ടെന്നീസ്, ടെന്നീസ്

കൊല്‍ക്കത്ത – അന്നു കല്‍ക്കട്ട – എന്ന മഹാനഗരത്തില്‍ ഒരു ദിവസത്തോളം തങ്ങിയ ശേഷമാണ് ഹൗറയില്‍ നിന്ന് കാ‌മ്‌രൂപ് എക്സ്പ്രസ്സില്‍ ഗ്വാഹാട്ടിയിലേയ്ക്കുള്ള യാത്രയ്ക്കു തുടക്കമിട്ടത്. പിറ്റേദിവസം സായാഹ്നത്തോടെ ഗ്വാഹാട്ടിയിലെത്തി. കണ്ണഞ്ചിപ്പിയ്ക്കുന്ന കല്‍ക്കട്ടാ മഹാനഗരം കണ്ട ശേഷം ഗ്വാഹാട്ടി കണ്ടപ്പോള്‍, “ഇതാണോ, ഗ്വാഹാട്ടി!“ എന്നു മൂക്കത്തു വിരല്‍ വച്ചു പോയി. ഫാന്‍സി ബസാര്‍, പൽട്ടൻ ബസാര്‍, ഉജര്‍ ബസാര്‍, കച്ചാരിഘാട്ട്, എന്നിങ്ങനെ ഏതാനും സ്ഥലങ്ങള്‍ മാത്രമടങ്ങുന്ന ചെറിയൊരു പട്ടണം മാത്രമായിരുന്നു അന്നു ഗ്വാഹാട്ടി. നമ്മുടെ സ്വന്തം എറണാകുളം ഗ്വാഹാട്ടിയേക്കാള്‍ വലുതാണ് എന്ന അഭിമാനവും അടുത്ത ഏതാനും വര്‍ഷം ജീവിയ്ക്കാന്‍ പോകുന്നത് എറണാകുളത്തേക്കാള്‍ ചെറിയൊരു പട്ടണത്തിലാണല്ലോ എന്ന ഇച്ഛാഭംഗവും ഒരേസമയം തോന്നി.

ഒരു കാര്യത്തില്‍ എറണാകുളവും ഗ്വാഹാട്ടിയും തമ്മില്‍ സാമ്യമുണ്ടായിരുന്നു: രണ്ടിന്റേയും പടിഞ്ഞാറുഭാഗത്ത് കായല്‍ അഥവാ പുഴ ആണ്‌ . എറണാകുളത്തിന്റെ പടിഞ്ഞാറു ഭാഗത്തു വിശാലമായ എറണാകുളം കായല്‍. ഗ്വാഹാട്ടിയുടെ പടിഞ്ഞാറു ഭാഗത്ത് ശാന്തഗംഭീരമായൊഴുകുന്ന ബ്രഹ്മപുത്ര. ബ്രഹ്മപുത്രയുടെ ശാന്തത ബഹളമയമായ എറണാകുളം കായലിനില്ല.

ഉത്തരപൂര്‍വ്വേന്ത്യയുടെ ബംഗാളിന്നപ്പുറത്തുള്ള ഭാഗത്തെ ഏറ്റവും വലിയ ‘നഗര’മെന്ന നിലയില്‍ ഗ്വാഹാട്ടി എന്നെ നിരാശപ്പെടുത്തിയെങ്കിലും ആ കൊച്ചു നഗരമാണ് ഞാനിന്നേറ്റവും ഇഷ്ടപ്പെടുന്ന ഗെയിമായ ടെന്നീസിനെ എനിയ്ക്കു പരിചയപ്പെടുത്തിത്തന്നത്. അക്കാലത്ത് ഗ്വാഹാട്ടിയിലെ ഏറ്റവും പ്രശസ്തമായ ഹാളായിരുന്നു, രബീന്ദ്രഭവന്‍. രബീന്ദ്രഭവന്റെ പടിഞ്ഞാറുവശത്തെ കെട്ടിടങ്ങളിലൊന്ന് ഡിസ്ട്രിക്റ്റ് ലൈബ്രറി. ഞായറാഴ്ചകളിലെ സ്ഥിരം അജന്‍ഡയായിരുന്നു ലൈബ്രറി സന്ദര്‍ശനം. പബ്ലിക് ലൈബ്രറിയുടെ പടിഞ്ഞാറു വശത്ത്, കമ്പിവലയ്ക്കപ്പുറം ടെന്നീസ് കോര്‍ട്ടുണ്ടായിരുന്നു. ഒരു ദിവസം കമ്പിവലയിലൂടെ ഞാന്‍ ടെന്നീസു കളി നോക്കിക്കൊണ്ടു നിന്നു. അന്നാദ്യമായാണ് ഞാനൊരു ടെന്നീസുകളി കാണുന്നത്. അക്കാലത്തു ടീ വി പ്രചാരത്തിലില്ല.

