ചില വ്യാകരണചിന്തകൾ ഭാഗം 1 – “അഹ” വേണ്ട

ഈ വാചകമൊന്നു ശ്രദ്ധിയ്ക്കുക:

“അക്ഷരമാലയിൽ സ്വരാക്ഷരങ്ങളിലെ അവസാനത്തേതാണ് ‘അഃ’”

ഈ വാചകത്തിലെ “അവസാനത്തേതാണ്” എന്ന പദം “അവസാനത്തേതായിരുന്നു” എന്നു തിരുത്തേണ്ടിയിരിയ്ക്കുന്നു. അപ്രകാരം തിരുത്തിയ വാചകമിതാ:

“അക്ഷരമാലയിൽ സ്വരാക്ഷരങ്ങളിലെ അവസാനത്തേതായിരുന്നു ‘അഃ’”.

തെറ്റായ വാചകമെഴുതിയ ശേഷമതു തിരുത്തുന്നതിനു പകരം ശരിയായ വാചകമങ്ങെഴുതിയാൽപ്പോരായിരുന്നോ എന്ന ചോദ്യമുയരാം. ഇക്കാര്യത്തിനു കൂടുതൽ ശ്രദ്ധ ലഭിയ്ക്കാൻ വേണ്ടിയാണീ വളഞ്ഞ വഴി സ്വീകരിച്ചത്.

‘അവസാനത്തേതായിരുന്നു’ എന്ന പദം വായിച്ച്, ‘അതെന്താ, ‘അഃ’ ഇപ്പോൾ നിലവിലില്ലേ?’ എന്നും ചോദിച്ചേയ്ക്കാം.

‘ഇല്ല’ എന്നാണുത്തരം. ഒരേയൊരു പദത്തിലൊഴികെ, മറ്റൊരു പദത്തിലും വിസർഗ്ഗം, അതായത് അഃ, ഉപയോഗിയ്ക്കേണ്ടതില്ലാത്തതുകൊണ്ടു വിസർഗ്ഗമിന്ന് അക്ഷരമാലയുടെ ഭാഗമല്ല. ഇതിന്നുപോദ്ബലകമായ രണ്ടു നിർദ്ദേശങ്ങൾ താഴെയുദ്ധരിയ്ക്കുന്നു:

“a) വിസർഗത്തെ സൂചിപ്പിക്കാൻ അക്ഷരങ്ങൾക്കു ശേഷം രണ്ടു കുത്തുകൾ (:) ഇടുന്ന സമ്പ്രദായം ഉപേക്ഷിച്ചു. തുടർന്നു വരുന്ന അക്ഷരത്തിന്റെ ഇരട്ടിപ്പു കൊടുക്കുക.

ഉദാ. മനശ്ശാസ്ത്രം, അധപ്പതനം

b) അതിഖരത്തിന് ഇരട്ടിപ്പു പ്രയോഗത്തിലില്ലാത്തതിനാൽ ദുഃഖം എന്ന പദത്തിനു മാത്രം വിസർഗ്ഗം ഉപയോഗിക്കേണ്ടതാണ്.”

കേരളസംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണു മുകളിലുദ്ധരിച്ചിരിയ്ക്കുന്ന നിർദ്ദേശം. ഒരു സർക്കാർ സ്ഥാപനമായിരുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ടു പിൽക്കാലത്തു സ്റ്റേറ്റ് കൌൺസിൽ ഓഫ് എജൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിംഗ് (എസ് സി ഈ ആർ ടി) ആയി രൂപാന്തരപ്പെട്ടു. എസ് സി ഈ ആർ ടി ഒരു സർക്കാർ സ്ഥാപനമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എസ് സി ഈ ആർ ടിയാണിപ്പോൾ സർക്കാർ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിലെ പാഠപുസ്തകങ്ങളൊരുക്കുന്നത്. കേരളത്തിലെ സ്കൂൾകുട്ടികൾ പഠിയ്ക്കേണ്ട പാഠങ്ങളെന്തെല്ലാമെന്നു തീരുമാനിയ്ക്കുന്നത് എസ് സി ഈ ആർ ടിയാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇന്ത്യയിലെ സാക്ഷരത അഞ്ചു ശതമാനത്തിൽത്താഴെയായിരുന്നു. അയിത്തവും മറ്റും മൂലം കേരളത്തിലെ ബഹുഭൂരിപക്ഷം ജനത്തിനും പൊതുസ്ഥലങ്ങളിൽ പ്രവേശിയ്ക്കാനാകാതിരുന്ന അക്കാലത്ത് ഇവിടത്തെ സാക്ഷരത അന്നത്തെ ദേശീയനിരക്കിനോളം പോലുമുണ്ടായിരുന്നു കാണാൻ വഴിയില്ല. എഴുത്തും വായനയും പുരോഗമിച്ചപ്പോൾ, നിശ്ചിതമായ വ്യാകരണനിയമങ്ങൾ വേണമെന്ന ചിന്ത പ്രബലമായിത്തീർന്നു കാണണം.

മലയാളത്തിൽ വ്യാകരണനിയമങ്ങൾ എഴുതിയുണ്ടാക്കുക ബുദ്ധിമുട്ടായിരുന്നിരിയ്ക്കണം. എന്നാൽ, സംസ്കൃതമറിയാവുന്നവരായി അന്നു പലരുമുണ്ടായിരുന്നു. അവരിൽച്ചിലർ സംസ്കൃതത്തിലെ വ്യാകരണനിയമങ്ങൾ മലയാളത്തിലേയ്ക്കു പകർത്തുകയെന്ന എളുപ്പവഴി സ്വീകരിച്ചു. മലയാളവ്യാകരണത്തിലെ ഭൂരിഭാഗം വൃത്തങ്ങളും അലങ്കാരങ്ങളും ഇതിനുള്ള തെളിവാണ്. ചില വൃത്തങ്ങളുടെ പേരുകൾ പറയാം: രഥോദ്ധത, ദ്രുതവിളംബിതം, ഭുജംഗപ്രയാതം, ശാർദ്ദൂലവിക്രീഡിതം, സ്രഗ്ദ്ധത, ഇക്ഷുദണ്ഡിക… മുപ്പത്തൊന്നെണ്ണം ഇത്തരത്തിലുള്ളവയാണ്. കാകളി, കേക, മുതലായ ഭാഷാവൃത്തങ്ങളാകട്ടെ, വെറും ഒമ്പതെണ്ണം മാത്രവും. 77 ശതമാനം വൃത്തങ്ങളും സംസ്കൃതത്തിൽ നിന്നുള്ള പകർത്തൽ തന്നെ.

അലങ്കാരങ്ങളുടെ കാര്യവും വൃത്തങ്ങളുടേതിൽ നിന്നു വിഭിന്നമല്ല. ചില അലങ്കാരങ്ങളുടെ പേരുകളിതാ: പ്രത്യനീകം, പരിവൃത്തി, പരിസംഖ്യ, നിദർശന, സ്മൃതിമാൻ, അർത്ഥാന്തരന്യാസം… ഒരു വ്യാകരണപ്പുസ്തകത്തിൽ ഇത്തരത്തിലുള്ള അറുപത്തെട്ട് അലങ്കാരങ്ങൾ കണ്ടു. ഇവ സംസ്കൃതത്തിൽ നിന്നുള്ള പകർത്തലാണോ എന്നറിയില്ല; അവയുടെ പേരുകൾക്കു സംസ്കൃതവുമായി അടുപ്പമുണ്ട്. അവ്യയീഭാവൻ, തൽപ്പുരുഷൻ, ബഹുവ്രീഹി എന്നിങ്ങനെയുള്ള സമാസങ്ങളും സംസ്കൃതത്തിൽ നിന്നുള്ളവയാണ്.

