്രെഡിറ്റാകാന്‍ താമസം വരികയും ചെയ്യും. അതുകൊണ്ട് ഏ ടി എമ്മില്‍ നിന്ന് കാഷെടുക്കുക, വിശാഖം നിര്‍ദ്ദേശിച്ചു.

അവളുടെ നിര്‍ദ്ദേശങ്ങള്‍ തീര്‍ന്നില്ല. ‘പിന്നെ, സദൂ, ഒരു നാലു പാക്കറ്റു ലഡ്ഡു വാങ്ങുക. ഒരു പാക്കറ്റ് അവിടെ വച്ചുതന്നെ സദാശിവനു കൊടുക്കുക. ഈ നോര്‍ത്തിന്ത്യന്‍ ലഡ്ഡു അവനിഷ്ടപ്പെടുമോ എന്നറിയില്ല. സാരമില്ല. ബാക്കിയുള്ള പാക്കറ്റുകള്‍ ഇവിടെ, ഇവര്‍ക്കൊക്കെ കൊടുക്കാം. നാളെ രാവിലെ കൊണ്ടുവന്നാലും മതി. പക്ഷേ, ഇന്നു തന്നെ വാങ്ങി വച്ചോളൂ.’

അവളെല്ലാം ആലോചിച്ചെടുക്കുന്നു, സദാനന്ദ് ആരാധനയോടെ ഓര്‍ത്തു. അവളുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാനൊരു സുഖവുമുണ്ട്. എന്നുമവ കേള്‍ക്കാനായിരുന്നെങ്കില്‍!

ജെറ്റ് എയര്‍വേയ്‌സിന്റെ കൊച്ചി ഫ്‌ലൈറ്റ് ഒന്‍പത് ഡബ്ലിയു നാനൂറ്റിമൂന്ന് ഉച്ചയ്ക്ക് ഒന്നേയിരുപത്തഞ്ചിനാണ് മുംബൈയില്‍ നിന്നു പുറപ്പെടുന്നത്. അതിന്നാണ് ചെറിയമ്മയും സദാശിവനും പോകേണ്ടത്. രാവിലെ ഒന്‍പതുമണിയ്ക്ക് വിശാഖത്തെ ബ്രീച്ച് കാന്റിയില്‍ നിന്നു ഡിസ്ചാര്‍ജ്ജു ചെയ്യിച്ച്, അവളേയും കൊണ്ട് കാമാഠിപുരയിലേയ്ക്കു പോകുക. അവളെ കാമാഠിപുരയിലെത്തിച്ച ശേഷം പതിനൊന്നരയോടെ ഹ്യാട്ട് റീജന്‍സിയിലേയ്ക്ക്. അവിടുന്ന് ചെറിയമ്മയേയും സദാശിവനേയും കൊണ്ട് എയര്‍പോര്‍ട്ടിലേയ്ക്ക്. ഹ്യാട്ടില്‍ നിന്ന് എയര്‍പോര്‍ട്ടിലേയ്ക്ക് പത്തുമിനിറ്റേ വേണ്ടൂ. കാമാഠിപുരയില്‍ നിന്ന് ഹ്യാട്ടിലേയ്ക്ക് പ്രകാശാണെങ്കില്‍ അരമുക്കാല്‍ മണിക്കൂര്‍ മാത്രമേ എടുക്കാറുള്ളു. ബക്കഡേ നിയോഗിച്ച െ്രെഡവറായതുകൊണ്ട് ഷക്കീലും അത്രയും സമയം മാത്രമേ എടുക്കുകയുള്ളു എന്നു വിചാരിയ്ക്കാം. സദാനന്ദ് പരിപാടി അത്തരത്തില്‍ നിശ്ചയിച്ചു. ആദ്യം വിശാഖത്തെ വിളിച്ചറിയിച്ചു. തുടര്‍ന്ന് ബക്കഡേയേയും രത്‌നാബായിയേയും വിളിച്ചറിയിച്ചു.

മുംബൈ ടൂര്‍ കഴിഞ്ഞ് ബ്രീച്ച് കാന്റിയിലെ നാനൂറ്റിനാല്‍പ്പത്തിനാലാം നമ്പര്‍ മുറിയിലെത്തിയപ്പോഴേയ്ക്കും വിശാഖം പിറ്റേന്നു രാവിലേ തന്നെ ഡിസ്ച്ചാര്‍ജ്ജാകാനുള്ള തയ്യാറെടുപ്പു നടത്തിക്കഴിഞ്ഞിരുന്നു. പിറ്റേന്നത്തെ പരിപാടികളെപ്പറ്റി സദാനന്ദിന് ചെറിയമ്മയ്ക്ക് വിശദീകരിച്ചുകൊടുക്കേണ്ടി വന്നില്ല. വിശാഖം അതേപ്പറ്റിയെല്ലാം അപ്പപ്പോള്‍ ചെറിയമ്മയെ അറിയിച്ചു കഴിഞ്ഞിരുന്നു.