ആകെയുള്ള നാലു കളിക്കാരില്‍ രണ്ടു പേര്‍ എഴുപതു വയസ്സെങ്കിലും കടന്നവരായിരുന്നു. താരത‌മ്യേന മെലിഞ്ഞവര്‍. പ്രായമേറെച്ചെന്നിട്ടും, മെലിഞ്ഞിരുന്നിട്ടും അവരുടെ കളിയില്‍ ആയാസമൊട്ടും പ്രകടമായിരുന്നില്ല. ആ ദൃശ്യത്തിന്റെ സവിശേഷതയായിരിയ്ക്കണം കളി നോക്കി നില്‍ക്കാനെന്നെ പ്രേരിപ്പിച്ചത്. പ്രായമേറെച്ചെന്നാലും ആസ്വദിച്ചു കളിയ്ക്കാവുന്നൊരു കളിയാണ് ടെന്നീസെന്നു ഞാനന്നു മനസ്സിലാക്കി.

ഒരു കളി കണ്ടുനില്‍ക്കുമ്പോള്‍ ഏതെങ്കിലുമൊരു ടീമിനെ പിന്തുണയ്ക്കാന്‍ തുടങ്ങുന്നതു സ്വാഭാവികമാണ്. കളിച്ചുകൊണ്ടിരുന്ന രണ്ടു ടീമുകളില്‍ ഏതാണു മുന്നില്‍ നില്‍ക്കുന്നതെന്നും ഏതിനാണു വിജയസാദ്ധ്യതയെന്നും നിര്‍ണ്ണയിയ്ക്കാന്‍ ഞാല്‍ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ എന്റെ ശ്രമം പരാജയപ്പെട്ടു. ഒന്നാമത് ടെന്നീസിന്റെ സ്കോറിംഗ് എങ്ങനെയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. രണ്ടാമത്, കളിക്കാരാരുംതന്നെ സെര്‍വു ചെയ്യും‌മുന്‍പ് സ്കോര്‍ വിളിച്ചു പറഞ്ഞിരുന്നുമില്ല. വല്ലപ്പോഴും അവര്‍ പറഞ്ഞിരുന്നപ്പോഴാകട്ടെ, സ്കോര്‍ എനിയ്ക്കു മനസ്സിലായതുമില്ല. ഇടയ്ക്കിടെ തേര്‍ട്ടിയെന്നും ഫോര്‍ട്ടിയെന്നുമൊക്കെ അവര്‍ പറയുന്നതു ഞാന്‍ കേട്ടിരുന്നു.

എനിയ്ക്കു പരിചിതമായിരുന്ന ഷട്ടില്‍ ബാഡ്മിന്റണിന്റെ സ്കോറിംഗ് അക്കാലത്ത് വളരെ ലളിതമായിരുന്നു. ഒന്നുമുതല്‍ പതിനഞ്ചുവരെ. പതിനഞ്ചിലെത്തുന്നയാള്‍ ആ ഗെയിമില്‍ ജയിയ്ക്കുന്നു. (ഇന്നിപ്പോള്‍ അത് ഇരുപത്തൊന്നിലായിട്ടുണ്ട്.) മുപ്പതും നാല്‍‌പ്പതുമൊന്നും ഷട്ടിലില്‍ ഉണ്ടായിരുന്നേയില്ല. ഷട്ടിലില്‍ പതിനഞ്ചു പോയിന്റെടുക്കുക തന്നെ ദുഷ്കരമായിരുന്നു. അങ്ങനെയിരിയ്ക്കെ മുപ്പതും നാല്പതും പോയിന്റുകള്‍ എടുക്കുന്ന കാര്യം സങ്കല്പിയ്ക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഷട്ടില്‍ ബാഡ്മിന്റന്‍ കോര്‍ട്ടിന്റെ ആകെ നീളം 44 അടി മാത്രമായിരിയ്ക്കെ ടെന്നീസ് കോര്‍ട്ടിന്റെ ആകെ നീളം 78 അടിയാണ്. ഷട്ടിലിനേക്കാള്‍ കനമുള്ളതുമാണ് ടെന്നീസ് പന്ത്: 56 ഗ്രാം മുതല്‍ 59 ഗ്രാം വരെ. ഷട്ടിലിന്ന് നാലേമുക്കാല്‍ ഗ്രാം മുതല്‍ അഞ്ചര ഗ്രാം വരെ മാത്രമേ കനമുള്ളു. അക്കാലത്ത് മിയ്ക്ക കളിക്കാരും മരം കൊണ്ടുള്ള ടെന്നീസ് ബാറ്റുകള്‍ – റാക്കറ്റുകള്‍ – ആണ് ഉപയോഗിച്ചിരുന്നത്. ഇന്നത്തെ ടെന്നീസ് റാക്കറ്റിന്ന് 350 ഗ്രാമോളം ഭാരമുണ്ടാകും. ഷട്ടില്‍ ബാറ്റിനാകട്ടെ കേവലം 100 ഗ്രാം മാത്രവും. ഘനത്തിലുള്ള ഈ വന്‍ വ്യത്യാസം മൂലമായിരിയ്ക്കണം, ടെന്നീസ് ബാളടിയ്ക്കുമ്പോള്‍ ഷട്ടിലിനേക്കാള്‍ കൂടുതല്‍ ശബ്ദമുണ്ടാകുന്നു. ഇത്ര കനമുള്ള പന്തും റാക്കറ്റും ഉപയോഗിച്ച് എണ്‍പതടിയോളം നീളമുള്ള കോര്‍ട്ടില്‍ മുപ്പതും നാല്പതും പോയിന്റെടുക്കുന്നതു വരെ കളിയ്ക്കുന്നത് ചില്ലറക്കാര്യമല്ലെന്ന് എനിയ്ക്കു തോന്നി. അതുകൊണ്ട് എനിയ്ക്ക് ആ ടെന്നീസ് കളിക്കാരോടും ടെന്നീസിനോടും പ്രത്യേകമായ ആദരവു തോന്നി.

