അമിതമദ്യപാനാസക്തി

അമിതമദ്യപാനാസക്തിയെ വിട്ടുമാറാത്ത ഒരു രോഗം, ഒരു തീരാവ്യാധി, ആയി വേണം കാണാന്‍. മദ്യപിച്ചു വാഹനമോടിയ്ക്കുന്നതു വിലക്കുന്ന നിയമങ്ങളുടെ ലംഘനം, ഉദ്യോഗനഷ്ടം, ബന്ധങ്ങള്‍ തകരല്‍ എന്നിങ്ങനെയുള്ള കുഴപ്പങ്ങള്‍ അടിയ്ക്കടി നേരിട്ടിട്ടും അമിതമദ്യപാനാസക്തിയ്ക്ക് അടിമയായിത്തീര്‍ന്ന ഒരാള്‍ മദ്യത്തിന്നായി കൊതിച്ചുകൊണ്ടേയിരിയ്ക്കും. ശരീരം മദ്യത്തിന്റെ അടിമയാകുന്നതിനു പുറമേ, ജനിതകം, മാനസികം, സാംസ്കാരികം എന്നീ തലങ്ങളിലൂടെയും അമിതമദ്യപാനാസക്തി സ്വാധീനം ചെലുത്തുന്നു.

മദ്യത്തോടുള്ള ആസക്തിയും മദ്യപാനത്തിനു വിരാമമിടാനുള്ള കഴിവു നഷ്ടപ്പെടലുമാണ് അമിതമദ്യപാനാസക്തിയുടെ പതിവു ചിഹ്നങ്ങള്‍. മദ്യപിയ്ക്കാത്തപ്പോള്‍ വിഷാദവും തളര്‍ച്ചയും അനുഭവപ്പെട്ടു തുടങ്ങുന്നു. ഉത്സാഹമുണ്ടാകാന്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ അളവില്‍ മദ്യം അകത്തു ചെലുത്തേണ്ടിവരുന്നു. ഈ ചിഹ്നങ്ങള്‍ പ്രകടമായിത്തീര്‍ന്നാലും മദ്യപാനം തങ്ങള്‍ക്ക് പ്രശ്നങ്ങളെന്തെങ്കിലുമുണ്ടാക്കിയിട്ടുള്ള കാര്യം അവര്‍ ശക്തിയായി നിഷേധിയ്ക്കുക തന്നെ ചെയ്യുന്നു.

അമേരിക്കയില്‍ ഏകദേശം രണ്ടുകോടിയോളം ആളുകള്‍ അമിതമദ്യപാനാസക്തിയ്ക്ക് അടിമകളായിരിയ്ക്കുന്നെന്നു കണക്കുകള്‍ പറയുന്നു. ഏഴുകോടിയിലേറെ അമേരിക്കക്കാരുടെ കുടുംബങ്ങള്‍ അമിതമദ്യപാനാസക്തി ഒരു പ്രശ്നമെന്നനിലയില്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും കണക്കുകളില്‍ കാണുന്നു. അമേരിക്കയിലുണ്ടാകുന്ന റോഡപകടമരണങ്ങളില്‍ പകുതിയോളവും മദ്യപാനം മൂലമാണ് ഉണ്ടാകുന്നതും.

ലക്ഷണങ്ങള്‍

അമിതമദ്യപാനാസക്തിയുടെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്:

1) ഏകാന്തത്തിലും ഗോപ്യവുമായുള്ള മദ്യപാനം.

2) മദ്യത്തിന്നായുള്ള ആര്‍ത്തി.

3) മദ്യത്തിന്റെ അളവില്‍ നിയന്ത്രണം വരുത്താന്‍ സാധിയ്ക്കായ്ക.

4) ഓര്‍മ്മക്കുറവ് – സംഭവങ്ങളും സംഭാഷണങ്ങളും ഓര്‍ക്കാന്‍ സാധിയ്ക്കായ്ക.

5) പതിവു സമയത്ത് മദ്യപാനം നടത്താന്‍ സാധിയ്ക്കാതെ വരുമ്പോള്‍ അസ്വസ്ഥനാകുക.

6) നിയമപ്രശ്നങ്ങള്‍ക്കു വഴി വയ്ക്കുക.

7) ബന്ധങ്ങള്‍ നിലനിര്‍ത്താനും ജോലിയില്‍ തുടരാനും ബുദ്ധിമുട്ടനുഭവപ്പെടുക.

8) മദ്യപാനം നിര്‍ത്തുമ്പോള്‍ തളര്‍ച്ച, വിറയല്‍, വിയര്‍ക്കല്‍, ഉത്കണ്ഠ, മനം‌ പിരട്ടല്‍ എന്നിവ അനുഭവപ്പെടുക.

