ചലച്ചിത്ര ഉത്‌പന്നങ്ങളും ചില ഉത്‌കണ്‌ഠങ്ങളും

ഇന്ത്യൻ സിനിമ വിദേശത്തേക്കു കയറ്റി അയയ്‌ക്കുന്നത്‌ സ്വന്തം രാജ്യത്തിന്റെ ദാരിദ്ര്യവും ദുരിതങ്ങളും പരിഹാരമേതുമില്ലാത്ത ദുഃഖങ്ങളുമാണ്‌ എന്ന വിമർശനം റേയുടെ കാലം തൊട്ടെ നാം കേൾക്കുന്നതാണ്‌. അപുത്രയത്തിൽ നിറഞ്ഞു നില്‌ക്കുന്നത്‌ ഈ ദൃശ്യമായ കഥനകഥകളാണ്‌. എന്നുണ്ടെങ്കിലും അവയിലെ ജീവിത്തിന്റെ തുടിപ്പുകൾ വിസ്‌മയകരമാംവിധം സ്വാധീനശക്തിയുള്ളവയാണ്‌ എന്ന്‌ കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. അടൂരിന്റെ സ്വയംവരവും കൊടിയേറ്റവും മലയാളിയുടെ ദൈനംദിനജീവിതത്തിന്റെ നേർക്കാഴ്‌ചകളായി ഇന്നും നാം സ്വീകരിക്കുന്നതും അവയിൽ നേരിന്റെ ആത്‌മസ്‌പർശമുള്ളതു കൊണ്ടുതന്നെ. പക്ഷേ വിദേശികൾ ആവേശപൂർവ്വം കൈയടിച്ചു സ്വീകരിക്കുന്ന സ്ലംഡോഗ്‌ മില്യണയറിൽ എത്തുമ്പോൾ നാമൊന്നു പകയ്‌ക്കുന്നു. എവിടെയാണ്‌ ഈ നേരിന്റെ അതിർവരമ്പുകൾ കല്‌പനകളുമായി, കച്ചവടകാംക്ഷകളുമായി കൂടിക്കലർന്ന്‌ അവ്യക്തമായിത്തീരുന്നത്‌? അരവിന്ദ്‌ അഡിഗായുടെ വൈറ്റ്‌ ടൈഗർ എന്ന നോവലിന്‌ പാശ്ചാത്യരുടെ പ്രസ്‌റ്റീജ്‌ ഉള്ള അവാർഡായ മാൻ ബുക്കർ പ്രൈസ്‌ ലഭിക്കുമ്പോൾ ഇന്ത്യാക്കാരനെ അസ്വസ്‌ഥനനാക്കുന്ന ചോദ്യമിതു തന്നെയാണ്‌, വിദേശികൾ ഇന്നുമിഷ്‌ടപ്പെടുന്നത്‌ നമ്മുടെ ഇല്ലായ്‌മകളുടെയും വല്ലായ്‌മകളുടെയും വെളിപ്പെടുത്തലുകൾ മാത്രമാണോ? തങ്ങളുടെ ഏറ്റവും വലിയ പുരോഗമനചിന്തയായി മതേതരത്വം പൊക്കിപ്പിടിച്ചിരുന്ന ഒരു ജനതയെ-വ്യത്യസ്‌ത ഭാഷകളും വിശ്വാസങ്ങളും ആചാരമര്യാദകളും ഒരേ അവകാശബോധത്തോടെ ഒരുമിച്ചു നിലനിർത്തിപ്പോന്ന ഒരു രാഷ്‌ട്രത്തിലെ ജനങ്ങളുടെ കൂട്ടായ്‌മയെ മതവിദ്വേഷത്തിന്റെയും തീവ്രവാദത്തിന്റെയും ഇരകളാക്കി ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്ന അജ്ഞാതശക്തികൾക്കെതിരെ എന്നപോലെ ഒരു ഉൾപ്പോരാട്ടം ഇവിടെ കലാകാരനും നടത്തേണ്ടതില്ലേ എന്ന ചോദ്യം വീണ്ടും പ്രസക്തമാവുന്നു.

