നാണമില്ലാത്തവന്‍

വിജനമായ തെരുവില്‍ അയാള്‍ അന്യനായിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി അയാള്‍ കരഞ്ഞു യാചിച്ചു. അന്നം തന്നില്ലെങ്കിലും എനിക്ക് ഒരു കഷണം തുണി തരു നാണം മറയ്ക്കാന്‍ . ‘ഭ്രാന്തന്‍ , ഭ്രാന്തന്‍ ‘ എന്നു വിളിച്ചു കൂവി ആളുകളയാളെ കല്ലെറിഞ്ഞോടിച്ചു . കാലത്തിന്റെ നിസാരമായ പ്രയാണത്തിനൊടുവില്‍ ഒരു നാള്‍ അത് സംഭവിച്ചു. വഴിയോരത്തെ ദുര്‍ഗന്ധം വമിക്കുന്ന അഴുക്കു ചാലിനിരകില്‍ ചേതനയറ്റ് കിടന്ന അയാളുടെ മേല്‍ ഉറുമ്പരിച്ചിരുന്നു. ആളുകള്‍ കൂടി നിന്നു പലരും അയാളുടെ ചരിത്രം അയവെട്ടി. പാവം ആര്‍ക്കുമൊരു ശല്യവുമിലായിരുന്നു. കഷ്ടം എങ്കിലും മരിച്ചുകിടക്കുന്നത് കണ്ടില്ലേ തുണിയുടുക്കാതെ…നാണമില്ലാത്തവന്‍.

ആര്‍ക്കൊക്കെയോ അഭിമാനമുള്ളില്‍ നുരച്ചു പൊന്തി. കൂട്ടത്തില്‍ ഒരാള്‍ അയാളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. മറ്റൊരാള്‍ പരിഹാസപൂര്‍വം ഓടിപ്പോയി തൊട്ടടുത്ത പീടികയില്‍ നിന്നും ഒരു തുണി വാങ്ങിക്കൊണ്ടു വന്നു. അവര്‍ അയാളെ തുണിയില്‍ പൊതിഞ്ഞു . പിന്നെ അഭിമാനപൂര്‍ വം സമീപത്തെ ചുടുകാട്ടില്‍ കുഴിച്ചുമൂടി.

***************

(സംഘമിത്രം മാസിക)

Generated from archived content: story1_june24_14.html Author: sumesh_thalakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here