ടോപ്‌ഗിയർ മുതൽ ടോപ്‌ഗിയർ വരെ

മലയാളത്തിൽ ഓട്ടമൊബീൽ ജേർണലിസത്തിന്‌ പ്രൊഫഷണൽ അടിത്തറയേകിയ ‘ടോപ്‌ഗിയറി’ന്റെ എഡിറ്റർ ഇൻ ചാർജ്ജ്‌ ബൈജു എൻ.നായരുമായുളള അഭിമുഖം. കോട്ടയം മണ്ണാർക്കാട്‌ ഇന്ത്യൻ ജേസീസിന്റെ ഈ വർഷത്തെ ‘ഔട്ട്‌ സ്‌റ്റാന്റിങ്ങ്‌ പേഴ്‌സൺ’ അവാർഡ്‌ ഇദ്ദേഹത്തിനായിരുന്നു.

ഏഴ്‌ വർഷം മുൻപാണ്‌. മാതൃഭൂമി കോട്ടയം പെസ്‌കിലെ സബ്‌ എഡിറ്റർ ബൈജു എൻ.നായർക്ക്‌ ന്യൂസ്‌ എഡിറ്റർ ടി.ആർ രാമചന്ദ്രന്റെ ഫോൺ സന്ദേശം. കാര്യം ഇതാണ്‌. “വാഹനകോളം തുടങ്ങുന്നു. എഴുതാൻ കഴിയുമോ?”. ടി.ആറിന്റെ ചോദ്യം കേട്ട്‌ ആദ്യമൊന്നമ്പരന്നു. സാമാന്യം നന്നായി കാറും ബൈക്കും ഓടിക്കാം എന്ന വിശ്വാസം മാത്രം കൈമുതലുളളതെങ്കിലും രണ്ടും കൽപ്പിച്ചൊരു മറുപടിയും മറുതലയ്‌ക്കൽ (ബൈജു) നിന്നെത്തി. “നോക്കാം…” “നാളെ രാവിലെ സാധനം കിട്ടണം. മോശമാക്കരുത്‌..”

അന്നുരാത്രി വാഹനങ്ങളെക്കുറിച്ച്‌ മാത്രം ചിന്തിച്ച്‌ ഒരു രാത്രി. എന്തെഴുതണം എന്നതിലുപരി എങ്ങനെയെഴുതണം എന്നായിരുന്നു ചിന്ത. (പൊതുവെ മുൻഗാമികളില്ലാത്ത മേഖലയായ ഓട്ടമൊബീൽ ജേർണലിസത്തിനൊരപവാദം, ‘മനോരമ’യിലെ സന്തോഷ്‌ ജേക്കബിന്റെ കോളം മാത്രമായിരുന്നു.) ബൈജുവിന്റെ ജീവിതത്തെതന്നെ മാറ്റിമറിച്ച ഒരുപാട്‌ വാഹനചിന്തകൾ നിറഞ്ഞ്‌ നിന്ന രാത്രി.

രാവിലെ പേനയെടുത്ത്‌ ഓട്ടമൊബീൽ ജേർണലിസത്തിന്‌ ഹരിശ്രീ കുറിച്ചു. ആദ്യപംക്തിയിൽ പ്രത്യക്ഷപ്പെട്ടത്‌ മാരുതി ആൾട്ടോ. തലേരാത്രി തന്നെ ആൾട്ടോയെ അരച്ചു കലക്കി കുടിച്ചിരുന്നു. എഴുതിക്കഴിഞ്ഞപ്പോൾ തോന്നി. കൊളളാം.

ആദ്യകോളം ഫാക്‌സ്‌ ചെയ്‌തു കഴിഞ്ഞപ്പോൾ ടി.ആറിന്റെ ഫോൺ. “കൊളളാം” എഡിറ്ററും അതുതന്നെ പറഞ്ഞത്രെ. പിന്നീട്‌ പംക്തിക്ക്‌ ഒരു പേരും ഇട്ടു. ‘ടോപ്‌ഗിയർ.’