ബ്രീച്ച് കാന്റിയില്‍ നിന്ന് ചെറിയമ്മ യാത്രപറഞ്ഞിറങ്ങിയപ്പോള്‍ വിശാഖം വീണ്ടും ചെറിയമ്മയുടെ പാദം സ്പര്‍ശിച്ചു. ചെറിയമ്മ അല്പനേരം അവളെ മാറോടണച്ചുപിടിച്ചു. കൂടുതല്‍ സംഭാഷണങ്ങളൊന്നുമുണ്ടാകാഞ്ഞത് സദാനന്ദ് ശ്രദ്ധിച്ചു. സംസാരിയ്ക്കാനുള്ളതൊക്കെ സംസാരിച്ചു തീര്‍ന്നതുകൊണ്ടാകാം അവര്‍ രണ്ടുപേരും അധികം സംസാരിയ്ക്കാഞ്ഞത് എന്നു സദാനന്ദ് ഊഹിച്ചു. സദാശിവന്‍ ‘ചേച്ചീ, വരട്ടേ’ എന്നു യാത്രചോദിച്ചപ്പോള്‍ വിശാഖം അവന്റെ തോളില്‍ കൈവച്ചു. ‘സൌദാമിനിയെപ്പോലെ ഞാനും നിന്റെ ചേച്ചിയാണെന്നു കരുതണം, ട്ടോ’ എന്നവള്‍ പറഞ്ഞത് സദാശിവന്‍ ശിരസ്സു നമിച്ചു സ്വീകരിച്ചു. അന്തരീക്ഷത്തിനു കനം കൂടിയിരിയ്ക്കുന്നതു സദാശിവനും മനസ്സിലാക്കിക്കാണണം. ചെറിയമ്മയുടെ നിശ്ശബ്ദത കണക്കിലെടുത്ത് അവന്‍ തമാശപറയാന്‍ തുനിഞ്ഞില്ല. സദാനന്ദ് വിശാഖത്തിന്റെ മുഖത്തു ചുഴിഞ്ഞുനോക്കി. അവളുടെ മുഖം ഭാവരഹിതമായിരുന്നു. സദാനന്ദിന്റെ മുഖത്തേയ്ക്ക് അവള്‍ നോക്കാതിരുന്നത് മനഃപൂര്‍വ്വമാണെന്നു സദാനന്ദിനു തോന്നി. അനുകൂലമായ തീരുമാനങ്ങളെന്തെങ്കിലും എടുത്തിരുന്നെങ്കില്‍ അവയുടെ ഒരു സ്ഫുരണം അവളുടെ മുഖത്തു പ്രതിഫലിച്ചേനേ. തന്നെ നോക്കുന്നതുപോലും അവള്‍ ഒഴിവാക്കിയിരിയ്ക്കുന്നതിന്റെ അര്‍ത്ഥം അവളുടെ തീരുമാനം പ്രതികൂലമായിത്തന്നെ തുടരുന്നു എന്നാണ്. അവളുടെ തീരുമാനം എന്തായിരുന്നാലും ശരി, അവള്‍ കാമാഠിപുരയിലാണു രാത്രി കിടക്കാന്‍ പോകുന്നതെങ്കില്‍ തന്റെ കിടപ്പും അവിടെത്തന്നെ. സദാനന്ദ് ദൃഢനിശ്ചയമെടുത്തു.

സ്‌കോര്‍പ്പിയോയിലായിരുന്നു ഹ്യാട്ടിലേയ്ക്കുള്ള യാത്ര. സദാനന്ദിന് അധികം ബുദ്ധിമുട്ടാതെ തന്നെ സ്‌കോര്‍പ്പിയോ ഓടിയ്ക്കാന്‍ പറ്റി. ഇടയ്ക്ക് അന്ധേരി വെസ്റ്റിലെ ഘസിത്‌റാം വേള്‍ഡ് ഓഫ് സ്വീറ്റ്‌സില്‍ നിന്ന് നാലു പാക്കറ്റ് ലഡ്ഡു വാങ്ങി. ഒരു പാക്കറ്റ് സദാശിവനു കൊടുത്തു. സദാശിവന്‍ ഉടന്‍ തന്നെ പാക്കറ്റു തുറന്ന് ലഡ്ഡു കഴിച്ചുതുടങ്ങി. നോര്‍ത്തിന്ത്യന്‍ ലഡ്ഡുവായിരുന്നെങ്കിലും, അവന് ലഡ്ഡു ഇഷ്ടപ്പെട്ടു. ചെറിയമ്മ ലഡ്ഡു കഴിച്ചില്ല. ഇപ്പോ വേണ്ട മോനേ, എന്നു പറഞ്ഞു. ഹ്യാട്ടിനടുത്തുള്ള ഏ ടി എമ്മില്‍ നിന്നു സദാനന്ദ് കാഷും ഡ്രോ ചെയ്തു.

