വിചിത്രമനുഷ്യർ

വെള്ളിയാങ്കല്ലിൽ നിന്നും തുമ്പികളായ്‌ പറന്ന്‌ മയ്യഴിയിൽ ഒരാത്മാവ്‌ രൂപം കൊള്ളും പോലെ ഈ നാട്ടിൽ സഹൽ ജനിച്ച്‌ വീണത്‌ ഇരുപത്‌ പേരോളമടങ്ങുന്ന ഒരു കൂട്ടത്തോടൊപ്പം അവൻ വളർന്നു. അതിൽ എല്ലാവരും ചെറിയ രാജാക്കന്മാർ തന്നെയായിരുന്നു. കൂട്ടത്തിലേക്ക്‌ കടന്ന്‌ വന്ന പലരും ആദ്യം സഹലിനേയും അവൻ അവരേയും അധികം പരിഗണിച്ചിരുന്നില്ല. കാലം മെല്ലെ ചലിക്കുന്നുണ്ടായിരുന്നു.

രണ്ട്‌ വർഷം മുൻപ്‌ പോയ ഊട്ടിയിലേക്കുള്ള ടൂർ കഴിഞ്ഞ്‌ മടങ്ങി വരുമ്പോഴാണ്‌ അവരഞ്ച്‌ പേർ തുടങ്ങി വച്ച ചർച്ചയിലേക്ക്‌ അൽപം വൈകിയെങ്കിലും സഹൽ കടന്ന്‌ ചെന്നത്‌. വിദേശ നിക്ഷേപം കൊണ്ടുള്ള രാജ്യത്തിന്റെ വളർച്ചയിലും, വർദ്ധിച്ച്‌ വരുന്ന നാണ്യപ്പെരുപ്പത്തിന്റെ കൂടുതൽ വളരുകയേയുള്ളു എന്ന മുന്നറിയിപ്പോടെ ആഭ്യന്തര ഉദ്പാദന മേഖല പാടെ തകർന്നതും കാർഷികമേഖല മുരടിച്ചതും ചർച്ചയിൽ നിറഞ്ഞ്‌ നിന്നു. കുറേ നേരത്തേക്ക്‌ വണ്ടിക്കുള്ളിൽ കനത്ത നിശ്ശബ്ദത പടർന്നു. കൂട്ടത്തിലേക്ക്‌ വന്നിരുന്ന പുതിയവൾക്ക്‌ തന്നെ മനസ്സിലായതും അന്നായിരുന്നു.

ഇതിനു മുമ്പ്‌ ഇരിക്കുമ്പോഴെല്ലാം അവൾ ചോദിച്ചിട്ടുണ്ട്‌. എന്താ ഒന്നും മിണ്ടാതിരിക്കുന്നതെന്ന്‌ ?

കൊമാലയിലെ കുതിരകളെ കുഴിച്ച്‌ മൂടികൊണ്ടിരിക്കുകയാണെന്ന്‌ ഒരിക്കൽ ‘റൂൾഫോയ്‌’ തന്റെ സുഹൃത്തുക്കളോട്‌ ഇതേ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞപോലെ സ്വന്തം മനസ്സിന്റെ മണ്ണിടിച്ചിലുകളാണ്‌ നടന്ന്‌ കൊണ്ടിരിക്കുന്നതെന്ന്‌ അവരോട്‌ പറയാൻ തോന്നിയിട്ടുണ്ട.​‍്‌ ടൂറിന്‌ ശേഷമുള്ള ഒരു ഉച്ചക്കാണു അവർ വീണ്ടും കൂടിയത്‌. പോളായിരുന്നു ഓരോവിഷയത്തിനും തുടക്കമിട്ടത്‌ നിരീശ്വരവാദത്തിൽ അവൻ ഉറച്ച്‌ നിന്ന്‌ സംസാരിച്ചിരുന്നു. ദൈവമുണ്ടെന്നും ഇല്ലന്നുമുള്ള ചർച്ചക്കിടയിൽ സഹൽ പറഞ്ഞു. പ്രപഞ്ചം ഇത്ര അടുക്കം ചിട്ടയോടും കൂടി എത്ര അനുയോജ്യമായാണ്‌ മനുഷ്യന്‌ കീഴ്‌പ്പെട്ടിരിക്കുന്നത്‌. വ്യക്തമായ അവയുടെ അനുസ്‌മരണം ദൈവിക ഭരണത്തിന്റെ തെളിവുകളാണ്‌.

