വയനാട്ടിലെ ആദിവാസികൾ

നമ്മുടെ സംസ്‌കാരത്തിന്റെ അടിവേരുകൾ ചെന്നെത്തി നിൽക്കുന്നത്‌ ആദിവാസികളിലാണ്‌. പരിഷ്‌കൃത സമൂഹത്തിന്റെ പല തരത്തിലുള്ള ചൂഷണങ്ങൾ അനുഭവിക്കുന്നവരാണ്‌ ആദിവാസികൾ. സാധാരണ ജനങ്ങളിൽ നിന്നകന്ന്‌ സ്വന്തം അമ്മയോടെന്നപോലെ പ്രകൃതിയുമായി ഇഴുകിചേർന്ന്‌ വനാന്തരങ്ങളിൽ ജീവിച്ചവരാണ്‌ ഒരു കാലത്ത്‌ ഇവർ. ഇന്ന്‌ ആദിവാസികളെല്ലാം വനവാസികളല്ല. വനവിസ്‌തൃതിയിൽ കുറവ്‌ വന്നതോടെ ഇവർക്ക്‌ നിത്യജീവിതത്തിനാവശ്യമായ വിഭവങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടനുഭവപ്പെടുകയും, പലരുടെയും ഭൂമി അന്യാധീനപ്പെടുകയും ചെയ്‌തു. തൻമൂലം മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ തേടി ആദിവാസികളിൽ പലരും വനത്തിനുള്ളിൽ നിന്നും പുറത്ത്‌ കടന്നു. എങ്കിലും പട്ടിക വർഗ്ഗ അനുപാതത്തിൽ ഒന്നാം സ്‌ഥനത്തുള്ള വയനാട്‌ ജില്ലയിൽ ഇപ്പോഴും ആദിവാസി ഗോത്രങ്ങൾ അവരുടെ സാംസ്‌കാരികത്തനിമ നിലനിർത്തി ജീവിച്ചുപോരുന്നു. ആചാരം, ആരാധന, വിശ്വാസം, വിനോദം, വിവാഹം, മരണാന്തരക്രിയകൾ, ഭാഷാരീതി എന്നിവയിലെല്ലാം ആദിവാസികൾക്ക്‌ അവരുടെതായ ചില രീതികളുണ്ട്‌. പണിയർ, കുറിച്യർ, കുറുമർ, കാട്ട്‌നായ്‌ക്കർ, അടിയാൻ, ഊരാളി എന്നിവരാണ്‌ വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ. ഇതിൽ വളരെയധികം പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗമാണ്‌ പണിയർ.

പണിയർ

പണിയെടുക്കുന്നവർ എന്ന അർത്ഥത്തിലാണ്‌ ഇവർക്ക്‌ പണിയർ എന്ന പേര്‌ വന്നത്‌. സ്വന്തമായി കൃഷി സ്‌ഥലം ഇല്ലാത്തവരാണ്‌ ഇവർ. മറ്റുള്ളവർക്കുവേണ്ടിയാണ്‌ ഇവർ പണിയെടുക്കുന്നത്‌. കഠിനദ്ധ്വാനികളും ശാന്തപ്രകൃതമുള്ളവരുമാണിവർ. സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ ഇവർക്ക്‌ പ്രത്യേകം സാമർത്ഥ്യമുണ്ട്‌. ഉറുമ്പും, തേനീച്ചയുമൊക്കെയുള്ള