കപ്പേളപ്പെരുന്നാളിന് അഞ്ചു നാളികേരം

“ദാ, ആരോ വരുന്നുണ്ട്.”

ശ്രീമതി അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു. ഗേറ്റു കടന്ന് ആരെങ്കിലും വരുന്നത് അവൾക്ക് അടുക്കളയിൽ നിന്നുകൊണ്ടു കാണാനാകും.

പത്രവായന നിർത്തി, മുൻ‌വശത്തേയ്ക്കു ചെന്നു. വാതിൽ തുറന്നപ്പോൾ നാലഞ്ചുപേരുണ്ട്. ദേവസ്സിക്കുട്ടിയാണു മുന്നിൽ. മറ്റുള്ളവരും മുഖപരിചയമുള്ളവർ തന്നെ. പുറകിൽ, ഏണി തോളിലേറ്റി തെങ്ങുക്കയറ്റത്തൊഴിലാളിയായ സുഗതനും. ഒരാളുടെ പക്കൽ തേങ്ങ ചുമക്കാനുള്ള വലിയൊരു കുട്ടയുമുണ്ട്.

ഞാൻ മുറ്റത്തേയ്ക്കിറങ്ങിച്ചെന്നു.

“ചേട്ടാ, കപ്പേളപ്പെരുന്നാളിന് തേങ്ങയ്ക്കു വേണ്ടിയാണ്,” ദേവസ്സിക്കുട്ടി പറഞ്ഞു.

വടക്കേ റോഡിൽ കിഴക്കേ വളവിനപ്പുറത്ത് ഭഗവതിയമ്പലവും അവിടുന്ന് ഒരു ഫർലോംഗ് പടിഞ്ഞാറോട്ടു മാറി മേരിമാതാവിന്റെ കപ്പേളയുമുണ്ട്. കപ്പേളപ്പെരുന്നാൾ തുടങ്ങിക്കഴിഞ്ഞു. പെരുന്നാളിന്റെ അവസാനദിവസം ഒരു സ്നേഹവിരുന്ന് ഉണ്ടാകാറുണ്ട്. അയ്യായിരം പേർക്കെങ്കിലും അന്ന് സദ്യ നൽകും. അതിന് നാളികേരം സംഭാവനയായി കൊടുക്കാറുള്ളതാണ്. നാളികേരം സ്റ്റോക്കില്ലെങ്കിൽ തെങ്ങു കാണിച്ചുകൊടുത്താൽ മാത്രം മതി, അവർ തന്നെ തെങ്ങിൽ കയറി, നാളികേരമിട്ടു കൊണ്ടുപൊയ്ക്കോളും.

കുളത്തിന്റെ പടിഞ്ഞാറുവശത്തെ തൈത്തെങ്ങിൽ നാളികേരമുണ്ട്. പെരുന്നാളിനു കൊടുക്കാൻ പറ്റിയ നാളികേരം അതിൽ മാത്രമേയുള്ളു. നാലഞ്ചു തെങ്ങുകൾ കൂടിയുണ്ടെങ്കിലും അവയിലുള്ള നാളികേരങ്ങളൊന്നും ഇത്രത്തോളം നല്ലതല്ല. മാത്രമല്ല, അവയെല്ലാം മാനം മുട്ടെ ഉയർന്നു നിൽക്കുന്ന തെങ്ങുകളുമാണ്; ബുദ്ധിമുട്ടി മുകളറ്റം വരെ കയറിച്ചെല്ലുന്നതിനുള്ള പ്രതിഫലമാവില്ല, അവയിലെ നാളികേരങ്ങളൊന്നും. കുളത്തിനരികിലെ തൈത്തെങ്ങിലുള്ളതാകട്ടെ വലിപ്പമുള്ള, ആകാരസുഭഗമായ നാളികേരങ്ങളാണ്. തൃപ്തിയോടെ, അഭിമാനത്തോടെ കൊടുക്കാൻ പറ്റുന്നവ.

ഒരു കുഴപ്പമേയുള്ളു. അവ കൊടുക്കാൻ പാടില്ലെന്ന ഉത്തരവ് നിലവിലുണ്ട്. ആ തൈത്തെങ്ങിലെ നാളികേരങ്ങളെല്ലാം വിത്തു മുളപ്പിയ്ക്കാനുള്ളതാണെന്നും, ഇത്തവണ കപ്പേളപ്പെരുന്നാളുകാരു വരുമ്പോൾ കുളത്തിന്റെ തെക്കുവശത്തുള്ള കൊന്നത്തെങ്ങു കാണിച്ചുകൊടുത്താൽ മതിയെന്നുമുള്ള നിർദ്ദേശം പെരുന്നാളിന്റെ ശബ്ദകോലാഹലങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോൾത്തന്നെ ശ്രീമതി എനിയ്ക്കു തന്നു കഴിഞ്ഞിരുന്നു.

