ജീവിതത്തിന്റെ കടുത്ത ദുഃഖങ്ങളെ വലിയ ക്യാൻവാസുകളിലാണ് രാജീവിന്റെ കഥകൾ പകർത്തിയെടുക്കുന്നത്. നീറുന്ന കാഴ്‌ചകൾ എല്ലാ കഥകളിലും ആയുസ്സിന്റെ മുഴുവൻ പങ്കാളികളാകുന്നു. ഫാന്റസിയുടെ കുതന്ത്രങ്ങളെ ഈ കഥാകാരൻ ഒഴിച്ചു നിർത്തുന്നു. ഈ സമാഹാരത്തിലെ “ആലോക്‌റാം” എന്ന കഥ ഈറൻ തുടിക്കുന്ന ജീവിതത്തെത്തന്നെയാണ് വെളിപ്പെടുത്തുന്നത്. ഈ കഥാകാരന് കഥയെഴുത്ത് ഒരു നേരമ്പോക്കല്ലായെന്നു നാം തിരിച്ചറിയുന്നതും ‘ആലോക് റാം’ എന്ന കഥയിലൂടെയാണ്. “ഞാൻ ആർക്കും സ്വന്തമല്ല. എനിക്ക് സ്വന്തമെന്ന പദത്തിനർത്ഥം നൽകാൻ കഴിയില്ല. ആരും എന്നിൽ ഹൃദയം നിക്ഷേപിക്കുന്നത് ഇഷ്‌ടമല്ല. എനിക്ക് എന്നെത്തന്നെ അറിയില്ല. എനിക്ക് എന്റേതായ താവളമില്ല. നീ എന്നിൽ കണ്ടെത്തിയതൊക്കെ ശരിയാണ്. ഒളിക്കാൻ ഒരിടം. അത്ര മാത്രമേ നിന്നിൽ കണ്ടുളളൂ.” ചില ബന്ധങ്ങൾ ഇങ്ങനെയാണ്-തുടക്കത്തിൽത്തന്നെ അസ്‌തമിക്കുന്നു. ഇങ്ങനെയുളള ഒരുപറ്റം ദർശനങ്ങളുമായി ഒരുപക്ഷേ വായനയ്‌ക്കൊടുവിൽ ആസ്വാദകന് പൊരുത്തപ്പെടാനാവില്ല. റിയലിസ്‌റ്റിക് സമീപനമുളള രാജീവിന്റെ കഥകളോട് വായനയ്‌ക്കൊടുവിൽ നാം പിണങ്ങിയേക്കാം. ചില ആശ്ചര്യങ്ങളുടെ പിൻബലത്തിലാകും ഈ പിണക്കങ്ങൾ. ഒടുവിൽ ‘ആലോക്‌റാം’ എന്ന കഥയിൽ കഥാകാരന്റെ സ്വകാര്യ ഇടങ്ങളെ നാം കണ്ടുമുട്ടുന്നു. “എനിക്ക് പോകണം. എന്റെ വഴി ദേശാടനത്തിന്റേതാണ്. മനസ്സ് സന്യാസത്തിന്റേതും. അവിടെ ബന്ധങ്ങൾ നഷ്‌ടമാകുന്നു. അർത്ഥമില്ലാതാകുന്നു.” എല്ലാ ജീവിതാഘോഷങ്ങൾക്കും അലച്ചിലുകൾക്കുമൊടുവിൽ ജീവിതത്തിന്റെ പരുക്കൻ മുഖങ്ങളെ ഗൗരവമായി എടുത്തണിയുകയാണ് ‘ആലോക് റാം.’