വൃത്തങ്ങളേയും അലങ്കാരങ്ങളേയും പോലെ, സംസ്കൃതത്തിൽ നിന്നു മലയാളത്തിലേയ്ക്കു പകർത്തിയെഴുതിയ മറ്റൊന്നായിരുന്നു, വിസർഗ്ഗം. വിസർഗ്ഗമാണ് ഈ ലേഖനവിഷയം.

വിസർഗ്ഗം ശുദ്ധമലയാളിയല്ല. ശുദ്ധമലയാളപദങ്ങളിൽ വിസർഗ്ഗമില്ല. സംസ്കൃതപദങ്ങളിൽ മാത്രമാണു വിസർഗ്ഗം ഉപയോഗിയ്ക്കപ്പെട്ടിരുന്നതും ഇന്നും ഉപയോഗിയ്ക്കപ്പെടുന്നതും. “ഹരിശ്രീ ഗണപതയേ നമഃ”: ഈ സംസ്കൃതവാക്യം പതിറ്റാണ്ടുകൾക്കു മുമ്പു മലയാളം എഴുതിപ്പഠിച്ച പലർക്കും സുപരിചിതമായിരിയ്ക്കും. വിസർഗ്ഗമുള്ള സംസ്കൃതപദങ്ങളെ മലയാളത്തിലേയ്ക്കു കൊണ്ടുവന്നപ്പോൾ വിസർഗ്ഗത്തെ ഉപേക്ഷിച്ചില്ല. ഉദാഹരണം: മനഃപൂർവ്വം, പരിതഃസ്ഥിതി, പുനഃപരിശോധന.

ബുട്ട് എന്നെഴുതിയിട്ടു ബട്ടെന്നും, കുട്ട് എന്നെഴുതിയിട്ടു കട്ടെന്നും വായിയ്ക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. എഴുതിയിരിയ്ക്കുന്ന പോലെയല്ല, ഇംഗ്ലീഷിന്റെ വായന. വായന എഴുത്തിൽ നിന്നു വ്യത്യസ്തമായതുകൊണ്ട്, ഇംഗ്ലീഷൊരു ഫൊണറ്റിക് ഭാഷയല്ല. മലയാളത്തിലെ സമ്പ്രദായമങ്ങനെയല്ല: കുട്ട എന്നെഴുതിയാൽ നാം കുട്ട എന്നു തന്നെ വായിയ്ക്കും, അല്ലാതെ, കട്ട എന്നു വായിയ്ക്കുകയില്ല. എഴുതിയിരിയ്ക്കുന്നതുപോലെ വായിയ്ക്കുന്ന, അതായത് ഉച്ചരിയ്ക്കുന്ന ഭാഷയാണു മലയാളം. അതുകൊണ്ടു മലയാളമൊരു ഫൊണറ്റിക് ഭാഷയാണ്. എന്നാൽ, വിസർഗ്ഗമുള്ള പദങ്ങളുടെ ഉച്ചാരണത്തിൽ നാമത്ര ‘ഫൊണറ്റിക്’ അല്ല താനും. വിശദീകരിയ്ക്കാം.

വിസർഗ്ഗത്തിനു രണ്ടുച്ചാരണങ്ങളാണുള്ളത്: “അഹ്”, “അഹ”. വിസർഗ്ഗം അഹിനേയോ അഹയേയോ സൂചിപ്പിയ്ക്കുന്നു. വിസർഗ്ഗത്തെ എവിടെക്കാണുന്നുവോ, അവിടെയെല്ലാം അഹ് അല്ലെങ്കിൽ അഹ എന്നുച്ചരിയ്ക്കണം. ഇവയിലേത്, എവിടെയെല്ലാം വരുമെന്നു നോക്കാം. ക, ഖ, പ, ഫ, സ എന്നീ ശബ്ദങ്ങളുടെ മുമ്പിൽ വരുന്ന വിസർഗ്ഗത്തെ “അഹ്” എന്നാണുച്ചരിയ്ക്കുക. മറ്റിടങ്ങളിലൊക്കെ “അഹ” എന്നും.

