മടക്കയാത്ര

എന്‍റെ മടക്കയാത്രയില്‍
ആരോ പിന്‍വിളി വിളിച്ചുവോ,
തിരിഞ്ഞു നോക്കാനുതകിയ വഴിയില്‍
കനല്‍ക്കാടുകള്‍ ഞെരിഞ്ഞമര്‍ന്നോ,

കാവുതീണ്ടാന്‍വന്ന ഭൂതഗണങ്ങള്‍
ആര്‍ക്കാണ് കാവലായി ഭവിച്ചത്,
കാറ്റൂതിക്കെടുത്തിയ മണ്‍ചെരാതില്‍
തെളിയാതെ നിന്ന നാളമാര്‍ക്കു വേണ്ടി,

ചിതറിയ കൈതലം പാണീഗ്രഹം ചെയ്തു
പ്രശ്ചന്നവേഷങ്ങള്‍ അടിത്തിമര്‍ക്കുന്ന,
കോമരങ്ങള്‍ക്കുമില്ലേ പറയാന്‍
ഒരായിരം ദൈവ കല്പനകള്‍,

അടഞ്ഞ ശ്രീകോവിലില്‍ മോക്ഷമില്ലാതെ
പിടയുന്ന ദൈവങ്ങള്‍ക്കു,
തീര്‍ത്ഥം തളിക്കുന്ന വിറക്കുന്ന കൈകളാല്‍
ആരാണ് അനുഗ്രഹം തേടിയത്,

എന്‍റെ മടക്കയാത്രയില്‍ ആരോ വീണ്ടും
പിന്‍വിളി വിളിച്ചുവോ,
ചോദ്യങ്ങളും ഉത്തരങ്ങളും എന്‍റെ
നിഴലായ് എന്നെ പിന്തുടരുന്നുവോ..

Generated from archived content: poem5_dec2_13.html Author: sumesh_kuttipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here