കൂട്ടം, വൈറ്റ്ലൈന്‍ വേള്‍ഡ്, തരംഗിണി, ബൂലോകം എന്നീ ബ്ലോഗ്സൈറ്റുകളിനിന്നു വ്യത്യസ്തമായ രണ്ടുതരം ബ്ലോഗ്സൈറ്റുകള്‍ കൂടി നിലവില്‍ വന്നിട്ടുണ്ട്. അവയിലൊരു ഗ്രൂപ്പ് അച്ചടിച്ച ആനുകാലികങ്ങളെപ്പോലെ ലക്കങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നു. ഈമെയിലായി അയച്ചുകിട്ടുന്ന രചനകള്‍ വിവിധ ലക്കങ്ങളിലായി പ്രസിദ്ധീകരിയ്ക്കുന്നു. തരംഗിണി ഓണ്‍ലൈന്‍, മയില്‍പ്പീലി, മലയാളസമീക്ഷ, നെല്ല്, പുഴ മാഗസിന്‍ എന്നിവ ഇത്തരത്തിലുള്ളവയാണ്. ഇവയില്‍ രചനകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിയ്ക്കുന്നു; ഉദാഹരണത്തിന് പന്ത്രണ്ടു കവിതകള്‍, ആറു കഥകള്‍, അങ്ങനെയങ്ങനെ. അയച്ചു കിട്ടുന്ന രചനകള്‍ അപ്പപ്പോള്‍ പ്രസിദ്ധീകരിയ്ക്കുന്നവയാണ് രണ്ടാമത്തെ ഗ്രൂപ്പിലുള്ള ബ്ലോഗ്സൈറ്റുകള്‍. ഈമലയാളി, ജോയിച്ചന്‍പുതുക്കുളം, ബ്രിട്ടീഷ് കൈരളി, ഇവയൊക്കെ അക്കൂട്ടത്തില്‍ പെടുന്നു. മേല്‍പ്പറഞ്ഞ രണ്ടു വിഭാഗങ്ങളിലേയും ബ്ലോഗ്സൈറ്റുകളെ ഈ പഠനത്തിനു വിധേയമാക്കിയിട്ടില്ല.
ബ്ലോഗുകളുടെ എണ്ണം എന്തുകൊണ്ടു കുറയുന്നു? എന്തുകൊണ്ട് ബ്ലോഗ്ഗര്‍മാര്‍ മുന്‍പു പോസ്റ്റു ചെയ്തിരുന്നയത്ര ബ്ലോഗുകള്‍ ഇപ്പോള്‍ പോസ്റ്റു ചെയ്യുന്നില്ല? ഇവയ്ക്കുള്ള ഉത്തരങ്ങളാണ് നമുക്കു കണ്ടെത്തേണ്ടത്. ബ്ലോഗ്ഗര്‍മാര്‍ ബ്ലോഗുകള്‍ എന്തിനു പോസ്റ്റു ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയാല്‍ ബ്ലോഗുകള്‍ എന്തുകൊണ്ടിപ്പോള്‍ പോസ്റ്റു ചെയ്യുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരവും കണ്ടെത്താന്‍ കഴിയും. അതുകൊണ്ട് ബ്ലോഗ്ഗര്‍മാര്‍ എന്തിനു ബ്ലോഗുകള്‍ പോസ്റ്റു ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ നമുക്കു ശ്രമിയ്ക്കാം.
ഉള്ളില്‍ നിന്നുള്ള സമ്മര്‍ദ്ദം ചുറ്റുമുള്ള സമൂഹത്തിനോടു പറയാനാഗ്രഹിയ്ക്കുന്ന പലതും മനസ്സിനുള്ളില്‍ തിങ്ങിനിറഞ്ഞിരിയ്ക്കുമ്പോള്‍ അതു കടലാസ്സിലേയ്ക്കു – ഇപ്പോള്‍ ഓണ്‍ലൈനിലേയ്ക്ക് – പകര്‍ത്തണമെന്നു തോന്നിപ്പോകുന്നതു സ്വാഭാവികമാണ്. സമൂഹത്തോടോ മറ്റാരോടെങ്കിലുമോ എന്തെങ്കിലും പറയണം എന്നു തോന്നുമ്പോള്‍ എഴുതിപ്പോകുന്നു. എഴുതാനായി ഉള്ളില്‍നിന്നുണ്ടാകുന്ന ഈ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നവര്‍ നിരവധിയുണ്ട്. ആ സമ്മര്‍ദ്ദത്തിനു വഴങ്ങി എഴുതിക്കഴിയുമ്പോള്‍ അവര്‍ക്ക് ആശ്വാസവും തൃപ്തിയും ആനന്ദവും ഉണ്ടാകുന്നു. ബ്ലോഗ്സൈറ്റുകളില്‍ ബ്ലോഗുകള്‍ പോസ്റ്റുചെയ്യുന്ന ബ്ലോഗ്ഗര്‍മാരില്‍ വലിയൊരു വിഭാഗം ഇക്കൂട്ടത്തില്‍ പെടുന്നു. അതായത്, സ്വന്തം ഹൃദയത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം എഴുതി ആശ്വാസവും തൃപ്തിയും ആനന്ദവും തേടുന്നവര്‍. ഈ സമ്മര്‍ദ്ദം പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. അവയില്‍ ആന്തരികമായ കാരണങ്ങളുണ്ടാകാം, ബാഹ്യമായ കാരണങ്ങളുണ്ടാകാം. പലപ്പോഴും ജീവിതപരിതസ്ഥിതിയിലെ വികാസങ്ങള്‍ മൂലമാകാം ഈ സമ്മര്‍ദ്ദമുണ്ടാകുന്നത്. ഗോവിന്ദച്ചാമി സൌമ്യയെ കൊല ചെയ്തപ്പോള്‍ അത് ഒട്ടേറെ ബ്ലോഗുകള്‍ പോസ്റ്റു ചെയ്യപ്പെടാന്‍ വഴിതെളിച്ചിട്ടുണ്ടാകണം. ഡല്‍ഹിയിലെ നിര്‍ഭയ-സംഭവവും ശക്തമായ മറ്റൊരു പ്രേരകമായിരുന്നു. വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവും അന്തര്‍ദ്ദേശീയവുമൊക്കെയായ സംഭവവികാസങ്ങള്‍ എഴുതാനുള്ള സമ്മര്‍ദ്ദം ചെലുത്തുന്നു.
എല്ലാ സംഭവങ്ങളും എല്ലാവരിലും ഒരേപോലെ സമ്മര്‍ദ്ദം ചെലുത്തിയെന്നു വരില്ല. ചില സംഭവങ്ങള്‍ ചിലര്‍ക്കു പ്രേരകമാകുമ്പോള്‍ മറ്റു ചിലര്‍ക്ക് അതങ്ങനെയാകണമെന്നില്ല. 2009ല്‍ മലയാളം ബ്ലോഗ്സൈറ്റുകള്‍ സജീവമായതിനു ശേഷമുള്ള അഞ്ചോളം വര്‍ഷക്കാലം, നിരവധിപ്പേര്‍ നിരവധി ബ്ലോഗുകള്‍ പോസ്റ്റു ചെയ്തുകൊണ്ട്, ഉള്ളില്‍ നിന്നുള്ള ഈ സമ്മര്‍ദ്ദത്തെ വിനിയോഗിച്ചു തീര്‍ത്തിട്ടുണ്ടാകാം. കുറേയേറെ എഴുതിത്തീര്‍ന്നപ്പോള്‍ എഴുതാന്‍ ഉള്ളില്‍നിന്നുണ്ടായിരുന്ന സമ്മര്‍ദ്ദവും കുറഞ്ഞു. അതുകൊണ്ടായിരിയ്ക്കാം ബ്ലോഗുകള്‍ കുറഞ്ഞത്. പുതിയ സംഭവവികാസങ്ങള്‍ ഉദയം ചെയ്യുന്നതിന്നനുസരിച്ചു മാത്രമായിരിയ്ക്കും പുതിയ ബ്ലോഗുകളെഴുതാനുള്ള സമ്മര്‍ദ്ദം ഉള്ളിലുണ്ടാകുക.