പക്ഷേ, ഒന്നാന്തരം നാളികേരങ്ങളുള്ള തൈത്തെങ്ങിന്റെ ചുവട്ടിലൂടെ വേണം അവരെ കുളത്തിന്റെ തെക്കുവശത്തെ കൊന്നത്തെങ്ങിനടുത്തേയ്ക്കു പറഞ്ഞുവിടാൻ. എനിയ്ക്കു വൈമനസ്യം തോന്നി. മാത്രമല്ല, കപ്പേളപ്പെരുന്നാളിന് ഏതാനും നാളികേരം സംഭാവന ചെയ്യുന്നതു മാത്രമാണ് “അമ്പലക്കാരനായ” ഞാൻ ഇന്നാട്ടിലെ മതസൗഹാർദ്ദം ശക്തിപ്പെടുത്താൻ വേണ്ടി വർഷം തോറും ആകെക്കൂടി ചെയ്യാറുള്ള ഒരേയൊരു കാര്യം. അതിൽ പിശുക്കു കാണിയ്ക്കാൻ ഞാൻ മടിച്ചു.

ശ്രീമതിയുടെ നിർദ്ദേശങ്ങളെ അവഗണിയ്ക്കുന്നതിൽ തെല്ലൊരാശങ്കയുണ്ടായിരുന്നെങ്കിലും, ധൈര്യമവലംബിച്ച് ഞാൻ തൈത്തെങ്ങിലേയ്ക്കു ചൂണ്ടി മഹാമനസ്കതയോടെ പറഞ്ഞു, “ദേവസ്സിക്കുട്ടീ, എത്ര തേങ്ങ വേണമെങ്കിലും എടുത്തോളൂ.”

സുഗതൻ തൈത്തെങ്ങിൽ ഏണി ചാരിവച്ചു കയറി.

ജനലിന്റെ കർട്ടൻ ഇളകി. നോക്കിയപ്പോൾ കർട്ടനു മുകളിലൂടെ തറച്ചു നോക്കുന്ന കണ്ണുകൾ. ആ ലേസർ നോട്ടത്തിന്റെ ചൂടേറ്റു ചൂളി.

“അഞ്ചെണ്ണം എടുത്തിട്ടുണ്ടു, ചേട്ടാ. സ്നേഹവിരുന്നിന് ചേച്ചീം ചേട്ടനും വരണേ.” സ്നേഹപൂർവ്വമായ അഭ്യർത്ഥനയോടെ ദേവസ്സിക്കുട്ടിയും കൂട്ടരും വിടവാങ്ങി.

പാളി നോക്കി. ജനൽ ശൂന്യം. കയർത്തുകൊണ്ട് വെട്ടിത്തിരിഞ്ഞു പോയിട്ടുണ്ടാകും.

ആ പ്രതിഷേധപ്രകടനത്തിന്റെ പുറകിലെ വിചാരധാര എനിയ്ക്കു മനസ്സിലാക്കാവുന്നതേയുള്ളു.

കുറേക്കാലം മുമ്പ്, ഇവളിവിടെ വലതുകാൽ വച്ചു കയറി അധികനാൾ കഴിയും മുമ്പ്, അന്നു പടിയ്ക്കലുണ്ടായിരുന്ന തെങ്ങിൽ നിന്ന് രണ്ടു നാളികേരം മുരളിയെക്കൊണ്ട് കയറു കെട്ടി മെല്ലെ താഴെയിറക്കിച്ച്, സ്വയം കുഴിയെടുത്ത്, പ്രാർത്ഥനയോടെ നട്ട്, ഭക്തിവാത്സല്യങ്ങളോടെ നനച്ചു വളർത്തിയതാണീ തൈത്തെങ്ങ്.

