മേരിയ്ക്ക് വ്‌ വ്‌ വ്‌ വിക്കുണ്ടോ

“നിങ്ങൾടെ മാര്യേജ് ലവ് മാര്യേജായിരുന്നോ, മേരിസാറേ?” ഷെരീഫയുടെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞിരുന്നു.

നാസർ എന്നൊരു ചെറുപ്പക്കാരനുമായി ഷെരീഫ കുറച്ചു കാലമായി പ്രണയത്തിലാണെന്ന കാര്യം അത്ര രഹസ്യമല്ല. ഷെരീഫ ബാങ്കിൽ നിന്നിറങ്ങുന്ന സമയമാകുമ്പോഴേയ്ക്കും ഗേയ്റ്റിനു പുറത്ത്, മതിലിനോടു ചേർന്ന്, ബൈക്കിൽ എന്തെങ്കിലും വായിച്ചുകൊണ്ട് നാസർ ക്ഷമയോടെ കാത്തിരിപ്പുണ്ടാകും. മഞ്ഞായാലും, മഴയായാലും, വെയിലായാലും, നാസർ റെഡി. അതു കണ്ട് അവർ ഭാര്യാഭർത്താക്കന്മാരാണ് എന്നാണു ഞാൻ ആദ്യമൊക്കെ കരുതിയിരുന്നത്. പിന്നീടാണ് സത്യാവസ്ഥ മനസ്സിലായത്.

കോൺ‌ട്രാക്റ്റ് വർക്കുകൾ ചെയ്യുകയാണ് നാസറിന്റെ ജോലി. തുടക്കത്തിൽ ബുദ്ധിമുട്ടിയിരുന്നെങ്കിലും നാസർ രംഗത്ത് പിടിച്ചുനിന്നു. ഷെരീഫയെ നിക്കാഹു കഴിയ്ക്കുന്നതിനോട് നാസറിന്റെ വീട്ടുകാർക്ക് എതിർപ്പില്ല. എതിർപ്പു മുഴുവനും ഷെരീഫയുടെ വീട്ടുകാർക്കാണ്. ബാങ്കുദ്യോഗസ്ഥയായ ഷെരീഫ ഒരു കോൺ‌ട്രാക്റ്ററേക്കാൾ ഉയർന്ന ഒരാളെ അർഹിയ്ക്കുന്നു എന്നാണ് അവരുടെ വിശ്വാസം. ഒരുദ്യോഗസ്ഥനെയാണ് അവർക്കാവശ്യം. മാത്രമല്ല, പ്രണയവിവാഹങ്ങളൊക്കെ ഒടുവിൽ കുഴപ്പത്തിൽ ചെന്നെത്തുമെന്ന് അവർ ഭയപ്പെടുന്നു.

വിജയിച്ചിരിയ്ക്കുന്ന പ്രണയവിവാഹങ്ങൾ തേടി നടക്കുകയാണ്, ഷെരീഫ. വാപ്പയുടേയും ഉമ്മയുടേയും മുന്നിൽ അവ നിരത്തിവച്ച് അവരെ വശത്താക്കുകയാണ് ഉദ്ദേശം. മേരിസാറും ജോർജ് സാറും ഞങ്ങൾക്കറിയാവുന്നവരിൽ വച്ചേറ്റവും റൊമാന്റിക് ആയ ദമ്പതിമാരിൽ‌പ്പെടുന്നു. അവർ വിവാഹത്തിന്റെ രജതജൂബിലി ആഘോഷിച്ചു കഴിഞ്ഞിട്ടുമുണ്ട്. അവരുടേത് പ്രണയവിവാഹമായിരുന്നെങ്കിൽ, ഷെരീഫയ്ക്ക് കൂടുതൽ തെളിവുകൾ തേടേണ്ടതായി വരില്ല. ആ ആകാംക്ഷ ഷെരീഫയുടെ ശബ്ദത്തിലുണ്ടായിരുന്നു.

“ഏയ്, ഒന്നാന്തരം അറേഞ്ച്ഡ് മാര്യേജ്!” മേരിസാറിന്റേത് പ്രണയവിവാഹമായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയത് സുകുമാരിയായിരുന്നു.

സുകുമാരിയുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് സഹപ്രവർത്തകരായ ഞങ്ങൾ മൂന്നു പേർ സുകുമാരിയുടെ വീട്ടിൽ ഒരു ഞായറാഴ്ച ഒത്തു കൂടിയിരിയ്ക്കുകയായിരുന്നു. പിറന്നാള് രണ്ടുദിവസം മുമ്പ് കഴിഞ്ഞിരുന്നെങ്കിലും, ആഘോഷം സൗകര്യാർത്ഥം ഞായറാഴ്ചയിലേയ്ക്കു മാറ്റി വച്ചിരുന്നു. എല്ലാവരും കൂട്ടായി അദ്ധ്വാനിച്ചുണ്ടാക്കിയ പപ്പടം, പഴം, പായസത്തോടെയുള്ള സദ്യ കഴിച്ചു തൃപ്തരായി, പിരിയുന്നതിനു മുമ്പ് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരിയ്ക്കുമ്പോഴായിരുന്നു, ഷെരീഫയുടെ ചോദ്യവും സുകുമാരിയുടെ ഉത്തരവും. “മേരിസാറേ, സാറിനെ ജോർജ് സാറ് പെണ്ണുകാണാൻ വന്ന കഥയൊന്നു പറഞ്ഞു കൊടുത്തേ.”

സുകുമാരിയുടെ ശുപാർശ കേട്ട്, ഞങ്ങളും അതേറ്റു പിടിച്ചു, “പറയ്, മേരി സാറേ, പറയ്.”

ഒരു വയസ്സു മാത്രം തികഞ്ഞ പിറന്നാളുകാരിയ്ക്ക് മേരിസാറിന്റെ കഥയിൽ വലിയ താത്പര്യമില്ല. ഉച്ചയുറക്കത്തിനുള്ള സമയമെത്തിയതുകൊണ്ട് ഭാസിയുടെ കൈയ്യിലിരുന്ന കുഞ്ഞ് ചെറുതായി ചിണുങ്ങാൻ തുടങ്ങി. കുഞ്ഞിനെ സുകുമാരി കൈയിൽ വാങ്ങി.

“ഞാൻ കേട്ടിട്ടുള്ള കഥയാണ്. എങ്കിലും മേരിസാറേ, പറയാൻ വരട്ടെ. ഞാൻ വാവയെ ഒറക്കീട്ട് ഇപ്പത്തന്നെ വരാം. എന്നിട്ടു പറഞ്ഞാ മതി.”

ഉറക്കം വരുമ്പോൾ കുഞ്ഞിന് ഭാസിയെയല്ല, സുകുമാരിയെത്തന്നെ വേണം. സുകുമാരിയുടെ തഴുകലേറ്റ് കുഞ്ഞ് പെട്ടെന്നുറങ്ങി. സുകുമാരിയും ഭാസിയും മടങ്ങിവന്നപ്പോൾ കഥ പറയാനുള്ള അന്തരീക്ഷമായി.

മേരിസാറിന്റെ വർത്തമാനം കേൾക്കാൻ രസമുള്ളതാണ്. മേരിസാറിന്റെ മാത്രമല്ല, ജോർജ് സാറിന്റേയും. അവർ രണ്ടുപേരുമുള്ളപ്പോൾ പൊട്ടിച്ചിരികൾ മുഴങ്ങും. ജോർജ് സാറ് കോടതി സംബന്ധമായ എന്തോ കാര്യങ്ങൾക്കായി ചെന്നൈയിലേയ്ക്കു പോയിരിയ്ക്കുന്നതുകൊണ്ട് അദ്ദേഹത്തിന് ഇന്നിവിടെ ചിരിയുടെ മാലപ്പടക്കത്തിനു നേരിട്ടു തീ കൊളുത്താനാകാതെ പോയി.

“അന്നു ഞാൻ ബാങ്കിൽ ജോയിൻ ചെയ്തിട്ട് അധികനാളായിട്ടില്ല.” മേരിസാർ കഥ തുടങ്ങി. “അപ്പച്ചൻ ഒരു ദിവസം വന്നു പറഞ്ഞു, ‘എടീ, ഞായറാഴ്ച നിന്നെ പെണ്ണുകാണാൻ വരും. ഒരുങ്ങി നിന്നോണം’.

‘പെണ്ണുകാണാനോ? എന്നെയോ?’

