ഉൾക്കാടുകൾ ഉലയുമ്പോൾ….

സമകാലിക തമിഴ്‌സാഹിത്യത്തിലെ ആധുനികോത്തര സാഹിത്യകാരൻ ചാരുനിവേദിതയുമായുള്ള അഭിമുഖം.

ഒരു തുറന്ന ക്യാൻവാസിലൂടെയാണ്‌ ഞാൻ നിങ്ങളോട്‌ സംസാരിക്കുന്നത്‌. എഴുത്തുകാരനെന്ന്‌ സ്വയം മുദ്രകുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എഴുതാൻ ആഗ്രഹിക്കുന്ന ഒരാൾ മാത്രമാണ്‌. ഒന്നറിയാം എഴുതാതിരിക്കുമ്പോൾ എന്നിൽ മരണം സംഭവിക്കുമെന്ന്‌ ഭയക്കുന്ന ഒരാളാണ്‌ ഞാൻ. സമകാലിക തമിഴ്‌ സാഹിത്യത്തിലെ ആധുനികോത്തര സാഹിത്യകാരൻ എന്ന പേരിൽ അറിയപ്പെടുന്ന ഏറ്റവും ശ്രദ്ധേയനായ ചാരുനിവേദിത തന്റെ എഴുത്തിനെ, എഴുത്ത്‌ എന്ന പ്രക്രിയയെ വിശേഷിപ്പിക്കുന്നതിങ്ങനെ…..

എഴുത്തുകാരന്റെ ജീവിതത്തിലുടനീളം സംഭവിക്കുന്ന സന്ധിയില്ലാ സമരങ്ങളിൽ നഷ്‌ടപ്പെടുന്ന തനത്‌ വ്യക്തിത്വങ്ങളെ ഇവിടെ ചാരുനിവേദിത എന്ന എഴുത്തുകാരൻ വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നില്ല. പകരം അത്തരം സമരങ്ങളുടെ പൊള്ളയായ യഥാർഥ്യങ്ങളെ അദ്ദേഹത്തിന്റെ രചനകളിലൂടെ തുറന്നുകാട്ടുകയാണ്‌ ചെയ്യുന്നത്‌.

എഴുത്തിലൂടെ ജീവിതത്തെയും ജീവിതത്തിലൂടെ എഴുത്തിനെയും മുഖാമുഖം കാണുമ്പോൾ മനുഷ്യൻ എന്ന അവശേഷിപ്പ്‌ മാത്രം പ്രസക്തമാവുന്നു…. അവശേഷിപ്പുകളെ ആദർശവർക്കരിക്കുന്നതല്ല സാഹിത്യം മറിച്ച്‌ ജീവിതത്തെ പ്രണയിച്ച്‌ അതിൽ അഭിരമിച്ച്‌ ജീവിതവും എഴുത്തും തമ്മിലുള്ള ധാരകളെ കൂട്ടിയിണക്കുമ്പോൾ കിട്ടുന്ന കണ്ടംപറ്റി ഇക്വേഷനാണ്‌ ജീവിതമെന്ന്‌ സീറോഡിഗ്രി വെളിപ്പെടുത്തുന്നുണ്ട്‌.

ചാരുനിവേദിതയുമായുള്ള അഭിമുഖം എഴുത്തിനെക്കുറിച്ച്‌ മൗലികതയെക്കുറിച്ച്‌ വ്യക്തിബന്ധങ്ങളെക്കുറിച്ച്‌, സ്വപ്‌നങ്ങളെക്കുറിച്ച്‌ ചാരുനിവേദിത മനസ്‌ തുറക്കുന്നു.

തമിഴ്‌ സാഹിത്യത്തിൽ സ്വന്തം നിലപാട്‌, തലം താങ്കളെങ്ങനെ വിലയിരുത്തുന്നു.?

