ഹുയാൻസാങ്ങിന്റെ കൂട്ടുകാരി

പഴയ പുസ്‌തകതാളിൽ നിന്ന്‌

പലവട്ടം അയാളിറങ്ങി വന്നു.

കൂർത്ത തൊപ്പിയും

കുറിയ കണ്ണുകളും

നേർത്ത താടിരോമങ്ങളുമുളള

ഒരാൾ…

കണ്ണിറുക്കി കാട്ടി

കവിളിൽ തലോടി

കണ്ണടച്ചു തുറക്കും മുമ്പേ

അയാൾ തിരികെ പോയിരിക്കും.

കനത്ത നിശബ്‌ദതയെ

അരിച്ചു തിന്നുന്ന

വായനശാലയിലെ

ക്ലോക്കിൽ നിന്ന്‌

ചില പായ്‌ക്കപ്പലുകൾ

തിരമാലകളിലേക്ക്‌

ഒഴുകിയിറങ്ങും.

ചരിത്രത്തിൽ നിന്ന്‌ തിരികെ വിളിച്ച്‌

അടുത്ത കൂട്ടുകാരിയോ

മണിയടിയൊച്ചയോ

വേഗം കയറി വരും

വൻമതിലിന്റെ ആകാശങ്ങളിലൂടെ

ഒരമ്പല പ്രാവ്‌

കുറുകി പറക്കും.

ഹൃദയവേരറുത്തിന്നലെ

കാറ്റിന്റെ ചിറകിലേക്ക്‌

പറത്തി വിട്ടേച്ചു ഞാൻ

തിരകളില്ലാത്ത

കടലിലേക്കൊറ്റക്ക്‌

തിരികൊളുത്തി

പ്രദക്ഷിണം വെച്ചു ഞാൻ

മിഴിയടക്കുമ്പൊഴുളളിലെ

താരക മൊഴികളിൽ

ധ്യാനബുദ്ധനാകുന്നു ഞാൻ

ചിരിയിൽനിന്ന്‌

കരച്ചിലിൻ വാതിലിൽ

തിരികെയെത്തി

പകച്ചു നിൽക്കുന്നു ഞാൻ.

Generated from archived content: poem1_july16_08.html Author: sunil_kizhakkayil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here