പിന്നാമ്പുറത്ത് എന്തോ ചെറിയ ശബ്ദം കേട്ടു. ശബ്ദം ആവര്‍ത്തിച്ചപ്പോള്‍ എഴുന്നേറ്റ് ജനലിലൂടെ നോക്കി.
കൌതുകമുള്ളൊരു കാഴ്ചയാണു കണ്ടത്.
പിന്നാമ്പുറത്തെ വരാന്തയ്ക്ക് ഒരരമതിലുണ്ട്. അതിന്മേല്‍ ഒരോട്ടുകിണ്ടി വച്ചിട്ടുണ്ട്. ഗ്ലാസ്സു മൂടാനുപയോഗിയ്ക്കുന്നൊരു ചെറിയ സ്റ്റീല്‍മൂടി കൊണ്ട് ഓട്ടുകിണ്ടി മൂടി വച്ചിട്ടുമുണ്ട്. ഇത്രയും കാര്യങ്ങളില്‍ പുതുമയില്ല. പുതുമയുള്ള കാര്യമിതാണ്: ഒരു കാക്ക അരമതിലിന്മേല്‍ വന്നിരുന്ന് ഓട്ടുകിണ്ടിയുടെ മൂടി കൊത്തിവലിച്ചു മാറ്റാന്‍ ശ്രമം നടത്തിക്കൊണ്ടിരിയ്ക്കുന്നു.
പിന്നാമ്പുറത്തേയ്ക്കു ചെന്ന് കാക്കയെ ഓടിച്ചു കളയാനാണ് ആദ്യം തോന്നിയത്. പിന്നെ വേണ്ടെന്നു വച്ചു. ഉച്ച കഴിഞ്ഞ സമയം. കത്തിക്കാളുന്ന വെയില്‍. നമുക്കു പോലും ദാഹിച്ചു തൊണ്ട വരളുന്നു. കാക്കയ്ക്കു ദാഹിച്ചതില്‍ അതിശയമില്ല.
പക്ഷേ ആ ഓട്ടുകിണ്ടിയോട് എനിയ്ക്ക് വൈകാരികമായ ബന്ധമുണ്ട്. എനിയ്ക്കു രണ്ടോ മൂന്നോ വയസ്സു മാത്രമുള്ള കാലത്ത് എന്നെ പല്ലുതേപ്പിച്ചിരുന്നത് അമ്മയായിരുന്നു. ഏറെ സംഘര്‍ഷഭരിതമായൊരു പ്രക്രിയയായിരുന്നു അക്കാലത്തെ എന്റെ പല്ലുതേപ്പ്. സമയവും കൈയില്‍ പിടിച്ചുകൊണ്ടാണ് അമ്മ അന്ന് അതൊക്കെ ചെയ്തിരുന്നത്. രണ്ടോ മൂന്നോ വയസ്സുമാത്രമുള്ള ഞാനുണ്ടോ അതു മനസ്സിലാക്കുന്നു. അമ്മ പല്ലു തേപ്പിയ്ക്കുന്ന സമയത്താണ് എന്റെ പ്രകൃതിനിരീക്ഷണം മുഴുവന്‍ നടക്കുന്നത്. കുരുവികളേയും തവളകളേയും തുമ്പികളേയും മറ്റും കാണാന്‍ വേണ്ടി എന്റെ ശിരസ്സ് ഏതാണ്ട് മുന്നൂറ്ററുപതു ഡിഗ്രിയില്‍ത്തന്നെ കറങ്ങിക്കൊണ്ടിരിയ്ക്കും. അപ്പോഴായിരിയ്ക്കും തോളത്ത് ‘പടേ’ എന്ന് അടി വീഴുന്നത്. ‘തല നേരേ പിടിയ്ക്ക്’ എന്ന ശാസനയും. ഒരു തവണ പല്ലു തേപ്പു കഴിയുമ്പോഴേയ്ക്ക് അര ഡസന്‍ അടിയും നുള്ളും നുള്ളായിരുന്നു അമ്മയുടെ ഇഷ്ടശിക്ഷാമുറ നടന്നു കഴിഞ്ഞു കാണും.
ഒരിയ്ക്കല്‍ ലീവിനു വന്ന അച്ഛന്‍ ഈ സാഹസങ്ങള്‍ കണ്ടു പറഞ്ഞു, ‘കുട്ടാ, ഇനി നീ തനിച്ചു തന്നെ പല്ലു തേച്ചാല്‍ മതി.’ പ്രോത്സാഹനമായി മിന്നിത്തിളങ്ങുന്ന ഓട്ടുകിണ്ടിയും എനിയ്ക്കു സമ്മാനിച്ചു. അതിന്റെ തിളക്കത്തില്‍ മയങ്ങി ഞാന്‍ സ്വയം പല്ലുതേപ്പാരംഭിച്ചു. അമ്മ പ്രതിഷേധിച്ചു. ‘ഒരു ദിവസം മുഴുവന്‍ കളയും കുട്ടന്‍ പല്ലുതേപ്പെന്നും പറഞ്ഞ്.’ ‘സാരമില്ല’, അച്ഛന്‍ പറഞ്ഞു. ‘പതുക്കെ സ്പീഡായിക്കോളും.’
അങ്ങനെ എനിയ്ക്കു സ്വന്തമായിക്കിട്ടിയ പ്രഥമ ജംഗമസ്വത്തായിരുന്നു ആ ഓട്ടുകിണ്ടി. അന്നു മുതല്‍ ഞാനതു കൊണ്ടുനടക്കുന്നു. അതെനിയ്ക്കു സമ്മാനിച്ച അച്ഛനേയും അതിനു കാരണമാക്കിയ അമ്മയേയും ആ കിണ്ടി ഓര്‍മ്മപ്പെടുത്തുന്നു. മണ്‍മറഞ്ഞു പോയ അവരുമായുള്ള ലിങ്കുകളില്‍ അവശേഷിയ്ക്കുന്ന ഒന്നാണത്. അങ്ങനെയുള്ള കിണ്ടിയുടെ മൂടിയാണ് സദാസമയവും മാലിന്യക്കൂമ്പാരത്തില്‍ത്തന്നെ ജീവിയ്ക്കുന്ന ഈ വൃത്തികെട്ട കാക്ക കൊത്തിവലിച്ചു തുറക്കാന്‍ ശ്രമിയ്ക്കുന്നത്.
