പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ആറാം ക്ലാസ്സില്‍ മലയാളം പഠിപ്പിച്ച സേവി(യര്‍) സാറ് ഇടയ്ക്കിടെ നടത്തിയിരുന്ന ക്ലാസ്സുപരീക്ഷകളില്‍ രണ്ടു സമ്മാനങ്ങള്‍ കൊടുത്തിരുന്നു. ഏറ്റവുമധികം മാര്‍ക്കു വാങ്ങുന്നതിനും അക്ഷരശുദ്ധിയ്ക്കും. ഒരറ്റത്തു റബ്ബറുള്ള പെന്‍സിലായിരുന്നു സമ്മാനം. വെറും പെന്‍സിലായിരുന്നു, സമ്മാനമെങ്കിലും, സമ്മാനം കിട്ടിയ പെന്‍സില്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ തലയുയര്‍ത്തിപ്പിടിച്ചങ്ങനെ നില്‍ക്കുമ്പോള്‍ നമ്മുടേയും തലയുയരുമായിരുന്നു. ഏറ്റവുമധികം മാര്‍ക്കു നേടിയതിനുള്ള സമ്മാനം രാജന്‍ പിള്ളയ്ക്കാണ് പതിവായി കിട്ടിക്കൊണ്ടിരുന്നത്. അക്ഷരശുദ്ധിയ്ക്കുള്ള സമ്മാനം പതിവായി എനിയ്ക്കും. ഞാനുത്തരങ്ങള്‍ തെറ്റിച്ചപ്പോള്‍ രാജന്‍ പിള്ള അക്ഷരങ്ങള്‍ തെറ്റിച്ചു. മറ്റുള്ളവരെല്ലാം ഉത്തരങ്ങളും അക്ഷരങ്ങളും തെറ്റിച്ചു. അക്ഷരശുദ്ധി വരുത്താനുള്ള ശുഷ്‌കാന്തി അന്ന്, അങ്ങനെയുണ്ടായതാണ്. ആ ശുഷ്‌കാന്തിയാണ് ഡോക്ടര്‍ സിജുവുമായി അടുക്കാനിടയാക്കിയത്.
‘സമുദ്രം’ എന്നൊരു ബ്ലോഗ്‌സൈറ്റ്. അതില്‍ ഡോക്ടര്‍ സിജു ബ്ലോഗുകള്‍ പോസ്റ്റു ചെയ്തിരുന്നു. കവിതകളും കഥകളും. അതിലളിതമായിരുന്നു ഡോക്ടര്‍ സിജുവിന്റെ വിഷയങ്ങള്‍. മിയ്ക്കപ്പോഴും പ്രണയം. ഇടയ്‌ക്കൊക്കെ ചില ഗുണപാഠങ്ങളും. ഒരു കുഴപ്പം മാത്രം: അക്ഷരത്തെറ്റുകളുടെ ബാഹുല്യം.
എനിയ്ക്ക് ചോറിലെ കല്ലുകടിയ്ക്കു തുല്യമാണ് അക്ഷരത്തെറ്റുകള്‍. അക്ഷരത്തെറ്റുകളോട് തികഞ്ഞ അസഹിഷ്ണുത. ഈ അസഹിഷ്ണുത കൊണ്ട് ഞാന്‍ പലരുടേയും ശത്രുത ഏറ്റു വാങ്ങിയിട്ടുണ്ട്. ചുരുക്കം ചിലരുടെ മമതയും; അക്കൂട്ടത്തിലൊരാളായിരുന്നു ഡോക്ടര്‍ സിജു. അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചയുടനെ ഡോക്ടര്‍ സിജു എന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. ഞാന്‍ നമ്പര്‍ മെയില്‍ ചെയ്തു കൊടുത്തയുടന്‍ വിളി വന്നു. യുവത്വത്തിന്റെ ശബ്ദം. എന്നാല്‍ യുവത്വത്തിന്റെ ബഹളങ്ങളില്ല. ഡോക്ടര്‍ സിജു പറഞ്ഞു, ഗോകുലേട്ടാ, ഞാന്‍ ജനിച്ചുവളര്‍ന്നത് ബാംഗ്ലൂരാണ്. പഠിച്ചതു സെന്‍ട്രല്‍ സ്‌കൂളില്‍. മലയാളം പഠിച്ചിട്ടേയില്ല. ഗോകുലേട്ടനെന്നെ സഹായിയ്ക്കണം. എനിയ്ക്കു പലതും എഴുതിയാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ അതൊക്കെ ഗോകുലേട്ടന് അയച്ചു തരാം. ഒന്നെഡിറ്റു ചെയ്തു തരണേ.
ഡോക്ടറായിട്ടു പോലും എത്ര വിനയം! എനിയ്ക്കിഷ്ടപ്പെട്ടു. ബാംഗ്ലൂരില്‍ ജനിച്ച്, കേന്ദ്രീയവിദ്യാലയത്തില്‍ ഹിന്ദി പഠിച്ചു വളര്‍ന്ന കുട്ടിയ്ക്ക് മലയാളം അറിയാമെങ്കിലേ അത്ഭുതമുള്ളു. മലയാളം വായിയ്ക്കാനും എഴുതാനും അറിയാത്ത നിരവധി മറുനാടന്‍ മലയാളിക്കുട്ടികളുണ്ടാകും. ആ കുട്ടികളില്‍ ഭൂരിഭാഗവും അന്യഭാഷകളായിരിയ്ക്കും സ്‌കൂളിലും മറ്റും ദിവസേന കൈകാര്യം ചെയ്യുന്നത്. മലയാളം എഴുതുന്നതു പോയിട്ട് പറയാന്‍ പോലും അവര്‍ക്കു ബുദ്ധിമുട്ടായിരിയ്ക്കും. എന്നാല്‍ ഡോക്ടര്‍ സിജുവിനാകട്ടെ മലയാളത്തോട് അഭിനിവേശം. എനിയ്ക്കു സന്തോഷമായി. സഹായിയ്ക്കുന്ന കാര്യം ഞാനേറ്റു. എഴുതുന്നതെല്ലാം അയച്ചു തരിക. അക്ഷരത്തെറ്റുകളെല്ലാം തിരുത്തി നാല്‍പ്പത്തെട്ടു മണിക്കൂറിനുള്ളില്‍ തിരിച്ചയച്ചു തരാം.
അന്യരുടെ അക്ഷരത്തെറ്റുകള്‍ കണ്ടുപിടിയ്ക്കുന്ന കാര്യത്തില്‍ എനിയ്‌ക്കൊരു പ്രത്യേക അഭിരുചിയുണ്ടെന്ന സത്യം ഒരു കുമ്പസാരമെന്ന നിലയില്‍ത്തന്നെ ഞാന്‍ പറഞ്ഞു കൊള്ളട്ടെ. പക്ഷേ ആ അഭിരുചി എഡിറ്റിംഗ് ജോലിയില്‍ എനിയ്ക്കു സഹായകമായിട്ടുണ്ട്. ഡോക്ടര്‍ സിജുവിന്റെ രചനകളുടെ എഡിറ്റിംഗിലും അതു സഹായകമായി. ഡോക്ടര്‍ സിജു എഴുതിയ ധാരാളം ബ്ലോഗുകള്‍ ഇത്തരത്തില്‍ എനിയ്ക്കയച്ചു തന്ന് എഡിറ്റു ചെയ്തു വാങ്ങിയിട്ടുണ്ട്. അതിനുള്ള നന്ദി ഡോക്ടര്‍ സിജു ഇടയ്ക്കിടെ ഫോണിലൂടെ അറിയിയ്ക്കുകയും ചെയ്തിരുന്നു.
‘സമുദ്രം’ എന്ന ബ്ലോഗ്‌സൈറ്റ് ഡോക്ടര്‍ സിജുവും നസീര്‍ എന്നൊരു വ്യക്തിയും കൂടി കൂട്ടായി നടത്തിപ്പോരുന്ന ഒന്നാണെന്ന് കാലം കുറച്ചു ചെന്നപ്പോളറിഞ്ഞു. ‘സമുദ്ര’ത്തില്‍ എഴുതുന്ന ബ്ലോഗ്ഗര്‍മാരുടെ സംഖ്യ ക്രമേണ വളര്‍ന്നുകൊണ്ടിരുന്നു. ‘സമുദ്രം’ നിലനില്‍ക്കുന്നതു കൊണ്ടാണ് അവര്‍ക്കെല്ലാം തങ്ങളുടെ രചനകള്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ കഴിയുന്നത്. ‘സമുദ്ര’ത്തെ നിലനിര്‍ത്തുന്നത് ഡോക്ടര്‍ സിജുവും നസീറുമാണ്. പൊതുജനത്തിന്റെ സര്‍ഗ്ഗവാസനയെ പ്രോത്സാഹിപ്പിയ്ക്കുന്ന ഒരേയൊരു ഡോക്ടറുമായിരിയ്ക്കും ഡോക്ടര്‍ സിജു. മറ്റൊരു ഡോക്ടരും ഇങ്ങനെ ബ്ലോഗ്‌സൈറ്റു തുടങ്ങിയതായറിവില്ല. ഡോക്ടര്‍ സിജുവിനോടു നന്ദി തോന്നി.
ഒരു ദിവസം ഡോക്ടര്‍ സിജു പറഞ്ഞു, ഗോകുലേട്ടാ, എനിയ്ക്കുടനെ ലീഡ്‌സിലേയ്ക്കു പോകേണ്ടി വരും. ലീഡ്‌സോ? അതെവിടെയാണ്? ലീഡ്‌സ് ഇംഗ്ലണ്ടിലാണ്. അവിടേയ്‌ക്കെന്തിനു പോകണം? കാരണം പട്ടാളം എന്നെ അങ്ങോട്ടയയ്ക്കുന്നു. പഠിയ്ക്കാന്‍ വേണ്ടി. ഓ! ഡോക്ടര്‍ സിജു പട്ടാളത്തിലാണോ? അതെ, ലെഫ്റ്റനന്റ് കേണല്‍. അറിയാതെ എഴുന്നേറ്റു നിന്നു പോയി. ഒരു ലെഫ്റ്റനന്റ് കേണലുമായാണോ ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നത്! അപ്പോള്‍ ഡോക്ടര്‍ സിജു പൂന ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജിലാണോ പഠിച്ചത്? അതെ. അവിടുന്നാണു ഞാന്‍ ഡോക്ടറായത്.
ഡോക്ടര്‍ സിജുവിനോടുള്ള എന്റെ ആദരവു കൂടി. പല പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഞാനും ഏ എഫ് എം സിയിലൊന്നു കടന്നുകൂടാനുള്ള ശ്രമം നടത്തി ദയനീയമായി പരാജയപ്പെട്ടിട്ടുള്ളതാണ്. ഞാനക്കാര്യം ഡോക്ടര്‍ സിജുവിനോടു വിവരിച്ചു ചിരിച്ചു, ഡോക്ടര്‍ സിജുവും ചിരിച്ചു. അന്ന് എന്നെ തടുത്തു നിര്‍ത്തിയ കടമ്പകളൊക്കെ ഡോക്ടര്‍ സിജു കടന്നല്ലോ, മിടുക്കന്‍. ഞാനഭിനന്ദിച്ചു. ഡോക്ടര്‍ സിജു വിനയത്തോടെ അഭിനന്ദനം സ്വീകരിച്ചു.