നമഃയുടെ ഉച്ചാരണം എങ്ങനെയായിരിയ്ക്കുമെന്നു നോക്കാം. ഈ പദത്തിലെ വിസർഗ്ഗത്തിന്റെ പിന്നിൽ ക, ഖ, പ, ഫ, സ എന്നീ ശബ്ദങ്ങളില്ലാത്തതു കൊണ്ട് അഹ എന്നാണീ വിസർഗ്ഗത്തിന്റെ ഉച്ചാരണം. അതുകൊണ്ടു പദത്തിന്റെ ഉച്ചാരണം നമഹ എന്നും. മനഃപൂർവ്വം എന്ന പദത്തിലെ വിസർഗ്ഗത്തിന്റെ ഉച്ചാരണം എങ്ങനെയായിരിയ്ക്കും? പ എന്ന ശബ്ദത്തിനു മുമ്പു വിസർഗ്ഗം വന്നിരിയ്ക്കുന്നതുകൊണ്ട് ഇവിടത്തെ വിസർഗ്ഗത്തിന്റെ ഉച്ചാരണം അഹ്. മനഃപൂർവ്വം എന്നെഴുതിയ ശേഷം അതുവായിയ്ക്കേണ്ടത് മനഹ്പൂർവ്വം എന്നാണ്. പരിതഃസ്ഥിതിയിൽ സ എന്ന ശബ്ദത്തിനു മുമ്പു വിസർഗ്ഗം വന്നിരിയ്ക്കുന്നതുകൊണ്ട് പരിതഹ്സ്ഥിതിയെന്നു വായിയ്ക്കണം. പുനഃപരിശോധനയിൽ പ എന്ന ശബ്ദത്തിനു മുമ്പു വിസർഗ്ഗം വന്നിരിയ്ക്കുന്നു, പുനഹ്പരിശോധനയെന്നു വേണം വായിയ്ക്കാൻ.

സംഗതി ലളിതം. പക്ഷേ, മനഹ്പൂർവ്വം, പരിതഹ്സ്ഥിതി, പുനഹ്പരിശോധന എന്നെല്ലാം ഏതു മലയാളിയാണുച്ചരിയ്ക്കാറ്?

ഞാനീച്ചോദ്യമുന്നയിയ്ക്കാൻ സ്വന്തമായൊരു കാരണമുണ്ട്: ഞാനിതുവരെ ഉച്ചരിച്ചുപോന്നിരിയ്ക്കുന്നതു മനപ്പൂർവ്വം, പരിതസ്ഥിതി, പുനപ്പരിശോധന എന്നെല്ലാമാണ്. ഭാഗ്യത്തിന്, ഇക്കാര്യത്തിൽ ഞാൻ തനിച്ചല്ല. ഇത്രയും കാലത്തിനിടയിൽ മനഹ്പൂർവ്വം, പരിതഹ്സ്ഥിതി, പുനഹ്പരിശോധന എന്നെല്ലാം ഒരാൾ പോലും ഉച്ചരിയ്ക്കുന്നതു ഞാൻ കേട്ടിട്ടില്ല. ഈ പദങ്ങളെഴുതുമ്പോൾ മിയ്ക്കവരും വിസർഗ്ഗം ചേർക്കേണ്ടിടത്തു ചേർത്തുതന്നെയെഴുതാറുണ്ടെങ്കിലും, അവരുച്ചരിയ്ക്കുന്നതു മനപ്പൂർവ്വം, പരിതസ്ഥിതി, പുനപ്പരിശോധന എന്നൊക്കെത്തന്നെ. മനപ്പൂർവ്വം, പുനപ്പരിശോധന എന്നീ പദങ്ങളിൽ വിസർഗ്ഗത്തെത്തുടർന്നുള്ള പ എന്ന അക്ഷരത്തെ പ്പ എന്ന് ഇരട്ടിപ്പിച്ചിരിയ്ക്കുന്നു. പരിതസ്ഥിതിയിൽ സ്ഥ എന്ന കൂട്ടക്ഷരമുള്ളതുകൊണ്ട് അതിനെ വീണ്ടും ഇരട്ടിപ്പിച്ചില്ല.

