യാത്ര

ഈ യാത്ര

തിടുക്കത്തിലെങ്ങോട്ട്‌…?!

വീണ്ടും നിന്റെ ചോദ്യം

ചൂളം വിളി, റയിൽപാളം

സമാന്തര രേഖാവലംബം

* * * * * * * *

ചേർത്ത്‌ വയ്‌ക്കപ്പെട്ട

രണ്ടുബോഗികൾ നമ്മൾ.

പാളങ്ങളിൽ കുടുങ്ങി

അരഞ്ഞുതീരും

നെഞ്ചിലെ കിതപ്പുകൾ

ബോഗികൾ; എഞ്ചിൻ

മിനുപ്പിൽ പായും

പേരില്ല കണ്ണികൾ

നിന്റെ ചോദ്യം, ഉറയില്ലാ

വാളുപോലെയുളളിൽ

മൂർച്ഛിച്ചാഴുന്നു

വീണ്ടും

ഈ യാത്ര എങ്ങോട്ട്‌…?!

* * * * * * * *

പുറമേ ശാന്തം

അകവെളിച്ചത്തിന്റെ നന്മ.

നേർത്ത സല്ലാപങ്ങൾ

പറന്നുപോവുന്ന മഴമേഘങ്ങളിൽ

കഴിഞ്ഞ കാലങ്ങൾ.

ആശകൾ, കുതിരഞ്ഞാണുകൾ

ഒപ്പം, കർമവേഗത തുളുമ്പും

നാളുകൾ

വിണ്ണിൽ തെളിയിക്കാനാശിച്ച

വിളക്കുകൾ;

പൂവിൽ മധു,

വിരൽത്തുമ്പിൽ നിലാവ്‌.

* * * * * * * *

ഓ, മഴയോ? ഒപ്പം

പെട്ടന്നിരുട്ടും

ഇരുട്ടിൽ മുളങ്കാടുകളും

മരങ്ങളും നക്ഷത്രവും

ബോഗികൾക്കു മീതേ

അല്ല നമ്മളിൽ

കൂപ്പു കുത്തുന്നു.

* * * * * * * *

പെട്ടന്നുണർന്നു.

സ്വസ്തി! ഇരുട്ടിന്റെ

താക്കീതിന്‌

വാക്കുകൾ ശേഷക്രിയപോലെ-

യെങ്കിലുമോർത്തുപോയി;

നിയോഗത്തിന്റെ

വിരൽതൊടും ദൂരത്ത്‌

ജീവിതമെന്ന മഹാസത്യം.

* * * * * * * *

ദൂരമിനിയുമുണ്ട്‌. ഇരുട്ടും;

നമുക്കുറങ്ങാതിരിക്കാം;

പുലരുവോളം; തമ്മിൽ

അറിയാത്തൊരിടത്തേക്കു

ഈ യാത്ര തുടരും വരെ.

പുറത്ത്‌, ഗസൽ

പോലെ മഴ.

തോരാത്ത കണ്ണുനീർ

നനവ്‌, സിന്ദൂരരേഖയിൽ

സൂര്യനോവ്‌

കണ്ണിലെ പശിമയിൽ

വെയിൽ മങ്ങും-

വരെ ഞാനീ

ജാലകമൊന്ന്‌

തുറന്നിടട്ടേ…

Generated from archived content: poem2_july7.html Author: sumithra_satyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here