അങ്ങനെ ലെഫ്റ്റനന്റ് കേണല്‍ ഡോക്ടര്‍ സിജുവും ഞാനും ദോസ്തുക്കളായി. എന്നു മാത്രമല്ല, ലെഫ്റ്റനന്റ് കേണല്‍ ഡോക്ടര്‍ സിജു എന്റെ രഹസ്യാഭിമാനം കൂടിയായി. പല കാരണങ്ങള്‍. ഒരു ലെഫ്റ്റനന്റ് കേണലിന് പ്രതിമാസം ഒന്നു രണ്ടു ലക്ഷം രൂപ ശമ്പളമുണ്ടാകും. എന്റെ ശമ്പളം ഒരിയ്ക്കലും ഇരുപത്തേഴായിരം രൂപ കടന്നിട്ടില്ല. എന്‍ സി സിയിലുള്ളപ്പോള്‍ ഒരു മേജറിന്റെ സമീപത്തു പോലും ചെല്ലാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെയിരിയ്‌ക്കെ ഇതാ, ഇവിടെയൊരു ലെഫ്റ്റനന്റ് കേണല്‍ എന്നെ ഗോകുലേട്ടാ എന്നു സ്‌നേഹമധുരമായി വിളിയ്ക്കുന്നു, സംസാരിയ്ക്കുന്നു. ഒരു ലെഫ്റ്റനന്റ് കേണലുമായി സംസാരിയ്ക്കാന്‍ കഴിയുന്നവര്‍ ഇന്ത്യയില്‍ത്തന്നെ വിരളമായിരിയ്ക്കും. അങ്ങനെയിരിയ്‌ക്കെ ഞാന്‍ ലെഫ്റ്റനന്റ് കേണലിന്റെ തെറ്റുകള്‍ തിരുത്തിക്കൊടുക്കുക പോലും ചെയ്യുന്നു. അമ്പട ഞാനേ!
ഒരു ദിവസം ലെഫ്റ്റനന്റ് കേണല്‍ ഡോക്ടര്‍ സിജു എന്നെ വിളിച്ചു. ഗോകുലേട്ടാ, ഞാന്‍ ‘സാഗരം’ എന്നൊരു ബ്ലോഗ്‌സൈറ്റു തുടങ്ങിയിട്ടുണ്ട്. ഗോകുലേട്ടന്‍ അതില്‍ ചേരണം. അപ്പോ, ‘സമുദ്ര’മോ? ‘സമുദ്രം’ ഞാന്‍ വിട്ടു. ഗോകുലേട്ടന്‍ വരില്ലേ? അതിനെന്താ, വരാമല്ലോ.
ഞാനാണെങ്കില്‍ ബ്ലോഗുകള്‍ എഴുതിത്തുടങ്ങിയിട്ടേ ഉള്ളു. എന്റെ ബ്ലോഗുകള്‍ എവിടെയെല്ലാം പോസ്റ്റു ചെയ്യാമോ അവിടെയെല്ലാം പോസ്റ്റു ചെയ്ത് സാഹിത്യകാരനെന്ന പേരെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിയ്ക്കുകയായിരുന്നു ഞാനന്ന്. ഒരു ബ്ലോഗ്‌സൈറ്റില്‍ കൂടി എന്റെ ബ്ലോഗുകള്‍ പോസ്റ്റു ചെയ്യാനാവുന്നത് സന്തോഷമുള്ള കാര്യമാണ്. തേടിയ വള്ളി കാലില്‍ ചുറ്റി. ഞാന്‍ ‘സാഗര’ത്തില്‍ ചേര്‍ന്നു. അധികം കഴിയും മുന്‍പേ ‘സാഗര’ത്തിന്റെ അഡ്മിന്‍ ജോലി ഏറ്റെടുക്കണമെന്ന് ഡോക്ടര്‍ സിജു എന്നോടഭ്യര്‍ത്ഥിച്ചു, ഞാനതു സമ്മതിയ്ക്കുകയും ചെയ്തു. സ്‌നേഹം പ്രതിഫലമായി വാങ്ങി, സന്തോഷത്തോടെയുള്ള സൌജന്യസേവനം.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ സിജു പറഞ്ഞു, ഗോകുലേട്ടാ, നമുക്കൊരു കഥാകവിതാമത്സരം നടത്തണം. അതിനെന്താ സിജൂ. നടത്താമല്ലോ. ഗോകുലേട്ടാ, നമുക്ക് ഏറ്റവും നല്ല കഥയ്ക്കും കവിതയ്ക്കും പതിനായിരം രൂപാ വീതമുള്ള സമ്മാനം നല്‍കണം. പതിനായിരം രൂപയോ? അത്ര തന്നെ വേണോ? ഇവിടെ പ്രഗത്ഭരായ സാഹിത്യകാരന്മാര്‍ക്കു കൊടുക്കുന്ന സമ്മാനങ്ങള്‍ പോലും വിരളമായി മാത്രമേ പതിനായിരത്തില്‍ കവിയാറുള്ളു. അങ്ങനെയിരിയ്‌ക്കെ തുടക്കക്കാര്‍ക്ക് ഇത്ര വലിയ തുക നല്‍കണോ? തന്നെയുമല്ല, മറ്റു ചെലവുകളും ഉണ്ടാകും. അതൊക്കെ കണക്കിലെടുത്ത ശേഷമാണോ സമ്മാനത്തുക നിശ്ചയിച്ചത്? അതൊന്നും സാരമില്ല, ഗോകുലേട്ടാ. പതിനായിരം രൂപ വീതം തന്നെ കൊടുക്കാം. ഡോക്ടര്‍ സിജു നിസ്സാരമായിപ്പറഞ്ഞു. ഞാനുമോര്‍ത്തു, രണ്ടു ലക്ഷം പ്രതിമാസശമ്പളം കിട്ടുന്ന ലെഫ്റ്റനന്റ് കേണല്‍ മൂക്കു പിഴിഞ്ഞാല്‍പ്പോലും ഇരുപതിനായിരം കിട്ടും. ഓക്കെ.
അങ്ങനെ ‘സാഗരം’ കഥാകവിതാമത്സരം നടത്തി. മത്സരത്തിന്നായി കുറേയേറെ കഥകളും കവിതകളുമെത്തി. ഞാന്‍ ഒരഭിപ്രായം മുന്നോട്ടു വച്ചു. ഏതെങ്കിലും കോളേജിലെ എം ഏ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെക്കൊണ്ടു രചനകള്‍ വായിപ്പിച്ച് അവര്‍ക്കേറ്റവുമിഷ്ടപ്പെട്ട കഥയും കവിതയും തെരഞ്ഞെടുപ്പിയ്ക്കുന്നതായിരിയ്ക്കും മുതിര്‍ന്ന സാഹിത്യകാരന്മാരെക്കൊണ്ടു വിധിനിര്‍ണ്ണയം നടത്തിയ്ക്കുന്നതിലും നല്ലത്. ഡോക്ടര്‍ സിജു ആ അഭിപ്രായം ഉടന്‍ സ്വീകരിച്ചു. അധികനാള്‍ കഴിയും മുന്‍പ് വിധിപ്രസ്താവം വന്നു. ഒരു കഥ ഏറ്റവും നല്ലതായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കവിതകളുടെ കൂട്ടത്തില്‍ നിന്ന് രണ്ടെണ്ണം ഏറ്റവും നല്ലതായി തെരഞ്ഞെടുക്കപ്പെട്ടു.
കഥയ്ക്ക് പതിനായിരം രൂപയും രണ്ടു കവിതകള്‍ക്ക് അയ്യായിരം രൂപ വീതവും. സമ്മാനത്തുകകള്‍ വിതരണം ചെയ്യാന്‍ അമാന്തമുള്ളതുപോലെ തോന്നിയപ്പോള്‍ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ ‘സാഗര’ത്തിന്റെ അഡ്മിന്‍ ജോലിയില്‍ നിന്ന് ഔപചാരികമായി പിന്‍വാങ്ങിയിരുന്നു. എങ്കിലും ഡോക്ടര്‍ സിജുവിന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് അനൌദ്യോഗികമായ സഹായം തുടര്‍ന്നു.
സമ്മാനാര്‍ഹമായ രചനകള്‍ക്ക് സമ്മാനത്തുകയും പ്രശസ്തിപത്രവും ഫലകവും നല്‍കണം. അതിന്നായി ഒരു മീറ്റ് സംഘടിപ്പിയ്ക്കണം. അടുത്ത വര്‍ഷം ആദ്യമാണ് മീറ്റിന്റെ തീയതി തീരുമാനിച്ചത്. പക്ഷേ, മീറ്റിനു തൊട്ടു മുന്‍പ് ഡോക്ടര്‍ സിജുവിന്റെ കാറില്‍ ബസ്സു വന്നിടിച്ചു, ഡോക്ടര്‍ സിജുവിനു പരിക്കു പറ്റി. കൈയും കാലും ഫ്രാക്ചറായി. മാസങ്ങളോളം വീട്ടിലിരുന്നു. മാസങ്ങള്‍ക്കു ശേഷം വീണ്ടുമൊരു മീറ്റു നിശ്ചയിച്ചു. ആ സമയത്ത് ഡോക്ടര്‍ സിജുവിന്റെ അമ്മ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു. മീറ്റു നടന്നെങ്കിലും ഡോക്ടര്‍ സിജുവിനു പങ്കെടുക്കാന്‍ സാധിച്ചില്ല. സമ്മാനങ്ങള്‍ വിതരണം ചെയ്തില്ല.
മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു കഴിഞ്ഞിട്ട് ഒരു വര്‍ഷത്തിലേറെയായി. സിജൂ, സമ്മാനത്തുകകള്‍ ഓണ്‍ലൈനായി ജേതാക്കള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്ക്. ഞാനുപദേശിച്ചു. പ്രശംസിപത്രവും ഫലകവും ഒരു മീറ്റു നടക്കുന്നെങ്കില്‍ അന്നു നല്‍കാം. പക്ഷേ, സമ്മാനത്തുക ഇപ്പോള്‍ത്തന്നെ അവര്‍ക്കു കിട്ടട്ടെ. അങ്ങനെയാകാമെന്നു ഡോക്ടര്‍ സിജു സമ്മതിച്ചു. എങ്കിലും സമ്മാനവും മറ്റും ഒരു മീറ്റില്‍ വച്ചു മതിയെന്നാണ് ജേതാക്കള്‍ പറയുന്നത്, അതുകൊണ്ട് നമുക്കതൊരു മീറ്റില്‍ വച്ചു തന്നെ നല്‍കാമെന്നു ഡോക്ടര്‍ സിജു പിന്നീടു പറഞ്ഞു. സമ്മാനത്തുകവിതരണം നീണ്ടു നീണ്ടു പോയി.
ഒരു ദിവസം ഡോക്ടര്‍ സിജു പറഞ്ഞു, ഒരു ഓണ്‍ലൈന്‍ മാസിക തുടങ്ങുന്നു. ‘സാഗരം’ ഓണ്‍ലൈന്‍ മാഗസിന്‍. ഓരോ ലക്കത്തിലും നാല്‍പ്പതോളം ഇനങ്ങളുണ്ടാകും. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, സിനിമാനിരൂപണം, കായികരംഗം, ആരോഗ്യം. അങ്ങനെയങ്ങനെ. ഗോകുലേട്ടന്‍ സഹായിയ്ക്കണം. ഗോകുലേട്ടനെ മനസ്സില്‍ക്കണ്ടാണ് മാസിക തുടങ്ങുന്നത്. എങ്ങനെ സഹായിയ്ക്കണം? ഞാന്‍ രചനകള്‍ വരുത്തിത്തരാം. അവയൊന്ന് എഡിറ്റു ചെയ്ത് അപ്‌ലോഡു ചെയ്ത് ലക്കങ്ങള്‍ പബ്ലിഷു ചെയ്തു തരണം. ശരി, ആകാം. ആദ്യലക്കത്തിനു വേണ്ടി ഞാന്‍ ശരിയ്ക്കു ബുദ്ധിമുട്ടി. രണ്ടു മൂന്നു ലക്കങ്ങള്‍ പബ്ലിഷു ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, സിജൂ, എനിയ്ക്ക് എന്റേതായ ചില ജോലികളുണ്ട്. അവ തീര്‍ത്തുകൊടുക്കാനുള്ള കരാറൊപ്പിട്ടിട്ടുള്ളതാണ്. ഇനി അവ ചെയ്തു തീരുന്നതുവരെ ഓണ്‍ലൈന്‍ മാസിക കൈകാര്യം ചെയ്യാന്‍ എനിയ്ക്കു സാധിയ്ക്കില്ല.