രാത്രി ഊണുകഴിഞ്ഞു കിടക്കാറായപ്പോള്‍ സദാശിവന്‍ വന്ന് ‘ചേട്ടനെ അമ്മ വിളിയ്ക്കുന്നു’ എന്നു പറഞ്ഞു. സദാനന്ദ് ചെറിയമ്മയുടെ വിളി പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നു. വേഗം, നെഞ്ചിടിപ്പോടെ ചെറിയമ്മയുടെ മുറിയിലേയ്ക്കു ചെന്നു.

‘നീ ഇവിടെയിരിയ്ക്ക്.’ ചെറിയമ്മ സദാനന്ദിനെ അരികില്‍, സെറ്റിയില്‍ ഇരുത്തി. ‘മോനേ, വിശാഖം പറയണത്, നീ അവളെ നിന്റെ അനിയത്തിയായി കണക്കാക്കണം ന്നാണ്.’ സദാനന്ദിന്റെ മുഖം പെട്ടെന്നു മ്ലാനമായതുകണ്ട് ചെറിയമ്മ പരിഭ്രമിച്ചിരിയ്ക്കണം. ‘നീയിങ്ങനെ വിഷമിയ്ക്കല്ലേ, സദൂ. നിന്റെ നന്മയ്ക്കു വേണ്ടിയാണ് അവളിതു പറയണത്.’

സദാനന്ദിന്റെ കണ്ണു നിറഞ്ഞതുകണ്ട് ചെറിയമ്മ വാത്സല്യത്തോടെ പുറം തടവി. സദാനന്ദിന്റെ ശബ്ദം പുറത്തുവന്നില്ല. താനവളെ തന്റെ എല്ലാമെല്ലാമായി കാണുമ്പോള്‍ അവളെ വെറും സഹോദരി മാത്രമായി കണക്കാക്കാനാണ് അവളുടെ നിര്‍ദ്ദേശം!

‘സദൂ, അവള് അവള്‍ടെ ചരിത്രം മുഴുവനും എന്നോടു പറഞ്ഞു. അവളെപ്പോലെ കഷ്ടപ്പെട്ടോര് ഈ ലോകത്ത് ണ്ടാവില്ല. ഒരുപാടാള്‍ക്കാര് അവളോട് ക്രൂരത കാണിച്ചിട്ടുണ്ട്. അത്രേം കഷ്ടതകളനുഭവിച്ച പെണ്ണുങ്ങളെ ആരും കല്യാണം കഴിയ്ക്കില്ലാന്നാണ് അവള് പറയണത്. അത് ശരിയാണ് മോനേ.’ സദാനന്ദ് മരവിച്ചിരുന്നു. ‘ആണുങ്ങളെപ്പോലല്ല, പെണ്ണുങ്ങള്. ഇത്രയൊക്കെ പീഡനങ്ങളനുഭവിച്ച പെണ്ണുങ്ങളെ ആരും കല്യാണം കഴിച്ച ചരിത്രം തന്നെണ്ടാവില്ല.’

സദാനന്ദ് മരവിച്ചിരുന്നു. ചെറിയമ്മ സദാനന്ദിന്റെ പുറം തലോടി. ‘അവള് നിനക്കു യോജിച്ച പെണ്ണല്ലാന്നാണ് അവള്‍ പിന്നേം പിന്നേം പറഞ്ഞത്. നീ അവളെ കല്യാണം കഴിച്ചാല്‍ അതു നിന്റെ നാശത്തിനായിരിയ്ക്കും എന്നാണ് അവളു പറയണത്.’ വിഷമത്തോടെ ചെറിയമ്മ അല്പനേരം നിശ്ശബ്ദയായിരുന്നു. ‘അവളാണു നിന്റെ ഭാര്യയെങ്കില്‍ അമേരിയ്‌ക്കേല് നിന്റെ ആപ്പീസിലും കൂട്ടുകാരുടെ എടേല്വൊക്കെ നിനക്ക് ചെല്ലാന്‍ പറ്റില്ലാത്രെ. നീ അവളെ കല്യാണം കഴിയ്ക്കണില്ലെങ്കില്‍ നിനക്ക് എന്നെങ്കിലും ചെയര്‍മാനാകാന്‍ പറ്റും ന്നും, നീ അവളെ കല്യാണം കഴിച്ചാല്‍ അധികം താമസിയാതെ നിന്റെ ജോലി പോലും പോകുംന്നും അവള്‍ പറയണ് ണ്ട്.’