കിണ്ടിയ്ക്കുള്ളില്‍ അല്പം വെള്ളമുണ്ടാകണം. മൂടി മാറിക്കിട്ടിയാല്‍ കാക്ക കിണ്ടിയ്ക്കുള്ളിലെ വെള്ളം കൊക്കിലൂടെ വലിച്ചു കുടിയ്ക്കും, തീര്‍ച്ച. സകലവിധ മാലിന്യങ്ങളും കൊത്തിത്തിന്നുന്ന കാക്ക അതേ കൊക്കുകൊണ്ട് എന്റെ അരുമയായ ഓട്ടുകിണ്ടിയ്ക്കകത്തുള്ള വെള്ളം വലിച്ചെടുത്തു കുടിയ്ക്കുന്നത് അലോസരപ്പെടുത്തുന്നൊരു കാര്യമാണ്. വീണ്ടുമുപയോഗിയ്ക്കുന്നതിനു മുന്‍പ് ആ കിണ്ടി കാര്യമായിത്തന്നെ കഴുകേണ്ടി വരും.
എങ്കിലും കാക്കയെ ഓടിയ്ക്കാന്‍ തോന്നിയില്ല. ഞാന്‍ നോക്കിനില്‍ക്കുന്നതിനിടെ കാക്ക പല തവണ സ്റ്റീല്‍മൂടി കൊത്തിവലിയ്ക്കാന്‍ ശ്രമിച്ചു. മൂടിയുടെ വലിപ്പവും കിണ്ടിയുടെ വായ്‌വട്ടവും തുല്യമായിരുന്നതു കൊണ്ട് മൂടിയുടെ വക്ക് പുറത്തേയ്ക്ക് ഒട്ടും തന്നെ ഉന്തി നിന്നിരുന്നില്ല. മൂടി ഏതെങ്കിലുമൊരു വശത്തേയ്ക്ക് അല്പമെങ്കിലും ഉന്തി നിന്നിരുന്നെങ്കില്‍ അതു കാക്ക എളുപ്പം വലിച്ചു മാറ്റിയേനേ. കാക്ക വീണ്ടും വീണ്ടും ശ്രമിച്ചു. അതിനു കലശലായ ദാഹമുണ്ടായിരുന്നിരിയ്ക്കണം.
‘അതെന്താ ചേട്ടാ, അവിടെ ഒച്ച? കാക്കയാണോ?’
അടുക്കളയില്‍ നിന്നു ചോദ്യം വന്നു. ഞാന്‍ മിണ്ടിയില്ല. മറുപടി പറഞ്ഞു പോയാല്‍, ജനലിലൂടെ ഞാന്‍ അതിനെ നോക്കിക്കൊണ്ടിരിയ്ക്കുന്നത് കാക്ക കാണും. ചിലപ്പോള്‍ പേടിച്ചു പറന്നു പോയെന്നും വരും. കാക്കയ്ക്ക് ആളുകളെ തിരിച്ചറിയാന്‍ സാധിയ്ക്കുമെന്ന് എനിയ്ക്കു നന്നായറിയാം. എന്റെ ശ്രീമതിയെക്കണ്ടാല്‍ അവ പറന്നു പോകാറില്ല. ഒരരികിലേയ്ക്ക് അല്‍പമൊന്ന് ഒതുങ്ങിയിരുന്ന് വഴി നല്‍കുക മാത്രമാണ് അവ ചെയ്യാറ്. എന്നാല്‍ ഞാന്‍ മുറ്റത്തിറങ്ങുന്നതു കണ്ടാല്‍ മിയ്ക്ക കാക്കകളും ഒന്നുകില്‍ പറന്നു പോകും, അല്ലെങ്കില്‍ ചുറ്റുമുള്ള മരച്ചില്ലകളിലോ മറ്റു സുരക്ഷിതസ്ഥാനങ്ങളിലോ കയറിക്കൂടും. ഞാന്‍ കാക്കകളെ കല്ലെടുത്തെറിഞ്ഞ് ഓടിയ്ക്കാറില്ല. എങ്കിലും വേണ്ടിവന്നാല്‍ ഞാനതിനു മുതിരുമെന്നും എനിയ്ക്കതിനുള്ള പ്രാപ്തിയുണ്ടെന്നും അവയ്ക്കു തോന്നിയിട്ടുണ്ടാകും.
അമേരിക്കയിലെ സിയാറ്റിലില്‍ ഗവേഷകര്‍ തങ്ങളുടെ കോളേജ് കാമ്പസിലെ ഏതാനും കാക്കകളെ പിടിച്ച് അടയാളപ്പെടുത്തി വിട്ടു. മുഖംമൂടികള്‍ അണിഞ്ഞുകൊണ്ടാണ് ഗവേഷകര്‍ ഇതു ചെയ്തത്. അടയാളപ്പെടുത്തി വിട്ട കാക്കകള്‍ പ്രതികാരവാഞ്ഛയോടെ തിരികെ പറന്നു വന്ന് മുഖംമൂടിയണിഞ്ഞ ഗവേഷകരുടെ തലയില്‍ ഞോടിക്കൊണ്ടുള്ള ആക്രമണം തുടങ്ങി. കാമ്പസ്സില്‍ മറ്റനേകം ആളുകളുണ്ടായിരുന്നെങ്കിലും, തങ്ങളെ പിടിച്ച് അടയാളപ്പെടുത്തി വിട്ട, മുഖംമൂടിയണിഞ്ഞ ഗവേഷകരെയൊഴികെ മറ്റാരേയും കാക്കകള്‍ ഉപദ്രവിച്ചില്ല. ആളുകളെ തിരിച്ചറിയാന്‍ ആ കാക്കകള്‍ക്കു കഴിഞ്ഞെന്നു മാത്രമല്ല, അവയ്ക്ക് പ്രതികാരബുദ്ധിയുണ്ട് എന്നു കൂടി ഈ പരീക്ഷണത്തില്‍ നിന്നു തെളിഞ്ഞു.