അന്ന് വിത്തിനുള്ള നാളികേരം മുരളി നിലത്തേയ്ക്കിട്ടു കളയാതിരിയ്ക്കാൻ വേണ്ടി ഇവൾ കൂസലില്ലാതെ തെങ്ങിന്റെ ചുവട്ടിൽ ചെന്നു നിന്നിരുന്നു. മുരളിയുടെ കൈയിൽ നിന്ന് കയറെങ്ങാൻ വിട്ടുപോയിരുന്നെങ്കിൽ വിത്തിനുള്ള നാളികേരങ്ങൾ രണ്ടും അവളുടെ നെറുകയിൽത്തന്നെ പതിച്ചേനേ. “നീയെന്തബദ്ധമാണീ കാണിയ്ക്കണത്” എന്നു ഞാൻ അവളോടു ചോദിച്ചതുമാണ്. താഴ്ന്നുവന്ന നാളികേരങ്ങളെ പിടിച്ചെടുത്ത്, കുഞ്ഞിനെയെന്നപോലെ ഭദ്രമായി മെല്ലെ നിലത്തു വച്ചു നിവർന്നയുടനെ “കണ്ടോ ചേട്ടാ” എന്ന ഭാവത്തിൽ എന്നെ നോക്കി അവൾ ചിരിയ്ക്കുകയും ചെയ്തിരുന്നു.

തൈയ്ക്കു തടമെടുത്തതും, അല്പം അപ്പുറത്തുള്ള കുഞ്ഞപ്പച്ചേട്ടന്റെ തൊഴുത്തിൽ നിന്ന് മനോജിനെക്കൊണ്ട് ചാണകം വരുത്തിയിട്ടതും വേനൽക്കാലത്ത് കുടവുമായി കുളത്തിലിറങ്ങി വെള്ളം കോരി നനച്ചതുമെല്ലാം അവൾ തന്നെയായിരുന്നു. അന്നൊന്നും ഞാൻ തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ല. “നീയിത്രയ്ക്ക് ബുദ്ധിമുട്ടേണ്ട കാര്യമൊന്നുമില്ല” എന്നു പറഞ്ഞ് ഞാൻ ചാണകത്തിൽ നിന്നും മറ്റും അകന്നു മാറിനിൽക്കുകയാണ് എപ്പോഴും ചെയ്തിട്ടുള്ളത്.

എന്നിട്ടും “എത്ര വേണമെങ്കിലും എടുത്തോളൂ” എന്നു പറഞ്ഞ്, ഗമയോടെ തൈത്തെങ്ങു ചൂണ്ടിക്കാട്ടിക്കൊടുത്ത് നാട്ടുകാരുടെ മുന്നിൽ മാന്യനായി ഞെളിയാൻ യാതൊരു മടിയും ഞാൻ കാണിച്ചില്ല. ഇതൊക്കെയാവാം അവളുടെ മനസ്സിൽ. അവൾ ഇതും ഇതിലപ്പുറവും വിചാരിച്ചാലും കുറ്റപ്പെടുത്താനാവില്ല.

പക്ഷേ, കപ്പേളക്കാർക്ക് നല്ല നാളികേരം എങ്ങനെ കൊടുക്കാതിരിയ്ക്കും. ഇത്രയും നല്ല നാളികേരമുള്ളപ്പോൾ മറ്റൊരു തെങ്ങിൽ കയറാൻ അവരോടെങ്ങനെ പറയും. നാളികേരത്തിനു വന്നവരെല്ലാം എന്റെ പരിചയക്കാരായതു കൊണ്ടു മാത്രമല്ല. കപ്പേളക്കാർ സ്നേഹവിരുന്നിന് പണം സംഭാവനയായി വാങ്ങുകയില്ല. അല്ലെങ്കിൽ പണം കൊടുക്കാമായിരുന്നു. സദ്യയ്ക്കാവശ്യമുള്ള വിഭവങ്ങൾ മാത്രമാണ് അവർ സ്വീകരിയ്ക്കുക. അവയിൽ കൊടുക്കാനെളുപ്പമുള്ളതും, അവർക്ക് മിക്കപ്പോഴും ആവശ്യം വരാറുള്ളതും നാളികേരം തന്നെ. തെങ്ങുകൾക്കു കേടുള്ളതുകൊണ്ട് ഈ പരിസരത്ത് നാളികേരം കുറവാണ്.

വാതിലടച്ച് കസേരയിൽ ചെന്നിരുന്ന് പത്രവായന തുടർന്നു.

പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലുമെല്ലാം പുകയുന്ന പ്രശ്നങ്ങൾ തന്നെ. ഭൂമിയിലിന്നും ശാശ്വതസമാധാനം ബഹുദൂരമകലെ.

ഏഷ്യയും ആഫ്രിക്കയും പുകയുന്നതിനിടയിൽ, അടുക്കളയിൽ നിന്നു പതിവായി കേൾക്കാറുള്ള മൂളിപ്പാട്ടു നിലച്ചിരുന്നു. പതിവില്ലാത്തൊരു നിശ്ശബ്ദത.