സമകാലിക മലയാള സനിനിമയിലുമുണ്ട്‌ ഇത്തരം ചില സമസ്യകൾ, കലാകാലങ്ങളായി ഉത്തരം കിട്ടാതെ വലയുന്നവ. അതിൽ പ്രധാനം എത്രത്തോളം മലയാളത്തനിമയാണ്‌ നാം സിനിമയിൽ പരീക്ഷിക്കേണ്ടത്‌ എന്നാണ്‌. ഇന്ത്യൻ സിനിമ വിദേശത്തു വിപണി കണ്ടെത്തുന്നത്‌ എന്തു മാർക്കറ്റ്‌ ചെയ്‌തുകൊണ്ടാണോ അതേ വിഭവങ്ങൾ തന്നെയാണോ തങ്ങളും വിളമ്പേണ്ടത്‌ എന്നു മലയാള സിനിമാ ആചാര്യന്മാർ ചിന്തിച്ചുവശാകുന്നുണ്ട്‌. ചൂഷണം, അഴിമതി, രാഷ്‌ട്രീയ അപച്യുതി, സ്‌ത്രീപീഢനം, അബ്‌കാരി വിശേഷങ്ങൾ എന്നിങ്ങനെ കുറെ വിഷയങ്ങൾ കൂടിയുണ്ട്‌ മലയാളിത്തനിമയ്‌ക്കായി കൂട്ടിച്ചേർക്കാൻ. പലപ്പോഴും കലാസിനിമ എന്ന്‌ സ്വയം അവകാശപ്പെടുന്ന ചിത്രങ്ങളിലും കച്ചവടസിനിമയായി തിമിർത്താടുന്നവയിലും ഇതേ ചേരുവകൾ, കൂട്ടിയും കുറച്ചും തിരിച്ചും മറിച്ചും ചേർത്തെടുത്തിരിക്കുന്നതാണ്‌ നാമിന്നു കാണുന്നത്‌. ഒരു പക്ഷേ മലയാളിയുടെ ജീവിതത്തിനു തന്നെ കൈമോശം വന്നിരിക്കുന്ന ആർജ്ജവമാവാം ഈ തരത്തിൽ പ്രതിഫലിക്കുന്നത്‌. നല്ല സിനിമയെന്നാൽ ഇന്നയിന്ന ഘടകങ്ങൾ കൂട്ടിച്ചേർത്തു നിർമ്മിച്ചെടുക്കുന്ന തനിമയാണ്‌ എന്ന കാലഹരണപ്പെട്ട സമവാക്യം വീണ്ടും വീണ്ടും ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നു മലയാള സിനിമ.

ഇത്തരം സാമാന്യവത്‌ക്കരണങ്ങളിൽ നിന്നു മാറി നിൽക്കുന്ന സിനിമകളെ അവഗണിക്കാൻ മലയാളി പഠിച്ചിട്ടുണ്ട്‌. രഞ്ജിത്ത്‌ രൂപകല്‌പന ചെയ്‌ത കേരള കഫേ ഇത്തരത്തിൽ മാറ്റിനിർത്തപ്പെട്ട ഒരു ചിത്രമാണ്‌. പത്തു വ്യത്യസ്‌ത ചിത്രഖണ്‌ഡങ്ങളിലായി മലയാളിയുടെ സമകാല ജീവിതപകർപ്പുകൾ കാഴ്‌ചവെച്ച കേരളാ കഫേയിൽ ഗൾഫുകാരന്റെ ഇരട്ടത്താപ്പും മലയാളി പുരുഷന്റെ ദാമ്പത്യകല്‌പനയും പെൺകുട്ടികളുടെ അരക്ഷിതബാല്യവും വാർദ്ധക്യത്തിന്റെ പരാധീനതകളും കടം വാങ്ങിയുള്ള മധ്യവർത്തിജീവിതത്തിന്റെ നിസ്സഹായാവസ്‌ഥകളും മരണത്തെ അതിജീവിച്ചുകൊണ്ടു നിലനിൽക്കുന്ന ചില ദുരന്തങ്ങളുടെ ഓർമ്മക്കുറിപ്പുകളും എന്നു വേണ്ട, കേരളത്തിന്റെ പുറംകാഴ്‌ചകളും അകംകാഴ്‌ചകളും നിറഞ്ഞുനിന്നു. മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും പ്രകോപിപ്പിച്ചും പത്തു സംവിധായകരുടെ പരികല്‌പനകൾ ഒന്നിനു പിറകേ ഒന്നായി