വൻമരങ്ങളിലേയും മറ്റുള്ള മുരിക്ക്‌ മരത്തിന്റെയുമെല്ലാം കൊമ്പ്‌ കോതാനും, വലിയ മുളങ്കാടുകളിൽ നിന്ന്‌ ഇല്ലി വെട്ടിയെടുക്കാനുമൊക്കെ ഇവർക്ക്‌ പ്രത്യേക പരിചയമുണ്ട്‌. പൊതുവെ ചെരിപ്പ്‌ ഇവർ ഉപയോഗിക്കാറില്ല. കല്ലും മുള്ളും നിറഞ്ഞ വഴികളും ജോലികളും ഇവർ പ്രശ്‌നമാക്കാറേയില്ല. മുളയുടെ വാരിമെടഞ്ഞ്‌ അത്‌ മണ്ണിൽ കുത്തിനിവർത്തി അതിൽ മണ്ണെറിഞ്ഞ്‌ പിടിപ്പിച്ച്‌ ഒന്നോ രണ്ടോ മുറികളുള്ള പുല്ല്‌ മേഞ്ഞ കുടിലുകളിലാണ്‌ ഇവരുടെ ജീവിതം. പണിയകുടി എന്നാണ്‌ ഇവരുടെ വീടിനെ പറയുന്നത്‌. എല്ലാവരും ഒന്നിച്ച്‌ തഴപ്പായയിൽ നിലത്താണ്‌ കിടന്നുറങ്ങുന്നത്‌. ഓട മുള എന്നിവകൊണ്ട്‌ ഭംഗിയായി കൊട്ട നെയ്യാൻ ഇവർക്കറിയാം. ചില പ്രത്യേക ആകൃതിയിലുള്ള കല്ലുകൾ മരത്തിന്റെ ചുവട്ടിൽ പ്രതിഷ്‌ഠിച്ചശേഷം ആരാധനാ മൂർത്തികളായി സങ്കൽപ്പിച്ച്‌ അവിടെ ഇവർ പ്രാർത്ഥിക്കാറുണ്ട്‌. ഇവരുടെ വസ്‌ത്രധാരണ രീതി വളരെ പ്രത്യേകതകൾ ഉള്ളതാണ്‌. പുരുഷന്മാർ ഒരു മുണ്ടുടുക്കുകയും തോളിൽ ഒരു തോർത്ത്‌ അല്ലെങ്കിൽ ഷർട്ട്‌ ധരിക്കുകയോ ചെയ്യുന്നു. സ്‌ത്രീകൾ സാരി ഞൊറി ഇടാതെ ഉടുക്കുന്നു. സാരിയുടെ തോളിൽ ഇടുന്ന ഭാഗം ഒരു പ്രത്യേക രീതിയിൽ ചുറ്റി തോളിൽ കെട്ടിവയ്‌ക്കുകയും ചെയ്യുന്നു. നൈറ്റി ധരിക്കുന്നവരും ഉണ്ട്‌. എന്നാൽ പ്രായമായ സ്‌ത്രീകളുടെ വേഷം ഇതിൽനിന്നെല്ലാം വ്യത്യസ്‌ഥമാണ്‌. ഒരുമുണ്ട്‌ മാറിന്‌ മുകളിൽ ചുറ്റുകയും മറ്റൊരു ചേലകൊണ്ട്‌ കഴുത്തിനു ചുറ്റുമായി മറക്കുകയും ചെയ്യുന്നു. അരക്ക്‌ താഴെയായി ചുവപ്പോ, കറുപ്പോ നിറമുള്ള ഒരു ഉറുമാൽകൊണ്ട്‌ മുറുക്കി ചുറ്റികെട്ടുകയും ചെയ്യുന്നു. മുൻപിൽ മടിശീല ഉണ്ടാകും. ഇതിൽ എപ്പോഴും മുറുക്കാൻ പൊതി കാണും. കൈതയോല ഉണക്കി ചുരുട്ടിയെടുത്ത്‌ ഒരു ഭാഗം അടച്ച്‌ മറ്റേ ഭാഗത്ത്‌ തേൻമെഴുക്‌ നിറക്കുന്നു. പിന്നീട്‌ ഈ മെഴുകിൽ കുന്നികുരുക്കൾ പതിപ്പിച്ച്‌ ഉണ്ടാക്കിയെടുക്കുന്ന കമ്മലാണ്‌ പ്രായമായ സ്‌ത്രീകൾ ഉപയോഗിക്കുന്നത്‌. ഇതിനെ തോട എന്നാണ്‌ പറയുന്നത്‌. സ്‌ത്രീജനങ്ങൾ എല്ലാവരും മൂക്ക്‌ കുത്താറുണ്ട്‌. പ്രായമായവർ പ്രത്യേക അലുക്കുകളുള്ള ഞാന്ന്‌ കിടക്കുന്ന മൂക്ക്‌ കുത്തിയാണ്‌ ധരിക്കുന്നത്‌. നാല്‌ വരിയിൽ മുത്തുകൾ കോർത്ത, ഇടവിട്ട്‌ കല്ലുകൾ പതിപ്പിച്ച, കഴുത്ത്‌ പറ്റെ കിടക്കുന്ന മാലയാണ്‌ ഇവർ ധരിക്കുന്നത്‌. മറ്റ്‌ തരത്തിലുള്ള മാലകളും അണിയാറുണ്ട്‌. കൈ നിറയെ അലുമിനിയത്തിന്റെയും ഇരുമ്പിന്റെയുമെല്ലാം വളകളുണ്ടാകും. സ്‌ത്രീകൾ തോളിനൊപ്പം മുടി മാത്രമെ വളർത്താറുള്ളു. ഇവരുടെ പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ്‌ ഞണ്ട്‌. കൂടാതെ ചേമ്പിൻതാൾ, കൂൺ, തകരയില, ചേനയുടെ തണ്ട്‌, മുളംകൂമ്പ്‌ എന്നിവയെല്ലാം ഇവർക്ക്‌ പ്രിയപ്പെട്ടതാണ്‌. കോഴിയേയും അപൂർവമായി ആട്‌, പട്ടി എന്നിവയെയും ഇവർ വളർത്താറുണ്ട്‌. വലിയ മൃഗങ്ങളെ ഇവർ വളർത്താറില്ല. ഒരു കോളനിയായിട്ടാണ്‌ ഇവർ താമസിക്കുന്നത്‌. ഒന്നിലധികം പേർ ചേർന്നാണ്‌ പൊതുവെ യാത്ര ചെയ്യാറ്‌. നടക്കുന്ന വഴികളിൽ അവർക്ക്‌ ഉപയോഗപ്രദമായ എല്ലാ വസ്‌തുക്കളും അവർ ശേഖരിക്കാറുണ്ട്‌. അടക്ക, കാന്താരിമുളക്‌, കറിവക്കാൻ ഉതകുന്ന പലതരം ഇലകൾ, കൂൺ, വിറക്‌ ഞണ്ട്‌ എന്നിവയെല്ലാം ഇങ്ങനെ ശേഖരിക്കുന്നവയിൽപെടുന്നു. വയൽവരമ്പിലെ പൊത്തുകളിൽ കയ്യിട്ടാണ്‌ ഇവർ ഞണ്ടിനെ പിടിക്കുന്നത്‌. മഴക്കാലത്തിന്‌ മുൻപ്‌ തന്നെ സ്‌ത്രീകളും പുരുഷൻമാരും ചേർന്ന്‌ പുഴയോരങ്ങളിൽ നിന്നും ഇല്ലിക്കാടുകളിൽ നിന്നും വിറക്‌ ശേഖരിച്ച്‌ ഭംഗിയായി കെട്ടുകളാക്കി കൊണ്ട്‌ വന്ന്‌ ശേഖരിച്ച്‌ വയ്‌ക്കുക പതിവാണ്‌. മാസത്തിൽ ചില പ്രത്യേക ദിസങ്ങളിൽ തുടികൊട്ടുന്ന പതിവുണ്ട്‌. പ്രത്യേക ആഘോഷങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ തുടികൊട്ടും, കുഴൽവിളിയും കൂടെ വട്ടക്കളി എന്ന സ്‌ത്രീകളുടെ നൃത്തവും ഉണ്ടാവും. വളരെ ചടുലമാണ്‌ ഇതിന്റെ ചുവടുകൾ. മുമ്പ്‌ വയലിൽ ഞാറ്‌ നടുമ്പോൾ കൃഷിക്കാർ ഇവരെകൊണ്ട്‌ ‘കമ്പളനാട്ടി’ എന്ന ചടങ്ങ്‌ സംഘടിപ്പിക്കാറുണ്ടായിരുന്നു. തുടിയുടെയും കുഴലൂത്തിന്റെയും താളത്തിൽ പണിയ സ്‌ത്രീകൾ പ്രത്യേക താളത്തിൽ വളരെ വേഗം ഞാറ്‌ നടുന്നതാണിത്‌. ഞാറ്‌ നട്ട്‌ കഴിയുമ്പോൾ ആഘോഷമായി സദ്യയുമുണ്ടാക്കും. ഇവരുടെ മരണാനന്തര ചടങ്ങുകൾക്കു പല പ്രത്യേകതകളുണ്ട്‌. ആദ്യം ആറടി കുഴിയെടുക്കുന്നു. അതിന്‌ ശേഷം ഈ കുഴിയിൽ ഇറങ്ങിനിന്ന്‌ കൊണ്ട്‌ തലവയ്‌ക്കുന്ന ഭാഗത്ത്‌ ഭിത്തിയിൽ ചെറിയൊരു കുഴി വേറെയും ഉണ്ടാക്കുന്നു. ഈ കുഴിയിൽ പരേതൻ ഉപയോഗിച്ചതും അല്ലെങ്കിൽ ഇഷ്‌ടപ്പെട്ടതുമായ വസ്‌തുക്കൾ മുറുക്കാൻപൊതി, അരിവാൾ അല്ലെങ്കിൽ വാക്കത്തി കുറച്ച്‌ വെള്ളം, കത്തി എന്നിവ വയ്‌ക്കുന്നു. പരേതന്‌ ഈ വസ്‌തുക്കൾ ഇനിയും ആവശ്യമുണ്ട്‌ എന്നാണ്‌ അവർ വിശ്വസിക്കുന്നത്‌. പണിയരിലെ പുരുഷന്മാരും സ്‌ത്രീകളുമെല്ലാം പുകയിലകൂടി മുറക്കുന്നവരാണ്‌. പുരുഷന്മാർ എല്ലാവരും തന്നെ മദ്യപിക്കുന്നവരുമാണ്‌. സ്വന്തം വീടുകളിൽ ഇടക്കിടെ വാക്കു തർക്കങ്ങൾ പതിവാണെങ്കിലും മറ്റ്‌ കുടികളിലെ വ്യക്തികളോട്‌ ഇവർ വഴക്കിടാൻ പോകാറില്ല. പ്രത്യേക ഭാഷയിലാണ്‌ ഇവർ പരസ്‌പരം സംസാരിക്കുന്നത്‌. നിങ്ങൾ എങ്ങോട്ട്‌ പോകുന്നു എന്ന്‌ അവരുടെ ഭാഷയിൽ “നീങ്ക എങ്കെ പോഞ്ചുളൈ” എന്നാണ്‌. കാണി (ഒന്നും കിട്ടിയില്ല) മൊട്ടൻ (ആൺകുട്ടി) എന്നിങ്ങനെ പോകുന്നു അവരുടെ ഭാഷ. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മറ്റുള്ളവിഭാഗങ്ങളെ അപേക്ഷിച്ച്‌ വളരെ പിന്നിലാണ്‌ ഇവർ. ഹൈസ്‌കൂൾ തലം വരെ പഠിക്കുന്നവർ വളരെ വിരളമാണ്‌.