അടയാളപ്പെടുത്തിവിട്ടിരുന്ന കാക്കകളുടെ അഭ്യര്‍ത്ഥന മാനിച്ചായിരിയ്ക്കണം മറ്റു കാക്കകളും മുഖംമൂടിയണിഞ്ഞ ഗവേഷകരുടെ നേരേയുള്ള ആക്രമണത്തില്‍ പങ്കു ചേര്‍ന്നു. അവയില്‍ ഒരു കാക്കയ്ക്കു പോലും ആള്‍ തെറ്റിയില്ല. ശത്രുക്കളെ കൃത്യമായി ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ടുള്ള ആശയവിനിമയം കാക്കകള്‍ തമ്മില്‍ നടന്നു എന്നും ഈ സംഭവം തെളിയിച്ചു.
ഞാന്‍ നിശ്ശബ്ദമായി ജനലിലൂടെ നോക്കിക്കൊണ്ടു നില്‍ക്കെ, നമ്മുടെ കാക്ക സ്റ്റീല്‍മൂടി കൊത്തിവലിച്ചു താഴെയിട്ടു. ഭാഗ്യത്തിനത് വരാന്തയിലേയ്ക്കാണു വീണത്, മുറ്റത്തെ ചെളിയിലേയ്ക്കല്ല.
അടുക്കള വരാന്തയില്‍ എന്തോ സംഭവിയ്ക്കുന്നുണ്ടെന്നു മനസ്സിലാക്കിയ എന്റെ ശ്രീമതി അടുക്കള വാതില്‍ തുറന്ന് പിന്നാമ്പുറത്തെ വരാന്തയിലേയ്ക്ക് നേരിട്ടിറങ്ങുന്നതിനു പകരം ഞാനിരിയ്ക്കുന്ന മുറിയിലേയ്ക്കു മെല്ലെ കടന്നു വന്നു. ‘നിശ്ശബ്ദം’ എന്നു ഞാന്‍ ആംഗ്യം കാണിച്ചു. അവളും ശബ്ദമുണ്ടാക്കാതെ ജനലിലൂടെ നോക്കി.
കിണ്ടിയില്‍ വെള്ളം തീരെക്കുറവായിരുന്നിരിയ്ക്കണം. കൈ കഴുകേണ്ടി വരുന്ന സമയത്തു മാത്രമേ ഞാനതില്‍ വെള്ളം നിറയ്ക്കാറുള്ളു. കാക്ക കിണ്ടിയുടെ വക്കില്‍ കയറിയിരുന്നു. ‘അതിപ്പൊത്തന്നെ കിണ്ടിയിന്മേല്‍ കാഷ്ഠിയ്ക്കും’, ഞാനുള്ളില്‍ പറഞ്ഞു.
കാക്ക കിണ്ടിയ്ക്കുള്ളിലേയ്ക്കു തല ഒരുവിധം കടത്തി. എങ്കിലും കൊക്കു വെള്ളത്തിലേയ്‌ക്കെത്തിയോ എന്നു സംശയമുണ്ട്. കൊക്കു വെള്ളത്തിലെത്തിയിരുന്നെങ്കില്‍ വെള്ളം കൊക്കിനുള്ളിലേയ്ക്കു വലിച്ചു കയറ്റുമായിരുന്നു. കൊക്കിനുള്ളില്‍ വെള്ളം കയറിയിരുന്നെങ്കില്‍ ഉടന്‍ കൊക്കു പിന്‍വലിച്ച്, കൊക്കുയര്‍ത്തിപ്പിടിച്ച് വെള്ളം ഇറക്കുകയും ചെയ്യുമായിരുന്നു. വെള്ളം ഇറക്കുന്നതു കണ്ടില്ല. മിയ്ക്കവാറും വെള്ളം കിട്ടിയിട്ടുണ്ടാവില്ല. വെള്ളം വളരെക്കുറവായിരുന്നിരിയ്ക്കണം.
പ്രാചീന ഗ്രീസില്‍, എന്നു വച്ചാല്‍ ക്രിസ്തുവിനും ആറോ ഏഴോ നൂറ്റാണ്ടു മുന്‍പ്, ഈസോപ്പ് എന്ന ഒരടിമ ജീവിച്ചിരുന്നു. അദ്ദേഹം വളരെയധികം കഥകള്‍ പറഞ്ഞിരുന്നു: ഈസോപ്പു കഥകള്‍. ഗുണപാഠമുള്‍ക്കൊള്ളുന്നവയായിരുന്നു, അദ്ദേഹം പറഞ്ഞ കഥകള്‍. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു കഥയാണ് കാക്കയും കുടവും. ഒരു ചെറുകുടത്തില്‍ കുറേ വെള്ളമുണ്ട്. ദാഹിച്ചു വലഞ്ഞെത്തിയ കാക്കയുടെ കൊക്ക് വെള്ളത്തിലേയ്‌ക്കെത്തുന്നില്ല. കാക്ക ചുറ്റും നോക്കുന്നു. അവിടവിടെ ചെറുകല്ലുകള്‍ കിടക്കുന്നതു കാണുന്നു. കാക്ക കല്ലുകളോരോന്നു കൊത്തിയെടുത്ത് കുടത്തിലിടാന്‍ തുടങ്ങുന്നു. കല്ലുകള്‍ വീഴുന്നതിനനുസരിച്ച് കുടത്തിനകത്തെ വെള്ളം ഉയരുന്നു. ഒടുവില്‍ കാക്കയ്ക്ക് വെള്ളം കുടിയ്ക്കാനാകുന്നു.
ഇക്കഥ ഏതോ ഒരു ലോവര്‍ െ്രെപമറി ക്ലാസ്സില്‍ ഞാന്‍ പഠിയ്ക്കാനിട വന്നിട്ടുമുണ്ട്. പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടതാണെന്നും അവയെ എങ്ങനെ തരണം ചെയ്യാമെന്ന് ആലോചിച്ചു കണ്ടു പിടിയ്ക്കാവുന്നതേയുള്ളു എന്നുമൊക്കെയായിരിയ്ക്കാം ഈ കഥയില്‍ നിന്നു കിട്ടിയിരുന്ന ഗുണപാഠം.