മലയാളത്തിൽ പൊതുവെ മുൻഗാമികളില്ലാത്ത മേഖലയായ ഓട്ടമൊബീൽ ജേർണലിസത്തിന്റെ ചരിത്രതാളുകളിലേക്ക്‌ ബൈജു എൻ.നായരെന്ന മുപ്പത്തിനാലുകാരനായ ഈ കോട്ടയത്തുകാരൻ ഇടം പിടിക്കുന്നതിവിടെ നിന്നാണ്‌.

‘ടോപ്‌ഗിയർ’ എന്ന പേരിൽ എല്ലാ ഞായറാഴ്‌ചകളിലും മാത്രമല്ല, ഒരു കൊല്ലത്തിനുശേഷം വാഹനരംഗത്തെ വാർത്തകളുമായി ‘വാഹനലോകവും’ നമുക്ക്‌ പരിചിതനാക്കി തന്നു ബൈജു എൻ.നായർ. അതുവരെ മലയാളിയുടെ ശുഷ്‌ക്കമായ വാഹനവായനയ്‌ക്ക്‌ പുതിയൊരു അനുഭവതലം നൽകുന്നവയായിരുന്നവ…

തുടർന്ന്‌, നിരവധി ഓട്ടമൊബീൽ എക്സിബിഷനുകൾ, നിരവധി ഓട്ടോമൊബീൽ ഫാക്‌ടറി സന്ദർശനങ്ങൾ, നിരവധി ടെസ്‌റ്റ്‌ ഡ്രൈവുകൾ-അങ്ങനെ വാഹനങ്ങൾ ബൈജുവിന്റെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. ‘സ്വന്തമായൊരു വാഹനമാസിക’ ഇടയ്‌ക്കെവിടെയോ മൊട്ടിട്ട ഒരു സ്വപ്‌നം. ബോഡിയുടെ അഴകളവുകളും ഗ്രില്ലിലൂടെ തൂകുന്ന വശ്യമായ പുഞ്ചിരിയും ഹെഡ്‌ലൈറ്റിന്റെ കടക്കൺ നോട്ടങ്ങളും ഏറ്റ്‌ ബൈജു അവ സ്വന്തമാക്കാൻ ആഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുളളു. പിന്നീട്‌ ഈ ആശയം സമാശയക്കാരനായ ശ്രീകുമാറുമായും പങ്കുവെച്ചു. ശ്രീക്കും സമ്മതം. പിന്നെ കാത്ത്‌ നിന്നില്ല.

2004 ഫെബ്രുവരി 20ന്‌ രാജിക്കത്തെഴുതി മാതൃഭൂമിയുടെ പടിയിറങ്ങുമ്പോൾ, മനസ്സിൽ പൂത്ത്‌ തളിർത്ത്‌ നിന്ന ഒരു മോഹമുണ്ടായിരുന്നു ബൈജുവിന്‌. ഒരു ‘മലയാള സമഗ്ര വാഹനമാസിക’. ഒരു മഹത്‌ സ്ഥാപനത്തിന്റെ തണലിൽ കഴിഞ്ഞുകൂടിയ ആ ഒമ്പത്‌ വർഷങ്ങൾക്ക്‌ ശേഷം പ്രവർത്തനത്തിന്റെ കൊടും ചൂടിലേക്കുളള ബൈജുവിന്റെ ആദ്യ കാൽവെയ്പായിരുന്നത്‌.