വിസർഗ്ഗത്തെ “ഹ”കാരം കൂടാതെ ഉച്ചരിയ്ക്കുന്ന, മലയാളികളുടെ ഈ പൊതുരീതിയെ കേരളസംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് അതേപടി ‘ദേശസാൽക്കരിച്ചു’. എന്നു വച്ചാൽ, ആ രീതിയ്ക്ക് അവർ ആധികാരികത നൽകി ഔപചാരികമാക്കി. അതുകൊണ്ട്, മുമ്പു വിസർഗ്ഗം ഉപയോഗിച്ചിരുന്ന എല്ലാ പദങ്ങളിലും വിസർഗ്ഗം ഉപേക്ഷിച്ചു; പകരം, വിസർഗ്ഗത്തെത്തുടർന്നു വരുന്ന അക്ഷരത്തെ ഇരട്ടിപ്പിച്ചു. മനഃപൂർവ്വത്തിലെ വിസർഗ്ഗത്തെ നീക്കി, പൂ എന്ന അക്ഷരത്തെ പ്പൂ എന്നാക്കി. പുനഃപരിശോധനയിലെ വിസർഗ്ഗത്തെ നീക്കി, പകരം പ എന്ന അക്ഷരത്തെ ഇരട്ടിപ്പിച്ചു. പരിതഃസ്ഥിതിയിലെ വിസർഗ്ഗത്തെത്തുടർന്നു സ്ഥ എന്ന കൂട്ടക്ഷരമുള്ളതുകൊണ്ടു വിസർഗ്ഗത്തെ നീക്കം ചെയ്യുക മാത്രമേ ചെയ്തുള്ളൂ. അങ്ങനെ, ഫൊണറ്റിക്കല്ലാതിരുന്ന ഈ പദങ്ങൾ ഫൊണറ്റിക്കായി. സംസ്കൃതഭാഷയിൽ നിന്നു വന്ന വിസർഗ്ഗത്തെ നീക്കം ചെയ്തു മലയാളവൽക്കരിച്ചു (“മലയാളവത്കരിച്ചു” എന്നു സംസ്കൃതപ്രേമികൾ പറയും) എന്നാണു ഞാൻ പറയുക. മലയാളത്തെ ശുദ്ധീകരിച്ചു എന്നും പറയാം.

എന്നാലീ മലയാളവൽക്കരണം, അഥവാ ശുദ്ധീകരണം, “ദുഃഖം” എന്ന പദത്തിനു മാത്രം ബാധകമല്ല. ദുഃഖം എന്ന പദത്തിൽ ഖ എന്ന ശബ്ദത്തിനു മുമ്പു വിസർഗ്ഗം വന്നിരിയ്ക്കയാൽ ആ പദം ദുഃഖം എന്ന്, വിസർഗ്ഗം ചേർത്തുതന്നെ എഴുതുകയും, ദുഹ്ഖം എന്നുച്ചരിയ്ക്കുകയും വേണം. നിയമം ഇതാണെങ്കിലും, ദുഃഖം എന്ന, വിസർഗ്ഗമുള്ള പദം നാമുച്ചരിയ്ക്കുമ്പോൾ ഹ് എന്ന ശബ്ദം കടന്നു വരാറില്ല. പകരം, ഖ എന്ന അക്ഷരത്തിനു നാമൊരൂന്നൽ നൽകുന്നു. ഇരട്ടിച്ച ഖ യോടാണ് അതിനു കൂടുതൽ സാമീപ്യം. (ദുഃഖം, സുഖം എന്നീ പദങ്ങൾ ഒന്നിനു പുറകെ ഒന്നായി, അടുപ്പിച്ച്, ഉച്ചരിച്ചു നോക്കിയാൽ ഇക്കാര്യം വെളിപ്പെടും.) എന്നാൽ, ഇവിടെയൊരു കുഴപ്പമുണ്ട്. എഴുത്തിൽ ഖ ഇരട്ടിയ്ക്കുന്ന രീതി നിലവിലില്ല. ഖ, ഛ, ഠ, ഥ, ഫ എന്നീ അക്ഷരങ്ങൾ “അതിഖര”ങ്ങളാണ്. ഘ, ഝ, ഢ, ധ,ഭ എന്നിവ “ഘോഷ”ങ്ങളും. അതിഖരങ്ങളും ഘോഷങ്ങളും ഇരട്ടിയ്ക്കാറില്ല. അവയുടെ ഇരട്ടിപ്പുള്ള പദങ്ങൾ ഉപയോഗത്തിലില്ല. അവ ഇരട്ടിച്ചിരുന്നെങ്കിൽ ദുഖ്ഖം എന്നെഴുതാമായിരുന്നു. നാമുച്ചരിച്ചുപോകുന്നതു ദുഖ്ഖം എന്നാണെങ്കിലും, എഴുത്തിൽ, ഔപചാരികമായി, ഖ ഇരട്ടിയ്ക്കാത്തതുകൊണ്ട്, എഴുതുമ്പോൾ നാം ദുഃഖം എന്നു തന്നെ തുടർന്നും എഴുതേണ്ടി വരുന്നു. ദുഃഖം എന്ന്, വിസർഗ്ഗത്തോടെ, എഴുതേണ്ടിവരുന്നതുകൊണ്ട്, എഴുത്തിനനുസൃതമായി, ദുഹ്ഖം എന്നുച്ചരിയ്ക്കേണ്ടിയും വരുന്നു.