ഇവിടെ ഓട്ടുകിണ്ടിയിലേയ്ക്കു പ്രയാസപ്പെട്ടു കൊക്കു കടത്തി നോക്കിയിട്ടും വെള്ളം കുടിയ്ക്കാനാകാഞ്ഞ നമ്മുടെ നാടന്‍ കാക്ക എങ്ങനെ ആ പ്രതിബന്ധത്തെ തരണം ചെയ്തു വെള്ളം കുടിയ്ക്കുമെന്നു കാണാന്‍ ഞങ്ങള്‍ കൌതുകത്തോടെ കാത്തിരുന്നു. കൊക്കിലൊതുങ്ങാന്‍ പാകത്തിലുള്ള കല്ലുകള്‍ മുക്കാലിഞ്ചു മെറ്റലുകള്‍ ധാരാളം മുറ്റത്തു കിടന്നിരുന്നു. കാക്കയ്ക്ക് ഈസോപ്പിന്റെ കാക്ക ചെയ്തതു പോലെ അവ പെറുക്കി കിണ്ടിയിലിടുകയും ചെയ്യാമായിരുന്നു. പക്ഷേ ആ ബുദ്ധി നമ്മുടെ കാക്കയുടെ കുഞ്ഞുതലയില്‍ ഉദിച്ചില്ല. ഒരു പക്ഷേ ആ ബുദ്ധി അതിന്റെ തലയില്‍ ഉദിച്ചുകാണും, പക്ഷേ കുറേയേറെ കല്ലുകള്‍ പെറുക്കിയിട്ടാലും കിണ്ടിയ്ക്കകത്തു വെള്ളം കുറവായതു കൊണ്ട് ജലവിതാനം കുടിയ്ക്കാന്‍ പാകത്തിന് ഉയര്‍ന്നു വരാനുള്ള സാദ്ധ്യത കാണാഞ്ഞതു കൊണ്ടുമാവാം, കല്ലുകള്‍ പെറുക്കിയിടുന്ന കാര്യം കാക്ക നടപ്പില്‍ വരുത്താന്‍ തുനിയാഞ്ഞത്.
പല തവണ ശ്രമിച്ചിട്ടും കാക്കയ്ക്കു വെള്ളം കിട്ടിയില്ല. അതു ചുറ്റും നോക്കിക്കൊണ്ടിരുന്നു.
‘വടക്കേ മുറ്റത്ത് ചട്ടീല് വെള്ളം വെച്ചിട്ടുണ്ടല്ലോ, നീയതു കണ്ടില്ലേ?’ ശ്രീമതി നിശ്ശബ്ദത വെടിഞ്ഞ് നേരിട്ട് കാക്കയോടു ചോദിച്ചു. അവളുടെ ശബ്ദം കേട്ട് കാക്ക തിരിഞ്ഞ് ഞങ്ങളുടെ നേരേ നോക്കി.
കാക്കയോടും പൂച്ചയോടും ചെടികളോടും മറ്റും വര്‍ത്തമാനം പറയുന്നൊരു പതിവ് എന്റെ ശ്രീമതിയ്ക്കുണ്ട്. അവള്‍ പറയുന്നത് കാക്കയും പൂച്ചയും കേള്‍ക്കുമെന്നും ചിലപ്പോഴെങ്കിലും മനസ്സിലാക്കിയെടുക്കുമെന്നും കരുതാം. പക്ഷേ ചെടികളോടു വര്‍ത്തമാനം പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? ഒരു തൈ നടുമ്പോള്‍ അവള്‍ പറയും, ‘നന്നായി വളരണം, കേട്ടോ’. വേനല്‍ക്കാലത്ത് നനച്ചു കൊടുക്കുമ്പോള്‍ അവള്‍ ചെടികളോടു പറയും, ‘ചൂടുകാലമാ. വെള്ളം ശരിയ്ക്കു കുടിച്ചോ’.
ശ്രീമതിയുടെ ചോദ്യം കേട്ടു തിരിഞ്ഞു നോക്കിയ കാക്ക അവളെ മാത്രമല്ല എന്നേയും കണ്ടെങ്കിലും പറന്നു പോയില്ല. ശ്രീമതി അതിനോടായി വീണ്ടും പറഞ്ഞു: ‘അപ്പുറത്തു കല്‍ച്ചട്ടീല് ഇഷ്ടം പോലെ വെള്ളമുണ്ട്. പോയിക്കുടിയ്ക്ക്.’
രാവിലെ ചെടികള്‍ക്കു നനയ്ക്കുമ്പോള്‍ കിണറ്റില്‍ നിന്നുള്ള ആദ്യ ബക്കറ്റ് ആ കല്‍ച്ചട്ടിയിലേയ്ക്കുള്ളതാണ്. കണിക്കൊന്നയുടെ ചുവട്ടില്‍ വച്ചിരിയ്ക്കുന്ന കല്‍ച്ചട്ടിയില്‍ മിയ്ക്കപ്പോഴും വെള്ളമുണ്ടാകും. പക്ഷികള്‍ക്കു വേണ്ടിയുള്ളതാണ് ആ വെള്ളം. വെയിലിനു ചൂടേറിയാല്‍ കല്‍ച്ചട്ടിയിലെ വെള്ളം കുടിയ്ക്കാന്‍ വേണ്ടി ഒരുപാട് മാടത്തകളും (മൈനകള്‍) പുത്താങ്കീരികളും (കരിയിലക്കിളികള്‍) എത്തും. പിന്നെക്കുറേ നേരം അവരുടെ അസംബ്ലിയായിരിയ്ക്കും. വലിയ കോലാഹലം തന്നെ. പക്ഷേ എന്നും കേള്‍ക്കാനാഗ്രഹിയ്ക്കുന്ന, കേട്ടാലും കേട്ടാലും മതിവരാത്ത കോലാഹലമാണത്.