അങ്ങനെ, എറണാകുളം നഗരത്തിലെ പുല്ലേപ്പടി റെയിൽവേ ഗേറ്റിനു സമീപമുളള ഇടുങ്ങിയ ഇടവഴികളിലൊന്നിലെ കുടുസ്സുമുറിയിൽ, സ്വപ്‌നങ്ങളിലെ ടോപ്‌ഗിയറിനു മുന്നിൽ ഏകദേശം ഒന്നരവർഷം മുമ്പ്‌ നിലവിളക്ക്‌ കൊളുത്തുമ്പോൾ, ബൈജുവിനൊപ്പം ശ്രീകുമാറും ഉണ്ടായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ മലയാളിയുടെ ഹൃദയത്തിൽ ഇടം നേടാനും അനുദിനം വളരുന്ന വാഹനവ്യവസായ മേഖലയുടെ വിശ്വാസമാർജ്ജിക്കാനും ‘ടോപ്പ്‌ഗിയർ’ എന്ന മലയാളത്തിലെ ആദ്യത്തെ സമഗ്ര വാഹന മാസികയ്‌ക്ക്‌ കഴിഞ്ഞു. അതിനുളള അംഗീകാരമായി വേണം കോട്ടയം മണ്ണാർക്കാട്‌ ഇന്ത്യൻ ജേസീസിന്റെ ഈ വർഷത്തെ ഔട്ട്‌ സ്‌റ്റാന്റിങ്ങ്‌ പേഴ്‌സൺ അവാർഡ്‌ ബൈജു എൻ.നായർക്ക്‌ ലഭിച്ചതിനെയും നോക്കിക്കാണാൻ.

മലയാളം സാഹിത്യത്തിൽ മാസ്‌റ്റർ ബിരുദം മാത്രമുളള ബൈജുവിനെ പോലൊരാൾക്ക്‌ വാഹനഭാഷ-പ്രത്യേകിച്ച്‌ ഓട്ടൊമൊബീൽ ജേർണലിസത്തിന്റെ മേമ്പൊടി ആവശ്യപ്പെടുന്ന സാങ്കേതികഭാഷ വശപ്പെടുത്തുന്നതെങ്ങനെ?

കേരളത്തിലൊരു വാഹനം നിർമ്മിക്കപ്പെടുകയോ അനുബന്ധ ഘടകങ്ങൾ നിർമ്മിക്കപ്പെടുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ, ഇത്തരം കാര്യങ്ങൾ പറയാനായി മലയാളത്തിൽ വാഹനഭാഷ ഉണ്ടായിരുന്നില്ല. എഴുതിക്കൊണ്ടിരുന്ന കാലത്ത്‌ ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു. ഇതിനൊക്കെ പുറമേ, വാഹനസംബന്ധിയായ വിഷയങ്ങൾ വരണ്ടതായത്‌ കൊണ്ട്‌, ഭാഷയിൽ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്‌. വായന രസകരമാക്കാൻ വേണ്ടി ഒരു മണിപ്രവാളഭാഷ സൃഷ്‌ടിക്കുകയും വരണ്ട വിഷയത്തെ പരിഹരിക്കാനായി നർമ്മം കലർത്തി വണ്ടികളെ സ്ര്തീകളുമായി ഉപമിക്കുകയും ചെയ്‌തു. കണ്ണിന്റെ ഒഴുക്ക്‌ തടയാത്ത ബോണ്ടി സ്‌റ്റൈൽ, നീണ്ടിടപ്പെട്ട മിഴികൾ പോലുളള ഹെഡ്‌ലൈറ്റ്‌, പുതിയ ഹോണ്ട സിറ്റിക്ക്‌ മാമുക്കോയയുടെ ഛായ, ടാറ്റ സഫാരി എൻ.എൻ.ബാലകൃഷ്‌ണനെപോലെ ചെറിയ എൻജിനും വലിയ ബോഡിയും. അങ്ങനെയുളള പ്രയോഗങ്ങളിലൂടെയാണ്‌ വായിപ്പിച്ചെടുത്തത്‌.

സ്‌ത്രീകൾ പോലും ‘വാഹനലോക’വും ‘ടോപ്‌ഗിയ’റും വായിക്കുമെന്നായിരുന്നുവെന്നാണ്‌ മാതൃഭൂമിയുടെ ഫീഡ്‌ബാക്ക്‌ റിപ്പോർട്ട്‌.