അടുത്ത വര്‍ഷം ആസ്സാമില്‍ത്തന്നെയുള്ള ജോര്‍ഹാട്ടില്‍ വച്ച് ടെന്നീസ് കളിയ്ക്കാനുള്ള അവസരം ലഭിച്ചപ്പോഴാണ് ടെന്നീസിലെ സ്കോറിംഗ് സമ്പ്രദായവുമായി പരിചയപ്പെട്ടത്. ഗെയിമുകളും സെറ്റുകളും അടങ്ങുന്നതാണ് ടെന്നീസിലെ സ്കോറിംഗ്. ഏറ്റവും ചുരുങ്ങിയത് ആറു ഗെയിമുകളെങ്കിലും അടങ്ങുന്നതാണ് ഒരു സെറ്റ്. അതുപോലെ, ഏറ്റവും ചുരുങ്ങിയത് രണ്ടു സെറ്റുകളെങ്കിലും അടങ്ങുന്നതാണ് ഒരു മാച്ച്. ഒരു സാധാരണ ടെന്നീസ് മാച്ചില്‍ വിജയിക്കാന്‍ ഒരു കളിക്കാരന്‍ രണ്ടു സെറ്റുകളിലെങ്കിലും വിജയം നേടിയിരിയ്ക്കണം. അതായത് ‘ബെസ്റ്റ് ഓഫ് ത്രീ.’ ഇവിടെയൊരു തരംതിരിവുണ്ട്. ‘ഗ്രാന്റ് സ്ലാമുകള്‍’ എന്ന പേരിലറിയപ്പെടുന്ന നാലു മേജര്‍ ടെന്നീസ് ടൂര്‍ണ്ണമെന്റുകള്‍ ആസ്ട്രേല്യന്‍ ഓപ്പണ്‍, ഫ്രെഞ്ച് ഓപ്പണ്‍, വിംബിള്‍ഡന്‍, യൂ എസ് ഓപ്പണ്‍ എന്നിവയാണ്. ഗ്രാന്റ്സ്ലാമുകളിലെ പുരുഷന്മാരുടെ സിംഗിള്‍സ് മത്സരങ്ങളിലെല്ലാം ചുരുങ്ങിയത് മൂന്നു സെറ്റുകളെങ്കിലും നേടിയെങ്കില്‍ മാത്രമേ ഒരു മാച്ചില്‍ വിജയിയാകൂ. ബെസ്റ്റ് ഓഫ് ഫൈവ്. ഇതു പുരുഷന്മാരുടെ സിംഗിള്‍സ് കിരീടം നേടുകയെന്നത് വളരെ ദുഷ്കരമാക്കുന്നു. മാത്രമോ, പലപ്പോഴും അഞ്ചുസെറ്റുകളും കളിയ്ക്കേണ്ടതായും വരുന്നു. കളിക്കാരുടെ കായികക്ഷമത ഇത്രത്തോളം കര്‍ക്കശമായി പരീക്ഷിയ്ക്കപ്പെടുന്ന ഗ്രാന്റ്സ്ലാം പോലുള്ള മറ്റു ടൂര്‍ണമെന്റുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. ചാള്‍സ് ഡാര്‍വിനിന്റെ ‘സര്‍വൈവര്‍ ഓഫ് ഫിറ്റസ്റ്റ്‘ എന്ന പ്രയോഗം ടെന്നീസില്‍ പ്രസക്തമാണ്. കളിയ്ക്കാനുള്ള ചാതുര്യം മാത്രമല്ല, അങ്ങേയറ്റത്തെ ശാരീരികക്ഷമതയും ഗ്രാന്റ്സ്ലാമുകളില്‍ അത്യന്താപേക്ഷിതമാണ്.

ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ അഞ്ചു സെറ്റുകളില്‍ മൂന്നെണ്ണവും മറ്റു സാധാരണ ടൂര്‍ണമെന്റുകളില്‍ മൂന്നു സെറ്റുകളില്‍ രണ്ടെണ്ണവും ജയിക്കേണ്ടതുണ്ട് എന്നു പറഞ്ഞുവല്ലോ. ഓരോ സെറ്റും ഗെയിമുകളായി തിരിച്ചിരിയ്ക്കുന്നെന്നും ഒരു സെറ്റില്‍ ഏറ്റവും ചുരുങ്ങിയത് ആറു ഗെയിമെങ്കിലും വിജയി നേടിയിരിയ്ക്കണമെന്നും സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു നിബന്ധന കൂടിയുണ്ട്: ഒരു സെറ്റിലെ വിജയി ആ സെറ്റില്‍ എതിരാളിയേക്കാള്‍ രണ്ടു ഗെയിമെങ്കിലും കൂടുതല്‍ നേടിയിരിയ്ക്കുകയും വേണം.