അന്തരീക്ഷം പ്രക്ഷുബ്ധം. സംശയമില്ല.

ഇന്നു ഞാൻ ഇവിടെയില്ലായിരുന്നെങ്കിൽ എന്താണു സംഭവിയ്ക്കുമായിരുന്നത്?

ഇത്തവണ കപ്പേളപ്പെരുന്നാളുകാർക്ക് തൈത്തെങ്ങിലെ തേങ്ങ കൊടുത്തുപോകരുത് എന്ന് എന്നോട് ഉത്തരവിട്ട ഇതേ ശ്രീമതി തന്നെ, ഇതേ തൈത്തെങ്ങുതന്നെ ദേവസ്സിക്കുട്ടിയ്ക്കു കാണിച്ചു കൊടുത്തേനേ. അതും മധുരപ്പൂപ്പുഞ്ചിരിയോടെ. അതു തീർച്ച. ഇവളെ ഇന്നോ ഇന്നലെയോ അല്ലല്ലോ, കുറച്ചേറെ നാളായില്ലേ ഞാൻ കാണാൻ തുടങ്ങിയിട്ട്!

മേരിമാതാവിന്റെ കാൽക്കൽ തൊട്ടുവന്ദിച്ചിട്ടേ ഇവൾ കപ്പേളയുടെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാറുള്ളു. അപ്പുറത്തെ ഭഗവതിയുടെ മുന്നിലുള്ള ഭക്തിപ്രകടനം തന്നെ കപ്പേളയുടെ മുന്നിലും നടത്തിക്കാണാറുണ്ട്. ഇടയ്ക്കിടെ ഓരോ കൂടു മെഴുകുതിരി എന്നെക്കൊണ്ടു വാങ്ങിപ്പിച്ച്, അതു മുഴുവൻ കപ്പേളയുടെ മുന്നിൽ തെളിയിച്ചുവച്ച് അവൾ സ്വയം നിർവൃതിയടയാറുള്ളതിന് ഞാൻ മാത്രമല്ല, നാട്ടുകാരും കാണാറുള്ളതാണ്.

ആ ഓരോ കൂടു മെഴുകുതിരിയും എന്തോ കാര്യസാദ്ധ്യത്തിനുള്ള കൃതജ്ഞതയായിരുന്നിരിയ്ക്കണം. മേരിമാതാവിന് ഒരു കൂടു മെഴുകുതിരി സമർപ്പിയ്ക്കുമ്പോൾ അപ്പുറത്തെ ഭഗവതിയ്ക്ക് ഒരു പുഷ്പാജ്ഞലി. അവിടെയൊരു പുഷ്പാജ്ഞലി കൊടുത്താൽ, ഇവിടെ ഒരു കൂടു മെഴുകുതിരി. രണ്ടു ദേവിമാരുടേയും പ്രീണനം അവരിലാർക്കും പരാതിയ്ക്കിടം കൊടുക്കാത്ത വിധം സമതുലിതമായി, സമർത്ഥമായി ഇവൾ നിലനിർത്തിക്കൊണ്ടു പോകുന്നു. അതിനു ഞാൻ സാക്ഷിയാണ്. ഈ വീട്ടിലെ കാര്യങ്ങൾ നേരേ ചൊവ്വേ നടന്നു പോകുന്നത് എന്റെ മിടുക്കുകൊണ്ടല്ല, അവൾ ഈ രണ്ടു ദേവിമാരെ തുല്യമായി പ്രസാദിപ്പിച്ചു നിർത്തുന്നതുകൊണ്ടാണ് എന്ന സൂചന തരാൻ അവളൊരിയ്ക്കലും മടിയ്ക്കാറില്ല.

ഏറെ സമയം കഴിഞ്ഞിരിയ്ക്കണം. ഞാൻ പത്രത്തിൽ മുഖം പൂഴ്ത്തി, ലോകം അഭിമുഖീകരിയ്ക്കുന്ന ഗുരുതരപ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴാണ്…പെട്ടെന്ന് പുറത്ത് കുളിരു കോരിയിടുന്നൊരു കരസ്പർശം. നെറുകയിൽ ചുടുചുണ്ടുകളമരുന്നു…അവയ്ക്കിടയിലൂടെ തഴുകുന്നൊരു മന്ത്രണം:

“നല്ല കുട്ടിയാണ് ട്ടോ. കീപ്പിറ്റപ്പ്!”

Generated from archived content: story2_may5_15.html Author: sunil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English