ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ഗ്രാമങ്ങളിലേക്ക് ഒരു നോട്ടം

കേരളത്തിന്റെ തനിമയെ കാത്തു പരിപാലിക്കുന്ന പരിശുദ്ധിയുടേയും സത്യത്തിന്റെയും വിളനിലമാണ് ഗ്രാമങ്ങള്‍. ആഗോളവത്ക്കരണത്തിന്റെ കൈകള്‍ ഇന്ന് നമ്മുടെ ഗ്രാമങ്ങളെ ഞെരിച്ചമര്‍ത്തുന്നു. ഗ്രാമങ്ങള്‍ക്ക് ഇതിലൂടെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. വികസനത്തിനും അധ:പതനത്തിനും ഇത് കാരണമാകുന്നു. ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങള്‍ നിഷ്ക്കളങ്കരായ മനുഷ്യരാലും ഹരിതവര്‍ണാഭമായ കൃഷിഭൂമിയാലും ഐശ്വര്യ സമ്പൂര്‍ണ്ണമായിരുന്നു ഇന്നത് നമ്മുടെ ഓര്‍മ്മകളില്‍ മാത്രമായിരിക്കുന്നു.

മറയുന്ന ഗ്രാമഭംഗി

കന്നുകാലികളെ മേയ്ക്കുന്ന മേച്ചില്‍ പുറങ്ങളും പൊന്ന് വിളയുന്ന വയലുകളും ഇന്ന് കോണ്‍ക്രീറ്റ് സൗധങ്ങളാല്‍ മലിനമാക്കപ്പെട്ടിരിക്കുന്നു. സത്യസന്ധരായ മനുഷ്യര്‍ക്കു പകരം പാശ്ചാത്യരെ അനുകരിക്കുന്ന ആധുനികതയുടെ മാറാപ്പില്‍ പെട്ട് യന്ത്രമായി തീരുന്ന മനുഷ്യരെയാണ് ഇന്ന് എവിടേയും നമുക്ക് കാണാന്‍ സാധിക്കുന്നത് ഗ്രാമങ്ങളെ പട്ടണങ്ങളാക്കി മാറ്റിയപ്പോള്‍‍ മനുഷ്യനെ യാന്ത്രികനാക്കി മാറ്റുകയാണ് ആഗോളവത്ക്കരണം ചെയ്തത്. ഇതിലൂടേ ഗ്രാമങ്ങളിലെ അപരിഷ്കൃത ജനങ്ങളെ പരിഷ്കൃതരാകാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടം തന്നെ. പണ്ട് ഗ്രാമപ്രദേശങ്ങള്‍‍ വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്നു എന്നാല്‍ ഇന്ന് സ്ഥിതി ആകെ മാറി. വ്യത്യസ്ഥ തരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും ഗ്രാമങ്ങളില്‍ ഇന്ന് ലഭ്യമായിരിക്കുന്നു. വാഹനങ്ങളുടെ പെരുപ്പം പട്ടണങ്ങളിലേതുപോലെ തന്നെ ഗ്രാമങ്ങളെയും കീഴടക്കിയിരിക്കുന്നു. സമാധാനത്തിന്റെ പ്രതീകങ്ങളായ കുടുംബങ്ങള്‍ ഇന്ന് എവിടെയുമില്ല. ഗ്രാമത്തിന്റെ ജീവവായു ആയിരുന്ന മുത്തച്ഛനും , സ്നേഹ സമ്പന്നരായിരുന്ന മാതാപിതാക്കളും, അനുസരണാശീലമുള്ള മക്കളും ഇന്ന് എവിടെയോ മറഞ്ഞിരിക്കുന്നു. പ്രായമായ മാതാപിതാക്കളെ നോക്കാനും അവര്‍ക്കു വേണ്ട സഹായം ചെയ്തു കൊടുക്കാനും മക്കള്‍ തയാറാവുന്നില്ല. ഫാസ്റ്റ് ഫുഡ് പോലെ തന്നെ അവരുടെ ജീവിതവും ഫാസ്റ്റായിരിക്കുന്നു.