ഒരു ഗെയിമില്‍ വെറും നാലു പോയിന്റുകളേയുള്ളു. സെര്‍വ്വു ചെയ്തു തുടങ്ങുമ്പോള്‍ പോയിന്റു നില 0-0. ഒരു പോയിന്റു നേടുമ്പോള്‍ 1-0. ഇവിടെയൊരു വൈചിത്ര്യമുണ്ട്: 1-0 അഥവാ വൺ ലൌ എന്നു പറയുന്നതിനു പകരം 15-0, അതായത് ഫിഫ്റ്റീന്‍-ലൌ, എന്നാണു പറയാറ്. ഒരു പോയിന്റു കൂടി നേടുമ്പോള്‍ പോയിന്റു നില 2-0. പക്ഷേ ടൂ-ലൌ എന്നു പറയുന്നതിനു പകരം 30-0, അതായത് തേര്‍ട്ടി-ലൌ ആകുന്നു. ഒരു പോയിന്റു കൂടി നേടിയാല്‍ ഫോര്‍ട്ടി-ലൌ. അടുത്ത പോയിന്റു കൂടി നേടിയാല്‍ ആ ഗെയിം ജയിച്ചു. ഇങ്ങനെ ഒരു ഗെയിമില്‍ നേടേണ്ടത് 0-0, 15-0, 30-0, 40-0 എന്നീ നാലു പോയിന്റുകളാണ്. ചുരുക്കത്തില്‍ ഒന്ന്, രണ്ട്, മൂന്ന് എന്നു ലളിതമായി എണ്ണുന്നതിനു പകരം, പതിനഞ്ച്, മുപ്പത്, നാൽല്‍പ്പത് എന്നിങ്ങനെയാണ് ടെന്നീസിലെ എണ്ണല്‍!

ഒരു പോയിന്റ് സെര്‍വു ചെയ്യുന്ന കളിക്കാരന്നല്ല, എതിര്‍കളിക്കാരന്നാണു കിട്ടുന്നതെങ്കില്‍ എതിര്‍കളിക്കാരന്റെ പോയിന്റു നില മുന്‍‌പറഞ്ഞ ക്രമത്തില്‍ വര്‍ദ്ധിയ്ക്കുന്നു. അതായത്, തുടക്കത്തില്‍ പൂജ്യം, ഒന്നാമത്തെ പോയിന്റു നേടുമ്പോള്‍ 15, രണ്ടാമത്തെ പോയിന്റു നേടുമ്പോള്‍ 30, മൂന്നാമത്തെ പോയിന്റു നേടുമ്പോള്‍ 40, നാലാമത്തെ പോയിന്റു നേടുമ്പോള്‍ ഗെയിം, ഇങ്ങനെ പോകുന്നു എതിര്‍കളിക്കാരന്റേയും സ്കോറിംഗ്.

ഒരു ഗെയിം നേടാന്‍ നാലു പോയിന്റു മതിയെങ്കിലും അതത്ര എളുപ്പമുള്ളതായിക്കൊള്ളണമെന്നില്ല. ഒരു ഗെയിമില്‍ സെര്‍വ്വു ചെയ്യുന്ന കളിക്കാരനും പ്രതിയോഗിയും 40-40 (ഫോര്‍ട്ടി-ഫോര്‍ട്ടി) എന്ന തുല്യ സ്കോറിലെത്തിയെന്നു കരുതുക. ഫോര്‍ട്ടി-ഫോര്‍ട്ടി എന്ന പോയിന്റു നിലയ്ക്ക് പ്രത്യേകമൊരു പേരുണ്ട്: ഡ്യൂസ്. ഡ്യൂസിലെത്തിയാല്‍, അതായത് 40-40ല്‍ എത്തിയാല്‍, രണ്ടു പോയിന്റ് അടുപ്പിച്ചടുപ്പിച്ചെടുത്തെങ്കില്‍ മാത്രമേ വിജയിയ്ക്കാന്‍ സാധിയ്ക്കൂ. ഡ്യൂസിലെത്തി സെര്‍വ്വു ചെയ്യുമ്പോള്‍ സെര്‍വ്വു ചെയ്യുന്നയാള്‍ പോയിന്റെടുക്കുന്നെങ്കില്‍ അയാള്‍ അഡ്‌വാന്റെജ് എന്ന പോയിന്റില്‍ എത്തുന്നു. ഇതിന്ന് അഡ്‌വാന്റെജ് ഇന്‍ എന്നും പറയാറുണ്ട്. 40-40 ആയിരുന്ന പോയിന്റു നില ഇപ്പോള്‍ അഡ്‌വാന്റെജ്-40 ആകുന്നു. എതിര്‍കളിക്കാരന്‍ നാല്പതില്‍ത്തന്നെ തുടരുന്നു. അടുത്ത പോയിന്റു കൂടി സെര്‍വു ചെയ്യുന്നയാളെടുക്കുന്നെങ്കില്‍ ആ ഗെയിം അയാള്‍ക്കു കിട്ടുന്നു

