അഗ്‌നിശരം അഹന്തയിലെയ്‌ത-
നിഷാദന്റെ പെരുവിരൽ
യാചിച്ച് കുലഗുരു യാത്രയാവുന്നു.
കുരുക്ഷേത്രത്തിൽ കുടിലയുദ്ധം
യജ്ഞശാലയിൽ നരമേധം.
അറ്റശിരസ്സിന്റെ
നിശ്ശബ്ദവാണിയിൽ മുഴങ്ങിയ-
പരിഹാസമറിയാതരചൻ
അന്തഃപുരത്തിലൊരു-
തരുണിയുടെ വിലാപം
കായബലത്താലമർത്തുന്നു.
പലായനം ചെയ്‌തവന്റെ
നെഞ്ചിൽ നീറും
ഗൃഹാതുരത-
സിരയിലൊരഗ്‌നി കൊളുത്തുന്നു…
ക്ഷോഭിക്കുന്നവൻ,
അവനവനോട്-
യുദ്ധം പ്രഖ്യാപിക്കുമ്പോൾ,
അരൂപിയുടെ ശബ്‌ദം മുഴങ്ങുന്നു.
“പൗരോഹിത്യമേ,
നിൻ തപഃശക്‌തി വിഫലം.
നീ പോറ്റിവളർത്തും-
അധികാരത്തിൻ-
കോട്ടകൊത്തളങ്ങളശ്ശക്‌തം.”
ഭൂതകാലം നഷ്‌ടപ്പെട്ടവന്റെ-
ചിരി,
തലയ്‌ക്ക് മുകളിൽ-
തലനാരിഴയിൽ-
തൂങ്ങുന്ന വാളാണ്.
അതിനു കീഴിലിരിക്കുന്നവൻ
ധർമ്മലോപം വന്നവനെന്ന്
സാക്ഷ്യപ്പെടുത്തുന്നവരുടെ –
മൊഴി
തിരിച്ചറിവിന്റേയും സാക്ഷ്യമാണ്.
Generated from archived content: sakshyam.html Author: sunil_cp
Click this button or press Ctrl+G to toggle between Malayalam and English