ഇതുവരെപ്പറഞ്ഞതിനർത്ഥം, ദുഃഖം എന്ന ഒരൊറ്റ മലയാളപദത്തിൽ മാത്രമേ വിസർഗ്ഗം ഇന്നുപയോഗത്തിലുള്ളൂ, ഉപയോഗിയ്ക്കേണ്ടൂ എന്നാണ്. മറ്റൊരു മലയാളപദത്തിലും വിസർഗ്ഗം ഉപയോഗിയ്ക്കേണ്ടതില്ല. വാസ്തവത്തിൽ ദുഃഖത്തിൽ മാത്രമായി വിസർഗ്ഗം നിലനിർത്തേണ്ട കാര്യമില്ല. സുഖം എന്നെഴുതുന്നതു പോലെ, വിസർഗ്ഗമില്ലാതെ, ദുഖം എന്നെഴുതാവുന്നതേയുള്ളു. സുഖം, ദുഖം, സുഖം, ദുഖം…സുഖം എന്നെഴുതാമെങ്കിൽ ദുഖം എന്നുമെഴുതാനാകണം. തൽക്കാലം (“തൽക്കാലം” ശുദ്ധമലയാളവും “തത്കാലം സങ്കരവുമാണ്) ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം പോകുക: ദുഃഖം എന്ന്, വിസർഗ്ഗത്തോടെ, തുടർന്നുമെഴുതുക. കാലക്രമേണ, ഇൻസ്റ്റിറ്റ്യൂട്ട് (ഇപ്പോൾ എസ് സി ഈ ആർ ടി) വിസർഗ്ഗത്തെ മലയാ‍ളഭാഷയിൽ നിന്നു പൂർണ്ണമായും നീക്കം ചെയ്യുമെന്നു പ്രതീക്ഷിയ്ക്കാം.

വിസർഗ്ഗത്തെ നീക്കുന്നതിനു മുമ്പും പിമ്പുമുള്ള ചില പദങ്ങൾ താഴെക്കൊടുക്കുന്നു:

പുനഃസംവിധാനം – പുനസ്സംവിധാനം, പുനഃപ്രതിഷ്ഠ – പുനപ്രതിഷ്ഠ, പുനഃസ്ഥാപിക്കുക – പുനസ്ഥാപിക്കുക, പുനഃപരിവർത്തനം – പുനപ്പരിവർത്തനം, പുനഃക്രമീകരണം – പുനക്രമീകരണം, പുനഃപ്രസിദ്ധീകരണം – പുനപ്രസിദ്ധീകരണം, പുനഃസമാഗമം – പുനസ്സമാഗമം

“പുനർ” എന്ന ഉപസർഗ്ഗത്തിൽ വിസർഗ്ഗമില്ലാത്തതിനാൽ അതു “പുനഃ”യിൽ നിന്നു വ്യത്യസ്തമാണെന്നു പറയേണ്ടതില്ലല്ലോ.