കുറിച്യർ

ആദിവാസികളിലെ ബ്രാഹ്‌മണർ എന്നാണ്‌ കുറിച്യർ അറിയപ്പെടുന്നത്‌. ഇവരിലെ മുൻ തലമുറ പഴശ്ശിയുടെ സൈന്യത്തിലെ വേണ്ടപ്പെട്ടവർ ആയിരുന്നു. അതിൽ ഇന്നും അഭിമാനിക്കുന്നവരാണിവർ. ഇവരുടെ ജീവിതത്തിൽ എല്ലാത്തിനും ഒരു അടുക്കും ചിട്ടയുമൊക്കെയുണ്ട്‌. കൂട്ടുകുടുംബമായി താമസിക്കുന്നവരാണ്‌ ഇവരിലധികവും. തറവാട്ടിൽ ഒരു കാരണവർ ഉണ്ടാകും. കാരണവരുടെ തീരുമാനങ്ങളെ ആരും ചോദ്യം ചെയ്യാറില്ല. പ്രായമായ പുരുഷന്മാർ മുടി കുടുമി കെട്ടിവയ്‌ക്കുകയും കാതിൽ കടുക്കനണിയുകയും ചെയ്യും. ഇവർ ഒരു കുപ്പായം ധരിക്കുകയും ചെയ്യുന്നു. സ്‌ത്രീകൾ ഒരു മുണ്ട്‌ ഉടുക്കുകയും മറ്റൊരു മുണ്ട്‌ തോളിലൂടെ ചെരിച്ച്‌ കെട്ടിവയ്‌ക്കുകയും ചെയ്യുന്നു. ഒരു ചെറിയ മൂക്ക്‌ കുത്തിയുണ്ടാകും. കൈയ്യിൽ ഒന്നോ രണ്ടോ ഇരുമ്പ്‌ വളകളും കഴുത്തിൽ നേരിയ ഒരു മാലയോ അല്ലെങ്കിൽ ഒരു ചരടോ ഉണ്ടാകും. കുറിച്യർ തറവാടുകൾ അധികവും ഓടിട്ടവയാണ്‌. അടുക്കളയിൽ അടുപ്പിന്‌ മുകളിൽ ഓട്‌കൊണ്ടോ മുളകൊണ്ടോ മെടഞ്ഞുണ്ടാക്കിയ “ചേര്‌” കാണും. പലതരത്തിലുള്ള വസ്‌തുക്കൾ ഉണക്കിയെടുക്കാൻ ഇത്‌ ഉപകരിക്കുന്നു. കുറിച്യർതറവാടുകളിലെല്ലാം തന്നെ വിശാലമായ മുറ്റമുണ്ടാകും. മുറ്റത്തേക്ക്‌ കയറാൻ നടകളും മുറ്റത്തിന്റെ അരികുകളിൽ ചെറിയ വരമ്പ്‌ നിർമ്മിച്ച്‌ നിലംതല്ലി ഉപയോഗിച്ച്‌ അടിച്ചുറപ്പിക്കുന്നു. മുറ്റവും നടയുമെല്ലാം ചാണകം ഉപയോഗിച്ചു മെഴുകുന്നു. കൊട്ട തഴപ്പായ എന്നിവ നെയ്യാനറിയാം. സ്വന്തമായി കൃഷിസ്‌ഥലമുള്ളവരാണിവർ. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്നാണ്‌ കൃഷിയിറക്കുന്നത്‌. ഇവരുടെ ഒരു പ്രത്യേകത സ്വന്തം കൃഷിയിടത്തിൽ ഉണ്ടാക്കുന്ന വസ്‌തുക്കൾ മാത്രമെ കഴിവതും കഴിക്കുകയുള്ളൂ എന്നതാണ്‌. എല്ലാതരം കൃഷിയും ചെയ്യുമെങ്കിലും പ്രധാന കൃഷി നെല്ലാണ്‌. ഇങ്ങനെ ഇവർ കൃഷി ചെയ്‌തെടുക്കുന്ന നെല്ല്‌ രണ്ട്‌ വിധമുണ്ട്‌. ഒരു