ചെറിയമ്മ തുടര്‍ന്നു. ‘അവള് പിന്നേം പലതും പറഞ്ഞു. നീ അവളെ കല്യാണം കഴിച്ചാല്‍ നിങ്ങള്‍ക്ക് കുട്ടികളുണ്ടാവില്ലത്രെ. കൊറേക്കഴിയുമ്പൊ ഒരു കുഞ്ഞുണ്ടായിക്കാണണംന്ന് ഒരാശ നിനക്കുണ്ടാകും. നിന്റാശ സാധിച്ചുതരാന്‍ അവള്‍ക്കായില്ലെങ്കില്‍ കല്യാണംതന്നെ വെറുതേയാകും.’

‘സൂക്കേടിന്റെ കാര്യോം അവളു പറഞ്ഞു. ഇപ്പോ ഈ സൂക്കേടു ഭേദായീന്നു ഡോക്ടറു പറഞ്ഞിട്ട് ണ്ട്. നല്ല കാര്യം. പക്ഷേ, വേറേം രോഗങ്ങള് വരാം. അതിലൊരെണ്ണം എയിഡ്‌സാണ്. എയിഡ്‌സിന്റെ അണുക്കള് അവള്‍ടെ ദേഹത്ത് കടന്ന്ട്ട് ണ്ടെങ്കില്‍ അതു പൊറത്തു വരണത് പത്തിരുപതു കൊല്ലം കഴിഞ്ഞിട്ടായിരിയ്ക്കും. അങ്ങനേങ്ങാനും സംഭവിച്ചാല്‍ നിന്റെ ജീവിതോം നശിയ്ക്കില്ലേന്നാണ് അവളു ചോദിയ്ക്കണത്.’

‘അവള്‍ടെ ശരീരം അശുദ്ധാണ്ന്നാ അവളു പറേണത്. ആകെ അശുദ്ധാണത്രെ. അവള്‍ക്ക് അവള്‍ടെ ശരീരം കണ്ടാല്‍ അറയ്ക്കും ത്രെ. എത്ര കഴുക്യാലും പോകാത്ത കറേണ്ട് അവള്‍ടെ ഉള്ളില്‍ന്നാണ് അവളു പറേണത്. ഈ ജന്മത്തില് അവള്‍ക്ക് ശുദ്ധീണ്ടാവില്ലാന്ന്. അവളെ കല്യാണം കഴിച്ചാല്‍ നീയും കൂടി അശുദ്ധാകും ത്രെ.’

‘എന്നാ, മോനേ, അവള്‍ക്കാണെങ്കിലോ, നിന്നെ ജീവനാ. നിനക്കു വേണ്ട്യാ അവളിതൊക്കെപ്പറഞ്ഞത്. നിനക്കുവേണ്ടി അവളു ചാകാനും തയ്യാറാ. അതു കണ്ടാലറിയാം. നിന്നോടു മാത്രല്ല, ഞങ്ങളോടും അവള്‍ക്കു നല്ല സ്‌നേഹം ണ്ട്. ദാ, സദാശിവനെ ഇന്നലെക്കണ്ടിട്ടല്ലേള്ളൂ. ന്നിട്ടും അവനോടു വരെ അവള്‍ക്ക് നല്ലിഷ്ടാ. അവളെപ്പോലെ സ്‌നേഹിയ്ക്കണോര് ണ്ടോന്നന്നെ സംശയാ. അങ്ങനേള്ള അവള്‍ക്കിങ്ങനേക്കെ വന്നല്ലോന്നോര്‍ക്കുമ്പൊ…ന്റെ ചങ്കു പൊടിയണു.’ ചെറിയമ്മയുടെ തൊണ്ടയിടറി.

‘എന്നോട് നിന്റെ അമ്മേപ്പോലെ ചിന്തിയ്ക്കണം ന്നാണ് അവളു പറയണത്. ചേച്ചീണ്ടായിരുന്നെങ്കില്‍ നീ അവളെ കല്യാണം കഴിയ്ക്കാന്‍ സമ്മതിയ്ക്ക്വോയിരുന്നോ എന്നാണ് അവളു ചോദിയ്ക്കണത്. ചേച്ചി ദേഷ്യൊള്ള ആളായിരുന്നു. കഷ്ടപ്പാടിലായിരുന്നില്ലേ, അതോണ്ടാ. ഞാനുള്ളപ്പൊ ചേച്ചി നിന്നെ തല്ലുമ്പോ ഞാനോടിച്ചെല്ല്വായിരുന്നു. നീ വല്യ ആളാവണംന്നായിരുന്നു, ചേച്ചീടെ ഒറ്റയാശ. നിന്നെ നോക്കിക്കോളണം ന്ന് ചേച്ചി അവസാനനാളില് എന്നോടു പറഞ്ഞിരുന്നു. അന്നു നീ അമേരിക്കേലായിരുന്നു. നിന്റെ ഭാവി നശിയ്ക്കാന്‍ ചേച്ചി സമ്മതിയ്ക്ക്വോയിരുന്നൂന്ന് എനിയ്ക്കു തോന്നണില്ല…ഞാന്‍ മോളിലേയ്ക്കു ചെല്ലുമ്പോ ‘നീയെന്റെ മോന്റെ ഭാവി നശിപ്പിച്ചു, ഇല്ലേടീ’ന്ന് ചേച്ചി ചോദിച്ചാ ഞാനെന്തു പറയും? അവളും അതാ പറേണെ.’