ഞാൻ അന്ധാളിച്ചുപോയി. ജീവിതത്തിൽ ആദ്യമായി ഒരാൾ എന്നെ പെണ്ണുകാണാൻ വരുന്നു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ഞാൻ പരിഭ്രമിച്ച് എലിസബത്തിനു ഫോൺ ചെയ്തു. അവളായിരുന്നു എന്റെ അന്നത്തെ വല്യ ദോസ്ത്. ‘എടോ, ഞായറാഴ്ച എന്നെ പെണ്ണുകാണാൻ വരുന്നെന്ന്. ഞാനെന്താടോ ചെയ്യുക?’

അപ്പൊ അവളു പറഞ്ഞു, ‘താൻ പേടിയ്ക്കണ്ട. ഒക്കെ ഞാൻ പറഞ്ഞു തന്നോളാം.’

എനിയ്ക്കു ചിരിവന്നു. കുറേ പെണ്ണുകാണലു കഴിഞ്ഞ് നല്ല തഴക്കം വന്ന പോലായിരുന്നു, അവളുടെ വർത്തമാനം. അവളുടെ ഒറ്റ പെണ്ണുകാണലും അതുവരെ നടന്നിട്ടുണ്ടായിരുന്നില്ല.

പെണ്ണുകാണലിനെ നേരിടാനുള്ള കോച്ചിംഗ് നേരിട്ടു തരാൻ വേണ്ടി എലിസബത്ത് പിറ്റേന്നെത്തി. അവൾ അപ്പച്ചനും അമ്മച്ചിയുമായി ചർച്ച ചെയ്ത് സൂത്രത്തിൽ വിവരങ്ങൾ ശേഖരിച്ചു. ചെറുക്കൻ വക്കീലാണത്രെ.

ചെറുക്കന്റെ ഒരു പഴയ ഫോട്ടോ തലേന്ന് അമ്മച്ചി കാണിച്ചു തന്നിരുന്നു. എന്റെ മൂക്കിനു മുമ്പിൽ ആ ഫോട്ടോ കാണിച്ചും കൊണ്ട് എലിസബത്തു പറഞ്ഞു, ‘എടീ, ആളു തനി പൂവാലനാ. ആ മീശേം കള്ളച്ചിരീം കണ്ടാലറിയാം. പെണ്ണുങ്ങള് അയാളുടെ പിന്നീന്നു മാറത്തില്ലടീ. നിനക്കു പണിയാ…കും !’

അവളു പറഞ്ഞത് ശരിയായിരുന്നു. അന്ന് ജോർജ് ഇന്നത്തെപ്പോലല്ല. ശരിയ്ക്കും സിമ്പ്ലനായിരുന്നു. ഇപ്പഴല്ലേ അങ്ങു കോലം കെട്ടുപോയത്.”

മേരിസാറ് അങ്ങനെ പറഞ്ഞെങ്കിലും, ജോർജ് സാറിനെക്കാണാൻ ഇന്നും യാതൊരു കുഴപ്പവുമില്ല. നല്ല പേഴ്സണാലിറ്റിയുള്ളയാൾ എന്നു പറഞ്ഞുകേൾക്കുമ്പോൾ, ജോർജ് സാറാണ് എന്റെ മനസ്സിലേയ്ക്കോടിവരിക. ജോർജ് സാറ് ഇന്നും സുന്ദരനായിരിയ്ക്കെ അന്ന്, പത്തിരുപത്തഞ്ചു വർഷം മുമ്പ്, എത്ര സുന്ദരനായിരുന്നിരിയ്ക്കും! എനിയ്ക്കൊരല്പം അസൂയ തോന്നി.

മേരിസാറും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല, അല്പം വണ്ണം വച്ചുപോയിട്ടുണ്ടെങ്കിലും. ‘സുന്ദരൻ ഞാനും സുന്ദരി നീയും’ എന്ന് ഇപ്പോഴും പാടാവുന്ന ജോടി.

“‘വല്ല കേസില്ലാവക്കീലുമായിരിയ്ക്കും,’ ഞാൻ പറഞ്ഞു.” മേരിസാറ് കഥ തുടർന്നു.