9) കരള്‍‌രോഗം

ആപത്ഘടകങ്ങള്‍

ഒരു കുടുംബചരിത്രത്തില്‍ അമിതമദ്യപാനാസക്തിയുണ്ടായിട്ടുണ്ടെങ്കില്‍ ആ കുടുംബത്തിലെ പുതുതലമുറകളിലും അമിതമദ്യപാനാസക്തിയുണ്ടാകാനുള്ള സാദ്ധ്യത മറ്റു കുടുംബങ്ങളിലേതിനേക്കാള്‍ കൂടുതലാണ്. അമിതമദ്യപാനാസക്തിയിലേയ്ക്കു വഴിതെളിച്ചേയ്ക്കാനിടയുള്ള മറ്റു ചില ഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്:

1) ബാല്യത്തിലുണ്ടായ രണ്ടോ അതിലധികമോ തിക്താനുഭവങ്ങള്‍.

2) പതിനാറു വയസ്സിലോ അതിനു മുര്‍പു തന്നെയോ മദ്യപാനം തുടങ്ങാനിട വരുന്നത്.

3) ഒന്നോ രണ്ടോ അളവിലും കൂടുതലുള്ള, ദിവസേനയുള്ള മദ്യപാനം.

4) പുകവലി പ്രത്യേകിച്ചും കൌമാരത്തില്‍.

5) അത്യധികമായ മാനസികസംഘര്‍ഷം.

6) മുന്‍പു മുതല്‍ക്കേയുള്ള വിഷാദം, ഉത്കണ്ഠ.

7) വനിതകളേക്കാള്‍ കൂടുതല്‍ അമിതമദ്യപാനാസക്തി പുരുഷന്മാര്‍‍ക്കാണുണ്ടാവുക.

8) ശിഥിലമായ കുടുംബബന്ധങ്ങള്‍.

രോഗനിര്‍ണ്ണയം

അമിതമദ്യപാനാസക്തിയുടെ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടായിട്ടുണ്ടെങ്കില്‍, ഡോക്ടറെ കാണാന്‍ വൈകരുത്. രോഗനിര്‍ണ്ണയം നടത്താനും, നിങ്ങള്‍ക്കേറ്റവും അനുയോജ്യമായ ചികിത്സയേതെന്നു തീരുമാനിയ്ക്കാനും ഡോക്ടര്‍ നിങ്ങളെ സഹായിയ്ക്കും. നിങ്ങളുടെയൊരു സുഹൃത്തിനോ ഉറ്റവരിലാര്‍ക്കെങ്കിലുമോ അമിതമദ്യപാനാസക്തിയുണ്ടെന്നു നിങ്ങള്‍ സംശയിയ്ക്കുന്നുണ്ടെങ്കില്‍, അവരതു നിഷേധിയ്ക്കാനാണു സാദ്ധ്യത. അവര്‍ സ്വയം ചികിത്സ തേടാനും സാദ്ധ്യതയില്ല. സഹായം തേടേണ്ടതിന്റെ ആവശ്യകത നിങ്ങളും നിങ്ങളുടെ മറ്റു സുഹൃത്തുക്കളും മറ്റു കുടുംബാംഗങ്ങളും അവരെ ബോദ്ധ്യപ്പെടുത്തേണ്ടി വന്നേയ്ക്കാം.

ഡോക്ടര്‍ ചോദിയ്ക്കാന്‍ സാദ്ധ്യതയുള്ള ചില ചോദ്യങ്ങളിവയാണ്:

1) നിങ്ങള്‍ കുടിയ്ക്കുന്ന മദ്യത്തിന്റെ അളവില്‍ കുറവു വരുത്തേണ്ടതുണ്ടെന്ന് നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

2) നിങ്ങള്‍ കുടിയ്ക്കുന്ന മദ്യത്തിന്റെ അളവില്‍ കുറവു വരുത്തണമെന്ന് നിങ്ങളുടെ ഭാര്യയോ സുഹൃത്തോ സഹപ്രവര്‍ത്തകനോ നിങ്ങളോടു പറയുകയും അതു നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്തിട്ടുണ്ടോ?

3) നിങ്ങൾ കുടിയ്ക്കുന്ന മദ്യത്തിന്റെ അളവ് അധികമാണ് എന്ന കുറ്റബോധം നിങ്ങൾക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

4) തലേദിവസത്തെ മദ്യപാനം മൂലമുണ്ടായ മന്ദതയകറ്റാനോ വിറയലകറ്റാനോ ദിവസത്തിനൊരു തുടക്കമിടാനോ വേണ്ടി രാവിലേ തന്നെ എന്നെങ്കിലും നിങ്ങള്‍ മദ്യപാനം നടത്തിയിട്ടുണ്ടോ?