തകരുന്ന കാര്‍ഷിക ഗ്രാമങ്ങള്‍

1991 – ല്‍ ആഗോളവത്ക്കരണം നമ്മുടെ രാജ്യത്ത് നടപ്പാക്കിയതിലൂടെ ഗ്രാമങ്ങളുടെ അധ:പതനവും ആരംഭിച്ചു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാര്‍ഷിക വിളകളുടെ വിലയും ഡിമാന്റും താണുകൊണ്ടിരിക്കുന്നു. ഒരു പരിധി വരെ ഇത് ഗ്രാമങ്ങളുടെ വികസനത്തെ ഉലയ്ക്കുന്നുണ്ട്. ഇന്ന് വിദേശരാജ്യങ്ങളില്‍ നിന്ന് ലഭിക്കാത്തതായി ഒന്നും തന്നെയില്ല. തങ്ങളുടെ കഷ്ടപ്പാടിനെ നീക്കാന്‍ കര്‍ഷകര്‍ എന്തും ചെയ്തു പോകുന്ന അവസ്ഥാ വിശേഷണമാണ് ഗ്രാമങ്ങളില്‍ സംജാതമായിരിക്കുന്നത്. കര്‍ഷക ആത്മഹത്യകള്‍ ഇന്നും ഗ്രാമങ്ങളില്‍ നടക്കുന്നു. ഇങ്ങനെ യൊക്കെയുള്ള കാരണങ്ങളാല്‍ കര്‍ഷകരുടെ ശ്രദ്ധ ഇന്നിപ്പോള്‍ വ്യവസായിക നേട്ടത്തില്‍ മാത്രമായിരിക്കുന്നു. നെല്പാടങ്ങള്‍ ഇന്ന് കേട്ട് കേള്‍വി മാത്രമായിരിക്കുന്നു.

മാറുന്ന ജീവിത ശൈലികള്‍ ‌‌‌————————

ഗ്രാമത്തിന്റെ നട്ടെല്ലായിരുന്നു ചെറുപ്പക്കാര്‍. പാശ്ച്യാത്യരെ അനുകരിക്കാന്‍ തത്രപ്പെടുന്ന വ്യക്തമായ ആയ ചിത്രമാണ് ഇന്ന് തെളിഞ്ഞു നില്‍ക്കുന്നത്. നല്ല വ്യക്തിത്വം ഇവര്‍ക്കിന്നു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. വേഷത്തിലും ശീലങ്ങളിലും ഒരു പാശ്ചാത്യ ശൈലി ഇവര്‍ ഇന്നു ഇഷ്ടപ്പെടുന്നു. സമാധാനം എന്തെന്നോ വ്യക്തിബന്ധങ്ങള്‍ എന്തെന്നോ അറിയാത്ത ഒരു കൂട്ടം യുവജനങ്ങളെയാണ് ഇത് വളര്‍ത്തിയത്. വ്യക്തി ബന്ധങ്ങളുടെ ഉലച്ചില്‍ വൃദ്ധ സദനങ്ങളുടെയും അനാഥാലയങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. പരസ്യങ്ങളുടെ പിന്നാലെ പോകുന്ന ജനങ്ങളെയാണ് ഇന്ന് എവിടെയും കാണാന്‍ കഴിയുന്നത്. ലളിതമായി വസ്ത്രം ധരിക്കുന്നതില്‍ ശ്രദ്ധയുണ്ടായിരുന്ന മലയാളികള്‍ ഇന്ന് ടെക്സ്റ്റയില്‍ വിപ്ലവം ഉണ്ടാക്കിയ കിടമത്സരത്തിന്റെ ദയനീയ ഇരകളാണ്