‘ഏയ്, അല്ലടീ. ആള് ജില്ലാ കോടതീലെ തെരക്കുള്ള വക്കീലാണെന്നാ നിന്റെ അപ്പച്ചൻ പറഞ്ഞത്.’ എലിസബത്ത് വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞിരിയ്ക്കുന്നു. ‘പക്ഷേ, ഒരു കൊഴപ്പോണ്ട്,’ അവൾ കൃത്രിമഗൗരവം ഭാവിച്ചു പറഞ്ഞു.

‘എന്താ?’

‘വക്കീലന്മാരൊക്കെ നുണയന്മാരാ. അവരു പറേന്നതൊക്കെ നുണയായിരിയ്ക്കും. നുണ പറഞ്ഞാണല്ലോ അവരു കേസൊക്കെ ജയിയ്ക്കുന്നത്!’

നല്ല സുന്ദരകളേബരനാ‍യ ചെറുക്കൻ. ജില്ലാക്കോടതീലെ തിരക്കുള്ള വക്കീല്. ഇരുകൂട്ടർക്കും ഇഷ്ടപ്പെട്ടാൽ ഒരു പക്ഷേ എന്റെ ഭർത്താവാകാനുള്ളയാൾ. അങ്ങനെയുള്ളയാൾക്കാണ് എലിസബത്ത് പാര വയ്ക്കാൻ ശ്രമിയ്ക്കുന്നത്. ഞാൻ അവളുടെ പുറത്തിട്ടൊന്നു കൊടുത്തു. ഹല്ല പിന്നെ.

ഞായറാഴ്ച പെണ്ണുകാണാൻ ചെറുക്കൻ കൂട്ടരു വന്നു കയറി. കുശലപ്രശ്നങ്ങളൊക്കെ കഴിഞ്ഞയുടനെ ചെറുക്കന്റെ ഡിമാന്റു വന്നു: പെണ്ണുമായി തനിച്ചു സംസാരിയ്ക്കണം. അപ്പച്ചൻ പറഞ്ഞു, ‘അങ്ങനെയാവട്ടെ.’

വീടിന്റെ പടിഞ്ഞാപ്പുറത്ത് നിലം‌മുട്ടെ പടർന്നു പന്തലിച്ചു നിൽക്കുന്നൊരു മാവുണ്ട്. എനിയ്ക്ക് വളരെ ഇഷ്ടമുള്ള മാവാണത്. മാങ്ങയുള്ളപ്പൊ നിലം മുട്ടെ മാങ്ങയുണ്ടാകും. ആ മാവിൻ‌ചോട് റൊമാൻസിനു പറ്റിയതാണെന്ന് എനിയ്ക്കിപ്പഴും തോന്നാറുണ്ട്. പുളിയുറുമ്പിന്റെ കടി കൊള്ളാതെ നോക്കണംന്നേള്ളു.

ചെറുക്കനെ ഞാനാ മാവിന്റെ ചോട്ടിലേയ്ക്കു കൊണ്ടു പോയി. ഒരു കൊമ്പിൽച്ചാരി ചെറുക്കനും മറ്റൊരു കൊമ്പിൽച്ചാരി ഞാനും നിന്നു. ഒള്ള കാര്യം പറയണമല്ലോ. അന്നു ജോർജ് ശരിയ്ക്കും സിമ്പ്ലനായിരുന്നു. ഹാൻസംന്ന് നിങ്ങളൊക്കെ ഇപ്പൊ പറയാറില്ലേ? അതു തന്നെ.”

“കണ്ടപ്പൊത്തന്നെ മേരിസാറിന് ഇഷ്ടായോ?” ഷെരീഫ ചോദിച്ചു.

“ഒറ്റ നോട്ടത്തിൽത്തന്നെ എനിയ്ക്കിഷ്ടപ്പെട്ടു. അന്നു ഞാനും അത്ര മോശമായിരുന്നില്ല എന്നു കരുതിക്കോ. എന്നാലും ജോർജിനെക്കണ്ടപ്പോൾ ചെറിയൊരാശയൊക്കെത്തോന്നി.” മേരിസാറിന്റെ വെളുത്ത മുഖമൊന്നു തുടുത്തു.

“പക്ഷേ, മാവിൻ‌ചോട്ടിലെ റൊമാന്റിക് മൂഡ് ഒറ്റച്ചോദ്യം കൊണ്ടു തന്നെ ചെറുക്കൻ നെരപ്പാക്കി! മാവിൻ കൊമ്പിൽ ചാരിനിന്നുകൊണ്ടു ചെറുക്കൻ, വളരെ സീരിയസ്സായി, ചോദിയ്ക്കുകയാ, ‘മ്‌ മ്‌ മ്‌ മേരീ, മേരിയ്ക്ക് വ്‌ വ്‌ വ്‌ വിക്കുണ്ടോ?’