പുഴുക്കൻ, ഇരുപുഴുക്കൻ എന്നിവയാണവ. കന്നുകാലികളെ കൂട്ടത്തോടെയും അല്ലാതെയുമെല്ലാം ഇവർ വളർത്താറുണ്ട്‌. എരുമ, പോത്ത്‌ എന്നിവയാണ്‌ ഇതിൽ പ്രധാനം. പരമ്പരാഗതമായി ഇവർ വലിയ വേട്ടക്കാരാണ്‌. വനഭൂമിയും വന്യമൃഗങ്ങളും കുറഞ്ഞ്‌ വന്നതോടെ സർക്കാർ വേട്ടയാടൽ നിരോധിച്ചെങ്കിലും എല്ലാവർഷവും തുലാം 10-​‍ാം തിയതി ഇവർക്ക്‌ വേട്ടയാടാനുള്ള അവകാശം സർക്കാർ അനുവദിച്ചിരിക്കുന്നു. അന്നേ ദിവസം ഇവരിലെ ആൺജനങ്ങളെല്ലാം ചേർന്ന്‌ ആഘോഷമായി വേട്ടയാടാൻ പോകും. മുമ്പൊക്കെ വേട്ട നായ്‌ക്കളും കൂടെ കാണുമായിരുന്നു. ഒരു പ്രത്യേക അകലത്തിൽ നിരനിരയായി കുറ്റിക്കാടുകളും അടിക്കാടുമെല്ലാം കമ്പുകൊണ്ടും, കത്തികൊണ്ടുമെല്ലാം തെളിച്ചാണ്‌ ഇവർ മുന്നേറുന്നത്‌. ഒരു ഇരയെ കണ്ട്‌ കഴിഞ്ഞാൽ കണ്ടവർ ഒരു പ്രത്യേക ശബ്‌ദമുണ്ടാക്കി മറ്റുള്ളവരെ അറിയിക്കും. ഏത്‌ മൃഗമാണെന്നും ഏത്‌ ദിശയിലേക്കാണ്‌ പോകുന്നത്‌ എന്നും മനസിലാക്കി കഴിഞ്ഞാൽ എല്ലാവരും പല സ്‌ഥലത്ത്‌കൂടി ഓടിവന്ന്‌ ഇരയെ വളഞ്ഞ്‌ പിടിക്കുകയാണ്‌ ചെയ്യുന്നത്‌. വേട്ടയാടലിന്‌ ശേഷം കിട്ടിയത്‌ എല്ലാ വീട്ടുകാരും ചേർന്ന്‌ പങ്കിട്ടെടുക്കുന്നു. അന്നേദിവസം വലിയ ആഘോഷമാണിവർക്ക്‌. രാവേറെ ചെല്ലുവോളം അത്‌ നീണ്ട്‌ നിൽക്കും. വേട്ടക്കായി ഇവർ പരമ്പരാഗതമായി ഉപയോഗിച്ച്‌ വരുന്ന ആയുധം അമ്പും വില്ലുമാണ്‌. വില്ലുണ്ടാക്കാൻ മൂത്ത മുളയുടെ വാരി ചെത്തിമിനുക്കിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിന്‌ കെട്ടാൻ ഉപയോഗിക്കുന്ന ഞാൺ മരത്തിന്റെ തോലുരിഞ്ഞാണ്‌ എടുക്കുന്നത്‌. ഈ തോൽ തണലത്ത്‌ വച്ച്‌ ഉണക്കി പിരിച്ചെടുത്ത്‌ മുളയുടെ വാരിയിൽ ബന്ധിക്കുന്നു. മൂന്ന്‌ തരം അമ്പാണ്‌ ഇവർ ഉപയോഗിക്കുന്നത്‌. കത്തിയമ്പ്‌, മൊട്ടമ്പ്‌, സാധാരണ അമ്പ്‌ എന്നിവയാണിവ. വലിയ കാട്ട്‌ മൃഗങ്ങളെയും മറ്റും പിടിക്കാനാണ്‌ കത്തിയമ്പ്‌ ഉപയോഗിക്കുന്നത്‌.