വെളിപ്പെടുന്ന സവിശേഷസിനിമാനുഭവമായിരുന്നു അത്‌. ഇക്കുട്ടത്തിൽ ഒട്ടുമേ പരിഗണിയ്‌ക്കപ്പെടാതെ പോയ ശ്യാമപ്രസാദിന്റെ ഓഫ്‌ സീസൺ ആരംഭിയ്‌ക്കുന്നതിങ്ങനെയാണ്‌- കോവളത്ത്‌ അവധി ചിലവഴിക്കാനെത്തിയ വിദേശി കടൽത്തീരത്ത്‌ ശീർഷാസനം ചെയ്യുന്നതിൽ കൗതുകം പൂണ്ട്‌ അരികത്തെത്തി മണത്തുനോക്കുന്ന ഒരു തെരുവുനായ വിദേശിക്ക്‌ മില്യണയർ എന്നും നായയ്‌ക്ക്‌ സ്ലംഡോഗ്‌ എന്നും ശിർഷകങ്ങൾ നൽകി ശ്യാമപ്രസാദ്‌ ഉതിർക്കുന്ന നർമ്മം മലയാളിക്കു രസിയ്‌ക്കാതെ പോയതെന്തുകൊണ്ടാവാം? ഇവിടെ മലയാളിയുടെ സാമൂഹ്യജീവിതത്തിൽ ഒട്ടാകെ ചില ഹിപ്പോക്രസികൾ ചികഞ്ഞെടുക്കേണ്ടതുണ്ട്‌. ലളിതജീവിതത്തോടും ശുദ്ധഹാസ്യത്തോടും പരിശുദ്ധ പ്രണയത്തോടും മൂല്യാധിഷ്‌ഠിത രാഷ്‌ട്രിയത്തോടും അറ്റുപോകാത്ത ആത്‌മബന്ധമുള്ള മലയാളി കോട്ടും സൂട്ടും ധരിച്ച ആഢ്യത്തവും രാജ്ഞിയുടെ കലർപ്പില്ലാത്ത ആംഗലേയവും ആരാന്റെ ആഡംഭരശൈലിയും പുറംമോടികളാക്കാൻ കൊതിക്കുന്ന – ഒരു പക്ഷേ പ്രകൃതത്തിലെ ഈ വൈരുദ്ധ്യമാവാം ഇന്നത്തെ മലയാളിത്തനിമ. ശ്യാമപ്രസാദിന്റെ ഓഫ്‌ സീസണിൽ കോവളത്തെത്തുന്ന വിദേശികളായ ദമ്പതികൾ സ്വന്തം നാട്ടിൽ ജീവിക്കാൻ മാർഗ്ഗമില്ലാതെ അന്നംതേടി കേരളക്കരയിൽ വന്നുചേർന്നവരാണ്‌. അവരുടെ ദൈന്യതയിൽ മനസ്സലിയിക്കുന്നത്‌ പോക്കറ്റ്‌ കാലിയായ മലയാളി ഗൈഡിനാണ്‌. ഉല്ലാസവും ആഘോഷവും അനന്തമായ ആനന്ദവുമല്ല ടൂറിസത്തിന്റെ പരിണതഫലങ്ങൾ, മറിച്ച്‌ മനുഷ്യനു പൊതുവേയുള്ള വിഹ്വലതകളുടെ അനുരണനങ്ങൾ ആഘോഷവേളകളിൽ നിന്നുപോലും കണ്ടെടുക്കാം എന്ന ശ്യാമപ്രസാദിന്റെ ചിന്തയ്‌ക്ക്‌ കരുത്തുണ്ട്‌. വിദേശിയും സ്വദേശിയും ഓരേ മനസ്സോടെ ജീവിതത്തെ, അതിന്റെയെല്ലാ പരുക്കൻ യാഥാർത്ഥ്യങ്ങളോടെയും സ്വീകരിക്കുകയും ഒരുമിച്ചൊരു പാട്ടുപാടി സംഘർഷങ്ങളെ അതിജീവിക്കുകയും ചെയ്യുന്നന്നതിൽ മലയാളിയുടെ ആത്യന്തികമായ ആ നേര്‌ തന്നെയാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌. നാലുകെട്ടിന്റെ അകത്തളങ്ങളിലേക്കോ ആനക്കൊമ്പന്മാർ നിരന്നു നിൽക്കുന്ന വിശാലമായ മണിമുറ്റങ്ങളിലേക്കോ മലയാളി മടങ്ങിപ്പോകേണ്ടതില്ല, സ്വന്തം വ്യക്തിത്വം രൂപപ്പെടുത്താനെന്നു വളരെ സരളമായി, സത്യസന്ധമായി അടിവരയിട്ടു പറയുകയാണ്‌ ഓഫ്‌ സീസൺ.