ഏതാനും ലക്കങ്ങള്‍ ഡോക്ടര്‍ സിജു തനിയേ കൈകാര്യം ചെയ്തു. എനിയ്ക്കു സഹതാപം തോന്നി. ലഫ്റ്റനന്റ് കേണല്‍ ഡോക്ടര്‍ തനിയേ രചനകള്‍ ശേഖരിച്ച് അപ്‌ലോഡു ചെയ്ത് ലക്കങ്ങള്‍ പബ്ലിഷു ചെയ്യുന്നു! രാഷ്ട്രപ്രാധാന്യമുള്ള വ്യക്തിയാണ് ലഫ്റ്റനന്റ് കേണല്‍ ഡോക്ടര്‍ സിജു. അങ്ങനെയുള്ളയാളെ ഓണ്‍ലൈന്‍ മാഗസിന്റെ ലക്കങ്ങള്‍ പബ്ലിഷു ചെയ്യുകയെന്ന നിസ്സാരജോലികളില്‍ തളച്ചിടരുത്. ‘സാഗര’വും ‘സാഗരം ഓണ്‍ലൈന്‍ മാസിക’യുമെല്ലാം നമ്മള്‍ ബ്ലോഗര്‍മാര്‍ക്കു വേണ്ടിയല്ലാതെ മറ്റാര്‍ക്കുവേണ്ടിയാണ് ഡോക്ടര്‍ സിജു സ്വന്തം പണം മുടക്കി നടത്തുന്നത്? ഡോക്ടര്‍ സിജുവിന് അവയില്‍ നിന്നൊന്നും ഒരു രൂപ പോലും വരുമാനമില്ല. അതുകൊണ്ട് ഡോക്ടര്‍ സിജുവിന്റെ ഈ സംരംഭങ്ങളെല്ലാം ബ്ലോഗര്‍മാരുടെ സഹകരണം അര്‍ഹിയ്ക്കുന്നു. ഞാന്‍ പറഞ്ഞു, സാരമില്ല, സിജൂ, സിജു രാഷ്ട്രം ഏല്‍പ്പിച്ചിരിയ്ക്കുന്ന ചുമതലകള്‍ നിറവേറ്റുക, മാഗസിന്റെ പണി ഞാന്‍ തന്നെ ചെയ്‌തോളാം.
ഒരു ദിവസം രാവിലേ തന്നെ ഡോക്ടര്‍ സിജു വിളിച്ചു. ഡല്‍ഹിയിലാണ്. കേണലാകാനുള്ള ഇന്റര്‍വ്യൂവിനു വേണ്ടിയെത്തിയിരിയ്ക്കുന്നു. മത്സരാര്‍ത്ഥികളായി മറ്റു പല ഡോക്ടര്‍മാരുമുണ്ട്. എങ്കിലും പ്രൊമോഷന്‍ കിട്ടുമെന്ന പ്രതീക്ഷയുണ്ട്. ഇന്റര്‍വ്യൂവിനു ചെല്ലും മുന്‍പ് ഗോകുലേട്ടനെ ഒന്നു വിളിച്ചറിയിച്ചതാണ്. നന്നായി. നന്നായി വരും. ഓള്‍ ദ ബെസ്റ്റ്. റിസള്‍ട്ടറിയിയ്ക്കുക. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ സിജു വീണ്ടും വിളിച്ചു. പ്രൊമോഷന്‍ കിട്ടി. കേണലായി. ആദ്യം തന്നെ ഗോകുലേട്ടനെയാണു വിളിച്ചറിയിയ്ക്കുന്നത്. കണ്‍ഗ്രാജുലേഷന്‍സ്! അഭിനന്ദിച്ചു. സന്തോഷിച്ചു. മലയാളത്തില്‍ എന്റെ അരുമശിഷ്യന്‍ കേണലായിരിയ്ക്കുന്നു. ഏഷ്യാഡില്‍ സ്വര്‍ണ്ണമെഡലുകള്‍ വാരിക്കൂട്ടിയ പി ടി ഉഷയുടെ ഗുരു ഓ എം നമ്പ്യാരുടെ ഗമ അപ്പോഴെനിയ്ക്കുണ്ടായിരുന്നു. ഔപചാരികമായ അഭിനന്ദനത്തിനായി ‘സാഗര’ത്തില്‍ ബ്ലോഗു പോസ്റ്റു ചെയ്തു. ധാരാളം പേര്‍ കേണലിനെ അഭിനന്ദിച്ചു. കേണല്‍ ഡോക്ടര്‍ സിജു അഭിനന്ദനങ്ങള്‍ക്കു നന്ദി പറഞ്ഞു.
ഇതിനിടയില്‍ രസകരമായ മറ്റൊരു കാര്യം ഡോക്ടര്‍ സിജു പറഞ്ഞിരുന്നു. കേണല്‍ ഡോക്ടര്‍ സിജു സിനിമയിലഭിനയിയ്ക്കുന്നു. ഒരു മലയാളസിനിമയില്‍ മാത്രമല്ല, ഒരു ഹിന്ദി സിനിമയിലും. ഹിന്ദി സിനിമയില്‍ അമിതാഭ് ബച്ചനോടൊപ്പമാണ് അഭിനയിയ്ക്കാനുള്ളത്. പക്ഷേ അമിതാഭിന്റെ ശാരീരികാസ്വാസ്ഥ്യം മൂലം സിനിമയുടെ ഷൂട്ടിംഗ് അനിശ്ചിതമായി നീണ്ടു പൊയ്‌ക്കൊണ്ടിരിയ്ക്കുകയാണ്. സിനിമയിലഭിനയിയ്ക്കാന്‍ മിലിട്ടറിയുടെ അനുവാദം കിട്ടിയിട്ടുണ്ട്. മലയാളസിനിമയുടെ ഷൂട്ടിംഗ് ഉടനെ തുടങ്ങും.
ഞാന്‍ അത്ഭുതപ്പെട്ടുപോയി. എന്തെല്ലാം കാര്യങ്ങളാണ് എന്റെ ശിഷ്യനായ ഡോക്ടര്‍ സിജു ചെയ്യുന്നത്! പട്ടാളത്തില്‍ മണിക്കൂറുകള്‍ നീണ്ട, സങ്കീര്‍ണ്ണമായ, ന്യൂറോസര്‍ജറി നടത്തുന്നു. ജോലിയോടനുബന്ധിച്ച് നിരവധി സ്ഥലങ്ങളിലേയ്ക്ക് ഫ്‌ലൈറ്റില്‍ സഞ്ചരിയ്ക്കുന്നു. കോണ്‍ഫറന്‍സുകളില്‍ സംബന്ധിയ്ക്കുന്നു. സിനിമാഭിനയം നടത്തുന്നു. രണ്ടു ബ്ലോഗ്‌സൈറ്റുകള്‍ നടത്തുന്നു. ബ്ലോഗര്‍മാരെ കൈപിടിച്ചുയര്‍ത്തുന്നു, ഇതിനൊക്കെപ്പുറമേ കഥകളെഴുതുന്നു, കവിതകളെഴുതുന്നു, കഥാസമാഹാരവും കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിയ്ക്കുന്നു, അവയിലൊന്നിന്റെ രണ്ടാം പതിപ്പും ഇറങ്ങുന്നു. എന്റെ മലയാളശിഷ്യന്‍ ഒരു ബഹുമുഖപ്രതിഭ, പോരാ, അത്ഭുതപ്രതിഭ തന്നെ. മാത്രമല്ല, ഗോകുലേട്ടന്‍ എനിയ്ക്ക് എന്റെ സ്വന്തം അച്ഛനെപ്പോലെയാണെന്നു ഡോക്ടര്‍ സിജു ഇടയ്ക്കിടെ ഫോണിലൂടെ പറയാറുമുണ്ട്. അതു കേട്ടു ഞാന്‍ രോമാഞ്ചം കൊള്ളാറുമുണ്ട്. എന്റെ സ്വന്തം മകന്‍ പോലും ഇത്ര തുറന്ന് പിതൃഭക്തി പ്രകടിപ്പിച്ചിട്ടില്ല. ഒന്നു രണ്ടു ചെറു ദുഃഖങ്ങള്‍ അവശേഷിച്ചു. ഒന്ന്, സമ്മാനത്തുകകള്‍ വിതരണം ചെയ്യുന്നില്ല. പിന്നെ, മലയാളത്തിലെ അക്ഷരത്തെറ്റുകള്‍ക്ക് തെല്ലു കുറവു വന്നിട്ടുണ്ടെങ്കിലും ഇനിയുമേറെ കുറവു വരാനുണ്ട്.
അങ്ങനെയിരിയ്‌ക്കെ ദാ പൊട്ടുന്നൂ, ഒരു ബോംബ്. ഒരു ടെലിഫോണ്‍ കോള്‍. ഏതാനും ഈമെയിലുകള്‍. അങ്കിളിന്റെ കേണല്‍ ഡോക്ടര്‍ സിജുവുണ്ടല്ലോ, അയാള്‍ കേണലുമല്ല ഡോക്ടറുമല്ല. അയാള്‍ പറഞ്ഞതൊക്കെ നുണകളാണ്. അയാള്‍ നുണ പറഞ്ഞ് പാവം അങ്കിളിനെ പറ്റിയ്ക്കുകയാണ്.
ഞാന്‍ പൊട്ടിത്തെറിച്ചു. കേണല്‍ ഡോക്ടര്‍ സിജുവിനെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം? മൂന്നു കൊല്ലമായി അയാളെ എനിയ്ക്കറിയാം. അയാളെപ്പറ്റി വെറുതേ അപവാദം പറഞ്ഞു പരത്തരുത്. ഇന്ന്, അല്‍പ്പം മുന്‍പു കൂടി കേണല്‍ ഡോക്ടര്‍ സിജു തിരുവനന്തപുരത്തു നിന്നു വിളിച്ചതേയുള്ളു. ഇന്നലെ ബാംഗ്ലൂരിലെ കമാന്‍ഡ് ഹോസ്പിറ്റലിലായിരുന്നു. മിനിയാന്ന് ഡല്‍ഹിയില്‍. അതിന്റെ തലേന്ന് പൂനയില്‍. ഇയ്യിടെ എട്ടു മണിക്കൂര്‍ നീണ്ട ന്യൂറോസര്‍ജറി നടത്തി. വെറുതേ ഡോക്ടര്‍ സിജുവിനെപ്പറ്റി അതുമിതും പറഞ്ഞുകൊണ്ട് മേലാല്‍ എന്റടുത്തേയ്ക്കു വന്നേയ്ക്കരുത്. ഞാന്‍ അപവാദകര്‍ത്താവിനെ ഓടിച്ചുവിട്ടു.
അടുത്ത തവണ കേണല്‍ ഡോക്ടര്‍ സിജു വിളിച്ചപ്പോള്‍ ഞാന്‍ കേട്ട അപവാദങ്ങളെക്കുറിച്ചു പറഞ്ഞു. ചിലര്‍ക്കെന്നോടു സ്‌നേഹക്കുറവുണ്ട്, ഗോകുലേട്ടാ. എന്തു ചെയ്യാം. എല്ലാവരേയും തൃപ്തിപ്പെടുത്താനാവില്ലല്ലോ. ഡോക്ടര്‍ സിജു നിസ്സഹായത പ്രകടിപ്പിച്ചു.
