ഗാന്ധി – പരാജിതർക്കൊരു പകരക്കാരൻ

ഗാന്ധി നമ്മിൽ നിന്നും വിട്ടുപോയിട്ട്‌ അൻപത്തിയഞ്ചോളം വർഷമായിരിക്കുന്നു. അതായത്‌ ഇന്ത്യ സ്വതന്ത്രയായതിന്റെ തൊട്ടടുത്ത വർഷമാണ്‌ അദ്ദേഹത്തിന്റെ തിരോധാനം നടന്നത്‌. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിയും ഗാന്ധിജിയുടെ തിരോധാനവും ചരിത്രത്തിന്റെ ചില ബുദ്ധിപൂർവ്വമായ ഇടപെടലെന്നോണം അടുത്തടുത്ത്‌ സംഭവിക്കുകയാണ്‌ ഉണ്ടായത്‌. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം നേടിത്തരുന്നതിന്‌ ഉതകുംവണ്ണം ആദർശകരമായ നവീകരണം ജനങ്ങളിൽ ഉളവാക്കുവാനാണ്‌ ഗാന്ധിജിയെ ദൈവം നിയോഗിച്ചത്‌ എന്ന തോന്നലുണ്ടാകും വിധമാണ്‌ അദ്ദേഹത്തിന്റെ തിരോധാനം പലർക്കും അനുഭവപ്പെടുന്നത്‌. അങ്ങിനെ ഗാന്ധിജിയെ മാറ്റിനിർത്തി, അദ്ദേഹത്തെ എങ്ങിനെ ഭാരതീയർ മനസ്സിലാക്കുന്നു എന്ന പരീക്ഷണം കഴിഞ്ഞ അൻപത്തിയഞ്ചു വർഷങ്ങളായി ദൈവം നടത്തിവരുകയാണ്‌. ആ പരീക്ഷണത്തിൽ നാം അമ്പേ പരാജയപ്പെടുകയാണ്‌ ഉണ്ടായത്‌. ഇന്നും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.

പണ്ട്‌ ഏറ്റവും നല്ല ശില്പം പണികഴിച്ചാൽ ശിൽപിയെ തന്നെ വധിക്കുന്ന രീതി ചിലയിടങ്ങളിൽ ഉണ്ടായിരുന്നല്ലോ. സ്വാതന്ത്ര്യം കിട്ടിയപ്പോൾ അതിന്റെ ശില്പിയായ മനുഷ്യനെ നമുക്ക്‌ ആവശ്യമില്ലാതെ വന്നു. നാം അത്തരത്തിൽ ഗാന്ധിജിയെ കൊന്നതാണ്‌. ഗോഡ്‌സെ കൊന്നു എന്നത്‌ ഗോഡ്‌സെയ്‌ക്ക്‌ ചരിത്രത്തിൽ അനർഹമായ ഒരു സ്ഥാനം ലഭിച്ചു എന്നതിനപ്പുറം മറ്റൊന്നുമില്ല. അതിനുമുമ്പുവരെ നാം ഗാന്ധിയെ കൊന്നു തുടങ്ങിയിരുന്നു. ഗാന്ധിയെ മാറ്റിനിർത്തേണ്ടത്‌ പലരുടേയും ആവശ്യമായിരുന്നു. ഗാന്ധിജിയുടെ മരണത്തിന്‌ മുൻപുണ്ടായ ഒരു വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ഭരണം അദ്ദേഹത്തിന്റെ ഓരോ ആശയങ്ങളേയും വാക്കുകളേയും അപ്പാടെ നിരാകരിച്ചു കൊണ്ടുളളതായിരുന്നു. അദ്ദേഹം ഗ്രീക്ക്‌ ട്രാജഡികളിലെ എല്ലാം നഷ്‌ടപ്പെട്ട യോദ്ധാവിന്റെ പോലെയായിരുന്നു. “ഒരു കാലത്ത്‌ എന്റെ വാക്കുകളെ ചക്രവർത്തിയുടെ വാക്കുകൾപോലെ സർവ്വരും അനുസരിച്ചിരുന്നെങ്കിൽ ഇപ്പോഴെനിക്ക്‌ അവർ ഒരു പറയന്റെ സ്ഥാനമാണ്‌ തരുന്നത്‌.” ഗാന്ധിജിയുടെ ഈ വേദന ഒരുപക്ഷെ ദൈവം കേട്ടിരിക്കണം. അങ്ങിനെയാകണം ഇന്ത്യയിലെ ഏറ്റവും അധമനായ ഗോഡ്‌സെയെ ദൈവം കണ്ടെത്തുകയും ഗാന്ധിയെ കൊല്ലാൻ നിയോഗിക്കുകയും ചെയ്തത്‌. ചില ഗുണ്ടകളെ രാഷ്‌ട്രീയക്കാർ പോറ്റി വളർത്തുന്നതുപോലെ ദൈവത്തിന്റെ ഗുണ്ടയായിരുന്നു ഗോഡ്‌സെ. ഇത്‌ ഞാൻ എഴുതാൻ ഉദ്ദേശിക്കാത്ത പുസ്തകത്തിലെ വാചകങ്ങളാണ്‌.