അതിജീവനത്തിന്റെ കടുത്ത പോരാട്ടങ്ങൾകൊണ്ട് സമൃദ്ധമാണ് രാജീവിന്റെ കഥകൾ. ‘ഗുജർ’ എന്ന കഥയിലൂടെ വർത്തമാനകാല ജീവിതത്തിന്റെ ആപത്‌കരമായ അവസ്ഥകളെ ആവിഷ്‌കരിക്കാൻ ശ്രമിക്കുകയാണ് ഈ കഥാകാരൻ. “ഈ മഹാരാജ്യത്ത് എന്നെപ്പോലെയും മനുഷ്യനെന്ന് പേരുതന്ന് അല്ലാഹു സൃഷ്‌ടിച്ച കുറേ ജീവികളുണ്ട്. ഒരു നേരത്തെ വിശപ്പടക്കാൻ കഴിയാതെ മലയടിവാരങ്ങളിൽ മഴയിൽ ചോരുന്ന പുല്ലുമേഞ്ഞ കൊട്ടാരം…. അല്ല വീട്… പുല്ല് മേഞ്ഞത്..” ആശയപരമായ ചെറുത്തു നിൽപ്പുകളോടല്ല ജീവിതപരമായ ചെറുത്തുനിൽപ്പുകളോടാണ് ഈ കഥാകാരന് കൂടുതൽ ആഭിമുഖ്യം. ജീവിതത്തെ കൂടുതൽ അലോസരപ്പെടുത്തുന്ന പ്രത്യയശാസ്‌ത്രങ്ങളെപ്പോലും രാജീവ് പാതിവഴിയിൽ ഇറക്കിവെയ്‌ക്കുന്നു.
ജീവിതത്തെ പുനർവ്യാഖ്യാനിക്കാനും തിരുത്തിയെഴുതാനുമാണ് ഈ കഥാകാരൻ കഥയെഴുതുന്നത് എന്ന നിഗമനത്തിലേയ്‌ക്കാണ് ഈ കഥകൾ നമ്മെ കൊണ്ടെത്തിക്കുന്നത്. രാജീവിന്റെ കഥകളിൽ വർത്തമാനകാലത്തിന്റെ കൊളാഷ് അവതരിപ്പിക്കുമ്പോൾ അത് ആസ്വാദകന്റെ മുമ്പിൽ തലകുത്തി നിൽക്കുന്നു. അത് അശുഭകാഴ്‌ചയുടെ തീവ്രതകൊണ്ട് നിലംതൊടുകയാണ്. അനീതിക്ക് അതിർത്തികളില്ലാത്ത ഈ കാലത്തിൽ ഒരു ഒറ്റപ്പെട്ട നിയമാവലിയായി ഈ കഥകളെ വായിച്ചെടുക്കാം.
വേദനയുടെ ചുരം കടന്നുവരുന്ന വാക്കുകൾ അടർത്തിമാറ്റാനാവാത്ത കഥാരേഖകളായി മാറുന്നു. ഇന്നത്തെ ജീവിത പരിസരങ്ങൾക്ക് രാജീവ് കൈമാറുന്ന ഏറ്റവും കരുത്തുറ്റ ആൽക്കെമിയാണ് ‘ഗണിതശാസ്‌ത്രം പിഴയ്‌ക്കുമ്പോൾ’ എന്ന കഥ. ഇപ്പോൾ നാൽച്ചുവരുകൾക്കുളളിൽ കുടുങ്ങിപ്പോകുന്ന ഒരുതരം ജാഡജീവിതത്തിന്റെ ചുരുക്കെഴുത്താണീ കഥ. കെട്ടിവയ്‌ക്കുന്ന വിദ്യാഭ്യാസനയങ്ങൾ ഒരു ചുമടുപോലെ താങ്ങേണ്ടിവരുന്ന അധ്യായനനാളുകളിലെ ഒടുങ്ങാത്ത അസ്വസ്ഥതകളാണ് ഈ കഥ നിരത്തുന്നത്. ദുഃഖങ്ങളുടെ ലിസ്‌റ്റ് നിരത്തുമ്പോൾ ഒരു പുതുവായനയുടെ സെൻസിബിലിറ്റി ഈ കഥ ആവശ്യപ്പെടുന്നു.