ചെറുക്കനങ്ങനെ വിക്കിവിക്കി പറയണതു കണ്ടപ്പോ ഞാനങ്ങു വിളറി വെളുത്തുപോയി.”

“അതെന്താ?” ഷെരീഫ ചോദിച്ചു.

“ഹ! പെണ്ണുകാണാൻ വരുന്ന ചെറുക്കൻ വല്യെ വക്കീലായി പ്രാക്ടീസു ചെയ്ത് പേരു സമ്പാദിച്ച ആളാണെന്നാണു പറഞ്ഞിരിയ്ക്കണത്. അങ്ങനെയൊള്ള ആൾക്ക് വിക്ക്ണ്ടാകുംന്ന് ആരെങ്കിലും വിചാരിയ്ക്ക്വോ! ഇതാണെങ്കിലോ, ചെറിയ വിക്കൊന്ന്വല്ല. ‘മേരിയ്ക്ക് വിക്കുണ്ടോ’ന്നു ചോദിച്ചപ്പോ ചുണ്ടിങ്ങനെ ഒരു മൂലേല്ക്ക് കോടിപ്പോയി. അതുകണ്ട് ഞാൻ സത്യമായിട്ടും മരവിച്ചുപോയി.

എനിയ്ക്കങ്ങനെ ഒച്ച പൊന്താതെ നിൽക്കുമ്പൊ ജോർജ് പിന്നേം ചോദിയ്ക്കുകയാ, ‘ങ്ഹാ, മ്‌ മ്‌ മ്‌മേരിയ്ക്കും വ്‌ വ്‌ വ്‌ വിക്ക് ണ്ടല്ലേ! ഞാൻ വ്‌ വ്‌ വ്‌ വിചാരിച്ചു, എനിയ്ക്കു മ്‌ മ്‌ മ്‌ മാത്രേ വ്‌ വ്‌ വ്‌വിക്കുള്ളൂന്ന്.’

എനിയ്ക്കന്നേരം തല കറങ്ങണ പോലെ തോന്നി. അതിനെടേല് അപ്പച്ചനോടും ദേഷ്യം തോന്നി. പുന്നാരമോളുടെ ജീവിതത്തിലാദ്യത്തെ പെണ്ണുകാണല്. അതിന് ഒരു വിക്കനെ മാത്രമേ അപ്പച്ചനു കിട്ടിയുള്ളൂ!

വിക്കുള്ളയാളെ കെട്ടാൻ മടീണ്ടായിട്ടല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിലിന്നു വരെ വിക്കുണ്ടായിരുന്നു. എന്നാലും വരാമ്പോണ ചെറുക്കന് വിക്കുണ്ട് എന്നൊരു സൂചനയെങ്കിലും അപ്പച്ചൻ എനിയ്ക്കു തരണ്ടതായിരുന്നു.

ഞാനങ്ങനെ കണ്ണു തുറിച്ചു നിൽക്കുമ്പോ, ജോർജ് പിന്നേം പറയുകയാ. ‘ഓ, മ്‌ മ്‌ മ്‌ മേരി ഊമേണല്ലേ? ഹായ്, അസ്സലായി. വ്‌ വ്‌ വ്‌ വിക്കൻ ചെക്കന് ഊമപ്പെണ്ണ്. നല്ല ച്‌ ച്‌ ച്‌ ചേർച്ച !’ അതും പറഞ്ഞുംകൊണ്ട് ജോർജ് ചിരിച്ചു.”

മേരിസാറു പറഞ്ഞതു കേട്ട് ഞങ്ങളും ചിരിച്ചുപോയി.

“നിങ്ങൾക്കിപ്പോ ചിരിയ്ക്കാം. പക്ഷേ, ആ നേരത്ത് ജോർജിന്റെ ചിരികണ്ടപ്പൊ എനിയ്ക്കങ്ങു പുകഞ്ഞു വന്നു. ആളു സ്വയം വിക്കനാണ്. അതിനെടേല് ഒരു കുഴപ്പോമില്ലാത്ത എന്നെ വിക്കീം ഊമേമാക്കാൻ ശ്രമിയ്ക്കുന്നു. ഞാൻ കടുപ്പിച്ചു പറഞ്ഞു: ‘ഞാൻ ഊമയല്ല. എനിയ്ക്കു വിക്കൂല്ല.’

