രണ്ട്‌ കവിതകൾ

ഒറ്റ നക്ഷത്രം

നീ
വഴിയിൽ ഒറ്റനക്ഷത്രം
മുരുക്ക്‌ പൂക്കും
കാലവൃക്ഷം
പാഥേയം സ്‌നേഹശീലം
ഇടവും തടവുമൊഴുകും
ജിവിത ചിത്രം;
എങ്കിലുമെത്രയോ
വെൺമ ചുരുത്തും
വാക്കിൻ ധനുസ്സ്‌
നിനക്ക്‌ സ്വന്തം.

മഴ നനഞ്ഞിറങ്ങും
വെള്ളപ്രാവുകളൊരിക്കൽ
എന്നെക്കുറിച്ച്‌ പാടി;
പാതമങ്ങിയ നാട്ടുവെളിച്ച
മപ്പോൾ ആകാശമിറങ്ങി വന്നു
നിന്റെ സത്യവചസ്സുകളുടെ
ഈണം കാട്ടാറായൊഴുകും
നിന്റെ അക്ഷരപെരുക്കം
ഇടിമിന്നലായി തെളിയും
നിന്റെ ദീർഘനിശ്വാസം
ഉച്ഛാസരാഗമായി കാറ്റുംമേഘവുമാകും
നിന്റെ സ്‌നേഹപരാഗം
ഇവിടെ വസന്താഗമനം നടത്തും.

വാക്കിന്റെ ഒറ്റക്കൊമ്പിലിരുന്ന്‌
പാടിയ ആ പക്ഷിയ-
പ്പോഴേക്കും പറന്നുപോയി
തിളങ്ങുന്ന ഒരു സ്വപ്‌നവുമെടുത്ത്‌;
ഓടക്കുഴലും പീലിയും
നിനക്ക്‌ സമ്മാനിക്കാൻ
എന്നെയേൽപ്പിച്ചു, കൊണ്ട്‌;

രാത്രിയും നിദ്രയും
ചേർന്നുനിൽക്കുമ്പോൾ
നടന്നുമറയുന്ന
ബുദ്ധനെയും
ആട്ടിൻകുട്ടിയേയും
ഞാനപ്പോൾ കണ്ടു
ബോധിവൃക്ഷച്ചുവട്ടിൽ
കൊട്ടാരമിറങ്ങി വരുന്ന
ഒരു സിദ്ധാർത്ഥകുമാരനെയും
കാത്തുനിൽക്കുന്ന
ആ ഒറ്റ നക്ഷത്രമവൾ
നോക്കി ചിരിച്ചു;
അപ്പോഴേക്കും
മഹാഗണിയുടെ മരണമെന്നിൽ
സംഭവിച്ചു കഴിഞ്ഞിരുന്നു
അടുത്ത ജന്മത്തിലെ
പടവുകൾ ഭൂമയിലേക്കിറക്കിയിട്ട്‌.

സ്‌നേഹപൂർവ്വം

ഈ കുറിപ്പ്‌ നിനക്കുള്ളതാണ്‌.

ആകാശത്തിലെ നക്ഷത്രങ്ങളോട്‌
ഒരിക്കൽ നാം ചോദിച്ചിരുന്നതാണിത്‌.
സ്‌നേഹം നക്ഷത്രമായി വിടരുന്ന
കാലമെത്തുന്നതെന്നാണെന്ന്‌…..
സ്‌നേഹമറിയിക്കാൻ
ഞാനേത്‌ നക്ഷത്രത്തെ കാണിക്കണം?
നിനക്കറിയാത്ത ഒന്നുണ്ട്‌.
എന്റെ മനസ്സ്‌ മുഴുവനിപ്പോൾ
ആകാശത്തിന്റെ കൂട്‌
വിട്ടിറങ്ങിയ പൂനിലാവുകളാണ്‌.
സൂര്യനെത്തിയാൽ
പ്രപഞ്ച പുസ്‌തകത്തിൽ
നിന്ന്‌ തന്നെ ഓടിയൊളിക്കുന്നവ.
സ്‌നേഹം അസ്‌തമിച്ച്‌ കഴിഞ്ഞ
ഈ ആകാശചെരുവിന്റെ
അതിരുകളിലേക്ക്‌
എന്നോ മറഞ്ഞവ.
മനസ്സിന്റെ ചതുപ്പുനിലങ്ങളിൽ
നിലകാണാതെയമരുന്നവ.
കൂട്ട മരണങ്ങളുടെ
തേരോട്ടം കഴിഞ്ഞ
ഒരു നേർക്കാഴ്‌ച
മാത്രമാണിപ്പോൾ
ജീവിതമെന്ന്‌ പറഞ്ഞാൽ
സഖേ, നീ നിശ്ശബ്‌ദനാകുമോ?

Generated from archived content: poem1_oct18_10.html Author: sumithra_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here