സമയം രാവിലെ ഏകദേശം പത്തുമണികഴിഞ്ഞിരുന്നു. ലോറിഡ്രൈവറായ രമേശൻ അന്നും പതിവുപോലെ ഒരു ദീർഘദൂര ഓട്ടം കഴിഞ്ഞ് തിരികെ വരുകയായിരുന്നു. ഏകദേശം മദ്ധ്യവയസ്സിനോടടുത്ത പ്രായം. കൂടെ വണ്ടിയിലെ സഹായി ചെറുപ്പക്കാരനായ ശിവനുമുണ്ട്. മധുര – കൊച്ചി ദേശീയ പാതയിലൂടെയായിരുന്നു യാത്ര. തലേരാത്രിമുഴുവനും ഉറക്കമിളച്ച് ഡ്രൈവ് ചെയ്‌തതിന്റെ ക്ഷീണം അയാളുടെ ശരീരം മുഴുവനും അനുഭവപ്പെട്ടു. ബൈപാസ് കഴിഞ്ഞു കൊച്ചി നഗരത്തോടടുക്കാൻ കുറച്ചുദൂരം കൂടിയേ ഉണ്ടായിരുന്നുള്ളു. നഗരത്തിലെ കൃസ്‌ത്യൻ ദേവാലയത്തിനടുത്തുള്ള ഒരു റസ്‌റ്റോറന്റായിരുന്നു അയാളുടെ ലക്ഷ്യം. വണ്ടി ഒതുക്കി നിർത്തിയശേഷം അയാൾ പുറത്തേക്കിറങ്ങി. “ഇനി ഒരു ചായ കുടിച്ചിട്ടാകാം ബാക്കിയാത്ര.” അയാൾ ശിവനോട് വിളിച്ചുപറഞ്ഞു. ഉറക്കത്തിൽ നിന്ന് പെട്ടെന്നുണരേണ്ടിവന്നതിന്റെ അലോസരത്തിൽ എന്തോ പിറുപിറുത്തുകൊണ്ട് ശിവൻ രമേശന്റെ പിന്നാലെ ചെന്നു. മുഖം കഴുകി ഒന്ന് ഫ്രഷായി വന്നിരുന്നുകൊണ്ട് നല്ല കടുപ്പത്തിൽ രണ്ട് ചായയ്‌ക്ക് രമേശൻ ഓർഡർ കൊടുത്തു. ശിവൻ പ്രഭാത ഭക്ഷണത്തിനും കൂടി ഓർഡർ നൽകി. രമേശന് അപ്പോൾ ഭക്ഷണം കഴിക്കാൻ തോന്നിയില്ല. ചായ കുടിച്ചിട്ട് കൗണ്ടറിൽ പണം കൊടുത്ത ശേഷം അടുത്തുള്ള ഒരു സ്‌റ്റേഷനറിക്കടയിൽ കയറി സിഗരറ്റ് വാങ്ങി തീ കൊളുത്തികൊണ്ട് തിരികെ നടക്കുമ്പോളാണ് ആ കാഴ്‌ച അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു വീഡിയോ ക്യാമറയും അതിനു ചുറ്റും കുറേ ആൾക്കാരും. കണ്ടമാത്രയിൽത്തന്നെ ഏതോ ചാനൽ പ്രോഗ്രാമിന്റെ ചിത്രീകരണമാണ് അവിടെ നടക്കുന്നതെന്ന് അയാൾക്ക് മനസ്സിലായി. അയാൾ ആ ഭാഗത്തേക്ക് നടന്നു.
“സത്യം‘ ചാനലിന്റെ ഈ ’റിയൽഷോ‘ യുടെ ഇന്നത്തെ എപ്പിസോഡിലേക്ക് മാന്യപ്രേക്ഷകർക്ക് സ്വാഗതം. ഇന്നത്തെ എപ്പിസോഡിൽ ഈ കൃസ്‌ത്യൻ ദേവാലയത്തിന് മുന്നിലെ വഴിയോരക്കച്ചവടക്കാരുടെ ജീവിതസത്യങ്ങളിലേക്കാണ് ഞങ്ങളുടെ അന്വേഷണം. ആദ്യമായി നമുക്ക് സോഫിയയെ പരിചയപ്പെടാം.” അവതാരകൻ പറഞ്ഞുനിർത്തിയശേഷം സോഫിയയുടെ നേർക്കുതിരിഞ്ഞ് മൈക്ക് നീട്ടി. മദ്ധ്യവയസ്സുള്ള ഒരു സ്‌ത്രീ മൈക്കിനടുത്തേക്ക് വന്നു.