ഗാന്ധിസത്തെ ബന്ധപ്പെടുത്തിയിട്ടുളള എല്ലാ പരീക്ഷണങ്ങളും നമ്മുടെ മേലാണ്‌ ഉണ്ടാവുക. ആ പരീക്ഷണങ്ങളിൽ തോൽവിയും ജയവും ഗാന്ധിജിക്കല്ല മറിച്ച്‌ നമുക്കാണ്‌ ഉണ്ടാവുക നമ്മുടെ ചരിത്രകാരന്മാരും മറ്റ്‌ എഴുത്തുകാരും നടത്തിയ പഠനങ്ങളിലെല്ലാം തന്നെ അദ്ദേഹം പരാജയപ്പെട്ടു എന്ന്‌ ആരോപിക്കാറുണ്ട്‌. ഇത്‌ എത്രത്തോളം ശരിയാണ്‌? പത്തറുപത്‌ വർഷക്കാലം ഭാരതീയ ജനതയ്‌ക്കൊപ്പം നിലകൊണ്ടയാളാണ്‌ ഗാന്ധിജി. അദ്ദേഹത്തിന്റെ ആത്മകഥയിലെ പ്രധാനഘടകം ഭാരതീയ ജനതയാണ്‌. ഇങ്ങിനെയൊരാൾ കടന്നുപോയതിനുശേഷം നമ്മൾ സ്വന്തം കാലിൽ എത്രമാത്രം മുന്നോട്ടു പോയി എന്ന്‌ ചിന്തിക്കേണ്ടതാണ്‌.

ഇങ്ങനെ ഗാന്ധി തോറ്റു എന്നു പറയുന്ന നൂറോളം പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്‌. എസ്‌.എസ്‌. ഗില്ലിന്റെ പുസ്തകത്തിൽപോലും ഗാന്ധിജി ഒരു അത്യുദാത്ത പരാജയം എന്നാണ്‌ പറയുന്നത്‌. ഇന്ത്യയിലുണ്ടാകുന്ന സാമുദായിക സഹകരണമില്ലായ്‌മയും മാറാട്‌ ആളുകൾ പരസ്പരം വെട്ടി മരിക്കുന്നതും ഗാന്ധിജിയുടെ പരാജയമാണെന്ന്‌ ആളുകൾ കുറ്റപ്പെടുത്തുന്നു. ഒരു ഗുരുദേവന്റെ കടമ തന്റെ അറിവുകൾ ശിഷ്യർക്ക്‌ പകർന്നു കൊടുക്കുക എന്നതാണ്‌. അറിവിന്റെ വിനിയോഗം ശിഷ്യന്റെ കടമയാണ്‌. സ്വതന്ത്രാനന്തരം ഗാന്ധി ആശയങ്ങളുടെ വിനിയോഗത്തിലാണ്‌ പരാജയം സംഭവിക്കുന്നത്‌. ഇത്‌ ഗാന്ധിയുടെ പരാജയമല്ല മറിച്ച്‌ നമ്മുടെ പരാജയമാണ്‌. ഇവിടെ നാം ചെയ്യുന്നതാകട്ടെ നമ്മുടെ പരാജയം മൂടിവെക്കാനുളള കശ്‌മലതയാണ്‌.

കുരുക്ഷേത്രയുദ്ധത്തിനിടയിൽ എതിർപക്ഷത്ത്‌ ബന്ധുജനങ്ങളെകണ്ട്‌ തളർന്നുപോയ അർജ്ജുനനെ ശ്രീകൃഷ്‌ണൻ ഉപദേശിക്കുകയും യുദ്ധത്തിന്‌ സന്നദ്ധനാക്കുകയും ചെയ്‌തു. യുദ്ധത്തിനു പുറപ്പെട്ട അർജ്ജുനൻ വീണ്ടും മനസ്സുതളർന്ന്‌ കൃഷ്‌ണന്റെ ഉപദേശങ്ങളൊക്കെ മറന്നുപോയി എന്നു പറയുന്നു. ഈ സമയത്ത്‌ ശ്രീകൃഷ്‌ണൻ അർജ്ജുനന്‌ ‘അനുഗീത’ ഉപദേശിക്കുകയും കഠിനമായി ശകാരിക്കുകയും ചെയ്യുന്നത്‌ മഹാഭാരതത്തിൽ കാണാം. ഗാന്ധിജി മരിച്ചു പോയതുകൊണ്ട്‌ അദ്ദേഹത്തിന്റെ ശകാരം നാം കേൾക്കുന്നില്ല.

അതിനാൽ സ്വതന്ത്ര ഇന്ത്യയുടെ അപചയങ്ങൾക്ക്‌ കാരണം ഗാന്ധി ആശയങ്ങളുടെ വിനിയോഗത്തിൽ നമുക്ക്‌ പറ്റിയ പരാജയമാണെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ തിരിച്ചറിവ്‌ നാളത്തെ ഇന്ത്യയുടെ പുനഃസംഘടനയ്‌ക്ക്‌ വഴിയൊരുക്കും. മറിച്ച്‌ നമ്മുടെ പരാജയങ്ങൾ ഏൽക്കാൻ ഒരു പകരക്കാരൻ ആവശ്യമെന്ന്‌ വരികയും അത്‌ ഗാന്ധിയായി തീരുകയും ചെയ്‌താൽ ഇന്ത്യയ്‌ക്ക്‌ നാളെകളിൽ ഒരു നല്ല കാലം സ്വപ്നം കാണുവാൻപോലും കഴിയില്ല.

—-

(വടക്കൻ പറവൂരിൽ സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശനചടങ്ങിൽ വച്ച്‌ സുകുമാർ അഴീക്കോട്‌ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗമാണിത്‌.)

Generated from archived content: oct1_essay1.html Author: sukumar_azheekode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English