ഇരുമ്പ്‌ അടിച്ച്‌ പരത്തി അറ്റം കൂർപ്പിച്ചാണ്‌ കത്തിയമ്പ്‌ തയ്യാറാക്കുന്നത്‌. മൂത്ത മുളയുടെ വടിയിൽ ഇത്‌ പിരിച്ച്‌ കയറ്റുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ തയ്യാറാക്കുന്ന അമ്പിന്റെ മറ്റേ അറ്റത്ത്‌ പക്ഷികളുടെയോ, കോഴിയുടെയോ പകുതി മുറിച്ച തൂലുകൾ തേൻമെഴുകോ, ടാറോ, ചക്കപ്പശയോ ഉപയോഗിച്ച്‌ ഒട്ടിച്ച്‌ വെക്കുന്നു. ഇങ്ങനെ ചെയ്യുന്നത്‌ ലക്ഷ്യത്തിലേക്ക്‌ അയക്കുന്ന അസ്‌ത്രത്തിന്റെ ദിശതെറ്റാതിരിക്കാനാണ്‌. മരക്കുറ്റികൊണ്ടോ മരത്തിന്റെ കാതൽ കൊണ്ടോ ആണ്‌ മൊട്ടമ്പ്‌ തയ്യാറാക്കുന്നത്‌. ഈ അമ്പേറ്റ്‌ കഴിഞ്ഞാൽ ക്ഷതമോ, ചതവോ സംഭവിക്കും. പൊതുവെ ചെറുകിട മൃഗങ്ങളെ പിടിക്കാനാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌. സാധാരണ അമ്പ്‌ പക്ഷികളേയും മറ്റും ജീവനോടെ പിടികൂടുവാനാണ്‌ ഉപയോഗിക്കുന്നത്‌. തത്തയേയും മൈനയേയുമെല്ലാം ഇങ്ങനെ പിടികൂടി വളർത്താറുണ്ട്‌ ഇവർ. അഥവാ എന്തെങ്കിലും ക്ഷതം സംഭവിച്ചാൽ പച്ചമഞ്ഞൾ അരച്ച്‌ പുരട്ടി പരിക്ക്‌ ഭേദമാക്കിയെടുക്കുന്നു. കുളക്കോഴിയേയും കാട്ട്‌ കോഴിയേയും പിടികൂടാൻ പ്രത്യേകം കെണികളും ഇവർ ഉപയോഗിക്കാറുണ്ട്‌. മീൻ പിടിക്കാനും ഇവർക്ക്‌ പ്രത്യേക സാമർത്ഥ്യമുണ്ട്‌. മീൻ പിടിക്കാൻ പോകുമ്പോൾ അരയിൽ കത്തിയും കയ്യിൽ മീൻകൂടയും കാണും. ഓട, മുള എന്നിവ ഉപയോഗിച്ചാണ്‌ മീൻകുട നിർമ്മിക്കുന്നത്‌. ഇതിന്റെ വായ ഭാഗം ഇടുങ്ങിയതും ഉള്ളിലേക്ക്‌ വിസ്‌താരമേറിയതുമാണ്‌. അഞ്ച്‌ കിലോ മീനിനെ ഉൾകൊള്ളുന്നതാണ്‌ ഈ മീൻകുട. മീൻകൂടയിൽ 3 ദിവസം വരെ മീൻ കേടുകൂടാതെ ഇരിക്കും. ദിവസത്തിൽ ഒന്നോ രണ്ടോ തവണ കുറച്ച്‌ വെള്ളം തളിച്ചാൽ മതിയെന്നുമാണ്‌ ഇവർ പറയുന്നത്‌. ചൂണ്ടയാണ്‌ മീൻ പിടിക്കാൻ കൂടുതലും ഉപയോഗിക്കുന്നത്‌. രണ്ടോ മൂന്നോ ചൂണ്ടകൾ അടുപ്പിച്ചടുപ്പിച്ച്‌ പുഴക്കരയിൽ പുഴയിലേക്ക്‌ ചായ്‌ച്‌ കുത്തി നിർത്തും. എന്നിട്ട്‌ നിലത്തിരുന്ന്‌ കൊണ്ട്‌ വെള്ളത്തിൽ ചൂണ്ടചരട്‌ അനങ്ങുന്നുണ്ടോ എന്ന്‌ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ടിരിക്കും. കിട്ടുന്ന