ഡ്യൂസ് എന്നാല്‍ 40-40 ആണെന്നു പറഞ്ഞുവല്ലോ. പോയിന്റു നില ഡ്യൂസിലായിരിയ്ക്കെ അടുത്ത പോയിന്റെടുക്കുന്നത് സെര്‍വു ചെയ്യുന്നയാളല്ല, എതിര്‍കളിക്കാരനാണെങ്കില്‍ അഡ്‌വാന്റെജ് എന്ന സ്കോറിലെത്തുന്നത് അയാളായിരിയ്ക്കും. ഇതിന്ന് അഡ്‌വാന്റെജ് ഔട്ട് എന്നു പറയുന്നു. സെര്‍വു ചെയ്യുന്നയാള്‍ 40ല്‍ത്തന്നെ തുടരുകയും ചെയ്യുന്നു. അഡ്‌വാന്റെജില്‍ നില്‍ക്കുന്ന എതിര്‍കളിക്കാരന്‍ അടുത്ത പോയിന്റു കൂടി എടുക്കുന്നെങ്കില്‍ അയാൾക്ക് ആ ഗെയിം കിട്ടുന്നു. ടൂര്‍ണമെന്റുകളില്‍ അഡ്‌വാന്റെജ് ഇന്‍, അഡ്‌വാന്റെജ് ഔട്ട് എന്നു പറയാറില്ല. പകരം അഡ്‌വാന്റെജ് ഫെഡറല്‍, അഡ്‌വാന്റെജ് നഡാന്‍, അഡ്‌വാന്റെജ് ജ്യോക്കൊവിച്ച് എന്നിങ്ങനെ കളിക്കാ‍രന്റെ പേര്‍ ചേര്‍ത്താണു പറയാറ്.

അഡ്‌വാന്റേജിലെത്തി നില്‍ക്കുന്ന സ്കോര്‍നില അല്പമൊരു പ്രത്യേകതയുള്ളതാണ്. അടുത്ത പോയിന്റു നേടി ആ ഗെയിം കൈക്കലാക്കുന്നതിനു പകരം ആ പോയിന്റു നഷ്ടപ്പെടുത്തുകയാണെങ്കില്‍ സ്കോര്‍നില അഡ്‌വാന്റെജില്‍ നിന്ന് ഡ്യൂസിലേയ്ക്ക് – അതായത് ഒരു സ്റ്റെപ്പു താഴേയ്ക്ക് – ഇറങ്ങുന്നു. നേടിക്കഴിഞ്ഞ പോയിന്റുകളിലെ ഒരെണ്ണം നഷ്ടമാകാന്‍ സാദ്ധ്യതയുള്ള പോയിന്റു നിലയാണ് അഡ്‌വാന്റെജ്. ഷട്ടില്‍ ബാഡ്മിന്റണില്‍ നേടിക്കഴിഞ്ഞ പോയിന്റു നഷ്ടമാകുന്ന വിചിത്രസ്ഥിതിയില്ല. അതു ടെന്നീസില്‍ മാത്രമുള്ള വൈചിത്ര്യമാണ്. അതുകൊണ്ടു തന്നെ ഡ്യൂസില്‍ നിന്നു ഗെയിം നേടുക താരത‌മ്യേന കൂടുതല്‍ ബുദ്ധിമുട്ടുള്ളതാണ്.

ഷട്ടില്‍ ബാഡ്മിന്റണില്‍ ഒരു കളിക്കാരന്‍ സെര്‍വ്വു ചെയ്യുന്നു, പക്ഷേ ആ പോയിന്റ് എതിര്‍കളിക്കാരനാണ് എടുക്കുന്നതെങ്കില്‍ അടുത്ത സെര്‍വ്വ് എതിര്‍കളിക്കാരന്റേതായിരിയ്ക്കും. എന്നാല്‍ ടെന്നീസില്‍ ഒരു ഗെയിമില്‍ ഒരേ കളിക്കാരന്‍ തന്നെ തുടര്‍ച്ചയായി സെര്‍വ്വു ചെയ്യുന്നു. ഈ ലേഖനമെഴുതുമ്പോള്‍ ലോക ഒന്നാംനമ്പര്‍ കളിക്കാരന്‍ റാഫേല്‍ നഡാലാണ്. രണ്ടാം നമ്പര്‍ നൊവാക് ജ്യോക്കൊവിച്ചും. ഒരു ഗെയിമില്‍ മുഴുവന്‍ സെര്‍വ്വു ചെയ്തതു ജ്യോക്കോവിച്ചാണെന്നും പക്ഷേ ആ ഗെയിം നഡാല്‍ കൈക്കലാക്കുന്നെന്നും കരുതുക. അങ്ങനെയെങ്കില്‍ നഡാല്‍ ജ്യോക്കോവിച്ചിന്റെ സെര്‍വ്വീസ് ഭേദിച്ചു (സെര്‍വ്വ് ബ്രേക്കു ചെയ്തു) എന്നു പറയുന്നു.ഒരു ഗെയിമിലെ മുഴുവന്‍ സെര്‍വ്വുകളും ജ്യോക്കോവിച്ചിന്റേതാണെങ്കില്‍, അടുത്ത ഗെയിമിലെ മുഴുവന്‍ സെര്‍വ്വുകളും നഡാലിന്റേതായിരിയ്ക്കും. ഓരോ കളിക്കാരനും ഒന്നിടവിട്ട ഗെയിമുകളില്‍ സെര്‍വ്വു ചെയ്യുന്നു. അവരവര്‍ സെര്‍വ്വു ചെയ്യുന്ന ഗെയിമുകള്‍ നേടാനുള്ള സാദ്ധ്യത കൂടുതലാണ്. ജ്യോക്കോവിച്ച് സെര്‍വ്വു ചെയ്യുന്ന ഗെയിമുകള്‍ നേടാനുള്ള സാദ്ധ്യത കൂടുതലും ജ്യോക്കോവിച്ചിനു തന്നെയാണുള്ളത്. നഡാല്‍‍ സെര്‍വ്വു ചെയ്യുന്ന ഗെയിമുകള്‍ നേടാനുള്ള കൂടുതല്‍ സാദ്ധ്യത നഡാലിനും. തിനു കാരണമുണ്ട്. പന്ത് ഏതാനും അടി മുകളിലേയ്ക്കിട്ട്, അതു താഴേയ്ക്കു വരാന്‍ തുടങ്ങുമ്പോള്‍ റാക്കറ്റു ചുഴറ്റി, സര്‍വ്വശക്തിയുമുപയോഗിച്ച് അടിച്ചുകൊണ്ടാണു സെര്‍വ്വു ചെയ്യുന്നത്. കഴിയുന്നത്ര ഉയരത്തില്‍ വച്ചു പന്തടിയ്ക്കാന്‍ ഓരോ കളിക്കാരനും ശ്രമിയ്ക്കുന്നു. എത്രത്തോളം ഉയരത്തില്‍ വച്ചു പന്തടിയ്ക്കുന്നുവോ എതിര്‍ കോര്‍ട്ടില്‍ കുത്തിയ ഉടനെ പന്തു കുതിച്ചുയരാനുള്ള സാദ്ധ്യത അത്രത്തോളം തന്നെ കൂടുന്നു. ഇത്തരത്തില്‍ നിലത്തുനിന്ന് കുതിച്ചുയരുന്ന പന്തെടുക്കുന്നത് എതിര്‍കളിക്കാരന്നു ദുഷ്കരമായിരിയ്ക്കും. ഉയരം കൂടിയവര്‍ക്ക് ഇത്തരത്തിലുള്ള സെര്‍വുകള്‍‍ ചെയ്യുന്നത് ഉയരം കുറഞ്ഞവരേക്കാള്‍ എളുപ്പമാണ്.