5) മേല്‍ക്കൊടുത്തിരിയ്ക്കുന്ന ചോദ്യങ്ങളില്‍ രണ്ടെണ്ണത്തിനെങ്കിലും നിങ്ങള്‍ നല്‍കിയിരിയ്ക്കുന്ന ഉത്തരം “ഉവ്വ്” എന്നാണെങ്കില്‍ അമിതമദ്യപാനാസക്തി ഒരു രോഗമെന്ന നിലയില്‍ നിങ്ങളെ ബാധിച്ചിട്ടുണ്ട് എന്നു തീര്‍ച്ചപ്പെടുത്താം.

രക്തപരിശോധനയില്‍ അടുത്തിടെ നടന്ന മദ്യപാനം മാത്രമേ കാണുകയുള്ളു. അതുകൊണ്ട് രക്തപരിശോധന ഫലപ്രദമല്ല. അതുകൊണ്ട് നിങ്ങളുടെ ഡോക്ടര്‍ കരളിന്റെ പ്രവര്‍ത്തനക്ഷമത അളക്കുന്നതിന്നാവശ്യമായ ടെസ്റ്റുകള്‍ നടത്താന്‍ കല്‍‌പ്പിച്ചെന്നു വരാം. കരളിന്ന് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ, ഉണ്ടെങ്കിലെത്ര എന്നു നിര്‍ണ്ണയിയ്ക്കാന്‍ ഈ ടെസ്റ്റുകള്‍ സഹായിയ്ക്കും.

മദ്യപാനത്തിന്റെ അളവ്

14 ഗ്രാം ശുദ്ധമായ ആല്‍ക്കഹോളിനെയാണ് ഒരളവു മദ്യം അഥവാ one drink ആയി കണക്കാക്കുന്നത്. (ഒരു പക്ഷേ ഈ അളവു തന്നെയായിരിയ്ക്കാം ഒരു ‘പെഗ്ഗ്’ എന്നറിയപ്പെടുന്നത് – വിവര്‍ത്തകന്‍.) ഒരളവു മദ്യം 354 മില്ലിലിറ്റര്‍ (12 ഔണ്‍സ്) ബിയറിനും 147 മില്ലിലിറ്റര്‍ (5 ഔണ്‍സ്) വൈനിനും 44 മില്ലിലിറ്റര്‍ (1.5 ഔണ്‍സ്) ഹാര്‍ഡ് ലിക്കറിനും തുല്യമാണ്.

കുടിയ്ക്കുന്ന മദ്യത്തിന്റെ അളവാണ്, മദ്യത്തിന്റെ തരമല്ല, മദ്യപിയ്ക്കുന്നയാളെ സ്വാധീ‍നിയ്ക്കുന്നത്. ബിയറും വൈനും ഹാര്‍ഡ് ലിക്കറിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമോ കുറഞ്ഞ ഉപദ്രവകാരിയോ അല്ല; അവയുടെ ഒരൌണ്‍സിലുള്ള ആല്‍ക്കഹോളിന്റെ അളവ് താരത‌മ്യേന കുറവാണ് എന്നുമാത്രം.

ഒരു പുരുഷന്‍ ഒരു ദിവസം രണ്ടളവു മദ്യം (two drinks) വരെ കഴിയ്ക്കുന്നത് മിത‌മദ്യപാനത്തിന്റെ നിര്‍വ്വചനത്തില്‍ പെടുന്നു. ഒരു സ്ത്രീയ്ക്കിത് ഒരളവു മദ്യമാണ്. ഇത്തരം മിത‌മദ്യപാനം ചിലര്‍ക്കെങ്കിലും ആരോഗ്യപരമായി ഗുണകരമായെന്നു വരാം. പ്രത്യേകിച്ചും ഹൃദയരോഗസാദ്ധ്യതയുള്ള പ്രായം ചെന്നവര്‍ക്ക്. സ്തനാര്‍ബുദസാദ്ധ്യതയുള്ള വനിതകളുള്‍പ്പെടെയുള്ള മറ്റുള്ളവര്‍ക്ക് മിത‌മദ്യപാനം പോലും അപകടകരമായെന്നു വരാം.

ചെറിയ അളവിലുള്ള മദ്യപാനം പോലും ചില സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കേണ്ടതാണ്. വാഹനമോടിയ്ക്കുന്നതിനു തൊട്ടു മുന്‍പും, ആല്‍ക്കഹോളുമായി പ്രതിപ്രവര്‍ത്തിയ്ക്കാനിടയുള്ള മരുന്നുകള്‍ കഴിച്ചിരിയ്ക്കുമ്പോഴും മദ്യപാനം പാടില്ല. മദ്യപാനം മൂലം കൂടുതല്‍ ഗുരുതരമായേയ്ക്കാവുന്ന ഒരസുഖം നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളിലും മദ്യം വര്‍ജ്ജിയ്ക്കേണ്ടതാണ്. ഗര്‍ഭിണികള്‍ക്കും മദ്യപാനം നന്നല്ല.