സദാനന്ദ് ചെറിയമ്മയെ ആശ്ലേഷിച്ച്, പഞ്ഞിക്കുടം പോലുള്ള മൂര്‍ദ്ധാവില്‍ ചുംബിച്ച് മെല്ലെ മുറിയിലേയ്ക്കു പോയി. കേട്ടതു മതി. കേട്ടതുതന്നെ ധാരാളം. ഇതില്‍ മുന്‍പു കേള്‍ക്കാത്തതായി ഒന്നും തന്നെയില്ല. ചുരുക്കത്തില്‍ ഇത്രേള്ളു: കിംഗ്‌സ് റൂമിലെ ഒരു കട്ടില്‍ ഒഴിഞ്ഞുതന്നെ കിടക്കും. മുംബൈ ടൂറു കഴിഞ്ഞ് ബ്രീച്ച് കാന്റിയിലെത്തിയപ്പോള്‍ തന്റെ നേരേ അവള്‍ നോക്കിയതേയില്ലായിരുന്നു. അതില്‍ നിന്നു തന്നെ വരാന്‍പോകുന്നതെന്തെന്ന് ഊഹിച്ചെടുക്കാമായിരുന്നു. ചെറിയമ്മയെ അവള്‍ ബ്രെയിന്‍ സ്‌റ്റോമിങ്ങ് നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നു വ്യക്തമായിരുന്നു. ചെറിയമ്മയുടെ വിഷാദം അതിന്റെ തെളിവായിരുന്നു. അവള്‍ ചെറിയമ്മയെ വിളിച്ചു വരുത്തിയത് ഇതിനായിരുന്നു. അവള്‍ പറഞ്ഞാല്‍ താന്‍ കേള്‍ക്കില്ല, ‘ചില കാര്യങ്ങള്‍ സദൂന് മനസ്സിലാവില്ല’, അമ്മയുടെ സ്ഥാനത്തുള്ള, അമ്മയേക്കാള്‍ പ്രിയപ്പെട്ട ചെറിയമ്മ പറഞ്ഞാല്‍ സദു മനസ്സിലാക്കും. അതുകൊണ്ട് അവള്‍ ചെറിയമ്മയെ വിളിച്ചു വരുത്തി. ലീവിംഗ് നോ സ്‌റ്റോണ്‍സ് അണ്‍ ടേണ്‍ഡ്. ഏതുവിധേനയും തന്നെ അവളുടെ നീരാളിപ്പിടിത്തത്തില്‍ നിന്നു തന്നെ മോചിപ്പിയ്ക്കണം. അതായിരുന്നു, അവളുടെ ലക്ഷ്യം.

രണ്ടായിരം പേര് പീഡിപ്പിച്ച് അശുദ്ധമാക്കിയിട്ടുണ്ടെന്നും ലൈംഗികബന്ധം സാദ്ധ്യമാവില്ലെന്നും കുഞ്ഞുങ്ങളുണ്ടാവില്ലെന്നും മറ്റുമുള്ള മുന്നറിയിപ്പുകളും മുന്‍പ് അവള്‍ വ്യക്തമായി തന്നുകഴിഞ്ഞിട്ടുള്ളതാണ്. അതൊന്നും തനിയ്ക്കറിയാത്തതുമല്ല. തനിയ്ക്ക് അതൊന്നും ഒരു പ്രശ്‌നമേയല്ല. ഭാവിയില്‍ അതൊന്നും ഒരു പ്രശ്‌നമായി ഭവിയ്ക്കാനും പോകുന്നില്ല. താന്‍ കല്യാണം കഴിയ്ക്കുന്നത് അവളുടെ ഇന്നത്തെ, ഇപ്പോഴത്തെ ശരീരത്തെയാണ്. മനുഷ്യരുടെ ശരീരത്തില്‍ അഴുക്കുണ്ടാകുക സാധാരണമാണ്. ആ അഴുക്കുകളെല്ലാം കുളിച്ചാല്‍ പോകുന്നവ മാത്രമാണ്. അവളെത്ര തവണ കുളിച്ചുകഴിഞ്ഞിരിയ്ക്കുന്നു! സകല അഴുക്കുകളും പോയിക്കഴിഞ്ഞിട്ടുണ്ടാകും. അവളുടെ മനസ്സില്‍ അഴുക്കു പുരളില്ല. വജ്രത്തിനെയുണ്ടോ ചെളി ബാധിയ്ക്കുന്നു! ആ വജ്രത്തിനെയാണ് തനിയ്ക്കു വേണ്ടത്.