വിസർഗ്ഗമുപയോഗിയ്ക്കുന്ന വേറേയുമേറെപ്പദങ്ങൾ മലയാളത്തിലുണ്ട്. അവയിൽ പെട്ടെന്നോർമ്മിയ്ക്കാനായ ചിലതു മാത്രമേ ഉദാഹരണങ്ങളായി മുകളിലുദ്ധരിച്ചിട്ടുള്ളു.

കേരളസംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശമിറങ്ങിയിട്ടു വർഷങ്ങളേറെയായെങ്കിലും, വിസർഗ്ഗമുപയോഗിച്ചുള്ള പദങ്ങൾ (ദുഃഖത്തിനു പുറമേ) അച്ചടിയിലും ഓൺലൈനിലും ഇപ്പോഴും കാണാറുണ്ട്. കേരളസംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ നിർദ്ദേശത്തെക്കുറിച്ച് അധികമാരും അറിയാനിടവന്നിട്ടില്ലാത്തതുകൊണ്ടാവാം, വിസർഗ്ഗോപയോഗം തുടർന്നുകൊണ്ടിരിയ്ക്കുന്നത്. സംസ്കൃതാരാധകരായ ചിലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശത്തെപ്പറ്റി അറിഞ്ഞിട്ടും അതിനെ “മനപ്പൂർവ്വം” അവഗണിയ്ക്കുന്നുണ്ടാകാം. വിസർഗ്ഗം ചേർത്തിരുന്നയിടങ്ങളിൽ വിസർഗ്ഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള എഴുത്ത് അവർക്കു ചിന്തിയ്ക്കാൻ പോലുമാകുന്നുണ്ടാവില്ല. വിസർഗ്ഗത്തെ ഒഴിവാക്കുന്നതേപ്പറ്റിയുള്ള അവരുടെ ചിന്ത എന്തുതന്നെയായാലും, വിസർഗ്ഗമുപേക്ഷിയ്ക്കണമെന്ന കേരളസംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശം നിലവിലിരിയ്ക്കെ, ആ നിർദ്ദേശത്തെ അവഗണിച്ചുകൊണ്ടു വിസർഗ്ഗോപയോഗം തുടരുന്നതിനോടു യോജിയ്ക്കാനാവില്ല. സംസ്കൃതത്തെ ആരാധിയ്ക്കുന്നവർ വിസർഗ്ഗം സംസ്കൃതത്തിലുപയോഗിച്ചോട്ടേ, പക്ഷേ, സംസ്കൃതത്തെ മലയാളത്തിലെന്തിന് അനാവശ്യമായി കൂട്ടിക്കുഴയ്ക്കണം?