മുന്‍പു സൂചിപ്പിച്ച അളവുകളേക്കാളധികം മദ്യം ദിവസേന കഴിയ്ക്കുന്നത് അമിതമദ്യപാനമായി കണക്കാക്കണം. താഴെപ്പറയുന്ന അളവുകള്‍ അമിതമദ്യപാനാസക്തിയിലേയ്ക്കു മാത്രമല്ല, ഗുരുതരമായ രോഗങ്ങളിലേക്കും നയിയ്ക്കാനിടയുണ്ട്:

1) പുരുഷന്മാര്‍ – ദിവസേന നാലിലേറെയോ, ആഴ്ചയില്‍ പതിന്നാലിലേറെയോ അളവു മദ്യം കഴിയ്ക്കുന്നത്.

2) സ്ത്രീകള്‍ – ദിവസേന മൂന്നിലേറെയോ, ആഴ്ചയില്‍ ഏഴിലേറെയോ അളവു മദ്യം കഴിയ്ക്കുന്നത്.

കാരണങ്ങള്‍

ശരീരത്തിലെ കേന്ദ്രനാഡീവ്യൂഹത്തിലേതുള്‍പ്പെടെയുള്ള മിയ്ക്കവാറും എല്ലാത്തരം കോശങ്ങളേയും ആല്‍ക്കഹോള്‍ പ്രതികൂലമായി ബാധിയ്ക്കുന്നു. ദീര്‍ഘകാലത്തെ മദ്യപാനം മസ്തിഷ്കത്തെ മദ്യത്തില്‍ ആശ്രിതമാക്കി മാറ്റുന്നു. ജനിതകവും മാനസികവുമായ ഘടകങ്ങളും ജീവിതസാഹചര്യങ്ങളും അമിതമദ്യപാനാസക്തിയെ സ്വാധീനിയ്ക്കുന്നവയാണ്; അവയ്ക്കനുസൃതമായിരിയ്ക്കും അമിതമദ്യപാനാസക്തിയുടെ വികാസം.

മസ്തിഷ്കത്തിനു ദോഷം

അമിതമദ്യപാനം മസ്തിഷ്കത്തിലെ രാസദൂതകോശങ്ങളുമായി ആള്‍ക്കഹോള്‍ പ്രതിപ്രവര്‍ത്തിച്ചുകൊണ്ട് മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെത്തന്നെ മാറ്റിമറിയ്ക്കുന്നു. ഈ മാറ്റങ്ങളെല്ലാം തന്നെ മസ്തിഷ്കത്തിന്റെ സമതുലിതാവസ്ഥയെ നശിപ്പിയ്ക്കുന്നു.

പ്രതിരോധനടപടികള്‍

നിങ്ങൾ മദ്യപിയ്ക്കുന്നുണ്ടെങ്കില്‍ അതു മിതമായ തോതിലാക്കുക.

അമിതമദ്യപാനാസക്തി തടയാനുള്ള നടപടികള്‍ നേരത്തേ തന്നെ തുടങ്ങണം.

കൗമാരപ്രായത്തിലുള്ളവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇത്തരക്കാരുടെ കാര്യത്തില്‍ താഴെപ്പറയുന്ന ശ്രമങ്ങള്‍ നടത്താവുന്നതാണ്:

1) കൗമാരപ്രായത്തിലുള്ള മകന്റെ അഥവാ മകളുടെ ജീവിതത്തിലും ഭാവിയിലും നിങ്ങള്‍ തത്പരനും ശ്രദ്ധാലുവുമായിരിയ്ക്കുക.

2) മദ്യത്തിന്റേയും മയക്കുമരുന്നുകളുടേയും വ്യാപകമായ സ്വാധീനത്തേയും അവയുണ്ടാക്കുന്ന ആപത്തുകളേയും പറ്റി നിങ്ങളുടെ കുട്ടികളോട്, പ്രത്യേകിച്ചും കൗമാരപ്രായത്തിലുള്ളവരോട്, തുറന്നു സംസാരിയ്ക്കുക.

3) മദ്യവും മയക്കുമരുന്നും ഉപയോഗിയ്ക്കാതിരിയ്ക്കണമെന്ന വ്യക്തവും അലംഘനീയവുമായ നിബന്ധനകള്‍ പ്രവര്‍ത്തിപഥത്തില്‍ വരുത്തുക.

4) നിങ്ങള്‍ സ്വയം ഒരു മാതൃകയാകുക – മദ്യം, മയക്കുമരുന്ന്, പുകവലി – ഇവയെല്ലാം വര്‍ജ്ജിയ്ക്കുക.