എന്റെ ദേഷ്യം കണ്ടപ്പൊ ജോർജ് പിന്നേം ചിരിച്ചു. ആ ചിരി കണ്ടപ്പോ എനിയ്ക്കു പിന്നേം കലി കയറി. ‘ഇതിലെന്താത്ര ചിരിയ്ക്കാനുള്ളത്!’ ഞാൻ ചോദിച്ചു.

‘മ്‌ മ്‌ മ്‌ മേരിയ്ക്ക് എടയ്ക്കെടയ്ക്ക് വ്‌ വ്‌ വ്‌ വിക്കു വരും, ല്ലേ?’

‘എനിയ്ക്കു നല്ല മര്യാദയ്ക്ക് സംസാരിയ്ക്കാനറിയാം.’

‘ഇല്ല. വ്‌ വ്‌ വ്‌ വിക്ക് ണ്ട്. അതു കകകകണ്ടാലറിയാം. എന്നിട്ടത് ഒളിച്ചു വ്‌ വ്‌ വ്‌ വയ്ക്കണതാ.’

ദേഷ്യം കാരണം എനിയ്ക്കങ്ങു വട്ടു പിടിച്ച പോലായി. വിക്കുള്ള ഒരുത്തൻ സ്വന്തം വിക്ക് അവഗണിച്ച്, വിക്കില്ലാത്ത എനിയ്ക്ക് വിക്കുണ്ടെന്നു സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നു. മേലാൽ ഈ വിക്കൻ എന്നോടു മിണ്ടാൻ വരരുത്. പെണ്ണു കാണാൻ വന്ന ചെറുക്കനെ അപമാനിച്ചുവിട്ട പെണ്ണ് എന്ന പേരുദോഷം ഉണ്ടായാലും വേണ്ടില്ല, ഈ വിക്കനെ നിലയ്ക്കു നിർത്തീട്ടു തന്നെ കാര്യം. വിക്കനെ ഒന്ന് ഇരുത്താനായി ഞാൻ പറഞ്ഞു, ‘എനിയ്ക്ക് വ്‌ വ്‌ വ്‌ വ്‌ വ്‌ വ്‌ വിക്കിപ്പറയണ്ട കാര്യമില്ല. കാരണം എനിയ്ക്കു വ്‌ വ്‌ വ്‌ ‌വ്‌ വ്‌ വ്‌ വി വിക്കില്ല.’ വിക്കനു ശരിയ്ക്കു കൊള്ളട്ടെ എന്നു തീർച്ചയാക്കി ഞാനാ വ്‌ വ്‌ വ് നന്നായി വലിച്ചു നീട്ടിയാണു പറഞ്ഞത്. വിക്കന്റെ തല ഇനി പൊന്തരുത്!

ഞാൻ വിക്കിപ്പറയുന്നതു കേട്ട് ജോർജ് ചിരിച്ചു മറിഞ്ഞു. എന്നിട്ടു പറഞ്ഞു, ‘ക‌ ക‌ ക‌ കലക്കി. അപ്പൊ മേരിയ്ക്കുംണ്ട് വിക്ക്. എനിയ്ക്കത് ക ‌ക ‌ക ‌കണ്ടപ്പത്തന്നെ തോന്നീരുന്നു.’

വിക്കന് എന്റെ കൈയ്യിൽ നിന്നു കിട്ടിയതു പോര! പോരെങ്കിൽ ഇനീം കൊടുക്കാം. ഞാൻ കടുപ്പിച്ചു തന്നെ ചോദിച്ചു, ‘ഈ വ്‌ വ്‌ വ്‌ വിക്കും വച്ചുകൊണ്ടാണോ പ്‌ പ്‌ പ്‌ പെണ്ണുകാണാൻ നടക്കണത്!’

ആ വ്‌ വ്‌ വ് ഒരു കൊഞ്ഞനം കുത്തുന്ന പോലെ ആക്കി ഞാൻ!