സാഹിത്യരാഷ്‌ട്രീയത്തിന്റെ ജീർണ്ണതയും അരാജകത്വവും നിറഞ്ഞു നിൽക്കുന്ന കഥയാണ് ‘പൂജ്യത്തിലേയ്‌ക്കുളള വഴി’. ഇതിൽ ജുഗുപ്‌സയുണർത്തുന്ന പ്രണയത്തിന്റെ അകത്തളങ്ങളോ മലിനവും അനിയന്ത്രിതവുമായ അശ്ലീലതയുടെ ഭാഷാവ്യവഹാരമോ ഇല്ല. ആധുനികതയുടെ ദാർശനിക പ്രലോഭനങ്ങളിൽ വീഴാതെ സാഹിത്യ രാഷ്‌ട്രീയത്തെ ഉൾക്കൊണ്ടതിലൂടെ കുത്തകപ്രസാധകരുടെ മുമ്പിൽ തലകുനിക്കേണ്ടിവരുന്ന ഒരു കേവല എഴുത്തുകാരന്റെ സങ്കടക്കടലാണ് ‘പൂജ്യത്തിലേയ്‌ക്കുളള വഴി.’ അങ്ങനെയാണ് രാജീവ് അപരിചിത യാഥാർത്ഥ്യങ്ങളെ ഭാവന ചെയ്യാത്ത കഥാകാരനാകുന്നത്.
സ്വത്വത്തിന്റെ വെളിപ്പെടുത്തലുകൾകൊണ്ട് സമ്പന്നമാണ് ‘വായനശാലയിൽ’ എന്ന കഥ. വായനാസംസ്‌കാരത്തിൽ ഉറഞ്ഞുകൂടിയ മുറിവുണക്കുന്നതിനുളള മെഡിസിനായി ഈ കഥയെ കാണുക. മനുഷ്യൻ അതിർത്തികളില്ലാത്ത ഒരു ചിഹ്‌നമായി ബലപ്പെടാൻ മാത്രമേ ചാനലുകൾ ഇനി നിമിത്തമാകുകയുളളൂവെന്ന് ഈ കഥ കോറിയിടുന്നു. ഒരു ബിബ്ലിക്കൽ പരിസരമുണ്ട് രാജീവിന്റെ കഥാലോകത്തിന്. ഭാഷാപ്രയോഗങ്ങളുടെ അടിസ്ഥാന നിഗമനങ്ങൾ രൂപപ്പെടുത്താനുളള അതിതത്‌പരതയാണീ കഥയ്‌ക്ക്. ജീവിതത്തിന്റെ പാരഡിയെയല്ല രാജീവ് ഈ കഥയിൽ കൂട്ടിക്കുഴയ്‌ക്കുന്നത്. തളംകെട്ടി നിൽക്കുന്ന അധിപ്രശ്‌നങ്ങൾ ഒരു നിഴൽരൂപംപോലെ ഈ കഥാകാരന്റെ കൂടെക്കൂടുന്നു.
രാജീവിന്റെ കണ്ണ് നനവുതട്ടുന്നത്, ശിഥിലമായ ജീവിതത്തെ പൊതിഞ്ഞു നിൽക്കുന്ന ചില മങ്ങിയ കാഴ്‌ചകൾ കണ്ടാണ്. രതിപൂർത്തീകരണത്തിന്റെ ഏറ്റവും ചുരുങ്ങിയ ഇടമായ ഹിജഡകളിലേയ്‌ക്ക് ചേക്കേറുന്ന പുരുഷഗോപുരങ്ങളുടെ സങ്കുചിത കാഴ്‌ചപ്പാടിനോടുളള പ്രതിഷേധമാണ് ‘അഘം’ എന്ന കഥ. ഈ വേദനകളെ സമയതീരങ്ങളിൽനിന്ന് ഒതുക്കി നിർത്താനുളള ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ ആന്തരിക ദുഃഖങ്ങളുമായി ഇണങ്ങി പുതിയ ദർശനബോധത്തിലേയ്‌ക്ക് എടുത്തു ചാടുന്നു. ഇതു ചലനാത്മകമായ ജീവിത പരിസരത്തെക്കുറിച്ചുളള ചിന്തകളുടെ കൂടി കഥയാണ്.