“ഞാൻ സോഫിയ. എന്നെ എങ്ങനെയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തേണ്ടത് എന്നെനിക്കറിഞ്ഞുകൂടാ. ഇപ്പോൾ ഞാൻ ഇരിയ്‌ക്കുന്നത് കേരളത്തിലെ പ്രശസ്‌തമായ ഈ കൃസ്‌ത്യൻ ദേവാലയത്തിന് മുന്നിലാണ്. എന്റെ മുന്നിലെ ഡസ്‌ക്കിൽ അടുക്കി വെച്ചിരിക്കുന്ന മെഴുകുതിരിക്കൂടുകൾ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇപ്പോൾ ഞാനൊരു മെഴുകുതിരിക്കച്ചവടക്കാരിയാണെന്ന്. അല്ല, മെഴുകുതിരിക്കച്ചവടക്കാരിയല്ല; ഓരോ നിമിഷവും ഉരുകിയൊലിച്ച്‌കൊണ്ടിരിക്കുന്ന ഒരു ജീവനുള്ള മെഴുകുതിരി.
ചെയ്യുന്നതെറ്റുകളെക്കുറിച്ചു പശ്ചാത്തപിക്കണമെന്നുള്ളതുകൊണ്ടാവാം ഈ തിരുദേവാലയസന്നിധി എനിക്കൊരനുഗ്രഹമാണ്. റോഡരികിലുള്ള ഈ തിരുസ്വരൂപക്കൂടിനടുത്ത് പകൽ സമയം ചിലവഴിക്കുമ്പോഴാണ് എനിക്ക് അല്‌പമെങ്കിലും ആശ്വാസം ലഭിക്കുന്നത്. പകൽ സമയങ്ങളിൽ ഇവിടെ തീർത്ഥാടകരുടെ ബാഹുല്യമാണ്. ഓരോരുത്തരും അവരവരുടെ ആഗ്രഹസഫലീകരണത്തിന് കാണിക്കയിടുകയും ധാരാളം മെഴുകുതിരികൾ ഇവിടെ നേർച്ചയായി കത്തിക്കുകയും ചെയ്യാറുണ്ട്. അതിനാൽ കച്ചവടം അത്രമോശമാണെന്ന് പറയാനാവില്ല. ഞാൻ മാത്രമല്ല ഇവിടെ മെഴുകുതിരി വിൽപ്പന നടത്തുന്നത്. വീഥിയുടെ ഇരുവശങ്ങളിലുമായി നിങ്ങൾ കാണുന്നതു പോലെ പത്തോളം മെഴുകുതിരി കച്ചവടക്കാർ വേറെയും ഉണ്ട്. ഇത്രയുമായപ്പോഴേക്കും ഒരു ബസ് വന്നു രമേശന്റെ കാഴ്‌ചമറച്ചുകൊണ്ടു നിർത്തി. അയാൾ തിടുക്കത്തിൽ റോഡുമുറിച്ചുകടന്ന് ആ ആൾക്കൂട്ടത്തിനിടയിലേക്ക് കേറിനിന്നു.
സോഫിയ തുടരുകയായിരുന്നു. അപ്പോൾ എന്നെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തട്ടെ? ജീവിത പ്രയാണത്തിന്റെ കുത്തൊഴുക്കിൽ എങ്ങനെയൊക്കെയോ ഈ നഗരത്തിൽ വന്നുപെട്ട് അസന്മാർഗ്ഗിക ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ഒരു സ്‌ത്രീയാണ് ഞാൻ. അതെ, നിങ്ങൾ ഊഹിച്ചതുപോലെ തന്നെ ഞാൻ ഒരു തെരുവുവേശ്യയാണ്. രാത്രിയിൽ അസന്മാർഗ്ഗത്തിന്റെ വഴിയിലും പകൽ ഈ സന്മാർഗ്ഗ വീഥിയിലും.
കേരളത്തിലെ ഒരു കിഴക്കൻ ജില്ലയിലെ ഒരു മലയോര കർഷക കുടുംബത്തിലായിരുന്നു ജനനം. മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയവളായിരുന്നു ഞാൻ മൂത്തചേച്ചിയുടെ വിവാഹപ്രായം കഴിഞ്ഞിട്ടും അത് നടത്താൻ പറ്റാത്ത സ്‌ഥിതിയിലായിരുന്നു കുടുംബം. പ്രായത്തിന്റെ അവിവേകമായിരിക്കണം. പതിനെട്ടാം വയസ്സിൽ, അന്യമതത്തിൽപ്പെട്ട പ്രണയിച്ചവന്റെ കൂടെ നാടുവിട്ടു. പ്രണയിച്ചവന്റെ അല്ല; പ്രണയം നടിച്ചവന്റെകൂടെ എന്ന് പറയുന്നതാവും ശരി. കേരളത്തിന്റെ തലസ്‌ഥാന നഗരിയിലേക്കായിരുന്നു എത്തപ്പെട്ടത്. വലിയദൈർഘ്യമില്ലാത്ത ദാമ്പത്യജീവിതമായിരുന്നു അത്. വാടക വീട്ടിൽ നിന്നും ഒരു ദിവസം തൊഴിൽ അന്വേഷിച്ചുപോയ ഭർത്താവ് ആഴ്‌ചകളും മാസങ്ങളും കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. പട്ടിണി സഹിക്കവയ്യാതായപ്പോൾ വാടകവീട് വിട്ടിറങ്ങേണ്ടി വന്നു. ആ തിരച്ചിലിൽ അവസാനം വന്നെത്തിയത് ഈ നഗരത്തിലായിരുന്നു. പട്ടിണിയിലും പിടിച്ചുനിന്ന ആ സദ്‌ഗുണ സമ്പന്നമായ ജീവിതം അവിടം മുതൽ തകർന്നടിയുകയായിരുന്നു.