ദാരിദ്ര്യത്തെ അതിജീവിച്ചുകൊണ്ടുളള മലയാളിയുടെ ജീവിതം വിജയകൃഷ്‌ണൻ ദലമർമ്മരങ്ങളിൽ പകർത്തുന്നതും ശ്രദ്ധിക്കപ്പെടാതെ പോയി. സമ്പത്തിനെ മാത്രം അടിസ്‌ഥാനപ്പെടുത്തി ജീവിതം നിർണ്ണയിക്കുന്ന രീതിയ്‌ക്കെതിരെ സ്വന്തം നിലകളിൽ പ്രതികരിക്കുന്ന മൂന്നു പെൺകുട്ടികളാണ്‌ ദലമർമ്മരങ്ങൾ പോലെ നനുത്ത, മൃദുവായ ചലനങ്ങൾ സൃഷ്‌ടിച്ച്‌ നമുക്കു മുന്നിലൂടെ കടന്നുപോവുന്നത്‌. അശ്വതി, കാർത്തിക, രോഹിണി, എന്നീ മൂന്നു പെൺകുട്ടികളും ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യുന്നത്‌ ഉള്ളിലെ നന്മയുടെ തിരികെടാതെ സൂക്ഷിച്ചികൊണ്ടാണ്‌. നിഴലും വെളിച്ചവും ഇടകലർന്നു കിടക്കുന്ന നാട്ടുവഴികളുടെ നിഗൂഢതപോലെ സുഖവും ദുഃഖവും കെട്ടു പിണഞ്ഞു കിടക്കുന്ന ചെറുജീവിതങ്ങളെ പൊലിപ്പിച്ചെടുക്കുന്നു വിജയകൃഷ്‌ണൻ. ഒരു പുരുഷാധിപത്യസമൂഹത്തിൽ കേവലം ഇരകളായി തരംതാഴ്‌ന്നു പോവാതെ, അധ്വാനത്താലും സ്‌നേഹത്താലും സാമൂഹ്യ ബോധത്താലും തന്റെ ജീവിതം പരോപകാരപ്രദവും കൂടിയാക്കി മാറ്റുന്ന അശ്വതി, അച്ഛൻ ഒരു തെരുവുഗുണ്ടയായി ജോലി ചെയ്‌താണ്‌ തനിക്കു മെച്ചപ്പെട്ട ഒരു ജീവിതം കെട്ടിപ്പടുത്തു തരുന്നത്‌ എന്ന തിരിച്ചറിവിൽ തളർന്നു പോവുന്ന കാർത്തിക, സമ്പന്നനായ അച്‌ഛന്റെ കൊള്ളരുതായ്‌മകളിൽ നിന്നു രക്ഷപ്പെട്ട്‌ പ്രണയത്തിന്റെ വിശുദ്ധിയിൽ സ്വയം ഹോമിക്കാനാഗ്രഹിക്കുന്ന രോഹിണി – ഈ മൂന്നു പെൺകുട്ടികളുടെയും ജീവിതങ്ങൾ സമാന്തരമായി ഒഴുകുകയും ചില ചില ജിവിതസന്ദർഭങ്ങളിൽ കൂട്ടിമുട്ടുകയും പരസ്‌പരം സ്വാധീനിക്കുകയും ചെയ്യുന്ന ആഖ്യാനരീതിയാണ്‌ സംവിധായകൻ ഉപയോഗിക്കുന്നത്‌. മലയാളിയുടെ സാമൂഹ്യജീവിതത്തിൽ ഇന്നും അന്യം നിന്നു പോകാത്ത കൊടുക്കൽ വാങ്ങലുകളുടെ പൊതുസ്‌ഥലികൾ ഇരുൾ വീണു തുടങ്ങുന്ന നാട്ടുവഴികളായും ഒറ്റക്കൺ ചിമ്മുന്ന പലവ്യഞ്ഞ്‌ജന കടയായും വനപ്രദേശത്തിനു നടുവിലെ ഒറ്റപ്പെട്ട ചെറുവീടായും അന്യനുരക്തദാനം ചെയ്‌തു ജിവൻരക്ഷ നടപ്പാക്കപ്പെടുന്ന ജില്ലാ ആശുപത്രിയായും ഈ ചിത്രത്തിൽ ചിന്നിച്ചിതറികിടക്കുന്നുണ്ട്‌. സമൂഹത്തിലെ എല്ലാ അനീതികളെയും അക്രമങ്ങളെയും മറികടന്നുകൊണ്ട്‌ നാട്ടുവഴിയിലെ അരണ്ട വെട്ടത്തിലൂടെ സ്വന്തം ജീവിതമാർഗ്ഗം ആത്‌മവിശ്വാസത്തിന്റെ പ്രകാശത്തിൽ തെളിയിച്ചെടുക്കുന്ന അശ്വതിയിൽ പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതുനാമ്പുകളാണ്‌ മലയാളി കണ്ടെടുക്കേണ്ടത്‌.

സിനിമകളുടെ ആന്തരിക ഭാവങ്ങൾ അവഗണിക്കപ്പെടുകയും പുറമേക്ക്‌ അവ പ്രദർശിപ്പിക്കുന്ന ആവരണങ്ങളാൽ നിർണ്ണയിക്കപെടുകയും ചെയ്യുന്നതായാണ്‌ നാം കണ്ടുവരുന്നത്‌. മലയാളിയുടെ വർണ്ണപകിട്ടുള്ള ജീവിതം രമ്യഹർമ്മ്യങ്ങളായും ഉദ്യാനസൗഭാഗ്യങ്ങളായും വിശ്രമവിഹാരങ്ങളായും പലതരം വാഹനങ്ങളായും ദൃശ്യപരമായ ആർഭാടം നിർമ്മിച്ചെടുക്കുമ്പോൾ പ്രേക്ഷകൻ തൃപ്‌തനാവുന്നു എന്നു നാം വിശ്വസിക്കുന്നു. സ്വദേശിക്ക്‌ ഇത്തരം സമ്പന്ന ദൃശ്യവിരുന്നും മറുദേശക്കാർക്ക്‌ ചിത്രത്തിന്റെ മറുവശവും – എന്തിനിങ്ങനെ ചില ഫോർമുലകൾ? ഓഫ്‌ സീസണിലെ സ്ലംഡോഗ്‌ സൂചിപ്പിക്കുന്നതുപോലെ ഇവിടെയുള്ള തെരുവു നായ്‌ക്കുമില്ലേ ഒരല്‌പം നർമ്മരസം? നമ്മുടെ ദാരിദ്ര്യവും ദയനീയതയും നാം എങ്ങനെ കാണുന്നു, അനുഭവിക്കുന്നു, അതിജീവിക്കുന്നു എന്നതല്ലേ നമ്മുടെ അന്വേഷണം? അല്ലാതെ നമ്മുടേതായ എല്ലാം ഒരു ആഗോളച്ചന്തയിലെ ഉത്‌പന്നങ്ങളാക്കി നിരത്തിവെയ്‌ക്കുകയാണോ വേണ്ടത്‌.

(കടപ്പാട്‌ ഃ ക്രിട്ടിക്‌സ്‌ വേൾഡ്‌)

Generated from archived content: essay2_apr30_10.html Author: sulochanaram_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here