ഭാവിയില്‍ തനിയ്ക്ക് ചാഞ്ചാട്ടങ്ങളുണ്ടാകും എന്നായിരിയ്ക്കാം അവള്‍ ഭയപ്പെടുന്നത്. അവളെ കല്യാണം കഴിച്ചാല്‍ ഭാവിയില്‍ തനിയ്ക്ക് ചാഞ്ചാടാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടും എന്നവള്‍ ഭയപ്പെടുന്നു. അങ്ങനെയവള്‍ ഭയപ്പെടാന്‍ തക്ക മനശ്ചാഞ്ചല്യങ്ങള്‍ തനിയ്ക്ക് ഇതുവരെയുള്ള ജീവിതത്തില്‍ ഒരിയ്ക്കലും ഉണ്ടായിട്ടില്ല. ആകെക്കൂടെ സ്‌നേഹിച്ചിരുന്നത് സാവിയെയായിരുന്നു. സാവിയെ കല്യാണം കഴിയ്ക്കുന്നതിനു മുന്‍പ് ഒരു പെണ്ണിനേയും പ്രണയിച്ചിട്ടില്ല. ഒട്ടേറെ വനിതകളുമായി പരിചയമുണ്ടായിരുന്നു. പക്ഷേ ആരേയും പ്രണയിച്ചിരുന്നില്ല. സാവിയെ വിവാഹം കഴിച്ചതിനു ശേഷമായിരുന്നു, യഥാര്‍ത്ഥത്തില്‍ പ്രണയം തുടങ്ങിയത്. പ്രണയത്തിന്റെ ഒരു മലവെള്ളപ്പാച്ചിലായിരുന്നു പിന്നീടുണ്ടായത്. ഓര്‍ക്കുമ്പോള്‍ തനിയ്ക്കു പോലും അതിശയം തോന്നിപ്പോകുന്നു. അത്രയ്ക്കധികം പ്രണയം തന്റെ ഉള്ളിലുണ്ടായിരുന്നെന്ന കാര്യം അതിനു മുന്‍പ് അറിഞ്ഞിരുന്നേയില്ല.

പക്ഷേ, ആ മലവെള്ളപ്പാച്ചിലിനു കുറുകെ ഒറ്റ ദിവസം കൊണ്ട് സാവി അണകെട്ടി. അവള്‍ക്ക് തന്റെ പ്രണയം മതിയായി. തനിയ്ക്കു ഭ്രാന്തുപിടിച്ചുപോയത് അപ്പോഴാണ്. മറ്റു സ്ത്രീകളെ പ്രണയിയ്ക്കുന്ന കാര്യം ചിന്തിച്ചതേയില്ല. മരിയ്ക്കുന്ന കാര്യമാണു ചിന്തിച്ചത്. ലോകത്ത് എഴുനൂറുകോടി മനുഷ്യരുണ്ടെങ്കില്‍ മുന്നൂറ്റമ്പതുകോടി സ്ത്രീകളുണ്ടാകും. മുന്നൂറ്റമ്പതുകോടി വനിതകളില്‍ നിന്ന് രണ്ടാമതൊരെണ്ണത്തിനെ തെരഞ്ഞെടുക്കാനെന്താ ബുദ്ധിമുട്ട് എന്നായിരിയ്ക്കാം ചോദ്യം. രണ്ടാമത്തേതു പോയാല്‍, മൂന്നാമതൊരെണ്ണം, അതും പോയാല്‍ നാലാമത്. അങ്ങനെ ഒന്നിനു പിറകെ ഒന്നായി, വസ്ത്രം മാറുന്നതുപോലെ വനിതകളെ സ്വീകരിയ്ക്കാന്‍ തനിയ്ക്കാവില്ല. റെഡിമേയ്ഡ് തുണിക്കടയില്‍ ഷര്‍ട്ടു തിരഞ്ഞെടുക്കുന്ന ലാഘവത്തോടെ ജീവിതസഖികളെ മാറ്റാന്‍ തനിയ്ക്കു പറ്റില്ല.

ജീവിതസഖിയെന്നു വിശ്വസിച്ചിരുന്നവള്‍ ഓടിപ്പോയപ്പോള്‍ മരണമാണു രംഗത്തു വന്നത്. പക്ഷേ ആ മരണത്തെ ഒരു വനിത കീഴ്‌പ്പെടുത്തി അത്ഭുതം കാണിച്ചു. അപ്പോള്‍ മരണത്തിനു പകരം അവളെ തെരഞ്ഞെടുത്തു. ഇനി അവളും പോയാല്‍ മരണം തന്നെ. വിശാഖമില്ലെങ്കില്‍ ജീവിതമില്ല. ഡെല്ലിന്റെ ചെയര്‍മാനാകുന്നതും എച്ച്പിയുടെ ചെയര്‍മാനാകുന്നതുമൊന്നും ജീവിതമാകില്ല, ജീവിതസാഫല്യമാകില്ല. അത്തരമൊരു ജീവിതം ജീവിച്ചിട്ടു കാര്യമില്ല. അത്തരം ജീവിതം തനിയ്ക്കു വേണ്ട.