അതൊക്കെ നോക്കാൻ നേരമില്ല ശാസ്ര്തം അത്രയും ഫാസ്റ്റായി മുന്നേറുകയാണ്‌ പോൾ പറഞ്ഞു. ഈ ജീവിതത്തിൽ നിന്നും വേർപെടുത്തിയെടുക്കുന്ന മരണത്തിന്റെ യാഥാർഥ്യം നിലനിർത്തുന്ന ശക്തിയേതോ അത്‌ തന്നെയാണ്‌ ദൈവം.

സഹൽ പറഞ്ഞു.

‘അതിനാണ്‌ ക്ലോണിംഗ്‌.’

നിന്റെ ക്ലോൺ നീ ജീവിക്കുന്ന ചുറ്റുപാടുകളെയും ഭൂമിയെ മുഴുവൻ സംതൃപ്തിപ്പെടുത്തിയാലും അതിനൊരിക്കലും നിന്നെ സംതൃപ്തിപ്പെടുത്താനാവില്ല. സ്വന്തം സംതൃപ്തിയില്ലാത്ത കാര്യത്തിൽ എന്തർത്ഥമാണുള്ളത്‌ ?

മരണത്തിനേക്കാളും വലിയ ഉപദേശകനില്ല എന്നല്ല സർഗാത്മക കലയുടെ ഏറ്റവും വലിയ പ്രചോദനവും മരണം തന്നെയാണ.​‍്‌ മരണത്തെ ശിലയിൽ കൊത്തുമ്പോൾ ശിൽപം രൂപം കൊള്ളുന്നു. മരണത്തെ അക്ഷരത്തിലാക്കുമ്പോൾ കവിത ജനിക്കുന്നു. മരണത്തിന്‌ ശബ്ദം നൽകുമ്പോൾ സംഗീതവും മരണത്തെ ധ്വനിക്കുമ്പോൾ ജീവിതവുമാകുന്നു.

പക്ഷെ ചില വീടുകളിൽ പൊടുന്നനെ മരണം സംഭവിക്കുന്നതെന്ത്‌ കൊണ്ടാണ്‌. അത്തരം സംഭവങ്ങൾ ദൈവമല്ല എന്നതിനെയാണോർമിപ്പിക്കുക. ആ വീട്ടിൽ അങ്ങനെയൊരു മരണം നടക്കുന്നുണ്ടെങ്കിൽ വിദൂര ഭാവിയിലെപ്പോഴോ ആ വീട്ടിൽ ദൈവത്തിന്‌ ഒരു മഹത്തായ ദൗത്യം നിറവേറ്റാനുണ്ടാവും. ഒരിടത്ത്‌ വായിച്ചിട്ടുണ്ട്‌ തോട്ടത്തിൽ എത്രയോ പൂക്കളുണ്ടാവുന്നു. എല്ലാ പൂക്കളുടേയും വിധിയെന്താണ്‌ ?ചിലത്‌ പൂജക്ക്‌ അമ്പലങ്ങളിൽ, ചിലത്‌ കല്യാണമാലയിൽ, ചിലത്‌ ശവത്തിന്റെ പുറത്ത്‌, ചിലത്‌ പുഴുവരിക്കുന്നു, ചിലത്‌ വേശ്യയുടെ മുടിയിഴകളിൽ, ചിലത്‌ ഞെട്ടിൽ തന്നെ നിന്ന്‌ വാടുന്നു. അത്‌ പോലെ തന്നെയാ മനുഷ്യ ജീവിതവും. മരണം യാഥാർഥ്യമെന്നത്‌ പോലെ മരണത്തിനപ്പുറമുള്ള ലോകവും സത്യം തന്നെയാണ്‌.

‘അതെങ്ങനെ?’