സംഘര്‍ഷങ്ങളിലൂടെ ജീവിതം അഥവാ സമൂഹം കടന്നുപോകുമ്പോഴായിരിയ്ക്കാം കൂടുതല്‍ ബ്ലോഗുകളുണ്ടാകുന്നത്. സംഘര്‍ഷങ്ങളില്ലാതാകുമ്പോള്‍, അല്ലെങ്കില്‍ എഴുതാനുള്ള സമ്മര്‍ദ്ദം ചെലുത്താന്‍ തക്ക സംഭവവികാസങ്ങളുണ്ടാകാതിരിയ്ക്കുമ്പോള്‍, എഴുത്തു നിലയ്ക്കുന്നു. ഇത് ബ്ലോഗുകള്‍ കുറഞ്ഞതിനുള്ള ഒരു മുഖ്യകാരണമായിത്തീര്‍ന്നിരിയ്ക്കണം. സൌദി അറേബ്യയിലെ നിതാഖാത്ത് ഒട്ടേറെ മലയാളികളുടെ മനഃശാന്തി നഷ്ടപ്പെടുത്തിയിരുന്നു. എങ്കിലും, അതേപ്പറ്റിയുള്ള ബ്ലോഗുകളൊന്നും വന്നതായി കണ്ടില്ല.
പേരും പെരുമയും
പേരും പെരുമയുമാണ് ബ്ലോഗുകള്‍ പോസ്റ്റു ചെയ്യുന്ന ഭൂരിഭാഗം ബ്ലോഗ്ഗര്‍മാരുടേയും ലക്ഷ്യം. എഴുത്തിലൂടെ, സാഹിത്യകാരന്‍ അല്ലെങ്കില്‍ സാഹിത്യകാരി എന്ന നിലയില്‍ അറിയപ്പെടാനും പ്രശസ്തി നേടാനും അവരാഗ്രഹിയ്ക്കുന്നു. ഈ ആഗ്രഹമില്ലാത്ത ബ്ലോഗ്ഗര്‍മാരുണ്ടോ എന്നു സംശയമാണ്. എഴുതാനുള്ള മാനസികസമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവര്‍ക്ക് എഴുതാന്‍ തോന്നുന്നത് നോട്ടുബുക്കിലോ കമ്പ്യൂട്ടറിലോ എഴുതിവച്ച് സമ്മര്‍ദ്ദം തീര്‍ക്കാമെങ്കിലും, എഴുതിയിരിയ്ക്കുന്നത് മറ്റാരും കാണാതെ ഭദ്രമായി സൂക്ഷിച്ചു വച്ചാല്‍ കിട്ടുന്ന ആശ്വാസം, തൃപ്തി, ആനന്ദം പോരാ എന്ന തോന്നലുള്ളതുകൊണ്ടു കൂടിയായിരിയ്ക്കണം, രചന പൊതുജനം വായിയ്ക്കാനായി പ്രദര്‍ശിപ്പിയ്ക്കുന്നത്. ബ്ലോഗ്സൈറ്റില്‍ പോസ്റ്റുചെയ്യുന്ന ബ്ലോഗുകളെല്ലാം ജനം വായിയ്ക്കണം എന്ന ഉദ്ദേശത്തോടുകൂടിത്തന്നെ പോസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളവയാണ്. പ്രശസ്തി നേടണമെന്ന ഉല്‍ക്കടമായ അഭിവാഞ്ഛ ഭൂരിഭാഗം ബ്ലോഗ്ഗര്‍മാരുടേയും ഉള്ളിലുണ്ടാകും, തീര്‍ച്ച, അതു പ്രകടമായാലും ഇല്ലെങ്കിലും.
പ്രസിദ്ധിയെന്നു പറയുമ്പോള്‍ സ്വന്തം നാട്ടിലോ ജീവിതമേഖലയിലോ സംസ്ഥാനതലത്തില്‍ തന്നെയോ സാഹിത്യകാരനെന്ന് അറിയപ്പെടുന്ന അവസ്ഥ. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിന്നിടയില്‍ മുൻപറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിലായി ആകെ അറുപത്തയ്യായിരത്തിലേറെ ബ്ലോഗുകള്‍ പോസ്റ്റു ചെയ്ത ബ്ലോഗ്ഗര്‍മാരില്‍ അധികം പേര്‍ക്കൊന്നും ഇത്തരത്തിലുള്ള പ്രസിദ്ധി തങ്ങളുടെ ബ്ലോഗുകള്‍ വഴി നേടാനായിക്കാണില്ലെന്നാണ് എന്റെ ഊഹം. ആരുമുണ്ടായിരിയ്ക്കില്ല എന്നു പറയുന്നില്ല, പക്ഷേ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരിയ്ക്കുകയുള്ളു. മിയ്ക്ക ബ്ലോഗ്ഗര്‍മാരുടേയും പ്രസിദ്ധി അതാതു ബ്ലോഗ്സൈറ്റുകള്‍ക്കുള്ളില്‍ത്തന്നെ ഒതുങ്ങുന്നു. ആ പ്രസിദ്ധി ബ്ലോഗ്ഗര്‍മാരുടെ ശ്രമമില്ലാതെ ബ്ലോഗ്സൈറ്റുകള്‍ക്കു പുറത്തേയ്ക്കു വ്യാപിയ്ക്കുന്നില്ല.
എട്ടുപത്തു ബ്ലോഗുകള്‍ പോസ്റ്റു ചെയ്തു കഴിയ്മ്പോഴേയ്ക്കും അഖിലകേരളപ്രശസ്തി നേടാന്‍ ബ്ലോഗ്ഗര്‍മാര്‍ക്കു കഴിഞ്ഞിരുന്നെങ്കില്‍, ബ്ലോഗുകളുടെ സംഖ്യ ഒരിയ്ക്കലും കുറയുമായിരുന്നില്ല, മറിച്ച് കൂടിക്കൊണ്ടിരുന്നേനേ. എന്നാല്‍ ഇരുന്നൂറിലേറെ ബ്ലോഗുകള്‍ ഒരേ ബ്ലോഗ്സൈറ്റില്‍ പോസ്റ്റു ചെയ്തു കഴിഞ്ഞ പലരും പല ബ്ലോഗ്സൈറ്റുകളിലും ഉണ്ടെങ്കിലും, അവരാരും ബ്ലോഗ്സൈറ്റുകള്‍ക്കു പുറത്ത്, പ്രത്യേകിച്ചും അച്ചടിമാദ്ധ്യമരംഗത്ത്, തങ്ങളുടെ ബ്ലോഗുകള്‍ വഴിയായി പ്രസിദ്ധരായിട്ടുണ്ടെന്നു തോന്നുന്നില്ല. പല ബ്ലോഗ്ഗര്‍മാരും ഫേസ്ബുക്കില്‍ സ്വന്തം രചനകള്‍ പോസ്റ്റു ചെയ്യുന്നുണ്ട്. അത്തരം ശ്രമങ്ങള്‍ കൂടുതല്‍ അറിയപ്പെടാന്‍ സഹായകമായിട്ടുണ്ടാകണം. എന്നിരുന്നാലും, അച്ചടിമാദ്ധ്യമത്തിലേയ്ക്ക് ആ പ്രസിദ്ധി വ്യാപിച്ചു കാണാറില്ല.
ചുരുക്കത്തില്‍ പ്രസിദ്ധിയോടുള്ള ബ്ലോഗ്ഗര്‍മാരുടെ അഭിനിവേശം നിറവേറാതെ തുടരുന്നു. ഇതു പല ബ്ലോഗ്ഗര്‍മാരിലും നിരാശയുളവാക്കിയിട്ടുണ്ടാകണം. ഫലം, ബ്ലോഗെഴുത്ത് ഒരു പാഴ്‌വേലയാണെന്ന ചിന്ത ഉടലെടുക്കുന്നു. ആരാണ് അധികക്കാലം പാഴ്‌വേലകള്‍ക്ക് തുനിയുക ! ബ്ലോഗുകളുടെ എണ്ണം കുറഞ്ഞതിന്റെ ഒരു കാരണം പ്രസിദ്ധി നേടണമെന്ന അഭിലാഷം നിറവേറാഞ്ഞതാകണം.