നാലഞ്ചു വർഷം ഇതെഴുതി കഴിഞ്ഞപ്പോഴാണ്‌ ഇതേ സംബന്ധിച്ച കാര്യങ്ങൾ ഒരു പംക്തിയിൽ ഒതുക്കാനാവില്ലെന്ന്‌ മനസ്സിലായത്‌. സംശയങ്ങൾ ബാക്കി. ഇത്‌ പരിഹരിക്കാനാണ്‌ വാഹനമാഗസിൻ എന്ന ആശയം രൂപപ്പെട്ടത്‌. സഹപ്രവർത്തകനായ ശ്രീകുമാറും കുടുംബസുഹൃത്തായ ശ്രീജിത്തും എന്റെ സമാശയക്കാരായിരുന്നു. അങ്ങനെ 2004 ഏപ്രിലിൽ ‘ടോപ്‌ഗിയർ’ മാഗസിൻ ജന്മം കൊണ്ടു.

ഇതിനാവശ്യമായ വിഭവങ്ങൾ കണ്ടെത്തിയതെങ്ങനെ? വായനക്കാരുടെ അഭിരുചി കണ്ടറിഞ്ഞാണോ ഇവ ഒരുക്കുന്നത്‌?

ഓട്ടമൊബീൽ മാഗസിൻ ‘പോപ്പുലർ മിക്സ്‌’-തന്നെയാണ്‌ ടോപ്പ്‌ഗിയറിലും ഉളളത്‌.

പ്രത്യേകതഃ ലോകത്തൊരു വാഹനമാസികയിലും സാഹിത്യകാരന്മാരുടെ കോളം ഇല്ല. ടോപ്‌ഗിയറിലാണ്‌ ഇതുളളത്‌. മാത്രവുമല്ല, കേരളമെന്നൊരു സ്ഥലം ഒരു മാഗസിനിലും പ്രതിപാദിച്ചു കണ്ടിട്ടില്ല. കേരളവും കേരളത്തിലോടുന്ന വാഹനവും ഇവിടത്തെ വാഹനവില്പനയും വിപണനകാര്യങ്ങളും വായിച്ചറിയണമെങ്കിൽ ടോപ്‌ഗിയർ വായിക്കണമെന്ന ഒരവസ്ഥ ഇന്നുണ്ടെന്ന്‌ പറഞ്ഞാൽ അത്‌ അതിശയോക്തിയാവില്ല.

മലയാളം മാഗസിനുകളിൽ അപൂർവ്വമായി മാത്രം കാണുന്ന സചിത്ര യാത്രാവിവരണപംക്തി-ട്രാവലോഗ്‌-ടോപ്‌ഗിയറിന്റെ മാത്രം പ്രത്യേകതയാണ്‌. അച്ചടിയിലും രൂപകൽപ്പനയിലും പുതിയ ഭാവുകത്വം നൽകാൻ ടോപ്‌ഗിയറിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഇവിടെ, മാഗസിനും വായനക്കാരനും തമ്മിലുളള അതിർവരമ്പ്‌ കുറവാണ്‌. ഓരോ വായനക്കാരനെയും ഒപ്പം ചേർത്തുകൊണ്ട്‌ പോകുന്ന ഒരു ട്രാൻസ്‌പരൻസി ടച്ച്‌.

ബൈജു നേരത്തെ പറഞ്ഞതുപോലെ, ഒരു സാധാരണ പത്രവായന മാത്രം പരിചയമുളള ഒരു മലയാളി സമൂഹത്തിന്‌ മുന്നിൽ ഇത്തരമൊരു മാഗസിൻ അവതരിപ്പിക്കുമ്പോൾ, ആ വിഭാഗം ന്യൂനപക്ഷമാണെന്നിരിക്കെ തന്നെ, അവരെ പിടിച്ച്‌ നിർത്താൻ പാകത്തിലുളള ഒരു പ്രത്യേകതരം ഭാഷ അത്‌ രൂപപ്പെടുത്തിയെടുക്കാൻ നിങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നാണോ?