ശ്രീമതി പറഞ്ഞതു കാക്കയ്ക്കു മനസ്സിലായിക്കാണില്ല. അല്പനേരം അങ്ങോട്ടുമിങ്ങോട്ടുമെല്ലാം നോക്കിയിരുന്ന ശേഷം അതു പടിഞ്ഞാറോട്ടു പറന്നു പോയി. അതിനു ദാഹിയ്ക്കുന്നുണ്ടാകും. പാവം.
കല്‍ച്ചട്ടിയില്‍ വെള്ളം തീര്‍ന്നു കാണുമോ? ഞങ്ങള്‍ ചെന്ന് വടക്കുപുറത്തെ ജനലിലൂടെ നോക്കി. കല്‍ച്ചട്ടിയില്‍ ധാരാളം വെള്ളമുണ്ട്. പക്ഷേ കാക്ക അങ്ങോട്ടു വന്നിട്ടില്ല. അവിടം വിജനം.
‘വെള്ളം ചൂടായിട്ടുണ്ടാകും.’ ശ്രീമതിയുടെ ഊഹം ശരിയായിരുന്നു. കണിക്കൊന്നയുടെ നിഴലകന്ന്, കല്‍ച്ചട്ടിയില്‍ ഉച്ചവെയില്‍ വ്യാപിച്ചിരിയ്ക്കുന്നു. വെള്ളത്തില്‍ തൊട്ടു നോക്കി. ഇളം ചൂട്. കല്‍ച്ചട്ടിയെടുത്ത് പടിഞ്ഞാപ്പുറത്തെ മാവിന്റെ ചുവട്ടില്‍ വച്ചു. മാവിനു കണിക്കൊന്നയേക്കാള്‍ കൂടുതല്‍ തണലുണ്ട്. ഇനിയിത് ഇവിടെത്തന്നെ സ്ഥിരമായി ഇരിയ്ക്കട്ടെ. ചട്ടി ചരിച്ച്, ചൂടുപിടിച്ചിരുന്ന വെള്ളം കളഞ്ഞ് കിണറ്റില്‍ നിന്നുള്ള തണുത്ത വെള്ളം നിറച്ചു വച്ചു.
കാക്ക കല്‍ച്ചട്ടിയിലെ വെള്ളം കാണാഞ്ഞതായിരിയ്ക്കില്ല. അതിലെ വെള്ളം ചൂടു പിടിച്ചിരുന്നതു കൊണ്ടാകാം അതു വേണ്ടെന്നു വച്ച്, കിണ്ടിയിലെ തണുത്ത വെള്ളം കുടിയ്ക്കാന്‍ ശ്രമം നടത്തിയത്.
കാക്ക വന്നിരുന്ന് അഴുക്കാക്കിയ കിണ്ടി കഴുകാനെടുക്കുമ്പോള്‍ നോക്കി: അതില്‍ വെള്ളം വളരെക്കുറവായിരുന്നു. വെള്ളത്തിനു തണുപ്പുണ്ടായിരുന്നെങ്കിലും, കല്ലുകള്‍ കൊണ്ടു നിറച്ചാലും ജലനിരപ്പ് കുടിയ്ക്കാന്‍ പാകത്തിന് ഉയര്‍ന്നു വരാനുള്ള സാദ്ധ്യതയുണ്ടായിരുന്നില്ല. ഇക്കാര്യം മനസ്സിലാക്കിയെടുത്തതു കൊണ്ടുകൂടിയായിരിയ്ക്കുമോ ഈസോപ്പിന്റെ കാക്കയെ അനുകരിയ്ക്കാന്‍ നമ്മുടെ കക്ഷി ശ്രമിയ്ക്കാതിരുന്നത്?
ആലോചിച്ചപ്പോളെനിയ്ക്ക് കാക്കയുടെ നേരേ ആദരവു തോന്നി. ഈസോപ്പിന്റെ കാക്കയേക്കാള്‍ ഒട്ടും ബുദ്ധി കുറവായിരുന്നിരിയ്ക്കില്ല നമ്മുടെ നാട്ടുകാക്കയ്ക്ക്. മനുഷ്യര്‍ ചെയ്യുന്നതു പോലെ ഓട്ടുകിണ്ടിയുടെ സ്റ്റീല്‍ മൂടി മാറ്റാന്‍ അതിനു കഴിഞ്ഞല്ലോ. പ്രയാസപ്പെട്ടാണ് കാക്കയതു സാധിച്ചത്. പല തവണ ശ്രമിയ്‌ക്കേണ്ടി വന്നെങ്കിലും ഇടയ്ക്കു വച്ച് ശ്രമം ഉപേക്ഷിച്ചു പോയില്ല. വിജയിയ്ക്കുന്നതു വരെ ശ്രമം തുടരുകയാണുണ്ടായത്. അശ്രാന്തപരിശ്രമം തന്നെ നടത്തി.
ഒടുവില്‍ വിജയിച്ചപ്പോള്‍ ഓട്ടുകിണ്ടിയുടെ സ്റ്റീല്‍മൂടി പ്രയാസപ്പെട്ടു കൊത്തിവലിച്ചിട്ടത് മുറ്റത്തേയ്ക്കായിരുന്നില്ല, വരാന്തയിലേയ്ക്കായിരുന്നു. അരമതിലിന്റെ മുറ്റത്തെ വക്കിലിരുന്നുകൊണ്ടാണ് കാക്ക മൂടി കൊത്തിവലിച്ചത്. മൂടി മുറ്റത്തേയ്ക്കു വീഴാനായിരുന്നു കൂടുതല്‍ സാദ്ധ്യത. എന്നിട്ടുമത് വരാന്തയിലേയ്ക്കാണു വീണത്. അതുകൊണ്ടത് മനഃപൂര്‍വ്വമായിരുന്നു എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. സ്റ്റീല്‍മൂടി മുറ്റത്തെ ചെളിയിലേയ്ക്കിടണ്ട, മനുഷ്യര്‍ക്കത്രയും ഉപദ്രവം കുറഞ്ഞിരുന്നോട്ടെ എന്നു കരുതിക്കാണും.
