അബി അയൂബ് അൽ അൻസാരി സ്ര്ടീറ്റിലെ ഒരു കെട്ടിടത്തിലെ നാലാം നിലയിലുള്ള തന്റെ മുറിയുടെ ജനാലയ്ക്കൽ നിൽക്കുകയായിരുന്നു രമേശൻ. ചുറ്റുമുള്ള കെട്ടിടങ്ങളുടെ ഔന്നത്യം അയാളുടെ ദൂരക്കാഴ്ചയ്ക്ക് വേലികെട്ടിയെങ്കിലും താഴെ കുട്ടികൾ പന്തുകളിക്കുന്നതിന്റെ ഉയരക്കാഴ്ച വേണ്ടുവോളം ലഭിച്ചുകൊണ്ടിരുന്നു.
ഷാര സൽമാൻ ബിൻ ബുഹാരിയേയും ഷാര റയിലിനെയും ബന്ധിപ്പിക്കുന്ന തിരക്ക് കുറഞ്ഞൊരു തെരുവാണ് അബി അയൂബ് അൽ അൻസാരി. അവിടെ അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടും ചടുലതയോടും കൂടി കുട്ടികൾ പന്തിന് പിന്നാലെ പാഞ്ഞുകൊണ്ടിരുന്നു. അന്നേരം അതുവഴി വന്ന വാഹനങ്ങൾ വേഗത കുറക്കുകയോ പലപ്പോഴും നിർത്തുകയോ ചെയ്തുകൊണ്ടാണ് ആ തെരുവ് കടന്നുപോയതെങ്കിലും അയാളെ, കുട്ടികളെ സംബന്ധിക്കുന്ന കേരളിയമായൊരു സവിശേഷ ഉത്കണ്ഠ ബാധിച്ചു. ആ ബാധാവേശത്തിൽ താഴേക്ക് മനസ്സ് കുർപ്പിച്ചു നിന്ന അയാളിൽ ഉറങ്ങിക്കിടന്ന ഒരച്ഛൻ ഉണരുകയും ഉത്കണ്ഠ കലർന്ന ഒരു ഗൂഢാനന്ദത്തിലേക്ക് അയാൾ വഴുതുകയും ചെയ്തു.
തെരുവ് വിളക്കുകൾ തെളിയുകയും കുട്ടികൾ അവരുടെ പാർപ്പിടങ്ങളിലേക്ക് പോകുകയും ചെയ്തെങ്കിലും അയാൾ മുകുന്ദൻ വരുന്നതുവരെ അവിടെത്തന്നെ നിന്നു. മുകുന്ദൻ വന്നപ്പോൾ അയാൾ അടുക്കളയിൽ പോയി കാപ്പി തയ്യാറാക്കി. നല്ല മണവും രുചിയുമുള്ള ആ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ മുകുന്ദൻ പറഞ്ഞു.
‘ലതികയ്ക്ക് അബോർഷനായി’
മറ്റേതോ ചിന്തയുടെ കുടുക്കിലായതിനാൽ രമേശനത് വ്യക്തമായി കേൾക്കാനായില്ല.
‘എന്ത്? എന്തുണ്ടായി?’ അയാൾ ചോദിച്ചു.
‘ലതികയ്ക്ക് അബോർഷനായി’
രമേശൻ ചുണ്ടോടടുപ്പിച്ച കപ്പിന് മുകളിലൂടെ മുകുന്ദനെ നോക്കി. ഒളിക്കാൻ എത്ര ശ്രമിച്ചിട്ടും പുറത്തേക്ക് പ്രസരിക്കുന്ന ഒരാനന്ദത്തിന്റെ പ്രഭ മുകുന്ദന്റെ മുഖത്ത് മിന്നി മറയുന്നത്, അതിശയത്തോടെ അയാൾ കണ്ടു. പക്ഷേ തുടർന്നെന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് മുകുന്ദന്റെ സെൽഫോൺ ശബ്ദിച്ചു. അയാളതെടുത്ത് ഹ്രസ്വമായി സംസാരിച്ചിട്ട് ഇതാ വരുന്നുവെന്ന് പറഞ്ഞ് പുറത്തേക്ക് പോയി.
