കാലം തീർത്തൊരു വേദികയിൽ,
ആടിയുലഞ്ഞുയരും,
യവനിക.
പടുതിരി കത്തും കളിവിളക്ക്
നിയോഗമറിയാത്ത വേഷക്കാരുടെ-
കണ്ണീര് കൊണ്ടു രംഗപൂജ.
നടനം മറന്ന നടിയുടെ –
മിഴി നിറഞ്ഞൊഴുകും
വാചാല മൗനം.
അധരത്തിൽ പിടഞ്ഞൊളിക്കും
തേങ്ങൽ.
കരംഗ്രഹിച്ചവളോട്-
വിടചൊല്ലും നടന്റെയുളളിൽ-
കനൽ.
കൈവീശിയവനകലുമ്പോളൊരു-
കുരുന്നു വിലാപത്തിൻ-
പിൻവിളി….
ആത്‌മനൊമ്പരങ്ങളുടെ-
കണ്ണീർ മുത്തണിഞ്ഞ്-
ഭാവം പകർന്നാടി-
വേഷക്കാർ,
അണിയറയിലേയ്‌ക്ക്,
മടങ്ങുമ്പോൾ,
ഇടനെഞ്ച് നീറും-
പ്രവാസി,
ഗൃഹാതുരമാമൊരു-
കിനാവ് കണ്ട്
ദേശാന്തരവാസം തുടങ്ങുന്നു…
Generated from archived content: yathrayayappu.html Author: sunil_cp
Click this button or press Ctrl+G to toggle between Malayalam and English