കിണ്ടി തുറന്നു കിട്ടിയെങ്കിലും അതിലെ വെള്ളത്തിന്റെ അളവ് തീരെക്കുറവായതുകൊണ്ട് തുടര്‍ന്നുള്ള ശ്രമം പാഴ്‌വേല മാത്രമായിത്തീരുമെന്നും കാക്കയ്ക്കു കാണാന്‍ കഴിഞ്ഞു. ദാഹത്തിനിടയിലും പ്രായോഗികചിന്ത കാക്ക വെടിഞ്ഞില്ല.
കല്‍ച്ചട്ടിയിലെ വെള്ളം ചൂടുപിടിച്ചതും കാക്ക മനസ്സിലാക്കി. കൂടുതല്‍ ബുദ്ധിയുള്ള ഞാന്‍ അതു മനസ്സിലാക്കിയില്ല. തിളയ്ക്കുന്ന വെയിലിനിടയില്‍ ചൂടുവെള്ളം കുടിച്ചതുകൊണ്ടു പ്രയോജനമില്ലെന്നും കാക്ക അനുഭവത്തില്‍ നിന്നറിഞ്ഞിട്ടുണ്ടാകും. കല്‍ച്ചട്ടിയിലെ വെള്ളം തണുത്തിരിയ്ക്കുമ്പോഴൊക്കെ അതു കുടിച്ചിട്ടുമുണ്ടാകും, തീര്‍ച്ച. കാരണം, മാടത്തകളും പൂത്താങ്കീരികളും മാത്രമല്ല, കാക്കകളും അതില്‍ നിന്നു വെള്ളം കുടിയ്ക്കുന്നതു കണ്ടിട്ടുണ്ട്.
വെള്ളം കുടിയ്ക്കാനാകാതെ പറന്നു പോയ കാക്ക എങ്ങോട്ടായിരിയ്ക്കും പോയത്? വെള്ളം കിട്ടാതെ വലയുന്ന കുഞ്ഞുങ്ങള്‍ അതിനുണ്ടായിരിയ്ക്കുമോ? കൂട്ടിലേയ്ക്കായിരിയ്ക്കുമോ അതു പോയത്?
കുറച്ചുനാള്‍ മുന്‍പ് ഒരു ദിവസം ശ്രീമതി പറഞ്ഞതോര്‍ത്തു, ‘ചേട്ടാ, ഒരു ചൂലു വാങ്ങണം. ടെറസ്സടിയ്ക്കാന്‍ വച്ചിരുന്ന ചൂലു മുഴുവനും കാക്ക കൊണ്ടുപോയി തീര്‍ത്തു.’
കാക്ക ചൂലു കൊണ്ടു പോയെന്നോ? അതെങ്ങനെ?
സംഗതി ശരിയായിരുന്നു. ടെറസ്സില്‍ തുറന്നു കിടക്കുന്ന ട്രസ്സിന്റെ താഴെ, നിലത്താണ് ചൂലു വച്ചിരുന്നത്. മൃദുവായ പുല്ലുകൊണ്ടുള്ള ചൂലായിരുന്നു. പുതിയ ചൂല്. കാക്ക വന്ന് ചൂലില്‍ നിന്ന് ഇഷ്ടമുള്ള പുല്ല് തെരഞ്ഞെടുത്ത്, കൊക്കു കൊണ്ടു കൊത്തിയൊടിച്ച് പുല്ലുമായി പറന്നു പോകും. എവിടെയോ ഏതോ ഒരു മരത്തില്‍ അതു കൂടുണ്ടാക്കുന്നുണ്ട്. കുറേക്കഴിഞ്ഞ് വീണ്ടും വരും. ഈ കൂടുണ്ടാക്കല്‍ പ്രക്രിയ തുടങ്ങിയിട്ടു കുറച്ചു നാളായിരുന്നു. പുല്ലുകള്‍ ഒട്ടു മുക്കാലും നഷ്ടപ്പെട്ടതോടെ ചൂല് ശോഷിച്ചു. കാക്ക ചൂലില്‍ നിന്ന് പുല്ലു കൊത്തിക്കൊണ്ടു പോകുന്നത് ടെറസ്സില്‍ ദിവസേന കയറി നോക്കാറുള്ള ശ്രീമതി നേരില്‍ കാണുകയും ചെയ്തിരുന്നു. മനുഷ്യനു വീട് അത്യാവശ്യമായതു പോലെ കാക്കയ്‌ക്കൊരു കൂടും വേണമല്ലോ എന്നു വിചാരിച്ച് ശേഷിച്ച ചൂല് കാക്കയ്ക്കായി ഡെഡിക്കേറ്റു ചെയ്തുവെന്ന് അവള്‍ പറഞ്ഞു.
ചൂലില്‍ നിന്ന് കാക്ക ഒടിച്ചെടുത്തുകൊണ്ടു പോകുന്നത് ഏറ്റവും നല്ല പുല്ലുകളായിരുന്നെന്നും ശ്രീമതി പറഞ്ഞിരുന്നു. ബലക്കൂടുതലുള്ളവയും നാരുകള്‍ കുറഞ്ഞവയുമാണ് ചൂലില്‍ അവശേഷിയ്ക്കുന്നത്. ഒരു തുണിക്കടയില്‍ മനുഷ്യര്‍ ഇഷ്ടപ്പെട്ട തുണിത്തരങ്ങള്‍ തെരഞ്ഞെടുക്കുന്നതു പോലെ, കാക്ക ചൂല് ആകെപ്പാടെയൊന്നു പരിശോധിച്ച്, ഉള്ളതിലേറ്റവും നല്ലതു നോക്കി ഒടിച്ചെടുക്കുന്നു. 2007ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ആധുനികോപകരണങ്ങളുപയോഗിച്ചു കണ്ടെത്തിയതും ഇതു തന്നെ. ആസ്‌ട്രേലിയയ്ക്കടുത്ത് ശാന്തസമുദ്രത്തിലുള്ള ന്യൂ കാലിഡോണിയയിലെ കാക്കകള്‍ ഭക്ഷിയ്ക്കാനായി വിവിധതരത്തിലുള്ള പുല്ലുകളും തണ്ടുകളും കൊമ്പുകളും തിരഞ്ഞുപിടിച്ച് വളച്ചൊടിച്ചാണ് ശേഖരിയ്ക്കുന്നതെന്ന് അവര്‍ കണ്ടു.