പ്രതിഫലം
പ്രതിഫലമാണ് – പണമാണ് – മൂന്നാമത്തേത്. അച്ചടിമാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന ഓരോ രചനയ്ക്കും പ്രതിഫലമായി പണം ലഭിയ്ക്കുന്നു. ബ്ലോഗ്സൈറ്റുകളില്‍ പണം ഇന്നും തികച്ചും അപ്രസക്തമാണ്. കൂട്ടം, വൈറ്റ്ലൈന്‍ വേര്‍ഡ്, തരംഗിണി, എന്നീ മൂന്നു ബ്ലോഗ്സൈറ്റുകളില്‍ ബ്ലോഗ് പോസ്റ്റുചെയ്തതിന് പ്രതിഫലമായി ബ്ലോഗ്ഗര്‍മാര്‍ക്ക് ഈ ബ്ലോഗ്സൈറ്റുകളില്‍ നിന്നു പണം ലഭിച്ചതായി കേട്ടറിവില്ല. പണത്തിന്റെ പിന്നാലെ പരക്കം പായുന്ന നമ്മുടെ സമൂഹമദ്ധ്യത്തില്‍ ഈ മൂന്നു ബ്ലോഗ്സൈറ്റുകളിലെ അംഗങ്ങള്‍ ഒരു രൂപ വീതം പോലും പ്രതിഫലം പറ്റാതെ അറുപത്തയ്യായിരത്തിലേറെ ബ്ലോഗുകള്‍ പോസ്റ്റു ചെയ്തെന്ന വസ്തുത ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. തങ്ങളുടെ ചിന്താശക്തി വിനിയോഗിച്ചും വിയര്‍പ്പൊഴുക്കിയുമായിരിയ്ക്കും ബ്ലോഗ്ഗര്‍മാര്‍ ഇത്രത്തോളം ബ്ലോഗുകള്‍ എഴുതിക്കൂട്ടിയത്. തങ്ങളുടെ ചിന്താശക്തിയും വിയര്‍പ്പും പ്രതിഫലം അര്‍ഹിയ്ക്കുന്നില്ലെന്ന അവസ്ഥ അവരെ നിരുത്സാഹപ്പെടുത്തുന്നുണ്ടാവണം.
പ്രതിഫലേച്ഛ കൂടാതുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹമദ്ധ്യത്തില്‍ ചുരുക്കമാണ്. എന്തിനും ഏതിനും വില കൊടുക്കേണ്ടി വരുന്നു. വിലകള്‍ മിയ്ക്കപ്പോഴും ഉയരുക തന്നെയാണു താനും. എന്നാല്‍ ബ്ലോഗ്സൈറ്റുകളിലാകട്ടെ, ബ്ലോഗുകളുടെ വില പൂജ്യത്തില്‍ നിന്ന് ഇതേവരെ ഉയര്‍ന്നിട്ടില്ല. ഗ്രാമീണഭാഷയില്‍ പറഞ്ഞാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ബ്ലോഗുകള്‍ ‘പച്ച തൊട്ടിട്ടില്ല.’ ബ്ലോഗ്ഗര്‍മാരുടെ സര്‍ഗ്ഗചേതനയെ ഊട്ടിവളര്‍ത്തുകയാണു ബ്ലോഗ്സൈറ്റുകളുടെ ലക്ഷ്യം എന്നെല്ലാം ബ്ലോഗ്സൈറ്റുകളില്‍ പ്രഖ്യാപിച്ചു കാണാറുണ്ടെങ്കിലും, ബ്ലോഗുകള്‍ക്ക് പണം പ്രതിഫലമായി നല്‍കിക്കൊണ്ടുള്ള ഊട്ടിവളര്‍ത്തലിനെപ്പറ്റി ഒരു വാക്കുപോലും ഇതുവരെ എവിടേയും പറഞ്ഞുകേട്ടിട്ടില്ല. അച്ചടിമാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരണത്തിന്നായി ചെന്നെത്തുന്ന രചനകള്‍ക്കു കൈയ്യും കണക്കുമില്ലെന്ന് ഇടയ്ക്കിടെ പറഞ്ഞുകേള്‍ക്കാറുണ്ട്. അച്ചടിമാദ്ധ്യമങ്ങളുടെ പടിവാതില്‍ക്കല്‍ എന്തുകൊണ്ട് ഇത്രയധികം തിരക്ക്? പണം തന്നെ മുഖ്യകാരണം. പണക്കാരനായ എഴുത്തുകാരന്ന് പണം പ്രതിഫലമായി കിട്ടുന്നത് വലിയ കാര്യമല്ലായിരിയ്ക്കാം. പണക്കാരല്ലാത്തവര്‍ക്ക് അതു വലിയ കാര്യം തന്നെയാണ്. ദരിദ്രന്‍ എന്ന പദത്തിന് ഐക്യരാഷ്ട്രസഭ നല്‍കിയിരിയ്ക്കുന്ന നിര്‍വ്വചനമനുസരിച്ച് ഇന്ത്യയിലെ മൂന്നില്‍ രണ്ടു ജനങ്ങളും ദരിദ്രരായിരിയ്ക്കണം. എഴുത്തുകാരിലും പണക്കാരല്ലാത്തവരായിരിയ്ക്കും നല്ലൊരു ശതമാനവും. എഴുത്തിനു പ്രതിഫലമായി പണം ലഭിയ്ക്കുന്നത് അവര്‍ക്കെല്ലാം തൃപ്തിനല്‍കും. പണം കിട്ടാത്ത അവസ്ഥ അവരെ അതൃപ്തരുമാക്കും.
പണം കേവലം പ്രതിഫലം മാത്രമല്ല, രചനയ്ക്കുള്ള അംഗീകാരം കൂടിയാണ്. രചനയില്‍ മൂല്യമുണ്ട് എന്നു പ്രസാധകര്‍ക്കു ബോദ്ധ്യപ്പെടുമ്പോഴാണ് രചയിതാവിനു പണം ലഭിയ്ക്കുക. രചനയില്‍ മൂല്യമുണ്ട് എന്നറിയുന്നതുതന്നെ ബ്ലോഗ്ഗര്‍മാര്‍ക്ക് ആനന്ദമുണ്ടാക്കുന്ന കാര്യമാണ്. ആ മൂല്യം പണമായി തരാന്‍ കൂടി പ്രസാധകര്‍ തയ്യാറാകുമ്പോള്‍ ആ ആനന്ദം അതിന്റെ പാരമ്യത്തിലെത്തുന്നു. ഈ അംഗീകാരം പണക്കാരായ എഴുത്തുകാര്‍ക്കും പണക്കാരല്ലാത്ത എഴുത്തുകാര്‍ക്കും ഒരേപോലെ വിലപ്പെട്ടതാണ്. ഇതു തുടര്‍ന്നെഴുതാനുള്ള പ്രചോദനം കൂടിയാണ്. പ്രതിഫലമായി പണം കിട്ടാത്ത ബ്ലോഗ്ഗര്‍ക്ക് ഈ പ്രചോദനം ലഭിയ്ക്കുകയില്ല. പ്രസിദ്ധിയുടെ കാര്യത്തില്‍ പറഞ്ഞതുപോലെ, ഇരുന്നൂറിലേറെ ബ്ലോഗുകള്‍ പോസ്റ്റു ചെയ്തു കഴിഞ്ഞിട്ടും ഒരു രൂപ പോലും പ്രതിഫലമായി കിട്ടാതിരിയ്ക്കുമ്പോള്‍ എങ്ങനെ നിരാശയുണ്ടാകാതിരിയ്ക്കും ! ഉറക്കമിളച്ച്, വിയര്‍പ്പൊഴുക്കി ഇത്രയധികം എഴുതിക്കൂട്ടിയിട്ട് എന്തു പ്രയോജനം കിട്ടി എന്നു ചോദിച്ച് ബന്ധുക്കളും സുഹൃത്തുക്കളും കളിയാക്കാനും തുടങ്ങിയിട്ടുണ്ടെങ്കില്‍ ജോറായി ! ബ്ലോഗെഴുതുന്ന പരിപാടിയേ ഇനി വേണ്ട എന്ന ദൃഢനിശ്ചയം പലരും എടുത്തു കഴിഞ്ഞിട്ടുണ്ടെങ്കില്‍ തീരെ അതിശയമില്ല. ബ്ലോഗുകളുടെ എണ്ണം കുറഞ്ഞതിനുള്ള ഒരു കാരണം ഇതായിരിയ്ക്കണം.