ഓരോന്നോരോന്ന് ഓര്‍ത്തോര്‍ത്തു കിടക്കുമ്പോള്‍ വാതിലില്‍ മുട്ടുകേട്ടു. തുറന്നപ്പോള്‍ ചെറിയമ്മ. ‘എന്താ ചെറിയമ്മേ?’

‘കാലത്തേ നീ ആശുപത്രിയിലേയ്ക്കു പോകുമ്പോ ഞങ്ങളും വരണണ്ട്. അവിട്ന്ന് കാമാഠിപുരേല്ക്കും ഞങ്ങളു വരണ് ണ്ട്. എന്നിട്ട് എയര്‍പോര്‍ട്ടിലേയ്ക്ക് പോകാം. നിനക്ക് ബുദ്ധിമുട്ടാക്വോ?’

‘ഏയ്, ഒരു ബുദ്ധിമുട്ടൂല്യ, ചെറിയമ്മേ. നമുക്ക് ഒരെട്ടുമണിയാകുമ്പഴയ്ക്കും ഇറങ്ങാം.’

വാതിലടച്ചു കിടന്നില്ല, അപ്പോഴേയ്ക്കും ഫോണ്‍ വീണ്ടും ശബ്ദിച്ചു. ബക്കഡേയാണ്. വിശാഖം വിളിച്ചിരുന്നു, ബക്കഡേ പറഞ്ഞു. രത്‌നാബായി വിശാഖത്തെ വിളിച്ചിരുന്നു. രണ്ടാളുകള്‍ വെല്‍ഫെയര്‍ സെന്ററില്‍ ചെന്നിരുന്നുവത്രെ. സാധാരണ രാത്രികാലങ്ങളില്‍ തുറന്നിരുന്ന് കസ്റ്റമേഴ്‌സിനെ സ്വീകരിയ്ക്കാറുണ്ടായിരുന്ന കെട്ടിടം അടഞ്ഞുകിടക്കുന്നു, മാത്രമല്ല, മുന്‍പില്‍ മറാഠിയിലും ഇംഗ്ലീഷിലുമുള്ളൊരു ബോര്‍ഡും തൂങ്ങിക്കിടക്കുന്നതായി കാണുന്നു. ഇവിടെയിപ്പോ കസ്റ്റമറെ സ്വീകരിയ്ക്കുന്നില്ലേ, പതിവുതൊഴില്‍ വേണ്ടെന്നു വച്ചോ, ഇതെന്താണു സംഭവം, എന്നൊക്കെ അവര്‍ രത്‌നാബായിയോടു ചോദിച്ചൂത്രെ.

അണ്ടര്‍വേള്‍ഡിന്റെ പ്രതിനിധികളാണോ? സദാനന്ദിന് ഉത്കണ്ഠയായി.

അധോലോകം എന്നൊരാശയം സിനിമയിലും മറ്റും മാത്രമേയുള്ളു. തൊഴിലെടുക്കാന്‍ മടിച്ചു നടക്കുന്ന ചിലര്‍ മിയ്ക്കയിടങ്ങളിലുമുണ്ടാകും. അവര്‍ സ്വയം അദ്ധ്വാനിയ്ക്കുന്നതിനു പകരം, അദ്ധ്വാനിയ്ക്കുന്നവരുടെ പ്രതിഫലത്തിന്റെ ഒരംശം പിടിച്ചുപറ്റാന്‍ ശ്രമിയ്ക്കുന്നു. ജീവിയ്ക്കാനുള്ള എളുപ്പവഴി. അത്തരം കുറച്ചാളുകള്‍ ആ പരിസരത്തുണ്ട്. അവിടെ മാത്രമല്ല, മുംബൈയില്‍ പലയിടങ്ങളിലുമുണ്ട്. ബക്കഡേ വിശദീകരിച്ചു. ഇവര്‍ ചെറിയ, ചെറിയ ശല്യങ്ങളുണ്ടാക്കുന്നു. ഇന്നു വന്നു എന്നു പറയുന്ന രണ്ടുപേരും അങ്ങനെയുള്ളവരായിരിയ്ക്കണം. രത്‌നാബായിയുടെ കൈയില്‍ നിന്ന് ഇവര്‍ക്ക് ഇടയ്ക്കിടെ ചെറിയ തുകകള്‍ കിട്ടിയിരുന്നെന്നു തോന്നുന്നു. അതിപ്പോള്‍ കിട്ടാതായി. കിട്ടിയിരുന്നതു കിട്ടാതാകുന്നത് അവരെ അസ്വസ്ഥരാക്കും. അവരോട് നാളെ പതിനൊന്നു മണിയോടെ വീണ്ടും വരാന്‍ പറയാന്‍ വിശാഖം രത്‌നാബായിയോടു പറഞ്ഞു. അതനുസരിച്ച് നാളെ വീണ്ടും വരുമെന്ന് ഭീഷണസ്വരത്തില്‍ പറഞ്ഞാണ് അവര്‍ പോയിരിയ്ക്കുന്നത്.