സിജൂ!, സിജുവിന്നെതിരേ അപവാദം പറഞ്ഞവരെ ഒരു പാഠം പഠിപ്പിയ്ക്കണം. മേലാല്‍ അവര്‍ സിജുവിനെക്കുറിച്ച് അപവാദം പറയരുത്. സിജു കേണല്‍ ഡോക്ടറാണെന്നതിനുള്ള തെളിവുകള്‍ അവരുടെ മുന്നില്‍ നിരത്തിവച്ചു കൊടുത്ത് എനിയ്ക്കവരെ ശകാരിയ്ക്കണം. അതിനുവേണ്ട തെളിവുകള്‍ സിജു എനിയ്ക്കയച്ചു തരിക. ഇനിയൊരൊറ്റത്തവണ പോലും സിജുവിന്നെതിരെ ഇത്തരം അപവാദങ്ങള്‍ പൊന്തിവരരുത്.
ഗോകുലേട്ടന് എന്തെല്ലാം തെളിവുകളാണു വേണ്ടത്? കഴിഞ്ഞ മാസം സിജുവിന് ശമ്പളം കിട്ടിയോ? കിട്ടി. ശമ്പളത്തോടൊപ്പം ഒരു സാലറി സ്‌റ്റേറ്റ്‌മെന്റോ വേജ് സ്ലിപ്പോ കൂടി കിട്ടും. അതിലാണ് ശമ്പളത്തിന്റെ വിശദവിവരങ്ങളുള്ളത്. അതു കിട്ടിയിട്ടുണ്ടോ? ഉവ്വ്. എങ്കില്‍ അതിന്റെ ഒരു ഫോട്ടോ എടുത്ത് എനിയ്ക്കയച്ചു തരാമല്ലോ, ഇല്ലേ? തരാം. രണ്ടു ലക്ഷം രൂപയുടെ ശമ്പളം കാണുമ്പോള്‍ത്തന്നെ വിമര്‍ശകരുടെ വായടയും. പിന്നെ, ലെഫ്റ്റനന്റ് കേണലില്‍ നിന്ന് കേണലാക്കി പ്രൊമോട്ടു ചെയ്തു കൊണ്ടുള്ള കത്ത് പട്ടാളം സിജുവിനു തന്നിട്ടുണ്ടാകും. ഇല്ലേ. ഉവ്വ്. എങ്കില്‍ അതിന്റെ ഒരു ഫോട്ടോയും എനിയ്ക്കയച്ചു തരാമല്ലോ, ഇല്ലേ? തരാം. ശരി. ഇതു രണ്ടും ഒന്നയച്ചു തരിക. എപ്പോ അയച്ചു തരാന്‍ പറ്റും? ഇപ്പോള്‍ ഞാന്‍ തിരുവനന്തപുരത്താണ്. ഞാന്‍ ബാംഗ്ലൂരില്‍ മടങ്ങിച്ചെന്നാലുടന്‍ അയച്ചു തരാം.
അതിനിടയില്‍ ഡോക്ടര്‍ സിജു പറഞ്ഞു. എന്റെ ഐഡി കാര്‍ഡുണ്ട്. അതിന്റെ സ്‌കാന്‍ ഗോകുലേട്ടന് അയച്ചു തരട്ടേ? ഓകെ. തരൂ. ഞാന്‍ മറ്റൊന്നു കൂടി ആവശ്യപ്പെട്ടു: സിജുവിന്റെ യൂണിഫോമിലുള്ള ഫോട്ടോകളൊന്നും എവിടേയുമില്ലല്ലോ. ഫുള്‍ യൂണിഫോമിലുള്ളൊരു ഫോട്ടോ കൂടി അയച്ചു തരിക. മണിക്കൂറുകള്‍ക്കുള്ളില്‍ അവ രണ്ടും ഈമെയിലായി വന്നു. ഐഡി വ്യക്തമല്ല. അതില്‍ ഡോക്ടര്‍ സിജുവിന്റെ ചിത്രമുണ്ട്. ലെഫ്റ്റനന്റ് കേണല്‍ എന്നാണ് അതിലെഴുതിയിരുന്നത്. ആറു മാസം കഴിഞ്ഞെങ്കില്‍ മാത്രമേ കേണലിന്റെ ഐഡി കിട്ടുകയുള്ളു. ഡോക്ടര്‍ സിജു വിശദീകരിച്ചു. കേണലിന്റെ ഫുള്‍ യൂണിഫോം ധരിച്ചുകൊണ്ടുള്ള ഫോട്ടോ കലക്കി. തോളത്ത് അശോകസ്തംഭവും രണ്ടു നക്ഷത്രങ്ങളും. ഒരു ചെറുമുറിയിലാണ് കേണല്‍ ഇരിയ്ക്കുന്നതെന്ന ഒരപാകമുണ്ട്. വീട്ടിലെ മുറിയാണോ അത്? അല്ല, ഹോസ്പിറ്റലില്‍ എനിയ്‌ക്കൊരു പേഴ്‌സണല്‍ റൂമുണ്ട്. ഡോക്ടര്‍ സിജു വ്യക്തമാക്കി. ശരി. ഗോകുലേട്ടാ, ഇത്രയും മതിയോ? ഇനിയെന്തെങ്കിലും കൂടി വേണോ? തത്കാലം ഇത്രയും മതി.
ഒരു ദിവസം ഡോക്ടര്‍ സിജു പറഞ്ഞു. ഗോകുലേട്ടാ, ജൂലായ് ഇരുപത്തേഴാം തീയതി ഞാന്‍ ലീഡ്‌സിലേയ്ക്കു പോകുന്നു. മൂന്നു കൊല്ലത്തെ കോഴ്‌സില്‍ ചേര്‍ന്നു പഠിയ്ക്കാന്‍. ആര്‍മിയാണ് അയയ്ക്കുന്നത്. ഗ്രേറ്റ്. അപ്പോ, സിജൂ, ഈ മൂന്നു കൊല്ലം ‘സാഗര’വും ‘സാഗരം മാസിക’യും സിജു നടത്തുന്നുണ്ടോ അതോ നിര്‍ത്തുന്നോ? അവ നിര്‍ത്തുന്നില്ല. ഗോകുലേട്ടന്‍ അവ തുടര്‍ന്നും കൈകാര്യം ചെയ്യണം. ശരി, ഞാന്‍ കൈകാര്യം ചെയ്യാം. ബ്ലോഗര്‍മാര്‍ക്കു പ്രോത്സാഹനം ലഭിയ്ക്കുന്ന സംരംഭങ്ങളാണല്ലോ. പക്ഷേ, മാസികയ്ക്കു വേണ്ട രചനകള്‍ ശേഖരിച്ചയച്ചു തരുന്ന ജോലി ആരെയെങ്കിലും ഏല്‍പ്പിയ്ക്കുക. എനിയ്ക്കയച്ചു കിട്ടുന്ന രചനകള്‍ പഴയ പോലെ എഡിറ്റു ചെയ്ത് അപ്‌ലോഡു ചെയ്ത് പബ്ലിഷു ചെയ്യുന്ന കാര്യം ഞാനേറ്റു. ഗോകുലേട്ടാ, രചനകള്‍ ഞാന്‍ തന്നെ ശേഖരിച്ച് അയച്ചു തരാം. ങേ, ഇംഗ്ലണ്ടില്‍ പഠിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ സിജുവിന് എല്ലാ മാസവും നാല്‍പ്പതു രചനകള്‍ ശേഖരിച്ചയച്ചു തരാനുള്ള സമയം കിട്ടുമോ? ഞാനത്ഭുതപ്പെട്ടു. ഓ, അതൊക്കെച്ചെയ്യാനുള്ള സമയം കിട്ടും. ഡോക്ടര്‍ സിജു ഉറപ്പു തന്നു.
ഈ ഡോക്ടര്‍ സിജു ഒരതികായന്‍ തന്നെ! സായിപ്പിനെ കണ്ടാല്‍ കവാത്തു മറന്നു പോകുന്ന കൂട്ടത്തിലാണു ഞാന്‍. എന്നാല്‍ ഡോക്ടര്‍ സിജുവിനാകട്ടെ, ബ്രിട്ടനിലെ ഒറിജിനല്‍ സായിപ്പന്മാരുടെ നടുവിലായാലും ന്യൂറോസര്‍ജറിയുടെ അതിസങ്കീര്‍ണ്ണമായ ഉപരിപഠനത്തിന്നിടയിലായാലും ‘സാഗര’ത്തോടുള്ള അര്‍പ്പണബോധത്തിന് ഇളക്കമില്ല. അപാരം തന്നെ. ശരി. ഓള്‍ ദ ബെസ്റ്റ്. ഹാപ്പി ജേണി. ഒരു കാര്യം കൂടി. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഇംഗ്ലണ്ടിലേയ്ക്കു പോകുന്നത്. അവിടെ നന്നായി പെര്‍ഫോം ചെയ്യുക. ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുക. ഓക്കേ? ഓകെ, ഗോകുലേട്ടാ.
ലീഡ്‌സിലെത്തിയ ഉടനെ ഡോക്ടര്‍ സിജു ‘സാഗര’ത്തിനു വേണ്ടി ഫോട്ടോഷോപ്പിലുള്ള ഒരു ബാനര്‍ ശേഖരിച്ചയച്ചു തന്നു. അതോടൊപ്പം മറ്റാരുടേയോ ഒരു രചനയും അയച്ചു തന്നു. ബ്രിട്ടനിലെ ലീഡ്‌സില്‍ ചെന്നിറങ്ങിയതു ഞാനായിരുന്നെങ്കില്‍ പകച്ചു പോയേനേ. ഒന്നാമത് മഹാനഗരം. സിനിമകളില്‍ മാത്രം കാണുന്ന സുന്ദരമായ ചുറ്റുപാടുകള്‍. വെളുത്തു ചുവന്ന സായിപ്പുമാരും മദാമ്മമാരും. അവരുടെ ഇംഗ്ലീഷാണെങ്കിലൊട്ടു മനസ്സിലാകുകയുമില്ല. നമ്മളിവിടെ പ്രയോഗിയ്ക്കുന്ന ഇന്ത്യനിംഗ്ലീഷല്ലല്ലോ അവരവിടെ പറയുന്നത്. രാജാവിന്റേയോ രാജ്ഞിയുടേയോ ഇംഗ്ലീഷായിരിയ്ക്കും അവര്‍ പറയുന്നത്. അതു കേട്ടു മലച്ചു നില്‍ക്കാനേ നമുക്കാദ്യമൊക്കെ കഴിയൂ. കുറേ നാള്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അവര്‍ പറയുന്നതു മനസ്സിലാക്കാനും അവര്‍ക്കു കൂടി മനസ്സിലാകുന്ന തരത്തില്‍ പറയാനും നമുക്കാകുകയുള്ളു. എങ്കിലും, അങ്ങനെ പകച്ചു നില്‍ക്കുന്നതിനിടയിലും ഡോക്ടര്‍ സിജു ‘സാഗര’ത്തിനു വേണ്ടി കേരളത്തിലുള്ള ആരുടെയൊക്കെയോ പക്കല്‍ നിന്ന് ബാനറും രചനയും ശേഖരിച്ച് അയച്ചു തരിക കൂടി ചെയ്തിരിയ്ക്കുന്നു!
