പ്രിയനേ നാം തമ്മിൽ എന്ത്?
ദർശനമാത്രയിൽ നാം
വിചാരഭാരങ്ങളില്ലാതെ
പ്രകാശദൂരങ്ങൾ താണ്ടുന്നുവല്ലോ.
മിഴികളിൽ
വർണ്ണങ്ങളെഴുതിയും
ചലനങ്ങളാൽ മായ്‌ച്ചുമിരിക്കുന്നല്ലോ.
മൊഴികളിൽ
മധുരം നിറച്ചും
നിമിഷങ്ങളിൽ നുകർന്നുമിരിക്കുന്നല്ലോ.
സ്പർശത്തിൽ
കുളിരാൽ ദേഹം കഴുകിയും
പരാഗം പുതച്ചുമിരിക്കുന്നല്ലോ.
ഹൃദയത്തിൽ
ചാറുന്ന മഴയായും
പുറമേ തഴുകുന്ന കാറ്റായുമിരിക്കുന്നല്ലോ.
വിരഹത്തിൽ
ഇച്ഛയാൽ പശിച്ചും
വിചാരത്തിൽ ചുട്ടുമിരിക്കുന്നല്ലോ.
വർഷം മണ്ണിനോടെന്നപോലെ പ്രിയനെ,നീ
എന്റെ ഉളളിന്റെ ആഴത്തിലും
കിനാവിന്റെ പരപ്പിലും
ചെയ്യുന്നതെന്ത്?
Generated from archived content: poem2_sept14_06.html Author: sunil_chilambiseril