സ്വന്തം ഭാര്യയുടെ ഗർഭമലസിയെന്ന് പറയുമ്പോൾ ഒരാൾക്ക് സന്തോഷം തോന്നുക, രമേശനത് വിചിത്രമായി തോന്നി.
ഇനിയൊരുവേള ആ ഭാവം സാന്തോഷമല്ലാതെ മറ്റെന്തെങ്കിലും വികാരമാണോ? ദുഃഖം, നിരാശ അങ്ങനെയെന്തെങ്കിലും…
അല്ല അത് സന്തോഷം തന്നെയാണ്. അയാൾ ഉറപ്പിച്ചു. തുടർന്ന് ആ സന്തോഷത്തിന്റെ സാധ്യതയുള്ള കാരണങ്ങളിലൂടെ മനസ്സഴിച്ചുവിട്ടു.
ഭ്രൂണത്തിന് വളർച്ചക്കുറവ്, മറ്റു പ്രശ്നങ്ങളില്ലാതെ അത് അഴിഞ്ഞുപോയത്, അല്ലെങ്കിൽ ആഗ്രഹിക്കാതെയുള്ള ഗർഭധാരണം ഇനിയും കാരണങ്ങൾ കണ്ടെത്താം. ‘പാവം മുകുന്ദൻ’ അയാൾക്ക് മുകുന്ദനോട് അനുഭാവം തോന്നി. എന്നാൽ അടുത്ത നിമിഷം നേരിയതും എന്നാൽ തടഞ്ഞു നിർത്താനാവാത്തതുമായൊരു സംശയത്തിന്റെ ആഴത്തിലേക്ക് അയാളുടെ മനസ്സ് ഇടിഞ്ഞു വീണു.
പെൺഭ്രൂണമെന്ന് തിരിച്ചറിഞ്ഞതിനു ശേഷം, മുകുന്ദന്റെ ആവശ്യപ്രകാരം നടത്തിയൊരു ഗർഭഛിദ്രം, അതിന്റെ പ്രശ്നരഹിത
സമാപ്തി! മുകുന്ദന്റെ ആദ്യ കുട്ടി പെണ്ണാണല്ലോ!
രമേശന് സ്വന്തം കണ്ടുപിടിത്തത്തിൽ അത്ഭുതം തോന്നി. മുകുന്ദൻ അങ്ങനെ ചെയ്യുമോ? ഒരിക്കലും ഇല്ല. അയാളിലെ സ്നേഹിതൻ മുകുന്ദന് വക്കലത്ത് പറഞ്ഞ് സമാധാനിക്കാൻ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും സംശയത്തിന്റെ ഇരുണ്ട ആഴത്തിൽ മനസ്സ് കുടുങ്ങിക്കിടന്നപ്പോൾ അയാൾ വീണ്ടും ജനലിനരുകിൽ പോയിനിന്നു.