അമ്മയുടെ ഗർഭാശയത്തിൽ യോഗനിദ്രയിൽ കിടക്കുന്ന കുട്ടിയോട്‌ അമ്മയുടെ വയറിനപ്പുറം ഒരു ഭൂമിയുണ്ടെന്ന്‌ പറഞ്ഞാൽ കുട്ടി വിശ്വസിക്കുമോ? എന്നാൽ ഭൂമിയുണ്ടെന്ന്‌ സത്യമല്ലേ, മരിച്ച്‌ കഴിഞ്ഞ ഒരാൾ വന്ന്‌ പറഞ്ഞാലേ ഇതിലെല്ലാം വിശ്വസിക്കൂ എന്ന്‌ പറയുന്നതിൽ അർത്ഥമില്ല. അങ്ങനെയൊരാൾ വരുമായിരുന്നെങ്കിൽ നാഴിക്ക്‌ നാൽപത്‌ വട്ടം ഗാന്ധിജി വന്ന്‌ പോകുമായിരുന്നു. നമ്മൾ ദൈവിക ഗ്രന്ഥങ്ങളെടുത്ത്‌ നോക്കുമ്പോൾ പാറകൾ തുരന്ന്‌ വീടുകളുണ്ടാക്കിയ, സ്വയം ദൈവം ചമഞ്ഞ നിഷേധികൂട്ടങ്ങൾക്ക്‌ അവൻ പ്രഭാതവേളയിൽ ഉല്ലസിച്ച്‌ കൊണ്ടിരിക്കേ ഘോരഗർജ്ജനത്താൽ വൈക്കോൽ ചണ്ടികളാക്കി മാറ്റിയ കഥകൾ വായിക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുന്നത്‌ കുറ്റമല്ല. ഇന്ന്‌ ചെറായി ബീച്ചിൽ ചെന്ന്‌ നിന്ന്‌ അത്രയും ഉയരത്തിൽ വരുന്ന തിരകളെ കുറിച്ച്‌ ചിന്തിച്ചാൽ യാഥാർഥ്യമായിരുന്നിട്ട്‌ കൂടി ഉൾക്കൊള്ളാൻ മനസ്സിന്‌ വിഷമമാണ്‌. എന്നാൽ അത്‌ സത്യമായിരുന്നോ. അത്‌ പോലെ ടൈറ്റാനിക്ക്‌ ദുരന്തം എന്തിനായിരുന്നു. അതൊരു വെളിപാട്‌ പോലെ തെളിഞ്ഞ്‌ കാണാം. നമുക്കാ ദുരന്തത്തെ അവഗണിക്കുവാൻ കഴിയുമോ? എന്ത്‌ സംഭവിച്ചാലും ആരാലും തകർക്കാൻ കഴിയില്ല എന്ന്‌ വിശ്വസിച്ച അഹങ്കാരവും മൗഢ്യവുമണിഞ്ഞ വിഢ്‌ഢികളായ പാമര ജനത്തെ കേവലം മഞ്ഞ്‌ കട്ടകളാൽ നാമങ്ങ്‌ തകർത്തു കളഞ്ഞു എന്ന്‌ ദൈവം പറയുന്നത്‌ പോലെ തെളിവാണത്‌. പക്ഷെ അതിലെ പ്രണയത്തിന്റെ വേർപാടായിരുന്നു ഏറെ ചർച്ച ചെയ്യപ്പെട്ടത്‌.