ജീവിതത്തിലെ ഹൊറർ കാഴ്‌ചകൾ ഏറെയാണ്. കറുത്ത പ്രതലങ്ങളിലേയ്‌ക്ക് വലിച്ചെറിയപ്പെടുന്ന നാം പല വിടവുകളിലായി തിരുകി വയ്‌ക്കുന്ന ജന്മങ്ങളെ പരിചയപ്പെടുത്തുന്ന ഒരു കഥയാണ് ‘ആത്മാക്കളുടെ ലൈബ്രറി’. ജീവിതം ചില വ്യാകരണത്തെറ്റുകളുടെ കണ്ടെത്തലുകളാണെന്ന് തിരിച്ചറിയുകയാണ് കഥാകാരൻ. കഥയുടെ പരിസരങ്ങളിൽ ഇന്നുളള മാന്ത്രിക ക്രിയകളെ രാജീവ് അകലെ നിർത്തുന്നു. ഒരനുഭവത്തെയും തളളിപ്പറയുന്നില്ല. മനുഷ്യാവസ്ഥയുടെ നേരിട്ടുളള അരാഷ്‌ട്രീയവും രാഷ്‌ട്രീയവുമായ എല്ലാ നിലപാടുകളെയും അതിഭൗതികമായ അളവുകോലുകൾ കൊണ്ടുതന്നെ രാജീവ് നേരിടുന്നു.
രാജീവിന്റെ സൗന്ദര്യബോധവും സ്വകാര്യചിന്തകളും അദ്ദേഹത്തിന്റെ തന്നെ പ്രത്യയശാസ്‌ത്രമായി പരിണമിക്കുന്ന കുറെയധികം കഥകളുണ്ട് ഈ പുസ്‌തകത്തിൽ-‘കടൽകാക്കകൾ’, ‘ഒരു വേട്ടക്കാരന്റെ അന്ത്യം’, ‘നഗരവീഥികൾ നമിച്ചു നിൽക്കുന്നു’, ‘പൗരാവകാശം ചോദ്യം ചെയ്യപ്പെടൽ’ എന്നീ കഥകളിലെ സൗന്ദര്യബോധം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.
കഥാപാരായണത്തിലെ ഭീകരമായ മടുപ്പിനെ ആശയപരമായ മേൽക്കോയ്‌മകൊണ്ട് ഈ കഥാകാരൻ മറികടക്കുന്നു. മനുഷ്യനുമായി ഇടപഴകുന്ന കഥകളാണിവയെങ്കിലും കഥാപരിസരങ്ങൾ തന്നെ ഒറ്റപ്പെടുത്തുമോ എന്ന ഭയവും ഈ കഥകളിൽ നിറഞ്ഞുനിൽപ്പുണ്ട്. ജീവിതത്തിന്റെ അഭിരുചിക്കിണങ്ങാത്ത ബാഹ്യപ്രവണതകളെ എതിർക്കാനും അവയ്‌ക്കെതിരായി സാമൂഹിക പ്രതികരണം ഉണർത്താനും വേണ്ടിയാണ് ഈ കഥാകൃത്തിന്റെ കഥാലോകം വാതിൽപ്പാളി പൊളിക്കുന്നത്. ഒരു കൊളോണിയൽ മോഡേണിറ്റിയുടെയും വക്താവാകാൻ ഈ കഥാകാരനാവില്ല. കാരണം കൂടുതൽ യാഥാർത്ഥ്യബോധം പുലർത്തുന്ന, സംസ്‌ക്കാരത്തിന്റെ ഏറ്റവും പരിചയമുളള ഊർജ്ജത്തെ സംവദിക്കുമ്പോൾ കഥാസാഹിത്യത്തിൽ നിലനിൽക്കുന്ന