ഇരുണ്ട തുരുത്തുകൾക്കൊരു ‘ആശ്വാസ്‌’

ഇതൊരു കൂട്ടായ്‌മയാണ്‌. ജീവിതയാത്രയിൽ ഒറ്റയ്‌ക്കു ജീവിക്കാൻ വിധിക്കപ്പെട്ട ഒരുപറ്റം സ്‌ത്രീകളുടെ നൻമ നിറഞ്ഞ കൂട്ടായ്‌മ. ഇവർ പരസ്‌പരം ദുഃഖം പങ്കുവെയ്‌ക്കുന്നു; പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നു. ഉളളവർ ഇല്ലാത്തവന്‌ നല്‌കി സഹായിക്കുന്നു. അങ്ങനെ ഒറ്റപ്പെടലിന്റെ ഇരുണ്ട തുരുത്തിൽ പകലുകളുടെ ഇത്തിരിവെട്ടം ഇവർ മറ്റുളളവർക്കായി കരുതിവെയ്‌ക്കുന്നു. ഇതാണ്‌ ആശ്വാസ്‌. ഏകസ്ഥരായ സ്‌ത്രീകൾ ചേർന്ന്‌ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ്‌ സിംഗിൾ വിമൻ ഫോർ ആക്ഷൻ ആൻഡ്‌ സെൽഫ്‌ ഹെൽപ്‌.

ഇന്ന്‌ കേരളമൊട്ടാകെ അറിയപ്പെടുന്ന ആശ്വാസിന്‌ സംസ്ഥാനത്തിന്റെ വിവിധദേശങ്ങളിൽ നിന്നും നൂറ്റിയമ്പതിലേറെ ഏകസ്ഥരായ അംഗങ്ങളുണ്ട്‌. വിധവകൾ, ഭർത്താവിനാൽ പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീകൾ, മക്കളും ബന്ധുക്കളും ഉപേക്ഷിക്കപ്പെട്ടവർ, എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്ത അനാഥകൾ; ഏകസ്ഥരായവർക്ക്‌ ആശ്വാസം പകരാനുളള സന്മനസ്സുളളവർ…. ഇവർ ആശ്വാസിൽ ഒന്നിക്കുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സ്‌ത്രീകളെ ഒരുമിപ്പിച്ച്‌ അവർക്ക്‌ പരസ്പരം താങ്ങും തണലുമേകാൻ, അവരെ സ്വയം പര്യാപ്‌തരാക്കാൻ 2000 ജൂലൈയിൽ എറണാകുളത്ത്‌ സിറിയക്‌ ഏലിയാസ്‌ വോളണ്ടറി അസോസിയേഷൻ എന്ന സംഘടന ചവറ കൾച്ചറൽ സെന്ററിൽ മുമ്പാകെ ചേർന്നിരുന്നു. ഈ സംഘടന നേതൃത്വം നൽകിയാണ്‌ ആശ്വാസ്‌ നിലവിൽ വന്നത്‌.

സമൂഹത്തിൽ ഒറ്റപ്പെട്ട സ്‌ത്രീകൾ ഒത്തൊരുമിച്ച്‌ പരസ്പരം സഹായമാവുക, ഇവരെ ജീവിതത്തിന്റെ മുഖ്യധാരയിലേയ്‌ക്കു ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ സി.ഇ.വി.എ നടത്തിയ പരിശീലനത്തിൽ പങ്കെടുത്തവർ പിന്നീട്‌ മുന്നോട്ട്‌ വച്ച ആശയമായിരുന്നു ‘ആശ്വാസ്‌’ എന്ന സംഘടനയ്‌ക്ക്‌ രൂപരേഖയായത്‌.

തുടക്കത്തിൽ 16 അംഗങ്ങളായിരുന്നു ‘ആശ്വാസ്‌’. ഇവർ എല്ലാ രണ്ടാം ശരിയാഴ്‌ചയും ഒത്തുചേരുന്നു; പരസ്പരം പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നു.