പ്രതികരണങ്ങള്‍
പ്രതികരണങ്ങള്‍ അഥവാ കമന്റുകള്‍ കിട്ടാനുള്ള സൌകര്യം, ബ്ലോഗ്സൈറ്റുകളെ അച്ചടിമാദ്ധ്യമത്തില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നു. പോസ്റ്റു ചെയ്യപ്പെട്ട ഉടനെ തന്നെ ഒരു ബ്ലോഗിന്ന് കമന്റുകള്‍ കിട്ടിയെന്നു വരാം. കമന്റുകള്‍ക്കുള്ള മറുപടി ഉടന്‍ തന്നെ പോസ്റ്റുചെയ്യുകയും ചെയ്യാം. അച്ചടിമാദ്ധ്യമത്തിലെ രചനകള്‍ക്ക് പ്രതികരണങ്ങള്‍ വരുന്നുണ്ടാകാമെങ്കിലും, അവ ചുരുക്കമായി മാത്രമേ പ്രസിദ്ധീകരിയ്ക്കപ്പെടാറുള്ളു. ബ്ലോഗുകള്‍ക്ക് അച്ചടിമാദ്ധ്യമത്തിലെ രചനകളെ അപേക്ഷിച്ച് കൂടുതല്‍ കമന്റുകള്‍ കിട്ടുന്നു. ബ്ലോഗുകള്‍ക്കു കിട്ടുന്ന അഭിനന്ദനങ്ങള്‍ തുടര്‍ന്നെഴുതാനുള്ള പ്രചോദനത്തിന്റെ ഉറവിടമാണ്. എഴുത്തിന്റെ ലോകത്തില്‍ കാലുറച്ചിട്ടില്ലാത്തവരാണു ബ്ലോഗ്ഗര്‍മാരെന്നും, ഈ അവസ്ഥയില്‍ അവരെ പ്രോത്സാഹിപ്പിയ്ക്കേണ്ടതാണെന്നും ഓര്‍ത്തുകൊണ്ടു വേണം വായനക്കാര്‍ ബ്ലോഗുകള്‍ക്കു കമന്റുകളെഴുതാന്‍. എന്നാല്‍ പല കമന്റുകളും ഈ ഓര്‍മ്മ പുലര്‍ത്തുന്നവയാകാറില്ല. പ്രതിഫലേച്ഛ കൂടാതെ, വായനക്കാര്‍ക്കായി മാത്രം പോസ്റ്റുചെയ്തതാണ് എന്ന പരിഗണന തീരെയില്ലാത്തവയാണ് പല കമന്റുകളും. ഇത്തരം കമന്റുകള്‍ ബ്ലോഗ്ഗര്‍മാരെ നിരുത്സാഹപ്പെടുത്തിയെന്നും വരാം. നിരുത്സാഹപ്പെടുത്തുന്ന കമന്റുകള്‍ കിട്ടുമ്പോഴും കമന്റുകള്‍ ഒന്നും തന്നെ കിട്ടാതിരിയ്ക്കുമ്പോഴും, വീണ്ടുമെഴുതാനുള്ള പ്രചോദനം രചയിതാവിനു കിട്ടാതെ പോകുന്നു. ഇതു രണ്ടും മുന്‍പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിലും ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്. ഇത് ബ്ലോഗുകളുടെ എണ്ണത്തില്‍ എഴുപതു ശതമാനത്തോളം ഇടിവുണ്ടായതിന്റെ മുഖ്യകാരണങ്ങളിലൊന്നാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
അഭിനന്ദനമില്ല, അംഗീകാരമില്ല, പേരും പെരുമയുമില്ല, ഇതിനൊക്കെപ്പുറമേ ഒരു രൂപപോലും പ്രതിഫലവുമില്ല. എന്തിനു പിന്നെ ബ്ലോഗുകള്‍ പോസ്റ്റു ചെയ്യണം എന്നു ബ്ലോഗ്ഗര്‍മാര്‍ സ്വയം ചോദിച്ചു തുടങ്ങിയിരിയ്ക്കുന്നതിന്റെ പ്രതിഫലനവുമാകാം, ബ്ലോഗുകളില്‍ വന്നിരിയ്ക്കുന്ന ഇടിവ്. ഇക്കാര്യങ്ങളിലെ സ്ഥിതികള്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് അനുകൂലമായി പരിണമിയ്ക്കുമ്പോള്‍, ബ്ലോഗുകളുടെ എണ്ണവും വര്‍ദ്ധിയ്ക്കും, യാതൊരു സംശയവുമില്ല.
നിലവാരം
ഇവിടെയാണ് ബ്ലോഗുകളുടെ ഗുണനിലവാരം പ്രസക്തമായിത്തീരുന്നത്. പോസ്റ്റുചെയ്യപ്പെട്ടിരിയ്ക്കുന്ന 65000 ബ്ലോഗുകളില്‍ കുറേയൊക്കെ നിലവാരമുള്ളവയായിരുന്നിരിയ്ക്കണം. എന്നാല്‍ വലിയൊരു ശതമാനം നിലവാരം പുലര്‍ത്താത്തവയുമായിരുന്നിരിയ്ക്കണം. നിലവാരമില്ലാത്തവയെന്നു തോന്നിയ ബ്ലോഗുകളുടെ രചയിതാക്കളെ പ്രോത്സാഹിപ്പിയ്ക്കാന്‍ തയ്യാറാകാത്ത വായനക്കാരെ കുറ്റം പറയാനാകില്ല. ഒരു ബ്ലോഗ്സൈറ്റില്‍ ഒരു മാസം പ്രത്യക്ഷപ്പെടുന്ന ബ്ലോഗുകളില്‍ നല്ലൊരു ശതമാനം നിലവാരമില്ലാത്തവയാണെങ്കില്‍, ആ ബ്ലോഗ്സൈറ്റു സന്ദര്‍ശിയ്ക്കുന്നവരുടെ എണ്ണം കുറയും. ഈയൊരനുപാതം നേര്‍വിപരീതമാകണം: ഭൂരിഭാഗവും വായനായോഗ്യമായിരിയ്ക്കണം.
ബ്ലോഗു പോസ്റ്റുചെയ്യുന്ന ബ്ലോഗ്ഗര്‍ തന്റെ ബ്ലോഗ് നിലവാരമുള്ളതാണ് എന്ന് ഉറച്ചുവിശ്വസിയ്ക്കുന്നുണ്ടാകും. അതുകൊണ്ടു കൂടിയായിരിയ്ക്കണം അയാള്‍ തന്റെ ബ്ലോഗു പോസ്റ്റുചെയ്യുന്നത്. രചയിതാവിന് സ്വന്തം ഭാഗത്തുതന്നെ നിന്നുകൊണ്ടു മാത്രമേ സ്വന്തം രചനയെ വിലയിരുത്താന്‍ കഴിയൂ. അതുകൊണ്ടു തന്നെ, തന്റെ രചനയിലുള്ള ന്യൂനതകള്‍ അയാള്‍ കാണാതെ പോകുന്നതും സ്വാഭാവികമാണ്. സ്വന്തം രചനകള്‍ സ്വയം പോസ്റ്റുചെയ്യാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ടാകുമ്പോള്‍ അവയിലെ ന്യൂനതകള്‍ സ്വന്തം ശ്രദ്ധയില്‍പ്പെടാതെ പോകുന്നതും സ്വാഭാവികമാണ്. രചയിതാക്കള്‍ സ്വന്തരചനകള്‍ സ്വയം പോസ്റ്റുചെയ്യുന്നതു തുടരുവോളം, നിലവാരമില്ലാത്ത രചനകളും കടന്നുകൂടും.
അക്ഷരത്തെറ്റുകള്‍
മൂന്നു കുഴപ്പങ്ങളാണ് ബ്ലോഗുകളില്‍ കാണാറ്. അക്ഷരത്തെറ്റുകളാണ് അവയില്‍ പ്രമുഖം. അക്ഷരത്തെറ്റുകളില്ലാത്ത ബ്ലോഗുകള്‍ വിരളമാണ്. അച്ചടിമാദ്ധ്യമങ്ങളിലെ എഴുത്തുകാര്‍ക്കും അവയുടെ പതിവു വായനക്കാര്‍ക്കും ബ്ലോഗുകളോടുള്ള അവഗണന – അവജ്ഞയെന്നും പറയണം – പ്രധാനമായും ബ്ലോഗുകളിലെ അക്ഷരത്തെറ്റുകള്‍ മൂലമുണ്ടായിരിയ്ക്കുന്നതാണ്. അച്ചടിമാദ്ധ്യമത്തിലെ രചനകള്‍ക്കുള്ള പ്രത്യേകത, അവയില്‍ അക്ഷരത്തെറ്റുകള്‍ വളരെ, വളരെക്കുറവായിരിയ്ക്കുമെന്നതാണ്. എഡിറ്റിംഗിനു വിധേയമാക്കിയശേഷമായിരിയ്ക്കും രചനകള്‍ അച്ചടിയ്ക്കുന്നത്. ബ്ലോഗ്സൈറ്റുകളില്‍ എഡിറ്റിംഗ് ഇല്ല. ഇത് വലിയൊരു ന്യൂനതയാണ്. കൂട്ടത്തിലും വൈറ്റ്ലൈന്‍ വേര്‍ഡിലും ബ്ലോഗുകള്‍ക്ക് അഡ്മിന്റെ അംഗീകാരം വേണമെങ്കിലും, ആ അംഗീകാരം കൊടുക്കുന്ന പ്രക്രിയയ്ക്കിടയില്‍ എഡിറ്റിംഗ് ഉള്‍പ്പെടുന്നില്ല. അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കില്‍പ്പോലും, രചനകള്‍ അതേപടി പ്രസിദ്ധീകരിയ്ക്കപ്പെടുന്നു. മധുരമുള്ള ഭാഷയാണ് മലയാളം. മലയാളം മാതൃഭാഷയായവര്‍ക്ക് അത് അമൃതിനു തുല്യമാണ്. പക്ഷേ, ആ അമൃതില്‍ കല്ലുകടിച്ചാലോ ! അക്ഷരത്തെറ്റുകള്‍ കല്ലുകടിയാണ്. കല്ലുകടി സഹിച്ചുകൊണ്ട് ഒരു കണക്കിനു വായിച്ചു തീര്‍ത്ത ഒരു രചനയ്ക്ക് വായനക്കാര്‍ അഭിനന്ദനം നല്‍കിയെങ്കിലേ അതിശയമുള്ളു.