അല്ലെങ്കിൽ നിരൂപകർ നെഞ്ചേറ്റുന്ന സാഹിത്യരീതികളെ മാറ്റിമറിക്കാൻ അതിന് കെൽപ്പുണ്ടെന്ന് അന്ധമായി വിശ്വസിക്കുന്ന നിർവചനങ്ങളെയും കഥനരീതികളെയും ഈ കഥാകാരൻ പോളിഷ്‌ഡ് ഫിക്‌ഷൻ കൊണ്ടല്ല തൃപ്‌തിപ്പെടുത്തുന്നത്. ഒഴുക്കൻ മട്ടിലുളള ധാരണകളുമല്ല മറിച്ച് ബിംബഭാഷയിലൂടെ ജീവിതത്തിന്റെ പച്ചപ്പുകളെത്തന്നെയാണ്
കെട്ടഴിച്ചു വിടുന്നത്.
ആത്മാർത്ഥതയുടെയും സ്‌നേഹത്തിന്റെയുമൊക്കെ ശരീരം വളർത്തിയെടുക്കാൻ കെൽപ്പില്ലാത്ത ജീവിതപരിസരത്തെ വെളിപ്പെടുത്തുമ്പോൾ കഥയിൽ വന്നുകയറിയേക്കാവുന്ന എല്ലാ അബ്‌സേഡിറ്റിയെയും ഈ കഥാകൃത്ത് നിരാകരിക്കുന്നു. ഭൂമിയിൽ അടിഞ്ഞുകിടക്കുന്ന മുഴുവൻ അസ്വസ്ഥതകളെയും, കലങ്ങിക്കിടക്കുന്ന എല്ലാ തിന്മകളെയും കുലുക്കിയെറിയുന്നുണ്ട് ഈ കഥകൾ. ഭീകരമായ ഭാവിയെ മുൻകൂട്ടിക്കാണുന്ന ഈ കഥകൾ എല്ലാ സ്‌പെയ്‌സുകളുടെയും അതിരുകൾക്കുളളിൽ നിന്ന് സ്വതന്ത്രമാക്കി വായിക്കേണ്ടുന്നവയാണ്.
ഒരു ട്രെൻഡിന്റെയും ലഹരിയിലിരുന്നല്ല ഈ കഥാകൃത്ത് കഥയ്‌ക്ക് ശ്രമിക്കുന്നത്, മറിച്ച് സിദ്ധാന്തങ്ങളുടെ പൊളളത്തരങ്ങളിൽ നിന്ന് അനുഭവങ്ങളെ മോചിപ്പിച്ച് ജീവിതത്തിനു നേരെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ കഥകളുടെ ഓരങ്ങൾക്ക് ആസ്വാദന മണ്ഡലങ്ങളിൽവച്ച് ഇളക്കം തട്ടുന്നില്ല. ജീർണ്ണതയുടെ കൂമ്പാരമായി രൂപപ്പെടുന്ന സാമൂഹ്യാവസ്ഥയെ പൊളിച്ചെഴുതാൻ ഒരു ഇടത്തരക്കാരന്റെ ഭാഷയെ ഈ കഥാകൃത്ത് ഇഷ്‌ടപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ കഥകൾക്ക് ഒരു റിയലിസ്‌റ്റിക് ക്യാൻവാസുണ്ട്.
ആത്‌മാക്കളുടെ ലൈബ്രറി, രാജീവ് ജി.ഇടവ, വില – 65 രൂപ, ചിദംബരം ബുക്‌സ്
Generated from archived content: book1_sept14_06.html Author: sunil_c_e