തീർച്ചയായും ഞങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ മാത്രമല്ല ഒരു പരിധിവരെ ആ ഭാഷ വശമുളളവരുടെ അപര്യാപ്തതയും ഞങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്‌. ഓട്ടമൊബീൽ ജേർണലിസ്‌റ്റിന്‌ വാഹനങ്ങൾ ശ്രദ്ധിക്കുന്ന മനസ്സും സാങ്കേതിക പരിജ്ഞാനവും സൗന്ദര്യനിരീക്ഷണപാടവവും ഒരേപോലെ വേണം. ഓട്ടമൊബീൽ എൻജിനീയർക്ക്‌ വണ്ടിയുടെ സാങ്കേതിക കാര്യങ്ങളിലായിരിക്കും ശ്രദ്ധ കൂടുതൽ; എന്നാലൊരു ഓട്ടോമൊബീൽ ജേർണലിസ്‌റ്റിനുണ്ടാവേണ്ടത്‌ നിരീക്ഷണപാടവവും സാങ്കേതികപരിജ്ഞാനവും സൗന്ദര്യബോധവും ഒപ്പം എഴുതി ഫലിപ്പിക്കാനുളള ഭാഷയുമാണ്‌. ഒരുപക്ഷേ, ഒരു ഓട്ടമൊബീൽ എൻജിനീയർക്ക്‌ സാങ്കേതികമായി കൂടുതൽ അറിവുണ്ടാകാം. വാഹനചരിത്രം കൂടുതൽ അറിയുന്നവരും ഉണ്ടാകാം. എന്നാൽ ഇതിനു തക്ക ഭാഷ അവർക്കുണ്ടാവണമെന്നില്ല. പക്ഷേ ഇവ രണ്ടും ഒത്തിണങ്ങി വരുമ്പോൾ, ഒരു നല്ല ഓട്ടമൊബീൽ ഭാഷ അവിടെയുണ്ടാകുന്നു. അത്‌ ടോപ്പ്‌ഗിയറിന്റെ എഡിറ്റോറിയൽ അടക്കമുളള ഓരോ പംക്തിയിലും വളരെ പ്രകടമായി തന്നെ കാണാവുന്നതാണ്‌. മൈകൾ, ട്രാവലോജ്‌, ടെസ്‌റ്റ്‌ ഡ്രൈവ്‌ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്‌.

വെല്ലുവിളികൾ?

മലയാളത്തിലെ പുതിയ പത്രപ്രവർത്തന&സാഹിത്യശാഖയായതുകൊണ്ട്‌ ഈ രംഗത്ത്‌ എഴുതാൻ കഴിവുളളവർ കുറവാണ്‌. പരിശീലനം കൊണ്ട്‌ നേടാവുന്നതും അല്ല ഇത്‌. ഇത്തരം, പുതിയ എഴുത്തുക്കാരെ കണ്ടെത്തുകയാണ്‌ നമ്മുടെ പുതിയ വെല്ലുവിളി. ഇതുവരെ ആരും കടന്ന്‌ വന്നിട്ടില്ലാത്ത ഈ മേഖലയിലേക്ക്‌ മലയാളത്തിലെ വൻ പത്രമുൾപ്പെടെയുളളവർ കടന്നുവന്നത്‌ ടോപ്പ്‌ഗിയറിന്‌ ലഭിച്ച അംഗീകാരമായാണ്‌ കണക്കാക്കുന്നത്‌. 35 രൂപ കൊണ്ട്‌ ഒരു മാഗസിൻ വാങ്ങുക എന്നത്‌ മലയാളിക്ക്‌ പരിചിതമല്ലാത്ത ഒരനുഭവമാണ്‌. ഇതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ്‌ ‘ടോപ്‌ഗിയർ’ 35 രൂപ വില കൊടുത്തും വായിപ്പിക്കാൻ മലയാളിയെ പ്രേരിപ്പിച്ചത്‌.

കോട്ടയത്ത്‌, പാമ്പാടി വെളളൂരിൽ നന്ദനത്തിൽ നാരായണൻ നായരുടെയും ശാന്തയുടെയും ഇളയ മകനായ ബൈജു ഇതിനകം ഒരു മലയാള ചലച്ചിത്രത്തിന്‌ തിരക്കഥയും എഴുതിയിട്ടുണ്ട്‌, ‘ഉത്തര’. ഭാര്യ മഞ്ജു. മകൾ മീനാക്ഷി.

Generated from archived content: interview1_mar30_06.html Author: sumithra_satyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English