നമ്മളെന്തു ചെയ്യും, ചാച്ചാജീ?

അവര്‍ നാളെ വരട്ടെ. അവരോടു സംസാരിച്ചു നോക്കാം. പേടിച്ചിട്ടു കാര്യമില്ല. അവര്‍ ഗൂണ്ടായിസം പുറത്തെടുത്താല്‍, പോലീസില്‍ ഒരുപാടുപേര്‍ എനിയ്ക്കു പരിചയക്കാരായി ഇപ്പോഴുമുണ്ട്. നമ്മള്‍ പോലീസിന്റെ സഹായം തേടും.

ക്രിമിനലുകളെ മാത്രമല്ല, പോലീസുകാരേയും ക്രിമിനലുകളെപ്പോലെതന്നെ അകറ്റി നിര്‍ത്തേണ്ടതാണെന്നാണ് സദാനന്ദിന്റെ കാഴ്ചപ്പാട്. വിശാഖത്തിന്റെ അനുഭവവും ഒരുദാഹരണമാണെന്നാണ് സദാനന്ദ് മനസ്സിലാക്കിയിട്ടുള്ളത്. പോലീസുകാരെ രംഗത്തുവരുത്താതെ തന്നെ കാര്യം ഒതുക്കിത്തീര്‍ക്കുന്നതായിരിയ്ക്കും നല്ലതെന്നു ചിന്തിച്ചുകൊണ്ട് സദാനന്ദ് ചോദിച്ചു, ചാച്ചാജീ, അവര്‍ക്ക് എന്തെങ്കിലും തുക കൊടുക്കണമെങ്കില്‍ കൊടുക്കാം. അവര്‍ വിശാഖത്തെ ശല്യപ്പെടുത്താതിരിയ്ക്കട്ടെ.

നാളെ അവര്‍ വന്നു കഴിഞ്ഞിട്ട് എന്താണവരുടെ പ്രതീക്ഷയെന്നറിഞ്ഞിട്ടു തീരുമാനിയ്ക്കാം. ബക്കഡേ പറഞ്ഞു. ഇത്തരക്കാര്‍ക്കുള്ള ഒരു കുഴപ്പമെന്തെന്നു വച്ചാല്‍, നമ്മളവര്‍ക്ക് ആയിരം രൂപ കൊടുക്കുമെന്നു കണ്ടാല്‍ അവരുടന്‍ പതിനായിരം ചോദിയ്ക്കും. അതിന്റെ പല മടങ്ങായിരിയ്ക്കും പിന്നെച്ചോദിയ്ക്കുന്നത്. ഒടുവില്‍ ഒരു വ്യവസ്ഥതയുമില്ലാതെ ഇങ്ങനെ കൊടുത്തുകൊണ്ടിരിയ്ക്കാന്‍ നാം നിര്‍ബന്ധിതരാകും. പക്ഷേ, ഇതൊന്നുമോര്‍ത്തു വിഷമിയ്ക്കാന്‍ വേണ്ടിയല്ല, ഞാനിപ്പോള്‍ വിളിച്ചത് ബേട്ടയെ വിവരം ഒന്നറിയിയ്ക്കാന്‍ വേണ്ടി മാത്രമാണ്. ബേട്ടി ഇക്കാര്യം ബേട്ടയെ അറിയിച്ചുകാണില്ലെന്നു തോന്നി.

സദാനന്ദ് ഉടന്‍ വിശാഖത്തിനെ വിളിച്ചു. വിശാഖം പറഞ്ഞു, ‘സദൂ, അവരോടു നാളെ വരാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ വരട്ടെ. അവര്‍ വന്നിട്ടു നോക്കാം.’

‘നിന്നെയവര്‍ ശല്യപ്പെടുത്തുമോ, വിശാഖം. അവര്‍ക്കെന്തു വേണമെങ്കിലും കൊടുക്കാം.’

‘എന്റെ സദൂ, എന്നെച്ചൊല്ലി വിഷമിയ്ക്കുന്നതു നിര്‍ത്ത്. സ്വന്തം ഭാവിയെപ്പറ്റി ഓര്‍ക്ക്.’ അവള്‍ ഫോണ്‍ ഡിസ്‌കണക്ടു ചെയ്തു.

(തുടരും)

Generated from archived content: vaisakhap14.html Author: sunil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here