അവധിക്ക് നാട്ടിലേക്ക് മുകുന്ദനെ യാത്രയാക്കി വന്നതിനു ശേഷമുള്ള ഏകരൂപവും സംഭവരഹിതവുമായ ദിവസങ്ങളിൽ രമേശന് മടുപ്പും നിരാശയും തോന്നി. മനസ്സ് എന്തിനോ വേണ്ടി കൊതിക്കുന്നതായി അയാൾക്ക് തോന്നി. അതുകൊണ്ടാവണം ഒരു ബ്രേക്കിംഗ് ന്യൂസിനു വേണ്ടി ഒഴിവ് വേളകളിൽ അയാൾ ടിവിക്ക് മുന്നിൽ തപസ്സിരിക്കാൻ തുടങ്ങിയത്. തീവ്രവാദി ആക്രമണങ്ങൾ, പെൺവാണിഭം, ബലത്സംഗം എന്നിവ പോലെ നിത്യസംഭവങ്ങളാകയാൽ അതിന്റെ ത്രില്ല് പോയെന്ന് അയാൾ തിരിച്ചറിയുകയും ടിവി ഒരു ഉപയോഗശൂന്യമായ ഉപകരണമാണെന്ന് വിധിയെഴുതുകയും ചെയ്തു. എന്നാൽ ഒരു സംഘം സ്ര്തീകൾ, ഒരു കുറ്റവാളിയെ കോടതിമുറിയിൽ വച്ച് കൊലപ്പെടുത്തിയതും ഒരു സ്ര്തീയെ മാനഭംഗപ്പെടുത്തി കൊലചെയ്തതിൽ പ്രതിഷേധിച്ച്, ഒരു ഡസൻ സ്ര്തീകൾ സേനാ ആസ്ഥാനത്തേക്ക് നഗ്നരായി മാർച്ച് ചെയ്തതും റിപ്പോർട്ട് ചെയ്തതോടെ അയാൾ ടിവി സെറ്റ് പൊടിതട്ടി വൃത്തിയാക്കുകയും അതിനുമേലൊരു പ്രതീക്ഷ അർപ്പിക്കുകയും ചെയ്തു.
ഇതിനിടയിൽ നാട്ടിൽ നിന്നും വളരെ സന്തോഷത്തോടെ മടങ്ങിവന്ന മുകുന്ദൻ, കുറെ ദിവസങ്ങൾക്ക് ശേഷം ഒരു വിഷാദരോഗിയെപ്പോലെ ഉൾവലിയുന്നതും വീണ്ടും കുറെ ദിവസങ്ങൾക്ക് ശേഷം പഴയ പ്രസരിപ്പ് വീണ്ടെടുത്തതും രമേശൻ ശ്രദ്ധിച്ചെങ്കിലും അതിന്റെ ഹേതു ഊഹിക്കാനായില്ല. എന്നാൽ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം നടത്തിയതാവാം ഈ സന്തോഷത്തിന്റെ ഹേതുവെന്ന് ഓഫീസിലെ പ്രകാശൻ പറഞ്ഞത് മുഖവിലയ്ക്കെടുക്കാൻ രമേശൻ കുട്ടാക്കിയില്ല. തന്റെ സംശയങ്ങളെ അത്രത്തോളമെത്തിക്കാൻ രമേശനിലെ സുഹൃത്ത് ആദ്യമൊന്നും സമ്മതിച്ചില്ല. മനുഷ്യർക്ക് സന്തോഷിക്കാൻ മറ്റ് എന്തെല്ലാം സംഗതികളുണ്ട് എന്നതായിരുന്നു അയാളുടെ യുക്തി. പക്ഷേ ആ യുക്തിവിചാരത്തിന് അധികമൊന്നും പിടിച്ചുനിൽക്കായില്ല. പ്രകാശന്റെ വാക്കുകളുടെ ആവർത്തിച്ചുള്ള ഓർമ്മ അതിന്റെ ചുവട് മാന്തിക്കൊണ്ടിരുന്നു. പൊറുതിമുട്ടിയപ്പോൾ ഇനി മുകുന്ദനെ കാണുമ്പോൾ ആ സന്തോഷഹേതുവെന്തെന്ന് ചോദിച്ചറിയാൻ അയാൾ തീരുമാനിച്ചു. പക്ഷെ ഓഫീസ് തിരക്കുകളിൽ ഉരഞ്ഞ് ആ തീരുമാനത്തിന്റെ മൂർച്ചകുറഞ്ഞപ്പോൾ അയാൾ അത് മറന്നു. ഇതിനിടയിൽ പലപ്പോഴും കണ്ടുമുട്ടുകയും ദീർഘനേരം ഒന്നിച്ചു ചിലവഴിക്കുകയും ചെയ്തെങ്കിലും ആ മറവി മാസങ്ങൾക്ക് ശേഷം മുകുന്ദന്റെ ഫോൺ വരുന്നതു വരെ തുടർന്നു.