കൊഴിയുന്ന ഗ്രാമചേതന ————————

കവികളും കലാകാരന്മാരും പാടിപ്പുകഴ്ത്തിയ തുമ്പയും തുളസിയും നിറഞ്ഞ നമ്മുടെ ഗ്രാമങ്ങളുടെ പരിശുദ്ധി ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടെ സംസ്ക്കാരത്തിന്റെയും മൂല്യത്തിന്റെയും മാറ്റ് കൂട്ടിക്കൊണ്ടിരുന്ന നാടന്‍ പാട്ടുകളും കലാരൂപങ്ങളും ഗ്രാമങ്ങളില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. ഇന്ന് നമ്മുടെ ഗ്രാമങ്ങളില്‍ മലയാളത്തെ കൊല്ലുന്ന ഇംഗ്ലീഷിനാല്‍ നമ്മുടെ സംസാര ശൈലി വികൃതമായിക്കൊണ്ടിരിക്കുന്നു. നാടെങ്ങും ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍‍ പെരുകുന്നു.

തിരുത്തപ്പെടുന്ന കാഴ്ചകള്‍ ————————

ആഗോളവല്‍ക്കരണത്തിലൂടെ ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു മറ്റ് രാജ്യങ്ങളുമായി കിടപിടിക്കുന്ന വിദ്യാഭ്യാസ നിലവാരത്തിലേക്കും ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നും വിശാലമായ ചിന്താഗതിയിലേക്കും ഗ്രാമീണ ജനങ്ങളെ എത്തിക്കാന്‍ ഇതിനു സാധിച്ചിട്ടുണ്ട്. കുടുംബശ്രീയും അയല്‍ക്കൂട്ടങ്ങളുമെല്ലാം ഇന്ന് ഗ്രാമങ്ങളില്‍ സജീവമാണ്. ചെറുതും വലുതുമായ വരുമാനം ല‍ഭിക്കുന്ന പലവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കുത്തക മുതലാളിമാരുടെ പരസ്യത്തിന്റെ കുത്തൊഴുക്കുള്ള ഉല്‍പ്പന്നങ്ങളെ ചെറുക്കാന്‍ ഇത്തരം സംരംഭകര്‍ക്ക് കുറയൊക്കെ കഴിയുന്നുണ്ട്. ഗ്രാമങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നുണ്ട് . ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ് വിദ്യാഭ്യാസം എന്ന് ഗ്രാമീണ ജനങ്ങള്‍ ഇന്ന് തിരിച്ചറിഞ്ഞു.

ആധുനിക മാതൃകയിലുള്ള കെട്ടിടങ്ങളാലും നൂതനമായ ഇലട്രോണിക് ഉപകരണങ്ങളും അലം കൃതമാണ് ഇന്ന് ഗ്രാമങ്ങള്‍ ഇന്റെര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും ടെലിവിഷനിലൂടെയുമെല്ലാം ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന കാര്യങ്ങളും അപ്പപ്പോള്‍ തന്നെ ഗ്രാമങ്ങളിലും എത്തിച്ചേരുന്നു. മനുഷ്യപ്രത്നത്തെ കുറക്കാന്‍ വേണ്ടി നൂതന സാങ്കേതിക വിദ്യകള്‍ പട്ടണങ്ങളിലേതു പോലെ ഗ്രാമങ്ങളിലും ഇന്ന് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. തൊഴിലില്ലായ്മകള്‍ കുറഞ്ഞിരിക്കുന്നു ചുരുക്കത്തില്‍ വികസനത്തിനും അതിനൊപ്പം നാശത്തിനും ഗ്രാമങ്ങള്‍ ഇന്ന് വിധേയമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ സംസ്ക്കാരത്തിനും ജീവിത രീതികള്‍ക്കും യോജിച്ച തരത്തില്‍ ആഗോളവല്‍ക്കരണത്തെ മാറ്റിയെടുക്കാന്‍ ഇനിയെങ്കിലും സാധിച്ചാല്‍ ഗ്രാമങ്ങളുടെ വികസനത്തിനും ഭാവി തലമുറയ്ക്കും അത് വലിയ നേട്ടമായിരിക്കും.

Generated from archived content: essay1_nov13_13.html Author: suneesh_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here