അപഥസഞ്ചാരത്തിന്റെ ആദ്യകാലങ്ങളിൽ എനിക്ക് എന്നെത്തന്നെ വെറുപ്പായിരുന്നു; ഈ ലോകത്തോട് മുഴുവൻ പകയും യുഗാന്തരങ്ങൾ കരിങ്കല്ലിനെപ്പോലും മാറ്റിമറിക്കുന്നതുപോലെ കാലക്രമേണ എനിക്കും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. പിന്നീടങ്ങോട്ടുള്ള യാത്രയിൽ സദാചാരഗുണങ്ങളോ ധാർമ്മികമൂല്യങ്ങളോ ഒന്നും തന്നെ എന്റെ ജീവിതത്തിലില്ലായിരുന്നു. വർഷങ്ങളോളം യാന്ത്രികമായ ഒരു ജീവിതം. ദിവസങ്ങളും ആഴ്‌ചകളും മാസങ്ങളും വർഷങ്ങളുമെല്ലാം എങ്ങനെയൊക്കയോ കഴിച്ചുകൂട്ടി.
ഇപ്പോൾ ഏകദേശം അവസാനമൊക്കെ അടുത്തു എന്നുതോന്നുന്നു. ശരീര സൗന്ദര്യം മോശമായ അവസ്‌ഥയിലേക്ക് യാത്ര തുടങ്ങിയിട്ട് നാളേറെയായി. ഇത്തരത്തിലുള്ള എല്ലാവരെയുമെന്നപോലെതന്നെ മാരകരോഗങ്ങൾ ആക്രമണം തുടങ്ങിയിട്ടുണ്ട്. എന്നെ ആവശ്യപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങിയിരിക്കുന്നു. അന്ത്യം എങ്ങനെയായിരിക്കുമെന്ന് എനിക്കേറെക്കുറെ ഇപ്പോൾ തന്നെ ഊഹിക്കാൻ പറ്റുന്നുണ്ട്. ഈ മെഴുകുതിരിക്കൂടുകളുടെ മുൻപിൽ സമയം ചിലവഴിക്കുമ്പോളെല്ലാം അത്തരം ചിന്തകളാണ് എന്നെ വേട്ടയാടുന്നത്.
പക്ഷെ ഒന്നുണ്ട് ഇപ്പോഴും എന്റെ ആഗ്രഹം അടുത്ത ജന്മത്തിലും ഒരു മെഴുകുതിരി ആകണമെന്നാണ്. ഓരോ നിമിഷവും ഉരുകിയൊലിച്ചുകൊണ്ടിരിക്കുന്ന മെഴുകുതിരിയുടെ അവസ്‌ഥയിലല്ല. അനേകർക്ക് പ്രകാശം പരത്താൻ കഴിവുള്ള സദാസമയവും ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു മെഴുകുതിരി. അതാണ് എന്റെ ആഗ്രഹം. ഇപ്പോൾ പല ദിവസങ്ങളിലും പലർക്കും മണവാട്ടിയാകുന്ന എനിക്ക് കർത്താവിന്റെ മണവാട്ടി ആകണം. ആ ആത്‌മീയതയുടെ നിർവൃതി എനിക്കനുഭവിച്ചറിയണം.” സോഫിയ പറഞ്ഞു നിർത്തി.
പിറകിൽ നിന്ന് ആരോ വിളിച്ചപ്പോഴാണ് രമേശൻ തിരിഞ്ഞുനോക്കിയത്. ശിവൻ. “രമേശേട്ടൻ ഇവിടെ വന്നുനിൽക്കുകയായിരുന്നോ? വാ, പോകാം.” ശിവനോടൊപ്പം നടന്നുചെന്ന് അയാൾ വണ്ടി സ്‌റ്റാർട്ടുചെയ്‌തു മുന്നോട്ടെടുത്തു. അപ്പോൾ അയാളുടെ മനസ്സിലെവിടെയോ വന്ന വിദൂരദൃശ്യത്തിൽ വെളുത്തുകൊലുന്നനെയുള്ള ഒരു പെൺകുട്ടിയുടെ കയ്യിൽപിടിച്ചുകൊണ്ട് ഇരുളിന്റെ മറവിൽ ധൃതിയിൽ നടന്നുനീങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ മുഖമായിരുന്നു.
Generated from archived content: story1_dec1_10.html Author: suneer_siddiq