5) പുകവലിയ്ക്കാതിരിയ്ക്കാന്‍ നിങ്ങളുടെ കുട്ടികളെ നിര്‍ബന്ധിയ്ക്കുക.

6) കായികവിനോദങ്ങള്‍, സംഗീതം, കല എന്നിവയിലും അതുപോലുള്ള മറ്റു പ്രവര്‍ത്തനങ്ങളിലും തത്പരരാകാന്‍ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിയ്ക്കുക.

7) നിങ്ങളുടെ കൗമാരപ്രായക്കാരായ മക്കള്‍ എവിടെയാണെന്നു കൃത്യമായി അറിഞ്ഞുവയ്ക്കുകയും, അവര്‍ സദാസമയവും പ്രായപൂര്‍ത്തിയായ ആരുടേയെങ്കിലും മേട്ടത്തില്‍ കീഴിലാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

8) അക്രമാസക്തി, കോപം, വിഷാദം, മോശമായ സ്കൂള്‍ പഠനം, ഇവ കുട്ടികള്‍ പ്രദര്‍ശിപ്പിയ്ക്കുന്നുണ്ടോ എന്നു സദാസമയവും നിരീക്ഷിയ്ക്കുക. ഈ ലക്ഷണങ്ങള്‍ പ്രകടമാണെങ്കില്‍, മദ്യം അവയ്ക്കൊരു കാരണമായിത്തീര്‍ന്നിട്ടുണ്ടോ എന്നും പരിശോധിയ്ക്കുക.

9) മദ്യപിച്ചുകൊണ്ട് ഒരിയ്ക്കലും കാറോടിയ്ക്കരുത്. മദ്യപിച്ച ഒരാള്‍ ഓടിയ്ക്കുന്നൊരു കാറില്‍ നിങ്ങളുടെ കൗമാരക്കാരനായ മകന്‍ യാത്ര ചെയ്യാനിടവരാതെ ശ്രദ്ധിയ്ക്കണം.

ചികിത്സാസമീപനം

അമിതമദ്യപാനാസക്തിയ്ക്കുള്ള ചികിത്സയിലെ പ്രഥമവും പ്രധാനവുമായ ചുവടുവയ്പ് നിങ്ങള്‍ക്ക് അസുഖമുണ്ട് എന്ന തിരിച്ചറിയലാണ്. അമിതമദ്യപാനാസക്തിയ്ക്ക് അടിമപ്പെട്ടിരിയ്ക്കുന്ന വ്യക്തിയെ ചികിത്സയ്ക്കു വിധേയമാകാന്‍ കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും സ്നേഹപൂര്‍വ്വം നിര്‍ബന്ധിയ്ക്കണം. ചികിത്സ ശാരീരികം മാത്രമല്ല, മാനസികം കൂടിയാകണം. ആശുപത്രിയില്‍ കിടന്നുള്ള ചികിത്സയും മിക്കപ്പോഴും ആവശ്യമായെന്നു വരാം. സാധാരണയായി ആശുപത്രിയിലോ കേന്ദ്രത്തിലോ 28 ദിവസത്തോളം താമസിയ്ക്കേണ്ടി വന്നേയ്ക്കാം. ആരംഭത്തിലെ നാലു മുതല്‍ ഏഴു ദിവസം വരെ വിഷമാലിന്യമുക്തമാക്കലും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ക് സംഘം ചേര്‍ന്നുള്ള മദ്യവര്‍ജ്ജനശ്രമങ്ങളുമാണുണ്ടാകുക. ആശുപത്രിയില്‍ താമസിച്ചുകൊണ്ടുള്ള ചികിത്സ ഗോപ്യമായിട്ടായിരിയ്ക്കും നടത്തുക. മദ്യപാനത്തിന്ന് അടിമയായിത്തീര്‍ന്ന വ്യക്തി സ്വയം ശക്തിനേടാനുള്ള ശ്രമങ്ങളിലേര്‍പ്പെടുമ്പോള്‍ ഉറ്റ ബന്ധുക്കള്‍കൂടി അവയില്‍ പങ്കുവഹിയ്ക്കേണ്ടി വരുന്നതു സാധാരണയാണ്. രോഗി പതിവായി വ്യായാമം ചെയ്യുകയും വേണം; മദ്യത്തോടുള്ള ആസക്തിയ്ക്ക് വ്യായാമം കുറവു വരുത്തും.