ഞാൻ ഒരു തമിനായിട്ടോ തമിഴ്‌ സാഹിത്യകാരനായിട്ടോ എന്നെ വിലയിരുത്തുന്നില്ല. എഴുതാൻ ആഗ്രഹിക്കുന്നയാൾ. അതും മുൻകൂട്ടി, കാലേക്കൂട്ടി എഴുതുന്ന രീതിയല്ല എന്റേത്‌. എഴുതാനിരിക്കുമ്പോൾ എഴുതേണ്ട വിഷയം ഒരു ത്രെഡ്‌ മുന്നിൽ വരും അപ്പോൾ എഴുതും. എനിക്ക്‌ മുന്നേ സംഭവിച്ചതും എന്റെ അറിവോ സമ്മതമോ ഇല്ലാതെ സംഭവിച്ചതും സംഭവിക്കുന്നതുമായ കാര്യങ്ങൾ എന്റെ മുന്നിലൂടെ കടന്നുപോകും. ആ ചിന്താധാരകൾക്ക്‌ ശകലങ്ങൾക്ക്‌ ചരിത്രാതീതബോധമോ സാംസ്‌ക്കാരികബോധമോ സാമൂഹികബോധമോ ഉണ്ടാവില്ല മനുഷ്യൻ എന്ന പ്രപഞ്ചസത്യം. അത്‌ മാത്രമാണ്‌ അപ്പോൾ മുന്നിൽ വരിക. മനുഷ്യാവസ്‌ഥകളെ മനുഷ്യൻ എന്നും എക്കാലവും അടിപ്പെട്ട്‌കൊണ്ടിരിക്കുന്ന കീഴ്‌പ്പെടുന്ന ഋതുഭേദങ്ങളെ വർഷാരവങ്ങളെ ഒക്കെ ഞാനറിയുന്നു………. എന്റെ കാഴ്‌ച എന്റെ സ്വന്തം, അത്‌ മാത്രമാണ്‌ എനിക്ക്‌ സ്വന്തമായിട്ടുള്ളത്‌. അതിനെ മാത്രമാണ്‌ ഞാൻ എന്റെതായി തീർക്കാൻ ആഗ്രഹിക്കുന്നത്‌.

അങ്ങനെ എഴുത്തിന്റെ ഒരു പ്രത്യേക Dimentionൽ ഞാൻ എന്റെ സാഹിത്യത്തെ സൃഷ്‌ടിക്കുന്നു. എന്റെ സാഹിത്യം എന്ന്‌ പറയുമ്പോൾ അത്‌ ഏകവചനമാണ്‌. മനപൂർവം ഏകത്വമായി വിശേഷിപ്പിക്കുന്നത്‌…. ആ സൃഷ്‌ടികർമ്മത്തിൽ ഞാൻ വിശുദ്ധനാക്കപ്പെടുന്നു. അതിന്റെ അനുഭൂതി വിഹായസിൽ എന്നിൽ നിർമാണം സംഭവിക്കുന്നു. അത്‌ തരുന്ന ഒരു സ്വയം പ്രകാശവലയത്തിനുള്ളിലാണ്‌ ഞാനിപ്പോൾ….

ഒരു തമിഴ്‌ വംശീയനായിട്ടല്ല. ഒരു പ്രാകൃത മാനവനായിട്ടാണ്‌ ഞാൻ എന്നെ കാണുന്നത്‌. ഒരു തൃഷ്‌ണകളെയും അടക്കിവയ്‌ക്കാൻ ആഗ്രഹിക്കാത്ത പ്രാകൃതൻ നിഷ്‌കളങ്കൻ, അവൻ നിരായുധനാണെങ്കിലും ബലവാനാണ്‌. ആത്മവിശ്വസത്തിൽ ഊറ്റം കൊള്ളുന്നവനാണ്‌. ഞാൻ അവനെ പ്രണയിക്കുന്നുണ്ട്‌.

മനസിലിപ്പോഴും പ്രണയം നുരയാറുണ്ടോ? അവന്തികമാർ അതു വഴി വരാറുണ്ടോ?

എന്തുകൊണ്ട്‌ ഇല്ല. പ്രണയം ഒരു അവസ്‌ഥയാണ്‌ അറിയില്ലേ. പ്രണയമില്ലാത്ത ഒരാൾക്ക്‌ ഒരിക്കലും ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിയില്ല. പ്രണയത്തിലൂടെ കലഹിക്കുകയും സ്‌നേഹിക്കുകയും സ്വയം കണ്ടെത്തുകയും ചെയ്യുന്നൊരാളാണ്‌ ഞാൻ. അവന്തിക. അവളെന്റെ കണ്ടെത്തലാണ്‌. ഞാൻ കണ്ടുപിടിച്ച, അല്ലെങ്കിൽ ഞാൻ സൃഷ്‌ടിച്ചെടുത്ത ഒരുവൾ…. എന്നിൽ അലിഞ്ഞു ചേർന്നവൾ….. എന്റെ അനശ്വരതയിൽ വിഹരിക്കുന്നവൾ. ആ പ്രണയത്തിനു മുന്നിൽ ഞാൻ സർവം സമർപ്പിക്കുന്നു.

