കേരളത്തിലെ ചില വൈരുദ്ധ്യങ്ങള്‍

സംസ്ഥാനങ്ങളില്‍ ഏറ്റവുമുയര്‍ന്ന സാക്ഷരത (98.9%) കേരളത്തിനാണുള്ളത്. സാക്ഷരത ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ പെടുന്നു, ജമ്മുകാശ്മീര്‍ (72.2%). എന്നാല്‍ ഏറ്റവുമധികം സ്ത്രീകള്‍ ആക്രമിയ്ക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്നത് ജമ്മുകാശ്മീരും (ഒരു ലക്ഷം പേരില്‍ ഇരുപത്തിമൂന്നു പേര്‍) കേരളവുമാണ് (21 പേര്‍). ഇതൊരു വൈരുദ്ധ്യമാണ്: ഏറ്റവുമധികം സാക്ഷരതയുണ്ടായിട്ടും ഏറ്റവുമധികം വനിതകള്‍ പീഡിപ്പിയ്ക്കപ്പെടുക! അഴിമതിയുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി ജമ്മുകാശ്മീരിനേക്കാള്‍ ശോചനീയമാണ്. പതിനേഴു സംസ്ഥാനങ്ങളടങ്ങുന്ന ലിസ്റ്റില്‍ ഏറ്റവുമധികം അഴിമതിയുള്ള ആറാമത്തെ സംസ്ഥാനമാണു കേരളം. ജമ്മുകാശ്മീരിന്റെ നില കുറേക്കൂടി നല്ലതാണ്: പതിമ്മൂന്നാമത്. സാക്ഷരത കുറവായിട്ടും ജമ്മുകാശ്മീരില്‍ അഴിമതി കുറവ്, സാക്ഷരത ഏറ്റവുമധികമുണ്ടായിട്ടും കേരളത്തില്‍ അഴിമതി കൂടുതല്‍.

രണ്ടു കാരണങ്ങളാണു ഞാനിതിനു കാണുന്നത്: ഒന്ന്, ജനസാന്ദ്രത ഏറ്റവുമധികമുള്ള മൂന്നാമത്തെ സംസ്ഥാനമാണു കേരളം (859); ജമ്മുകശ്മീരില്‍ വെറും അന്‍പത്താറും. നമ്മുടെ കൊച്ചുകേരളത്തില്‍ ജനം തിങ്ങിപ്പാര്‍ക്കുന്നു. രണ്ട്, ഏറ്റവുമുയര്‍ന്ന തൊഴിലില്ലായ്മാനിരക്ക് (ആയിരം പേരില്‍ 148 പേര്‍) കേരളത്തിലാണ്. ഇന്ത്യന്‍ ശരാശരി അന്‍പതു മാത്രവും. ഇതിനൊക്കെപ്പുറമേ കേരളത്തിലെ ആഭ്യന്തരോത്പാദനവളര്‍ച്ചാനിരക്ക് (7.8%) ജമ്മുകശ്മീരിലേതിന്റെ (12.97%) പകുതിയോളമേ ഉള്ളു താനും. സാമ്പത്തികവളര്‍ച്ചക്കുറവും അതിന്റെ തന്നെ അനുബന്ധമായ തൊഴിലില്ലായ്മയും ഉയര്‍ന്ന സാക്ഷരതയെപ്പോലും നിഷ്ഫലമാക്കുന്നു. ഇതിന്നൊരു പരിഹാരം അടുത്തെങ്ങുമുണ്ടാകുമെന്നും തോന്നുന്നില്ല. ഉയര്‍ന്ന ജനസാന്ദ്രത കുറയ്ക്കാനൊരു വഴിയുമില്ല. ഉയര്‍ന്ന ജനസാന്ദ്രത മൂലം വ്യാവസായികവളര്‍ച്ചയും ഇവിടെ സാദ്ധ്യമല്ല. വ്യവസായം പോകട്ടെ, റോഡിനു വീതികൂട്ടാന്‍ പോലും ഉയര്‍ന്ന ജനസാന്ദ്രത മൂലം ഇവിടെ ബുദ്ധിമുട്ടാണ്. അഭ്യസ്തവിദ്യരെ സൃഷ്ടിയ്ക്കുന്നതിലൂടെ സംസ്ഥാനത്തിനു പുരോഗതി നേടാനാകും. എന്നാല്‍, നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ടെങ്കിലും, അവയില്‍ നല്ലൊരു ശതമാനം നിലവാരം കുറഞ്ഞവയാണ്. നിലവാരമുള്ളവ സാധാരണക്കാരന്റെ കൈയ്യെത്തും ദൂരത്തുമല്ല. കേരളത്തിന്റെ ഭാവി ശോഭനീയമല്ല. മാവേലി നാടു വാണിരുന്ന സുവര്‍ണ്ണകാലം വിദൂരത്താണ്.

Generated from archived content: essay1_june17_14.html Author: sunil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here