അവ്യക്തത
പല ബ്ലോഗുകളിലേയും ആശയങ്ങള്‍ അവ്യക്തമാണ്. രചയിതാവിന്റെ മനസ്സില്‍ ആശയം വ്യക്തമായിരിയ്ക്കാം, രചയിതാവ് വികാരതീവ്രതയോടെ രചിച്ചതുമായിരിയ്ക്കാം, പക്ഷേ, അത് വാക്കുകളിലേയ്ക്കു പകര്‍ത്തുമ്പോള്‍ വ്യക്തത നഷ്ടമാകുന്നു. ഈയൊരു ദൂഷ്യം കൂടുതലും ബാധിച്ചു കണ്ടിട്ടുള്ളത് കവിതകളിലാണ്. രചന വായിച്ചുകഴിയുമ്പോള്‍ വായനക്കാരന് തൃപ്തി വരുന്നില്ല. ഒരു രചന വായിച്ചുകഴിയുമ്പോള്‍ വായനക്കാരന് ആത്മസുഖം ലഭിയ്ക്കണം. ദുഃഖപര്യവസായിയായ കഥ വായിച്ചുകഴിയുമ്പോള്‍ വായനക്കാരന് ദുഃഖമുണ്ടാകുന്നതു സ്വാഭാവികമാണ്. ആ ദുഃഖവും ആത്മസുഖം തന്നെ. ആത്മസുഖമെന്നത് സന്തോഷം തന്നെയാകണമെന്നില്ല. സമൂഹമനസ്സിനെ അസ്വസ്ഥമാക്കുന്ന പല സംഭവങ്ങളും രാജ്യത്തു നടക്കുന്നുണ്ട്. ബലാല്‍ക്കാരങ്ങള്‍, നിരാലംബരായ വൃദ്ധരെ പുറംതള്ളല്‍, ഇങ്ങനെ പലതും. ഇവയെപ്പറ്റിയെഴുതുന്ന രചനകള്‍ വായിയ്ക്കുമ്പോള്‍ വായനക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാകും, അതു സ്വാഭാവികമാണ്. അതും ആത്മസുഖം തന്നെ. എന്നാല്‍ ആത്മസുഖം കിട്ടാത്ത രചനകള്‍ ബ്ലോഗ്സൈറ്റുകളില്‍ സുലഭമാണ്. അവയ്ക്ക് അഭിനന്ദനം ലഭിയ്ക്കാതെ പോകുന്നു.
വികലമായ ആശയങ്ങള്‍
ഒരു രചന ബ്ലോഗുരൂപത്തില്‍ സമൂഹസമക്ഷം അവതരിപ്പിയ്ക്കുന്നത് സമൂഹത്തിന് അറിഞ്ഞോ അറിയാതെയോ ഒരു സന്ദേശം കൈമാറാനാണ്, സമൂഹത്തിന് ദിശാബോധം നല്‍കാനാണ്. സമൂഹത്തെ സംബന്ധിച്ചിടത്തോളം മൂല്യവും പ്രസക്തിയുമുള്ളതാവണം ഓരോ രചനയും. അങ്ങനെയല്ലാത്ത രചനകള്‍ക്ക് സ്വാഭാവികമായും അഭിനന്ദനം ലഭിയ്ക്കാതെ പോകുന്നു. വികലമായ ആശയങ്ങളുള്ള രചനകളും ബ്ലോഗ്സൈറ്റുകളില്‍ ഇടയ്ക്കിടെ പൊന്തിവരാറുണ്ട്. അച്ചടിമാദ്ധ്യമങ്ങളിലേതിനേക്കാള്‍ കൂടുതല്‍ക് അഭിപ്രായപ്രകടനസ്വാതന്ത്ര്യം ബ്ലോഗ്സൈറ്റുകളിലുണ്ടെന്നതു നല്ല കാര്യം തന്നെ. പക്ഷേ, അതു ദുരുപയോഗപ്പെടുന്നത് ബ്ലോഗ്ഗര്‍ക്കു മാത്രമല്ല, ബ്ലോഗ്സൈറ്റുകള്‍ക്കും ദോഷകരമായിത്തീരാം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റിന്റെ വകുപ്പ് 66A ബ്ലോഗ്സൈറ്റുകളുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാദ്ധ്യമത്തിന്റെ ശിരസ്സിനു മുകളില്‍ ഏതു നിമിഷവും വീഴാനൊരുങ്ങി നില്‍ക്കുന്ന ഡെമോക്ലിസിന്റെ വാളാണെന്ന വസ്തുത എത്രപേര്‍ ഓര്‍ത്തിരിയ്ക്കുന്നുണ്ടെന്നറിയില്ല.
നിലവാരം ഉയരണമെങ്കില്‍
ബ്ലോഗ്സൈറ്റിന്റെ നിലവാരം ഉയരണമെങ്കില്‍ രചയിതാക്കള്‍ക്ക് സ്വന്തം രചനകള്‍ സ്വയം പോസ്റ്റുചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടാകരുത്. വായനായോഗ്യമല്ലാത്തവ പ്രസിദ്ധീകരിയ്ക്കപ്പെടാതിരിയ്ക്കണം. എങ്കില്‍ മാത്രമേ ബ്ലോഗ്സൈറ്റുകളുടെ നിലവാരം ഉയരുകയുള്ളു, എങ്കില്‍ മാത്രമേ ഗൌരവതരമായ വായന നടത്തുന്ന സന്ദര്‍ശകരെ കിട്ടുകയുമുള്ളു. ഗുണനിലവാരമുള്ള രചനകള്‍ മാത്രമേ പ്രസിദ്ധീകരിയ്ക്കപ്പെടാവൂ എന്ന കര്‍ക്കശനിലപാടു ബ്ലോഗ്സൈറ്റുകള്‍ സ്വീകരിച്ചാല്‍, ബ്ലോഗുകളുടെ എണ്ണം കുറയുമെങ്കിലും, അവയുടെ നിലവാരം ഉയരുകയും അതുവഴി വായനക്കാരുടെ എണ്ണം പലമടങ്ങു വര്‍ദ്ധിയ്ക്കുകയും ചെയ്യും. ബ്ലോഗുകളുടെ എണ്ണം പ്രധാനം തന്നെ. ബ്ലോഗുകളില്ലെങ്കില്‍ ബ്ലോഗ്സൈറ്റുകളുണ്ടാകുകയില്ലെന്നതു ശരി തന്നെ, പക്ഷേ വായനക്കാരുടെ എണ്ണവും പ്രധാനമാണ്. ധാരാളം വായനക്കാരില്ലെങ്കില്‍ ബ്ലോഗ്സൈറ്റ് സാര്‍ത്ഥകമാകുന്നില്ല. വിളമ്പിവച്ചിരിയ്ക്കുന്ന ആഹാരം ഭുജിയ്ക്കാന്‍ ആരും എത്താതിരുന്നാല്‍ ആഹാരം പാഴായിപ്പോകും. സങ്കടകരമായ ഒരവസ്ഥയാണിത്. കല്ലുകടിയ്ക്കേണ്ടിവരുന്ന, പോഷകങ്ങള്‍ക്ക് കുറവുള്ള, ദഹനക്കേടുണ്ടാക്കിയേയ്ക്കാവുന്ന ആഹാരമാണ് വിളമ്പിവച്ചിരിയ്ക്കുന്നത് എന്ന പൊതു ധാരണ പരന്നുകഴിഞ്ഞിട്ടുണ്ടെങ്കില്‍ ആ ആഹാരം സൌജന്യമാണെങ്കില്‍പ്പോലും അധികമാളുകള്‍ കഴിയ്ക്കാന്‍ എത്തുകയില്ല. ചുരുക്കത്തില്‍ ബ്ലോഗുകളുടെ ഗുണനിലവാരം കര്‍ക്കശമായിത്തന്നെ ഉറപ്പു വരുത്തണം. ആഹാരത്തിന്റെ അളവു കുറഞ്ഞാലും കൊടുക്കുന്ന ആഹാരം ഗുണമേന്മയുള്ളതാകണം. സര്‍വൈവര്‍ ഓഫ് ദി ഫിറ്റസ്റ്റ് എന്ന ജന്തുശാസ്ത്രനിയമം ബ്ലോഗ്സൈറ്റുകളുടെ കാര്യത്തിലും ബാധകമാണ്.