മരുന്നുകള്‍

ഡോക്ടര്‍ താഴെപ്പറയുന്ന മരുന്നുകളായിരിയ്ക്കാം വിധിയ്ക്കുക:

ബെര്‍സോഡയാസെപ്പീൻസ്

മദ്യപാനാസക്തിയില്‍ നിന്നു പിന്‍‌വാങ്ങാനായി തുടക്കത്തിലെ ദിവസങ്ങളില്‍ താഴെപ്പറയുന്ന ഉറക്കുമരുന്നുകള്‍ എഴുതിയെന്നു വരാം:

1) ഡയാസെപാം (വാലിയം)

2)ഡയാസെപ്പോക്സിഡ് (ലിബ്രിയം)

3) ലോറാസെപ്പം (ആറ്റിവൻ)

4)ഓക്സാസെപ്പം (സെറാക്സ്)

മാനസികവിക്ഷോഭങ്ങളും വിഷാദവും കുറയ്ക്കാനായി താഴെപ്പറയുന്ന മരുന്നുകളും സഹായകമാകും. മാത്രമല്ല, ബെന്‍സോഡയാസെപ്പീര്‍സിനെപ്പോലെ ഈ മരുന്നുകള്‍ ദുരുപയോഗിയ്ക്കാന്‍ സാദ്ധ്യവുമല്ല:

1) കാര്‍ബാമസെപ്പീല്‍ (ടെഗ്രറ്റോൾ)

2) വാൽ‌പ്രിയോക് ആസിഡ് (ഡെപ്പക്കോട്ട്)

3) ഫിനൈറ്റോയില്‍ (ഡിലാന്റിൻ)

4) ഗാബാപെന്റിന്‍ (ന്യൂറോന്റില്‍)

5) ബാക്ലോഫന്‍ (ലയോറെസൽ, ലയോറെസാൽ ഇൻ‌ട്രാതെക്കാൽ, ഗാബ്ലോഫൻ)

ആവര്‍ത്തിച്ചുള്ള രോഗബാധ തടയാന്‍

നാൽട്രെക്സോൺ (റെവിയ, വിവിട്രോൾ) – കൌണ്‍സലിംഗോടുകൂടിയാണ് ഇതുപയോഗിയ്ക്കേണ്ടത്. മദ്യത്തോടുള്ള ആസക്തി കുറയ്ക്കാനും, മദ്യപാനത്തിലേയ്ക്കുള്ള തിരിച്ചുപോക്കു തടയാനും ഇതു സഹായിയ്ക്കും. റെവിയയോ വിവിട്രോളോ ഉപയോഗിയ്ക്കുമ്പോള്‍ അവ മസ്തിഷ്കത്തിലെ സ്വീകരണോപകരണങ്ങളെ തടയുകയും അതുവഴി മദ്യം മൂലമുണ്ടാകുന്ന ലഹരി അനുഭവിയ്ക്കുക അസാദ്ധ്യമാക്കുകയും ചെയ്യുന്നു. തുടക്കത്തിലെ വിഷമാലിന്യമുക്തമാക്കലിനു ശേഷം മാത്രമേ ഈ മരുന്നുകള്‍ കഴിയ്ക്കാവൂ.

എക്കാം‌പ്രൊസേയ്റ്റ് (കാം‌പ്രര്‍) – മസ്തിഷ്കത്തിനുള്ളിലെ രാസസമതുലിതാവസ്ഥ പുനഃസ്ഥാപിയ്ക്കാന്‍ ഇതു സഹായിയ്ക്കും. ഇതും കൌണ്‍സലിംഗിനോടൊപ്പം ഉപയോഗിയ്ക്കുന്നതാണു നല്ലത്.

ഡൈസന്‍ഫിറം (ആന്റബ്യൂസ്) – മദ്യം കഴിയ്ക്കുമ്പോള്‍ മനം‌പുരട്ടല്‍, ഛര്‍ദ്ദി, മറ്റ് അസ്വാസ്ഥ്യജനകമായ പ്രതികരണങ്ങള്‍ ഇവയുണ്ടാക്കുകയും അതിലൂടെ മദ്യപാനം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

