ഒറ്റ നക്ഷത്രം

നീ

വഴിയിൽ ഒറ്റനക്ഷത്രം

മുരുക്ക്‌ പൂക്കും

കാലവൃക്ഷം

പാഥേയം സ്‌നേഹശീലം

ഇടവും തടവുമൊഴുകും

ജീവിത ചിത്രം;

എങ്കിലുമെത്രയോ

വെൺമ ചുരുത്തും

വാക്കിൻ ധനുസ്സ്‌

നിനക്ക്‌ സ്വന്തം.

മഴ നനഞ്ഞിറങ്ങും

വെള്ളപ്രാവുകളൊരിക്കൽ

എന്നെക്കുറിച്ച്‌ പാടി;

പാതമങ്ങിയ നാട്ടുവെളിച്ച

മപ്പോൾ ആകാശമിറങ്ങി വന്നു

നിന്റെ സത്യവചസ്സുകളുടെ

ഈണം കാട്ടാറായൊഴുകും

നിന്റെ അക്ഷരപെരുക്കം

ഇടിമിന്നലായി തെളിയും

നിന്റെ ദീർഘനിശ്വാസം

ഉച്ചാസരാഗമായി കാറ്റുമേഘവുമാകും

നിന്റെ സ്‌നേഹപരാഗം

ഇവിടെ വസന്താഗമനം നടത്തും.

വാക്കിന്റെ ഒറ്റക്കൊമ്പിലിരുന്ന്‌

പാടിയ ആ പക്ഷിയ-

പ്പോഴേക്കും പറന്നുപോയി

തിളങ്ങുന്ന ഒരു സ്വപ്‌നവുമെടുത്ത്‌;

ഓടക്കുഴലും പീലിയും

നിനക്ക്‌ സമ്മാനിക്കാൻ

എന്നെയേൽപ്പിച്ചു കൊണ്ട്‌

രാത്രിയും നിദ്രയും

ചേർന്നു നിൽക്കുമ്പോൾ

നടന്നുമറയുന്ന

ബുദ്ധനെയും

ആട്ടിൻകുട്ടിയെയും

ഞാനപ്പോൾ കണ്ടു

ബോധിവൃക്ഷച്ചുവട്ടിൽ

കൊട്ടാരമിറങ്ങി വരുന്ന

ഒരു സിദ്ധാർത്ഥകുമാരനെയും

കാത്തുനിൽക്കുന്ന

ആ ഒറ്റ നക്ഷത്രമവൾ

നോക്കി ചിരിച്ചു;

അപ്പോഴേക്കും

മഹാഗണിയുടെ മരണമെന്നിൽ

സംഭവിച്ചു കഴിഞ്ഞിരുന്നു

അടുത്ത ജന്മത്തിലെ

പടവുകൾ ഭൂമിയിലേക്കിറക്കിയിട്ട്‌.

Generated from archived content: poem2_mar25_11.html Author: sumithra_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here