നിസ്സംഗതകളിൽ നിന്ന്
വ്യർത്ഥ മൗനങ്ങളിലേക്ക്,
ഊഞ്ഞാലുകൾ…
ഒരു പ്രവാഹമാണ്….
ഓർമ്മകളെ,
പോർവിമാനങ്ങളാക്കി,
പ്രക്ഷുബ്‌ധമായ
ആകാശത്തിലൂടെ…
അങ്ങനെയങ്ങനെ!
തീക്ഷ്‌ണമായ
പ്രത്യയശാസ്‌ത്രങ്ങളെ,
കടലാസുകളിലേക്ക്,
ഹൃദയരക്തത്തിൽ ചാലിച്ച്…
എല്ലാ വ്യർത്ഥതകളുമൊപ്പിയെടുത്ത്,
ഇന്നുകളുടെ
പാനപാത്രം നിറയ്‌ക്കയാണ്.
വഴികളിൽ നിഴലുകൾ
പിണഞ്ഞു കിടക്കുകയാണ്…
‘വേരു’കൾ കുഴിച്ചുമൂടപ്പെട്ട
സത്യത്തെ വലിച്ചെടുക്കുകയാണ്.
‘നിഷേധ’ത്തിന്റെ ‘കനി’കളായി
പുനർജ്ജനിക്കയാണവ!
ജരാനര ബാധിച്ച കാലവും
കറുത്ത സ്വപ്‌നങ്ങളും
ശിരോലിഖിതങ്ങളുടെ,
‘തിരുശേഷിപ്പു’കൾ മാത്രം!
നീറിനീറിക്കത്തുകയാണ്
ഉളളിലുമിത്തീപോലെ നേരുകൾ…
തിരിച്ചു ചോദിക്കുന്നത്
പഴയ പൂക്കളെ മാത്രം..
ഇലപൊഴിക്കയാണ്
ഇന്നലെയുടെ മഴക്കാടുകൾ…
തിരയെടുക്കുകയാണ്,
‘ഇന്നി’ന്റെ കടലിനെ…!
ഉയിർത്തെഴുന്നേൽക്കുന്ന
പഴയ പകലുകളോട്
പറയാനിനിയൊന്നും
ശേഷിക്കുന്നില്ല….
എല്ലാ വേഷങ്ങളുമാടിത്തീർത്ത്
അനന്തതയിലേക്ക്…
പുതിയ പിറവികൾ;
‘പഴമ’ അതിന്റെ പൂർണ്ണതയിലേക്ക്….
Generated from archived content: poem1_mar15_06.html Author: suma_km