ആഹാരം

ദീര്‍ഘകാലത്തെ മദ്യപാനം രുചിയെ നശിപ്പിയ്ക്കുകയും പ്രധാനപ്പെട്ട പോഷകാംശങ്ങളെ വലിച്ചെടുക്കുന്നതില്‍ നിന്നു ശരീരത്തെ തടയുകയും ചെയ്യുന്നു. തത്ഫലമായി പലതരം വൈറ്റമിനുകളും ലവണങ്ങളും ആവശ്യമുള്ള അളവില്‍ ശരീരത്തില്‍ ലഭ്യമല്ലാതാകുന്നു. അവയുടെ കുറവു നികത്തി ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി അതിനു സഹായകമായ മറ്റാഹാരങ്ങള്‍ – പൂരകങ്ങള്‍ – കഴിയ്ക്കാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചെന്നു വരാം. വൈറ്റമിന്‍ ബി കോം‌പ്ലക്സ്, വൈറ്റമിന്‍ സി, സെലീനിയം, മഗ്നീഷ്യം, സിങ്ക് എന്നിവയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്രദമായവ. കാര്‍ണിറ്റിന്‍, ഗ്ലൂട്ടമിന്‍, ഗ്ലൂട്ടത്തയോണ്‍ എന്നീ അമിനാമ്ലങ്ങളുടെ (അമൈനോ ആസിഡുകള്‍) അനുയോജ്യമായൊരു മിശ്രിതം മദ്യത്തോടുള്ള ആസക്തിയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും കുറയ്ക്കുകയും, അമിതമദ്യപാനം മൂലമുള്ള മാനസികസംഘര്‍ഷം ലഘൂകരിയ്ക്കുകയും ചെയ്യും.

തയാമിന്‍ (വൈറ്റമിന്‍ ബി1) –തയാമിന്‍ അടങ്ങിയിരിയ്ക്കുന്ന പ്രത്യേകാഹാരങ്ങള്‍ കഴിയ്ക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചെന്നു വരാം. അമിതമദ്യപാനം തയാമിനിന്റെ കുറവുണ്ടാക്കുന്നു. തയാമിനിന്റെ കുറവ് വേർനിക്ക്-കോഴ്സക്കോഫ് സിന്‍ഡ്രോം എന്ന ഗുരുതരമായ മസ്തിഷ്കരോഗത്തിനു കാരണമായേയ്ക്കാം.

അമിതമദ്യപാനം നടത്തുന്നവരില്‍ വൈറ്റമിന്‍ ഏ യുടെ കുറവുണ്ടാകുക സാധാരണയാണ്. എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഇത്തരം പോഷകങ്ങള്‍ക്കായുള്ള പൂരകാഹാരങ്ങള്‍ കഴിയ്ക്കാവൂ. വൈറ്റമിന്‍ ഏയുടെ അളവു കൂടുന്നത് കരളിനെ പ്രതികൂലമായി ബാധിയ്ക്കും. അമിതമദ്യപാനം പതിവാക്കിയിരിയ്ക്കുന്നവരില്‍ കരള്‍‌രോഗമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

ഔഷധസസ്യങ്ങള്‍

ശരീരത്തെ പുഷ്ടിപ്പെടുത്താനും രോഗങ്ങളെ ശമിപ്പിയ്ക്കാനും നൂറ്റാണ്ടുകളായി ഔഷധസസ്യങ്ങളെ ഉപയോഗിച്ചുപോരുന്നു. എന്നിരുന്നാലും പല ഔഷധസസ്യങ്ങള്‍ക്കും പാര്‍ശ്വഫലങ്ങളുണ്ട്. മാത്രമല്ല, അവ മറ്റ് ഔഷധങ്ങളെ നിര്‍വീര്യമാക്കുകയോ അവയുമായി പ്രതിപ്രവര്‍ത്തിയ്ക്കുകയോ ചെയ്തെന്നും വരാം. ഇക്കാരണങ്ങളാല്‍ ഒരാരോഗ്യവിദഗ്ദ്ധന്റെ മേല്‍നോട്ടത്തില്‍ മാത്രമേ അവ അമിതമദ്യപാനാസക്തിയുടെ ചികിത്സയില്‍ ഉപയോഗപ്പെടുത്താവൂ. മാത്രമല്ല, ഔഷധസസ്യങ്ങള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് അമിതമദ്യപാനാസക്തിയ്ക്കുള്ള ചികിത്സ നടത്താന്‍ തുനിയരുത്.

1) കീഴാര്‍നെല്ലി (Milk Thistle – Silybum marianum) – കരളിനുള്ള ചികിത്സയില്‍ ഇതു പതിവായി ഉപയോഗിയ്ക്കാറുണ്ട്. മദ്യപാനം കൊണ്ടുണ്ടാകുന്ന കരള്‍‌രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ കീഴാര്‍നെല്ലി ഗണ്യമായ പുരോഗതി കൈവരിച്ചതായി ചില പഠനങ്ങളില്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്. മദ്യം കൊണ്ടുണ്ടായ ലഘുവായ കരള്‍‌രോഗമുള്ളവര്‍ക്കാണ് കീഴാര്‍നെല്ലി കൂടുതല്‍ ഫലപ്രദമായി കണ്ടിട്ടുള്ളത്. എന്നാല്‍ ഗുരുതരമായ കരള്‍‌വീക്കം (സിറോസിസ്) മൂലം കരളിന് പരിഹരിയ്ക്കാനാകാത്ത വൈകല്യങ്ങള്‍ ഉണ്ടായിക്കഴിഞ്ഞവരില്‍ കീഴാര്‍നെല്ലി ഫലപ്രദമാകാറില്ല. കീഴാര്‍നെല്ലിയിലെ ചില മിശ്രിതങ്ങള്‍ എസ്ട്രജനോടു രാസപരമായി സാമ്യമുള്ളതായതിനാല്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ അനുമതിയോടെ മാത്രമേ കീഴാര്‍നെല്ലിയടങ്ങിയ പൂരകങ്ങള്‍ കഴിയ്ക്കാവൂ.

2) കുഡ്സു (Pueraria lobata) – ചൈനീസ് ചികിത്സാസമ്പ്രദായത്തില്‍ അമിതമദ്യപാനാസക്തിയുടെ ചികിത്സയ്ക്കായി പതിവായി ഉപയോഗിയ്ക്കുന്ന ഈ ഔഷധസസ്യം മൃഗങ്ങളില്‍ പ്രയോഗിച്ചുള്ള പഠനങ്ങളില്‍ നിന്നു കിട്ടുന്ന സൂചന മദ്യത്തോടുള്ള ആര്‍ത്തി കുറയ്ക്കാനതു സഹായകമാണെന്നാണ്. മനുഷ്യരില്‍ നടത്തിയ ഒരു പഠനത്തില്‍ ഗുണഫലങ്ങളുള്ളതായി കണ്ടില്ല. പക്ഷേ മറ്റൊരു പഠനത്തില്‍ കുഡ്സു അടങ്ങിയ പൂരകങ്ങല്‍ ഏഴുദിവസം തുടര്‍ച്ചയായി കഴിച്ച വ്യക്തികള്‍ കുടിച്ച ബിയറിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായതായി കണ്ടു. രക്തത്തിന്റെ ഘനം കുറയ്ക്കാനുള്ള മരുന്നുകളും മീതോട്രെക്സേറ്റും, പ്രമേഹത്തിനുള്ള മരുന്നുകളും എസ്ട്രജനുകളുമായും കുഡ്സു പ്രതിപ്രവര്‍ത്തിയ്ക്കാനുള്ള സാദ്ധ്യതയുണ്ട്.

3) ജമന്തി (Dandelion – Taraxacum officinale). കരള്‍സംബന്ധമായ അസുഖങ്ങള്‍ക്ക് പരമ്പരാഗതമായിത്തന്നെ ഉപയോഗിച്ചു പോരുന്ന ജമന്തി മദ്യപാനാസക്തി മൂലമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ക്കും ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. കീഴാര്‍നെല്ലിയുമായി ചേര്‍ത്താണ് ജമന്തി സാധാരണയായി ഉപയോഗിയ്ക്കാറ്. ലിഥിയം ഉള്‍പ്പെടെയുള്ള പല മരുന്നുകളുമായി ജമന്തി പ്രതിപ്രവര്‍ത്തിയ്ക്കാനുള്ള സാദ്ധ്യതയുള്ളതുകൊണ്ട് സൂക്ഷിയ്ക്കുക.

സന്തോഷവാര്‍ത്ത

അമിതമദ്യപാനാ‍സക്തി ഗുരുതരമായ ഒരവസ്ഥയാണ്, അതു മരണത്തിലേയ്ക്കു പോലും നയിച്ചേയ്ക്കാവുന്ന പല പ്രത്യാഘാതങ്ങളുമുണ്ടാക്കും എന്നിരിയ്ക്കിലും അമിതമദ്യപാനാസക്തി ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നാണ്. നിങ്ങളോ നിങ്ങള്‍ സ്നേഹിയ്ക്കുന്ന ആരെങ്കിലുമോ ഈ ദുഃസ്ഥിതിയില്‍ ചെന്നുപെട്ടിട്ടുണ്ടെങ്കില്‍ വിദഗ്ദ്ധ വൈദ്യസഹായം തേടാന്‍ മടി കാണിയ്ക്കരുത്.

(യൂണിവേഴ്സിറ്റി ഓഫ് മെരിലാന്റ് മെഡിക്കല്‍ സെന്ററിന്റെ വെബ്സൈറ്റിലുണ്ടായിരുന്ന ഒരു ലേഖനത്തിലെ പ്രസക്തഭാഗങ്ങളുടെ സ്വതന്ത്രവിവര്‍ത്തനമാണ് മുകളില്‍ കൊടുത്തിരിയ്ക്കുന്നത്. ഈ ലേഖനം വായിച്ച് സ്വയം ചികിത്സിയ്ക്കാന്‍ മുതിരരുത്. ചികിത്സയെപ്പോഴും ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരിയ്ക്കണം – വിവര്‍ത്തകന്‍.)

Generated from archived content: essay1_dec28_13.html Author: sunil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here