മാത്രമോ, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ സിജു, പതിവു പോലെ, ‘സാഗര’ത്തിലെ ഒന്നു രണ്ടു ബ്ലോഗുകള്‍ക്ക് കമന്റുകളും പോസ്റ്റു ചെയ്തിരിയ്ക്കുന്നു. പക്ഷേ ഇംഗ്ലണ്ടിലിരുന്ന് ന്യൂറോസര്‍ജറിയെപ്പറ്റിയുള്ള ബൃഹദ്ഗ്രന്ഥങ്ങള്‍ വായിയ്ക്കുന്നതിനിടയില്‍ ആര്‍ക്കെങ്കിലും ‘സാഗര’ത്തിലെ ബ്ലോഗുകള്‍ വായിയ്ക്കാനും കമന്റുകള്‍ പോസ്റ്റു ചെയ്യാനുമാകുമോ? പെട്ടെന്ന് എന്റെ തലയിലൊരു ദുഷ്ച്ചിന്തയുദിച്ചു. കേണല്‍ ഡോക്ടര്‍ സിജു ഇനിയെങ്ങാന്‍ ബ്രിട്ടനിലേയ്ക്കു പോയിട്ടില്ലായിരിയ്ക്കുമോ? ആളിപ്പോഴും ഇന്ത്യയില്‍ത്തന്നെയാണെങ്കിലോ? ഡോക്ടര്‍ സിജു ബ്രിട്ടനില്‍ നിന്നയച്ച ഈമെയിലുകളുടേയും അവിടുന്നു തന്നെ പോസ്റ്റു ചെയ്ത കമന്റുകളുടേയും ഐ പി അഡ്രസ്സ് വെറുതേയൊന്നു നോക്കിക്കളയാമെന്നു കരുതി. ബ്രിട്ടനിലെ ഐ പി അഡ്രസ്സുകള്‍ എങ്ങനെയൊക്കെയുള്ളതാണെന്ന് അറിയുകയും ചെയ്യാമല്ലോ.
ആ ദിവസങ്ങളില്‍ ഡോക്ടര്‍ സിജു അയച്ച ഈമെയിലുകളുടേയും ഡോക്ടര്‍ സിജു പോസ്റ്റു ചെയ്ത കമന്റുകളുടേയും ഐ പി അഡ്രസ്സു കണ്ടു പിടിച്ചു. ഐ പി അഡ്രസ്സിന്റെ ലൊക്കേഷന്‍ കണ്ടുപിടിയ്ക്കാന്‍ സഹായിയ്ക്കുന്ന ചില വെബ്‌സൈറ്റുകളുണ്ട്. അവയില്‍ മൂന്നു നാലെണ്ണമുപയോഗിച്ച് ഡോക്ടര്‍ സിജുവിന്റെ ഐ പി അഡ്രസ്സുകളിലോരോന്നിന്റേയും ലൊക്കേഷന്‍ കണ്ടു പിടിച്ചു. അവയെല്ലാം ഇന്ത്യയിലേതു തന്നെയായിരുന്നു. അവയിലൊന്നു പോലും ബ്രിട്ടനിലേതായിരുന്നില്ല.
ഇതെങ്ങനെ സംഭവിയ്ക്കും? ബ്രിട്ടനിലിരുന്നുകൊണ്ട് ഡോക്ടര്‍ സിജുവിന് ഇന്ത്യയിലെ ഐ പി അഡ്രസ്സുപയോഗിച്ച് ഈമെയിലുകളയയ്ക്കാനും കമന്റുകള്‍ പോസ്റ്റു ചെയ്യാനും എങ്ങനെ സാധിയ്ക്കും? ഐ പി അഡ്രസ്സുകളുടെ ലൊക്കേഷന്‍ ഏതു നഗരത്തിലേതെന്ന് കൃത്യമായി കാണിച്ചില്ലെന്നു വരാം. പക്ഷേ അവ ഏതു രാജ്യത്തേതെന്നു വ്യക്തമാകാറുണ്ട്. ഇന്ത്യയിലേത് ഇന്ത്യയിലേതെന്നും അമേരിക്കയിലേത് അമേരിക്കയിലേതെന്നും ഗള്‍ഫിലേത് ഗള്‍ഫിലേതെന്നും കാണിയ്ക്കും. ഡോക്ടര്‍ സിജുവിന്റെ ഐ പി അഡ്രസ്സുകള്‍ ഇന്ത്യയിലേതെങ്കില്‍ ഡോക്ടര്‍ സിജു ഇന്ത്യയില്‍ നിന്നു പോയിട്ടില്ല, ഇന്ത്യയില്‍ത്തന്നെ തുടര്‍ന്നു കാണണം. ബ്രിട്ടനില്‍പ്പോയെന്നു പറഞ്ഞതു നുണയായിരിയ്ക്കണം.
മൂന്നു വര്‍ഷത്തെ കോഴ്‌സിനു പോയ സിജു, രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും എന്നെ വിളിച്ചു. ഗോകുലേട്ടാ, ഞാനിവിടെ ഡല്‍ഹിയിലാ. ഇതെങ്ങനെ ഡല്‍ഹിയിലെത്തി? മൂന്നു വര്‍ഷത്തെ കോഴ്‌സായിരുന്നില്ലേ? അതെ. ഇവിടെയിപ്പോ സ്വാതന്ത്ര്യദിനപ്പരേഡിനായി എത്തിയിരിയ്ക്കുന്നതാണ്. ഇങ്ങനെ കോഴ്‌സിന്റെ നടുവില്‍ നിന്ന് സ്വാതന്ത്ര്യദിനപ്പരേഡിനായി വരാന്‍ പറ്റുമോ? കോഴ്‌സിനു ഭംഗം വരില്ലേ? അതു സാരമില്ല, ഗോകുലേട്ടാ. അമ്മയെ കൂട്ടിക്കൊണ്ടു പോകാന്‍ കൂടിയാണെത്തിയിരിയ്ക്കുന്നത്. സ്വന്തം ചെലവിലാണു വന്നിരിയ്ക്കുന്നത്.
ഞാന്‍ ഐ പി അഡ്രസ്സുകളുടെ കാര്യം എടുത്തിട്ടു. സിജൂ, സിജുവിന്റെ ഈമെയിലുകളുടേയും സിജു ‘സാഗര’ത്തില്‍ പോസ്റ്റു ചെയ്ത കമന്റുകളുടേയും ഐ പി അഡ്രസ്സ് ഇന്ത്യയിലേതാണല്ലോ. ഒന്നിലും ഒരു ബ്രിട്ടീഷ് അഡ്രസ്സ് കണ്ടില്ലല്ലോ. സിജു ബ്രിട്ടനില്‍ പോയില്ലേ? ഉവ്വ്, ഗോകുലേട്ടാ, ഞാന്‍ പോയിരുന്നു. ദാ, മിനിയാന്നു മടങ്ങി വന്നതേയുള്ളു. ഐ പി അഡ്രസ്സ് എന്താണങ്ങനെ കാണിയ്ക്കുന്നതെന്ന് എനിയ്ക്കറിയില്ല. ബ്രിട്ടനില്‍ എന്തൊക്കെയായിരുന്നു വിശേഷങ്ങള്‍? ഹോസ്റ്റല്‍ എങ്ങനെയുണ്ടായിരുന്നു? ക്ലാസ്സുകള്‍ തുടങ്ങിയോ? ഞാന്‍ ആരാഞ്ഞു. അവിടെ പ്രാക്റ്റിക്കലായിരുന്നു മുഴുവനും. ഇന്ത്യയില്‍ ആരും മെഡിക്കല്‍ കോളേജുകളില്‍ പഠിയ്ക്കാനായി ഡെഡ് ബോഡികള്‍ കൊടുക്കുകയില്ലല്ലോ. ഇംഗ്ലണ്ടില്‍ ഡെഡ് ബോഡികള്‍ ഇഷ്ടം പോലെ കിട്ടും. അതുകൊണ്ട് പ്രാക്റ്റിക്കല്‍ ധാരാളം നടന്നു.
എന്റെ മനസ്സില്‍ സംശയത്തിന്റെ കരിനിഴല്‍ വീണു കഴിഞ്ഞിരുന്നു. ഒന്നുകില്‍ ഡോക്ടര്‍ സിജു ഒരത്ഭുതപ്രതിഭാസമായിരിയ്ക്കണം. അല്ലെങ്കില്‍ കേണല്‍ നുണ പറയുന്നു. ഞാന്‍ സയന്‍സും കണക്കും നിയമവും അല്‍പ്പമൊക്കെ പഠിച്ചിട്ടുള്ളതാണ്. തെളിവുകള്‍ക്കു പ്രാധാന്യം കല്‍പ്പിയ്ക്കുന്ന കൂട്ടത്തിലുമാണ്. സംശയം വന്നുപോയാല്‍ പിന്നെ തെളിവുണ്ടെങ്കിലേ ദൈവം തമ്പുരാനെപ്പോലും ഞാന്‍ വിശ്വസിയ്ക്കൂ. ‘സാഗര’ത്തില്‍ ഡോക്ടര്‍ സിജുവിന്റെ കമന്റുകളുടെ ഐ പി അഡ്രസ്സുകള്‍ നോക്കുന്നതിനിടയില്‍ മറ്റൊരു വിചിത്രമായ കാര്യം കൂടി ഞാന്‍ കാണാനിടയായിരുന്നു. ഒരേ ഐ പി അഡ്രസ്സില്‍ നിന്ന് ഒന്നിലേറെപ്പേരുകളിലുള്ള കമന്റുകള്‍ പോസ്റ്റു ചെയ്യപ്പെട്ടിരിയ്ക്കുന്നു. ‘സാഗര’ത്തില്‍ കേരളത്തിലെ അവാര്‍ഡു നേടിയ ഒരു സാഹിത്യകാരനും അവാര്‍ഡു നേടിയ ഒരു സിനിമാസംവിധായകനും അംഗത്വമുണ്ട്. അവരെല്ലാം മറ്റുള്ളവരുടെ ബ്ലോഗുകള്‍ക്കു പ്രതികരണമെഴുതാറുമുണ്ട്. പക്ഷേ ഒരേ ഐ പി അഡ്രസ്സില്‍ നിന്നു പോസ്റ്റു ചെയ്യപ്പെട്ടിരിയ്ക്കുന്ന നാലും അഞ്ചും പേരിലുള്ള കമന്റുകളുടെ കൂട്ടത്തില്‍ ഇവരുടെ കമന്റുകള്‍ കൂടി ഞാന്‍ കണ്ടു. എല്ലാ കമന്റുകളും അര്‍ദ്ധരാത്രിയ്ക്കു ശേഷം പോസ്റ്റു ചെയ്തിരിയ്ക്കുന്നവയുമാണ്.
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള എഴുത്തുകാരനും വടക്കേ അറ്റത്തുള്ള സിനിമാസംവിധായകനും തീരെ അറിയപ്പെടാത്ത ഒന്നു രണ്ടു ബ്ലോഗ്ഗര്‍മാരും കൂടി അര്‍ദ്ധരാത്രി കഴിഞ്ഞയുടനെ, ഒരേ സ്ഥലത്ത്, ഒരേ മുറിയിലുള്ള ഒറ്റയൊരു മോഡത്തില്‍ നിന്ന് ഒന്നിനു പിറകെ ഒന്നായി കമന്റുകള്‍ പോസ്റ്റു ചെയ്യുന്നത് എങ്ങനെ സാദ്ധ്യമാകും? ഇവരെല്ലാം കൂടി ഒരേ സ്ഥലത്ത് ഒരേ മുറിയില്‍ ഒരേസമയം ഒന്നിച്ചു വരുന്ന കാര്യം അസാദ്ധ്യമാണെന്നു പകല്‍ പോലെ വ്യക്തമായിരുന്നു. കൂടുതല്‍ പരതിയപ്പോള്‍ ഒരേ ഐ പി അഡ്രസ്സില്‍ നിന്നു പല പേരുകളില്‍ പോസ്റ്റു ചെയ്യപ്പെട്ടിരുന്ന ഇരുനൂറിലേറെ കമന്റുകള്‍ പുറത്തുവന്നു. ആ കമന്റുകളില്‍ പലതും ഡോക്ടര്‍ സിജുവിന്റേതുമായിരുന്നു. ആ കമന്റുകളെല്ലാം വ്യത്യസ്ത പേരുകളില്‍ പോസ്റ്റു ചെയ്തത് ഡോക്ടര്‍ സിജുവായിരിയ്ക്കാനുള്ള സാദ്ധ്യത തെളിഞ്ഞു വന്നു.