ടെന്നീസില്‍ ഏറ്റവുമധികം വേഗതയുള്ളത് സെര്‍വുകളിലാണ്. ടെന്നീസിലെ സെര്‍വുകള്‍ എതിരാളികളെ സംബന്ധിച്ചിടത്തോളം പലപ്പോഴും തീയുണ്ടകളാകാറുണ്ട്. മണിക്കൂറില്‍ ഇരുനൂറു കിലോമീറ്ററിലേറെ സ്പീഡില്‍ സെര്‍വു ചെയ്തിരിയ്ക്കുന്നവര്‍ നിരവധിയാണ്. 2012ലെ ബുസാന്‍ (ദക്ഷിണ കൊറിയ) ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ 263 കിലോമീറ്റര്‍ വേഗതയില്‍ സെര്‍വ്വു ചെയ്ത സാമുവല്‍ ഗ്രോത്തിന്റെ പേരിലാണ് നിലവിലുള്ള റെക്കോഡ്. എന്നാല്‍ ഏറ്റവുമധികം വേഗതയില്‍ സെര്‍വ്വു ചെയ്തിരിയ്ക്കുന്ന ആദ്യത്തെ 30 പേരില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജ്യോക്കോവിച്ചും രണ്ടാം നമ്പര്‍ താരമായ റഫേല്‍ നഡാലുമൊന്നും പെടുന്നില്ല. റെക്കോര്‍ഡ് സ്പീഡില്‍ സെര്‍വ്വു ചെയ്ത സാമുവല്‍ ഗ്രോത്തിന്റെ ലോകറാങ്കാകട്ടെ 203 മാത്രമാണ്! സെര്‍വിന്റെ സ്പീഡും ലോകറാങ്കിങ്ങും തമ്മില്‍ നേരിട്ടു ബന്ധമില്ലെന്ന് ഇതില്‍ നിന്നൂഹിക്കാം.