അപ്പൊ ജോർജു പറഞ്ഞു, ‘അതെ. ഞാൻ വ്‌ വ്‌ വ്‌ വിക്കുള്ളൊരു പ്‌ പ്‌ പ്‌ പെണ്ണിനെ അന്വേഷിച്ചിറങ്ങിയതാ. അതിപ്പൊ കി കി കി കിട്ടി.’ ജോർജ് അകത്തേയ്ക്കു നോക്കിക്കൊണ്ട് ‘ഇച്ചായാ, ഒന്നിങ്ങു വന്നേ’ന്നു വിളിച്ചു പറഞ്ഞു.

ജോർജിന്റെ കൂടെ വന്നവരിൽ ജോർജിന്റെ ഇച്ചായനും – മൂത്ത ചേട്ടനും – ഉണ്ടായിരുന്നു. “എന്താടാ” എന്നു ചോദിച്ചുകൊണ്ട് ഇച്ചായൻ ഓടിയിറങ്ങി വന്നു.

ഇച്ചായൻ വന്നപ്പോ ജോർജു പറയുകയാ, “ഇച്ചായാ, ത്‌ ത്‌ ത്‌ തേടിയ വ്‌ വ്‌ വ്‌ വള്ളി ക്‌ ക്‌ ക്‌കാലിൽച്ചുറ്റി. വ്‌ വ്‌ വ്‌ വിക്കുള്ള പെണ്ണിനെത്തന്നെ നമുക്കു ക്‌ ക്‌ ക്‌ കിട്ടി.”

ജോർജിന്റെ ഇച്ചായൻ പ്രായമുള്ളയാളായിരുന്നു. വിവേകമുണ്ടാവേണ്ടയാൾ. എന്നിട്ടും അനിയനു വിക്കുണ്ടെന്ന കാര്യം എന്റെ അപ്പച്ചനോടൊന്നു സൂചിപ്പിയ്ക്കാനുള്ള വിവേകം പോലും അയാൾക്കുണ്ടായില്ല. നാണമില്ലാതെ മനുഷ്യരെ പറ്റിയ്ക്കാൻ ഒരു വിക്കനേയും കൊണ്ട് ഇറങ്ങിയിരിയ്ക്കുന്ന കൂട്ടർ! എനിയ്ക്ക് ജോർജിന്റെ ഇച്ചായനോടും ദേഷ്യം തോന്നി.

ഞാൻ ജോർജിനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു, ‘എനിയ്ക്കല്ല വ്‌ വ്‌ വ്‌ വിക്ക്. ഈ വ്‌ വ്‌ വ്‌ വിക്കനാ വ്‌ വ്‌ വ്‌ വിക്ക്!’ കൊഞ്ഞനം കുത്തിക്കൊണ്ടാണു ഞാനതു പറഞ്ഞത്. എന്റെ കലി കണ്ട് ജോർജ് പൊട്ടിപ്പൊട്ടിച്ചിരിച്ചു.

എന്റെ കലീം ജോർജിന്റെ ചിരീം കണ്ടപ്പോൾ ഇച്ചായന് കാര്യത്തിന്റെ ഏകദേശരൂപം പിടികിട്ടി. ഇച്ചായൻ കൈകൂപ്പിക്കൊണ്ടു വിനയത്തോടെ പറഞ്ഞു, ‘എന്റെ കുഞ്ഞേ, ജീവിതത്തിൽ ഇന്നുവരെ ഇവനു വിക്കുണ്ടായിട്ടില്ല. ഇപ്പോഴത്തെ ഈ വിക്ക് ഇവിടെ വന്ന ശേഷം, പെട്ടെന്നുണ്ടായതായിരിയ്ക്കണം. കുഞ്ഞൊന്നും വിചാരിയ്ക്കരുത്. എന്റെ അറിവനുസരിച്ച് കുഞ്ഞിനും വിക്കില്ല.’

എന്റെ വാ പൊളിഞ്ഞു പോയി. എനിയ്ക്കു വിശ്വസിയ്ക്കാനേ കഴിഞ്ഞില്ല. എന്തൊരു വിക്കായിരുന്നു അഭിനയിച്ചു കാണിച്ചിരുന്നത്! ഞാൻ ജോർജിനെ നോക്കിക്കൊണ്ടു ചോദിച്ചു, ‘അപ്പൊ വിക്കില്ലേ?’