ആശ്വാസിന്റെ പ്രവർത്തകരിൽ നിർണ്ണായകമായൊരു സ്ഥാനമാണ്‌ സെക്രട്ടറി സുജാതയ്‌ക്കുളളത്‌. സെക്രട്ടറി എന്ന നിലയിൽ ‘മാത്രമല്ല, ആശ്വാസിന്റെ ജീവനാഡിയാണ്‌ സുജാത എന്ന്‌ തന്നെ പറയാം.’ ആശ്വാസിന്റെ പ്രാരംഭപ്രവർത്തനത്തിൽ തന്നെ സുജാത ആശ്വാസിന്‌ വലിയൊരു ആശ്വാസമായിരുന്നു. ആ കഥ തുടങ്ങുന്നതിങ്ങനെഃ ചെറുപ്രായത്തിൽ ഭർത്താവ്‌ മരിച്ചതോടെ ഏകമകനെയും കൊണ്ട്‌ ഒറ്റപ്പെട്ട സ്ഥിതിയിൽ സ്വന്തം വീട്ടിൽ ജീവിക്കേണ്ടിവന്ന സുജാതയ്‌ക്ക്‌ നേരിടേണ്ടിവന്നത്‌ മനം മടുക്കുന്ന യാഥാർത്ഥ്യങ്ങളും ഒപ്പം വിധവയെന്ന ലേബലിന്റെ അനുതാപങ്ങളും മാത്രം…വിധവയാകുന്ന സ്‌ത്രീക്ക്‌ പുരോഗമനമെന്ന്‌ പറയുന്ന ഇന്നത്തെ സമൂഹത്തിൽ എത്രമാത്രം കഷ്‌ടതകളനുഭവിക്കേണ്ടി വരുമെന്ന്‌ തിരിച്ചറിഞ്ഞ നാളുകളായിരുന്നവ. ഭർത്താവില്ലാതെ ജീവിക്കുകയെന്നത്‌ ഒരാക്ഷേപമായി കരുതുന്ന കൂട്ടരുണ്ടിവിടെ. ഭർത്താവ്‌ മരിക്കുന്നത്‌ സ്‌ത്രീയുടെ കുറ്റം കൊണ്ടാണെന്നാണ്‌ ഇവരുടെ സങ്കൽപ്പം. തീർത്തും പ്രാകൃതസമൂഹത്തിന്റെ വിശ്വാസങ്ങൾ മാത്രമാണിവ“. നിയമബിരുദധാരിയായ സുജാതയ്‌ക്കിപ്പോഴും ആ കാലങ്ങളോർക്കുമ്പോൾ രോഷം കെട്ടടങ്ങുന്നില്ല.

ഒറ്റയ്‌ക്ക്‌ മകനെയും കൊണ്ട്‌ ജീവിക്കാനുളള ഒരു സമരമായിരുന്നു സുജാതയ്‌ക്ക്‌ ജീവിതം. എന്തും സഹിച്ചും സ്വത്വം നഷ്‌ടപ്പെടാതെ, സമൂഹത്തിൽ ധാർമ്മികമായി ജീവിക്കാനുളള കരുത്ത്‌ നേടിയതോടൊപ്പം, ഈ അവസ്ഥയിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരറിയാനും സുജാതയെ പ്രാപ്‌തയാക്കിയത്‌ ഈ കാലഘട്ടമായിരുന്നു.

നിറമുളള സാരിയുടുത്ത്‌ പുറത്ത്‌ പോകണമെങ്കിൽ, മനുഷ്യരോട്‌ ഇടപഴകണമെങ്കിൽ എന്തിന്‌ മകനാവശ്യമായ സാധനങ്ങളും അവന്റെ കാര്യങ്ങളന്വേഷിക്കണമെങ്കിൽ എത്രപേരുടെ പതംപറച്ചിലുകൾ, അവഹേളനങ്ങൾ സഹിക്കേണ്ടി വന്നിരുന്നു. ”എന്താ, ഒരു സ്‌ത്രീയുടെ കുറ്റം കൊണ്ടാണോ അവളുടെ ഭർത്താവ്‌ മരണപ്പെടുന്നത്‌. അല്ലെങ്കിൽത്തന്നെ മരണമെന്നത്‌, ആരുടെയെങ്കിലും ദൗർഭാഗ്യം കൊണ്ട്‌ വന്നെത്തുന്നതാണോ? മരണത്തെപോലും ചാരിത്രശുദ്ധിയുമായി ചേർത്ത്‌ വായിക്കുന്ന ഈ ലോകത്തോട്‌ നമ്മളെന്താണ്‌ പറയേണ്ടത്‌.“ സുജാതയ്‌ക്ക്‌ ഇനിയുമുണ്ടായിരുന്നു സംസാരിക്കാൻ. ആശ്വാസിൽ അഭയം തേടുന്ന സ്‌ത്രീകളത്രയും ഇത്തരത്തിൽ മനസ്സും ശരീരവും മുറിപ്പെട്ടെത്തുന്നവരാണ്‌. ആശ്രയവും അഭയവുമില്ലാതെ, ലോകത്തിന്റെ ഇരുണ്ട തുരുത്തുകളിലെവിടെയോ ആത്മാവ്‌ നഷ്‌ടപ്പെട്ടെത്തിയവർ, ശരീരത്തിനേൽക്കുന്ന മുറിവിനേക്കാളും മനസ്സിനേൽക്കുന്ന ക്ഷതങ്ങൾക്കാണ്‌ കൂടുതലാഴമെന്ന്‌ ജീവിതം പറയിപ്പിച്ചവർ.

അതുകൊണ്ട്‌ സുജാതയെപ്പോലുളളവർ ആശ്വാസിന്റെ സജീവപ്രവർത്തകരായെത്തുന്നു. അനുഭവമാണ്‌ ലോകത്തേറ്റവും വലിയ ഗുരുവെന്ന്‌ പഴമക്കാർ പറയുന്നത്‌ വെറുതേയല്ലെന്നത്‌ എത്രയോ ശരി.