അതിവേഗതയില്‍ ചെയ്യുന്ന സെര്‍വ്വുകള്‍ ചിലപ്പോള്‍ എതിര്‍കളിക്കാരന്ന് സ്പര്‍ശിയ്ക്കാന്‍ പോലും സാധിച്ചെന്നുവരില്ല. അത്തരം സെര്‍വ്വുകള്‍ക്കാണ് ഏയ്സ് എന്നു പറയുന്നത്. 2013ല്‍ ഏറ്റവുമധികം ഏയ്സുകള്‍ സെര്‍വ്വു ചെയ്തിരിയ്ക്കുന്നത് അമേരിക്കയിലെ ജോണ്‍ ഈസ്നര്‍ ആണ്. ഈസ്നര്‍ ഇക്കൊല്ലം 911 ഏയ്സുകളുതിര്‍ത്തു. അതായത് ഈസ്നറിന്റെ 911 സെര്‍വ്വുകള്‍ എതിര്‍കളിക്കാര്‍ക്കു സ്പര്‍ശിയ്ക്കാന്‍ പോലും സാധിച്ചില്ല. കാനഡക്കാരനായ മിലോസ് റാവനിച്ച് (824), ദക്ഷിണാഫ്രിക്കക്കാരനായ കെവിന്‍ ആന്റേഴ്സന്‍ (605), സ്പെയിൻന്‍കാരനായ നിക്കൊളാസ് അര്‍മാഗ്രൊ (589), അമേരിക്കക്കാരനായ സാം ക്വീറി (576) എന്നിവരാണ് ഏറ്റവുമധികം ഏയ്സുകളുതിര്‍ത്ത മറ്റു നാലുപേര്‍. ലോക ഒന്നാംനമ്പര്‍ താരമായ റഫേല്‍ നഡാല്‍ 197 ഏയ്സുകള്‍ മാത്രമേ ഇക്കൊല്ലം സെര്‍വ്വു ചെയ്തിട്ടുള്ളു. ഏയ്സുകളുടെ കാര്യത്തില്‍ അന്‍പത്തിനാലാമതാണ് നഡാലിന്റെ സ്ഥാനം. ലോകരണ്ടാംനമ്പര്‍ താരമായ നൊവാക് ജ്യോക്കൊവിച്ച് 415 ഏയ്സുകളോടെ പതിനൊന്നാം സ്ഥാനത്താണ്. ഏയ്സുകള്‍ സെര്‍വു ചെയ്യുന്ന കാര്യത്തില്‍ മുന്‍‌കാലങ്ങളില്‍ ആദ്യ പത്തിലോ പതിനഞ്ചിലോ പതിവായി വരാറുണ്ടായിരുന്ന, 302 ആഴ്ചകളോളം ലോകഒന്നാം നമ്പര്‍ പദം ശിരസ്സിലണിഞ്ഞു റെക്കോര്‍ഡു സ്ഥാപിച്ചു കഴിഞ്ഞ റോജര്‍ ഫെഡററാകട്ടെ ഈ വര്‍ഷം ആകെ 318 ഏയ്സുകള്‍ മാത്രം സെര്‍വു ചെയ്ത് ഏയ്സുകളുടെ കാര്യത്തില്‍ ഇരുപത്തെട്ടാം സ്ഥാനത്തേയ്ക്കിറങ്ങിയിരിയ്ക്കുന്നു. 106 ഏയ്സുകള്‍ മാത്രം സെര്‍വ്വു ചെയ്ത ഇന്ത്യയുടെ ഷോംദേവ് ദേവ്‌വര്‍മ്ന്‍ൻ ഏയ്സുകളുടെ കാര്യത്തില്‍ തൊണ്ണൂറ്റെട്ടാം സ്ഥാനത്താണുള്ളത്. ദേവ്‌വര്‍മ്മന്റെ ഇപ്പോഴത്തെ ലോകറാങ്കിംഗ് തൊണ്ണൂറാണ്.

മറ്റൊരു കളിയ്ക്കുമില്ലാത്ത ഒരു പ്രത്യേകത കൂടി ടെന്നീസിലുണ്ട്: ഒരു സെര്‍വ്വു പിഴച്ചുപോയാല്‍ ഉടന്‍ രണ്ടാമതൊരു തവണ കൂടി ചെയ്യാം. ആദ്യ സെര്‍വ്വു പിഴച്ചുപോയാല്‍ത്തന്നെ രണ്ടാമതൊന്നു കൂടി സെര്‍വ്വു ചെയ്യാമെന്നതിനാല്‍ കളിക്കാന്‍ മിക്കപ്പോഴും സര്‍വ്വശക്തിയുമുപയോഗിച്ചായിരിയ്ക്കും ആദ്യത്തെ സെര്‍വ്വു ചെയ്യുക. ശക്തിമാത്രമല്ല, കണിശത അഥവാ കൃത്യത കൂടി ആദ്യസെര്‍വ്വിനുണ്ടെങ്കില്‍ ആ പോയിന്റു നേടാനുള്ള സാദ്ധ്യത വളരെ വര്‍ദ്ധിയ്ക്കുന്നു. ആദ്യസെര്‍വ്വുകള്‍ മിക്കപ്പോഴും പിഴച്ചുപോകുകയും രണ്ടാം സെര്‍വ്വു പതിവായി ചെയ്യേണ്ടി വരികയും ചെയ്യുന്ന കളിക്കാരന്ന് പോയിന്റു നേടാന്‍ മാത്രമല്ല, കളിയില്‍ വിജയിക്കാനുമുള്ള സാദ്ധ്യത പൊതുവില്‍ കുറവായിരിയ്ക്കും. രണ്ടാം സെര്‍വ്വു പൊതുവില്‍ ദുര്‍ബ്ബലമായിരിയ്ക്കും. രണ്ടാം സെര്‍വ്വു ചെയ്യേണ്ടി വരുമ്പോഴൊക്കെ കളിക്കര് അതിന്റെ വേഗത കുറച്ച്, കൃത്യതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടായിരിയ്ക്കും സെര്‍വ്വു ചെയ്യുക. ദുര്‍ബ്ബലമാ‍യ രണ്ടാം സെര്‍വ്വുകളെ ശക്തമായി തിരിച്ചടിയ്ക്കാന്‍ കഴിയുന്ന എതിര്‍കളിക്കാര്‍ക്ക് ജയസാദ്ധ്യത കൂടുതലുണ്ട്.