അവാര്‍ഡു നേടിയ സാഹിത്യകാരന്‍ അദ്ദേഹത്തിന്റെ രചനകള്‍ ‘സാഗര’ത്തില്‍ പോസ്റ്റു ചെയ്യുന്നതും അദ്ദേഹം ഞങ്ങള്‍ ഛോട്ടകളുടെ രചനകള്‍ വായിച്ചു നോക്കി, അവയ്ക്കു കമന്റുകളെഴുതുന്നതും വലുതായ സന്തോഷം തന്നിരുന്ന കാര്യമായിരുന്നു. അദ്ദേഹത്തിന്റെ കമന്റുകള്‍ മിയ്ക്കപ്പോഴും ‘ഗുഡ്’ എന്ന പദത്തിലൊതുങ്ങിയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ‘ഗുഡ്’ എന്നേയും വളര്‍ന്നു വരുന്ന മറ്റു ബ്ലോഗര്‍മാരേയും ആവേശഭരിതരാക്കാന്‍ പോന്നതായിരുന്നു. വീണ്ടും വീണ്ടും രചനകളുമായെത്താനുള്ള പ്രോത്സാഹനം ആ ഗുഡ്ഡില്‍ നിന്നു ഞങ്ങള്‍ക്കു കിട്ടി. എന്നാല്‍ ഐ പി അഡ്രസ്സുകളിലെ ഈ വൈചിത്ര്യം മൂലം ആ ഗുഡ്ഡുകളെഴുതിയിരുന്നത് അദ്ദേഹം തന്നെയായിരുന്നോ എന്ന സംശയം തലയുയര്‍ത്തി. അദ്ദേഹം ഒന്നല്ല, നൂറു കണക്കിനു കമന്റുകള്‍ പോസ്റ്റു ചെയ്തിരിയ്ക്കുന്നു. മിയ്ക്കവയും മറ്റുള്ളവരോടൊപ്പം, ഒരേ ഐ പി അഡ്രസ്സുകളില്‍ നിന്ന്. ഒരു സംശയം കൂടി തലയുയര്‍ത്തി: മലയാളസാഹിത്യത്തിന് അവാര്‍ഡു വാങ്ങിയ അദ്ദേഹം ‘ഗുഡ്’ എന്നെഴുതുമോ? മലയാളത്തെ നെഞ്ചേറ്റിയിരിയ്ക്കുന്ന അദ്ദേഹം മലയാളത്തിലായിരിയ്ക്കില്ലേ കമന്റെഴുതുക?
അവാര്‍ഡു വാങ്ങിയ സാഹിത്യകാരന്‍ വളരെ ബഹുമാന്യനും ഞാനുള്‍പ്പെടെയുള്ള കേരളീയര്‍ക്കു പ്രിയങ്കരനുമാണ്. അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പ്രവഹിയ്ക്കുന്ന രചനകള്‍ക്കായി കേരളത്തിലെ സഹൃദയലോകം കാതോര്‍ത്തിരിയ്ക്കുന്നു. ‘സാഗര’ത്തില്‍ അങ്ങയുടെ പേരിലെഴുതിയതായി കാണുന്ന നിരവധി കമന്റുകള്‍ അങ്ങെഴുതിയതു തന്നെയാണോ എന്ന് അദ്ദേഹത്തെ വിളിച്ചു ചോദിയ്ക്കാന്‍ എനിയ്ക്കു സങ്കോചം. ഒരു ദിവസം തീരുമാനിച്ചു, വിളിച്ചുകളയാം. നെറ്റില്‍ തിരഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ കിട്ടി. ധൈര്യമവലംബിച്ച് നമ്പര്‍ ഡയല്‍ ചെയ്തു. അദ്ദേഹം തന്നെ ലൈനില്‍ വന്നു. എന്റെ ചോദ്യത്തിന് വിനയമധുരമായി അദ്ദേഹം ഉത്തരം തന്നു. ‘സാഗര’ത്തില്‍ ഞാനിതേവരെ വന്നിട്ടില്ല. അവിടെ ഞാനിതേവരെ ബ്ലോഗും കമന്റുകളും പോസ്റ്റു ചെയ്തിട്ടില്ല. അങ്ങയുടെ പേരില്‍ പോസ്റ്റു ചെയ്തതായി കാണുന്ന ചില കമന്റുകള്‍ ഞാനയച്ചു തരട്ടേ? അയച്ചു തരിക. ഉടന്‍ തന്നെ ഞാന്‍ ആ വിവരങ്ങള്‍ അദ്ദേഹത്തിന് അയച്ചു കൊടുത്തു. അദ്ദേഹം മറുപടി അയച്ചു. ഈ കമന്റുകളൊന്നും ഞാന്‍ പോസ്റ്റു ചെയ്തതല്ല.
രണ്ടു മൂന്നു കാര്യങ്ങള്‍ വ്യക്തമായി. അവാര്‍ഡു നേടിയ സാഹിത്യകാരന്റെ പേരില്‍ ‘സാഗര’ത്തിലുള്ള ഐഡി വ്യാജനാണ്. അദ്ദേഹത്തിന്റെ പേരില്‍ സാഗരത്തില്‍ പോസ്റ്റു ചെയ്യപ്പെട്ടിരിയ്ക്കുന്ന ബ്ലോഗുകള്‍ മറ്റിടങ്ങളില്‍ നിന്നു കോപ്പിപേസ്റ്റു ചെയ്തവയാണ്. അദ്ദേഹത്തിന്റെ പേരിലുള്ള കമന്റുകളും വ്യാജമാണ്.
അതിനിടെ മുന്‍ കാലങ്ങളില്‍ സാഹിത്യകാരനും പത്രാധിപരും ചലച്ചിത്രഗാനരചയിതാവുമായിരുന്ന മറ്റൊരു മഹദ്‌വ്യക്തിയുടെ ഐഡിയും കണ്ടെത്തി. ‘സാഗര’ത്തില്‍ താനൊരിയ്ക്കലും സന്ദര്‍ശിച്ചിട്ടില്ലെന്ന് അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു. കേണല്‍ ഡോക്ടര്‍ സിജുവിനെപ്പറ്റി അങ്ങേയ്ക്ക് എന്തെങ്കിലും അറിയാമോ എന്നു ഞാന്‍ ചോദിച്ചു. കേണലാണ്, ന്യൂറോസര്‍ജനാണ് എന്ന് അയാളു പറഞ്ഞു. അയാളു തന്നെ പറഞ്ഞ അറിവേ എനിയ്ക്കുള്ളു. കുറേ നാള്‍ മുന്‍പ് ഒരു ദിവസം അയാള് കേണലായീന്നു വിളിച്ചു പറഞ്ഞു. അങ്കിളിനെ അച്ഛനെപ്പോലെയാണു കണക്കാക്കുന്നത്. അതുകൊണ്ടാണ് പ്രൊമോഷന്‍ കിട്ടിയ കാര്യം അങ്കിളിനെ അറിയിയ്ക്കുന്നത് എന്നൊക്കെ അയാളു പറഞ്ഞു. അല്ലാതെ അയാളു കേണലാണോ എന്നൊന്നും എനിയ്ക്കറിയില്ല. അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍ സിജു എന്റെ ഫേസ്ബുക്ക് ഫ്രെണ്ടായിരുന്നു. ഞാന്‍ ഡോക്ടര്‍ സിജുവിന്റെ ഫേസ്ബുക്ക് പേജില്‍ പോയി നോക്കി. ഡോക്ടര്‍ സിജുവിന്റെ പുസ്തകപ്രകാശനവും ബ്ലോഗ്‌സൈറ്റ് ഉദ്ഘാടനവും സിനിമാഭിനയവും സംബന്ധിച്ചുള്ള ചിത്രങ്ങളായിരുന്നു, അവയിലധികവും. എനിയ്ക്കയച്ചു തന്നിരുന്ന യൂണിഫോമിലുള്ള ഫോട്ടോ മാത്രമാണ് ജോലിയുമായി നേരിട്ടു ബന്ധപ്പെട്ട ഒരേയൊരു ചിത്രം. പൂനയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജിന്റെ മുന്‍വശത്തെ ബോര്‍ഡിനു മുന്നില്‍ ഡോക്ടര്‍ സിജു സിവില്‍ ഡ്രെസ്സില്‍ നില്‍ക്കുന്നൊരു ഫോട്ടോയും കണ്ടു. ഒരു കേണല്‍ന്യൂറോസര്‍ജന്റെ പേജ് ഇങ്ങനെയാണോ ഇരിയ്ക്കുക! ഔദ്യോഗികസംബന്ധിയായ എത്രയെത്ര ഫോട്ടോകള്‍ ആ പേജിലുണ്ടാകേണ്ടതാണ്. സഹപ്രവര്‍ത്തകരൊത്തുള്ള ഫോട്ടോകള്‍ എന്തായാലും ഉണ്ടാകേണ്ടതായിരുന്നു. പട്ടാളജോലിയേയോ ഡോക്ടര്‍ജോലിയേയോ സംബന്ധിച്ച യാതൊന്നും ഡോക്ടര്‍ സിജുവിന്റെ പേജിലുണ്ടായിരുന്നില്ല. ഡോക്ടര്‍ സിജു വാസ്തവത്തില്‍ ഡോക്ടറും കേണലും അല്ലായിരിയ്ക്കുമോ? അനിശ്ചിതത്വം. നിഗൂഢത. ഞാന്‍ ഡോക്ടര്‍ സിജുവിനെ അണ്‍ഫ്രെണ്ടു ചെയ്തു. നിഗൂഢത മാറുന്നതു വരെ ഫ്രെണ്ടായി വേണ്ട. വ്യാജ ഐഡികളും വ്യാജ കമന്റുകളും സംശയങ്ങള്‍ കൂടുതല്‍ കലുഷമാക്കി. സത്യമുള്ള ഒരു കമന്റിനു തുല്യമാവില്ല ഒരായിരം വ്യാജ കമന്റുകള്‍. ഒരു കേണല്‍ ഇത്തരം വ്യാജ ഐഡികള്‍ സൃഷ്ടിയ്ക്കുകയും വ്യാജ കമന്റുകള്‍ എഴുതുകയും ചെയ്യുമോ?
അതിനിടെ ഡോക്ടര്‍ സിജു വിളിച്ചു. തേടിയ വള്ളി കാലില്‍ച്ചുറ്റി. ഞാന്‍ പൂനയിലാ ഗോകുലേട്ടാ. സിജു പൂനയിലാണ്, ഡല്‍ഹിയിലാണ് എന്നൊക്കെപ്പറയുന്നതല്ലാതെ തെളിവുകളൊന്നും സിജു തരുന്നില്ലല്ലോ. സാലറി സ്‌റ്റേറ്റ്‌മെന്റ്, പ്രൊമോഷന്‍ ലെറ്റര്‍, ഇതൊക്കെ അയച്ചുതരാമെന്നു പറഞ്ഞിട്ട് ഇതുവരെ അതൊന്നും വന്നിട്ടില്ലല്ലോ. ഗോകുലേട്ടാ, അതൊക്കെ പരസ്യമാക്കാന്‍ പറ്റാത്ത സംഗതികളാണ്. അങ്ങനെയെങ്കില്‍ സിജു എംബിബിഎസ് പാസ്സായിട്ടുണ്ടോ? ഉണ്ട്. അതിന്റെ സര്‍ട്ടിഫിക്കറ്റു കൈയിലുണ്ടോ? സിജുവിന്റെ സെല്‍ഫോണില്‍ ക്യാമറയുണ്ടോ? ഉണ്ട്. എംബിബിഎസ് സര്‍ട്ടിഫിക്കറ്റിന്റെ ഒരു ഫോട്ടോ എടുത്ത് ഈമെയില്‍ ചെയ്തു തരാമോ? തരാം. എന്നാലയച്ചു തരിക. പിന്നെ, സിജു മാസ്റ്റര്‍ ഓഫ് സര്‍ജറി പാസ്സായിട്ടുണ്ടോ? ഉണ്ട്. അതിന്റെ സര്‍ട്ടിഫിക്കറ്റു കൈയിലുണ്ടോ? അതിന്റെ ഫോട്ടോയും അയച്ചു തരാമോ? അയച്ചു തരാം. ഇതൊക്കെ എന്നയയ്ക്കും? നാളെ ബാംഗ്ലൂരെത്തിക്കഴിഞ്ഞാല്‍ ഉടനെ അയയ്ക്കാം.
