ഉൾക്കണ്ണു നീറിച്ചിരിക്കുന്നൊരമ്മയെ-
പ്പാടെ മറക്കുന്ന ‘താവഴി’പ്പൈതങ്ങൾ.
കുറുമൊഴി പ്രാവിന്റെ തളിർമേനിയെന്തിനോ,
ചിറകൂരി നോക്കുന്ന കാപാലികർ നിങ്ങൾ.
വഴിതേടിയലയുന്ന താറാവു കൂട്ടത്തെ,
കൊന്നുതിന്നീടുന്ന കാട്ടാളരൂപികൾ!
“ഗതിമുട്ടിയലയും പിതൃക്കൾക്കു നൽകുവാൻ,
തെല്ലുമില്ലെന്നോ ബലിച്ചോറു കൈകളിൽ…?
അലയുമാത്മാവിൻ ദാഹം കെടുത്തുവാൻ
കൂടപ്പിറപ്പിനെക്കുരുതിയായ് നേർന്നുവോ…?
‘പുത്രകാമേഷ്‌ടിയാഗ’സിദ്ധിയാൽ കൈവന്ന,
പുത്രനോ വല്ലാത്ത പാപിയായ്‌ത്തീർന്നുവോ…?
യാഗവും, ദൈവവും ‘ഭളെള’ന്നു ചൊല്ലുന്ന,
വാദിയാമീശ്വരദ്വേഷിയാണിന്നവൻ!
കന്യകാത്വത്തിനു വിലപേശി വിൽക്കുവാൻ,
കൊടുവാളുയർത്തുന്ന കാട്ടാളനാണവൻ!
എങ്കിലും അമ്മയ്‌ക്കു തൻമകൻ പൊന്നുപോൽ.
പെറ്റമ്മയാണവൾ സർവ്വം സഹിപ്പവൾ!
പുതുപാട്ടുപാടുന്ന വയലേലകൾ മെല്ലെ.
ഒരു നല്ല പുലരിക്കു കാതോർത്തിരിക്കവേ…
ദ്രുതമാർന്ന ‘താരാട്ടു’പാട്ടുകൾ മാത്രമീ-
യിരുളിലും തങ്ങി നിറഞ്ഞു നിന്നു.
അകതാരിലുതിരുന്ന സാന്ത്വനത്തെന്നലിൽ,
അറിയാതെ കോരിത്തരിച്ചങ്ങു നിൽക്കവേ…
ഇടറുമായമ്മതൻ താരാട്ടു ദൂരത്തു-
വരിമുറിഞ്ഞെന്നപോൽ തെല്ലിടനിന്നുവോ…?
Generated from archived content: poem_july23.html Author: suma_km