ബ്ലോഗിനു മാത്രം വിലയില്ല
ഇവിടെ മറ്റൊരു ചോദ്യമുയരും: പണം, അംഗീകാരം, പെരുമ – ഇത്തരത്തിലുള്ള പ്രതിഫലങ്ങളോ, പ്രതിഫലങ്ങളിലുള്ള പ്രതീക്ഷയോ ഇല്ലാതെ ഗുണനിലവാരമുള്ള രചനകളെങ്ങനെ രചിയ്ക്കാനാകും? പോസ്റ്റു ചെയ്യപ്പെട്ടു കഴിഞ്ഞ 65000 ബ്ലോഗുകളില്‍ നിലവാരമുള്ള രചനകള്‍ കുറേയേറെയുണ്ടായിരുന്നിരിയ്ക്കും, തീര്‍ച്ച. അവയ്ക്കൊന്നിനും പണം, അംഗീകാരം, പ്രസിദ്ധി, എന്നിങ്ങനെ ഒരു തരത്തിലുമുള്ള പ്രതിഫലവും കിട്ടാതെ പോയി. ബ്ലോഗുകളെപ്പറ്റിയുള്ള ഏറ്റവും സങ്കടകരമായ അവസ്ഥയാണിത്. ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ സൌജന്യമായി ഒന്നും ലഭിയ്ക്കുന്നില്ലെന്നു പറഞ്ഞല്ലോ. റേഷനരിയ്ക്കുപോലും കിലോയ്ക്ക് രണ്ടു രൂപ വീതമെങ്കിലും കൊടുക്കേണ്ടി വരുന്നു. എന്നാലിവിടെയാകട്ടെ, 65000 ബ്ലോഗുകള്‍ക്ക് ഒരു രൂപ വീതമെങ്കിലും കിട്ടാനുള്ള ഭാഗ്യമുണ്ടായില്ലെന്നത് സങ്കടം തന്നെ. ഈ നില മാറണം. ഇന്നത്തെ നമ്മുടെ ജീവിതത്തില്‍ മൂല്യമുള്ള ഏതു വസ്തുവിനും വില നല്‍കേണ്ടി വരുന്നു. നിലവാരമുള്ളത് എന്നു പരക്കെ അംഗീകരിയ്ക്കപ്പെട്ട വസ്തുവിനാണെങ്കില്‍ കൂടിയ വില നല്‍കേണ്ടി വരുന്നു. 65000 ബ്ലോഗുകളില്‍ നിലവാരമുള്ളത് എന്ന് അംഗീകരിയ്ക്കപ്പെട്ട ബ്ലോഗുകള്‍ക്ക് തക്കതായ വില നല്‍കേണ്ടിയിരുന്നു. അതു നല്‍കിയിട്ടില്ല.
നിലവാരനിര്‍ണ്ണയം
പോസ്റ്റുചെയ്യപ്പെടുന്ന ബ്ലോഗുകളില്‍ നിലവാരമുള്ളതും നിലവാരമില്ലാത്തതുമുണ്ടാകും. വായിയ്ക്കേണ്ടവയും വായിയ്ക്കാവുന്നവയും വായിയ്ക്കേണ്ടാത്തവയുമുണ്ടാകും. നെല്ലും പതിരുമുണ്ടാകും. അവയെ വേര്‍തിരിയ്ക്കാനുള്ള യാതൊരു സംവിധാനവും ബ്ലോഗ്സൈറ്റുകളില്‍ ഇന്നു നിലവിലില്ല. നിലവാരമില്ലാത്ത രചനകള്‍ പ്രസിദ്ധീകരിയ്ക്കപ്പെടരുത്. ഒരു ബ്ലോഗ്സൈറ്റിലേയ്ക്കു കയറിവരുന്നൊരു വായനക്കാരന്റെ മുന്നില്‍ വായനയ്ക്കായി മലരുന്ന പ്രഥമരചന തന്നെ ഗുണനിലവാരമില്ലാത്തതാണെങ്കില്‍, “ഇവിടെ വന്നത് അബദ്ധമായി” എന്നു പറഞ്ഞ് അയാള്‍ മറ്റു വെബ്സൈറ്റുകളിലേയ്ക്കു പോകാനാണു സാദ്ധ്യത. പിന്നീടവിടെ ഒരിയ്ക്കലും വരാതിരുന്നെന്നും വരാം. ഒരു ബ്ലോഗ് നന്നല്ലെങ്കിലും, മറ്റു ബ്ലോഗുകള്‍ നല്ലവയായിരിയ്ക്കാം, അതുകൊണ്ട് അവയും ഒന്നു വായിച്ചുനോക്കിക്കളയാം എന്നു ചിന്തിയ്ക്കുന്ന വായനക്കാരുമുണ്ടാകാ, പക്ഷേ വിരളമായിരിയ്ക്കും.
ഗുണനിലവാരമുള്ളത് എന്നുറപ്പുള്ള ബ്ലോഗുകള്‍ മാത്രമേ പ്രസിദ്ധീകരിയ്ക്കൂ എന്ന നയം ഒരു ബ്ലോഗ്സൈറ്റ് സ്വീകരിയ്ക്കുകയാണെങ്കില്‍, ആ ബ്ലോഗ്സൈറ്റിന് ഒരു നിലവാരനിര്‍ണ്ണയസമിതി വേണ്ടിവരും. ഓരോ ബ്ലോഗും ആ സമിതിയുടെ അംഗീകാരം കിട്ടിയ ശേഷം മാത്രമേ പ്രസിദ്ധീകരിയ്ക്കപ്പെടാന്‍ പാടുള്ളു. നിലവാരമുള്ളത് എന്ന് നിലവാരനിര്‍ണ്ണയസമിതി സാക്ഷ്യപ്പെടുത്തിയ രചനകള്‍ വായിയ്ക്കാനും അവയ്ക്കു കമന്റെഴുതാനും കൂടുതല്‍പേര്‍ മുന്നോട്ടുവരും. ഇതുതന്നെ വലിയ പ്രചോദനമായിത്തീരും. ഇതിനൊക്കെപ്പുറമേ, നിലവാരമുള്ള രചനയെന്ന് നിലവാരനിര്‍ണ്ണയസമിതി സാക്ഷ്യപ്പെടുത്തിക്കഴിയുമ്പോള്‍, ആ രചന പ്രസിദ്ധീകരിയ്ക്കുന്ന ഓരോ ബ്ലോഗ്സൈറ്റും രചയിതാവിന് തക്കതായ പ്രതിഫലവും നല്‍കണം. മറ്റെവിടേയും പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത രചനയ്ക്ക് കൂടുതല്‍ പ്രതിഫലം വേണം. മറ്റെവിടെയെങ്കിലും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ രചനയ്ക്കും പ്രതിഫലം ലഭിയ്ക്കണം, പക്ഷേ ഒരല്‍പ്പം കുറഞ്ഞ നിരക്കില്‍ മതിയാകും. ചുരുക്കത്തില്‍ ഒരു രചന, അതു പുതിയതായാലും പഴയതായാലും ശരി, ഒരു തവണ പ്രസിദ്ധീകരിയ്ക്കണമെങ്കില്‍ അതിന് പ്രതിഫലം നല്‍കണം. ഒന്നിലേറെത്തവണ പ്രസിദ്ധീകരിയ്ക്കുന്നെങ്കില്‍, ഓരോ തവണയും പ്രതിഫലം നല്‍കണം.