പിറ്റേന്ന് ഡോക്ടര്‍ സിജു വീണ്ടും വിളിച്ചു. ബാംഗ്ലൂര്‍ നിന്ന്. ഞാനോര്‍മ്മപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോ കിട്ടിയിട്ടില്ല. ഡോക്ടര്‍ സിജു ഇടഞ്ഞു. ഗോകുലേട്ടനു ഞാന്‍ എന്റെ ഐഡി അയച്ചു തന്നു, യൂണിഫോമിട്ട ഫോട്ടോ ആവശ്യപ്പെട്ടു, അതും അയച്ചു തന്നു. എന്നിട്ടും ഗോകുലേട്ടന് എന്നെ വിശ്വാസമായില്ല. ഇനി ഞാന്‍ സര്‍ട്ടിഫിക്കറ്റയച്ചു തന്നാലും ഗോകുലേട്ടനു വിശ്വാസമാവില്ല. അതുകൊണ്ട് ഞാനതൊന്നും അയച്ചു തരുന്നില്ല. ഞാനാരെന്നറിയണമെങ്കില്‍ ഗോകുലേട്ടന്‍ ഇങ്ങോട്ടു വാ. ഇവിടെ ബാംഗ്ലൂരില്‍, എന്റെ ഓഫീസില്‍ നേരിട്ടു വന്ന് എന്നെ കാണ്. അപ്പോള്‍ ബോദ്ധ്യാവും ഞാനാരാണെന്ന്.
ഞാന്‍ ചിന്തിച്ചു. ഡോക്ടര്‍ സിജു കേണല്‍ ഡോക്ടറാണെങ്കില്‍ അക്കാര്യം കൃത്യമായറിയാന്‍ ഞാന്‍ കേരളത്തില്‍ നിന്നു ബാംഗ്ലൂരിലേയ്ക്കു ബുദ്ധിമുട്ടി യാത്രചെയ്തു ചെല്ലേണ്ട കാര്യമില്ലല്ലോ. ഇവിടെ കേരളത്തിലിരുന്നുകൊണ്ടു തന്നെ ബാംഗ്ലൂരിലെ ഓഫീസിലേയ്ക്ക് ഫോണ്‍ ചെയ്താലും കൃത്യവിവരമറിയാം. പിറ്റേ ദിവസം ഞാന്‍ ബാംഗ്ലൂരുള്ള കമാന്റ് ഹോസ്പിറ്റലിലേയ്ക്കു വിളിച്ചു. അതാണു തന്റെ ഹോസ്പിറ്റല്‍ എന്നാണു ഡോക്ടര്‍ സിജു പറഞ്ഞിട്ടുള്ളത്. കേണല്‍ കം ന്യൂറോസര്‍ജന്‍ സിജുവിനു ഈ കാള്‍ കൊടുക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഓപ്പറേറ്റര്‍ ഭവ്യതയോടെ കണക്ടു ചെയ്തു. കേണല്‍ കം ന്യൂറോസര്‍ജന്‍ ഡോക്ടര്‍ സിജു എന്നൊരു കേണല്‍ യഥാര്‍ത്ഥത്തിലുണ്ട് എന്ന് ഒരു നിമിഷനേരത്തേയ്ക്കു ഞാനാശിച്ചുപോയി. എന്നാല്‍ തുടര്‍ന്നു ഫോണെടുത്ത ഉദ്യോഗസ്ഥന്‍ അങ്ങനൊരു കേണല്‍ ആ ഹോസ്പിറ്റലില്‍ ഇല്ലെന്നു പറഞ്ഞു. എന്നാല്‍ ഏതെങ്കിലുമൊരു സീനിയര്‍ ഡോക്ടര്‍ക്കു കൊടുക്കാന്‍ പറഞ്ഞു. ഒരു ഡോക്ടര്‍ ലൈനില്‍ വന്നു. അദ്ദേഹത്തോടു ഞാന്‍ ഡോക്ടര്‍ സിജുവിനെപ്പറ്റി പറഞ്ഞു. മൂന്നു വര്‍ഷത്തെ കോഴ്‌സിനായി പട്ടാളം ഡോക്ടര്‍ സിജുവിനെ ബ്രിട്ടനിലേയ്ക്ക് അയച്ചിരുന്ന കാര്യവും പറഞ്ഞു. ഇവിടെ ന്യൂറോസര്‍ജന്മാരുണ്ട്, ഡോക്ടര്‍ പറഞ്ഞു. അവരുടെ പേരുകളും അദ്ദേഹം പറഞ്ഞു. ആ പേരുകളെല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവയായിരുന്നു. ഞാന്‍ പറഞ്ഞ പേരിലൊരു കേണലോ ന്യൂറോസര്‍ജനോ ബാംഗ്ലൂരിലില്ല എന്ന് ആ ഡോക്ടര്‍ ഉറപ്പിച്ചു പറഞ്ഞു.
എറണാകുളത്തിനും കൊച്ചിയ്ക്കുമിടയിലുള്ള വില്ലിംഗ്ഡണ്‍ ഐലന്റില്‍ നേവല്‍ബേസുണ്ട്. അവിടെയൊരു മിലിട്ടറി ഹോസ്പിറ്റലുണ്ട്. സഞ്ജീവനി. കഴിഞ്ഞ വര്‍ഷം ഡോക്ടര്‍ സിജു അവിടുത്തെ സുപ്പീരിയറായിരുന്നു എന്നു ഡോക്ടര്‍ സിജു പറഞ്ഞിരുന്നു. ഞാനവിടേയ്ക്കും വിളിച്ചു. ഞാന്‍ പറഞ്ഞ പേരിലൊരു കേണലിനേയോ ഡോക്ടറേയോ പറ്റി കേട്ടിട്ടില്ലെന്ന് ഫോണെടുത്ത രണ്ടുദ്യോഗസ്ഥരും പറഞ്ഞു.
സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. ഡോക്ടര്‍ സിജു കേണല്‍ഡോക്ടറാണെന്നതിന് ലഭ്യമായ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ ഞാന്‍ നിരത്തി നോക്കി.
അനുകൂലഘടകങ്ങള്‍
(1) ഐഡി.
(2) യൂണിഫോമിട്ട ഫോട്ടോ.
ഐഡി അവ്യക്തമാണ്, വ്യാജമായിക്കൂടെന്നില്ല. യൂണിഫോമിട്ട് മമ്മൂട്ടി കേണലും മേജറുമൊക്കെയായി എത്ര സിനിമകളിലഭിനയിച്ചിരിയ്ക്കുന്നു. രണ്ടിനും ആധികാരികതയുണ്ടാകണമെന്നില്ല.
പ്രതികൂലഘടകങ്ങള്‍
(1) ഡോക്ടര്‍ സിജു ഇരുപതിലേറെ വ്യാജ ഐഡികള്‍ സൃഷ്ടിയ്ക്കുകയും അവയില്‍ ബ്ലോഗുകളും ഇരുന്നൂറിലേറെ വ്യാജ കമന്റുകളും പോസ്റ്റു ചെയ്യുകയും ചെയ്തിരിയ്ക്കുന്നു. കേരളത്തിലെ പ്രശസ്തരായ പലരുടേയും പേരുകളില്‍ സൃഷ്ടിയ്ക്കപ്പെട്ട വ്യാജന്മാരും അവയില്‍പ്പെടുന്നു. ഇന്ത്യന്‍ പട്ടാളത്തിലെ ഒരു കേണല്‍ ഇത്തരം കൃത്രിമങ്ങള്‍ ചെയ്യുകയില്ല.
(2) ഒരു ന്യൂറോസര്‍ജന്‍ ഏതുതരം ലേഖനങ്ങളാണെഴുതുക? ശാസ്ത്രലേഖനങ്ങളാണ് അദ്ദേഹമെഴുതുക. അവ എവിടെയായിരിയ്ക്കും പ്രസിദ്ധീകരിയ്ക്കുക? ആഗോളപ്രശസ്തിയാര്‍ജ്ജിച്ച മെഡിക്കല്‍ ജേണലുകളില്‍. നമ്മുടെ ഡോക്ടര്‍ സിജുവാകട്ടെ, ഒരൊറ്റ ശാസ്ത്രലേഖനവും പോസ്റ്റു ചെയ്തിട്ടില്ല. ഡോക്ടര്‍ സിജു കൂടുതലും പ്രണയകവിതകളാണ് എഴുതിയിരിയ്ക്കുന്നത്.
(3) പ്രോജീരിയ എന്നൊരു രോഗത്തെപ്പറ്റി ആരോ ചോദിച്ച ചോദ്യത്തിന് ഡോക്ടര്‍ സിജു നല്‍കിയ ഉത്തരം ഒരു വെബ്‌സൈറ്റില്‍ നിന്നു വള്ളിപുള്ളികുത്തുകോമ വ്യത്യാസമില്ലാതെ കോപ്പിപ്പേസ്റ്റു ചെയ്തതായിരുന്നു. ഒരു വാക്കു പോലും സ്വന്തമായി ചേര്‍ത്തിരുന്നില്ല.
(4) കഥാകവിതാമത്സരത്തിന്റെ സമ്മാനത്തുകകള്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഡോക്ടര്‍ സിജു കൊടുത്തിരുന്നില്ല. രണ്ടു ലക്ഷത്തിലേറെ പ്രതിമാസശമ്പളം പറ്റുന്ന ഒരു കേണല്‍ ഇത്ര ദീര്‍ഘമായ കാലവിളംബം വരുത്തുകയില്ല. കേണല്‍മാര്‍ക്കൊക്കെ സ്വന്തം വാക്ക് വിലപ്പെട്ടതായിരിയ്ക്കും.
(5) ‘സാഗരം’ ഓണ്‍ലൈന്‍ മാസികയുടെ ഓരോ ലക്കത്തിലും പ്രസിദ്ധീകരിയ്ക്കാന്‍ വേണ്ട രചനകള്‍ക്കായി ഡോക്ടര്‍ സിജു നിരവധി രചയിതാക്കളോട് അഭ്യര്‍ത്ഥിയ്ക്കുക പതിവായിരുന്നു. ഒരു കേണല്‍ ഇത്തരം യാചനകള്‍ നടത്താന്‍ വഴിയില്ല.
(6) ഒരു കേണല്‍ മലയാളത്തില്‍ ഡോക്ടര്‍ സിജു വരുത്തിയിരുന്നതു പോലുള്ള അക്ഷരത്തെറ്റുകള്‍ വരുത്തുകയില്ല. മലയാളത്തില്‍ എഴുതാനാഗ്രഹിയ്ക്കുന്ന ഒരു കേണല്‍ മലയാളം പഠിച്ച്, തെറ്റുകള്‍ കൂടാതെ എഴുതും. മറ്റൊരാള്‍ തിരുത്തേണ്ടി വരുന്നത് ഒഴിവാക്കും.