എന്തായാലും പുതിയ ചൂലു വാങ്ങി. പണ്ട് ഇരുപതുറുപ്പികയ്ക്കു കിട്ടിയിരുന്ന ചൂലിനിപ്പോള്‍ വില നൂറ്റിരുപത്. പുതിയ ചൂല് ടെറസ്സില്‍ വച്ചില്ല. കൂടുണ്ടാക്കാനായി ചൂലില്‍ നിന്നു പുല്ലൊടിച്ചു കൊണ്ടുപോയും മറ്റും കഷ്ടപ്പെടാനിട വരുത്താതെ തന്നെ കാക്കകള്‍ക്കും കുരുവികള്‍ക്കുമായി കൂടുകളുണ്ടാക്കിക്കൊടുത്തു ശ്രീമതി. സണ്‍ഷേഡിന്റെ അടിയില്‍ ഘടിപ്പിച്ചിട്ടുള്ള കൊളുത്തുകളില്‍ മണ്‍ചട്ടികള്‍ തൂക്കിയിട്ടു. ചട്ടികള്‍ക്കകത്ത് ഉണങ്ങിയ ചകിരിനാരും ചൂലില്‍ ശേഷിച്ച പുല്ലുകളും മറ്റും കൊണ്ട് മൃദുവായ മെത്തയുണ്ടാക്കിയിരുന്നു.
മൂന്നിടത്ത് അത്തരം ചട്ടിക്കൂടുകള്‍ തൂക്കിയിട്ടിട്ടു നാളേറെയായി. ഇതുവരെ കാക്കയോ കുരുവിയോ ഒന്നും തന്നെ വന്ന് ഒരു ചട്ടിക്കൂടില്‍പ്പോലും താമസമാക്കിയിട്ടില്ല. തങ്ങള്‍ക്കാവശ്യമുള്ള കൂട് തങ്ങള്‍ തന്നെ നിര്‍മ്മിച്ചോളാം എന്നാണു പക്ഷികളുടെ നയമെന്നു തോന്നുന്നു. മനുഷ്യരുണ്ടാക്കിത്തരുന്ന കൂടിനോട് വിശ്വാസക്കുറവുമുണ്ടാകാം. മനുഷ്യരെ വിശ്വസിച്ചുപോകരുത് എന്ന അഭിപ്രായം പക്ഷികളുടെ ഇടയിലുണ്ടായിരിയ്ക്കുമോ എന്തോ.
ഓട്ടുകിണ്ടിയുടെ സ്റ്റീല്‍മൂടി കൊത്തിമാറ്റി വെള്ളം വലിച്ചു കുടിയ്ക്കുക, ചൂലില്‍ നിന്ന് മൃദുവായ പുല്ലുകള്‍ തിരഞ്ഞെടുത്ത് കൊത്തിയൊടിച്ചു കൊണ്ടു പോകുക, ആഹാരം നല്‍കുന്ന മനുഷ്യരേയും ഉപദ്രവിയ്ക്കാനിടയുള്ള മനുഷ്യരേയും തിരിച്ചറിയുക: ഇതൊക്കെ ചെയ്യാനുള്ള ബുദ്ധിശക്തി കാക്കകള്‍ക്കുണ്ടെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. കാക്കകളുടെ ബുദ്ധിശക്തി എന്നെ മാത്രമല്ല, ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷില്‍ റ്റോഡ് എന്നറിയപ്പെടുന്ന മരക്കുട്ടിത്തവളയുടെ ചില ഇനങ്ങള്‍ക്കു വിഷമുണ്ട്. അവയുടെ ത്വക്കിലുള്ള ഗ്രന്ഥികളുല്പാദിപ്പിയ്ക്കുന്ന വിഷമേല്‍ക്കാതെ തന്നെ തവളയെ ആഹരിയ്ക്കാന്‍ വേണ്ടി ആസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്റിലെ കാക്ക ചെയ്യാറുള്ള വിദ്യയും ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകര്‍ കണ്ടു പിടിച്ചു. കാക്ക ആദ്യംതന്നെ തവളയെ ശക്തിയായി മലര്‍ത്തിയടിയ്ക്കുന്നു. തവളയുടെ കഴുത്തിലുള്ള തൊലിയ്ക്കു കനം തീരെക്കുറവാണ്. മലര്‍ന്നു കിടന്നു പോകുന്ന തവളയുടെ കൃത്യം കഴുത്തില്‍ത്തന്നെ കാക്ക കൊത്തി മുറിയ്ക്കുന്നു. അനന്തരം അകത്തുള്ള, വിഷമില്ലാത്ത അവയവങ്ങള്‍ യഥേഷ്ടം ഭക്ഷിയ്ക്കുന്നു. വിഷബാധയേല്‍ക്കാതെ തന്നെ.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നാലു കാക്കകളില്‍ ഓരോന്നിനെക്കൊണ്ടും പരീക്ഷണം നടത്തി. ഒരു ഗ്ലാസ്സില്‍ പകുതിയോളം വെള്ളം. കൊക്കിനെത്താവുന്നതിലും താഴെ, വെള്ളത്തില്‍, ഒരു പുഴു. കാക്കകള്‍ക്ക് പുഴു ഇഷ്ടഭക്ഷണം. ഗ്ലാസ്സിനടുത്ത് കുറച്ചു കല്ലുകളും മറ്റു ചില വസ്തുക്കളും.