ഭൂമിയിൽ സൗന്ദര്യമുള്ള എന്തിനോടും ആരാധനയും മമതയും തോന്നുന്ന ഒരാളാണ്‌ ഞാൻ. അത്‌ ചിലപ്പോൾ സ്‌ഥൂലവും സൂക്‌ഷമവും ആകാം. ഒരു പക്ഷേ നമ്മോട്‌ തന്നെയാവാം……

തമിഴ്‌ സാഹിത്യത്തിലെന്നല്ല സാഹിത്യലോകത്ത്‌ തന്നെ സ്വന്തമായൊരിടം വാർത്തെടുത്തു കഴിഞ്ഞ ഒരാളാണ്‌ ഞാൻ. സ്വന്തം തട്ടകത്തിൽ അവന്തികമാർക്കൊപ്പം രമിക്കാൻ കൊതിക്കുന്നൊരാൾ….. എന്റെ പേര്‌ പോലും ചിലപ്പോഴെന്നെ കവിയാക്കാറുണ്ട്‌.

അതിൽ നിന്ന്‌ കൊണ്ട്‌ തമിഴ്‌ സാഹിത്യത്തെ വീക്ഷിക്കുന്നതെങ്ങനെയാണ്‌?

തമിഴ്‌ മുഖ്യധാര സാഹിത്യം ഒരിക്കലും സമകാലിക തമിഴ്‌ സാഹിത്യത്തില അധിഷ്‌ഠിതമായതല്ല. കവികൾക്കും എഴുത്തുകാർക്കും അവരുടെ സാഹിത്യലോകത്തിന്‌ വിശാലമായൊരു ഭൂമിക ഇനിയും കണ്ടെത്തിയിട്ടില്ല. തമിഴിൽ മാധ്യമം, മാതൃഭൂമി, കലാകൗമുദിപോലുള്ള സാഹിത്യമാസികകൾ ഇല്ല സാഹിത്യകാരന്മാർക്ക്‌ തങ്ങളുടെ സാന്നിധ്യമറിയിക്കാനുള്ള ശക്തമായൊരിടമില്ലാത്തത്‌ വലിയൊരു ന്യൂനതയായിട്ടാണ്‌ ഞാനും കാണുന്നത്‌. അതിനാൽ ചെറു മാസികകളെ ആശ്രയിക്കേണ്ടി വരുന്നു. ഇതാകട്ടെ, കച്ചവട സിനിമകളുടെ മസാലക്കൂട്ടുകളിൽ പിണഞ്ഞിരിക്കുന്ന ഒന്നാണ്‌ താനും. അടുത്തിടെ നിങ്ങളും കേട്ടിരിക്കും നടൻ വിജയിക്കും സംവിധായകൻ ശങ്കറിനും ഒരു സർവകലാശാല ഡോക്‌ടറേറ്റ്‌ നൽകി ആദരിച്ച സംഭവം. ഇപ്പോൾ വിജയ്‌ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ കണ്ണുനട്ടിരിപ്പാണ്‌. എങ്കിൽ തന്നെയും എഴുത്തുകാരും കവികളുമായിട്ടുള്ള ചെറുസംഘംങ്ങളുടെ കൂട്ടായ്‌മകൾ തമിഴ്‌ സാഹിത്യത്തിൽ ശക്തമായൊരു സാന്നിധ്യമാണ്‌.

അവരെല്ലാം നോബൽ അവാർഡ്‌ ജേതാവായ Elfriede Jeline നോടും Mohdarursനെപ്പോലുള്ള കവികളോടും വരെ കിടപിടിക്കാൻ കഴിവുള്ള കരുത്തുറ്റ എഴുത്തുകാരാണ്‌. ദുഃഖകരമായൊരു സത്യം എന്നത്‌ ഇവിടെത്തെ മുഖ്യധാരസംസ്‌കാരം ഒരിക്കലും ഇതേപ്പറ്റിയൊന്നും അവബോധം ഉള്ളവരല്ല എന്നതാണ്‌. അറിവുള്ളവരോ സർവകലാശാലകളിലും ലൈബ്രറിമതിൽക്കെട്ടിനുള്ളിലും കുടുങ്ങിക്കിടക്കുകയാണ്‌ താനും.