‘ലതിക പ്രസവിച്ചു, ആൺകുഞ്ഞ്’ മുകുന്ദന്റെ ശബ്ദം ഫോണിലൂടെ കേൾക്കുമ്പോൾ, നീണ്ട ഇടവേളയ്ക്ക് ശേഷം ലോകത്ത് ആദ്യമായി പിറന്ന ആൺകുഞ്ഞിന്റെ അച്ഛന്റേതെന്ന് തോന്നിക്കുന്ന ഒരഭിമാനവും സംതൃപ്തിയും ആ വാക്കുകളിലുണ്ടായിരുന്നതായി രമേശന് തോന്നി. തുടർന്ന് മുകുന്ദനെ അഭിനന്ദിച്ചു സംഭാഷണം അവസാനിപ്പിച്ചെങ്കിലും അയാൾക്ക് മുകുന്ദനെ സംബന്ധിച്ചുണ്ടായിരുന്ന സംശയത്തിന്റെ വേരുകൾ പുതിയ ആഴങ്ങൾ തേടി, ബാക്കി നിന്നു.
ഋതു ചൂടിൽ നിന്നും തണുപ്പിലേക്കും വീണ്ടും ചൂടിലേക്കും കടന്നു പോകുമ്പോൾ, ഐഹിക ദുഃഖങ്ങളിൽ മുങ്ങിത്താണ് സുഖം ഒരു മിഥ്യയാണെന്ന്, രമേശൻ തിരിച്ചറിഞ്ഞു. എന്നാൽ മുകുന്ദന്റെ രണ്ടാമത്തെ കുട്ടിയ്ക്ക് ബുദ്ധിമാന്ദ്യമുണ്ടെന്നറിഞ്ഞത് മുതൽ തന്റെ സൗഖ്യാവസ്ഥകൾ മുകുന്ദന്റേതിനെക്കാൾ എത്രയോ മെച്ചമാണെന്ന് കണ്ടെത്തി, മുകുന്ദനുവേണ്ടി അയാൾ ആശ്വാസവാക്കുകൾ കരുതാൻ തുടങ്ങി.
വീണ്ടും മുകുന്ദൻ നാട്ടിൽ പോയപ്പോൾ അയാളോടൊപ്പം ചിലവഴിച്ച് കിട്ടുന്ന സമയം രമേശന് മിച്ചമായി. ആ മിച്ചസമയത്തിൽ ടിവിയിൽ പുതിയ ചാനലുകൾ തേടിയുള്ള യാത്രയിൽ അനിമൽ പ്ലാനറ്റ് അയാളുടെ ഹൃദയം കവരുകയും പിന്നിടത് ഒരു വികാരവും ശീലവുമാകുകയും ചെയ്തു. ആ ശീലം മുകുന്ദൻ മടങ്ങി വന്നതിനുശേഷവും തുടർന്നു. ആ തുടർച്ചയ്ക്കൊടുവിൽ കടുവകളെക്കുറിച്ചുള്ള ഒരു ഡോക്കുമെന്റെറി കണ്ടിരിക്കുമ്പോഴാണ്, നിശ്ശബ്ദവും യാന്ത്രികവുമായി മുകുന്ദൻ പുറത്തുനിന്ന് കടന്നുവന്നത്. ആ വരവിലെ പന്തികേട് ഗ്രഹിച്ചെങ്കിലും രമേശനെന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് മുകുന്ദൻ പറഞ്ഞു.