സംശയങ്ങള്‍ നിരവധി. ഡോക്ടര്‍ സിജു യഥാര്‍ത്ഥത്തില്‍ കേണലാണോ ഡോക്ടറാണോ എന്നറിഞ്ഞേ തീരൂ. ഞാന്‍ തീരുമാനിച്ചു. മിനിസ്ട്രി ഓഫ് ഡിഫന്‍സിന്റെ ഈമെയില്‍ ഐഡി കണ്ടു പിടിച്ചു. ഡോക്ടര്‍ സിജു അയച്ചു തന്നിരുന്ന ഐഡിയും യൂണിഫോമിട്ട ഫോട്ടോയും അയച്ചു കൊടുത്തുകൊണ്ട്, ഈ വ്യക്തി കേണല്‍ന്യൂറോസര്‍ജനാണോ എന്നു ചോദിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്ക് മറുപടി വന്നു, നിങ്ങളുടെ ഈമെയില്‍ കൈപ്പറ്റി, മറുപടി അയയ്ക്കുന്നതാണ്. കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ റെജിസ്‌റ്റേര്‍ഡ് തപാലില്‍ അവരുടെ കത്തു വന്നു: ഇങ്ങനൊരു കേണല്‍ഡോക്ടര്‍ ആര്‍മി മെഡിക്കല്‍ കോറിലില്ല!
മിനിസ്ട്രി ഓഫ് ഡിഫന്‍സിന്റെ കത്തിന്റെ സ്‌കാന്‍ ഞാന്‍ സിജുവിനയച്ചു കൊടുത്തു വിശദീകരണം ആവശ്യപ്പെട്ടു. സിജു കേണലാണ്, ന്യൂറോസര്‍ജനാണ് എന്നു വിശ്വസിച്ച് അതു ഞാന്‍ പലപ്പോഴായി പലരോടും പറഞ്ഞുപോയിട്ടുള്ളതാണ്. സത്യാവസ്ഥ അറിഞ്ഞ നിലയ്ക്ക് അക്കാര്യവും അവരെ അറിയിയ്‌ക്കേണ്ട ബാദ്ധ്യത എനിയ്ക്കുണ്ട്. സിജുവിന്റെ നുണ സത്യമെന്നു വിശ്വസിച്ച് പ്രചരിപ്പിച്ചു പോയെന്ന തെറ്റു തിരുത്താന്‍ വേണ്ടി അവര്‍ക്കും ഞാനാ മെയില്‍ അയച്ചുകൊടുത്തു. സിജുവിന്റെ വിശദീകരണം വന്നു: ‘എന്നെ അറിയാവുന്നവര്‍ക്കെല്ലാം ഞാനാരെന്ന് നന്നായറിയാം’.
മിനിസ്ട്രി ഓഫ് ഡിഫന്‍സിന്റെ മാത്രം വിശദീകരണം മതിയാവില്ലെന്നു തോന്നിയതു കൊണ്ട് വിവരാവകാശനിയമമനുസരിച്ചുള്ള ഒരപേക്ഷ പൂന ഏ എഫ് എം സിയ്ക്കയച്ചു. 2009ല്‍ ഏ എഫ് എം സിയില്‍ നിന്ന് എം ബി ബി എസ്സെടുത്തെന്നും മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ അവിടുന്നു തന്നെ മാസ്റ്റര്‍ ഓഫ് സര്‍ജറിയെടുത്തെന്നുമാണു സിജു പറഞ്ഞിട്ടുള്ളത്. 2008, 2009, 2010 എന്നീ വര്‍ഷങ്ങളിലെ എം ബി ബി എസ് റിസള്‍ട്ടും, 2011, 2012, 2013 എന്നീ വര്‍ഷങ്ങളിലെ മാസ്റ്റര്‍ ഓഫ് സര്‍ജറിയുടെ റിസള്‍ട്ടും ഞാനാവശ്യപ്പെട്ടു. ഒരുമാസം കഴിഞ്ഞപ്പോള്‍ ആ റിസള്‍ട്ടുകളുമെത്തി. അവയിലൊന്നിലും സിജുവിന്റെ പേരില്ല. അതോടെ ഉറപ്പായി, സിജു കേണലല്ല, ന്യൂറോസര്‍ജനുമല്ല. ‘അങ്കിള്‍, അയാള് അങ്കിളിനെ നുണ പറഞ്ഞു പറ്റിയ്‌ക്ക്യേണ്. അയാള്‍ അങ്കിളിനോടു പറഞ്ഞിരിയ്ക്കുന്നതൊക്കെ നുണയാണ്.’ ടെലിഫോണില്‍ വന്നിരുന്ന ആരോപണം ഞാനോര്‍ത്തു.
ഏ എഫ് എം സിയില്‍ നിന്നു കിട്ടിയ റിസള്‍ട്ടുകള്‍ മുഴുവനും സിജുവിനും സിജു കേണല്‍ന്യൂറോസര്‍ജനാണ് എന്നു ഞാന്‍ ധരിപ്പിച്ചുപോയിരുന്ന ചിലര്‍ക്കും ഞാന്‍ മെയില്‍ ചെയ്തു. സിജുവിനെ കേണലും ന്യൂറോസര്‍ജനുമായി ആര്‍ക്കെങ്കിലും നിങ്ങള്‍ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ടെങ്കില്‍ അവരെ സത്യാവസ്ഥ അറിയിയ്ക്കാന്‍ നിങ്ങളും ബാദ്ധ്യസ്ഥരാണ് എന്നു ഞാന്‍ അവരെ ഓര്‍മ്മപ്പെടുത്തി. സിജു പ്രതികരിച്ചിട്ടില്ല. എന്നാല്‍ മറ്റുള്ളവരില്‍ ചിലര്‍ പ്രതികരിച്ചു. ഞങ്ങള്‍ക്കു വേറെ പണിയുണ്ട്, മേലാല്‍ ഇത്തരം മെയിലുകള്‍ ഇങ്ങോട്ടയച്ചേയ്ക്കരുത് എന്നായിരുന്നു പ്രതികരണം. അഭിനന്ദനം ഒന്നുപോലും കിട്ടിയുമില്ല.
ഞാനാശ്ചര്യപ്പെട്ടുപോയി. സത്യം കണ്ടെത്തുകയും അത് അറിയിയ്ക്കുകയുമാണു ഞാന്‍ ചെയ്തത്. സിജുവാകട്ടെ, താന്‍ ലെഫ്റ്റനന്റ് കേണല്‍/കേണല്‍ ന്യൂറോസര്‍ജനാണെന്നു മൂന്നു വര്‍ഷത്തോളമായി കേരളത്തിലെ ചില മഹദ്‌വ്യക്തികളും സിജുവിനെ വര്‍ഷങ്ങളോളം നിസ്വാര്‍ത്ഥമായി സഹായിച്ച ഞാനുമുള്‍പ്പെടെ നിരവധിപ്പേരെ തെറ്റിദ്ധരിപ്പിയ്ക്കുകയാണു ചെയ്തിട്ടുള്ളത്. കളവു പറഞ്ഞ സിജുവല്ല, സത്യം പുറത്താക്കിയ ഞാനാണു വഞ്ചന നടത്തിയിരിയ്ക്കുന്നത് എന്ന ധ്വനിയാണ് എനിയ്ക്കു ലഭിച്ച പ്രതികരണങ്ങളിലുള്ളത്. ഈ ധ്വനിയെന്നെ ആശയക്കുഴപ്പത്തിലാക്കിയിരിയ്ക്കുന്നു.
സത്യം കണ്ടെത്തി വെളിപ്പെടുത്തിയതിനെ അഭിനന്ദിയ്‌ക്കേണ്ട, പക്ഷേ കളവു പറയുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ട ചുമതല സമൂഹത്തിനില്ലേ? കളവു പറഞ്ഞതിനും തുടര്‍ന്നു പറയുന്നതിനുമെതിരേ ഒരാള്‍ പോലും സിജുവിനെ ഉപദേശിച്ച ലക്ഷണമില്ല. സത്യം പുറത്താക്കാതിരുന്നാല്‍ സിജുവിനെ അസത്യത്തിന്റെ പാതയില്‍ നിന്ന് സത്യത്തിന്റെ പാതയിലേയ്ക്കു എങ്ങനെ തിരികെക്കൊണ്ടു വരാനാകും? സിജുവാകട്ടെ സത്യം തുറന്നു സമ്മതിയ്ക്കുന്നില്ല, പശ്ചാത്താപത്തിന്റെ ലക്ഷണമൊന്നും കാണിയ്ക്കുന്നുമില്ല. പേരിനോടു ഡോക്ടര്‍ എന്നു ചേര്‍ത്ത് പുസ്തകങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിയ്ക്കുന്നു. അവ വില്‍ക്കുന്നുമുണ്ടാവാം. അതേ പേരില്‍ത്തന്നെ രചനകള്‍ തുടര്‍ന്നും പോസ്റ്റു ചെയ്യുന്നു. വാസ്തവത്തില്‍ ഇങ്ങനെ കളവു പറയുന്നതല്ലേ ചതി? സത്യം പുറത്താക്കിയതെങ്ങനെ ചതിയാകും? സത്യം എന്നായാലും പുറത്തു വരേണ്ടതല്ലേ? മൂന്നു വര്‍ഷത്തോളം സിജുവിനെ വിശ്വസിച്ചതിനു ശേഷമാണ്, സത്യം വേറൊന്നായിരിയ്ക്കുമെന്നു ഞാന്‍ മനസ്സിലാക്കിയതും അതു പുറത്തു കൊണ്ടുവന്നതും.
ശത്രുക്കളെ സമ്പാദിയ്ക്കുന്നതു തീരെ സുഖമുള്ള കാര്യമല്ല. പക്ഷേ സത്യം കണ്ടെത്തി വെളിപ്പെടുത്തിയപ്പോള്‍ അഭിനന്ദനം പ്രതീക്ഷിച്ചിരുന്നിടത്ത്, ശത്രുക്കളെ സമ്പാദിച്ചിരിയ്ക്കുന്നു. പലര്‍ക്കും ഞാന്‍ അനഭിമതനായിത്തീര്‍ന്നിരിയ്ക്കുന്നു. സംശയദൃഷ്ട്യാ വീക്ഷിയ്ക്കപ്പെടുന്നു. സൂക്ഷിയ്ക്കുക ഇവന്‍ ചതിയ്ക്കും. പുറകില്‍ നിന്നു കുത്തുന്ന ബ്രൂട്ടസ്.
ഞാനാലോചിയ്ക്കുകയായിരുന്നു. ഇനിമേലില്‍ സത്യം പറയേണ്ടെന്നു വച്ചാലോ? നുണ പറഞ്ഞാല്‍ കൂടുതല്‍ സുഹൃത്തുക്കളുണ്ടാകുമെങ്കില്‍ നുണ പറയാന്‍ തുടങ്ങുന്നതല്ലേ നല്ലത്? ‘കേണല്‍ ന്യൂറോസര്‍ജന്‍’ സിജു ‘ബ്രിഗേഡിയര്‍ ന്യൂറോസര്‍ജന്‍’ ആയി സ്ഥാനക്കയറ്റം നേടിയിരിയ്ക്കുന്നെന്നൊരു നുണ പറഞ്ഞു പരത്തിക്കൊണ്ട് ഒരു പുതിയ, അസത്യജീവിതത്തിനു തുടക്കമിട്ടാലോ?
സ്‌നേഹിതരേ, ഒന്നു പറഞ്ഞു തരൂ.
അടിക്കുറിപ്പ്: ഇതൊരു സാങ്കല്‍പ്പിക കഥയല്ല. യഥാര്‍ത്ഥസംഭവമാണ്. പക്ഷേ പേരുകള്‍ മാറ്റിയിട്ടുണ്ട്. പേരുകളില്‍ പ്രസക്തിയില്ല. നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കാണു പ്രസക്തി. അഭിപ്രായങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു. അവ എന്തായിരുന്നാല്‍ത്തന്നെയും.
Generated from archived content: story1_oct27_14.html Author: sunil_ms
Click this button or press Ctrl+G to toggle between Malayalam and English