വിസർഗ്ഗത്തെ ഉപേക്ഷിച്ചുണ്ടായ മനശ്ശാസ്ത്രം എന്ന പദത്തിനു മനഃശാസ്ത്രം എന്ന മൂലപദത്തിന്റെ സകലകർമ്മങ്ങളും യഥാവിധി ചെയ്യാനാകുന്നുണ്ട്. അധഃപതനത്തിലെ വിസർഗ്ഗത്തെ ഉപേക്ഷിച്ചുണ്ടായ ‘അധപ്പതനം’ മലയാളഭാഷയുടെ അധപ്പതനത്തിന്റെ ലക്ഷണമാണെന്നു ചില സംസ്കൃതാരാധകരും യാഥാസ്ഥിതികരും മാത്രമേ ആരോപിയ്ക്കുകയുള്ളൂ. വിസർഗ്ഗത്തെ ഉപേക്ഷിച്ചതുകൊണ്ടു മലയാളഭാഷയ്ക്കു യാതൊരുവിധ അധപ്പതനവുമുണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. നേരേ മറിച്ച്, ഗുണമുണ്ടു താനും. വിസർഗ്ഗമുണ്ടായിരുന്ന പദങ്ങളുടെ എഴുത്തും ഉച്ചാരണവും തമ്മിലുണ്ടായിരുന്ന വിടവ്, വിസർഗ്ഗത്തെ ഉപേക്ഷിച്ചതോടെ നികത്തപ്പെട്ടു. വിസർഗ്ഗത്തെ ഉപേക്ഷിച്ചതോടെ ആ പദങ്ങൾ പൂർണ്ണമായും ഫൊണറ്റിക് ആയിത്തീർന്നു. അവ കൂടുതൽ മലയാളവൽക്കരിയ്ക്കപ്പെട്ടു. വിസർഗ്ഗം മലയാളത്തെ സംബന്ധിച്ചിടത്തോളം ഒരനാവശ്യരീതിയായിരുന്നു. ആ അനാവശ്യരീതി നാമുപേക്ഷിച്ചെന്നു മാത്രം. മലയാളഭാഷയ്ക്ക് അതുകൊണ്ടൊരു കോട്ടവും സംഭവിച്ചിട്ടില്ല.

വിസർഗ്ഗം ഉപേക്ഷിച്ചതുകൊണ്ടു മറ്റൊരു ഗുണം കൂടിയുണ്ട്: സ്കൂൾതലത്തിലെ കേട്ടെഴുത്തിൽ അദ്ധ്യാപകരുടെ ഇഷ്ടപദങ്ങളായിരുന്നു, വിസർഗ്ഗം ചേർത്തവ. അവയെഴുതുമ്പോൾ വിസർഗ്ഗത്തെപ്പറ്റി ഓർക്കാത്ത കുട്ടികൾക്കെല്ലാം തെറ്റു പറ്റും, ഉറപ്പ്. വിസർഗ്ഗം ഒഴിവാക്കിയതോടെ, ആ പ്രശ്നം പരിഹൃതമായി.

റിപ്പ്‌വാൻ വിങ്കിൾ ഇരുപതു വർഷം തുടർച്ചയായി ഉറങ്ങിപ്പോയി. ഇരുപതുവർഷം നീണ്ട ഉറക്കത്തിനു ശേഷം ഉണർന്നെണീറ്റ റിപ്പ്‌വാൻ വിങ്കിൾ, ഉറക്കത്തിനിടയിൽ കടന്നുപോയിരുന്ന ഇരുപതുവർഷങ്ങളിൽ സംഭവിച്ചതൊന്നും അറിഞ്ഞിരുന്നില്ല. ഇരുപതു വർഷത്തിലേറെക്കാലം മുമ്പ്, കേരളസംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടു പുറപ്പെടുവിച്ച നിർദ്ദേശത്തെപ്പറ്റി അറിയാതെ, ദുഃഖം എന്ന പദത്തിനു പുറമേ മറ്റു പദങ്ങളിലും വിസർഗ്ഗോപയോഗം തുടരുന്നവർ അഭിനവ റിപ്പ്‌വാൻ വിങ്കിളുമാരായി ഭാവിയിൽ അറിയപ്പെട്ടെന്നു വരാം. സമീപകാലം വരെ ഈ ലേഖകനും ഇത്തരത്തിലുള്ളൊരു റിപ്പ്‌വാൻ വിങ്കിളായിരുന്നെന്നു സമ്മതിയ്ക്കാതെ തരമില്ല. വിസർഗ്ഗത്തിന്റെ ഉപയോഗം, ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശാനുസരണം നടപ്പിൽ വരുത്തുക, അഭിനവ റിപ്പ്‌വാൻ വിങ്കിളെന്നു പരിഹസിയ്ക്കപ്പെടാതിരിയ്ക്കുക: ഇതാണെനിയ്ക്കു പറയുവാനുള്ളത്.

Generated from archived content: essay1_oct30_15.html Author: sunil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here