ബ്ലോഗ്സൈറ്റുകള്‍ക്കു വരുമാനം
കൂട്ടം, വൈറ്റ്ലൈന്‍ വേര്‍ഡ്, തരംഗിണി എന്നീ മൂന്നു ബ്ലോഗ്സൈറ്റുകളെയാണ് ഈ പഠനത്തിനു വിധേയമാക്കിയത്. ഈ മൂന്നു ബ്ലോഗ്സൈറ്റുകള്‍ക്കും വരുമാനമില്ല. കൂട്ടത്തിലെ പേജുകളില്‍ കുറച്ചുകാലം ചില പരസ്യങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ അതിന്റെ പേജുകളിലൊന്നും പരസ്യങ്ങള്‍ കണ്ടില്ല. വൈറ്റ്ലൈന്‍ വേര്‍ഡിലും തരംഗിണിയിലും പരസ്യങ്ങള്‍ കണ്ടിട്ടേയില്ല. ചുരുക്കത്തില്‍ ഈ മൂന്നു ബ്ലോഗ്സൈറ്റുകള്‍ക്കും വരുമാനമില്ല എന്നൂഹിയ്ക്കണം. അന്‍പതിനായിരത്തിലേറെ ബ്ലോഗുകള്‍ പോസ്റ്റുചെയ്യപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്ന കൂട്ടത്തിന് പ്രതിവര്‍ഷം ഭാരിച്ച ചെലവു വഹിയ്ക്കേണ്ടി വരുന്നുണ്ടാകണം. താരതമ്യേന കുറഞ്ഞ തോതിലാണെങ്കിലും വൈറ്റ്ലൈന്‍ വേര്‍ഡിനും തരംഗിണിയ്ക്കും ഗണ്യമായൊരു തുക വര്‍ഷം തോറും ചെലവഴിയ്ക്കേണ്ടി വന്നിട്ടുണ്ടാകണം. ഈ ബ്ലോഗ്സൈറ്റുകള്‍ക്കു വേണ്ടി പണം മുടക്കിയിരിയ്ക്കുന്നവര്‍ക്ക് ഒരു രൂപപോലും മടക്കിക്കിട്ടിയിട്ടുമുണ്ടാവില്ല. ഈ ചെലവുകള്‍ ഈ ബ്ലോഗ്സൈറ്റുകള്‍ സ്വന്തം ചുമലിലേറ്റിയിരിയ്ക്കുന്നത് എന്തിനെന്ന് ഈ ലേഖകന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്.
വരുമാനമില്ലാത്ത ഈ ബ്ലോഗ്സൈറ്റുകളെല്ലാം തന്നെ, എഴുതാനാഗ്രഹമുള്ളവര്‍ക്ക് എഴുതാനും എഴുതി വളരാനുമുള്ള സൌകര്യം സൌജന്യമായി ചെയ്തുകൊടുത്തിരിയ്ക്കുന്നു എന്നതാണു സത്യം. എഴുതാന്‍ അവസരം കിട്ടിയവരും, അവരെഴുതിയതു വായിയ്ക്കാനവസരം കിട്ടിയവരും ഈ ബ്ലോഗ്സൈറ്റുകള്‍ക്കുവേണ്ടി പണം മുടക്കിയവരോട് നന്ദിയുള്ളവരായിരിയ്ക്കേണ്ടതാണ്, സംശയമില്ല. ഇവര്‍ ചെയ്യുന്നതു എഴുത്തുകാരേയും വായനക്കാരേയും സംബന്ധിച്ചിടത്തോളം വലിയൊരുപകാരം തന്നെ എന്നുവരികിലും, വരുമാനമില്ലാതെ, ചെലവുമുഴുവന്‍ ചുമലിലേറ്റിക്കൊണ്ട് അധികകാലം ഇത്തരത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്കു കഴിയും അല്ലെങ്കില്‍ അവര്‍ തുനിയും എന്നു പ്രതീക്ഷിയ്ക്കാന്‍ പാടില്ല. ബ്ലോഗ്സൈറ്റുകള്‍ക്കു വേണ്ടി അവയുടെ ഉടമകള്‍ ചെലവു ചെയ്യുന്ന തുക അവര്‍ക്കു തിരികെക്കിട്ടണം. ചെലവു മാത്രമല്ല, ചെറിയൊരു ലാഭം കൂടി അവര്‍ക്കു കിട്ടണം, കിട്ടിക്കൊണ്ടിരിയ്ക്കണം. ലാഭം ചെറുതുതന്നെയേ ആകാവൂ എന്ന നിഷ്കര്‍ഷയും പാടില്ല. ലാഭം കൂടുമ്പോള്‍ തുടര്‍ന്നു നടത്തിക്കൊണ്ടു പോകാനുള്ള പ്രചോദനവും കൂടുതലായുണ്ടാകും. ലാഭം കുറയുമ്പോള്‍ ആ പ്രചോദനം കുറയും. ലാഭത്തിനു പകരം നഷ്ടമാകുമ്പോള്‍, പ്രചോദനം തീരെയില്ലാതെയാകും, സംരംഭം വേണ്ടെന്നു വച്ചെന്നും വരാം. ഇന്ന് ബ്ലോഗ്സൈറ്റുകളെല്ലാം നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിയ്ക്കുന്നത്. ആവേശത്തനിടയില്‍ ലാഭനഷ്ടങ്ങളൊന്നും നോക്കുന്നില്ലെന്നതു ശരിതന്നെ. പക്ഷേ, കേരളത്തിലെ സാമ്പത്തികരംഗത്തെ നിരവധി അനുഭവങ്ങളില്‍ നിന്നു നാം പഠിച്ചിരിയ്ക്കുന്നത്, നഷ്ടത്തിലോടുന്ന സംരംഭങ്ങള്‍ ഒരു ദിനം ഓട്ടം നിര്‍ത്തുമെന്നാണ്. കൂട്ടവും വൈറ്റ്ലൈനും തരംഗിണിയും ഓട്ടം നിര്‍ത്തിയിരിയ്ക്കുന്നൊരു സ്ഥിതി നമുക്കു സങ്കല്‍പ്പിയ്ക്കുക പോലും വയ്യ. എന്നാല്‍ അത്തരമൊരു സ്ഥിതി ഭാവിയില്‍ സംജാതമാവില്ല എന്ന് ഉറപ്പില്ല.
ധനാഗമമാര്‍ഗ്ഗങ്ങള്‍ – പരസ്യം
ബ്ലോഗ്സൈറ്റുകളുടെ അതിജീവനത്തിന്നായുള്ള ചില മാര്‍ഗ്ഗങ്ങളെപ്പറ്റി നമുക്കു ചിന്തിയ്ക്കാം. പരസ്യങ്ങളെപ്പറ്റിയാണ് ആദ്യം തന്നെ ചിന്തിച്ചുപോകുന്നത്. മുന്‍പു പറഞ്ഞതുപോലെ കൂട്ടം ഡോട്കോമില്‍ ഇടക്കാലത്ത് പരസ്യങ്ങള്‍ കാണാറുണ്ടായിരുന്നു. കൂട്ടം വലിയൊരു ബ്ലോഗ്സൈറ്റാണ്. രണ്ടരലക്ഷത്തിലേറെ അംഗങ്ങളുണ്ട്. അന്‍പതിനായിരത്തിലേറെ ബ്ലോഗുകള്‍ അതിലുണ്ട്. ദിവസേന കുറേയേറെ വായനക്കാര്‍ അതു സന്ദര്‍ശിയ്ക്കുന്നുമുണ്ട്. വായനക്കാരുടെ സന്ദര്‍ശനമാണ് പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്ന് ഈ ബ്ലോഗ്സൈറ്റുകള്‍ക്ക് അത്യന്താപേക്ഷിതമായിട്ടുള്ളത്. എത്രത്തോളം കൂടുതല്‍ വായനക്കാര്‍ വരുന്നുവോ, ‘ഹിറ്റുകള്‍’ എത്രത്തോളം കൂടുന്നുവോ, അതിന്നനുസരിച്ച് ഉയര്‍ന്ന നിരക്ക് പരസ്യങ്ങളില്‍ നിന്ന് ഈടാക്കാന്‍ സാധിയ്ക്കും. ഇടയ്ക്കിടെ ഈ ബ്ലോഗ്സൈറ്റുകള്‍ സ്വന്തം പരസ്യങ്ങള്‍ പത്രങ്ങളിലും പത്രവെബ്സൈറ്റുകളിലും കൊടുക്കുന്നത് വായനക്കാരുടെ എണ്ണം വര്‍ദ്ധിയ്ക്കാന്‍ സഹായകമാകും. അത് കൂടുതല്‍ വരുമാനത്തിനും വഴി തെളിയ്ക്കും.