മീനുകളെ മേൽ പറഞ്ഞ മീൻകൂടകളിൽ നിക്ഷേപിക്കും. കൈതോടുകളിൽ മീനിനെ പിടിക്കാൻ കൂട്‌ എന്ന ഒരുതരം കെണി ഉപയോഗിക്കുന്നു. ഓടയും, മുളയും കൊണ്ട്‌ മെടഞ്ഞുണ്ടാക്കിയ ഇതിന്‌ രണ്ടോ, മൂന്നോ മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുണ്ടാകും. ഇതിന്റെ ഒരു ഭാഗം തുറന്നും മറ്റേ വശം അടഞ്ഞുമിരിക്കും. ഉള്ളിലായി ചെറിയ ഒരു അറയുണ്ട്‌. ഇതിലേക്ക്‌ കയറി പോകുന്ന മത്സ്യങ്ങൾക്ക്‌ തിരിച്ചിറങ്ങാൻ കഴിയില്ല. മഴക്കാലത്താണ്‌ കൂട അധികവും ഉപയോഗപ്പെടുത്തുന്നത്‌. ഇത്‌ ഒഴുകിപോകാതിരിക്കാൻ കൂടിന്റെ രണ്ട്‌ വശത്തും കുറ്റിയടിച്ച ശേഷം കയറിട്ട്‌ ബന്ധിച്ച്‌ നിർത്തും. കൂടിന്റെ തുറന്നവശം വെള്ളം ഒഴുകുന്ന ഭാഗത്തേക്ക്‌ തിരിച്ചാണ്‌ വയ്‌ക്കുന്നത്‌. മീനുകൾ ഒഴുക്കിനെതിരെ കയറി വരുന്നതാണ്‌ ഇതിന്‌ കാരണം. മഴക്കാലത്ത്‌ മീൻ പിടിക്കാൻ പലതരം വലകളും ഉപയോഗിക്കുന്നു. “ഞണ്ടാടി” “കൂത്ത്‌വല” “വീശ്‌ വല” എന്നിവയെല്ലാം ഇതിൽ പെടും. മഴക്കാലത്തിന്റെ ആരംഭത്തിൽ തോടുകളിലൂടെ മീനുകൾ കൂട്ടമായി വയൽ പ്രദേശങ്ങളിൽ എത്തിചേരാറുണ്ട്‌. ഇതിനെ ഊത്തകയറൽ എന്നാണ്‌ പറയുക. ഇങ്ങനെയെത്തുന്ന മീനുകളിൽ ചിലതിനെ കത്തി ഉപയോഗിച്ച്‌ വെട്ടിപ്പിടിക്കുകയും അല്ലാത്തവയെ കോരുവല ഉപയോഗിച്ചും, കൈകൊണ്ടുമെല്ലാം പിടിക്കുകയാണ്‌ പതിവ്‌. ഇവർ സംസാരിക്കുന്നത്‌ മലയാളമാണെങ്കിലും പ്രത്യേക ഈണത്തിൽ നീട്ടിക്കുറിച്ചുള്ള ഒരു രീതിയാണ്‌ ഇവർ ഉപയോഗിക്കുന്നത്‌. മറ്റ്‌ ആദിവാസി വിഭാഗങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇവർ മുൻപന്തിയിലാണ്‌. ഹൈസ്‌കൂൾ വിദ്യാഭ്യാസമെങ്കിലും ഇല്ലാത്തവർ ഇവരുടെ ഇടയിൽ ഇപ്പോൾ കുറവാണ്‌. സർക്കാർ സർവ്വീസിൽ ജോലിയുള്ളവർ ഏറെയുണ്ട്‌ ഇവർക്കിടയിൽ. ആയുർവേദ പച്ചമരുന്നുകളെപറ്റിയും ഒറ്റമൂലികളെപറ്റിയും അറിവുള്ളവർ ധാരാളമുണ്ട്‌.

കടപ്പാട്‌ – മൂല്യശ്രുതി.

Generated from archived content: essay2_april2_11.html Author: suneesh_james

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here