പാതിമയക്കത്തിലൊന്ന്
പരതി നോക്കി
ഇല്ല;
വിളിപ്പുറത്തന്യനായി
തലചായ്‌ച്ച്
കിടക്കുന്നൊരാൾ.
മരണമെന്നൊരാൾ
കാണാതെയിരുട്ടത്ത്
വന്നതെപ്പോഴെന്നറിയില്ല.
അറിയാതെ,യുറക്കത്തിലുണർന്ന
കുഞ്ഞിന്റെയൊച്ചയിൽ
കേട്ടില്ല,യാ
താണ നിശ്വാസങ്ങൾ.
മരണമെന്നൊരാൾ
കാത്തുകിടക്കുന്നു.
പുസ്‌തകസഞ്ചിയിൽ
കണക്കെടുപ്പുകൾ,
നൂറുനൂറായിരം
വിധിയെഴുത്തുകൾ.
മരണമെന്നൊരാൾ
കാത്തുനിൽക്കുന്നു
വഴിവക്കിൽ, ശരറാന്തലുണ്ട്.
വഴിവക്കിലന്യോന്യം
അർദ്ധോക്തിയിൽ നിർത്തി
ഞാനെന്റെ വാക്കും
വെളിച്ചവും വിട്ടുപോന്നു.
മരണമെന്നൊരാൾ
നേരെ നടക്കുമ്പോൾ
മനസ്സിൽ മുരളുന്നു
കടന്നൽ കൂടുകൾ;
അറിയാതെയോർത്തു-
പോയെന്റെ
കുഞ്ഞുറങ്ങുന്നു മൗനമായി
പാലിന്റെ മാധുര്യം
ചുണ്ടുകളിലിപ്പോഴും…
Generated from archived content: poem1_may18.html Author: sumithra_satyan