ഇടക്ക്‌ പാഞ്ഞ്‌ കയറി വന്ന മഴ സംസാരത്തെ മുറിച്ചു. വീട്ടിലെത്തിയപ്പോൾ ആകെ നനഞ്ഞു. കിടക്കാൻ നേരം ഓർമ്മകളും, ചിന്തകളും, ആശയങ്ങളും ചുറ്റും പടരുന്നതായി തോന്നി. ചെറുപ്പത്തിൽ പെരിയാറിന്റെ ഇങ്ങേകരയിൽ നിന്നും തെളിഞ്ഞ വെള്ളത്തിൽ പരന്ന നങ്ക്‌ മീനുകൾ പുളഞ്ഞ്‌ നീങ്ങുന്നതും നോക്കി മുട്ടിന്‌ താഴെ മാത്രം ആഴമുള്ള വെള്ളത്തിലൂടെ അങ്ങേക്കരയിലെത്താം. ആ പെരിയാർ ഇന്ന്‌ തെങ്ങുകളോളമാഴത്തിൽ രാസമാലിന്യങ്ങളാൽ ഒഴുക്കപ്പെട്ട്‌ ചത്ത്‌ പൊങ്ങിയ മത്സ്യ കൂമ്പാരമായും ഒരേഭാഗം വിവിധ നിറങ്ങളായി അഴുക്കായി ഒഴുകികൊണ്ടേയിരിക്കുന്നു. ഭാവിയിൽ ഒരു മുഖ്യമന്ത്രിക്ക്‌ സ്റ്റേഡിയം പണിയാൻ പെരിയാർ ബാക്കിയാവും. ജനിച്ച്‌ വീഴുന്ന കുട്ടി മനുഷ്യ നിർമ്മിതമായ ഒരു യന്ത്രവൽകൃത ലോകത്തിലേക്കാണ്‌ കാലെടുത്ത്‌ വൈകുന്നത.​‍്‌ മനുഷ്യരുടെ നിർമ്മാണ പ്രക്രിയ അവൻ നോക്കി കാണുന്നു. സ്വയം സൃഷ്ടികർത്താകുവാനുള്ള അവന്റെ മരിക്കാതിരിക്കുവാനുള്ള ഭയത്താൽ നിർമ്മിച്ചിരിക്കുന്ന ചട്ടക്കൂടിനുള്ളിൽ നിന്ന്‌ മാത്രമേ വളരുന്ന കുട്ടി ചിന്തിക്കൂ. സ്വന്തം അസ്ഥിത്വത്തിന്റെ തിരിച്ചറിവ്‌ അവൻ മറന്ന്‌ പോകുന്നു. ആകാശത്തിൽ പറവയെ പോലെ പറക്കുവാനും, ജലത്തിൽ മത്സ്യത്തെപ്പോലെ നീന്തുവാനും പഠിച്ച മനുഷ്യർ ഭൂമിയിൽ മനുഷ്യനായി നടക്കുന്നത്‌ മാത്രം മറന്ന്‌ പോയിരിക്കുന്നു. മനുഷ്യന്റെ മരിക്കാതിരിക്കുവാനുള്ള ധൃതിയിൽ അവൻ എളുപ്പത്തിൽ മരണത്തെ സമീപിക്കുന്ന കാഴ്‌ച്ചയാണ്‌ കാണുക. ആത്മഹത്യയും, അപകടമരണങ്ങളും, കൊലപാതകങ്ങളും ചെറുപ്പത്തിലേ മാറാരോഗം വന്ന്‌ മരിക്കുന്നതും മനുഷ്യൻ സൃഷ്ടിച്ച ലോകത്തിൽ നിന്നും അഥവാ അവന്റെ ചുറ്റുപാടുമുള്ള പ്രകൃതിയിൽ ചൂഷണമനോഭാവം മൂലം സമീപിച്ചതിനാലാകണം പ്രകൃതി ഇത്രമേൽ നാശോന്മുഖമായത്‌. ശാസ്ര്തം എത്രമേൽ രഹസ്യങ്ങളുടെ മറ നീക്കിയാലും അവസാനം മനുഷ്യൻ എന്ന രഹസ്യം ബാക്കിയാവും സൃഷ്ടിരഹസ്യത്തിന്റെ ചുരുളുകളെവിടെയെന്ന്‌. സ്വന്തം അസ്ഥിത്വത്തിന്റെ തിരിച്ചറിവിലേക്ക്‌ മടങ്ങും വിധം അവൻ നിസ്സഹായനുമാണ്‌. ഇതിനെയെല്ലാം അതിജീവിച്ച്‌ നിൽക്കുന്ന മനുഷ്യനെ കൊടുങ്കാറ്റും, ഉരുൾപൊട്ടലും, ഭൂമികുലുക്കവും, വെള്ളപൊക്കവും, കൂടുതൽ നിസ്സഹായനാക്കി തീർക്കുന്നതേയുള്ളൂ. ദൈവത്തിന്റെ ആധികാരികത ഇതിലെല്ലാം വ്യക്തമാണ.​‍്‌ മനുഷ്യന്റെ സന്ദേശങ്ങളും, ചിന്തകളും കാലാകാലങ്ങളിൽ മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്‌. കാലാതീതമായ സന്ദേശം നൽകാൻ അവനൊരിക്കലുമാവില്ല. ഉറക്കത്തിലേക്കവൻ മെല്ലെ തുമ്പിയായ്‌ പറന്നു.

സുൽഫിക്കർ.എം.എസ്‌.

Generated from archived content: story18_sept26_08.html Author: sulfiker_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English