അപ്പോൾ, ഒരു മാറ്റം അത്‌ സാംസ്‌കാരവും വംശീയവുമാണെങ്കിൽ തന്നെയും ശ്രദ്ധിക്കണമെന്നില്ല. പോപ്പുലാരിറ്റി അതുമാത്രമാണ്‌ ഇവിടത്തെ ശ്രദ്ധാകേന്ദ്രം. ഇതെല്ലാമാണ്‌ ഇപ്പോൾ തമിഴ്‌നാട്ടിൽ സംഭവിച്ച്‌ കൊണ്ടിരിക്കുന്നത്‌. ഇങ്ങനെയൊരിടത്ത്‌, ഗൗരവമായൊരു ചർച്ചയോ സംവേദനമോ നാം പ്രതീക്ഷിക്കേണ്ടതില്ല അതെല്ലാം ഇല്ലാതെ തന്നെ എങ്ങനെ സ്വന്തം തട്ടകം തീർക്കാനും വിപുലീകരിക്കാനും സാധ്യമാകും എന്നൊരു പരീക്ഷണമായിരുന്നു സീറോ ഡിഗ്രി.

സീറോഡിഗ്രി പുതിയൊരു കൾട്ട്‌ സൃഷ്‌ടിക്കാൻ കഴിഞ്ഞതിനെ എങ്ങനെ കാണുന്നു?

എന്നെ സംബന്ധിച്ച്‌ ലോക സാഹിത്യത്തിൽ തന്നെ സീറോ ഡിഗ്രി പോലുള്ള നോവലുകൾ ചുരുക്കമാണെന്നാണ്‌. തീർത്തും സ്വകാര്യമായതാണെങ്കിലും സാർവത്രികമായതെല്ലാം അതിൽ പ്രതിപാദിക്കുന്നുണ്ട്‌. ഒരു കൾട്ട്‌ സൃഷ്‌ടിക്കാൻ കഴിഞ്ഞുവൊ എന്നതല്ല ഒരാൾക്കും സീറോ ഡിഗ്രിയിലൂടെ അല്ലാതെ ആധുനികതയിലേക്ക്‌ കടക്കാനാവില്ല എന്നതാണ്‌ എനിക്ക്‌ പറയാനുള്ളത്‌. ഒരു മലയാളി വായനക്കാരനും ഒരമേരിക്കൻ വായനക്കാരനും ഒരേപോലെ പ്രതികരിക്കുന്നു ഇതിൽ. ഈ പ്രതികരണമാണ്‌ എന്റെ പ്രചോദനം. ഇതിനെ രണ്ടു തരത്തിൽ കാണാം ഒന്നുകിൽ ഈ പ്രതികരണങ്ങൾക്കെതിരെ പ്രക്ഷോഭമുയർത്താം വെറുക്കാം അല്ലെങ്കിൽ പ്രതികരണങ്ങളായി മാത്രം കാണാം. രണ്ടും എന്നിലുണ്ടാകുന്നു എന്നതാണ്‌ സത്യം. കാരണം, മനുഷ്യാവസ്‌ഥയിൽ ഏതു സന്ദർഭത്തിൽ നാം ഏതു രീതിയിൽ പ്രതികരിക്കുമെന്ന്‌ നിർവചിക്കാനാവാത്തതുകൊണ്ട്‌ തന്നെ.

മറ്റൊന്ന്‌, സീറോ ഡിഗ്രി മാത്രമല്ല Existentialisamum Fancy Baniyanum, Raasa Leela, Kaamarodra Kadhaigal തുടങ്ങിയവയിലെല്ലാം കാണാൻ കഴിയുന്നത്‌ ഇത്തരം വ്യവസ്‌ഥാപിതസാമുദായികക്രമത്തിന്‌ പുറത്തുള്ള ആളുകളുടെ ലോകമാണ്‌. ഒന്നുകിൽ അവയെ നമുക്ക്‌ വെറുക്കാം അല്ലെങ്കിൽ നേരത്തെ പറഞ്ഞപോലെ നെഞ്ചോട്‌ ചേർക്കാം. ഒന്നുണ്ട്‌ ഒരിക്കലും അവയെ അവഗണിച്ചുകൊണ്ട്‌ ഒരാൾക്ക്‌ പോലും അതിലൂടെ കടന്ന്‌ പോവാൻ പറ്റില്ല…. കാരണം അതിന്റെ സ്വാധീനവലയം അനുഭവിക്കുന്നവരെ ഞാൻ നേരിട്ട്‌ കാണുന്നുണ്ട്‌.

പുതിയ സൃഷ്‌ടി & രചന? എന്തായിരിക്കാം പുതിയതായി പറയാനുള്ളത്‌?

ഈ അടുത്ത കാലത്തായി ഞാൻ ഒരു പാട്‌ കവിതകൾ എഴുതുന്നുണ്ട്‌. എന്തിലും ഏതിലും കമിതാസാന്നിധ്യം തൊട്ടറിയുന്നു. കവിതയില്ലാതെ മറ്റൊന്നും എനിക്കില്ലാത്ത ഒരവസ്‌ഥ. പഴയതിൽ നിന്നെല്ലാം വ്യത്യസ്‌തമായി രൂപഭാവങ്ങളിൽ പോലും ഞാൻ മാറുന്നുണ്ട്‌.