ടെന്നീസിലെ സ്കോറിംഗിലേയ്ക്കു തിരിച്ചു വരാം. ഗെയിമുകളും സെറ്റുകളുംപോയിന്റുകളും അടങ്ങിയതാണു ടെന്നീസ് മാച്ച് എന്നു പറഞ്ഞുവല്ലോ. ചുരുങ്ങിയത് ആറു ഗെയിമെങ്കിലും നേടിയെങ്കില്‍ മാത്രമേ ഒരു സെറ്റ് കൈയ്ക്കലാക്കാനാകൂ. മാത്രമല്ല, സെറ്റു നേടണമെങ്കില്‍ എതിരാളിയേക്കാള്‍ രണ്ടു ഗെയിമെങ്കിലും കൂടുതല്‍ നേടിയിരിയ്ക്കുകയും വേണം. ഗെയിമുകളുടെ എണ്ണത്തിനു പരിധിയില്ലെന്നത് ടെന്നീസിന്റെ മറ്റൊരു വൈചിത്ര്യമാണ്. 2010ലെ വിംബിള്‍ഡണില്‍ അമേരിക്കക്കാരനായ ജോണ്‍ ഈസ്നറും ഫ്രെഞ്ചുകാരനായ നിക്കൊളാസ് മാഹട്ടും കൂടി അവസാനസെറ്റില്‍ – അഞ്ചാമത്തേത് – മാത്രമായി ആകെ 138 ഗെയിമുകളാണു കളിച്ചത്. കളിയില്‍ വിജയിച്ച ഈസ്നര്‍ അഞ്ചാം സെറ്റില്‍ 70 ഗെയിമുകള്‍ നേടിയപ്പോള്‍ മാഹട്ട് 68 ഗെയിമുകള്‍ നേടി. അഞ്ചു സെറ്റുകളിലുമായി ആകെ 183 ഗെയിമുകള്‍ നീണ്ട ആ മാച്ച് ഒന്നിലേറെ ദിവസങ്ങളിലായി ആകെ പതിനൊന്നു മണിക്കൂര്‍ അഞ്ചു മിനിറ്റെടുത്തു. ഇന്നുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും നീണ്ട ടെന്നീസ് മാച്ചും അതു തന്നെ.

ഒരു സെറ്റില്‍ രണ്ടു പ്രതിയോഗികളും ആറു ഗെയിമുകള്‍ വീതമെടുത്തു തുല്യത നേടിയിരിയ്ക്കുന്നെന്നു കരുതുക. ഇത്തരം സെറ്റുകള്‍ മിയ്ക്കപ്പോഴും ‘ടൈ ബ്രേക്കറില്‍’ ആണവസാനിയ്ക്കുക. ടൈ ബ്രേയ്ക്കറില്‍ ഓരോ കളിക്കാരനും ആദ്യസെര്‍വ്വൊഴികെ, ഈരണ്ടു തവണ വീതം മാറിമാറി സെര്‍വു ചെയ്യുന്നു. ഓരോ ആറു പോയിന്റു നേടുമ്പോഴും പരസ്പരം കോര്‍ട്ടു മാറുന്നു. ഏഴു പോയിന്റ് ആദ്യം നേടുന്നയാള്‍ വിജയിയ്ക്കുന്നു. ഇവിടെയും എതിരാളിയേക്കാള്‍ രണ്ടു പോയിന്റു കൂടുതല്‍ ടുത്തിരിയ്ക്കണമെന്ന നിബന്ധനയുണ്ട്. ഗ്രാന്റ്സ്ലാമുകളിലെ ഏതെങ്കിലും മാച്ചില്‍ അഞ്ചാമത്തെ സെറ്റു കളിയ്ക്കേണ്ടി വരികയാണെങ്കില്‍ അതില്‍ ടൈ ബ്രേയ്ക്കറുണ്ടാവില്ല, ഗെയിമുകളുടെ എണ്ണം തന്നെ വിജയിയെ നിര്‍ണ്ണയിക്കുന്നു. മുന്‍പറഞ്ഞ ഈസ്നന്‍-മാഹട്ട് മാച്ചു തന്നെ ഉദാഹരണം.

ഒരു സെറ്റില്‍ ആദ്യഗെയിം കഴിയുമ്പോള്‍ കളിക്കാര്‍ പരസ്പരം കോര്‍ട്ടു മാറുന്നു. തുടര്‍ന്നുള്ള ഓരോ രണ്ടു ഗെയിം കഴിയുമ്പോഴും (3, 5, 7…) കളിക്കാര്‍ക്ക് ഒന്നര മിനിറ്റു വീതം വിശ്രമിയ്ക്കാന്‍ സമയം കിട്ടുന്നു. ഒരു സെറ്റു കഴിയുമ്പോള്‍ രണ്ടു മിനിറ്റു വിശ്രമിയ്ക്കാം. ബെസ്റ്റ്-ഓഫ്-ത്രീ സെറ്റാണു കളിയ്ക്കേണ്ടതെങ്കില്‍ മൂന്നാമത്തെ സെറ്റു തുടങ്ങും‌മുന്‍പ് പത്തുമിനിറ്റുവരെ വിശ്രമിയ്ക്കാം. ബെസ്റ്റ്-ഓഫ്-ഫൈവ് സെറ്റാണെങ്കില്‍, നാലാമത്തെ സെറ്റു തുടങ്ങും‌മുന്‍പ് ഈ വിശ്രമമെടുക്കാം.

ടെന്നീസിനെപ്പറ്റി ഇനിയും ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്. അവയുള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ലേഖനം കൂടി എഴുതാനുദ്ദേശിക്കുന്നു.

Generated from archived content: essay1_oct28_13.html Author: sunil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here