“നിന്നോട് വ്യവഹരിച്ചു നിന്റെ വസ്‌ത്രം എടുപ്പാൻ
ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്കുക”
മത്തായിഃ 5ഃ40
ഞാൻ,
മഗ്‌ദലന മറിയം
ഗണിക.
ഭ്രമിച്ചെത്തും നിന്റെ
ചൂരും രേതസ്സുമേറ്റുവാങ്ങി,
ഉടലാലുടലിൻ
വിഹ്വലതകളറിയുന്നവൾ….
നീ ഭോഗിച്ചുപേക്ഷിച്ച-
നിമിഷത്തിനുടൽ
ജീർണ്ണിച്ച്
ശതകാലത്തിലലിയുമ്പോൾ
പൊയ്‌മുഖമണിഞ്ഞു നീ
ഇന്നിന്നരങ്ങിലാടിത്തിമർത്ത്
കല്ലെറിഞ്ഞെന്നെ
പാപിയെന്നാർത്തു-
വിളിയ്‌ക്കുമ്പോളെൻ
സ്വത്വത്തിനുൺമയാൽ
നിൻ കപട സദാചാരത്തിൻ
തടവറ ഭേദിച്ചൊരു-
നീതിമാന്റെ
കാലിണ കണ്ണീരാൽത്തുടച്ച്
കാൽവരിയിൽ
കുരിശേറാം ഞാൻ
വാഴ്‌ക നീ,
വർത്തമാനവും ഭാവിയും
നിനക്കുളളതാകുന്നു.
Generated from archived content: poem_kurishetam.html Author: sunil_chilambiseril