പുതുതലമുറയോട്‌ കൈമാറാനെന്തെങ്കിലും?

എന്റെ എഴുത്ത്‌ തന്നെയാണ്‌ എന്റെ സന്ദേശവും. കൂടുതൽ പ്രതിബദ്ധതയും ആത്മാർഥതയും ഞാൻ അവരിൽ പ്രതീക്ഷിക്കുന്നു. അതിലുമുപരി കഠിനാധ്വാനവും…… ഇന്നത്തെ തലമുറ ഇതെല്ലാം എങ്ങനെ നോക്കിക്കാണുന്നുവെന്ന്‌ ഒരു പരിധിവരെ എനിക്കറിയാം. കാരണം എന്റെ സുഹൃത്തുക്കളേറെയും ചെറുപ്പക്കാരാണ്‌. അവരൊക്കെതന്നെയും ക്രിയാത്മകതയെ അതിന്റെ എല്ലാ രൂപത്തെയും ഉൾക്കൊണ്ട്‌ ജീവിക്കുന്നവരാണ്‌.

വ്യക്തിജീവിതത്തെക്കുറിച്ച്‌? ഒരു തുറന്ന മനുഷ്യനാണെന്ന്‌ കേട്ടിട്ടുണ്ട്‌?

അടിസ്‌ഥാനപരമായി ഞാനൊരു ഫക്കീറും ഒരു millionaire-ഉം ആണ്‌. രണ്ടും രണ്ട്‌ തരത്തിൽ സംഭവിക്കുന്നു. ഇങ്ങനെയൊരു ഫക്കീറിന്റെ ജീവിതത്തിൽ മറ്റെന്താണ്‌ പ്രതീക്ഷിക്കാനുള്ളത്‌?!!!

ജീവിതത്തിലെ ഭൂരിഭാഗവും വായനയ്‌ക്കും എഴുത്തിനും സംഗീതത്തിനുമായി മാറ്റിവയ്‌ക്കുന്ന ഒരാളാണ്‌ ഞാൻ.

ഒരുപാട്‌ പരിചയങ്ങളും ബന്ധങ്ങളും ഉണ്ട്‌. പക്ഷേ, സുഹൃത്ത്‌, ആത്മസുഹൃത്ത്‌ ഇല്ല എന്ന്‌ തന്നെ പറയാം. മനസിലുള്ളതെല്ലാം ഇറക്കിവയ്‌ക്കാനോ ഷെയർ ചെയ്യാനോ ആരുമില്ലാത്തത്‌…….. ഞാൻ എന്നിലേക്ക്‌ തന്നെ നോക്കുമ്പോൾ ഒരുപാട്‌ ബോറിങ്ങ്‌ ആയി തോന്നാറുണ്ട്‌. പക്ഷേ ഉള്ളിൽ ഒരുപാട്‌ സന്തോഷങ്ങളുണ്ട്‌. ഒരേതരത്തിൽ നിശബ്‌ദതയും അന്തർലീനമായി കിടക്കുന്ന ആ നിശബ്‌ദത തന്നെയാണ്‌ എന്റെ ഊർജമെന്ന്‌ ഞാൻ തിരിച്ചറിയാറുമുണ്ട്‌. അതിനാൽ എന്റെ ആഘോഷങ്ങളെല്ലാം തീർത്തും വ്യക്തിപരവും അതിന്റെ സഞ്ചാരങ്ങളെല്ലാം എന്നിൽ തന്നെയും അവസാനിക്കുകയാണ്‌ പതിവ്‌……..

ചാരുനിവേദിതയുടെ കൃതികൾ

1. Zero Degree – നോവൽ

2. Cristentialism and Fancy lahiann – നോവൽ

3. Raasa Leela – നോവൽ

4. Kaamaroopa Kathaigal – നോവൽ

5. Madhumita Sonna Paambu Kathaigale – ചെറുകഥാസമാഹാരം

6. Voice from the Hell – ചലച്ചിത്ര നിരൂപണം

7. Theera Kaadhali – തമിഴ്‌ ചലച്ചിത്ര ഇതിഹാസ വ്യക്‌തിത്വങ്ങളെ ആസ്‌പദമാക്കിയുളള ലേഖനങ്ങൾ.

Generated from archived content: inter1_jun7_10.html Author: sumithra_satyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here