നാലു കാക്കകളും കല്ലുകള്‍ പെറുക്കി ഗ്ലാസ്സിലിട്ടു. ജലവിതാനം ഉയര്‍ന്നു. മൂന്നു കാക്കകള്‍ പുഴുവിനെ കൊത്തിയെടുത്ത് പുറത്തു വച്ചു തിന്നു. നാലാമത്തെ കാക്ക കല്ലുകളിട്ട് ജലവിതാനത്തെ ഉയര്‍ത്തിയെങ്കിലും പുഴുവിനെ കൊത്തിയെടുക്കാവുന്ന സ്ഥിതിയായപ്പോള്‍ ആ പുഴുവിനെ തനിയ്ക്കു വേണ്ടെന്നു വച്ചു പൊയ്ക്കളഞ്ഞു.
ഈസോപ്പുകഥ വായിച്ചിട്ടുള്ളവര്‍ക്ക് ഈ പരീക്ഷണത്തില്‍ വലിയ പുതുമയൊന്നും തോന്നുകയില്ല. രണ്ടര സഹസ്രാബ്ദമായി കാക്കകള്‍ കല്ലിട്ടു വെള്ളം കുടിയ്ക്കല്‍ നടത്തിപ്പോരുന്നു. പക്ഷേ സൂക്ഷ്മമായ മറ്റു ചില വസ്തുതകള്‍ കൂടി ഈ പരീക്ഷണത്തില്‍ വെളിപ്പെട്ടു. കാക്കകള്‍ നാലും ചെറിയ കല്ലുകളെ അവഗണിച്ച്, പകരം ജലവിതാനം എളുപ്പം ഉയര്‍ത്താനുതകുന്ന, വലിപ്പമേറിയ കല്ലുകളെ തിരഞ്ഞു പിടിച്ചിരുന്നു. ചെറിയ കല്ലുകള്‍ പെറുക്കി ഊര്‍ജ്ജവും സമയവും അവ പാഴാക്കിക്കളഞ്ഞില്ല. മാത്രമല്ല, പൊള്ളയായ സാധനങ്ങളേയും പൊന്തിക്കിടക്കാന്‍ വഴിയുള്ള വസ്തുക്കളേയും തങ്ങളുടെ ലക്ഷ്യത്തിന് ഉപയോഗശൂന്യമെന്നു തിരിച്ചറിഞ്ഞ് കാക്കകള്‍ നാലും അവയെ തൊടുക പോലും ചെയ്തിരുന്നില്ല.
പ്രശ്‌നപരിഹാരത്തിനുള്ള ബുദ്ധി കാക്കകള്‍ക്ക് അവസരത്തിനൊത്ത്, അനായാസേന പ്രാപ്യമായിരുന്നു എന്നു ചുരുക്കം. ഉപയോഗശൂന്യമായ പലതും ചെയ്തു ഊര്‍ജ്ജവും സമയവും കളയാറുള്ള നാം മനസ്സിലാക്കേണ്ട പലതും കാക്കയുടെ മേല്‍പ്പറഞ്ഞ പ്രവൃത്തികളിലുണ്ട്.
കല്ലുകള്‍ കൊത്തിയെടുത്ത് ഗ്ലാസ്സിലിടുകമാത്രമല്ല, കാക്കകള്‍ ചെയ്യുന്നത്. മറ്റുപകരണങ്ങള്‍ ഉപയോഗിയ്ക്കാനും അവയ്ക്കറിയാം. ഈ വിഷയത്തില്‍ ഡോക്ടര്‍ അലക്‌സ് ടെയ്‌ലര്‍ നടത്തിയ പരീക്ഷണം ചരിത്രം സൃഷ്ടിച്ച ഒന്നായിരുന്നു. ബീബീസി അതു ടെലിക്കാസ്റ്റു ചെയ്യുകപോലും ചെയ്തുവത്രെ. ഒരു മരക്കൊമ്പില്‍, ഒരു ചരടിന്മേല്‍ ഒരു ചെറിയ കോല്‍ തൂക്കിയിട്ടിരിയ്ക്കുന്നു. മൂന്നു അഴിക്കൂടുകള്‍ക്കുള്ളില്‍ മൂന്നു കല്ലുകള്‍. അല്പം ആഴമുള്ള ഒരു തട്ടില്‍ നീളമുള്ളൊരു കോല്‍. വേറൊരു കൂട്ടില്‍ കാക്കയ്ക്കിഷ്ടമുള്ള ഒരു ആഹാരക്കഷ്ണം. ഈ ആഹാരക്കഷ്ണമെടുക്കാന്‍ നീളമുള്ള കോല്‍ വേണം.
അവിശ്വസനീയമായ ബുദ്ധിപ്രയോഗമാണ് കാക്ക അവിടെ നടത്തിയത്. ആദ്യം തന്നെ മരക്കൊമ്പില്‍ കയറിയിരുന്ന്, ചരടുയര്‍ത്തി അതിന്റെ അറ്റത്തു നിന്ന് ചെറിയ കോല്‍ കൊത്തിവലിച്ച് ഊരിയെടുക്കുന്നു. ആ ചെറുകോലു കൊണ്ട് അഴിക്കൂടുകള്‍ക്കുള്ളിലുള്ള കല്ലുകള്‍ മൂന്നും തോണ്ടിയെടുക്കുന്നു. ഓരോ കല്ലും തട്ടിന്മേലിടുന്നു. മൂന്നു കല്ലുകളും തട്ടില്‍ വീണു കഴിയുമ്പോള്‍ കല്ലുകളുടെ ഭാരത്താല്‍ തട്ടു താഴുകയും അതിന്മേല്‍ നിന്ന് നീളമുള്ള കോല്‍ നിലത്തു വീഴുകയും ചെയ്യുന്നു. നിലത്തു വീണ കോല്‍ വലിച്ചെടുത്ത്, അതുപയോഗിച്ച് നാലാമത്തെ കൂട്ടിനുള്ളില്‍ വച്ചിരിയ്ക്കുന്ന ആഹാരക്കഷ്ണം തോണ്ടിയെടുക്കുന്നു, അത് അകത്താക്കുന്നു! ഇതിന്റെ വീഡിയോ താഴെ കൊടുക്കുന്ന യൂ ആര്‍ എല്ലില്‍ ലഭ്യമാണ്; കാണേണ്ടതു തന്നെയാണത്:
essay1_dec5_14.html Author: sunil_ms