ട്രഷററായ റോസി വർഗ്ഗീസ്‌ ഇതുപോലെ ആശ്വാസിലെത്തപ്പെട്ട ഒരംഗമാണ്‌. അന്തരിച്ച ചലച്ചിത്രനടൻ എൻ.എഫ്‌ വർഗ്ഗീസിന്റെ വിധവയായ റോസി, ആശ്വാസിൽ വന്നപ്പോഴാണ്‌ തന്നെക്കാൾ വിഷമിക്കുന്ന എത്രയോ സ്‌ത്രീകൾ ഉണ്ടെന്നറിഞ്ഞത്‌. അവർക്കായി തന്നാലാവുന്നതൊക്കെ ചെയ്യണമെന്ന്‌ റോസി തീർച്ചപ്പെടുത്തിയതും അങ്ങനെയാണ്‌.

പ്രസിഡന്റ്‌ പ്രൊഫസർ വൽസല എൻ.എസ്‌.എസ്‌ കോളേജിലെ ജോലിത്തിരക്കിനിടയിലും ‘ആശ്വാസി’ലെ പ്രവർത്തനങ്ങൾക്ക്‌ സമയം കണ്ടെത്തുന്നു. അവിചാരിതമായി ആശ്വാസിന്റെ പ്രവർത്തനത്തിലേയ്‌ക്ക്‌ കടന്നുവന്ന വൽസല, ഇന്ന്‌ ‘ആശ്വാസി’ന്റെ അനിഷേധ്യസാന്നിധ്യമാണ്‌.

ഇപ്പോൾ പുതിയ ഭരണസമിതിയുടെ നിയന്ത്രണത്തിലാണ്‌ ആശ്വാസ്‌. അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിലൂന്നിയുളള പുതിയ ചുവടുവെപ്പിലാണ്‌.

തിരഞ്ഞെടുത്ത സാമ്പത്തിക പരാധീനതയുളള ഏകസ്ഥ സ്‌ത്രീകളുടെ കുട്ടികൾക്ക്‌ ധനസഹായവും അത്യാവശ്യഘട്ടങ്ങളിൽ ചികിൽസാസഹായവും വികലാംഗരായ ഏകസ്ഥ സ്‌ത്രീകൾക്ക്‌ സ്വയംപര്യാപ്തതയ്‌ക്കാവശ്യമായ ധനസഹായവും സ്വയംതൊഴിൽ പരിശീലന ക്ലാസുകളും മറ്റും ആശ്വാസിന്റെ സാമൂഹ്യ ഇടപെടലിന്റെ സാക്ഷ്യപത്രങ്ങൾ മാത്രമാണ്‌. എരമല്ലൂരിൽ ഏപ്രിൽ മുതൽ ജൂൺവരെ ‘ജനജാഗ്രത’ നടത്തിയ തൊഴിൽ പരിശീലന ക്ലാസിൽ ആശ്വാസ്‌ ഏകസ്ഥ വനിതകളെ പറഞ്ഞയയ്‌ക്കുകയുണ്ടായിരുന്നു. വാഴനാര്‌, പുല്ല്‌ എന്നിവയിൽനിന്ന്‌ ചവിട്ടി, ബാഗുകൾ തുടങ്ങി ജീവിതത്തിൽ നിത്യോപയോഗ സാധനങ്ങളായ വിവിധതരത്തിലുളള കരകൗശലവസ്‌തുക്കൾ സ്വന്തമായി നിർമ്മിച്ചെടുക്കാൻ പഠിച്ചെടുത്തു.

ആശ്വാസിന്‌ ഇനിയും പിന്നിടാനുണ്ട്‌. ജീവിതത്തിന്റെ വഴിത്താരയിൽ ഒറ്റപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ, അഭയമേകുന ചുവടുകളിനിയും മുന്നോട്ടായാനുണ്ട്‌. അവയിലൊന്നാണ്‌ അൻപത്തഞ്ച്‌ കഴിഞ്ഞ ഏകസ്ഥ വനിതകൾക്കായുളള വിശ്രമകേന്ദ്രം. ഈ ബൃഹദ്‌പദ്ധതിയുടെ പ്രാരംഭഘട്ടത്തിലാണിപ്പോൾ, ആശ്വാസ്‌. താങ്ങും തണലും തേടിയെത്തുന്നവരുടെയീ ആശ്വാസകേന്ദ്രം.

സാരഥികൾഃ പ്രസിഡന്റ്‌ പ്രൊഫസർ എ.വൽസല (എൻ.എസ്‌.എസ്‌. കോളജ്‌, ചേർത്തല), വൈസ്‌ പ്രസിഡന്റ്‌ ശാന്ത ദാമോദരൻ, ട്രഷറർ റോസി വർഗീസ്‌ (അന്തരിച്ച മുൻ ചലച്ചിത്രനടൻ എൻ.എഫ്‌.വർഗീസിന്റെ വിധവ), സെക്രട്ടറി അഡ്വ.കെ.ബി.സുജാത. ഫോൺ ഃ 2323754.

Generated from archived content: essay1_jan13.html Author: sumithra_satyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here