എന്റെ ആകാംക്ഷ കണ്ടപ്പോ ജോർജ് വീണ്ടും തലയറഞ്ഞു ചിരിച്ചു.

ആ തലയ്ക്കിട്ടൊരു കൊട്ടു കൊടുക്കാൻ തോന്നി, എനിയ്ക്കന്നേരം. പക്ഷേ, വലിയ ആശ്വാസവും തോന്നീട്ടോ. ഒരു വിക്കനല്ലല്ലോ എന്നെ കെട്ടാൻ പോകുന്നത്. വെറുതേ എന്തുവോരം പേടിച്ചു!

ജോർജു ചോദിച്ചു, ‘അപ്പോ മ്‌ മ്‌ മ്‌ മേരിയ്ക്ക് വ്‌ വ്‌ വ്‌ വിക്കില്ലേ?’

ഇത്തവണ ഞാൻ ചിരിച്ചു. ‘എന്നെ പറ്റിയ്ക്കേയിരുന്നല്ലേ. ഞാൻ വിചാരിച്ചു…’

‘ശരിയ്ക്കും വിക്കനാണെന്ന്, അല്ലേ?’

‘വക്കീലമ്മാരൊക്കെ നുണയമ്മാരായിരിയ്ക്കും ന്ന് എന്റെ കൂട്ടുകാരി പറഞ്ഞുതന്നിരുന്നു.’

ജോർജ് ലക്കും ലഗാനുമില്ലാതെ ചിരിച്ചു.

ഇച്ചായനും ചിരിച്ചുപോയി. ‘എടാ, ജോർജേ, പെണ്ണു കാണാൻ വന്ന നീ പെണ്ണിന്റെ കൈയിൽ നിന്നു തല്ലു മേടിച്ചേനേ. തല്ലുകൊള്ളാഞ്ഞതു ഭാഗ്യം.’

ഇച്ചായൻ ചിരിച്ചുംകൊണ്ട് അകത്തേക്കു തിരിച്ചുപോയി. എനിയ്ക്ക് ആശ്വാസോം സന്തോഷോം ഒക്കെത്തോന്നീന്നു പറയേണ്ടതില്ലല്ലോ.

പിന്നെ ജോർജും ഞാനും കൂടി കൊറേയധികസമയം മാവിൻ‌ചോട്ടിൽ നിന്നു വർത്തമാനം പറഞ്ഞു. ഇടയ്ക്കിടയ്ക്ക് വിക്കിവിക്കീം പറഞ്ഞു. ഞങ്ങളന്നു കൊറേ ചിരിച്ചു. ഞങ്ങളന്നു ചിരിച്ചുകൂട്ടിയതു പോലെ ലോകത്ത് ഒരു പെണ്ണും ചെക്കനും പെണ്ണുകാണലിന് ചിരിച്ചിട്ടുണ്ടാവില്ല.

അതൊക്കെക്കഴിഞ്ഞ്, ചായടെ നേരത്ത് അകത്തു വെച്ച് ഞാൻ ജോർജിനോട് ഗൗരവത്തിൽ ചോദിച്ചു, ‘ച‌ ച‌ ച‌ ചായയോ ക്‌ ക്‌ ക്‌ കാപ്പിയോ വ്‌ വ്‌ വ്‌ വേണ്ടത്?’

ജോർജിനു സ്ഥലകാലബോധമില്ലെന്നു നിങ്ങൾക്കൊക്കെ അറിയാവുന്നതാണല്ലോ. എന്റെ ചോദ്യം കേട്ട് ചെറുക്കൻ അട്ടഹസിച്ചു ചിരിച്ചു. ജോർജിന്റെ ഇച്ചായനും ചിരിയ്ക്കാൻ കൂടി. ഇച്ചായന് വിവരം അറിയാമല്ലോ.

അവരുടെ ചിരികേട്ട് എന്റെ അപ്പച്ചൻ, പാവം, കണ്ണുമിഴിച്ചിരുന്നു പോയി. അപ്പച്ചന്റെ അന്നേരത്തെ വെപ്രാളം ഇതായിരുന്നു: ഇവൾക്കിതെവിടുന്നീ വിക്കു വന്നു! അതും കൃത്യം ഈ നേരത്തു തന്നെ!”

Generated from archived content: story3_june16_15.html Author: sunil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here