വരിസംഖ്യ
കൂട്ടം, വൈറ്റ്ലൈന്‍ വേര്‍ഡ്, തരംഗിണി – ഇവയെല്ലാം വായനശാലകള്‍ക്കു സമമാണ്. ഓണ്‍ലൈന്‍ വായനശാലകള്‍. ഇവയിലെല്ലാം കൂടി അറുപത്തയ്യായിരത്തിലേറെ രചനകള്‍ ഓരോ നിമിഷവും വായനയ്ക്കായി ലഭ്യമാണ്. കൂടാതെ ഈ ബ്ലോഗ്സൈറ്റുകളില്‍ പുതുതായി പോസ്റ്റു ചെയ്യപ്പെടുന്ന ഓരോ ബ്ലോഗും വായനയ്ക്കു ലഭ്യമാണ്. കുറേയേറെ രചനകള്‍ താഴ്ന്ന നിലവാരമുള്ളവയായിരിയ്ക്കാമെങ്കിലും, മറ്റു രചനകള്‍ ഉയര്‍ന്ന നിലവാരമുള്ളവയായിരിയ്ക്കും. അവയിൽല്‍മൂന്നിലൊന്ന് നിലവാരമുള്ളവയാണ് എന്നു കരുതുക. എങ്കില്‍ ഏകദേശം 22000 രചനകള്‍ അക്കൂട്ടത്തിലുണ്ടാകും. അവയിലെ അഞ്ചു രചനകള്‍ വീതം ഓരോ ദിവസവും വായിയ്ക്കുന്നെങ്കില്‍, 22000 രചനകള്‍ വായിച്ചു തീര്‍ക്കാന്‍ നീണ്ട പന്ത്രണ്ടു വര്‍ഷം വേണം. ഇവയെല്ലാം സൌജന്യമായി വായിയ്ക്കാനുള്ള സൌകര്യം ചെയ്തുകൊടുക്കേണ്ട കാര്യമില്ല. ഏതു വായനശാലയിലും വരിസംഖ്യ കൊടുക്കണം, എങ്കില്‍ മാത്രമേ പുസ്തകങ്ങള്‍ വായിയ്ക്കന് ലഭിയ്ക്കൂ. ഇവിടെയും ആ നയം തന്നെ അനുവര്‍ത്തിയ്ക്കണം.
ബ്ലോഗ്സൈറ്റുകളുടെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്ന സൌജന്യവായനയ്ക്കുള്ള ഈ സൌകര്യം പിന്‍വലിയ്ക്കേണ്ട കാലം അതിക്രമിച്ചു. ഈ ബ്ലോഗ്സൈറ്റുകളിലെ രചനകള്‍ വായിയ്ക്കാനായി വരിസംഖ്യ നിശ്ചയിയ്ക്കണം. അതു പ്രതിമാസമോ പ്രതിവര്‍ഷമോ ആയി വായനക്കാരില്‍ നിന്നു ശേഖരിയ്ക്കണം. അടച്ചുകഴിഞ്ഞിരിയ്ക്കുന്ന വരിസംഖ്യയുടെ കാലാവധി കഴിഞ്ഞാല്‍, തുടര്‍ന്നുള്ള കാലത്തേയ്ക്കുള്ള വരിസംഖ്യ അടച്ചുകഴിഞ്ഞെങ്കില്‍ മാത്രമേ വായന തുടരാന്‍ കഴിയാവൂ. ദിനപ്പത്രത്തിനുവേണ്ടി, പ്രതിവര്‍ഷം മൂവ്വായിരമോ അതിലേറെയോ തുക നാം ചെലവഴിയ്ക്കുന്നുണ്ട്. അതിന്റെ മൂന്നിലൊന്നെങ്കിലും ബ്ലോഗ്സൈറ്റുകളിലെ വരിസംഖ്യയായി കൊടുക്കേണ്ടി വരുന്നത് അധികമല്ല. ഏതാനും വര്‍ഷത്തെ വരിസംഖ്യ ഒരുമിച്ചടയ്ക്കാനുള്ള സൌകര്യവും ചിലരെയൊക്കെ ആകര്‍ഷിച്ചെന്നു വരാം.
ഓഹരി
വന്‍തോതില്‍ പണം മുടക്കി, ഉയര്‍ന്ന നിലവാരവും, ഉയര്‍ന്ന പ്രതിഫലവും, ഉയര്‍ന്ന വരുമാനവും ലക്ഷ്യമാക്കുന്ന ബ്ലോഗ്സൈറ്റുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭരണനിര്‍വഹണസംവിധാനം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേതാണ്. കൊക്കൊക്കോളയും പെപ്സിയും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളായാണ് ഇന്ത്യയില്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് എത്രവലിയ സംരഭവും കാര്യക്ഷമതയോടെ നിര്‍വഹിച്ചുകൊണ്ടുപോകാവുന്നതാണെന്ന് ഇവ തെളിയിച്ചിരിയ്ക്കുന്നു.
ഗുണങ്ങള്‍
ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു നടപ്പാക്കുമ്പോള്‍, കുറഞ്ഞൊരു കാലംകൊണ്ട് ഏറ്റവും നല്ല രചനകള്‍ അവതരിപ്പിയ്ക്കാനും അവയ്ക്കൊക്കെ തക്കതായ പ്രതിഫലം നല്‍കാനും ഈ ബ്ലോഗ്സൈറ്റുകള്‍ക്കെല്ലാം കഴിയും. രചയിതാക്കള്‍ക്ക് പണം പ്രതിഫലമായി കിട്ടുന്നു, പണത്തിലൂടെ അംഗീകാരമായി, രചന പ്രസിദ്ധീകൃതമാകുന്നതോടെ പ്രസിദ്ധിയും കിട്ടുന്നു. ഇവയെല്ലാം കിട്ടിക്കഴിയുമ്പോള്‍ സംതൃപ്തിയും ലഭിയ്ക്കുന്നു. ബ്ലോഗ്സൈറ്റുകള്‍ക്കു വേണ്ടി മുതല്‍മുടക്കു നടത്തിയവര്‍ക്കാകട്ടെ, വര്‍ഷം തോറും വീണ്ടും വീണ്ടും മുതലിറക്കേണ്ട ഗതികേട് ഒഴിവാകുന്നുവെന്നു മാത്രമല്ല, മുടക്കിക്കഴിഞ്ഞ മുതല്‍ സുരക്ഷിതമാകുകയും അതില്‍നിന്ന് അവര്‍ക്ക് വരുമാനം ലഭിയ്ക്കുകപോലും ചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത് പൂര്‍വ്വാധികം ഉന്മേഷത്തോടെ കാര്യനിര്‍വ്വഹണം നിറവേറ്റാനുള്ള അവരുടെ പ്രചോദനമാകുകയും ചെയ്യുന്നു. വായനക്കാരെന്ന മൂന്നാമത്തെ കൂട്ടരാക്കാകട്ടെ വായിച്ചാലും വായിച്ചാലും തീരാത്തത്ര നിലവാരം പുലര്‍ത്തുന്ന, കല്ലുകടിയില്ലാത്ത രചനകള്‍ അവരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതുകൊണ്ട് അവരും സന്തുഷ്ടരാകുന്നു. നിലവാരം പുലര്‍ത്തുന്ന രചനകളുടെ അനുസ്യൂത പ്രവാഹവും അതോടെ ഉറപ്പാകുന്നു. ബ്ലോഗ്ഗര്‍മാര്‍ക്കും, ബ്ലോഗ്സൈറ്റുടമകള്‍ക്കും വായനക്കാര്‍ക്കും തൃപ്തി ലഭിയ്ക്കുന്നു. ബ്ലോഗു മേഖലയുടെ വികാസവും അതേത്തുടര്‍ന്നുണ്ടാകും. അച്ചടിച്ച ആനുകാലികപ്രസിദ്ധീകരണങ്ങളുടെ വായനക്കാര്‍ ബ്ലോഗ്സൈറ്റുകളുടെ നിത്യസന്ദര്‍ശകരുമായി മാറും.
(ഈ ലേഖനം അവസാനിച്ചു.)
Generated from archived content: essay1_mar18_14.html Author: sunil_ms