‘ലതിക പ്രസവിച്ചു പെൺകുഞ്ഞ് ’ആ വാക്കുകളിലാകെ വ്യാപിച്ചു നിന്ന കടുത്ത നിരാശയുടേയും കോപത്തിന്റേയും അനന്തവിസ്തൃതിക്കു മുന്നിൽ എന്തും അപ്രസക്തവും ബുദ്ധിശൂന്യവുമാകുമെന്ന് രമേശൻ ഭയന്നു. എങ്കിലും അയാൾ ചോദിച്ചു.
‘അമ്മയും കുഞ്ഞും സുഖമായിക്കുന്നില്ലേ?’
മുകുന്ദൻ മൂളുക മാത്രം ചെയ്തു. ഒരു നിശ്ശബ്ദ ചലച്ചിത്രം പോലെ ഏതാനും നിമിഷങ്ങൾ കൂടി കടന്നു പോയതിനൊടുവിൽ മുകുന്ദൻ വന്നതുപോലെ മടങ്ങി.
രമേശൻ വീണ്ടും ടിവിയ്ക്ക് മുന്നിൽ ഇരിക്കുകയും മുകുന്ദനെ മറക്കാൻ ശ്രമിക്കുകയും ചെയ്തു. ആ ശ്രമത്തിനിടയിൽ കടുവകൾക്ക് എന്ത് അഴകും കരുത്തുമാണെന്ന് അയാൾ അതിശയിച്ചു. ആ അതിശയത്തിനിടയിലെപ്പോഴോ തന്റെ ഓരോ കോശത്തിലും പ്രബലവും എന്നാൽ വേദനാരഹിതവുമായൊരു ആഗ്നേയശക്തി പ്രസരിക്കുന്നതായി അയാൾക്ക് തോന്നുകയും അത് ഉള്ളിലെ ഒരു ബിന്ദുവിലേക്ക് തന്റെ ശരീരം വലിച്ച് ചുരുക്കുന്നത് ഭയത്തോടെ അറിയുകയും ചെയ്തു. തുടർന്ന് ശരീര വളർച്ചയുടെ പടവുകൾ ഒരോന്നായി ഇറങ്ങി അയാളൊരു നവജാതശിശുവായി. ലോകത്തിന്റെ ഹൃദയശൂന്യതയിലേക്ക് കണ്ണ് തുറക്കാൻ മടിക്കുന്ന ഒരു പെൺകുഞ്ഞ്!.
അതേസമയം ടിവി സ്ക്രീനിലെ കടുവയുടെ മൂക്കിന്റെ ഇകൃസ്ടിം ക്ലോസ്സപ്പിൽ നിന്നും ക്യാമറക്കണ്ണ് പിൻവലിയുമ്പോൾ വെളിവായ കടുവാമുഖത്തിന് മുകുന്ദന്റെ മുഖത്തോട് അതിശയിപ്പിക്കുന്ന ഒരു വിചിത്ര സാദൃശ്യം ഉണ്ടായി. ആ ജീവി സ്ക്രീനിന് പുറത്ത് ഒരു ഇരയുടെ സാമീപ്യം തിരിച്ചറിഞ്ഞ് ജാഗരൂകനായി, നൈസർഗീക വാസനയാൽ ശരീരസ്ഥിതി ലാഘവപ്പെടുത്തി, മുൻകാലുകൾ നീട്ടി, ഉടൽ പിന്നിലേക്ക് വലിച്ച് മുന്നോട്ട് കുതിക്കാൻ പാകത്തിന് ശരീരം കൂർപ്പിച്ചു നിന്നു. അന്നേരം പെട്ടെന്നുണ്ടായ ഭയത്തിന്റെ ആക്രമണത്തിൽ സ്ഥലകാലങ്ങളിലേക്ക് വീണ രമേശൻ തുടർന്ന് മുകുന്ദന്റെ പെൺമക്കളെയോർത്ത് വ്യസനിക്കാൻ തുടങ്ങി.
Generated from archived content: story_june22_06.html Author: sunil_chilambiseril